Showing posts with label ലബനാന്‍ യുദ്ധം. Show all posts
Showing posts with label ലബനാന്‍ യുദ്ധം. Show all posts

Thursday, May 08, 2008

ഫ്രം ബെയ്‌റൂട്ട് റ്റു ജറുസലം

ഏറ്റവും കമ്പം എന്നും പുസ്തകങ്ങളോടായിരുന്നു. അമ്പിളി അമ്മാവന്‍ മുതലിങ്ങോട്ടു് സെക്കന്‍‌ഡ് ഹാന്‍ഡ് പുസ്തകങ്ങളാണു് വായിച്ചിരുന്നതെന്നതിനാല്‍ പുത്തന്‍ പുസ്തകങ്ങളോടുള്ളതിനേക്കാള്‍ അടുപ്പം സെക്കന്‍‌ഡ്‌‌ ഹാന്‍ഡിനോഡാണ്. ഉപയോഗിച്ചു് പഴകിയ പുസ്തകത്താളുകളുടെ മണം, അതിന്റെ ആദ്യതാളുകളില്‍ കണ്ടേക്കാവുന്ന പേരുകള്‍, വശങ്ങളില്‍ കണ്ടേക്കാവുന്ന എഴുത്തുകള്‍, അടിവരകള്‍ എന്നിവ പുത്തന്‍ പുസ്തകം തരുന്നതിനുമപ്പുറം ഒരു ലോകം കൂടി തന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബുധനാഴ്ച ചന്തകളില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകമുണ്ടു് എന്നറിഞ്ഞതു് കുറേ വൈകിയാണു്. എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളിലും നാട്ടിലെ പബ്ലിക് ലൈബ്രറിയില്‍ നിന്നിറങ്ങി ലൈബ്രറിയുടെ പുറത്തുള്ള സെക്കന്‍ഡ്‌ ഹാന്‍ഡ് സ്റ്റാളുകളിലെ പുസ്തക കൂമ്പാ‍രങ്ങളില്‍ നിന്നും പ്രിയപ്പെട്ടതിനെ തിരയുന്ന നൊസ്റ്റാള്‍ജിയയോടെ ബുധനാഴ്ച ചന്തയിലും തിരച്ചിലാരംഭിച്ചു. ഒരു ദിവസം കൂടെ വന്നതു് ‘ലേഡി ചാറ്റര്‍ളീസ് ലവര്‍‘, മറ്റൊരു ദിവസം ‘പാപ്പിയോണ്‍‘.

അങ്ങനെ ഒരു ദിവസം നോക്കുമ്പോള്‍ ചിരിച്ചു കൊണ്ടതാ കിടക്കുന്നു ‘ഫ്രം ബെയ്‌റൂ‍ട്ട് റ്റു ജെറുസലം‘! ഹേയ് ഇതു നമ്മുടെ ‘അനോ‍ണി ആങ് സ്വീ ചായ്‘ പറയുന്ന പുസ്ത്കമല്ലേ! ‘ഹൌ! ഈ ഇസ്രായേല്‍ക്കാരുടെ ഒരു ജനാതിപത്യ ബോധം, നമിക്കണം. സ്വന്തം ക്രൂരതകള്‍ വിവരിക്കുന്ന പുസ്തകം ആയിരുന്നിട്ടു് കൂടി അനുവദിക്കുന്നതു് കണ്ടില്ലെ! ഇന്ത്യയിലായിരുന്നെങ്കില്‍ ഇപ്പോള്‍ ‘നിരോ‍ധിച്ചേനെ‘ എന്നൊക്കെ ആലോചിച്ചു് പുറം ചട്ട നോ‍ക്കി, “if you are only going to read one book on the middle east, this is it“ എന്നൊക്കെ എഴുതി വച്ചിരിക്കുന്നു. ഇതു് തന്നെ വായിക്കേണ്ട പുസ്തകം. പിന്നെ നോക്കുമ്പോള്‍ ഷിമോണ്‍ പെരസിന്റെ ഒരു പുസ്തകം ‘ദ് ന്യൂ മിഡില്‍ ഈസ്റ്റ്‘. വായിക്കുമ്പോള്‍ രണ്ടുഭാഗവും വായിക്കണമല്ലോ. അതിനേയും കൂട്ടാം. ‘റ്റു ജെറുസലം ആന്‍ഡ് ബാക്ക്‘ എന്നൊരു പുസ്തകവും കൂടെ എടുത്തു് അന്നു് ചന്തയില്‍ നിന്നും ഇറങ്ങി.

രണ്ടു് ദിവസം ആ പുസ്തകങ്ങള്‍ തൊട്ടില്ല. മൂന്നാം ദിവസം ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ വായിക്കാനെടുത്തു. ആദ്യത്തെ പേജില്‍ ‘ഫ്രം ബെയ്‌റൂറ്റ് റ്റു ജെറുസലം‘ തോമസ് ഫ്രൈഡ്മാന്‍. ഹെയ് ഇതാരു്! അനോണി പറയുന്ന പുസ്തകം ഡോക്റ്റര്‍ ആങ് സ്വീ ചായ് എഴുതിയതാണല്ലോ. എല്ലാത്തിനും ഉത്തരം പറയുന്ന ആള്‍ ഗൂഗിള്‍. തപ്പി. ഉത്തരം കിട്ടി. രണ്ടു് പുസ്തകങ്ങള്‍ ഉണ്ടു് ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ എന്ന പേരില്‍. ഡോക്ടര്‍ ആങ് സ്വീ ചായ് എഴുതിയതും തോമസ് ഫ്രൈഡ്മാന്‍ എഴുതിയതും. രണ്ടും പ്രസിദ്ധീകരിച്ച വര്‍ഷം 1989. എന്നെ പോലെ തന്നെ പലര്‍ക്കും പുസ്തകം മാറി പോയിരിക്കുന്നു. ഓഹോ കൊള്ളാമല്ലോ!

വീണ്ടും തിരഞ്ഞു. തോമസ് ഫ്രൈഡ്മാന്‍ ആളത്ര നിഷ്പക്ഷന്‍ അല്ല. ഇസ്രായേല്‍ പാലസ്തീന്‍ അനുരഞ്ജനത്തിന്റെ പിന്തുണക്കാരന്‍ ആണെങ്കിലും ഇസ്രായേല്‍ പക്ഷപാതി ആണെന്നു് പല സൈറ്റുകളും പറയുന്നു. വിക്കിയിലാണെങ്കില്‍ അയാളെക്കുറിച്ചുള്ള വിവാദങ്ങളുമുണ്ടു്. എങ്കില്‍ പിന്നെ ഏതു് പുസ്തകമാണാദ്യമിറങ്ങിയതെന്നു് നോക്കാം. പുസ്തകത്തില്‍ ഫ്രൈഡ്മാന്‍ ഒപ്പു് വച്ചിരിക്കുന്നതു് മാര്‍ച്ച് 1989 നു്. പുസ്തകം ഇറങ്ങിയതു് ജൂലായിലോ സെപ്റ്റംബറിലോ ആണു്. ഡോക്ടര്‍ ആങ് സ്വീ ചായുടേതാവട്ടെ 1989 ഫെബ്രുവരിയിലെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടു്. 1989 ലെ നാഷണല്‍ ബുക്ക് അവാര്‍ഡ് ഫ്രൈഡ്മാന്റെ പുസ്തകത്തിനു് കിട്ടിയിരിക്കുന്നു. 1983-ല്‍ ലെബനോനില്‍(ബെയ്‌റൂട്ടില്‍, പ്രത്യേകിച്ചും സാബ്ര-ഷാറ്റില കൂട്ടകൊല റിപ്പോര്‍ട്ടിംഗിനു്)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും 1988-ല്‍ ഇസ്രായേലില്‍(ജെറുസലം)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും പുലിസ്റ്റര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടു് ഫ്രൈഡ്മാനു്. (സാബ്രാ‍-ഷാറ്റില കൂട്ടക്കൊലയ്ക്കു് ശേഷം ആദ്യം ക്യാമ്പിനകത്തു് കടന്ന ആളുകളുടെ പേരിലൊന്നും ഫ്രൈഡ്മാന്റെ പേരു് കണ്ടില്ല)

