Saturday, June 28, 2014

മൊട്ടച്ചികള്ക്കും മുടിയന്മാര്ക്കും ഇടയിലെ കുളിമെട!

1. കഴിഞ്ഞ വര്ഷം കര്ണ്ണടകയിലെ ഒരു ഇന്സ്റ്റിറ്റ്യൂട്ടില്‍ പോയിരുന്നു. സംഭാഷണങ്ങള്ക്കിടയില്‍ ഞാന്‍ മലയാളി ആണെന്നു മനസ്സിലാക്കിയ ഒരു ബംഗാളി പ്രൊഫസര്‍ പറഞ്ഞു. 
 ¨ഹോ! ഞാന്‍ കുറേ നാളായി വിചാരിക്കുന്നു ഒരു മലയാളിയെ താപ്പിനു കിട്ടിയാല്‍ ഒന്നുരണ്ട് കാര്യങ്ങള്‍ ചോദിക്കണമെന്നു. നിങ്ങള്, (എന്നെ നോക്കി ഒന്നു ശന്കിച്ചീട്ട്) മലയാളി പെണ്ണുങ്ങള്‍ മുടി ഇങ്ങനെ രണ്ടു സൈഡിലും നിന്ന് എടുത്തത് നടുവില്‍ മെടഞ്ഞ് ഇടുന്നതിന്റെ ഗുട്ടന്സ് എന്താ! ഞാന്‍ വേറൊരിടത്തും ഈ ഹെയര്‍ സ്റ്റൈല്‍ കണ്ടീട്ടില്ല.¨ 
എനിക്കാദ്യം മനസ്സിലായില്ല. ഇങ്ങോരിതെന്താണു പറയുന്നത്. എന്റെ കണ്ഫ്യൂഷന്‍ കണ്ട് അങ്ങോരു പിന്നേയും വിശദീകരിച്ചു. 
 ¨നീ അങ്ങനെ ചെയ്യാറില്ലായിരിക്കും.നിനക്കു തീരെ നീളം കുറഞ്ഞ മുടിയല്ലേ, പക്ഷേ അവിടെ ഞാന്‍ കണ്ട മിക്കവര്ക്കും നീണ്ട മുടിയുണ്ട്, അത് നനഞ്ഞിരിക്കും എന്നീട്ട് രണ്ടു സൈഡില്‍ നിന്നും ...¨ 
 ¨ഓഹ് കുളിമെട¨ എനിക്ക് പെട്ടന്ന് കത്തി ¨എന്ത് എന്ത് ..¨ ഇവനെ ഇനി ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കും!
 ¨അതായത് സാറെ, ഞങ്ങള്‍ മല്ലുക്കള്ക്ക് നീണ്ട മുടിയാണ് മുടി. അത് രാവിലെ കുളിക്കണം എന്ന് നിര്ബന്ധമാണ്. കുളികഴിഞ്ഞാല്‍ പിന്നെ ഏറ്റവും ലളിതമായി പിന്ന്, സ്ലൈഡ് ഇത്യാദികളുടെ അകമ്പടിയില്ലാതെ മുടി ഒതുക്കിയിടാവുന്ന ഒരു ഹെയര്‍ സ്റ്റൈല്‍ ആണു, പേരു കുളിമെട¨ 

 2. കഴിഞ്ഞ ദിവസം ചാനലുകള്‍ മാറ്റി കൊണ്ടിരിക്കുന്നതിനിടയ്ക്ക് അന്താരാഷ്ട്ര ഹെയര്‍ സ്റ്റൈലിസ്റ്റ് അംബിക പിള്ളയുടെ അഭിമുഖം. അഭിമുഖക്കാരിയുടെ ചോദ്യം. 
¨കേരളത്തിലുള്ളവര് ഈ പുതിയ പുതിയ സ്റ്റൈലുകളൊക്കെ എങ്ങനെ കാണുന്നു.¨ ( ഏതാണ്ടതു പോലെ) 

