Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, May 08, 2008

ഫ്രം ബെയ്‌റൂട്ട് റ്റു ജറുസലം

ഏറ്റവും കമ്പം എന്നും പുസ്തകങ്ങളോടായിരുന്നു. അമ്പിളി അമ്മാവന്‍ മുതലിങ്ങോട്ടു് സെക്കന്‍‌ഡ് ഹാന്‍ഡ് പുസ്തകങ്ങളാണു് വായിച്ചിരുന്നതെന്നതിനാല്‍ പുത്തന്‍ പുസ്തകങ്ങളോടുള്ളതിനേക്കാള്‍ അടുപ്പം സെക്കന്‍‌ഡ്‌‌ ഹാന്‍ഡിനോഡാണ്. ഉപയോഗിച്ചു് പഴകിയ പുസ്തകത്താളുകളുടെ മണം, അതിന്റെ ആദ്യതാളുകളില്‍ കണ്ടേക്കാവുന്ന പേരുകള്‍, വശങ്ങളില്‍ കണ്ടേക്കാവുന്ന എഴുത്തുകള്‍, അടിവരകള്‍ എന്നിവ പുത്തന്‍ പുസ്തകം തരുന്നതിനുമപ്പുറം ഒരു ലോകം കൂടി തന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബുധനാഴ്ച ചന്തകളില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകമുണ്ടു് എന്നറിഞ്ഞതു് കുറേ വൈകിയാണു്. എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളിലും നാട്ടിലെ പബ്ലിക് ലൈബ്രറിയില്‍ നിന്നിറങ്ങി ലൈബ്രറിയുടെ പുറത്തുള്ള സെക്കന്‍ഡ്‌ ഹാന്‍ഡ് സ്റ്റാളുകളിലെ പുസ്തക കൂമ്പാ‍രങ്ങളില്‍ നിന്നും പ്രിയപ്പെട്ടതിനെ തിരയുന്ന നൊസ്റ്റാള്‍ജിയയോടെ ബുധനാഴ്ച ചന്തയിലും തിരച്ചിലാരംഭിച്ചു. ഒരു ദിവസം കൂടെ വന്നതു് ‘ലേഡി ചാറ്റര്‍ളീസ് ലവര്‍‘, മറ്റൊരു ദിവസം ‘പാപ്പിയോണ്‍‘.

അങ്ങനെ ഒരു ദിവസം നോക്കുമ്പോള്‍ ചിരിച്ചു കൊണ്ടതാ കിടക്കുന്നു ‘ഫ്രം ബെയ്‌റൂ‍ട്ട് റ്റു ജെറുസലം‘! ഹേയ് ഇതു നമ്മുടെ ‘അനോ‍ണി ആങ് സ്വീ ചായ്‘ പറയുന്ന പുസ്ത്കമല്ലേ! ‘ഹൌ! ഈ ഇസ്രായേല്‍ക്കാരുടെ ഒരു ജനാതിപത്യ ബോധം, നമിക്കണം. സ്വന്തം ക്രൂരതകള്‍ വിവരിക്കുന്ന പുസ്തകം ആയിരുന്നിട്ടു് കൂടി അനുവദിക്കുന്നതു് കണ്ടില്ലെ! ഇന്ത്യയിലായിരുന്നെങ്കില്‍ ഇപ്പോള്‍ ‘നിരോ‍ധിച്ചേനെ‘ എന്നൊക്കെ ആലോചിച്ചു് പുറം ചട്ട നോ‍ക്കി, “if you are only going to read one book on the middle east, this is it“ എന്നൊക്കെ എഴുതി വച്ചിരിക്കുന്നു. ഇതു് തന്നെ വായിക്കേണ്ട പുസ്തകം. പിന്നെ നോക്കുമ്പോള്‍ ഷിമോണ്‍ പെരസിന്റെ ഒരു പുസ്തകം ‘ദ് ന്യൂ മിഡില്‍ ഈസ്റ്റ്‘. വായിക്കുമ്പോള്‍ രണ്ടുഭാഗവും വായിക്കണമല്ലോ. അതിനേയും കൂട്ടാം. ‘റ്റു ജെറുസലം ആന്‍ഡ് ബാക്ക്‘ എന്നൊരു പുസ്തകവും കൂടെ എടുത്തു് അന്നു് ചന്തയില്‍ നിന്നും ഇറങ്ങി.

രണ്ടു് ദിവസം ആ പുസ്തകങ്ങള്‍ തൊട്ടില്ല. മൂന്നാം ദിവസം ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ വായിക്കാനെടുത്തു. ആദ്യത്തെ പേജില്‍ ‘ഫ്രം ബെയ്‌റൂറ്റ് റ്റു ജെറുസലം‘ തോമസ് ഫ്രൈഡ്മാന്‍. ഹെയ് ഇതാരു്! അനോണി പറയുന്ന പുസ്തകം ഡോക്റ്റര്‍ ആങ് സ്വീ ചായ് എഴുതിയതാണല്ലോ. എല്ലാത്തിനും ഉത്തരം പറയുന്ന ആള്‍ ഗൂഗിള്‍. തപ്പി. ഉത്തരം കിട്ടി. രണ്ടു് പുസ്തകങ്ങള്‍ ഉണ്ടു് ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ എന്ന പേരില്‍. ഡോക്ടര്‍ ആങ് സ്വീ ചായ് എഴുതിയതും തോമസ് ഫ്രൈഡ്മാന്‍ എഴുതിയതും. രണ്ടും പ്രസിദ്ധീകരിച്ച വര്‍ഷം 1989. എന്നെ പോലെ തന്നെ പലര്‍ക്കും പുസ്തകം മാറി പോയിരിക്കുന്നു. ഓഹോ കൊള്ളാമല്ലോ!

വീണ്ടും തിരഞ്ഞു. തോമസ് ഫ്രൈഡ്മാന്‍ ആളത്ര നിഷ്പക്ഷന്‍ അല്ല. ഇസ്രായേല്‍ പാലസ്തീന്‍ അനുരഞ്ജനത്തിന്റെ പിന്തുണക്കാരന്‍ ആണെങ്കിലും ഇസ്രായേല്‍ പക്ഷപാതി ആണെന്നു് പല സൈറ്റുകളും പറയുന്നു. വിക്കിയിലാണെങ്കില്‍ അയാളെക്കുറിച്ചുള്ള വിവാദങ്ങളുമുണ്ടു്. എങ്കില്‍ പിന്നെ ഏതു് പുസ്തകമാണാദ്യമിറങ്ങിയതെന്നു് നോക്കാം. പുസ്തകത്തില്‍ ഫ്രൈഡ്മാന്‍ ഒപ്പു് വച്ചിരിക്കുന്നതു് മാര്‍ച്ച് 1989 നു്. പുസ്തകം ഇറങ്ങിയതു് ജൂലായിലോ സെപ്റ്റംബറിലോ ആണു്. ഡോക്ടര്‍ ആങ് സ്വീ ചായുടേതാവട്ടെ 1989 ഫെബ്രുവരിയിലെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടു്. 1989 ലെ നാഷണല്‍ ബുക്ക് അവാര്‍ഡ് ഫ്രൈഡ്മാന്റെ പുസ്തകത്തിനു് കിട്ടിയിരിക്കുന്നു. 1983-ല്‍ ലെബനോനില്‍(ബെയ്‌റൂട്ടില്‍, പ്രത്യേകിച്ചും സാബ്ര-ഷാറ്റില കൂട്ടകൊല റിപ്പോര്‍ട്ടിംഗിനു്)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും 1988-ല്‍ ഇസ്രായേലില്‍(ജെറുസലം)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും പുലിസ്റ്റര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടു് ഫ്രൈഡ്മാനു്. (സാബ്രാ‍-ഷാറ്റില കൂട്ടക്കൊലയ്ക്കു് ശേഷം ആദ്യം ക്യാമ്പിനകത്തു് കടന്ന ആളുകളുടെ പേരിലൊന്നും ഫ്രൈഡ്മാന്റെ പേരു് കണ്ടില്ല)

പുസ്തകത്തെക്കുറിച്ചൊരു റിവ്യൂ വായിച്ചു. ആദ്യഭാഗത്തു് കടിച്ച് പിടിച്ചു് ലെബനോനിനെ കുറിച്ചും ഇസ്രായേലിനെ കുറിച്ചും അശുഭ ചിന്തായാണുള്ളതെന്നു് പറയാന്‍ ശ്രമിച്ചെങ്കിലും രണ്ടാം ഭാഗത്ത് ഇസ്രായേലിനോടുള്ള മാനസിക അടുപ്പം തെളിഞ്ഞു് കാണാം. പുസ്തകം വെറുതെ മറിച്ചു് നോക്കി. സാബ്ര ഷാറ്റില കൂട്ടകൊലയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു എന്നു് പുസ്തകത്തില്‍. നോക്കിയ മിക്ക സൈറ്റുകള്‍ക്കും മൂവായിരത്തിനു് മുകളിലുള്ള കണക്കാണ്. വിക്കി പറയുന്ന കണക്ക് 700-3500. എന്തോ കുറേ അക്ഷരത്തെറ്റില്ലേ? പുസ്ത്കം അടച്ചു. ഇനി ഡോക്ടര്‍ ആങ് സ്വീ ചായുടെ പുസ്തകം കിട്ടിയിട്ടു് ഇതു് വായിക്കാം. വിദേശത്തു് നിന്നും പുസ്ത്കം വാങ്ങുന്നവര്‍ പുസ്തക കര്‍ത്താവിന്റെ പേരു് നോക്കി വാങ്ങുക. കേരളത്തില്‍ ഡി.സി യുടെ സൈറ്റിലൊക്കെ ആങ് സ്വീ ചായുടെ പുസ്തകം മാത്രമേ കണ്ടുള്ളൂ.

എന്തായാലും ഒരു വഴിക്കിറങ്ങിയതല്ലേ. മറന്നു് പോകാതിരിക്കാനായി കുറച്ച് കാര്യങ്ങള്‍ കൂ‍ടി എഴുതിയിട്ടേക്കാം.

ഡോക്ടര്‍ ആങ് സ്വീ ചായ്

മലേഷ്യയില്‍ ജനിച്ചു് സിങ്കപൂരില്‍ വളര്‍ന്ന ഡോ: ആങ്ങ് സ്വീ ചായ് ബിരുദത്തിനു ശേഷം ഇംഗ്ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്നു് ലണ്ടനിലെ സെന്റ്‌ ബെര്‍ത്തലോമിയ ആശുപത്രിയില്‍ ആദ്യ വനിത ഓര്‍ത്തോപീഡിയാക് സര്‍ജനായി ജോലി നോക്കുകയും ചെയ്തു. ഇസ്രായേലിനെ പിന്തുണച്ചു് കൊണ്ടു് വളര്‍ന്നു് വന്ന അവര്‍ 1982-ഇല്‍ ഇസ്രായേലിന്റെ ബെയ്‌റൂട്ട് ബോംബിംഗ് ടെലിവിഷനില്‍ കണ്ടതിനു ശേഷമാണു് തന്റെ ഇസ്രായേല്‍-അറബ് വീക്ഷണങ്ങളില്‍ മാറ്റം വരുത്തിയതു്. പിന്നീടു് ബെയ്‌റൂട്ടില്‍ യുദ്ധ‌ത്തില്‍ മുറിവേറ്റവരെ ചികിത്സിക്കാന്‍ ഒരു എല്ലുശസ്ത്രക്രിയാ ഡോക്ടറെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ലണ്ടനിലെ ജോലിയുപേക്ഷിച്ചു് ബെയ്‌റൂട്ടിലെ ആഭ്യന്തരയുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂ‍ഷിക്കാന്‍ യാത്രയായി. അവിടെ അവര്‍ സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്ക് ദൃക്‌സാക്ഷിയായി. അവര്‍ ജോലി ചെയ്തിരുന്ന ബെയ്‌റൂട്ടിലെ ഗാസ ആശുപത്രി സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പിനകത്തായിരുന്നു. സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്കു ശേഷം മെഡിക്കല്‍ എയ്ഡ് ഫോര്‍ പാലസ്തീനിയന്‍സ് (MAP) എന്ന ബ്രിട്ടീഷ് ചാരിറ്റി സംഘടനയ്ക്കു് രൂപം കൊടുത്തു. സാബ്ര-ഷാറ്റില കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഏരിയല്‍ ഷാരോണ്‍ ഇസ്രായേലില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു.നാലു് ലക്ഷം ഇസ്രായേലികള്‍ പങ്കെടുത്ത പ്രകടനത്തിനോടുവില്‍ കാഹാന്‍ അന്വേഷണ കമ്മീഷന്റെ മുന്നില്‍ സാക്ഷിപറായാന്‍ ഡോക്ടര്‍ ആങ് സ്വീ ചായ് ജറുസലേമിലേയ്ക്കു് പോയി. ആ യാത്രയെ പിന്‍പറ്റിയാണു് സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ചെഴുതിയ പുസ്തകത്തിനു് ‘ഫ്രം ബെയ്‌റൂട്ട് റ്റു ജെറുസലം‘ എന്ന പേരു് വന്നതു്.

ഡോക്ടര്‍ ആങ് സ്വീ ചായ്‌യുമായുള്ള അഭിമുഖം ഇവിടെ വായിക്കാം.

സാബ്ര ഷാറ്റില കൂട്ടകൊല

സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പുകളിലെ നിരായുധരായ പാലസ്തീനികളെ 1982 സെപ്റ്റമ്പര്‍ 16നു് ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തു. കൂട്ടക്കൊലചെയ്യപ്പെട്ടവരുടെ എണ്ണം കൃത്യമായി അറിയാന്‍ ഇതേവരെ സാധിച്ചീട്ടില്ല. ആധികാര രേഖകളില്‍ മൂവായിരത്തിനും മുകളില്‍ വരും കൊലചെയ്യപ്പെട്ടവരുടെ എണ്ണം എന്നു് കണക്കാക്കുന്നു.

പടിഞ്ഞാറെ ബെയ്‌റൂട്ടില്‍ ഷാറ്റില UNRWA പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന്റെ അടുത്തു് കിടക്കുന്ന ഒരു നിര്‍ധന ഗ്രാമമാണു് സാബ്ര. രണ്ടു് ഭാഗത്തേയും ജനങ്ങളുടെ നിരന്തര സമ്പര്‍ക്കം മൂലം രണ്ടു് ഭാഗങ്ങളും ഒരുമിച്ചു് സാബ്ര-ഷാറ്റില എന്നറിയപ്പെട്ടു. ഈ ക്യാമ്പില്‍ പാലസ്തീന്‍ അഭയാര്‍ത്ഥികളും തെക്കന്‍ ലബനോനില്‍ നിന്നും വന്ന ഷിയകളും തിങ്ങി നിറഞ്ഞിരുന്നു.

1975 മുതല്‍ 1990 വരെ നടന്ന ലബനോന്‍ ആഭ്യന്തരയുദ്ധത്തില്‍, ആദ്യം സിറിയയുമായും പിന്നീട് ഇസ്രായേലുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സായുധ പാര്‍ട്ടിയാണു് ഫാലഗനിസ്റ്റ് പാര്‍ട്ടി. അവരുടെ നിയന്ത്രണത്തിലായിരുന്ന ലബനീസ് മരോനൈറ്റ് ക്രിസ്ത്യനികളും സിറിയ, ഇറാന്‍ എന്നിവരുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളും മറ്റ് പി.എല്‍.ഓ യും തമ്മില്‍ പരസ്പരമുള്ള യുദ്ധങ്ങളും കൂട്ടക്കൊലകളും പതിവായിരുന്നു. ഈ ആഭ്യന്തര യുദ്ധത്തില്‍ ഒരുലക്ഷം ആളുകള്‍‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇക്കാലങ്ങളില്‍ ഇസ്രായേലിനെതിരെയുള്ള പി.എല്‍.ഓ യുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് ദക്ഷിണ ലബനോനിലാണു്. ജൂണ്‍ 4, 1982-ല്‍ ഇസ്രായേലി അംബാസിഡര്‍ ഷ്ലോമോ ആര്‍ഗോവിനെ ലണ്ടനില്‍ വച്ചു് ഫത്താ സ്ഥാപകന്‍ അബു നിദാലിന്റെ സംഘടന വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 1982 ജൂണ്‍ 6 നു് അറുപതിനായിരം പട്ടാളക്കരുമായി ഇസ്രായേല്‍ സൈന്യം ലബനൊനിലേക്ക് അതിക്രമിച്ചു് കയറി. രണ്ടു് മാസത്തെ അതിക്രമത്തിനു് ശേഷം യു.എന്‍ പ്രായോജക വെടിനിര്‍ത്തല്‍ കരാറില്‍ പി.എല്‍.ഓ ലബനോനില്‍ നിന്നു് ഒഴിഞ്ഞു പോകാമെന്നും ഇസ്രായേല്‍ സേന ഇനി ബെയ്‌റൂട്ടിലേക്ക് മുന്നേറില്ല എന്നും തീരുമാനമായി.

സെപ്റ്റമ്പര്‍ 1 നു് ബെയ്‌റൂട്ടില്‍ നിന്നുള്ള പി.എല്‍.ഓ ആണ്‍ പോരാളികളുടെ പുറത്താക്കല്‍ പൂര്‍ത്തിയായി. സ്ത്രീകളും കുട്ടികളും വൃദ്ധരും ക്യാമ്പുകളില്‍ അവശേഷിച്ചു. രണ്ടു് ദിവസത്തിനു് ശേഷം ഇസ്രായേല്‍സേനയെ ക്യാമ്പിനു് ചുറ്റും വ്യനിസിച്ചു. ആ സമയത്തു് ലബനോന്‍ പ്രധാനമന്ത്രിയും മാരിനേറ്റുകളിടെ ഇടയില്‍ സമ്മതനുമായ ബാച്ചിര്‍ ജെമായേലിനെ, ബാക്കിയുള്ള പാലസ്തീനിന്‍ പോരാളികളെ വേരടക്കം പിഴുതുകളഞ്ഞ് ലബനോനില്‍ സമാധാനം സ്ഥാപിക്കാനും, ഇസ്രായേലുമായി ഒരു സമാധാന കരാറില്‍ ഒപ്പിടാനും, ഇസ്രായേല്‍ നിര്‍ബന്ധിച്ചു. പക്ഷേ ജെമായേല്‍ വഴങ്ങിയില്ല.സെപ്റ്റംബര്‍ 14 നു് ജെമായേല്‍ കൊലചയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം അന്നു് ഇസ്രായേല്‍ പ്രതിരോധമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണും പ്രധാനമന്ത്രിയായിരുന്ന മാനഹേം ബിഗിനും ഇസ്രായേല്‍ മന്ത്രിസഭയോട് കൂടിയാലോചിക്കാതെ പടിഞ്ഞറെ ബെയ്‌റൂട്ട് കൈവശപ്പെടുത്താന്‍ തീരുമാനിച്ചു. പടിഞ്ഞാറെ ബെയ്‌റൂട്ട് ആക്രമിക്കില്ല എന്ന് യു.എനുമായി ഉണ്ടാക്കിയ കരാറും, മുസ്ലീമുകളെ സംരക്ഷിച്ചുകൊള്ളാമെന്ന് യു.എസ് എഴുതി കൊടുത്ത സമ്മതപത്രവും, മുസ്ലീം സേനകളുമായി ഉണ്ടാക്കിയ സമാധാന കരാറും കാറ്റില്‍ പറത്തിയാണു് ഈ കയ്യേറല്‍ നടന്നതു്.