പുസ്തകത്തെക്കുറിച്ചൊരു റിവ്യൂ വായിച്ചു. ആദ്യഭാഗത്തു് കടിച്ച് പിടിച്ചു് ലെബനോനിനെ കുറിച്ചും ഇസ്രായേലിനെ കുറിച്ചും അശുഭ ചിന്തായാണുള്ളതെന്നു് പറയാന്‍ ശ്രമിച്ചെങ്കിലും രണ്ടാം ഭാഗത്ത് ഇസ്രായേലിനോടുള്ള മാനസിക അടുപ്പം തെളിഞ്ഞു് കാണാം. പുസ്തകം വെറുതെ മറിച്ചു് നോക്കി. സാബ്ര ഷാറ്റില കൂട്ടകൊലയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു എന്നു് പുസ്തകത്തില്‍. നോക്കിയ മിക്ക സൈറ്റുകള്‍ക്കും മൂവായിരത്തിനു് മുകളിലുള്ള കണക്കാണ്. വിക്കി പറയുന്ന കണക്ക് 700-3500. എന്തോ കുറേ അക്ഷരത്തെറ്റില്ലേ? പുസ്ത്കം അടച്ചു. ഇനി ഡോക്ടര്‍ ആങ് സ്വീ ചായുടെ പുസ്തകം കിട്ടിയിട്ടു് ഇതു് വായിക്കാം. വിദേശത്തു് നിന്നും പുസ്ത്കം വാങ്ങുന്നവര്‍ പുസ്തക കര്‍ത്താവിന്റെ പേരു് നോക്കി വാങ്ങുക. കേരളത്തില്‍ ഡി.സി യുടെ സൈറ്റിലൊക്കെ ആങ് സ്വീ ചായുടെ പുസ്തകം മാത്രമേ കണ്ടുള്ളൂ.

എന്തായാലും ഒരു വഴിക്കിറങ്ങിയതല്ലേ. മറന്നു് പോകാതിരിക്കാനായി കുറച്ച് കാര്യങ്ങള്‍ കൂ‍ടി എഴുതിയിട്ടേക്കാം.

ഡോക്ടര്‍ ആങ് സ്വീ ചായ്

മലേഷ്യയില്‍ ജനിച്ചു് സിങ്കപൂരില്‍ വളര്‍ന്ന ഡോ: ആങ്ങ് സ്വീ ചായ് ബിരുദത്തിനു ശേഷം ഇംഗ്ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്നു് ലണ്ടനിലെ സെന്റ്‌ ബെര്‍ത്തലോമിയ ആശുപത്രിയില്‍ ആദ്യ വനിത ഓര്‍ത്തോപീഡിയാക് സര്‍ജനായി ജോലി നോക്കുകയും ചെയ്തു. ഇസ്രായേലിനെ പിന്തുണച്ചു് കൊണ്ടു് വളര്‍ന്നു് വന്ന അവര്‍ 1982-ഇല്‍ ഇസ്രായേലിന്റെ ബെയ്‌റൂട്ട് ബോംബിംഗ് ടെലിവിഷനില്‍ കണ്ടതിനു ശേഷമാണു് തന്റെ ഇസ്രായേല്‍-അറബ് വീക്ഷണങ്ങളില്‍ മാറ്റം വരുത്തിയതു്. പിന്നീടു് ബെയ്‌റൂട്ടില്‍ യുദ്ധ‌ത്തില്‍ മുറിവേറ്റവരെ ചികിത്സിക്കാന്‍ ഒരു എല്ലുശസ്ത്രക്രിയാ ഡോക്ടറെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ലണ്ടനിലെ ജോലിയുപേക്ഷിച്ചു് ബെയ്‌റൂട്ടിലെ ആഭ്യന്തരയുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂ‍ഷിക്കാന്‍ യാത്രയായി. അവിടെ അവര്‍ സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്ക് ദൃക്‌സാക്ഷിയായി. അവര്‍ ജോലി ചെയ്തിരുന്ന ബെയ്‌റൂട്ടിലെ ഗാസ ആശുപത്രി സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പിനകത്തായിരുന്നു. സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്കു ശേഷം മെഡിക്കല്‍ എയ്ഡ് ഫോര്‍ പാലസ്തീനിയന്‍സ് (MAP) എന്ന ബ്രിട്ടീഷ് ചാരിറ്റി സംഘടനയ്ക്കു് രൂപം കൊടുത്തു. സാബ്ര-ഷാറ്റില കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഏരിയല്‍ ഷാരോണ്‍ ഇസ്രായേലില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു.നാലു് ലക്ഷം ഇസ്രായേലികള്‍ പങ്കെടുത്ത പ്രകടനത്തിനോടുവില്‍ കാഹാന്‍ അന്വേഷണ കമ്മീഷന്റെ മുന്നില്‍ സാക്ഷിപറായാന്‍ ഡോക്ടര്‍ ആങ് സ്വീ ചായ് ജറുസലേമിലേയ്ക്കു് പോയി. ആ യാത്രയെ പിന്‍പറ്റിയാണു് സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ചെഴുതിയ പുസ്തകത്തിനു് ‘ഫ്രം ബെയ്‌റൂട്ട് റ്റു ജെറുസലം‘ എന്ന പേരു് വന്നതു്.

ഡോക്ടര്‍ ആങ് സ്വീ ചായ്‌യുമായുള്ള അഭിമുഖം ഇവിടെ വായിക്കാം.

സാബ്ര ഷാറ്റില കൂട്ടകൊല

സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പുകളിലെ നിരായുധരായ പാലസ്തീനികളെ 1982 സെപ്റ്റമ്പര്‍ 16നു് ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തു. കൂട്ടക്കൊലചെയ്യപ്പെട്ടവരുടെ എണ്ണം കൃത്യമായി അറിയാന്‍ ഇതേവരെ സാധിച്ചീട്ടില്ല. ആധികാര രേഖകളില്‍ മൂവായിരത്തിനും മുകളില്‍ വരും കൊലചെയ്യപ്പെട്ടവരുടെ എണ്ണം എന്നു് കണക്കാക്കുന്നു.