അംബിക പിള്ള - ¨മലയാളികള്‍ ഇപ്പോഴും ഇതൊന്നും സ്വീകരിക്കാന്‍ റെഡിയായിട്ടില്ല. ഇവിടെ നീണ്ട മുടിയും പിന്നെ അത് ദിവസവും നനയ്ക്കലും അതു കഴിഞ്ഞ് അതിനു പുറത്ത് എണ്ണ തേക്കലുമാണു. നിങ്ങള്‍ ദയവും ചെയ്ത് മുടി എന്നുമിങ്ങനെ നനയ്ക്കരുത്, കുളി കഴിഞ്ഞ ശേഷം എണ്ണ തേയ്ക്കരുത്. അപ്പോള്‍ തന്നെ മുടിയ്ക്ക് കേടുപാടുകള്‍ കുറയും.¨
 ----------------------------------------

ഇപ്പോള്‍ ഈ രണ്ടും ഓര്ക്കാന്‍ കാരണം ഫേസ് ബുക്കില്‍ കണ്ട ചില സ്റ്റാറ്റസുകളാള്.

 1. feeling കലിപ്പ് ¨മുടി വെട്ടാന്‍ കാശില്ലേന്ന് ചൊയ്ക്കുന്ന സകല തെണ്ടികളോടും കൂടായിട്ട് പറേവ്വാ മുടി വെട്ടാന്‍ വേണ്ട കാശിന്റെ നാലെരട്ടി മൊടക്കീട്ടാടാ പുല്ലുകളേ ഇതിങ്ങനെ വളര്‍ത്തിക്കൊണ്ട് നടക്കുന്നെ, എന്റെ തലേലല്ലേ ഇരിക്കുന്നെ, നിനക്കൊക്കെ എന്തതിനിത്ര ചൊറിച്ചിലു ഓള്‍ കേരള മുടിവളര്‍ത്തല്‍ അസോസിയേഷനു വേണ്ടി നല്ലിതാന്‍ മുടി വെട്ടാന്‍ ചെലവാക്കുന്നതിലധികം പണം മുടി വളര്ത്താന്‍ ചെലവാക്കുന്നുണ്ടെന്ന് ¨ https://www.facebook.com/sujisht/posts/921960917830030 2. 