സെപ്റ്റംബര്‍ 15 ഉച്ചയോടെ ഇസ്രായേല്‍ സേന ക്യാമ്പ് വളഞ്ഞു. ക്യാമ്പിന്റെ എല്ലാ കവാടങ്ങളിലും ചെക്പോയന്റുകള്‍ സ്ഥാപിച്ചു. കുവൈറ്റ് എമ്പസി കെട്ടിടം ഉള്‍പ്പെടെ ഉയരമുള്ള കെട്ടിടങ്ങളിലെല്ലാം ഇസ്രായേല്‍ സേന നിലയുറപ്പിച്ചു. ഏരിയല്‍ ഷാരോണ്‍ ഫാലഗനിസ്റ്റ് സായുധസംഘത്തെ സാബ്ര-ഷാറ്റില ക്യാമ്പിനകത്തേയ്ക്കു ക്ഷണിച്ചു. ഇസ്രായേലി സേനയാല്‍ വളയപ്പെട്ട ക്യാമ്പില്‍ നടന്ന കൂട്ടക്കൊലയ്ക്കും കൂട്ടബലാത്സംഗത്തിനും ഇസ്രായേല്‍ സേന തന്നെ ഫാലഗനിസ്റ്റ് ഗ്രൂപ്പിനു് കമാന്റ്സ് കൊടുത്തു. എല്ലാം നല്ല വെളിച്ചത്തില്‍ ചെയ്യാന്‍ ഫ്ലഡ് ലൈറ്റും ഇട്ടുകൊടുത്തു!! സെപ്റ്റംബര്‍ 18 നു് കാലത്തു് ഫാലഗനിസ്റ്റ് സായുധ സംഘം സ്ഥലം കാലിയാക്കിയതിനു് ശേഷം പത്രപ്രവര്‍ത്തകരെത്തി പുറം ലോകം ഈ വാര്‍ത്ത അറിയുമ്പോഴേയ്ക്കും, ഇസ്രായേല്‍ സേന 700മുതല്‍ 800 വരെയെന്നും പാലസ്തീനികള്‍ മൂവായിരം മുതല്‍ മൂവായിരത്തഞ്ഞൂറു് വരെയെന്നും പറയുന്നത്ര ആളുകള്‍ കൊലചെയ്യപ്പെട്ടിരുന്നു.

പിന്നീടു് ഏരിയല്‍ ഷാരോണിനെ യുദ്ധകുറ്റവാളിയാക്കണം എന്നവശ്യപ്പെട്ടു് നടന്ന പ്രകടനത്തിനൊടുവില്‍ ഉണ്ടായ കാഹന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചും ബെല്‍‌ജിയന്‍ കോടതില്‍ നടന്ന കേസിനെ കുറിച്ചും വായിക്കുക.

സാബ്ര-ഷാറ്റിലയില്‍ മാത്രമൊന്നുമല്ല ആകാലഘട്ടത്തില്‍ കൂട്ടക്കൊലകള്‍ നടന്നതു്. പക്ഷേ സാബ്ര-ഷാറ്റില അതിന്റെ പ്ലാനിങിംന്റെ കുബുദ്ധി കൊണ്ടും പുരുഷന്മാരെ നിര്‍ബന്ധിച്ചു പുറത്താക്കയതിനു് ശേഷം നിരായുധരായ സ്ത്രീകളേയും കുട്ടികളേയും, വൃദ്ധന്മാരേയും എല്ലാ കരാറുകളും സമ്മതപത്രങ്ങളും കാറ്റില്‍ പറത്തി നടത്തിയതു് കൊണ്ടും ലോകം മുഴുവന്‍ അപലപിച്ചു,പ്രതിക്ഷേധിച്ചു. യു.എന്‍ അത് വംശീയകുരുതിയായി പ്രഖ്യാപിച്ചു.

സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ച് ഡോക്ടര്‍ ആങ് സ്വീ ചായ്‌‌ എഴുതിയ പുസ്തകത്തിനെ അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റ്

ക്വാനകൂട്ടക്കൊല

മുകളില്‍ എഴുതിയതു് വായിച്ചും പറഞ്ഞും കേട്ടവയാണു്. ഇസ്രായേലില്‍ വന്നതിനു ശേഷം ഒരു ഇസ്രായേല്‍ ലബനോന്‍ യുദ്ധം നേരില്‍ കാണാന്‍ ‘ഭാഗ്യ‘മുണ്ടായി. രണ്ട് രാജ്യങ്ങളുടെ ഗവണ്മെന്റ് തമ്മിലുള്ള യുദ്ധമായിരുന്നില്ല അതെന്നതിനാല്‍ ഇസ്രായേല്‍-ലബനോന്‍ സംഘര്‍ഷം എന്നാണു് ശരിയായ രാഷ്ട്രീയ പ്രയോഗം. ലബനോനിലെ ഹിസ്ബുള്ള എന്ന സായുധ സംഘവും ഇസ്രായേല്‍ പ്രതിരോധ സേനയും തമ്മിലായിരുന്നു യുദ്ധം. ആയിരത്തിനടുത്തു് ഹിസ്ബുള്ള പോരാളികളും, ആയിരത്തിലധികം ലബനോന്‍ ജനങ്ങളും നൂറിലധികം ഇസ്രായേല്‍ പട്ടാളക്കാരും അമ്പതില്‍ താഴെ ഇസ്രായേല്‍ ജനങ്ങളും കൊലപ്പെട്ട യുദ്ധം 2006 ജൂലായ് 12 നു് തുടങ്ങി, 2006 ആഗസ്റ്റ് 14 നു് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഈ മുപ്പത്തി മൂന്നു ദിവസങ്ങളുടെ ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ഹൈഫയില്‍ ഇരുന്നു് ‘കത്യൂഷയും‘, ‘ഫൈറ്റര്‍ പ്ലൈനുകളും‘ കണ്ടു് ‘രസി‘ക്കുകയും, ഭൂഗര്‍ഭ ഷെല്‍ട്ടറിലേക്കോടുന്നതു്, ഫൈറ്റര്‍ പ്ലൈനുകള്‍ എണ്ണി ബോറടിക്കുമ്പോള്‍ ഒരു നേരമ്പോക്കിനും അതിലുപരി വ്യായമത്തിനും നല്ലതാണെന്നു് കണ്ടെത്തുകയും ഉണ്ടായി. ഷെല്‍ട്ടറുകള്‍ക്ക് പുറത്തിറങ്ങി കാറ്റുകൊള്ളുമ്പോള്‍ ദൂരെ ലബനോന്‍ അതിര്‍ത്തിക്കപ്പുറം കേള്‍ക്കുന്ന ബോബിംങിന്റെ ശബ്ദവ്യത്യാസത്തിനനുസരിച്ചു് ബോംബിന്റെ വലിപ്പം എത്രയായിരിക്കുമെന്നും ബോംബുകള്‍ കൃത്യസ്ഥലങ്ങളില്‍ ഇടാന്‍ ലേസര്‍ എത്രമാത്രം സഹായിക്കുമെന്നും കൂലങ്കഷമായി ചര്‍ച്ച ചെയ്തു. കുറച്ച് ദിവസം കൊണ്ട് തന്നെ ഈ വിനോദം മടുത്തതിനെ തുടര്‍ന്നു്‌ രഹോവത്തിലേയ്ക്ക് വിരുന്നു് പോവുകയും അവിടത്തെ അഭയാര്‍ത്ഥി ജീവിതത്തില്‍ മയങ്ങി ജീവിതം തുടരുകയും ചെയ്തു. ഒരു രാത്രിപാര്‍ട്ടിയില്‍ തുറസ്സായ പബിലിരുന്നു ഞങ്ങളും, രഹോവത്തിലെ കൂട്ടുകാരും, ഇസ്രായേലികളും അഭയാര്‍ത്ഥി ജീവിതത്തിന്റെ ‘ത്രിലി‘ന്നെ കുറിച്ചും ഹൈഫ ആക്രമണം മുന്‍‌കൂട്ടി കാണാത്ത മൊസാദിനെ കുറിച്ചും ലെബനോനിലെ സ്ഥിതിയെ കുറിച്ചും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ര‍ഹോവത്തിലെ എയര്‍ ബേസില്‍ നിന്നും പൊങ്ങി പറന്ന ഫൈറ്റര്‍ പ്ലൈയിനിന്റെ കാതടപ്പിക്കുന്ന ശബ്ദം ജീവിതത്തില്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും ‘ത്രസിപ്പിക്കുന്ന‘ ഒച്ചയായിരുന്നു. മറ്റൊന്നും ചെയ്യാനിലാത്തതിനാല്‍ ഫലാഫലയും തിന്നു് രഹോവത്തിലെ റ്റി.വിയ്ക്ക് മുന്നില്‍ 24 മണിക്കൂറും ഇരിക്കുന്നതിനിടയില്‍ ഒരു ദിവസമാണു് ക്വാന സംഭവം നടക്കുന്നതു്. അഭയാര്‍ത്ഥി ജീവിതത്തിലെ അതി സന്തോഷങ്ങള്‍ മടുത്തതിനെ തുടര്‍ന്നു് ഞങ്ങള്‍ ഹൈഫയിലേയ്ക്ക് തിരിച്ചു് വരികയും യുദ്ധത്തിന്റെ അവസാനക്കാലത്തു് അത്‌ലറ്റിക് പരിശീലനങ്ങള്‍ നടത്തുകയും ചെയ്തു.


ഔദ്യോ‍ദിക രേഖകള്‍ അനുസരിച്ച് ജൂലായ് 30, 2006 നു് നടന്ന ക്വാന കൂട്ടകൊലയില്‍ 28 പേര്‍ മരിക്കുകയും 16 പേരെ കാണാതവുകയും ചെയ്തു. അതില്‍ 16 പേര്‍ കുട്ടികളായിരുന്നു. കുട്ടികള്‍ക്കുള്ള ഷെല്‍‌ട്ടറില്‍ ആയിരുന്നു ബോംബിങ്ങ് നടന്നതു്. യുദ്ധത്തില്‍ ഇസ്രായേല്‍ യു.എസ് നിര്‍മ്മിത ലേസര്‍ ഗൈഡഡ് ബോംബുകളും ഹിസ്ബുള്ള കാറ്റിലാടുന്ന കത്യൂഷകളുമാണു് ഉപയോഗിച്ചിരുന്നതു്. രാത്രി സമയത്തു് കത്യൂഷ ലോഞ്ച് ചെയ്താല്‍ ലോഞ്ചിങ്ങ് സ്ഥലം ഇസ്രായേല്‍ ചാരക്കണ്ണുകള്‍ക്ക് എളുപ്പം കണ്ടു്പിടിക്കാം എന്നതിനാല്‍ രാത്രിസമയത്തു് ഹിസ്ബുള്ള കത്യൂഷകള്‍ ലോഞ്ച് ചെയ്തിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു ലോഞ്ചിങ് സ്ഥലം ബോംബ് ചെയ്യപ്പെട്ട കെട്ടിടത്തിന്റെ അടുത്തു് കണ്ടെത്തിയിരുന്നു എന്നും പറഞ്ഞു് ഇസ്രായേല്‍ ഒരു വീഡിയോ റ്റേപ്പ് ഇറക്കിയിരുന്നു. പക്ഷേ അതിലെ സ്ഥലത്തു്‌ നിന്നും ബോംബിങ്ങ് നടന്ന സ്ഥലത്തേയ്ക്കു് കുറച്ചു് ദൂരമുണ്ടു്. ക്വാനയില്‍ നിന്നും കണ്ടെടുത്ത Mk84 ബോംബ് ലേസര്‍ ഗൈഡഡ് ബോംബിന്റെ വാര്‍ ഹെഡ് ആയി ഉപയോഗിക്കുന്നതാണു്. കൃത്യമായ ലോക്കേഷനില്‍ ബോംബിങ്ങ് നടത്താന്‍ ഉപയോഗിക്കുന്ന ലേസര്‍ ഗൈഡഡ് ബോംബ് ഉപയോഗിച്ചീട്ടും ലക്ഷ്യം തെറ്റി എന്ന വാദത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇസ്രായേലിനായില്ല. ആ കെട്ടിടത്തില്‍ ഹിസ്ബുള്ള പോരാളികള്‍ ഒളിച്ചിരുന്നുവെന്നും അവിടെ ഉള്ളവരെ മനുഷ്യരക്ഷാകവചം ആയി ഉപയോഗിക്കുകയായിരുന്നുവെന്നും അതിനാല്‍ കുട്ടികള്‍ ഉണ്ടെന്നറീഞ്ഞീട്ടും ബോംബ് ചെയ്യുകയായിരുന്നെന്നും ഇസ്രായേല്‍ സമ്മതിച്ചു. മാപ്പും പറഞ്ഞു! പക്ഷേ ക്വാനയില്‍ നിന്നും ഒരൊറ്റ ഹിസ്ബുള്ള പോരാളിയുടെ ജഡം പോലും കിട്ടിയീല്ല. അവിടെയെങ്ങും ഒരു ഹിസ്ബുള്ളക്കാരനെയും കണ്ടില്ല എന്ന് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍മാ‍ര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്നു് ഇസ്രായേലിന്റെ അറുപതാം സ്വാതന്ത്ര്യദിനമാണു്. അതുകൊണ്ടു് അവധിയായതിനാല്‍(തുമ്പികൂട്ടങ്ങളെ പോലെ പറക്കുന്ന സൈനീക ഹെലിക്കോപ്ടറുകളും ഹൈഫ കടലിനു മുകളില്‍ ലബനോന്‍ അതിര്‍ത്തിയിലേക്ക് കഴുകനെ പോലെ പറക്കുന്ന ഫൈറ്റര്‍ ‍പ്ലൈനുകളും അസ്വസ്ഥമാക്കിയെങ്കിലും) ഈ പോസ്റ്റ് തീര്‍ക്കാന്‍ പറ്റി.നസ്‌റുള്ള (ഹിസ്ബുള്ള തലവന്‍) അടുത്തൊരു ആക്രമണത്തിനു് കോപ്പു കൂട്ടുന്നു എന്നു് ഇസ്രായേലി ഇന്റലിജെന്റ്സ്.യുദ്ധത്തില്‍ സിവിലിയന്‍സിനു് ഒളിക്കാനും രക്ഷപ്പെടാനും, ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാനുമുള്ള തയ്യറെടുപ്പു് ‘ഡ്രില്ലുകള്‍’ മുറയ്ക്കു് നടന്നു് വരുന്നു. ഒരു യുദ്ധം കൂടി രസിക്കാനുള്ള ഭാഗ്യം കിട്ടരുതെന്നുണ്ട്. എന്തു സംഭവിക്കുമോ ആവോ?


വാല്‍ക്കഷണം: റഹോവത്തിലെ അഭയാര്‍ത്ഥി ജീവിതം ആഘോഷിക്കുന്നതിനിടയില്‍ ബോറടിച്ച ഒരു ദിവസമോ, ഞങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയെണീറ്റ ദിവസമോ ( ദിവസവും ഹൈഫയില്‍ വച്ചു് കേട്ട വേവി സൈറണുകള്‍ കേക്കാതായപ്പോള്‍ കുഞ്ഞുങ്ങള്‍ക്കുറക്കം കിട്ടിക്കാണില്ല) ഞങ്ങള്‍ ജറുസലേമില്‍ പോയിരുന്നു. അവിടെ സ്ഥലങ്ങള്‍ കാണിച്ചു തന്ന അറബി ഗൈഡ് കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലത്തിനു് മുകളില്‍ കൊണ്ടു് പോയി ഒരു ജനലിലൂടെ വെയിലിങ്ങ് വാളിനപ്പുറമുള്ള ജറുസലം ദേവാലയത്തിന്റെ തങ്കതാഴികക്കുടം കാണിച്ചു തന്നു. (അതിനകത്തു് കയറാനുള്ള സമയം കഴിഞ്ഞിരുന്നു). വിവരണങ്ങള്‍ കഴിഞ്ഞു് ഞങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു “നിങ്ങള്‍ക്കറിയോ ഏരിയല്‍ ഷാരോണ്‍ ഇതിനകത്തു് കയറുന്നതു് വരെ ഇവിടെ എന്തു സമാധാനത്തിലാണു് ആളുകള്‍ കഴിഞ്ഞിരുന്നതെന്നു്. അയാള്‍ ചെയ്തതിനു് അയാള്‍ അനുഭവിക്കുന്ന കണ്ടില്ലേ.“ ഏരിയര്‍ ഷാരോണ്‍ ജനുവരി 4, 2006 മുതല്‍ കോമയിലാണു്. സ്ഥിരമായ വെജിറ്റേറ്റീവ് അവസ്ഥ ആണെന്നാണു് ഇപ്പോഴത്തെ സ്ഥിരീകരണം.


സമര്‍പ്പണം: എന്നെ വളരെയധികം സ്വധീനിച്ചൊരു പുസ്തകമാണു് ഫ്രം നോം‌പെന്‍ റ്റു പാരഡൈസ്. എഴുതിയതു് വാര്‍ ‍ഹോഗ് ആഷ്. വിയറ്റ്നാം യുദ്ധക്കാലത്ത് കംബോടിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിന്റേയും യു.എസ് ആക്രമണത്തിന്റേയും കെടുതികള്‍ അനുഭവിച്ചു് കംബോടിയന്‍ തലസ്ഥാനമായ നോം‌പെനില്‍ നിന്നും ഓടി രക്ഷപ്പെട്ട ഒരമ്മയുടെ കഥയാണു് പുസ്തകത്തില്‍. എനിക്കതു് വായിക്കാന്‍ കിട്ടുന്നതു് എന്റെ ആത്മസ്നേഹിതയുടെ ചാച്ചന്റെ ശേഖരത്തില്‍ നിന്നാണു്. ഫിക്ഷനില്‍ കുരുങ്ങി കിടന്നിരുന്ന ഞാന്‍ നോണ്‍-ഫിക്ഷന്റെ ആരാധികയായതു് ആ പുസ്തകത്തിലൂടെ. ധാരാളം വായിക്കുകയും ധാരാളം യാത്ര ചെയ്യുകയും ചെയ്തിരുന്ന ചാച്ചന്‍ ബ്ലോഗ് എഴുതിയിരുന്നെങ്കില്‍ എന്നതു്, നടക്കാന്‍ സാധ്യതയില്ല എന്നറിയുമെങ്കിലും വളരെ ആഗ്രഹിക്കുന്നൊരു കാര്യമാണു്. (ബ്ലോഗ് അക്കാദമിയ്ക്ക് അത്തരക്കാരെ കൊണ്ടു് വരാന്‍ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.) ഈ പോസ്റ്റ് ചാച്ചനു് സമര്‍പ്പിക്കുന്നു.