പടിഞ്ഞാറെ ബെയ്‌റൂട്ടില്‍ ഷാറ്റില UNRWA പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന്റെ അടുത്തു് കിടക്കുന്ന ഒരു നിര്‍ധന ഗ്രാമമാണു് സാബ്ര. രണ്ടു് ഭാഗത്തേയും ജനങ്ങളുടെ നിരന്തര സമ്പര്‍ക്കം മൂലം രണ്ടു് ഭാഗങ്ങളും ഒരുമിച്ചു് സാബ്ര-ഷാറ്റില എന്നറിയപ്പെട്ടു. ഈ ക്യാമ്പില്‍ പാലസ്തീന്‍ അഭയാര്‍ത്ഥികളും തെക്കന്‍ ലബനോനില്‍ നിന്നും വന്ന ഷിയകളും തിങ്ങി നിറഞ്ഞിരുന്നു.

1975 മുതല്‍ 1990 വരെ നടന്ന ലബനോന്‍ ആഭ്യന്തരയുദ്ധത്തില്‍, ആദ്യം സിറിയയുമായും പിന്നീട് ഇസ്രായേലുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സായുധ പാര്‍ട്ടിയാണു് ഫാലഗനിസ്റ്റ് പാര്‍ട്ടി. അവരുടെ നിയന്ത്രണത്തിലായിരുന്ന ലബനീസ് മരോനൈറ്റ് ക്രിസ്ത്യനികളും സിറിയ, ഇറാന്‍ എന്നിവരുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളും മറ്റ് പി.എല്‍.ഓ യും തമ്മില്‍ പരസ്പരമുള്ള യുദ്ധങ്ങളും കൂട്ടക്കൊലകളും പതിവായിരുന്നു. ഈ ആഭ്യന്തര യുദ്ധത്തില്‍ ഒരുലക്ഷം ആളുകള്‍‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇക്കാലങ്ങളില്‍ ഇസ്രായേലിനെതിരെയുള്ള പി.എല്‍.ഓ യുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് ദക്ഷിണ ലബനോനിലാണു്. ജൂണ്‍ 4, 1982-ല്‍ ഇസ്രായേലി അംബാസിഡര്‍ ഷ്ലോമോ ആര്‍ഗോവിനെ ലണ്ടനില്‍ വച്ചു് ഫത്താ സ്ഥാപകന്‍ അബു നിദാലിന്റെ സംഘടന വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 1982 ജൂണ്‍ 6 നു് അറുപതിനായിരം പട്ടാളക്കരുമായി ഇസ്രായേല്‍ സൈന്യം ലബനൊനിലേക്ക് അതിക്രമിച്ചു് കയറി. രണ്ടു് മാസത്തെ അതിക്രമത്തിനു് ശേഷം യു.എന്‍ പ്രായോജക വെടിനിര്‍ത്തല്‍ കരാറില്‍ പി.എല്‍.ഓ ലബനോനില്‍ നിന്നു് ഒഴിഞ്ഞു പോകാമെന്നും ഇസ്രായേല്‍ സേന ഇനി ബെയ്‌റൂട്ടിലേക്ക് മുന്നേറില്ല എന്നും തീരുമാനമായി.

സെപ്റ്റമ്പര്‍ 1 നു് ബെയ്‌റൂട്ടില്‍ നിന്നുള്ള പി.എല്‍.ഓ ആണ്‍ പോരാളികളുടെ പുറത്താക്കല്‍ പൂര്‍ത്തിയായി. സ്ത്രീകളും കുട്ടികളും വൃദ്ധരും ക്യാമ്പുകളില്‍ അവശേഷിച്ചു. രണ്ടു് ദിവസത്തിനു് ശേഷം ഇസ്രായേല്‍സേനയെ ക്യാമ്പിനു് ചുറ്റും വ്യനിസിച്ചു. ആ സമയത്തു് ലബനോന്‍ പ്രധാനമന്ത്രിയും മാരിനേറ്റുകളിടെ ഇടയില്‍ സമ്മതനുമായ ബാച്ചിര്‍ ജെമായേലിനെ, ബാക്കിയുള്ള പാലസ്തീനിന്‍ പോരാളികളെ വേരടക്കം പിഴുതുകളഞ്ഞ് ലബനോനില്‍ സമാധാനം സ്ഥാപിക്കാനും, ഇസ്രായേലുമായി ഒരു സമാധാന കരാറില്‍ ഒപ്പിടാനും, ഇസ്രായേല്‍ നിര്‍ബന്ധിച്ചു. പക്ഷേ ജെമായേല്‍ വഴങ്ങിയില്ല.സെപ്റ്റംബര്‍ 14 നു് ജെമായേല്‍ കൊലചയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം അന്നു് ഇസ്രായേല്‍ പ്രതിരോധമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണും പ്രധാനമന്ത്രിയായിരുന്ന മാനഹേം ബിഗിനും ഇസ്രായേല്‍ മന്ത്രിസഭയോട് കൂടിയാലോചിക്കാതെ പടിഞ്ഞറെ ബെയ്‌റൂട്ട് കൈവശപ്പെടുത്താന്‍ തീരുമാനിച്ചു. പടിഞ്ഞാറെ ബെയ്‌റൂട്ട് ആക്രമിക്കില്ല എന്ന് യു.എനുമായി ഉണ്ടാക്കിയ കരാറും, മുസ്ലീമുകളെ സംരക്ഷിച്ചുകൊള്ളാമെന്ന് യു.എസ് എഴുതി കൊടുത്ത സമ്മതപത്രവും, മുസ്ലീം സേനകളുമായി ഉണ്ടാക്കിയ സമാധാന കരാറും കാറ്റില്‍ പറത്തിയാണു് ഈ കയ്യേറല്‍ നടന്നതു്.

സെപ്റ്റംബര്‍ 15 ഉച്ചയോടെ ഇസ്രായേല്‍ സേന ക്യാമ്പ് വളഞ്ഞു. ക്യാമ്പിന്റെ എല്ലാ കവാടങ്ങളിലും ചെക്പോയന്റുകള്‍ സ്ഥാപിച്ചു. കുവൈറ്റ് എമ്പസി കെട്ടിടം ഉള്‍പ്പെടെ ഉയരമുള്ള കെട്ടിടങ്ങളിലെല്ലാം ഇസ്രായേല്‍ സേന നിലയുറപ്പിച്ചു. ഏരിയല്‍ ഷാരോണ്‍ ഫാലഗനിസ്റ്റ് സായുധസംഘത്തെ സാബ്ര-ഷാറ്റില ക്യാമ്പിനകത്തേയ്ക്കു ക്ഷണിച്ചു. ഇസ്രായേലി സേനയാല്‍ വളയപ്പെട്ട ക്യാമ്പില്‍ നടന്ന കൂട്ടക്കൊലയ്ക്കും കൂട്ടബലാത്സംഗത്തിനും ഇസ്രായേല്‍ സേന തന്നെ ഫാലഗനിസ്റ്റ് ഗ്രൂപ്പിനു് കമാന്റ്സ് കൊടുത്തു. എല്ലാം നല്ല വെളിച്ചത്തില്‍ ചെയ്യാന്‍ ഫ്ലഡ് ലൈറ്റും ഇട്ടുകൊടുത്തു!! സെപ്റ്റംബര്‍ 18 നു് കാലത്തു് ഫാലഗനിസ്റ്റ് സായുധ സംഘം സ്ഥലം കാലിയാക്കിയതിനു് ശേഷം പത്രപ്രവര്‍ത്തകരെത്തി പുറം ലോകം ഈ വാര്‍ത്ത അറിയുമ്പോഴേയ്ക്കും, ഇസ്രായേല്‍ സേന 700മുതല്‍ 800 വരെയെന്നും പാലസ്തീനികള്‍ മൂവായിരം മുതല്‍ മൂവായിരത്തഞ്ഞൂറു് വരെയെന്നും പറയുന്നത്ര ആളുകള്‍ കൊലചെയ്യപ്പെട്ടിരുന്നു.