¨കാലങ്ങളായി അവഗണന നേരിടുന്ന കാര്‍കുന്തളത്തെ ഒന്നു പരിഗണിച്ചേക്കാം എന്ന് കരുതിയാണ് കഴിഞ്ഞ തവണ സലൂണില്‍ പോയപ്പോള്‍ (ബാംഗ്ലൂരിലെ) അവിടുന്ന് തന്നെ ഒരു ഷാമ്പൂ‌ മേടിച്ചളയാം എന്ന് കരുതിയത്. വിശേഷപ്പെട്ട ഇനമാണ്. എന്ന് പറയപ്പെടുന്നു. ദ്വിഭാഷി വഴിയാണ് വാര്‍ത്താവിനിമയം. ചോദ്യം : "അപ്പോള്‍ ഭായ്, ഇതെങ്ങനാ ഈ ഷാമ്പൂ ദിവസവും ഉപയോഗിക്കണോ അതോ രണ്ടോ മൂന്നോ ദിവസം കൂടുമ്പോ മതിയാകുമോ? " അപ്പോള്‍ ബാര്‍ബര്‍ : "ഹേയ് അങ്ങനെ ദിവസോം ദിവസോം ഒന്നും ഉപയോഗിക്കണ്ട. കുളിക്കുമ്പോ‌ മാത്രം മതി!" പ്ലിങ്ങ്! — feeling കള്‍ച്ചറല്‍ ഷോക്ക്. https://www.facebook.com/sreehari.sreedharan/posts/10203855570488015 
-----------------------------------------------------------
മുടി ഒരു ഭയങ്കര സംഭവമാണു. മുടിയുടെ ലൈംഗീകതയെ കുറിച്ചും അതിന്റെ അസ്ഥാനത്തുള്ള ഇരിപ്പ് ( ഉദാഹരണം ഭക്ഷണം) ഉണ്ടാക്കുന്ന പ്രകോപനങ്ങളെ കുറിച്ചും ഡൈസ്മഡ് മോറീസും കൂട്ടരും ധാരാളം പറഞ്ഞീട്ടുണ്ട്. അത്രയും പ്രധാനപ്പെട്ട ഒരു ´ഉപയോഗശ്യൂന്യ´ വസ്തു ആണ് മുടി എന്നത് കൊണ്ട് തന്നെ അത് നിങ്ങളുടെ സ്വന്തമല്ല. അത് വെട്ടാനും വളര്ത്താനും ഒരു സമൂഹത്തിന്റെ മൊത്തം അനുവാദം ആവശ്യമുണ്ട്. കാലാകാലങ്ങളില്‍ അതെങ്ങനെ കൊണ്ടു നടക്കണം എന്നത് സമൂഹം തീരുമാനിക്കും. ആ പൊതുബോധത്തിനു മുകളില്‍ പറക്കാന്‍ ഒരുത്തിയേയും ഒരുത്തനേയും സമൂഹം അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ അത് മുകളില്‍ കണ്ട ചോദ്യങ്ങളായും, മൊട്ടച്ചി, ബ്രോയലര്‍ കോഴി, മുടിയന്‍ വിളികളായും വേണ്ടിവന്നാല്‍ ഫെമിനിസ്റ്റ്, ആണും പെണ്ണും കെട്ടവള്‍/ന്‍ ലേബലുകളായും സമൂഹമവരെ നേരിട്ട് കളയും. കന്യാസ്തീകളാകും മുമ്പ് മുടി മൊട്ടയടിക്കണം എന്നതില്‍ നിന്നും നാം കന്യാസ്തീകളെ മൊട്ടച്ചികള്‍ എന്ന് നമ്മള്‍ വിളിക്കാറുണ്ടല്ലോ!
 
ലോകം മുഴുവന്‍ പെണ്ണുങ്ങള്‍ മുടി പുറത്തിടാന്‍ തുടങ്ങിയിട്ട് അധികം കാലമായിട്ടൊന്നുമില്ല. അടിമകള്ക്ക് മുടി മൂടിവയ്ക്കുന്നത് അടിയാളന്റെ ചിഹന്മായിരുന്നു. പിന്നീടത് ആണുങ്ങള്ക്ക് തൊപ്പിയും പെണ്ണുങ്ങള്ക്ക് സ്കാര്ഫുമായി ഉരുത്തിരിഞ്ഞു. ആഫ്രികന്‍ സംസ്കാരത്തിന്റെ ചിഹ്നമായ മുടി മൂടുന്ന സ്കാര്ഫ് അങ്ങനെ ഉണ്ടായതാണ്. അബ്രാഹ്മിക് മതങ്ങള്ക്ക് പെണ്ണുങ്ങളുടെ മുടി പുറത്ത് കാണാനേ പാടില്ല. വിശ്വാസികളായ യഹൂദ-മുസ്ലീം സ്ത്രീകള്‍ സദാസമയം മുടി മൂടിയും തങ്ങളൂടെ ദൈവത്തിന്റെ ദാസികളായും കൈസ്തവര്‍ പള്ളിയ്ക്കുള്ളില്‍ തല മൂടി തങ്ങളുടെ ദാസ്യത്വം കാത്തു.