Wednesday, August 08, 2007

ഡ്രൂസ് -ആമുഖം

ലോകം വളരെ ശ്രദ്ധയോടെയും ഒട്ടൊരു ഭയത്തോടെയും വീക്ഷിക്കുന്നൊരു രാജ്യമാണ് ഇസ്രായേല്‍. അവിടുത്തെ രാഷ്ട്രീയത്തെ കുറിച്ച് ലോകം മുഴുവന്‍ ധാരാളം ചര്‍ച്ചകളും നടക്കുന്നു. എന്നാല്‍ അവിടത്തെ ജനങ്ങളും അവരുടെ ജീവിതരീതികളും അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ്. പൊതുവെ നോക്കുമ്പോള്‍ ജൂതരാജ്യത്തെ ജൂതര്‍ എന്ന വളരെ വലിയൊരു സാമാന്യവത്കരണമാണ് കാണാന്‍ കഴിയുക.ഇസ്രായേലില്‍ ഭൂരിപക്ഷമായ (80%) ജൂതരുടെ ജീവിതത്തെ കുറേയൊക്കെ എഴുത്തുകള്‍ കാണാമെങ്കിലും ന്യൂനപക്ഷമായ അറബികളുടെ ജീവിതരീതികളെ കുറിച്ച് എഴുത്തുകള്‍ തുലോം കുറവാണ്. ഇവിടുത്തെ ജനങ്ങളെ മനസ്സിലായിടത്തോളം അവരുടെ ഹയരാര്‍ക്കി എഴുതിയാല്‍ അതു എകദേശം ഇങ്ങനെ ഇരിക്കും. 1900 ത്തിനു മുന്‍പേ ഇവിടെ ഉള്ള ജൂതര്‍, ഇസ്രായേല്‍ സ്റ്റേറ്റ് പ്രഖ്യാപിച്ച ശേഷം വന്ന ജൂതര്‍, റഷ്യന്‍ ജൂതര്‍, കറുത്ത ജൂതര്‍, അറബ് ഡ്രൂസ്, അറബ് ക്രിസ്ത്യന്‍സ്, അറബ് മുസ്ലീംസ്. ജൂതരില്‍ തന്നെ യാഥാസ്ഥിതിക ജൂതര്‍ വേറൊരു തട്ടില്‍ നില്‍ക്കുന്നു. ഇസ്രായേല്‍ അറബികളുടെ ജീവിതരീതികളെ കുറിച്ച് എഴുതാനുള്ള ഒരു ശ്രമമാണ് ഇത്. പണ്ടൊരു പോസ്റ്റില്‍ ഷാജ്ജുദ്ദീനും, ഈയടുത്ത് വിമതനും ചോദിച്ച ഡ്രൂസില്‍ നിന്നും തുടങ്ങുന്നു. ഡ്രൂസിനെ കുറിച്ച് ആമുഖമായ ഈ ലേഖനം ഈ പ്രാവശ്യത്തെ തുഷാരത്തില്‍ വന്നത് വളരെ ചെറിയ മാറ്റങ്ങളോടെ പോസ്റ്റ് ചെയ്യുന്നു.
************************************************************************************
ഡ്രൂസ്

മദ്ധ്യ പൗരസ്ത്യ ദേശത്തെ പ്രത്യേക മതവിഭാഗത്തിലുള്ള സമൂഹമാണ് ഡ്രൂസ്. ഇസ്ലാമിക ഏകദൈവ വിശ്വാസവും, ഗ്രീക്ക് തത്ത്വചിന്തയും ഹിന്ദുയിസത്തിന്റെ സ്വാധീനവുമാണ് ഡ്രൂസ് മതത്തില്‍ സാമാന്യമായി കാണാനാവുന്നത്. (ഹിന്ദുയിസത്തില്‍ ഉള്ള പുനര്‍ജന്മ വിശ്വാസം ഡ്രൂസിനിടയിലും ഉള്ളതാണ് ഹിന്ദു മത സ്വാധീനമായി ഏറ്റവും കൂടുതല്‍ ആരോപിക്കപ്പെടുന്നത്, ഇതിനെ എതിര്‍ക്കുന്നവരും ഉണ്ട്) ഏകദൈവവിശ്വാസത്തിന്റെ ജനങ്ങള്‍ എന്ന് ഡ്രൂസ് സ്വയം വിശേഷിപ്പിക്കുന്നു.ആദ്യത്തെകാല ഡ്രൂസ് മത പ്രാസംഗീകരില്‍ ഒരാളായ നാഷ്‌താകിന്‍ അദ്- ഡാരാസി (Nashtakin ad-Darazi) യുടെ പേരില്‍ നിന്നുമാണ് ഡ്രൂസ് എന്ന വാക്കിന്റെ ജനനം. സിറിയ, ലെബനോന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍ എന്നീവടങ്ങളിളാണ് പ്രധാനമായും ഡ്രൂസ് സമൂഹം കാണപ്പെടുന്നത്. വടക്കേ അമേരിക്ക, ക്യാനഡ, ലാറ്റിനമേരിക്ക, ആഫ്രിക്ക, ആസ്ത്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചെറിയ ചെറിയ ഡ്രൂസ് സമൂഹങ്ങള്‍ കുടീയേറിപ്പാര്‍ത്തീട്ടുണ്ട്.

ചരിത്രവും വിശ്വാസവും
ഈജിപ്തിലെ ഫാത്തിമിദ് ഖലീഫാസാമ്രാജ്യത്തിലെ ഖലീഫ അല്‍-ഹക്കിമിന്റെ ഭരണകാലത്താണ് (ക്രിസ്തു വര്‍ഷം 985–1021) ഡ്രൂസിന്റെ ആവിര്‍ഭാവം.ഏകദൈവ വിശ്വാസങ്ങളായ ജൂതമത, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയുടെ പുതിയ ആവിഷ്കരണമാണ് ഡ്രൂസ് മതവിശ്വാസത്തില്‍ ഉള്ളത്. ഖലീഫ അല്‍-ഹക്ക് യഥാര്‍ത്ഥമായ ദൈവത്തിന്റെ മനുഷ്യജന്മമാണെന്നിവര്‍ വിശ്വസിക്കുന്നു.ഒരു ദൈവവ വിശ്വാസവും ആദം മുതല്‍ മുഹമദ് വരെ ഏഴ് പ്രവാചകന്മാരുമാണ് ഡ്രൂസ് വിശ്വാസത്തില്‍ ഉണ്ടെന്ന് അറിയപ്പെടുന്നത്. ഇന്നത്തെ ലെബനോണിലും വടക്കന്‍ ഇസ്രായേലിലും ആണ് ആദ്യകാല ഡ്രൂസ് വാസമുറപ്പിച്ചത്. അഞ്ച് നിറങ്ങളുള്ള ഡ്രൂസ് നക്ഷത്രത്തിലെ ഓരോ നിറവും ഓരോ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്നു. പച്ച- സര്‌വ്വവ്യാപിയായ മനസ്സിലേയും, ചുവപ്പ് -സര്‍‌വ്വവ്യാപിയായ ആത്മാവിനേയും മഞ്ഞ- സത്യത്തേയും നീല- കാരണം അഥവാ മനശക്തിയേയും വെള്ള - നീലയുടെ പ്രഭാവത്തേയും സൂചിപ്പിക്കുന്നു.

സമൂഹവും ആചാരങ്ങളും
തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന ഡ്രൂസ് മതപരിവര്‍ത്തനം അനുവദിക്കുന്നില്ല. മതത്തിനെ തുടക്കകാലത്ത് ഉണ്ടായിരുന്നവരുടെ പുനര്‍ജന്മങ്ങളാണ് പിന്നീടുള്ളവര്‍ എന്ന് വിശ്വസിക്കുന്നതിനാല്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അനുവദനീയമല്ല. ജുഹ്‌ഹാല്‍ (Juhhāl) ഉക്‌കാല്‍ (Uqqāl) എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവര്‍ക്കിടയില്‍ ഉള്ളത്. അശിക്ഷിതര്‍ എന്നര്‍ത്ഥമുള്ള ജുഹ്‌ഹാല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പരിശുദ്ധ മതഗ്രന്ഥമായ ഹിക്‌മാ (hikma) ഉപയോഗിക്കുവാന്‍ അധികാരമില്ല. ഡ്രൂസ് സമൂഹത്തിന്റെ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതലുള്ള ജുഹ്‌ഹാല്‍ വിഭാഗക്കാര്‍ രാഷ്ട്രീയ- സൈനീക പദവികള്‍ കൈകാര്യം ചെയ്യുന്നു. അറിവുള്ളവര്‍ എന്നര്‍ത്ഥം വരുന്ന ഉള്‍‌വിഭാമായ ഉക്‌കാല്‍ മതവിഭാഗത്തിന്റെ നേതൃത്വസ്ഥാനം വഹിക്കുന്നു. അമ്പത് ഉക്‌കാല്‍ ആളുകളില്‍ ഒരാള്‍ പരിപൂര്‍ണ്ണതയില്‍ എത്തിയ അജാവിദ് (ajawid, ആഢ്യന്‍) എന്നറിയപ്പെടുന്നു. ഡ്രൂസ് വിശ്വാസമനുസരിച്ച് ആത്മീയതയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മുന്‍പില്‍ എന്നതിനാല്‍ ഉക്‌കാല്‍ വിഭാഗത്തില്‍ അധികവും സ്ത്രീകളാണ്.

ഇസ്രായേല്‍ ഡ്രൂസ്
ഇസ്രായേലില്‍ ഗലീലിയിലും ഹൈഫയുടെ സമീപപ്രദേശങ്ങളിളുമാണ് ധാരാളം ഡ്രൂസ് ഗ്രാമങ്ങലുള്ളത്. അറബികള്‍ എന്ന് സ്വയം അടയാളപ്പെടുത്തുന്ന ഇസ്രായേലി ഡ്രൂസ് 1961 മുതല്‍ സ്വന്തം കോടതി അധികാരങ്ങളും മതനേതൃത്വവും ഉള്ള ഒരു പ്രത്യേക വിഭാഗമായി നിലകൊള്ളുന്നു. ഗോലാന്‍ കുന്നുകളില്‍ ഉള്ള ധാരാളംപേര്‍ തങ്ങള്‍ സിറിയക്കാരാണെന്ന് വിശ്വസിക്കുകയും ഇസ്രായേല്‍ പൗരത്വം നിഷേധിക്കുകയും ചെയ്തു. മിക്കവാറും എല്ലാ ഡ്രൂസ് ഗ്രാമങ്ങളിലും തന്നെ ഇസ്രായേല്‍ പൊതുസമൂഹത്തിന്റേ രീതിയിലുള്ള തിരഞ്ഞെടുപ്പ് മാതൃകകളാണുള്ളത്.ഇസ്രായേല്‍ ഗവണ്മെന്റ് വിശ്വസനീയര്‍ എന്ന് കരുതുന്ന ഒരേ ഒരു അറബ് സമൂഹം ഡ്രൂസ് ആണ്. തങ്ങളുടെ ക്രിസ്ത്യന്‍, മുസ്ലിം അറബ് അയല്‍‌ക്കാരില്‍ നിന്നും തങ്ങള്‍ വളരെ വ്യതസ്തരാണെന്ന് അവരെ വിശ്വസിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അധികം വിജയിച്ചീട്ടില്ല എന്ന് വേണം കരുതാന്‍. 1948 മുതല്‍ സ്വമേധായും 1956 മുതല്‍ നിര്‍ബന്ധിതമായും ഇസ്രായേല്‍ സേനയിലും അതിര്‍ത്തി പോലീസിലും ഡ്രൂസ് സേവനം അനുഷ്ഠിക്കുന്നു.2006 ലെ ലെബനാന്‍ യുദ്ധത്തില്‍ ഡ്രൂസ് ബറ്റാലിയന്‍ തങ്ങളുടെ ഉത്ഭവം ലെബനോനില്‍ ആണെന്ന വസ്തുതയ്ക്കുള്ളില്‍ നിന്നും ഹിസ്‌ബുള്ളയ്ക്കെതിരെ യുദ്ധം ചെയ്തിരുന്നു.ഡേറ്റിംങ്ങ് സബ്രദായം നിലവിലുള്ള യാഥാസ്തിഥികരല്ലാത്ത ജൂതരും ഡ്രൂസും തമ്മിലുള്ള വിവാഹങ്ങള്‍ കണ്ട് വരുന്നു. ഡ്രൂസ് ഗ്രാമങ്ങള്‍ പൊതുവെ പൊതുസമൂഹത്തെ പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ഗ്രാമത്തില്‍ പ്രവേശിക്കാനും തെരുവോര കച്ചവടസാധങ്ങളും ഡ്രൂസ് ഭക്ഷണങ്ങളും വാങ്ങുവാനും സാധിക്കും.

റെഫറന്‍സ്:
ഞാന്‍ അധികവും വായിക്കൂന്നത് Robert Brenton Betts എഴുത്തിയ The Druze എന്ന പുസ്തകവും അതിലെ റെഫറന്‍സുകളുമാണ്.

കുറച്ച് ലിങ്കുകള്‍
1.http://en.wikipedia.org/wiki/Druze
2.http://www.jewishvirtuallibrary.org/jsource/Society_&_Culture/druze.html
3.http://www.ydp.com/article0001.htm

Wednesday, June 06, 2007

സ്വീകരണമുറിയിലെ അടുക്കള

ഭാഗം ഒന്ന്: നിര്‍വചനങ്ങള്‍

പല രീതിയില്‍ ഉപയോഗിച്ച് കുറേയേറേ അര്‍ത്ഥവ്യത്യാസങ്ങള്‍ വന്നു പോയ പദങ്ങളാണ് സ്ത്രീത്വം, സ്ത്രൈണത, ഫെമിനിസം (ഇതിന്റെ മലയാളം?), ഫെമിനിസ്റ്റ്, പെണ്ണെഴുത്ത് എന്നിവ. അവ എന്തൊക്കെ ആയിരുന്നു, ഇപ്പോള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കുന്നത് വ്യഥാ വ്യായമമാണ്. അതുകൊണ്ട് ചില പുസ്തകങ്ങളില്‍ അവലംബിക്കുന്ന രീതിയില്‍ അവയുടെ നിര്‍വചനം എന്റെ എഴുത്തില്‍ എങ്ങനെയാണെന്ന് മാത്രം പറയുന്നു.

സ്ത്രീത്വം: സ്ത്രീയുടെ അസ്തിത്വം/വ്യക്തിത്വം. (ഒരു മനുഷ്യന്റെ അസ്തിത്വം എന്താണെന്ന് അറിയുന്ന ആള്‍ക്ക് സ്ത്രീയുടെ അസ്തിത്വം എന്താണെന്ന് മനസ്സിലാവും.)

സ്ത്രൈണത: സ്ത്രി പ്രകൃതിയോട് കൂ‍ടുതല്‍ ഇണങ്ങി നില്‍ക്കുന്നത്.ഒരു ഉദാഹരണം താരാട്ട്. സ്ത്രീയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത് എന്നാല്‍ പുരുഷനും ചെയ്യനാവും, ഉദാഹരണം ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ താരാട്ട് “ഓമനതിങ്കള്‍ കിടാവോ..”

ഫെമിനിസം: സ്ത്രീപക്ഷത്തിന്റെ രാഷ്ട്രീയം (രാഷ്ട്രീയം എന്തെന്ന് ചോദിക്കുന്നവരെ ഈ പോസ്റ്റ് നിങ്ങള്‍ക്കുള്ളതല്ല, സോറി)

ഫെമിനിസ്റ്റ്: സ്ത്രീ പക്ഷത്തിനു വേണ്ടി തന്റെ ശബ്ദം അല്‍പ്പമെങ്കിലും കൂടൂതല്‍ ഉയര്‍ത്തുന്നവള്‍/അവന്‍. (ജീവിതത്തിന്റെ ഏതെങ്കിലും ഒരവസ്ഥയില്‍ ഓരോസ്ത്രീയും ഫെമിനിസ്റ്റ് ആവും/ഫെമിനിസ്റ്റ് ആണ്.)