പിന്നീടു് ഏരിയല്‍ ഷാരോണിനെ യുദ്ധകുറ്റവാളിയാക്കണം എന്നവശ്യപ്പെട്ടു് നടന്ന പ്രകടനത്തിനൊടുവില്‍ ഉണ്ടായ കാഹന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചും ബെല്‍‌ജിയന്‍ കോടതില്‍ നടന്ന കേസിനെ കുറിച്ചും വായിക്കുക.

സാബ്ര-ഷാറ്റിലയില്‍ മാത്രമൊന്നുമല്ല ആകാലഘട്ടത്തില്‍ കൂട്ടക്കൊലകള്‍ നടന്നതു്. പക്ഷേ സാബ്ര-ഷാറ്റില അതിന്റെ പ്ലാനിങിംന്റെ കുബുദ്ധി കൊണ്ടും പുരുഷന്മാരെ നിര്‍ബന്ധിച്ചു പുറത്താക്കയതിനു് ശേഷം നിരായുധരായ സ്ത്രീകളേയും കുട്ടികളേയും, വൃദ്ധന്മാരേയും എല്ലാ കരാറുകളും സമ്മതപത്രങ്ങളും കാറ്റില്‍ പറത്തി നടത്തിയതു് കൊണ്ടും ലോകം മുഴുവന്‍ അപലപിച്ചു,പ്രതിക്ഷേധിച്ചു. യു.എന്‍ അത് വംശീയകുരുതിയായി പ്രഖ്യാപിച്ചു.

സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ച് ഡോക്ടര്‍ ആങ് സ്വീ ചായ്‌‌ എഴുതിയ പുസ്തകത്തിനെ അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റ്

ക്വാനകൂട്ടക്കൊല

മുകളില്‍ എഴുതിയതു് വായിച്ചും പറഞ്ഞും കേട്ടവയാണു്. ഇസ്രായേലില്‍ വന്നതിനു ശേഷം ഒരു ഇസ്രായേല്‍ ലബനോന്‍ യുദ്ധം നേരില്‍ കാണാന്‍ ‘ഭാഗ്യ‘മുണ്ടായി. രണ്ട് രാജ്യങ്ങളുടെ ഗവണ്മെന്റ് തമ്മിലുള്ള യുദ്ധമായിരുന്നില്ല അതെന്നതിനാല്‍ ഇസ്രായേല്‍-ലബനോന്‍ സംഘര്‍ഷം എന്നാണു് ശരിയായ രാഷ്ട്രീയ പ്രയോഗം. ലബനോനിലെ ഹിസ്ബുള്ള എന്ന സായുധ സംഘവും ഇസ്രായേല്‍ പ്രതിരോധ സേനയും തമ്മിലായിരുന്നു യുദ്ധം. ആയിരത്തിനടുത്തു് ഹിസ്ബുള്ള പോരാളികളും, ആയിരത്തിലധികം ലബനോന്‍ ജനങ്ങളും നൂറിലധികം ഇസ്രായേല്‍ പട്ടാളക്കാരും അമ്പതില്‍ താഴെ ഇസ്രായേല്‍ ജനങ്ങളും കൊലപ്പെട്ട യുദ്ധം 2006 ജൂലായ് 12 നു് തുടങ്ങി, 2006 ആഗസ്റ്റ് 14 നു് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഈ മുപ്പത്തി മൂന്നു ദിവസങ്ങളുടെ ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ഹൈഫയില്‍ ഇരുന്നു് ‘കത്യൂഷയും‘, ‘ഫൈറ്റര്‍ പ്ലൈനുകളും‘ കണ്ടു് ‘രസി‘ക്കുകയും, ഭൂഗര്‍ഭ ഷെല്‍ട്ടറിലേക്കോടുന്നതു്, ഫൈറ്റര്‍ പ്ലൈനുകള്‍ എണ്ണി ബോറടിക്കുമ്പോള്‍ ഒരു നേരമ്പോക്കിനും അതിലുപരി വ്യായമത്തിനും നല്ലതാണെന്നു് കണ്ടെത്തുകയും ഉണ്ടായി. ഷെല്‍ട്ടറുകള്‍ക്ക് പുറത്തിറങ്ങി കാറ്റുകൊള്ളുമ്പോള്‍ ദൂരെ ലബനോന്‍ അതിര്‍ത്തിക്കപ്പുറം കേള്‍ക്കുന്ന ബോബിംങിന്റെ ശബ്ദവ്യത്യാസത്തിനനുസരിച്ചു് ബോംബിന്റെ വലിപ്പം എത്രയായിരിക്കുമെന്നും ബോംബുകള്‍ കൃത്യസ്ഥലങ്ങളില്‍ ഇടാന്‍ ലേസര്‍ എത്രമാത്രം സഹായിക്കുമെന്നും കൂലങ്കഷമായി ചര്‍ച്ച ചെയ്തു. കുറച്ച് ദിവസം കൊണ്ട് തന്നെ ഈ വിനോദം മടുത്തതിനെ തുടര്‍ന്നു്‌ രഹോവത്തിലേയ്ക്ക് വിരുന്നു് പോവുകയും അവിടത്തെ അഭയാര്‍ത്ഥി ജീവിതത്തില്‍ മയങ്ങി ജീവിതം തുടരുകയും ചെയ്തു. ഒരു രാത്രിപാര്‍ട്ടിയില്‍ തുറസ്സായ പബിലിരുന്നു ഞങ്ങളും, രഹോവത്തിലെ കൂട്ടുകാരും, ഇസ്രായേലികളും അഭയാര്‍ത്ഥി ജീവിതത്തിന്റെ ‘ത്രിലി‘ന്നെ കുറിച്ചും ഹൈഫ ആക്രമണം മുന്‍‌കൂട്ടി കാണാത്ത മൊസാദിനെ കുറിച്ചും ലെബനോനിലെ സ്ഥിതിയെ കുറിച്ചും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ര‍ഹോവത്തിലെ എയര്‍ ബേസില്‍ നിന്നും പൊങ്ങി പറന്ന ഫൈറ്റര്‍ പ്ലൈയിനിന്റെ കാതടപ്പിക്കുന്ന ശബ്ദം ജീവിതത്തില്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും ‘ത്രസിപ്പിക്കുന്ന‘ ഒച്ചയായിരുന്നു. മറ്റൊന്നും ചെയ്യാനിലാത്തതിനാല്‍ ഫലാഫലയും തിന്നു് രഹോവത്തിലെ റ്റി.വിയ്ക്ക് മുന്നില്‍ 24 മണിക്കൂറും ഇരിക്കുന്നതിനിടയില്‍ ഒരു ദിവസമാണു് ക്വാന സംഭവം നടക്കുന്നതു്. അഭയാര്‍ത്ഥി ജീവിതത്തിലെ അതി സന്തോഷങ്ങള്‍ മടുത്തതിനെ തുടര്‍ന്നു് ഞങ്ങള്‍ ഹൈഫയിലേയ്ക്ക് തിരിച്ചു് വരികയും യുദ്ധത്തിന്റെ അവസാനക്കാലത്തു് അത്‌ലറ്റിക് പരിശീലനങ്ങള്‍ നടത്തുകയും ചെയ്തു.


ഔദ്യോ‍ദിക രേഖകള്‍ അനുസരിച്ച് ജൂലായ് 30, 2006 നു് നടന്ന ക്വാന കൂട്ടകൊലയില്‍ 28 പേര്‍ മരിക്കുകയും 16 പേരെ കാണാതവുകയും ചെയ്തു. അതില്‍ 16 പേര്‍ കുട്ടികളായിരുന്നു. കുട്ടികള്‍ക്കുള്ള ഷെല്‍‌ട്ടറില്‍ ആയിരുന്നു ബോംബിങ്ങ് നടന്നതു്. യുദ്ധത്തില്‍ ഇസ്രായേല്‍ യു.എസ് നിര്‍മ്മിത ലേസര്‍ ഗൈഡഡ് ബോംബുകളും ഹിസ്ബുള്ള കാറ്റിലാടുന്ന കത്യൂഷകളുമാണു് ഉപയോഗിച്ചിരുന്നതു്. രാത്രി സമയത്തു് കത്യൂഷ ലോഞ്ച് ചെയ്താല്‍ ലോഞ്ചിങ്ങ് സ്ഥലം ഇസ്രായേല്‍ ചാരക്കണ്ണുകള്‍ക്ക് എളുപ്പം കണ്ടു്പിടിക്കാം എന്നതിനാല്‍ രാത്രിസമയത്തു് ഹിസ്ബുള്ള കത്യൂഷകള്‍ ലോഞ്ച് ചെയ്തിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു ലോഞ്ചിങ് സ്ഥലം ബോംബ് ചെയ്യപ്പെട്ട കെട്ടിടത്തിന്റെ അടുത്തു് കണ്ടെത്തിയിരുന്നു എന്നും പറഞ്ഞു് ഇസ്രായേല്‍ ഒരു വീഡിയോ റ്റേപ്പ് ഇറക്കിയിരുന്നു. പക്ഷേ അതിലെ സ്ഥലത്തു്‌ നിന്നും ബോംബിങ്ങ് നടന്ന സ്ഥലത്തേയ്ക്കു് കുറച്ചു് ദൂരമുണ്ടു്. ക്വാനയില്‍ നിന്നും കണ്ടെടുത്ത Mk84 ബോംബ് ലേസര്‍ ഗൈഡഡ് ബോംബിന്റെ വാര്‍ ഹെഡ് ആയി ഉപയോഗിക്കുന്നതാണു്. കൃത്യമായ ലോക്കേഷനില്‍ ബോംബിങ്ങ് നടത്താന്‍ ഉപയോഗിക്കുന്ന ലേസര്‍ ഗൈഡഡ് ബോംബ് ഉപയോഗിച്ചീട്ടും ലക്ഷ്യം തെറ്റി എന്ന വാദത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇസ്രായേലിനായില്ല. ആ കെട്ടിടത്തില്‍ ഹിസ്ബുള്ള പോരാളികള്‍ ഒളിച്ചിരുന്നുവെന്നും അവിടെ ഉള്ളവരെ മനുഷ്യരക്ഷാകവചം ആയി ഉപയോഗിക്കുകയായിരുന്നുവെന്നും അതിനാല്‍ കുട്ടികള്‍ ഉണ്ടെന്നറീഞ്ഞീട്ടും ബോംബ് ചെയ്യുകയായിരുന്നെന്നും ഇസ്രായേല്‍ സമ്മതിച്ചു. മാപ്പും പറഞ്ഞു! പക്ഷേ ക്വാനയില്‍ നിന്നും ഒരൊറ്റ ഹിസ്ബുള്ള പോരാളിയുടെ ജഡം പോലും കിട്ടിയീല്ല. അവിടെയെങ്ങും ഒരു ഹിസ്ബുള്ളക്കാരനെയും കണ്ടില്ല എന്ന് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍മാ‍ര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്നു് ഇസ്രായേലിന്റെ അറുപതാം സ്വാതന്ത്ര്യദിനമാണു്. അതുകൊണ്ടു് അവധിയായതിനാല്‍(തുമ്പികൂട്ടങ്ങളെ പോലെ പറക്കുന്ന സൈനീക ഹെലിക്കോപ്ടറുകളും ഹൈഫ കടലിനു മുകളില്‍ ലബനോന്‍ അതിര്‍ത്തിയിലേക്ക് കഴുകനെ പോലെ പറക്കുന്ന ഫൈറ്റര്‍ ‍പ്ലൈനുകളും അസ്വസ്ഥമാക്കിയെങ്കിലും) ഈ പോസ്റ്റ് തീര്‍ക്കാന്‍ പറ്റി.നസ്‌റുള്ള (ഹിസ്ബുള്ള തലവന്‍) അടുത്തൊരു ആക്രമണത്തിനു് കോപ്പു കൂട്ടുന്നു എന്നു് ഇസ്രായേലി ഇന്റലിജെന്റ്സ്.യുദ്ധത്തില്‍ സിവിലിയന്‍സിനു് ഒളിക്കാനും രക്ഷപ്പെടാനും, ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാനുമുള്ള തയ്യറെടുപ്പു് ‘ഡ്രില്ലുകള്‍’ മുറയ്ക്കു് നടന്നു് വരുന്നു. ഒരു യുദ്ധം കൂടി രസിക്കാനുള്ള ഭാഗ്യം കിട്ടരുതെന്നുണ്ട്. എന്തു സംഭവിക്കുമോ ആവോ?


വാല്‍ക്കഷണം: റഹോവത്തിലെ അഭയാര്‍ത്ഥി ജീവിതം ആഘോഷിക്കുന്നതിനിടയില്‍ ബോറടിച്ച ഒരു ദിവസമോ, ഞങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയെണീറ്റ ദിവസമോ ( ദിവസവും ഹൈഫയില്‍ വച്ചു് കേട്ട വേവി സൈറണുകള്‍ കേക്കാതായപ്പോള്‍ കുഞ്ഞുങ്ങള്‍ക്കുറക്കം കിട്ടിക്കാണില്ല) ഞങ്ങള്‍ ജറുസലേമില്‍ പോയിരുന്നു. അവിടെ സ്ഥലങ്ങള്‍ കാണിച്ചു തന്ന അറബി ഗൈഡ് കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലത്തിനു് മുകളില്‍ കൊണ്ടു് പോയി ഒരു ജനലിലൂടെ വെയിലിങ്ങ് വാളിനപ്പുറമുള്ള ജറുസലം ദേവാലയത്തിന്റെ തങ്കതാഴികക്കുടം കാണിച്ചു തന്നു. (അതിനകത്തു് കയറാനുള്ള സമയം കഴിഞ്ഞിരുന്നു). വിവരണങ്ങള്‍ കഴിഞ്ഞു് ഞങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു “നിങ്ങള്‍ക്കറിയോ ഏരിയല്‍ ഷാരോണ്‍ ഇതിനകത്തു് കയറുന്നതു് വരെ ഇവിടെ എന്തു സമാധാനത്തിലാണു് ആളുകള്‍ കഴിഞ്ഞിരുന്നതെന്നു്. അയാള്‍ ചെയ്തതിനു് അയാള്‍ അനുഭവിക്കുന്ന കണ്ടില്ലേ.“ ഏരിയര്‍ ഷാരോണ്‍ ജനുവരി 4, 2006 മുതല്‍ കോമയിലാണു്. സ്ഥിരമായ വെജിറ്റേറ്റീവ് അവസ്ഥ ആണെന്നാണു് ഇപ്പോഴത്തെ സ്ഥിരീകരണം.


സമര്‍പ്പണം: എന്നെ വളരെയധികം സ്വധീനിച്ചൊരു പുസ്തകമാണു് ഫ്രം നോം‌പെന്‍ റ്റു പാരഡൈസ്. എഴുതിയതു് വാര്‍ ‍ഹോഗ് ആഷ്. വിയറ്റ്നാം യുദ്ധക്കാലത്ത് കംബോടിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിന്റേയും യു.എസ് ആക്രമണത്തിന്റേയും കെടുതികള്‍ അനുഭവിച്ചു് കംബോടിയന്‍ തലസ്ഥാനമായ നോം‌പെനില്‍ നിന്നും ഓടി രക്ഷപ്പെട്ട ഒരമ്മയുടെ കഥയാണു് പുസ്തകത്തില്‍. എനിക്കതു് വായിക്കാന്‍ കിട്ടുന്നതു് എന്റെ ആത്മസ്നേഹിതയുടെ ചാച്ചന്റെ ശേഖരത്തില്‍ നിന്നാണു്. ഫിക്ഷനില്‍ കുരുങ്ങി കിടന്നിരുന്ന ഞാന്‍ നോണ്‍-ഫിക്ഷന്റെ ആരാധികയായതു് ആ പുസ്തകത്തിലൂടെ. ധാരാളം വായിക്കുകയും ധാരാളം യാത്ര ചെയ്യുകയും ചെയ്തിരുന്ന ചാച്ചന്‍ ബ്ലോഗ് എഴുതിയിരുന്നെങ്കില്‍ എന്നതു്, നടക്കാന്‍ സാധ്യതയില്ല എന്നറിയുമെങ്കിലും വളരെ ആഗ്രഹിക്കുന്നൊരു കാര്യമാണു്. (ബ്ലോഗ് അക്കാദമിയ്ക്ക് അത്തരക്കാരെ കൊണ്ടു് വരാന്‍ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.) ഈ പോസ്റ്റ് ചാച്ചനു് സമര്‍പ്പിക്കുന്നു.

Monday, April 16, 2007

സംഭവ്യതയുടെ അസംഭവ്യത

അമ്മ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഇന്ത്യാ-ചൈന യുദ്ധം. സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മയോട് പറയുമായിരുന്നത്രേ എന്തെങ്കിലും വിമാനം കണ്ടാല്‍ ഏതെങ്കിലും ചാലിലോ, പാലത്തിനടിയിലോ പതുങ്ങിയിരിക്കണം. വിമാനങ്ങളില്‍ നിന്നും വീഴുന്ന ബോംബിനു പ്രതിവിധി ആയിരുന്നു ഈ ഒളിച്ചിരിക്കല്‍. അമ്മയിപ്പോഴും വിമാനങ്ങളുടെ ഇരമ്പല്‍ കേട്ടാല്‍ ഇതാണ് ഓര്‍ക്കുക. അമ്മ ഇത് പറയുമ്പോഴൊക്കെ ഞാന്‍ കളിയാക്കുമായിരുന്നു. അമ്മയെ പറ്റിയ്ക്കാന്‍ ആരെങ്കിലും പറഞ്ഞതായിരിക്കും എന്നതായിരുന്നു എന്റെ അഭിപ്രായം. പക്ഷേ ജീവിതത്തില്‍ ഒരു യുദ്ധം നേരിടേണ്ടി വന്നപ്പോള്‍ അഭയം തന്നത് ഒരു ചാല് തന്നെ! അന്ന് അമ്മ പറഞ്ഞതൊന്നും ഓര്‍ത്തില്ല. ഒളിസ്ഥലത്തിന് തൊട്ടപ്പുറത്ത് മിസൈല്‍ വീഴാനുള്ള സംഭവ്യതയുടെ അസംഭവ്യത കണക്കുകൂട്ടുകയായിരുന്നു!

ഇന്ന് ഇതോര്‍ക്കാന്‍ കാരണമുണ്ട്. പതിവുപോലെ 10 മണിയ്ക്ക് ഓഫീസിലേയ്ക്ക് വരുകയായിരുന്നു. പെട്ടെന്നൊരു സൈറണ്‍. ഞെട്ടി പോയി. പരന്നു കിടക്കുന്ന റോഡ്. ആദ്യം നോക്കിയത് അടുത്ത് ചാലുണ്ടോ എന്നാണ്! ഇല്ല. ഒരു കെട്ടിടത്തിന്റെ തണല്‍ പോലും ഇല്ല. അടുത്തുള്ള മരത്തിനോട് ചേര്‍ന്ന് നിന്നു. അതിനു ശേഷമാണ് ചുറ്റും നോക്കിയത്. പതുക്കെ ശ്വാസം എടുക്കാമെന്നായി. എല്ലാവരും കാറ് നിര്‍ത്തി പുറത്തിറങ്ങി നില്‍ക്കുന്നു. ഹൊ, സമാധാനം, പട്ടാളക്കാര്‍ക്ക് വേണ്ടിയുള്ള ദിവസമായിരിക്കും. കഴിഞ്ഞ കൊല്ലത്തെ 2 മിനിട്ട് സൈറണ്‍ ഓര്‍മ്മ വന്നു. 2 മിനിട്ട് നീണ്ട സൈറന്റെ ഇടയ്ക്ക് ഫോണ്‍ ശബ്ദിച്ചു, നല്ല പാതി.
“എന്താ സൈറണ്‍?“
“പട്ടാളക്കാരുടെ ദിവസമാണെന്ന് തോന്നുന്നു“
“ഹോ പേടിച്ച് പോയി. ഓടി കുളിമുറിയില്‍ കയറി“
“ഹ ഹ ഹ എന്നാല്‍ ഒ.കെ“

ഓഫീസില്‍ വന്ന് പത്രം നോക്കിയപ്പോഴാണ് കണ്ടത് ഇന്ന് ഹോളോകോസ്റ്റ് ഓര്‍മ്മ ദിനം ആണ്. അതില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കാണ് ഈ രണ്ട് മിനിട്ട് സൈറണ്‍. വാര്‍ത്തഇവിടെ. ആ സൈറ്റില്‍ നിന്നും എടുത്ത പടം താഴെ.


ഈ ഒരു രണ്ട് മിനിട്ട് എന്നെ എവിടം വരെ കൊണ്ട് പോയി!

ഇസ്രായേല്‍-ലബനന്‍ യുദ്ധം, 2006 ജുലൈ. ആദ്യത്തെ മിസൈല്‍ വീണപ്പോള്‍ സൈറണ്‍ അടിച്ചില്ല. അതെന്തുകൊണ്ടാണെന്ന അന്വേഷണം ഇനിയും തീര്‍ന്നില്ല എന്നു തോന്നുന്നു.കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഞാന്‍ ജനലിലൂടെ നോക്കിയപ്പോള്‍ ഹൈഫ പോര്‍ട്ടിന്റെ ഭാഗത്ത് ഒരു പുക. നല്ലപാതി പറഞ്ഞു ആരോ പാറ പൊട്ടിക്കുന്നതാ. ആ പാറപൊട്ടിക്കലില്‍ 8 പേര്‍ മരിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വലാത്തൊരു സൈറണ്‍. വാതില്‍ തുറന്ന് പുറത്തിറിങ്ങിയ ഞങ്ങളെ നോക്കി ഇംഗ്ലീഷ് അറിയാത്ത അയല്‍ക്കാരി പറഞ്ഞു “ബംബ് ബംബ്“. പിന്നങ്ങോട്ടുള്ള കുറേ ദിവസങ്ങള്‍ ഈ സൈറണ്‍ ആയിരുന്നു ഹൈഫയുടെ താളം. മിസൈല്‍ വീഴുന്ന ഒച്ച കേള്‍ക്കുന്നതിലും ഹൃദയ ഭേദകമാണ് ഈ വേവി ആയുള്ള സൈറണ്‍. ആദ്യ ദിവസം ഷെല്‍ട്ടറിലേയ്ക്കുള്ള യാത്രയ്ക്കിടെ ആദ്യ സൈറണ്‍ കേട്ടപ്പോള്‍ ഏതാണ്ട് ഇന്നു നിന്ന സ്ഥത്തായിരുന്നു. അതാണ് പെട്ടെന്ന് ഹൃദയ താളം തെറ്റാനുണ്ടായ കാരണം. സൈറണ്‍ കേട്ട് 45 സെക്കന്റിനുള്ളില്‍ ഷെല്‍ട്ടറില്‍ ഒളിച്ചിരിക്കണം. മിസൈലിനു ശേഷം സൈറണ്‍ ഉണ്ടായ അനുഭവവും ഉണ്ട്. എന്നാലും സൈറണ്‍ കേട്ടാലുടന്‍ ജീവനെ എടുത്ത് കൈയില്‍ പിടിച്ച് ഓട്ടമായി.പിന്നീട് കുറേ ദിവസത്തേയ്ക്ക് ഈ വ്യായായം സ്ഥിരമായപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി. ഓഫീസിലാണെങ്കില്‍ റൂമിനടൂത്ത് ഷെല്‍ട്ടര്‍ ഉണ്ട്.അപ്പാര്‍ട്ട്മെന്റിലെ ഷെല്‍ട്ടര്‍ എല്ലവര്‍ക്കും കൂടി ഉള്ളതാണ്. അത് ഏറ്റവും താഴത്തെ നിലയില്‍ നിന്നും 100 മീറ്റര്‍ അകലെ ആയതുകൊണ്ട് ഓടി ചെന്ന് ഒളിക്കാനുള്ള റിസ്ക് ഞങ്ങള്‍ എടുക്കാറില്ല. കുളിമുറിയില്‍ ഉള്ള രണ്ട് ഭിത്തിക്കിടയില്‍ ശ്വാസമടക്കി നില്‍ക്കും. അതാണ് നല്ലപാതി ഇന്നും കുളിമുറിയിലെയ്ക്കോടാന്‍ കാരണം.നേരിട്ട് വീണാലും ഞങ്ങള്‍ നടുവിലെ ഫ്ലോറില്‍ ആയത് കൊണ്ട് മിസൈല്‍ എത്തില്ല. സൈഡ് വഴി വന്നാല്‍ കുളിമുറിയുടെ രണ്ട് ഭിത്തിയും പിന്നെ പുറത്തെ ഭിത്തിയും കഴിഞ്ഞ് വരുന്ന മിസൈല്‍ വലിയ പരുക്ക് ഉണ്ടക്കില്ല. വഴിയിലാണെങ്കില്‍ കെട്ടിടങ്ങളുടെ മറ, താഴന്ന സ്ഥലം, ചാലുകള്‍, ഇതൊന്നുമില്ലെങ്കില്‍ മരത്തിന്റെ ലബനാന്‍ അതിര്‍ത്തിയ്ക്ക് എതിര്‍വശമുള്ള ഭാഗം. താഴ്ന്ന സ്ഥലത്തിരുന്നാല്‍ കുറച്ചകലെ മിസൈല്‍ വീണാല്‍ ഉണ്ടാകുന്ന അപകടം കാര്യമായി ഏല്‍ക്കില്ല. അധികവും സ്ഫോടാനം മൂലമാണ് മരണ സംഖ്യ കൂടാറ്. അതാണ് ചാലിലൊളിക്കാന്‍ കാരണം. ഇത്തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആണ് എല്ലാ ഒളിസങ്കെതങ്ങളും നിര്‍ണയിക്കുന്നത്. നേരിട്ട് വീണാ‍ല്‍ ഇതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. ശരിക്കും സംഭവ്യതയുടെ അസംഭവ്യത അളക്കുകയായിരുന്നു ഓരോ സൈറണിലും.

ഷെല്‍ട്ടര്‍ ഉള്ളവര്‍ ഇങ്ങനെ ഒളിക്കുകയെങ്കിലും ചെയ്യും ഷെല്‍ട്ടര്‍ പോയിട്ട് മേല്‍ക്കൂര പോലും ഇല്ലാതെ ബോംബിങ്ങിനെ നേരിടുന്ന ലബനാന്‍കാരോ എന്നൊക്കെ ചിന്തിച്ച് ചിന്തിച്ച്, കുറച്ച് കാലം അഭയാര്‍ഥികളായി, പിന്നെ അഭയാര്‍ഥികള്‍ എന്ന വാക്കു തന്നെ വെറുത്ത് യുദ്ധത്തിന്റെ അവസാന നാളുകളിലും ഹൈഫയില്‍ ഉണ്ടായിരുന്നു.(ചിന്തിക്കാനും എഴുതാനും പറ്റിയ നല്ലൊരു വിഷയമാണ് അഭയാര്‍ഥികള്‍. ഇവിടെയൊക്കെ ഇതിനെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. അഭയാര്‍ഥികളെ സൃഷിക്കാന്‍ മാത്രമുതുകുന്ന യുദ്ധങ്ങള്‍, കലാപങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍. യുദ്ധത്തിനും കലാപത്തിനും മനുഷ്യരെ പഴിചാരാം. പ്രകൃതി ദുരന്തത്തിനോ? പുരോഗതിയുടെ കൊടുമുടിയിലിരിക്കുന്ന അമേരിക്കയില്‍ കൊടുങ്കാറ്റ് വീശിയപ്പോള്‍ ഉണ്ടായ അഭയാര്‍ഥികളെ ഇവിടെ കാണാം. പക്ഷേ ഒരിക്കലെങ്കിലും ഒരു അഭയാര്‍ഥി ആയിട്ടുള്ള ആള്‍ക്ക് ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഒരു തിങ്ങല്‍ ചങ്കോളം തള്ളി വരും. പിന്നെ വാക്കുകള്‍ക്കൊന്നും പ്രസക്തി ഇല്ലാത്ത ഓര്‍മ്മകളാണ്.ലബനാന്‍ യുദ്ധത്തിലുണ്ടായ ലബനാന്‍ അഭയാര്‍ഥികള്‍ക്ക് ഇപ്പോഴും അഭയം കിട്ടിയിരിക്കാന്‍ വഴിയില്ല.)

അവസാന ദിവസം 7 സൈറണ്‍ വഴിയില്‍ വച്ച സ്വീകരിക്കാനുള്ള അവസരം ആണ് ഉണ്ടായത്. അതില്‍ സെക്യൂരിറ്റി പോസ്റ്റിനടുത്ത് വച്ച് സൈറണ്‍ അടിച്ചപ്പോള്‍ ഒളിക്കാന്‍ ചാലു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അമ്മ പറഞ്ഞതിലെ സത്യം അംഗീകരിക്കാന്‍ ഒരു യുദ്ധം കാണേണ്ടി വന്നു!

Friday, August 11, 2006

യുദ്ധം പിന്നെ സമാധാനം

യുദ്ധം പിന്നെ സമാധാനവും
ഒരുപാടുരക്കില്‍ വാക്കുകള്‍ക്കര്‍ത്ഥം
ഉരഞ്ഞു തീരുന്ന പോല്‍
വാക്കുകള്‍ അവ വെറും വാക്കുകള്‍

മഹായുദ്ധങ്ങള്‍, പിന്നെ ശീതയുദ്ധം
ഇന്നായപ്പോള്‍ സമാധാന യുദ്ധം
നാളെയാകുമ്പോള്‍ ശാന്തി യുദ്ധം
എല്ലാം വെറും നിഴല്‍ യുദ്ധം

ടാങ്കിനു മുന്‍പില്‍ ഗറില്ല യുദ്ധം
ബോംബിനു മുന്‍പില്‍ സിവിലിയനും
കുറെ പേര്‍ നേഷ്യന്‍സ്
വേറെ ചിലര്‍ സിറ്റിസണ്‍സ്*

കൊടി വീശാന്‍ ലോക്കല്‍ പോലിസ്
സിഗ്നലിന് ലോക പോലീസ്
നോക്കിയിരിക്കാന്‍ യുണയ്റ്റഡ് നേഷന്‍സ്
വാക്കുകള്‍ അവ വെറും വാക്കുകള്‍

തീരട്ടെ യുദ്ധം ചേരട്ടെ സമാധാനം
എനിക്കും പാടണം കവിയെ** പോല്‍
“യുദ്ധം കഴിഞ്ഞു കബന്ധങ്ങള്‍ ഉന്മാദ
നൃത്തം ചവുട്ടി കുഴച്ചു രണാങ്കണം”

* ലെബനോന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ അറബികളുടെ പ്രതികരണം “ Lebabon is our nation, Israelis are our citizens"
** കവി വയലാര്‍, കവിത രാവണ പുത്രി

Thursday, July 13, 2006

ലബനാന്‍ അതിര്‍ത്തിയില്‍ നിന്ന്

ലബനാനിന്റെ അതിര്‍ത്തി കടന്ന് ഇസ്രായേല്‍ മുന്നേറുന്നു. 47 (?) ലബനാക്കാര്‍ മരിച്ചു കഴിഞ്ഞു. ഇനിയെത്ര? കണക്കുകള്‍ക്കും പ്രവചങ്ങള്‍ക്കും പറയന്‍ കഴിയാത്ത ഒരു ഉത്തരം. ലബനാനിലെ തീവ്രവാദി ഗ്രൂപ്പ് ആയ ഹിസ്ബുള്ള 8 ഇസ്രായേല്‍ ഭടന്‍മാരെ കൊല്ലുകയും 2 പേരെ തട്ടിയെടുക്കുകയും ( കണക്കുകള്‍ കൃത്യമായി അറിയാന്‍ ദിവസങ്ങള്‍ വേണ്ടി വരും. ഇന്നലെ കേട്ടത്, 2 പേരെ കൊന്നെന്നും ഒരളെ തട്ടിയെടുത്തെന്നും ആയിരുന്നു) ചെയ്തതിന്നു പ്രത്യാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്.

ഇതൊന്നുമറിയാതെ ലബനാന്‍ അതിര്‍ത്തിയിലേക്കു സഞ്ചരിക്കുകയയിരുന്നു ഞങ്ങള്‍ 4 പേര്‍. ഞാനും ഭര്‍ത്തവും. പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളും, വീടിന്റെ ഉടമസ്ഥരുമായ ഒരു ജൂത ദമ്പതികളും. അതിര്‍ത്തിയിലെത്താന്‍ ഒരു കിലൊമീറ്ററോളം കഷ്ടി ബാക്കിയുള്ളപ്പോള്‍ കാതടപ്പിക്കുന്ന ഒരു ശബ്ദം. ഞങ്ങള്‍ കരുതി കാറിന്റെ ടയര്‍ പഞ്ചര്‍ ആയതാണെന്ന്. ഞങ്ങളുടെ സുഹൃത്ത് ഇറങ്ങി നോക്കി കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ഫോണ്‍ വന്നു. ലബനാന്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയെന്നും എത്രയും വേഗം തിരിച്ചു പോരനുമയിരുന്നു നിര്‍ദ്ദേശം. വെരുതെ തലയുയര്‍ത്തിയപ്പോള്‍ കണ്ടത് ഞങ്ങള്‍ വാഹനം നില്‍ക്കുന്ന റോഡിനപ്പുറവും ഇപ്പുറവും ഉള്ള കുന്നുകളില്‍ അതിഭയങ്കര സ്ഫോടങ്ങളും തീയും പുകയുമാണ്. എത്രയും വേഗം അവിടെ നിന്നു രക്ഷപ്പെടണം എന്നേ ഉണ്ടായിരുന്നുള്ളൂ. സാധ്യമായ അകലം അതിര്‍ത്തിയില്‍ നിന്നും പാലിച്ച് സുരക്ഷിതരായി ഞങ്ങള്‍ ഹൈഫയിലെത്തി. എന്തൊരു ആന്തലയിരുന്നു മനസ്സില്‍. അപ്പോല്‍ ഈ യുദ്ധഭൂമിയില്‍ മേല്‍കൂരയില്ലാതെ..

ഞങ്ങള്‍ കാര്‍ തിരിച്ചു ലബനാന്‍ അതിര്‍ത്തിക്കു തൊട്ടടുത്ത ഒരു ഇസ്രായേല്‍ ഹോട്ടലിലെ ആളുകളുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. ചിലര്‍ ഇത്രയും വലിയ സ്ഫോടനങ്ങള്‍ കേട്ടീട്ടും പത്രത്തില്‍ നിന്നും തലപോലും ഉയര്‍ത്താതെ വായിച്ചു കൊണ്ടിരിക്കുന്നു. ചിലര്‍ തൃശ്ശൂര്‍ പൂരം വീടീന്റെ മുറ്റത്തുനിന്നും കാണുന്ന ലാഘവത്തോടെ കാണുന്നു. ഇവരുടെയൊക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ എന്നോര്‍ത്തു പോയി. ചിലര്‍ മാത്രം പട്ടാളത്തിലേക്കു തങ്ങളെ വിളിക്കുമൊ എന്ന് ഉത്കണ്ഠപ്പെട്ടു. പിന്നെ ഇന്നത്തെ മനോരമ വായിച്ചപ്പോള്‍ മുംബൈ ജനതയും ഇതൊക്കെ സാധാരണമായി കാണുന്നു എന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അപ്പോള്‍ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അതിജീവിക്കാന്‍ പഠിച്ചു കഴിഞ്ഞൊ എന്തൊ?

ഇത് മറ്റൊരു 6 ദിവസ യുദ്ധമാകതിരിക്കട്ടെ. എങ്കില്‍ ഇനി ലബനാനിലും കുറെയെറെ അഭയര്‍ത്ഥികള്‍...ഈശ്വരാ..