 മലയാളിയുടെ ഈ പൊതുബോധത്തില്‍ പെണ്ണിനു ´നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍ തുളസി കതിരില ചാര്ത്തി..´ യില്‍ നിന്നും ഒരിഞ്ചു മുന്നോട്ട് പോകാന്‍ സമ്മതമില്ല. അതുകൊണ്ട് നീണ്ടൂ നീണ്ടു പശുവാല്‍ പോലുള്ള മുടിയും തീരെ കനമില്ലാത്ത മുടിയാണെന്കിലും നീട്ടി എലുവാലു പോലെ വളര്ത്തി, മുറ്റത്തിറങ്ങുന്നതിനു മുന്പ് വെള്ളമൊഴിച്ച് നനച്ച്, കുളിമെടയോ അതിനോട് തുല്യം നില്ക്കുന്ന ഹെയര്‍ സ്റ്റൈലോ ആയങ്ങ് പോയേക്കണം. അപ്പോള്‍ അവള്‍ ´ശാലീന സുന്ദരി´ ആയി. ( തുളസിക്കതിര്‍, ചന്ദനക്കുറി ഒക്കെ ആവും പോലെ ആകാം). ´ശാലീന സുന്ദരന്‍' ആകണമെങ്കില്‍ കൃത്യമായി മാസത്തില്‍ മുടി പറ്റെ വെട്ടണം. കഴിയുന്നതും പാറി പറക്കാത്ത ചുരുണ്ട മുടിയായിരിക്കണം. ഇതിനപ്പുറമുള്ളതിനു പുറത്ത് പൊതുബോധം കത്രിക വയ്ക്കും. ആ പൊതുബോധത്തിനു മുന്പില്‍ ബോധം പോകാതെ ഒന്നു രണ്ട് ഹെയര്‍ സ്റ്റൈലൊക്കെ പരീക്ഷിക്കണമെന്കില്‍ നല്ല മനക്കരുത്ത് വേണം. ആ എലിവാലു വെട്ടി കളഞ്ഞൂടേടീ എന്ന് പെണ്കുട്ടികളോട് ചോദിച്ചാല്‍ മറുപടി -എനിക്ക് ഈ എലിവാലു വെട്ടിയാല്‍ കൊള്ളാം എന്നൊക്കെയുണ്ട്, പക്ഷേ ചേട്ടനു (ഭര്ത്താവ് എന്ന് വിവക്ഷ) നീണ്ട മുടിയാ ഇഷ്ടം. അല്ലെന്കില്‍ ചേട്ടന്‍ കൊന്നു കളയും. ചിലരുടെ കാര്യത്തിലൊക്കെ അത് ശരിയായിരിക്കും. പക്ഷേ പകുതിയെങ്കിലും പേര്ക്ക് ആ നീണ്ട മുടിയില്‍ അവരുടെ തന്നെ സൗന്ദര്യബോധം കുരുങ്ങി കിടക്കുന്നു എന്നതാണു സത്യം. ഭര്ത്താക്കന്മാര്‍ വെട്ടിക്കോടി, അല്ലെന്കില്‍ നിനക്ക് ചെറിയ മുടിയാണ് എനിക്കിഷ്ടം എന്ന് പറഞ്ഞാലും പലരും ആ എലിവാലു വെട്ടിക്കളയില്ല. 