പെണ്ണെഴുത്ത്: സ്ത്രീയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്നത്.( ഉദാഹരണം സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കള്‍. ആരോ പണ്ട് സാറാ ടീ‍ച്ചറുടെ എഴുത്തിനെ ആ‍ണത്തമുള്ള പെണ്ണെഴുത്തെന്ന് വിളിച്ചിരുന്നു. ആലാ‍ഹയുടെ പെണ്മക്കളെ പെണ്ണത്തമുള്ള പെണ്ണെഴുത്ത് എന്ന് വിളിച്ചോട്ടേ ഞാന്‍. ആനി എന്ന പെണ്‍കുട്ടിയിലൂടെ ആലാഹയുടെ പെണ്മക്കളേ വരച്ചിട്ടത് പുരുഷത്തത്തിന് അത്ര കണ്ട് ചേരും എന്ന് എനിക്ക് തോന്നില്ല.)‍

ഭാഗം രണ്ട് സ്വീകരണമ്മുറിയിലെ അടുക്കള




എന്റെ നാട്ടിലെ വീട് കുറേ പഴയതാണ്.കുടുസു മുറികളും മര ഗോവണിയുമുള്ള പഴയമാതൃകയിലെ ഒന്ന്. ആദ്യകാലത്ത് അതിന്റെ അടുക്കള ആയിരുന്നു ആ വീട്ടിലെ ഏറ്റവും വലിയ മുറി. നാല് പുരകള്‍ (മേച്ചില്‍) ചേര്‍ത്ത ആ വീട്ടില്‍ അടുക്കള മാത്രം ഒറ്റയ്ക്കൊരു പുരയാ‍യിരുന്നു.ഞങ്ങള്‍ ഒഴിവുദിനങ്ങളും ആഘോഷങ്ങളും അവിടെ തിന്ന്, കുടിച്ച്, ആടി, പാടി തിമര്‍ത്തു. അക്കാലത്ത് ഞങ്ങളുടെ സ്വീകരണമുറി അധിക സമയവും ഒഴിഞ്ഞു കിടന്നു. ഒട്ടും അടുപ്പമില്ലാത്ത അതിഥികള്‍ക്കായി മാത്രം ഞങ്ങള്‍ സ്വീകരണമുറി തുറന്നിട്ടു. പിന്നീടെന്റെ അപ്പന്‍ എവിടെ നിന്നോ കേട്ടു സ്വീകരണമുറിയേക്കാള്‍ വലിയ അടുക്കള ദുര്‍ച്ചെലവുണ്ടാക്കുമെന്ന്. അന്ന് മുതല്‍ അടുക്കള ചെറുതാക്കുകയെന്നതായിരുന്നു അപ്പന്റെ സ്വപ്നം. (അപ്പനൊരു സങ്കുചിതമനസ്കനായിരുന്നുവോ?) ഏറ്റവും ‘വൃത്തിയായി‘ അടുക്കള സൂക്ഷിക്കുക എന്നതല്ലാതെ അടുക്കളയുടെ സ്ഥാനത്തെ കുറിച്ചോ, വലിപ്പത്തെ കുറിച്ചോ അമ്മയ്ക്കൊരു സ്വപ്നമില്ലായിരുന്നു. അവസരം വന്നപ്പോള്‍ അപ്പന്‍ അടുക്കളപ്പുര വെട്ടി മുറിച്ച് നാലിലൊന്നാക്കി മാറ്റി. തണുപ്പ് തരുന്ന ഓടിനു പകരം കോണ്‍ക്രീ‍റ്റ് വാര്‍പ്പിട്ടു. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അടുക്കളയില്‍ ചൂടിനെ കുറിച്ച് മാത്രം അമ്മ പരാതിപ്പെട്ടു.ഒഴിവു ദിനങ്ങളിലും ആഘോഷങ്ങളിലും അടുക്കളയിലെ സ്വന്തം ഇരിപ്പിടങ്ങള്‍ നഷ്ടപ്പെട്ട ഞങ്ങള്‍ പതിയെ സ്വീകരണമുറിയിലെ ടി.വിയുടെ മുന്നിലേയ്ക്ക് ഭക്ഷണ വിഭവങ്ങളുമായി നടന്നു കയറി. അമ്മ മാത്രം അടുക്കളയില്‍ അവശേഷിച്ചു. ഞങ്ങളുടെ ആ‍ട്ടത്തിനും പാട്ടിനും പകരം മിനി സ്ക്രീനിലെ താരങ്ങള്‍ ആടി, പാടി. അപ്പോഴും അമ്മ ഏറ്റവും ‘വൃത്തിയുള്ള‘ അടുക്കള സ്വപ്നം കണ്ടു, ഞാനാകട്ടെ ഊണുമുറിയിലേക്കെങ്കിലും അടുക്കളയില്‍ നിന്നൊരു കിളിവാതില്‍ വെട്ടി വെയ്കുന്നതിനെ കുറിച്ചും.

അടുക്കളയ്ക്കും ഊണുമുറിയ്ക്കും പകരമായി മെസ്സ് കടന്ന് വന്ന ഒരിടക്കാലം. മെസ്സിലെ ചായ സമയത്തും, കഞ്ഞി സമയത്തും കരിപുരണ്ട അടുക്കളയെ കുറിച്ച് ചിലര്‍ പരാതിപ്പെട്ടു.അടുക്കളയേ ഇല്ലാത്ത വീടിനെ കുറിച്ച് ചില തീവ്രവാദികള്‍ ആവേശം പൂണ്ടു. ‘പാര്യമ്പര്യമായി കിട്ടിയവൃത്തി‘ കളഞ്ഞ് കുളിക്കരുത് എന്ന് മാത്രം മിതവാദികള്‍ ‍മെല്ലെ മൊഴിഞ്ഞു.ഇതെല്ലാം നമ്മുടെ വിധി എന്ന് പാരമ്പര്യ വാദികള്‍ ചുണ്ടുകളനക്കി.കരി കണ്ണെഴുതാന്‍ മാത്രാമാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. റെസ്റ്റോറന്റിലെ അജിനോമോട്ടോ എനിക്കെന്നും അജീര്‍ണ്ണമൂണ്ടാക്കിയിരുന്നതിന്നാല്‍ അടുക്കളയില്ലാത്തൊരു വീട് എനിക്ക് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. ബ്രെഡ്ഡും ജാമും, ബ്രെഡ്ഡും ബട്ടറും, ബ്രെഡും അച്ചാറും തിന്ന് മടുക്കുമ്പോള്‍ ഒരു ഓം‌ലെറ്റ് കഴിക്കണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും എന്നതായിരുന്നു എന്റെ ആധി.ടെഫ്ലോണ്‍ പ്രതലമുള്ള തേപ്പ് പെട്ടികള്‍ ഉണ്ടല്ലോ എന്ന് തീവ്രവാദികള്‍ ഒച്ചപ്പെട്ടു. എന്റെ വീട്ടിലെ തേപ്പ് പെട്ടി കൂ‍ടുതല്‍ ആധുനികമായ, വെള്ളം ചീറ്റിക്കുന്ന തുളകളോട് കൂടിയതാണെന്ന് ഞാന്‍ അവരോട് പറയാന്‍ പോയില്ല. ‘വൃത്തിയുടെ പാരമ്പര്യത്തെ‘ കുറിച്ച് ഞാന്‍ തികച്ചും ബോധവതി ആ‍യിരുന്നു. വിധി എനിക്ക് ഞാന്‍ തന്നെയാ‍യിരുന്നു. വേറൊരു സ്വപ്നം എന്നെ തേടി വരുമെന്ന് ഞാ‍ന്‍ സ്വപ്നം കണ്ടു. അഥവാ എന്റെ സ്വപ്ന അടുക്കള ഞാന്‍ എന്റെ മനസ്സില്‍ അമൂര്‍ത്തമായി പണിത് കൊണ്ടിരുന്നു. സ്വപ്നത്തിന്റെ പണി പൂര്‍ത്തിയാവുന്നതിന് മുന്‍പ് മറ്റൊരടുക്കളായിലേയ്ക്ക് ഞാന്‍ എന്നെ തന്നെ പറിച്ച് നട്ടു.

വീടുകള്‍ നോക്കി നടന്ന സമയത്ത് ‘വൃത്തി പാരമ്പര്യ’മായി പകര്‍ന്നു കിട്ടിയതെന്ന ബോധ്യത്തോടെ, ഞാന്‍ വൃത്തിയും അടക്കവും ഉള്ള വീടുകള്‍നോക്കി വന്നു, നല്ല പാതിയാവട്ടെ നല്ല വ്യൂ കിട്ടുന്ന, വെളിച്ചമുള്ള വീടുകളും. ഒന്ന്, ഒരുപാട് മുറികള്‍ ഉള്ളതും ഇരുണ്ടതായത് കൊണ്ടും നല്ലപാതി വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ വേറൊന്നിന്റെ അടുക്കള തീ‍രെ ചെറുതായി പോയത് കൊണ്ടാണ് ഞാന്‍ വേണ്ടാ എന്ന് പറഞ്ഞത്. പിന്നെ കണ്ടത് വളരെ വ്യത്യസ്ഥമായ ഒന്നായിരുന്നു. പുതുതായ് ഫര്‍ണിഷ് ചെയ്ത, സ്വീകരണമുറിയില്‍ അടുക്കളയുള്ള, ഒറ്റകിടപ്പുമുറിയുള്ള, ഒരു സുന്ദരന്‍ കുഞ്ഞു ഫ്ലാറ്റ്. ഒരു തരി മണ്ണില്ല എന്ന സങ്കടം ഉണ്ടെങ്കിലും സ്വീകരണ മുറിയിലെ അടുക്കളയ്ക്ക് വേണ്ടി മണ്ണിനെ തല്‍ക്കാലം ഞാന്‍ മറക്കാന്‍ തയ്യാറായി. അങ്ങനെയാണ് ആ സ്വപ്നത്തെ എനിക്ക് കിട്ടിയത്. സ്വീകരണമുറിയിലെ അടുക്കള. ‘പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വൃത്തി‘ സ്വീകരണമുറിയുടെ അലങ്കാരങ്ങളെ കെടുത്താതെ തന്നെ അതില്‍ ഒരു അടുക്കള കൊണ്ട് നടക്കാന്‍ എന്നെ പ്രാപ്തയാക്കി. പിന്നീട് ഞാന്‍ മൂന്ന് ചട്ടി മണ്ണ് വാങ്ങി. എന്റെ കിടപ്പ് മുറിയുടെ ജനാലയ്ക്കല്‍ വച്ചു. അതില്‍ വയലറ്റ് നിറത്തിലും, മഞ്ഞ നിറത്തിലും ഉള്ള കാട്ട് കൊങ്ങിണി ചെടികളും, റോസ്മാരിയും നട്ട് പിടിപ്പിച്ചു. ഇന്ന് സ്വീകരണമുറിയിലെ അടുക്കളയും ഒരുപിടി മണ്ണുമുണ്ടെനിക്ക്. നാട്ടിലും സ്വീ‍കരണമുറിയിലെ അടുക്കള ഞാന്‍ സ്വപ്നം കാണുന്നു.

(അടുക്കളവശം)



(സ്വീകരണമുറീയുടെ വശം)

കുറിപ്പുകള്‍:
1.വളരെയധികം പടയോട്ടങ്ങള്‍ നടന്ന ഇസ്രായേലില്‍ റോമന്‍, ഗ്രീക്ക്,അറബിക്, ടര്‍ക്കിഷ്,ജര്‍മ്മന്‍, ക്രൂസേഡേഴ്സ് തുടങ്ങി ധാരാളം സംസ്കാരങ്ങളുടെ സ്വാധീനം വാസ്തുശില്പകലയില്‍ കാണാം. എന്നാല്‍ ഇതിലോന്നും സ്വീകരണ മുറിയിലെ അടുക്കള എന്റെ ശ്രദ്ധയില്‍ പെട്ടീട്ടില്ല. പക്ഷേ ഏറ്റവും പുതിയ മോഡല്‍ വീടുകളില്‍ മിക്കാവാറും തന്നെ അടുക്കള സ്വീകരണ മുറിയിലാണ്. എവിടെയൊക്കെ ലോകത്തില്‍ എവിടെയൊക്കെ ഇപ്പോള്‍ ഇങ്ങനെ സ്വീകരണമുറിയിലെ അടുക്കള ഉണ്ടെന്ന് എനിക്കറിയില്ല.

2. പടങ്ങക്ക് കോപ്പിറൈറ്റ് ഈ സൈറ്റിന്. എന്റ്റ്റെ വീടിന്റെ നല്ല രണ്ട് പടം കിട്ടിയാല്‍ ഈ പടങ്ങള്‍ മാറ്റി അതിടും.

3. നിര്‍മ്മല ചേച്ചിയുടെ ഈ പോസ്റ്റാണ് ഇത്തരം ഒന്ന് എഴുതാന്‍ നിമിത്തമായത്.

അടുക്കളയെ കുറിച്ച് നിര്‍മ്മലചേച്ചീ ചോദിക്കുന്നു.

നല്ലൊരു അടുക്കളയുണ്ടായിരുന്നെങ്കില്‍ രാപകല്‍ ചോറും കറിയും വെച്ച് വിളമ്പാ‍മായിരുന്നു എന്ന് എത്ര സ്ത്രീകള്‍ സ്വപ്നം കാണുന്നുണ്ട്?

അടുക്കളയില്ലാത്ത വീടു സ്വപ്നം കാണുന്നു കെ. ആര്‍. മല്ലികയുടെ കഥാപാത്രം.

നമ്മുടെയൊക്കെ അവസ്ഥകള്‍ എന്ന കഥയില്‍ പ്രിയ ഏ. എസ്സി.ന്റെ ഭാനുക്കഥാപാത്രം ചോദിക്കുന്നു.
-ആരാണ്‌ ഈ അടുക്കള കണ്ടുപിടിച്ചത്‌? ആ ആളെ തൂക്കി കൊല്ലണം.

സാറാജോ‍സഫ് പണിത മേബിളമ്മായിയുടെ വീട്ടിലേയ്ക്ക് ഒളിച്ചോടാന്‍ ഏത് വായനക്കാരിയ്ക്കാണ് കൊതി തോന്നാത്തത്.

നന്തനാര്‍ കഥകളിലെ വെളിച്ചെണ്ണയില്‍ ഉള്ളി ചേര്‍ത്ത് പുരട്ടിപ്പുരട്ടിയെടുക്ക്കുന്ന ഉപ്പേരിയുണ്ടാക്കുന്ന കുഞ്ഞുലക്ഷ്മി ആവാന്‍ എല്ലാ സ്ത്രീകളും കൊതിക്കില്ലെന്നര്‍ത്ഥം.


അതിനു പ്രിയംവദ മറുപടി പറഞ്ഞതിങ്ങനെ

സാവിത്രീ രാജീവന്‍ ..അടുക്കളയില്‍ ഉരഞ്ഞു തീരുന്ന പാത്രങ്ങള്‍ പോലെ ജീവിതം എന്നു ..
കെ.രേഖ വീട്ടിലെത്തിയാല്‍ ആദ്യം ചപ്പാത്തിയായും ചോറായും മാറണമല്ലൊ എന്നു..


അബ്ദുവിന്ന്റെ കമന്റാണ് യഥാര്‍ത്ഥത്തില്‍ എന്റെ സ്വപ്നത്തെ ഓര്‍മ്മിപ്പിച്ചത്: സ്ത്രീയെ എല്ലാ വീട്ടിലേയും അടുക്കളയുടെ സ്ഥാനത്തോട് (എറ്റവും പിന്നില്‍, സ്വീകരണ മുറിയുടെ ഏഴയലത്ത് വരാതെ)ഉപമിച്ച ഒരു തമിഴ് കവിത വായിച്ചിട്ടുണ്ട്,‘വീടിന്റെ മൂലയിലെ ഒരിടം’ എന്ന് പറഞ്ഞിട്ട്. കുട്ടിരേവതിയുടേതാണെന്ന് തോന്നുന്നു, അതോ മീനാക്ഷിയാണൊ എന്നോര്‍‌മ്മയില്ല.

അത് വായിച്ചതില്‍‌ പിന്നെ ഏത് വീട്ടില്‍ പോയാലും ഞാ‍നാദ്യം നോക്കാറ് അതിന്റെ അടുക്കളയുടെ സ്ഥാനത്തെയാണ്, അതിലും കൃത്യമായ നിരീക്ഷണം, ഇന്നത്തെ സ്ത്രീയുടെ അവസ്ഥയെ കുറിച്ച്, ഞാന്‍ വായിച്ചിട്ടില്ല.


സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ സ്വപ്നം. ഇവിടെ അതൊരു സ്വപ്നമല്ല യാഥാര്‍ത്ത്ഥ്യമാണ്. കേരളത്തിലെ വീടുകളിലെ സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ യഥാര്‍ത്ഥ സ്വപ്നം!

സമര്‍പ്പണം: സ്വീകരണമുറിയിലെ അടുക്കളയെ കുറിച്ച് എഴുതാന്‍ പറഞ്ഞ നിര്‍മ്മല ചേച്ചിയ്ക്കും, ഇതിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച അബ്ദുവിനും.

Saturday, December 23, 2006

ബെത്‌ലേഹമിലെ പുല്‍കൂട്

പിന്നേയും ഒരു ക്രിസ്തുമസ്സ് കാലം കൂടി. ഇത്തവണത്തെ ക്രിസ്തുമസ്സിനു പ്രത്യേകതയുണ്ട്. ഉണ്ണീശോ ജനിച്ചു വളര്‍ന്ന സ്ഥലത്താണ് ഈവര്‍ഷത്തെ ക്രിസ്തുമസ്സ് കാലം. പതിവുപോലെ അമ്മയുടെ കത്ത് വന്നു. നാട്ടിലെ ക്രിസ്തുമസ്സ് വിശേഷങ്ങള്‍, പള്ളിയിലെ ക്രിസ്തുമസ്സ് വിശേഷങ്ങല്‍, വീട്ടിലെ ക്രിസ്തുമസ്സ് വിശേഷങ്ങള്‍, അവസാനം ഉണ്ണീശോടെ സ്വന്തം സ്ഥലത്ത് എന്തൊക്കെ ക്രിസ്തുമസ്സ് വിശേഷങ്ങള്‍ എന്നറിയണം!

ഒന്നാം പര്‍വ്വം: നൊസ്റ്റാള്‍‍ജിയ

അമ്മയുടെ കത്തും പിടിച്ച് ഇരുന്ന എന്റെ മനസ്സ് ടൈം മെഷീനില്‍ കയറി പുറകോട്ട് പോയത് ഞാന്‍ പോലും അറിയാതെയായിരുന്നു.ഓരോ തവണയും ക്രിസ്തുമസ്സ് പുതിയ അനുഭവങ്ങള്‍ തരും. എന്നാലും ചിലതെല്ലാം മാറാതെ ഓരോ തവണയും ക്രിസ്തുമസ്സിനു കൂട്ടു വന്നിരുന്നു. വൃശ്ചികം ബാക്കി വച്ച് ധനു കൈമാറിയ ക്രിസ്തുമസ്സ് കാറ്റ്, ധനുമാസ കുളിര്, നക്ഷത്രം തൂക്കിയ വീടുകള്‍ നിറഞ്ഞ തെരുവ്, നക്ഷത്ര കൂട്ടങ്ങള്‍ ഒന്നിച്ച് പ്രകാശിക്കുന്ന വിപണി, ക്രിസ്തുമസ്സ് കാര്‍ഡുകള്‍, ക്രിസ്തുമസ്സ് ട്രീ, ഒരു മാസത്തെ പ്രയത്നമായി ഉയരുന്ന പുല്‍കൂടുകള്‍, പിന്നീട് സാധാരണക്കാരന്‍ അവഗണിക്കാന്‍ വയ്യാതായ റിഡക്ഷന്‍ സെയിലുകള്‍ അങ്ങനെയങ്ങനെ. ഇത്തവണ ഈശോയുടെ സ്വന്തം നാട്ടില്‍ കൂട്ടിനൊന്നുമില്ല.ഒരു കുഞ്ഞു ഗ്ലോറീയ പാടാന്‍ മണ്ണില്‍ ഇറങ്ങി വന്ന ഒരു കുഞ്ഞു നക്ഷത്രം പോലും ഇല്ല . ഹേയ് സങ്കടമൊന്നുമില്ല, ചുമ്മാ, എന്നു പറഞ്ഞ് ആകാശകുഞ്ഞിതാരകളെ നോക്കി ഞാന്‍ വെറുതെ കണ്ണുറുക്കി കാണിച്ചു, അവ തിരിച്ചും.പെട്ടെന്ന് ഒരുപാട് ഓര്‍മ്മകള്‍ ഒന്നിച്ച് കുതിച്ച് ചാടി, മനസ്സിന്റെ കാണാകയങ്ങളില്‍ നിന്നും പുറത്ത് വന്നു. അവയൊക്കെ തന്നെയായിരുന്നു എനിക്കെന്നും പ്രിയപ്പെട്ട ക്രിസ്തുമസ്സ് ഓര്‍മ്മകള്‍.

പണ്ട്, പണ്ട് എണ്‍പതുകളിലെ ഒരു ക്രിസ്തുമസ്സ് കാലം. ഞാന്‍ പഠിച്ചിരുന്നത് നാടന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന, ഇടവക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഒരു എയ്ഡഡ് എല്‍.പി സ്കൂളില്‍. നാടന്‍ കന്യാസ്തീകള്‍ എന്നു പറഞ്ഞാല്‍ നാട്ടിന്‍ പുറത്തെ കന്യസ്ത്രീ മഠത്തിലെ വലിയ ആഷ് പുഷ് സംസ്കാരം അറിയാത്ത കന്യാസ്ത്രീകള്‍. സ്കൂളിന്റെ ചുറ്റുവട്ടത്തു നിന്നും വരുന്ന അദ്ധ്യാപികമാര്‍. അദ്ധ്യാപകന്മാര്‍ ആരും തന്നെയില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി പത്ത് നാനൂറ് കുട്ടികള്‍.
എല്ലാ വര്‍ഷവും നവമ്പര്‍ 30 തിയതി അസംമ്പ്ലിയ്ക്കു സി. മര്‍ത്തീന പറയും, "കുഞ്ഞുങ്ങളെ നാളെ മുതല്‍ ക്രിസ്തുമസ്സിനു ഒരുക്കമായ മംഗലവാര്‍ത്ത കാലം ആരംഭിക്കുകയാണ്‌. ഉണ്ണീശോയുടെ പിറവിക്കായി നമ്മളെല്ലാം ഒരുങ്ങേണ്ട കാലമാണിത്‌. പണ്ട്‌ ഒരു പുല്‍‌ക്കൂട്ടില്‍ പിറന്ന ഉണ്ണീശോ ഇന്നു പിറക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടേയും ഹൃദയങ്ങളിലാണ്‌. ഉണ്ണീശോ പിറക്കുമ്പോള്‍ സമ്മാനങ്ങള്‍ കരുതി വയ്ക്കേണ്ടത്‌ നമ്മളാണ്‌.ആ സമ്മനങ്ങള്‍ ഉണ്ടാക്കേണ്ടത്‌ കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്തും ഒഴിവുനേരങ്ങളില്‍ സുകൃത ജപം ചൊല്ലിയുമാണ്‌. നാളെ മുതല്‍ ഓരോ ക്ലാസ്സുകള്‍ ഉണ്ണീശോയുടെ രൂപം അലങ്കരിക്കണം, ചുറ്റും വൃത്തിയാക്കാണം. ആ ക്ലാസ്സുക്കാര്‍ തന്നെ അന്നേ ദിവസത്തെയ്ക്കുള്ള സുകൃത ജപം കണ്ടെത്തുകയും വേണം.“

പിന്നെ ഒരുക്കങ്ങളാണ്‌. മെഴുകുതിരി ഞാന്‍ കൊണ്ടു വരാം, ഉമ്മുകുത്സു രണ്ട്‌ ബലൂണ്‍ കൊണ്ടു വരും, മിനി ഒരു ചന്ദന തിരി, മുരളി തുടയ്ക്കാനുള്ള തുണി, പ്രാഞ്ചീസ്‌ മെഴുകുതിരി, ഇങ്ങനെ പോകും കണക്കെടുപ്പ്‌. സുകൃത ജപം കുട്ടികള്‍ ക്ലാസ്സ്‌ റ്റീച്ചറുടെ സഹായത്തോടെ കണ്ടെത്തും.പിറ്റേന്ന്‌ നേരത്തെ വരുന്ന കുട്ടികള്‍ ഉണ്ണീശൊയെ അലങ്കരിക്കും. ചുറ്റും അടിച്ചു വാരി, ബലൂണുകളും, ചന്ദന തിരികളും കത്തിച്ച്‌ വയ്ക്കും. ബലൂണുകളും തോരണങ്ങളും ചാര്‍ത്തി മോടി പിടിപ്പിയ്ക്കും. അസംമ്പ്ലിയ്ക്ക്‌ ക്ലാസ്സ്‌ ലീഡര്‍ എല്ലാ കുട്ടികള്‍ക്കുമായി സുകൃത ജപം ചൊല്ലി കൊടുക്കും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ഇത്‌ 100 പ്രാവശ്യം ചൊല്ലി ഇന്ന് ഉണ്ണീശോയ്ക്കു ഒരു വള നമുക്കു സമ്മാനിക്കാം".

ഞാനെന്നും വൈകുന്നേരം അമ്മയെ നോക്കിയിരിക്കുമ്പോഴാണു സുകൃത ജപം ചൊല്ലുക. അമ്മാമ്മേടെ പഞ്ഞി കവിളു നുള്ളി “അമ്മിച്ചി എന്തേ ഇത്ര നേരായിട്ടും വരാത്തെ“ എന്ന പതിവു ചോദ്യം ഒരു 10 പ്രാവശ്യം ചോദിച്ചു കഴിയുമ്പോള്‍ അമ്മാമ്മയ്ക്കു ദേഷ്യം വരും. "ക്ടാവ്വേ നിനക്കറിയണതന്യാ എനിക്കറിയളോ. നീ മിണ്ടാണ്ടിരുന്ന്‌ കൊന്തെത്തിയ്ക്ക്‌. നിന്റെ അമ്മ അപ്പഴ്ക്കും വരും" അപ്പോള്‍ വേറോന്നും ചെയ്യാനില്ലാത്തതിനാല്‍ ആകാശത്തേയ്ക്ക്‌ നോക്കി ഞാന്‍ ചൊല്ലും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു".എണ്ണമൊക്കെ എപ്പോഴും തെറ്റും എന്നാല്‍ കുറേ പ്രാവശ്യം ചൊല്ലി കഴിയുമ്പോള്‍ ഒരു കുഞ്ഞുനക്ഷത്രം തിരിച്ചും പറയുന്നതായി എനിക്കു തോന്നും "കുഞ്ഞു മോളേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു" അതാണ് ഉണ്ണീശോ എന്നു ഞാന്‍ വിശ്വസിച്ചു. പിന്നെ നേരം പോകുന്നതറിയില്ല. അമ്മ വരുന്നതുവരെ ആ കുഞ്ഞു നക്ഷത്രത്തിനോടു വര്‍ത്തമാനം പറഞ്ഞിരിക്കും.

എല്‍.പി സ്കൂളില്‍ നിന്നു പട്ടണത്തിലെ ഹൈസ്കൂളിലെത്തി, പിന്നേയും പല പല വിദ്യാലയങ്ങള്‍, കലാശാലകള്‍, “കൊച്ചുണ്ണിശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു“ എന്നത്‌ മാത്രം ക്ഷണിക്കാതെ എല്ലാ ക്രിസ്തുമസ്സ്‌ കാലത്തും കൂട്ടുവന്നു.

രണ്ടാം പര്‍വ്വം: ഞാന്‍ കണ്ട ബെത്‌ലേഹമും പുല്‍കൂടും

ഒരു ക്രിസ്ത്യാനി ഒരിക്കലും വന്നു കൂടാത്ത സ്ഥലമാണ്‌ ഇസ്രായേല്‍ എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. ക്രിസ്ത്യാനിറ്റിയും, മറ്റു പല,പല കണ്‍സെപ്റ്റുകളും മാറി മറയുന്ന ഒരു കലിഡൊസ്കോപ്പായാണ്‌ എനിക്കീ രാജ്യത്തെ കാണാനാവുക. ചിത്രങ്ങള്‍ മാറി മാറി ഇപ്പോള്‍ യേശു എന്ന രണ്ടക്ഷരം പോലും സംശയത്തോടെയല്ലാതെ ഉച്ചരിക്കാനാവില്ല എന്ന അവസ്ഥയയിരിക്കുന്നു(യേശു എന്ന്‌ പറയുന്നതേ തെറ്റാണെന്നാണ്‌ ഇവിടുത്തെ അറബ്‌ ക്രിസ്ത്യാനികള്‍ പറയുന്നത്‌). ഇങ്ങനെ സംശയ വാസു ആയി മാറിയ എനിക്ക്‌ ഒരിക്കല്‍ ബെത്‌ലേഹമില്‍ പോകാനും അവസരം ഉണ്ടായി, ലബനോന്‍-ഇസ്രായേല്‍ യുദ്ധകാലത്ത്‌, യുദ്ധത്തിനിടയില്‍ പലായനം ചെയ്ത ഇന്ത്യന്‍ സംഘത്തിന്‌ ഒരു ആശ്വാസ യാത്ര എന്ന നിലയ്ക്ക്‌. അങ്ങനെ ഒരു പുല്‍കൂടിന്റെ ഓര്‍മ്മയിലും കലിഡോസ്കോപ്പ്‌ ചിത്രങ്ങളായി.

ജറുസലേമില്‍ നിന്ന് എതാണ്ട് 30 മിനുട്ട് എടുത്തു എന്നാണ് എന്റെ ഓര്‍മ്മ. ജറുസലെമില്‍ നിന്ന് 8 കിലോമീറ്ററേ ഉള്ളൂ എന്ന് വെബ്‌സൈറ്റില്‍ കാ‍ണുന്നു. ജറുസലേമില്‍ നിന്ന് ഇസ്രായേല്‍ ഗവണ്മെന്റ് ടാക്സിയില്‍ ആണ് പോയത്. ഗവണ്‍മെന്റ് ടാക്സിയായത് കൊണ്ടാവും ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചെക്കിംഗ് ഇല്ലായിരുന്നു. പലസ്തീന്‍ തിര്‍ത്തിയില്‍ ഒരു പട്ടാള ക്യാമ്പ് മാത്രം കണ്ടു. അതിര്‍ത്തിയില്‍ ഇറങ്ങിയപ്പോള്‍ അവിടെ പാലസ്തീന്‍ ഗവണ്മെന്റ് ഗൈഡ് ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ബത്‌ലേഹമിലേയ്ക്ക്.

2002 ലെ പ്രശ്നങ്ങള്‍ക്ക് ശേഷം അധികം സംഘര്‍ഷങ്ങള്‍ അവിടെ ഉണ്ടായിട്ടിലെങ്കിലും ഇസ്രായേല്‍ പട്ടാളക്കാര്‍ മുഴുവന്‍ വിട്ടു പോയിട്ടില്ല എന്നാണറിഞ്ഞത്. (അല്ലെങ്കിലും പലസ്തിന്റെ എല്ലാ ഗ്രാമത്തിലും ഇസ്രായേല്‍ പട്ടാളം ഉണ്ട് എന്നാണെന്റെ അറിവ്) ഞങ്ങള്‍ പോയ സമയം അവിടെ നല്ല ശാന്തതയുള്ള സമയമായിരുന്നു. ഇസ്രായേല്‍ പട്ടാളക്കാരെ ഒന്നും അവിടെ കണ്ടില്ല. (അവരു ലബനോനിലേയ്ക്ക് പോയി കാണും). ഞാന്‍ കണ്ട ഒരു പാലസ്തിന്‍ തെരുവാണ് ചുവടെ.




അതിര്‍ത്തിയില്‍ നിന്നും 15 മിനിട്ടിനുള്ളില്‍ ഉണ്ണീശോ ജനിച്ചു എന്ന് പറയപ്പെടുന്ന സ്ഥലത്തെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ എത്തി.

ചര്‍ച്ച് ഓഫ് നേറ്റിവിറ്റി

എ.ഡി നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പണികഴിപ്പിച്ചതാണ് ഈ പള്ളി. സമറിയന്‍ വിപ്ലവത്തില്‍ തകര്‍ന്ന ഈ പള്ളി ആറാംനൂറ്റാണ്ടില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി പുതിക്കി പണിതു. ബസലിക്ക പള്ളീ (അവിടെയാണ് യേശു ജനിച്ച ഗുഹയുള്ളത്) ഗ്രീക്ക് കത്തോലിക്കരുടെ അധീനതയിലാണ്. ഇതല്ലാതെ, ലത്തീന്‍ കത്തോലിക്ക പള്ളിയും, അര്‍മേനിയന്‍ പള്ളിയും അടുത്ത് തന്നെയൂണ്ട്. 3 രീതിയിലുള്ള ആരാധനാക്രമങ്ങളിലുള്ള കുര്‍ബ്ബാനയും ബസലിക്ക പള്ളിയില്‍ ഉണ്ടാകാറുണ്ട്. പള്ളിയില്‍ നിന്നുള്ള ഒരു പാലസ്തീന്‍ വ്യു ആണ് താഴെ കാണുന്നത്.



നേറ്റിവിറ്റി പള്ളിയുടെ മുന്നില്‍ ഒരു മുസ്ലീം പള്ളിയാണ്. അത് താഴെ കാണാം.



കയറി ചെല്ലുന്ന കവാടം വളരെ ചെറുതാണ്. ആളുകള്‍ക്ക് കുനിഞ്ഞേ അകത്ത് കയറാന്‍ പറ്റൂ. ഓട്ടോമാന്‍ ഭരണകാലത്ത് കുതിരിയെ ഓടിച്ച് അകത്ത് കയറുന്നത് തടയാനാണ് ഇത് ചെയ്തത്. (അമ്മയുടെ കത്തില്‍ എഴുതിയിരുന്നു, ലത്തിന്‍ പള്ളിയിലെ ക്രിസ്തുമസ്സ് ലേഘനത്തില്‍ ബെത്‌ലേഹത്ത് വന്ന ഒരച്ചന്‍ ഈ വാതിലിനെ കുറിച്ച് എഴുതിയിരുന്നു എന്ന്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ, കുനിഞ്ഞ ശിരസ്സുമായി പള്ളീകകത്ത് പ്രവേശിക്കാനാണ് അത് എന്നതില്‍ എഴുതിരിക്കുന്നു എന്ന്. അതു കണ്ട് അമ്മയെ കളിയാക്കി എഴുതിയതാണ് യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റിനു കാരണമായത്. പിന്നെ ആലോചിച്ചപ്പോള്‍ ആ അച്ചന്‍ അദ്ദേഹത്തിന്റെ വീക്ഷണം മാത്രമാവാം എഴുതിയിട്ടുണ്ടാവുക എന്ന് തോന്നി). ആ വാതിലാണ് താഴെ. പണ്ടുണ്ടായിരുന്ന വലിയ വാതിലിന്റെ അടയാളങ്ങള്‍ ഇപ്പോഴും അവിടെ ഉണ്ട്. (പടത്തില്‍ കാണാത്തത് എന്റെ പടം പിടുത്തത്തിന്റെ ഗുണം കൊണ്ടാ!).



അങ്ങനെ ആ വാതിലു കുനിഞ്ഞ് കടന്ന് പള്ളിക്കകത്തൂടെ ഉണ്ണീശോ ജനിച്ചതെന്ന് പറയുന്ന ഗുഹയില്‍ ( ഗ്രോട്ടോ, ഒരു താഴ്ന്ന പ്രദേശം, അത്രയേ ഉള്ളൂ) പ്രവേശിച്ചു. അവിടെ ഈശൊ ജനിച്ച സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഒരു കുഞ്ഞി കുഴിയായാണ്. അതിനു ചുറ്റും ഒരു വെള്ളി നക്ഷത്രവും ഉണ്ട്. ആ പടം താഴെ.




ആ സ്ഥലത്തിനു ചുറ്റും വെള്ളി വിളക്കുകളാണ്. ഒരു പടം കൂടി.



ഉണ്ണീശോയെ രാജാക്കന്മാര്‍ ആരാധിച്ച സ്ഥലമാണ് ഇനി കാണുന്നത്.



ഇതുകണ്ടിറങ്ങിയപ്പോള്‍, എന്റെ മനസ്സിലുണ്ടായിരുന്ന തൊഴുത്തും, പുല്‍കൂടും, ഗുഹയും, പാടവും, തണുപ്പും, മഞ്ഞും ഒക്കെ ചേര്‍ന്ന കുട്ടികാല ശേഖരത്തിലുണ്ടായിരുന്ന, ഒരു പടം തുണ്ട് തുണ്ടായി കീറി കാറ്റില്‍ പറന്നു പോയി. പിന്നെ ആ തുണ്ടുകള്‍ ഞാനെടുത്തെന്റെ കലിഡോസ്കോപ്പിലിട്ടു. ആല്‍ബത്തിലൊട്ടിക്കാനായി, കഴിഞ്ഞ ആഴ്ച, റഷ്യന്‍ കടയില്‍ നിന്ന് നേറ്റിവിറ്റി ക്രിബ് എന്ന് വിളിക്കപ്പെടുന്ന പുല്‍കൂടിന്റെ ഒരു വികൃത രൂപവും വാങ്ങി.

എല്ലാ ബൂലോകര്‍ക്കും എന്റെ ക്രിസ്തുമസ്സ് സമ്മാനമായി എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്. ഇത് ഞാന്‍ കേട്ടിരിക്കുന്നത് ഞങ്ങളുടെ പള്ളിയില്‍ ജോ പാടിയിട്ടാ. അതോണ്ട് എല്ലവരും ജോയുടെ ബ്ലോഗില്‍ പോയി അത് കേള്‍ക്കുക.എല്ലാ ബൂലോകര്‍ക്കും MERRY XMAS & HAPPY NEW YEAR

Sunday, December 10, 2006

ലഹൊഹ് (Lahoh) അഥവാ പാലപ്പമെന്ന വെള്ളേപ്പം

പാലപ്പം എന്ന് കോട്ടയക്കാരും, വെള്ളേപ്പമെന്ന് തൃശ്ശൂര്‍ക്കാരും പറയുന്ന, നമ്മുടെ കേരളത്തിന്റെ സ്വന്തം അപ്പം ഒരു ജൂതവിഭവമാണെന്ന് മിക്കവാറും എല്ലാവര്‍ക്കും അറിയാം. ഇടയ്ക്കൊക്കെ ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇത് കാണാറുണ്ട്. വാങ്ങി കഴിക്കും എന്നല്ലാതെ എന്താണ് അതിന്റെ ചരിത്രം എന്നറിയാന്‍ ശ്രമിച്ചില്ല. ഇക്കാര്യം ഇക്കാസിന്റെ കൊച്ചിയുടെ ജൂതപ്പെരുമയില്‍ നിന്ന് എന്ന പോസ്റ്റില്‍ ഒന്ന് പറഞ്ഞതിന് ഇഞ്ചിയുടെ വക പണിഷ്മെന്റ്: അതിന്റെ ചരിത്രം കുഴിച്ചെടുക്കാന്‍. (ഇതു എത്യൊപിയായിലെ ഇന്‍‌ജെരയില്‍ നിന്നുമാണെന്ന് ഇഞ്ചി കേട്ടീട്ടുണ്ട് എന്നും പറഞ്ഞു.)

കുഴിച്ചെടുത്ത ചരിത്രം ഇവിടെ.



ഇതാണ് ലഹൊഹ് എന്ന് ഇവിടെ അറിയപ്പെടുന്ന അപ്പത്തിന്റെ രൂപം. ഇതിന്റെ പിന്നാലെ പോയി കഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. മിക്കവരും ഈ പടം കണ്ടീട്ട് പാന്‍ കേക്ക് എന്ന് പറഞ്ഞ് കളഞ്ഞു. ഒരു അപ്പം ലൈവായി കാണിക്കാം എന്ന് കരുതി എന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറും. ചാത്തന്‍ സേവയുണ്ടെന്ന് തോന്നുന്നു (അപ്പത്തിന്), ഇഞ്ചി ചോദിച്ചതിനു ശേഷം ആ അപ്പം അപ്രത്യക്ഷമായി. ക്യാ കരൂ? അപ്പോള്‍ ദേ അപ്പദൈവത്തിന്റെ രൂപത്തില്‍ ഞങ്ങളുടെ വീട്ടുടമസ്ഥ ആഗതയായി. പലതരത്തില്‍ വിവരിച്ചിട്ടും വരച്ച് കാണിച്ചീട്ടും അവര്‍ക്ക് മനസ്സിലായില്ല. അപ്പോഴാണ് മിസ്സിസ്സ് കെ. എം. മാത്യു എന്ന പാചകറാണീ രക്ഷക്കെത്തിയത്. അവരെഴുതിയ പുസ്തകത്തിന്റെ കവര്‍ നമ്മുടെ സ്വന്തം പാലപ്പമായിരുന്നു. (അതേന്നു, എന്റെ കമ്പ്ലീറ്റ് പാചക ഞാണിന്മേല്‍ കളി ആയമ്മയുടെ രണ്ട് പുസ്തകത്തിനെ പുറത്തായിരുന്നു. ഭര്‍ത്തന്‍ പറയുന്നത് ശരിക്കും അദ്ദേഹം അമ്മായമ്മയായി നമിക്കേണ്ടത് ഈ മാഡത്തിനെയാണെന്നാ. എല്ലാ ഭര്‍ത്തന്മാരും ഒരു വഹയാണെനേ, യേത്?) ഈ പടം കണ്ടതോടെ വീട്ടുടമസ്ഥയ്ക്ക് കുളിര്. “ഇതാണ് ലഹൊഹ്, ഇത് എന്റെ നാട്ടിന്നാ“. അവര്‍ യമന്‍കാരിയാണ്.

ലഹൊഹ് എങ്കില്‍ ലഹൊഹ്, ഇന്ന് വന്ന് ഗൂഗ്ലി. അപ്പോള്‍ കാര്യം സത്യമാണ്. ലഹൊഹ് യമനിഷ് ഡിഷ് ആണ്. എന്നാലും ഇന്‍‌ജെരയും ഒന്ന് ഗൂഗ്ലി.

എതാണ്ട് ഇങ്ങനെയാണ് കാര്യത്തിന്റെ കിടപ്പ് എന്ന് തോന്നുന്നു. എത്യൊപ്യ, സോമാലിയ, എറിട്രീയ എന്നീ രാജ്യങ്ങളില്‍, ടഫ് എന്ന ധാന്യം കൊണ്ടുണ്ടാക്കുന്ന ഇന്‍‌ജെര(injera) എന്ന ഒരു തരം അപ്പം ആണ് ഈ ലഹൊഹിന്റെ പൂര്‍വികന്‍. ഇന്‍‌ജെര ഭക്ഷണം കഴിക്കനുള്ള പാത്രമായും ഉപയോഗിക്കുന്നു. (നമ്മുടെ കോണ്‍ ഐസ്ക്രീം പോലെ. അവസാനം കോണും തിന്നാലോ). എറിട്രീയ, സോമാലിയ എന്നിവിടങ്ങളില്‍ ഇന്‍‌ജെരയെ ലഹൊഹ് എന്ന് തന്നെ പറയുന്നു. ഇതുണ്ടാക്കുന്നത് ടഫ് ധാന്യം പൊടിച്ച് ഉപ്പും എണ്ണയും ചേര്‍ത്ത് പുളിക്കാന്‍ വച്ചീട്ടാണ്. 3 മുതല്‍ 7 ദിവസം വരെ ഇങ്ങനെ വച്ച് പുളിപ്പിക്കുന്നത് കല്ലില്ലൊ, പാനിലോ ചുട്ടെടുക്കും. ലോകമാപ്പില്‍ നോക്കുമ്പോള്‍ എറിട്രിയയും യമനും തൊട്ടു തൊട്ട് കീടക്കുന്നു. ഒന്നുകില്‍ യമന്‍‌കാര്‍ എറിട്രിയക്കരില്‍ നിന്നും പഠിച്ച് ഇസ്രായേലിലേയ്ക്ക് വന്നപ്പോ‍ള്‍ കൂടെ കൊണ്ട് വന്നതാകാം. അല്ലെങ്കില്‍ ജൂതന്മാരൂടെ ഉത്ഭവസ്ഥാനമായ എത്യൊപ്യയയില്‍ നിന്നും അവരുടെ കൂടെ പോന്നതാവാം. ഇവിടെ ധാരാളം എത്യൊപ്യന്‍ ജൂതന്മാരുണ്ട്. രണ്ടാമത്തത് വഴി ഇത് കേരളത്തില്‍ എത്തിയിരിക്കാനാണ് സാദ്ധ്യത. (കേരളത്തില്‍ എത്യോപ്യന്‍സ്, യമന്‍, എട്രീയക്കാര്‍ ഒന്നും ഇല്ലല്ലൊ അല്ലേ?)


ഇവിടെ ലഹൊഹ് എങ്ങനെ ഉണ്ടാക്കാം എന്നൊരു പാചക കുറിപ്പ് കിടക്കുന്നു. ഹീബ്രു അറിയുന്നവര്‍ അത് വായിക്കുക. അല്ലത്തവര്‍ ഞാന്‍ എഴുതുന്നത് വിശ്വസിക്കുക.

ലഹൊഹ്

വേണ്ട സാധനങ്ങള്‍

1. ഗോതമ്പ് പൊടി -1 കിലോ
2. ഉപ്പ് -ഒരു റ്റീസ്പൂണ്‍
3. പഞ്ചസാര -1/4 റ്റീസ്പൂണ്‍
4. യീസ്റ്റ് - ഒന്നര റ്റീസ്പൂണ്‍
5. റവ - 2 കപ്പ്
6. എണ്ണ - ആവശ്യത്തിന്
7. ചൂടു വെള്ളം - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

1. യീസ്റ്റ് ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുക (ഇതു നമ്മള്‍ ചെയ്യാറുള്ളതല്ലേ)
2.വലിയൊരു പാത്ത്രത്തില്‍ 5 കപ്പ് ചൂട് വെള്ളം എടുക്കുക. അതിലേയ്ക്ക് പഞ്ചസാര, ഉപ്പ്, യിസ്റ്റ് എന്നിവ യഥാക്രമം ഇടുക.
3.രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് റവ ഇടുക. ഒരു മിനുട്ട് ഇളക്കി കൊണ്ടിരിക്കുക. ഒരു കപ്പ് ചൂട് വെള്ളം കൂടെ ഒഴിക്കുക. അതിശേഷം റവ കുറുക്കിയത് വലിയ പാത്രത്തിലേയ്ക്ക് ഒഴിക്കുക ( ഇതല്ലേ നമ്മുടെ കപ്പ് കാച്ചല്‍?)
4.ഗോതമ്പ് പൊടി സാവധാനം പാത്രത്തിലേയ്ക്ക് ഇട്ടുകൊടുക്കുക. നന്നായി കുഴയ്ക്കുക. ഒരു തുണി കൊണ്ട് മൂടി ചൂടുള്ള സ്ഥലത്ത് പുളിയ്ക്കാനായി 2 മണിക്കൂര്‍ വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി, ആവശ്യമെങ്കില്‍ വെള്ളവുമൊഴിച്ച് കൊടുക്കണം.
5. ചുടുന്ന രീതി: പാനില്‍ എണ്ണ തൂത്ത് മാവ് ഒഴിക്കുക.
6. മാവിന്റെ ഉപരിതലത്തില്‍ ചെറിയ ഓട്ടകള്‍ (ഹോള്‍ ന്റെ മലയാളം എന്താ?) ഉണ്ടാകുന്നത് വരെ വലിയ ചൂടില്‍ വേവിക്കുക. അതിനു ശേഷം പാന്‍ മൂടി വച്ച് ചെറുതീയില്‍ വേവിക്കുക. അടിഭാഗം ചെറിയ ബ്രൌണ്‍ നിറം ആകുമ്പോല്‍ എടുക്കാം.
7. അടുത്ത അപ്പം ചുടുന്നതിനു മുന്‍പ് പാന്‍ സ്വല്പം തണുപ്പിക്കുക.
( ഹോ, അങ്ങനെ ഞാനും ഒരു പാചക കുറിപ്പ് എഴുതി! എന്റമ്മേ.)

ഈ പാചക രീതി നമ്മുടേതുമായി സാമ്യമുണ്ടല്ലേ? നമ്മള്‍ അരിയാണ് ഉപായോഗിക്കുന്നത് എന്ന് മാത്രം.

പാത്രം
ഇതുണ്ടാക്കുന്ന പാത്രത്തെ കുറിച്ചും ആ തോമയുടെ മകള്‍ ഇഞ്ചി ചോദിച്ചിരുന്നു.
അങ്ങനെ അന്വേഷണം വ്യാപിപ്പിച്ചു. എന്റെ എറ്റവും വലിയ ആശ്രയമായ ലാബ് എഞ്ചിനീയര്‍ രക്ഷയ്ക്കെത്തി. ആശാന്‍ ഈ പടവും കുറിപ്പും കണ്ടപ്പോള്‍ ഓര്‍മ്മിച്ചെടുത്തു, ഇതിന്റെ അവര്‍ക്കിടയിലെ പേരു ലേഹേം തബൂന്‍ എന്നാണ് എന്ന്. ലേഹേം എന്നാല്‍ ബ്രെഡ്, തബൂന്‍ എന്നാല്‍ കളിമണ്‍ പാത്രം. (ബേത് എന്നാല്‍ വീട് (ഹൌസ്) അപ്പോള്‍ ബെത്‌ലേഹം എന്നാല്‍ ബ്രെഡിന്റെ വീട് (ഹൌസ് ഓഫ് ബ്രെഡ്), ലേഹേം എന്നാല്‍ മാംസം (ഫ്ലെഷ്) എന്നും അര്‍ത്ഥമുണ്ട്). ആ കളിമണ്‍ പാത്രമാണ് ഇവിടെ കാണുന്നത്. ഇത് കാനാന്‍‌കാരുടെ ആണെന്ന് ഈ സൈറ്റ് പറയുന്നു. ഇതിന്റെ വയറിനകത്ത് തീയിട്ട് മുകളിലെ തട്ടില്‍ അപ്പം ചുടുമത്രേ. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയിലെ ചട്ടികള്‍ക്ക് ഇതുമായി വിദൂര ബന്ധമുണ്ടോ ആവോ?

ഇഞ്ചി ഡിയര്‍ ഇത്രയും എഴുതിയപ്പോഴേയ്ക്കും ‘ബോറടിയുടെ ദൈവം‘ എത്തി. പെസഹായുടെ പുളിപ്പില്ലാത്ത അപ്പവും കൊഷര്‍ എന്ന കുന്ത്രാണ്ടവും പിന്നീടാകാം.

വാണിങ്ങ്: മേലാല്‍ ഇത്തരം ടഫ് ചോദ്യം ചോദിച്ചാല്‍ ഇഞ്ചിയെന്ന കുട്ടിയെ ക്ലാസ്സില്‍ നിന്നും പുറത്തക്കുന്നതയിരിക്കും, ജാഗ്രതൈ.

കടപ്പാട്: എന്റെ വീട്ടുടമസ്ഥ, ലാബ് എഞ്ചിനീയര്‍ , പിന്നെ ഞാന്‍ അറിയണ കുറെയേറെ ജൂത, അറബിക് സുഹൃത്തുക്കള്‍
സമര്‍പ്പണം: ഇഞ്ചിക്ക് തന്നെ (എന്താ സംശയം!)

Tuesday, November 07, 2006

“ഹായ് ഹോദൂസ്”

പതിവുപോലെ ഒരു കാപ്പിയും വാങ്ങി, സ്റ്റുഡന്‍സ് കോര്‍ണറില്‍ ഇരിക്കുമ്പോള്‍ പെട്ടെന്നൊരു വിളി,

“ഹായ് ഹോദൂസ്“

വാക്കുകളുടെ ഉറവിടം കുറച്ച് പുസ്തകങ്ങളുമായി നില്‍ക്കുന്ന ഒരു ഇസ്രായേലി ആയതു കൊണ്ട് വലിയ കൌതുകമൊന്നും തോന്നിയില്ല. ഹോദു എന്നാല്‍ ഹീബ്രുവില്‍ ഇന്‍ഡ്യ അല്ലെങ്കില്‍ ഇന്‍ഡ്യാക്കാരന്‍. ആര്‍ക്കു കണ്ടാലും ഞാന്‍ ഇന്ത്യാക്കാരിയാണെന്ന് ഒറ്റനോട്ടത്തിലറിയാം. ‘എന്തിനാ വെറുതെ ഹീബ്രു അറിയാത്ത എന്റെ അടുത്ത് ഹീബ്രു പുസ്തകങ്ങളൊക്കെയായി ‘ എന്ന ഒരു ധ്വനി കലര്‍ത്തി പറഞ്ഞു.

“ഐ ഡോനോ ഹീബ്രു“. അപ്പോള്‍ ഇസ്രായേലി പ്രസംഗം തുടങ്ങി.

“നിങ്ങള്‍ ഇന്ത്യാക്കാരിയല്ലേ?“ “അതേ“

“ഹിന്ദൂവാണോ?“ “അല്ല“

“നിങ്ങള്‍ക്ക് ഹിന്ദുവിസത്തെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടൊ? ഞാന്‍ ഇവിടെ ഒരു വേദാന്ത സംഘടനയിലെ അംഗമാണ്.“

“ഹേ, ഹെന്ത്? വേദാന്തം?”

ഞാന്‍ വെറുതെ വെറുതെ ഞെട്ടി. പാശ്ചാത്യ ലോകത്ത് കബാല പോലെയൊ അതിലേറെയുമൊ ഹിന്ദുയിസം ഫാഷന്‍ ആണെന്ന് കേട്ടിരുന്നെങ്കിലും ഈ ഇട്ടാവട്ട ഇസ്രായേലില്‍ ഇങ്ങനെ ഒരുത്തനെ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.പിന്നെ അയാള്‍ കുറേ ഹിന്ദുയിസം, വേദാന്തം ഒക്കെ പ്രസംഗിച്ചു.

അയാള്‍ ഹിന്ദുവാണത്രേ. പേരു ഉദാര ദാസ്. അതിന്റെ അര്‍ത്ഥം അയാള്‍ കഷ്ടപ്പെട്ട് വിവരിച്ച് തന്നു. ജനിച്ചതും വളര്‍ന്നതും ഇസ്രായേലില്‍. മാതാപിതാക്കള്‍ എവിടുത്തുക്കാരാണെന്ന് പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല. മാതാപിതക്കളുടെ മതവും അയാളുടെ ഹിന്ദുയിസവുമായി ബന്ധമില്ല എന്ന്. 5 ജന്മം മുന്‍പ് അയാള്‍ ഇന്ത്യയില്‍ ജനിച്ചിരുന്നു പോലും. ( ഞാന്‍ ആദ്യം മനസ്സില്ലാക്കിയത് 5 തലമുറ മുന്‍പ് ഇന്ത്യയില്‍ ആയിരുന്നു എന്നാ‍ണ്. കൂടുതല്‍ ചോദിച്ചപ്പോഴാണ് 5 തലമുറയല്ല, 5 ജന്മം മുന്നേ എന്നു മനസ്സിലായത്). ഇവിടുത്തെ യുദ്ധത്തിനെതിരെ സമാധാനം കൊണ്ട് വരാന്‍ വേദാന്തത്തിലൂടെ ശ്രമിക്കുന്ന സംഘനയിലെ അംഗമാണ് ഉദാര ദാസ്. ഈ സംഘടന ഇസ്രായേലിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥിരം ക്ലാസ്സുകള്‍ നടത്തുന്നു. ഇസ്രായേലില്‍ ഇവരുടെ പ്രധാന ലക്ഷ്യം വേദാന്തത്തിലൂടെ സമാധാനം എന്നതാണ്. സസ്യാഹാരത്തെ മാത്രമെ ആ സംഘടന പ്രോത്സാഹിപ്പിക്കൂ. ആത്മാവിനേയും, പുനര്‍ജ്ജന്മങ്ങളേയും, ഗീതോപദേശത്തെയും, കൃഷ്ണലീലയേയും കുറിച്ച് അയാള്‍ വാചാലനായപ്പോള്‍ സത്യമായും എനിക്ക് ദേഷ്യത്തിന്റേയും, ബോറടിയുടേയും ഇടയ്ക്കുള്ള ഒരു വികാരമായിരുന്നു.

ഉദാര ദാസിന്റെ കൈയിലുള്ള പുസ്തകങ്ങള്‍ വാങ്ങി പകരം അവരുടെ സംഘടനയ്ക്ക് സംഭാവന നല്‍കണം. അതാണ് അയാളുടെ ഇപ്പോഴത്തെ ആവശ്യം. ആ സംഭാവന കൊണ്ടാണ് ഭക്തര്‍ക്ക് പ്രസാദം കൊടുക്കുന്നത്! പുസ്തകത്തില്‍ ഒന്ന് ഇന്‍ഡ്യന്‍ പാചകകുറിപ്പുകള്‍ ആണ്. അതിവിടത്തെ ബെസ്റ്റ് സെല്ലര്‍ ആണെന്നാണ് അയാള്‍ പറഞ്ഞത്.അതെന്തായലും അതില്‍ മലായ് കോഫ്ത ഉണ്ടെന്നറിഞ്ഞ് ഞാനൊന്നു വാങ്ങി. എന്റെ വീട്ടുടമസ്ഥ കുറേക്കാലം കൊണ്ട് മലായ് കോഫ്ത കുറിപ്പ് വേണം എന്ന് പറയുന്നു. പുസ്തകങ്ങളൊക്കെ ഉഗ്രന്‍. കൃഷ്ണന്റെ ഒന്നാന്തരം കളര്‍ പടങ്ങള്‍. പിന്നേയും മൂന്ന് പുസ്തകങ്ങള്‍ കൂടെ ഞാന്‍ വാങ്ങി. ഒന്ന് ഈശൊപനിഷത്ത് ഹീബ്രുവില്‍. (അത് ഇന്ത്യ, കേരളം എന്നൊക്കെ പറഞ്ഞാല്‍ സ്വര്‍ഗ്ഗം എന്ന് പ്രതീതി ധ്വനിപ്പിക്കും വിധം വാചാലനാകുന്ന പ്രൊഫസ്സര്‍ക്ക് കൊടുത്തു. വായിച്ചഭിപ്രായമറിയാന്‍.അഭിപ്രായമറിഞ്ഞീട്ടു വേണം ബാക്കി) മറ്റൊന്ന് ഒന്നു കുട്ടികള്‍ക്കുള്ള കൃഷ്ണ കഥകള്‍ (ഹീബ്രുവില്‍) മൂന്നാമത്തേത് Beyond birth & death എന്ന A. C. Bhaktivedanta Swami Prabhupada എഴുതിയ പുസ്തകം.

അയാള്‍ തന്ന ബ്രോഷറുകളൊക്കെ വാങ്ങി ലാബിലെത്തിയിട്ടും എന്റെ മുഖത്തെ ആശ്ചര്യചിഹ്നം മാറിയില്ല. ഇസ്രായേലില്‍ വേദാന്തമൊ? ജൂതന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ നാട്. അവിടെ അവര്‍ മാത്രം മതി എന്ന് പറയുന്നതിനിടയിലാണ് ജൂതന്മാര്‍ പിന്നെ ഹിന്ദുക്കളാകുന്നത്. വിരോധാഭാസം! ജുതായിസം ഒരു മതമല്ല, ഹിന്ദുയിസം പോലെ ഒരു സംസ്കാരം ആണ് എന്നൊക്കെ പല ജൂതന്മരും പറഞ്ഞ് വാചാലരാകറുണ്ട്. പക്ഷെ ഒരു മറുകണ്ടം ചാടല്‍ എന്തു മാത്രം പ്രസക്തമാണ്? വെറുതെ ചിന്തിക്കാന്‍ ചെലവൊന്നുമില്ലല്ലോ. ബ്രോഷ്രറില്‍ പറഞ്ഞിരിക്കുന്ന വെബ്സൈറ്റ് നോക്കി. വെബ്സൈറ്റ് മൊത്തം ഹീബ്രു ആണ്.

Beyond birth & death എന്ന പുസ്തകമെഴുതിയ A. C. Bhaktivedanta Swami Prabhupada എന്നയാളെ ഗൂഗ്ലി നോക്കി. International Society for Krishna Consciousness (ISKCON) എന്ന സംഘനയുടെ സ്ഥാപകനാണ് ഈ ബംഗാള്‍കാരന്‍. ഹരേ കൃഷ്ണ എന്ന പേരില്‍ അറിയപ്പെടുന്ന ആ സംഘടന തന്നെയാണ് ഇവിടെയും ഉള്ളത് എന്ന് ഞാന്‍ വാങ്ങിയ പുസ്തകങ്ങള്‍ കാണുമ്പോള്‍ ഊഹിക്കാം. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഹരേ കൃഷ്ണയ്ക്ക് ശാഖകള്‍ ഉണ്ട്. ഭക്തി വേദാന്ത സ്വാമി പ്രഭുപാദയുടെ ബഹുമാനാര്‍ത്ഥം ഇന്‍ഡ്യാ ഗവണ്മെന്റ് സ്റ്റാമ്പും ഇറക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏതാണ്ടെല്ലാഭാഗത്തുമായി സ്കൂളുകള്‍ മുതല്‍ റസ്റ്റോറണ്ട് വരെ ഉണ്ട് ഹരേ കൃഷ്ണയ്ക്ക്. (സസ്യാഹാരം പ്രോത്സാഹിപ്പിക്കാനാകണം.)

പറഞ്ഞ് വന്നത് ഇതൊന്നുമല്ല. നമ്മള്‍ ടോയലറ്റ് പേപ്പറാക്കാന്‍ പോകുന്ന ഈ വേദാന്തങ്ങളുടെ ആഗോളതല വാണിജ്യവത്കരണം കണ്ട് ഞാന്‍ മൂക്കും കുത്തി വീണതും 75 ഷെക്കല്‍ കളഞ്ഞതും ആണ്! എന്തായാലും 75 ഷെക്കല്‍ പോയി എന്നാല്‍ ഇസ്രയേല്‍ക്കാരുടെ ഇന്ത്യ ബന്ധത്തിനെ കുറിച്ചും (ഞാന്‍ കണ്ടതും) ഒന്ന് എഴുതിയേക്കാം.

ഇന്ത്യ, ഇസ്രായേല്‍ക്കര്‍ക്ക് ഒരു ഫാന്റസി നാടാണ്. ഏത് രാജ്യം സന്ദര്‍ശിക്കാനാണ് കൂടുതല്‍ താല്പര്യം എന്ന് ഒരു 21-25 വയസ്സുള്ള ഒരു ഇസ്രായേലിയോട് ചോദിച്ചാല്‍ പത്തില്‍ അഞ്ച് പേരും (ഒരേകദേശ കണക്കണേ) ഇന്ത്യാ എന്ന ഉത്തരമായിരിക്കും തരുക. 17 വയസ്സു മുതല്‍ മൂന്ന് വര്‍ഷക്കാലത്തെ നിര്‍ബന്ധ പട്ടാളസേവനം കഴിഞ്ഞ് മിക്ക ഇസ്രായേലികളും അഞ്ചോ ആറോ മാസം പലരാജ്യങ്ങളും കറങ്ങി നടക്കും. പട്ടാള ജീവിതത്തിന്റെ കാഠിന്യം മനസ്സീന്ന് പോകാനാണ് ഈ യാത്ര. മിക്കവരുടേയും ആദ്യ തിരഞ്ഞെടുപ്പ് ഇന്ത്യയാണ്. ഇതിന് പലകാരണങ്ങള്‍ ഉണ്ട്. പ്രധാനമായത് സാമ്പത്തീകം തന്നെ. യൂറോപ്പിനേക്കാളും ഇന്ത്യന്‍ യാത്രയ്ക്ക് പോക്കറ്റിനു കനം കുറച്ച് മതി.മാത്രമല്ല യൂറോപ്പിനേക്കാളും വ്യതസ്തത ഏഷ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. പിന്നെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ എന്ന ഒരു വലിയ രാജ്യത്ത് 6 മാസം ചെലവിടാന്‍ ഒരുപാട് സ്ഥലം ഉണ്ടെന്ന തോന്നലാവാം. ഇന്ത്യയില്‍ നിന്നും ഒരുപാട് ക്രിസ്ത്യന്‍ ടൂറിസ്റ്റ്കള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കറുണ്ട്. (യുദ്ധകാലത്ത് പോലും കണ്ടിരുന്നു പലരേയും!) ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സഹകരണമാണ് ബയോടെക്നോളജി, പ്രതിരോധം എന്നീ ഗവേഷണ (ഗവേഷണേതര) രംഗങ്ങളില്‍ നിലനില്‍ക്കുന്നത്. തന്മൂലം ധാരാളം ഇസ്രായേല്‍ ഗവേഷകരും, ഗവേഷക വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ വര്‍ഷങ്ങളോളം താമസിക്കുന്നു, തിരിച്ചും ( ഞാന്‍ ഉദാഹരണം). ഇന്ത്യയില്‍ 6 മാസമോ അതില്‍ കൂടുതലോ ചെലവിടുന്നവര്‍ക്ക് ഹിന്ദുവിസത്തിനോട് അടുപ്പം തോന്നുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ല. പക്ഷേ അവര്‍ ഹിന്ദുക്കളാകുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തന്നെ. ജൂത മതം ഔദ്യോഗിക മതമായ ഇസ്രായേലില്‍, ലോകത്തിന്റെ ഏത് കോണിലുള്ള ജൂതനും സ്വയമേ ഇസ്രായേല്‍ പൌരനാകുന്ന നിയമമുള്ളൊരു നാട്ടില്‍ ഒരു ഹിന്ദുമതപരിവര്‍ത്തനത്തിന്‍ തീരെ സാധ്യത കാണുന്നില്ല.

ഹിന്ദുയിസം ഇത്രയൊക്കെ ഇവിടെ പരക്കുന്നുണ്ടെങ്കില്‍ അതിനു മൂന്ന് കാരണങ്ങളാണ് എനിക്കു പ്രധാനമായും തോന്നുന്നത്.

1. അതിന്റെ മൌലീകവും, ചിന്തോദ്ദീപകങ്ങളുമായ ആശയങ്ങള്‍. പാശ്ചാത്യലോകത്തിന് തികച്ചും നൂതനമായി തോന്നാവുന്ന അനേകായിരം അറിവുകളും ആശയങ്ങളും അടങ്ങിയ ഹിന്ദുയിസത്തെ അടുത്തറിയുമ്പോള്‍, അതും അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്നേ അവ ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍, കൂടുതല്‍ കൂടുതല്‍ അതിനെ കുറിച്ച് അറിയാനുള്ള ത്വര ഉണ്ടാവുക സ്വാഭാവികം.

2. ഒരു ഫാഷന്‍ തരംഗം എന്ന നിലയ്ക്ക്. ബ്രിട്ട്നി പിയേഴ്സ് ഹിന്ദുമതം സ്വീകരിച്ച്, നെറ്റിയില്‍ സിന്ദൂരവും ഇട്ട് നടന്ന് നീങ്ങിയ കാഴ്ച അത്ര വേഗം മറക്കാന്‍ പറ്റില്ലല്ലോ. ഇവിടേയും പൊട്ട് ഒരു ഫാഷനായി വരുന്നു. നെറ്റിക്ക് പകരം കവിളിലൊക്കെയാണ് അധികവും കാണാറ് എന്ന് മാത്രം! ഇന്ത്യയില്‍ നിന്നുള്ള കോട്ടണ്‍, സില്‍ക്ക് ഇതിനൊക്കെയും ആരാധകര്‍ ഏറെയാണ്.

3.സാധനങ്ങളും സേവങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് യൂസര്‍ എന്‍ഡില്‍ എത്തിക്കുന്ന ആഗോള കച്ചവടതന്ത്രം. ഇന്ത്യന്‍ കോട്ടണ്‍ എന്ന് പറഞ്ഞാല്‍ എന്ത് കൂറ തുണിയും ഒരുപാട് കാശു കൊടുത്ത് വാങ്ങുന്ന ഈ രാജ്യത്ത് ചെലവാക്കാന്‍ പറ്റുന്ന ഒന്നാതരം ചരക്കാണ് ഹിന്ദുയിസം കുപ്പിയിലാക്കിത്. ഇളനീരു കുടിക്കാത്ത നമ്മള്‍ കോള കുടിക്കുന്നത് പോലെ. ജൂതമതം നോക്കി നടത്താന്‍ റിലീജിയസ് ജൂതന്മാര്‍ എന്ന ഒരു കൂട്ടരുണ്ട്. അപ്പോള്‍ നോണ്‍ റിലീജിയസ് ജൂതന്മാര്‍ക്കുള്ള കോളയാണ് നമ്മുടെ കുപ്പിയിലാക്കിയ ഹിന്ദുയിസം.

ഈ മൂന്നാമത് പറഞ്ഞ കാര്യത്തെ കുറിച്ച് ചിന്തിച്ചാല്‍ (പിന്നെ അന്തമില്ല). എന്തായാലും വേദങ്ങള്‍ തട്ടില്‍ പുറത്ത് നിന്നും വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക. അതു പെറുക്കുയെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കി കുപ്പിയിലടച്ച് വില്‍ക്കാനിതാ ഒരുകൂട്ടര്‍! ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു ബാര്‍ട്ടര്‍ സബ്രദായം ആണ്. പാശ്ചാത്യലോകം അവരുടെ ഉത്പന്നങ്ങള്‍ (മാത്രം) നമുക്ക് തരുന്നു. നമ്മള്‍ നമ്മുടെ കൈയിലുള്ളത് അവര്‍ക്ക് കൊടുക്കുന്നു.

വാല്‍കഷ്ണം: ഉദാരദാസിന്റെ സംക്രിഷ് (സംസ്കൃതം ഇംഗ്ലീഷില്‍ എഴുതുന്നതിനെ എന്താ പറയാ?) ശ്ലോകങ്ങളും അതിന്റെ വിവരണവും കേട്ട് മുഷിഞ്ഞ എന്നിലെ മലയാളി മൂരാച്ചി: ‘ ഞങ്ങളുടെ തുപ്പല്‍ കോളാമ്പിയില്‍ നിങ്ങളെനിക്ക് അമ്പലപ്പുഴ പാല്‍പായസം വിളമ്പുന്ന കാലം വിദൂരത്തൊന്നുമല്ല സുഹൃത്തേ!‘(തുപ്പല്‍ കോളാമ്പി പ്രയോഗത്തിനു കടപ്പാട് തൃശ്ശൂര്‍ പി.സി തോമസ്)

Wednesday, October 25, 2006

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം എത്രമാത്രം ശ്രദ്ധിക്കണം? ഇങ്ങനെയൊരു ചിന്ത വരാന്‍ കാരണം ഈയടുത്ത് സഹപ്രവര്‍ത്തകയുടെ മകള്‍ക്ക് വാങ്ങി കൊടുത്ത ബാര്‍ബി പാവയോടുള്ള സഹപ്രവര്‍ത്തകയുടെ പ്രതികരണമാണ്.

അവള്‍ പറഞ്ഞതിങ്ങനെ:

“ഞാന്‍ ഒരിക്കലും ബാര്‍ബികളേയൊ, ദേവതകളേയൊ വാങ്ങി കൊടുക്കാറില്ല. സൌന്ദര്യവും, അഴകുമാണ് എല്ലാത്തിന്റേയും അളവു കോലെന്ന് കുട്ടികള്‍ തെറ്റായി ആദ്യം ചിന്തിച്ചു തുടങ്ങുന്നത് ഇത്തരം പാവകളില്‍ കൂടിയാണ്. എന്റെ സുഹൃത്തിന്റെ മകള്‍ക്കിപ്പോള്‍ ഇത്തരം പാവകള്‍ മാത്രം മതി. തന്നെയുമല്ല അവള്‍ എപ്പോഴും സുന്ദരിയായിരിക്കാനും ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ സൌന്ദര്യം മാത്രമല്ലല്ലോ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്റെ മകള്‍ക്ക് സൌന്ദര്യം ഇല്ലാത്തതിന്റെ പേരില്‍ ജീവിതം ഒരു ദുരന്തമായി അവള്‍ കാണുന്നത് എനിക്ക് ഇഷ്ടമല്ല.”

വല്ലാത്തൊരു ഇളിംഭ്യത ആയി പോയി എനിക്ക്. ഇന്നേവരെ ഒരു കുട്ടിയ്ക്കും ബാര്‍ബി പാവ വാങ്ങി കൊടുത്തീട്ടില്ല. കുട്ടികള്‍ക്ക് ചേരുന്നതല്ല അതെന്ന തോന്നലില്‍ ടെഡി ബിയറുകളോ വേരെന്തെങ്കിലും കളിപ്പാട്ടങ്ങളോ ആണ് തിരഞ്ഞെടുക്കാറ്. എന്നാലും ബാര്‍ബിയുടെ ക്രൂരമായ ഈ മുഖം ഞാന്‍ ശ്രദ്ധിച്ചീട്ടേ ഇല്ലായിരുന്നു. യൂറോപ്പില്‍ ജനിച്ചു വളര്‍ന്ന, യൂറോപ്പിനെ അന്ധമായി അനുകരിക്കുന്ന ഈ രാജ്യത്തു ജീവിക്കുന്ന സഹപ്രവര്‍ത്തകയില്‍ നിന്നും ഉണ്ടായ ഈ പ്രതികരണം എന്നെ കുറച്ചേറെ ചിന്തിപ്പിച്ചു.

തോക്കുകളും മറ്റും വാങ്ങി കൊടുക്കില്ല എന്ന് നിര്‍‍ബന്ധം പിടിക്കുന്ന മാതാപിതാക്കളെ കണ്ടീട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ശരാശരി മലയാളി ഒരുപാടൊന്നും ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു.

ഞാന്‍ ബാക്ഗ്രൌന്‍ണ്ടില്‍ കേള്‍ക്കുന്ന പാട്ട്: “ ഐ ആം ബാര്‍ബി ഗേള്‍……”

ഇല്ല ഇനിയും ഞാന്‍ ഒരു ബാര്‍ബി പാവ വാങ്ങില്ലായിരിക്കാം.

(വനിതാലോകത്തില്‍ ഒരിക്കല്‍ പോസ്റ്റ് ചെയ്തതാണ്)

Tuesday, October 03, 2006

മഹാത്മാവ്

അതുല്യ ചേച്ചിയുടെ ഈശ്വര അല്ലാ തേരേ നാം..സബ്‌ കോ സന്മതി ദേ ഭഗവാന്‍ എന്ന ബ്ലോഗില്‍ ആദിത്യന്റേയും ഇക്കാസിന്റേയും കമന്റുകള്‍ക്ക് എനിക്ക് പറയാനുള്ളത്

ആദി:

മഹാത്മാവിന്റെ പ്രസക്തി തീരുന്നേയില്ല. ഒരു പക്ഷേ ഞാന്‍ ഇസ്രായേലില്‍ വന്നില്ലായിരുനെങ്കില്‍ ഗാന്ധിജി എനിക്കു വെറുമൊരു രാഷ്ട്ര പിതാവ് മാത്രമായേനെ. മഹാത്മാ എന്ന് മനസ്സാലെ വാഴ്ത്തി പറയാന്‍ ഇവിടുത്തെ ഒരു അറബി ക്ര്യിസ്ത്യന്‍(എന്റെ ലാബ് എന്‍ഞ്ചിനിയര്‍) വേണ്ടി വന്നു. എന്റെ പിഴ, എന്റെ എന്റെ, വലിയ പിഴ. നമ്മുടെ പുതിയ(ഇന്ത്യന്‍) തലമുറ മഹാത്മാവിനെ മനസ്സിലാക്കുന്നില്ലെന്ന നഗ്ന സത്യത്തിനു ഉദാഹരണമാവാം ഞാനും ആദിയും.

അറബ് ക്രിസ്ത്യന്‍ ഞാന്‍ ഇന്ത്യനാണെന്നറിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത്.

“ നിങ്ങളുടെ ഗാന്ധിജിയെ പോലെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ പലസ്തീനികള്‍ എന്നെ രക്ഷപ്പെട്ടേനെ. തോക്കിനുപകരം തോക്ക് ഒന്നിനും ഒരു പരിഹാരമല്ല എന്നും പറഞ്ഞ് അഹിംസ മുദ്രാവാക്യമാക്കിയ ഒരു ഗാന്ധിജി തന്നെ വരണം ഇവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍. ക്രിസ്തുവിനെ മനസ്സിലാക്കിയ ഒരേ ഒരാള്‍ ഗാന്ധിജിയാണ്. നിന്റെ വലതു കരണത്തടിക്കുന്നവനു ഇടത് കരണം കൂടി കാണിച്ച് കൊടുക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നറിയൊ നിനക്ക്? എന്റെ കരണത്തടിക്കൂ ഞാന്‍ കാണിച്ചു തരാം.”

എന്റെ അപ്പനേക്കാള്‍ പ്രായമുള്ള അദ്ദേഹത്തിന്റെ കരണത്തടിക്കാന്‍ എനിക്കു സാധ്യമല്ല എന്ന് പറഞ്ഞ എന്നെ അദ്ദേഹം നിബന്ധിച്ച് അദ്ദേഹത്തിന്റെ കരണത്ത് കൈ വയ്പിച്ചു. എന്റെ വലത് കൈ കൊണ്ട് അദ്ദേഹത്തിന്റെ ഇടത് കവിളിലാണ് ഞാന്‍ തൊട്ടത്. അദ്ദേഹം പറഞ്ഞു.

“തെറ്റ്. ഞാന്‍ വലത് കരണത്തടിക്കാനാണ് പറഞ്ഞത്. ഒന്നൂടെ ശ്രമിക്ക്”

ഞാന്‍ ശ്രമിച്ച് നോക്കി. വലത്തെ ഉള്ളം കൈ കൊണ്ട് മറ്റൊരാളുടെ വലത് കരണത്തടിക്കാന്‍ പ്രയാസമാണെനെനിക്ക് മനസ്സിലായി. എളുപ്പം പുറം കൈ കൊണ്ട് അടിക്കുന്നതാണ്. അത് മനസ്സിലാക്കി തന്ന് അദ്ദേഹം തുടര്‍ന്നു.

“ അടിമകള്‍ ധാരാളം ഉള്ള കാലത്താണ് ക്രിസ്തു ജീവിച്ചത്. അടിമകളെ പുറം കൈ കൊണ്ടാണ് അടിച്ചിരുന്നത്. (അല്ലെങ്കില്‍ പുറം കാലു കൊണ്ട്). തുല്യതയുള്ളവര്‍ തമ്മിലെ വഴക്കുകളിലെ ഉള്ളം കൈ പ്രയോഗം ഉള്ളൂ. അപ്പോള്‍ വലതു കരണത്തടിക്കുന്ന യജമാനന് ഇടത് കരണം കാണിച്ച് കൊടുക്കുന്ന അടിമ പറയാതെ പറയുന്നത് നിങ്ങളെന്നെ അടിച്ചു കൊള്ളൂ പക്ഷേ ഒന്നോര്‍ക്കുക ഞാനും നിങ്ങളെ പോലെ മനുഷ്യനാണ്. ക്രിസ്തു പറയുന്നത് സ്വയം ബഹുമാനിക്കാന്‍ (self respect) പഠിക്കാനാണ്. ഇതാണ് നിങ്ങളുടെ ഗാന്ധിജി ചെയ്തത്. സ്വയം ബഹുമാനം എന്തെന്ന് ബ്രിട്ടീഷുകാരോട് വിളിച്ചു പറഞ്ഞു.“

സ്വയം ബഹുമാനത്തിന്റെ വില ആരേക്കാളും അധികം മനസ്സിലാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ക്ക് ഗാന്ധിജിയെ ഒഴിവാക്കാനാവുമായിരുന്നില്ല എന്ന് മനസ്സിലാക്കുക.

അദ്ദേഹം തുടര്‍ന്നു.
“അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ നിങ്ങള്‍ക്ക് കാണിച്ച് തന്നതെന്താണ്?“
ഞാന്‍ വിഡ്ഡി, തലകുനിച്ച് പറഞ്ഞു. “പാവപ്പെട്ട ജനങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നതിനാല്‍ ഗാന്ധിജി വസ്ത്രമുപേക്ഷിച്ചു.“

“തെറ്റ്“ അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
“അവിടേയും ക്രിസ്തുവിന്റെ സ്വയം ബഹുമാനിക്കാനുള്ള ഉപദേശം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. നിന്റെ മേലങ്കി ആവശ്യപ്പെടുന്നവന് കുപ്പായം കൂടെ നല്‍കുക എന്ന ഉപദേശം. പഴയ നിയമമനുസരിച്ച് നഗ്നനായവനെ നോക്കുന്നവനാണ് തെറ്റുകാരന്‍. മേലങ്കി യജമാനന്‍ ആവശ്യപ്പെട്ടാല്‍ കൊടുക്കാതിരിക്കാന്‍ അടിമയ്ക്ക് കഴിയില്ല. മേലങ്കിയില്ലാതെ നില്‍ക്കുന്നവനെ സമൂഹം കളിയാക്കും. അവന്‍ കുപ്പായം കൂടി ഊരി നഗ്നനായാലൊ? അവനെ നോക്കുന്നവനാണ് തെറ്റുകാരന്‍ അഥവാ മോശപ്പെട്ടവന്‍. അവനെ നോക്കാതിരിക്കാന്‍ സമൂഹത്തിന് തല താഴ്ത്തേണ്ടി വരുന്നു. അവന്‍ തലയുയര്‍ത്തി സ്വയം ബഹുമാനം ആര്‍ജ്ജിക്കുന്നു.പാവപ്പെട്ട ഇന്ത്യാക്കാരെ കൊള്ളയടിക്കുന്ന ബ്രിട്ടിഷുകാരുടെ തല താഴ്ത്തിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗമേത്?”

ഇങ്ങനെ ആര്‍ജ്ജവത്തോടെ ഗാന്ധിജിയെ മനസ്സിലക്കുന്ന വിദേശികള്‍ക്കിടയ്ക്ക് ഗാന്ധിജിയെ മതഭ്രാന്തനെന്ന് വിളിക്കുന്ന നമ്മുടെ സ്ഥാനം എവിടെ എന്നറിയാതെ ഓര്‍ത്തു പോയി.

ആദി, ഗാന്ധിജിയുടെ പിടിവാശികളെ നമുക്ക് മറക്കാം. കസ്തൂര്‍ബയെ ആധുനിക ചികിത്സയ്ക്ക് വിധേയമാക്കാതിരുന്നെങ്കില്‍ അതിന് ഭാരതചരിത്രത്തില്‍ വലിയ സ്ഥാനമൊന്നുമില്ല. അര്‍ദ്ധ നഗ്നനായി ഗാന്ധിജിയെ കൊണ്ട് നടക്കാന്‍ കുറെയേറെ ബുദ്ധിമുട്ടി എന്നു നെഹ്രു പറഞ്ഞു എന്ന് പറയപ്പെടുന്നതും മുഖവിലയ്ക്കെടുക്കേണ്ടതില്ല. അതിനേക്കാള്‍ വലിയ ഒന്ന്, സ്വയം ബഹുമാനം, ഇന്ത്യന്‍ ജനതയെ മനസ്സില്ലാക്കിക്കാനാണ് മഹാത്മാവ് അങ്ങിനെ ചെയ്തത് എന്നതു കൊണ്ട് തന്നെ. മരിച്ചവരുടെ വാക്കുകള്‍ മാത്രമാണ് ഇന്ന് നമ്മോട് കൂടെ. അതാണ് അവരെ അനശ്വരരാക്കുന്നത്. ജീവിച്ചിരുന്ന കാലത്തെ അവരുടെ രാഷ്ടീയം ചികയുന്നത്, കുഴിമാടത്തില്‍ നിന്നെടുക്കുന്ന റോസാപുഷ്പങ്ങള്‍ക്കു സമമാണ്.

ഇക്കാസ്: പാലസ്തീനിനെ കുറിച്ചുള്ള വേവലാതി നല്ലതു തന്നെ. പാലസ്തീനിനെ കുറിച്ച് ഏറെ വ്യാകുലപ്പെടുന്നു ഇസ്രായേലിലെ അറബ് വംശജര്‍. അവര്‍ പോലും പലസ്തീന്റെ തീവ്രവാദം അംഗീകരിക്കുന്നില്ല. പാലസ്തീനിലെ എല്ലാ തീവ്രവാദികളും ഇക്കാസ് പറഞ്ഞ പോലെ (സ്വന്തം കണ്മുന്നിലിട്ട് മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന ഒരമ്മ അതു ചെയ്ത പട്ടാള വര്‍ഗ്ഗത്തിനെതിരായി ഇളയമകനെ മനുഷ്യബോംബായി അയയ്ക്കുന്നത് അവരുടെ മനസ്സിനുണ്ടായ മുറിവിന്റെ ആഴം മൂലമാണ്)ഉണ്ടായവരാണേന്നണൊ കരുതുന്നത്. പാലസ്തീന്‍ തീവ്രവാദികളെ തീറ്റി പോറ്റുന്നത് ഇസ്രായേല്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്. നേരത്തെ പറഞ്ഞ ആ അറബ് ക്രിസ്ത്യന്‍ പറഞ്ഞതെന്തെന്നോ? “പാലസ്തിനികള്‍ തീവ്രവാദം ഉപേക്ഷിച്ചു സ്വയം ബഹുമാനിക്കാന്‍ പഠിക്കണം. ഒരു ഗാന്ധിജി അവിടെ പിറക്കണം എന്ന്.”

“സ്വന്തം കൃഷിയിടങ്ങളിലെ ഒലിവ് പറിക്കാന്‍ ഇന്ന് അവര്‍ക്ക് ഇസ്രായേല്‍ സന്നദ്ധ സംഘടനകളിലെ ജൂതന്മാര്‍ കൂട്ടു പോണം. ആയുധമേന്തിയവര്‍ക്ക് ഇതിനൊന്നും നേരമില്ല. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനും, ഉപ്പു സത്യഗ്രഹത്തിനും, വിദേശ വസ്ത്ര ബഹിഷ്കരണത്തിനും, ചര്‍ക്കയ്ക്കും ഇന്ന് ഏറ്റവും പ്രസക്തിയുള്ള സ്ഥലമാണ് പാലസ്തീന്‍. എങ്കിലേ അവര്‍ക്കവരുടെ മണ്ണ് തിരിച്ചു കിട്ടൂ“

രണ്ട് പട്ടാളക്കാരെ തട്ടി കൊണ്ട് പോയി ഇസ്രായേലിനോടു വിലപേശാനൊരുങ്ങിയ ഹിസ്ബുള്ള ലബനാനിലായത് കൊണ്ട് ലബനാന് നഷ്ടപ്പെട്ടതെന്തെല്ലാം എന്ന് കൂടെ വേണമെങ്കില്‍ ചിന്തിച്ച് കുറച്ച് സമയം നമുക്ക് കളയാം. അത്ര തന്നെ. പലസ്തീന് അതുകൊണ്ട് മെച്ചമൊന്നുമില്ല. അവരുടെ ഇടയില്‍ നിന്നു തന്നെ എല്ലാം മനസ്സിലാക്കുന്ന ഒരു നേതാവ്. അതിനുവേണ്ടിയാണ് ഇന്നവര്‍ കാത്തിരിക്കുന്നത്.

ഇക്കാസിനോട് ഒരു കാര്യം കൂടി: നെറ്റിന്റെ ഈ വലയത്തില്‍ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. അവര്‍ എന്തു പറയുന്നു എന്നതാണ് കാര്യം. ഇതു കൈപ്പിള്ളി വിളിച്ച് പറയാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ആരു കേള്‍ക്കാന്‍.

കണ്ണിനു പകരം കണ്ണ്‌, പല്ലിന് പകരം പല്ല്, പഴയനിയമത്തിന്റേതാണെന്നും നിന്റെ വലതു കരണത്തടിക്കുന്നവന് ഇടത് കരണം കാണിച്ചു കൊടുക്കുക, നിന്റെ മേലങ്കില്‍ ആവശ്യപ്പെടുന്നവനു കുപ്പായം കൂടെ നല്‍കുക, ഒരു മൈല്‍ കൂടെ നടക്കാന്‍ നിര്‍ബന്ധിക്കുന്നവനൊപ്പം രണ്ട് മൈല്‍ നടക്കുക എന്നതു പുതിയ നിയമത്തിന്റേതാണെന്നും പറയുമ്പോള്‍ മനസ്സിലാക്കുക പുതിയ നിയമവും ഗാന്ധിജിയും പറയുന്നത് സ്വയം ബഹുമാനമിക്കാനും അതു കാണിക്കാനും പഠിക്കുക എന്നാണ്. അത് ഇന്നും എത്രയും പ്രസക്തമാണ്.
(ഒരു അനോണിയുടെ അടുത്ത് അരവിന്ദ് ബൂലോഗ ക്ലബില്‍ ചോദിച്ചതും ഓര്‍ക്കുന്നു. ഒരു മൂടുപടത്തിനുള്ളില്‍ മറഞ്ഞിരിക്കുമ്പോഴും നിനക്കൊരു മുഖമില്ലേ മനുഷ്യാ. അതിനെ ബഹുമാനിക്കണ്ടെ എന്ന് (കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല))

വാളെടുത്തവന്‍ വാളാലെ!

കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

Sunday, October 01, 2006

യോം കിപുര്‍ (Yom Kippur) -ഇസ്രായേലിന്റെ പ്രായ്ശ്ചിത്ത ദിനം

ജൂതന്മാരുടെ പശ്ചാത്താപ ദിനമായ യോം കിപൂര്‍ (Yom Kippur) നാളെയാണ്. ജൂത വര്‍ഷത്തിലെ ഏറ്റവും വിശുദ്ധ ദിവസമായ യോം കിപുര്‍ന്റെ (Day of Atonement) പ്രധാന ആശയം പ്രായ്ശ്ചിത്തവും ഐക്യവുമാണ്. തല്‍മൂദ് അനുസരിച്ച്, വര്‍ഷാരംഭത്തില്‍ (ഒരാഴ്ച മുന്നേ ആയിരുന്നു ജൂത പുതുവര്‍ഷം) ദൈവം 3 പുസ്തകങ്ങള്‍ തുറക്കും. ഒന്ന് ഏറ്റവും മോശമായവര്‍ക്കും, വേറൊന്ന് ഏറ്റവും നല്ലവര്‍ക്കും, മൂന്നാമത്തേത് തെറ്റും ശരിയും ചെയ്യുന്ന നടുവില്‍ ‍നില്‍ക്കുന്ന ജനവിഭാഗത്തിനുമാണ്. ഇതില്‍ ആദ്യ രണ്ട് കൂട്ടരുടെ വിധിയും നേരത്തെ തന്നെ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട് ദൈവം. മൂന്നാമത്തെ കൂട്ടരുടെ വിധി പറയുന്ന ദിവസമാണ് യോം കിപൂര്‍.

ഇതിന്റെ ആചാരങ്ങളും പ്രാര്‍ത്ഥനകളും തലേ ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പേ തുടങ്ങും. ജൂത്നമാരുടെ എല്ലാ അവധികളും തലേ ദിവസം സൂര്യന്‍ അസ്തമിക്കുനത് മുതല്‍ പിറ്റേ ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ്. അധികം മതവിശ്വാസികളലാത്ത ജൂതന്മാര്‍ പോലും ഈ ദിവസം സിനഗോഗില്‍ പോയി പ്രാര്‍ത്ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യും.തീ കത്തിക്കാ‍ന്‍ പാടില്ലാത്തതിനാല്‍ ഭയങ്കരമായ മതവിശ്വാസം ഉള്ളവര്‍ ലൈറ്റ് ഇടുക പതിവില്ല. എല്ലാ പാനീയങ്ങളും ഭക്ഷണവും നിഷിധമാണ്. ജൂതന്മാര്‍ അല്ലാത്തവര്‍ പുറത്തിരുന്നു ഭക്ഷിക്കുന്നതും ഇന്നേ ദിവസം വിലക്കപ്പെട്ടിരിക്കുന്നു.

ബസ്, തീവണ്ടി ഒന്നും സര്‍വീസ്സ് ഉണ്ടാവില്ല. വിമാനത്താവളം പോലും അടച്ചിടും. സ്വന്തം വാഹനം പോലും(കാര്‍, മോട്ടോര്‍ സൈക്കില്‍ ഇത്യാദി ഒന്നും) ഇന്നേ ദിവസം തെരുവിലിറക്കാന്‍ പാടില്ല. മത വിശ്വാസികള്‍ ഉള്ള സ്ഥലം ആണെങ്കില്‍ കല്ലേറ് ഉറപ്പ്. സൈക്കില്‍ ഉപയോഗിക്കാം എന്നതിനാല്‍ ഇതിന് സൈക്കിളുകളുടെ ഉത്സവം എന്നു ഇരട്ടപേരുണ്ടത്രേ.

വാല്‍കഷ്ണം: ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ വല്ലാത്ത കൌതുകം തോന്നി. ആചാരങ്ങളൊക്കെ എത്ര നന്ന്. പ്രവര്‍ത്തികള്‍ക്കെ ഉള്ളൂ ഒരിത്തിരി പ്രശ്നം. അതീ യോം കിപുറില്‍ പരിഹരിക്കപ്പെടും. പശ്ചാത്താപം കഴിഞ്ഞാല്‍ പിന്നെ ധൈര്യമായി അടുത്ത യുദ്ധങ്ങള്‍ക്ക് പുറപ്പെടാമല്ലോ. അടുത്ത വര്‍ഷവും ഉണ്ട് യോം കിപുര്‍.

പിന്‍‌വിളി: ആര്‍ക്കൊക്കെയൊ കൈസ്തവരുടെ കുമ്പസാരം ഓര്‍മ്മ വരുന്നു.

കൂടുതല്‍ വായനയ്ക്ക്