പേഴ്സണലായിട്ട് പറയുവാണെന്കില്‍ - എനിക്ക് ഒരു പത്തിരുപത്തിമൂന്നു വയസ്സ് വരെ കണങ്കാലു വരെ മുടിയുണ്ടായിരുന്നു (വേണമെങ്കില്‍ കുറച്ച് കുറയ്ക്കാം.) അമ്മ വളര്ത്തിയെടുത്ത മുടിയായിരുന്നു. ശനിയാഴ്ചകളിലെ എണ്ണ തേപ്പ് ഓര്ക്കുമ്പോള്‍ ഇപ്പോഴും കണ്ണില്‍ എണ്ണ വീഴും. തിരുവാതിര ഞാറ്റുവേലയ്ക്ക് ഒന്നു അറ്റം മുറിക്കും എന്നീട്ട് ചെത്തിതേയ്ക്കാത്ത ചുമരില്‍ തല്ലും. പിന്നെ എന്നും ക്ലാസ്സില്‍ പോകുന്നതിനു മുന്പ് കുളിച്ച് ഉണങ്ങുന്നതിനു മുന്പ് രണ്ടായി പിന്നി (അതു കോണ്വെന്റില്‍ നിബന്ധമാണ്) പേനും ഈരുമൊക്കെ വളര്ത്തി ആ മുടിക്കാട് വളര്ന്നു. മുടി യു ഷേപ്പാക്കാന്‍ പോലും പറ്റില്ലായിരുന്നു. അപ്പോ അശരീരി വരും ഹും എത്ര കഷ്ടപ്പെട്ട് വളര്ത്തി കൊണ്ടു വന്ന മുടിയാണ്. ഇനീപ്പോ എന്തും ആവാം. എന്നാലും അമ്മയുടെ അടുത്തു നിന്നും പോയി രണ്ടാം കൊല്ലം അതു പകുതിയായി മുറിച്ചു. പിന്നെ ചുരുട്ടി, പിന്നെ പറ്റെ വെട്ടി. അങ്ങനെ തോന്നിയത് പോലൊക്കെ മുടിയ്ക്ക് മുകളില്‍ ചെയ്ത് നടക്കുന്നു. ഉള്ളിലെ മുടിയെല്ലാം നരച്ച് തുടങ്ങി. കുറച്ച് കൂടി കഴിഞ്ഞീട്ട് വേണം ഹുസൈന്‍ സ്റ്റൈലില്‍ മൊത്തം വെള്ള പഞ്ഞിക്കെട്ടായി ഡൈ ചെയ്യാന്‍! അനിയന്റെ കാര്യമാണെന്കില്‍ അവനു നല്ല അസ്സല്‍ കോലന്‍ മുടിയായിരുന്നു. അതു ചുരുളാനും കറുക്കാനുമായി എണ്ണ തേച്ച് തേച്ച് അമ്മയത് അവസാനും ചുരുട്ടി കറക്കി എടുത്തു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുടി കോലനാക്കാന്‍ അവന്‍ എന്റെ സ്ലൈഡുകള്‍ എല്ലാം എടുത്ത് തലയില്‍ കുട്ടി നനഞ്ഞ തോര്ത്ത് ചുറ്റി കിടന്നുറങ്ങി. പക്ഷേ അമ്പേ പരാജയപ്പെട്ടു. പിന്നീടവന്‍ കല്യാണ ശേഷം കുറച്ച് കാലം മുടി വളര്ത്തി. എല്ലാവരും അവനെ മുടിയന്‍ എന്നു നിരാശക്കാരന്‍ എന്നും വിളിച്ചു. ഒരു വെകേഷനു ഞാന്‍ തന്നെ (മറ്റു പല സമ്മര്ദ്ദങ്ങള്ക്കുമൊടുവില്‍ ) ചെന്ന് എടാ നിന്റെ മുടി കാണാന്‍ ഭംഗിയൊക്കെ ഉണ്ട് എല്ലാവരും ഇങ്ങനെയൊക്കെ പറയുന്നു നിനക്കാ മുടി വെട്ടി കളഞ്ഞൂടെ എന്ന് ചോദിക്കുന്നു. ഞാന്‍ തിരിച്ച് പോകുന്നതിനു മുന്‍പ് പാവം അവന്‍ അവന്റെ മുടി വെട്ടിക്കളഞ്ഞു. ഇപ്പോ അവന്റെ ചെക്കന്മാര്‍ എന്റെ മൊബൈലില്‍ അവന്റെ മുടി വളര്ത്തിയ പടം കാണുമ്പോല്‍ ´അപ്പേരെ മുടി വളര്ത്തിയ ഫോട്ടോ´ എന്ന് ആക്രാന്തത്തോടെ നോക്കുന്നു. അവന്മാര്‍ ജെല്ലൊക്കെ തേച്ച് ജഗജില്ലികളായി തുടങ്ങി. അവന്മാരുടെ മുടിയെന്കിലും അവരുടെ ഇഷ്ടം പോലെ വളരും എന്ന് കരുതാം.

No comments: