Tuesday, November 07, 2006

“ഹായ് ഹോദൂസ്”

പതിവുപോലെ ഒരു കാപ്പിയും വാങ്ങി, സ്റ്റുഡന്‍സ് കോര്‍ണറില്‍ ഇരിക്കുമ്പോള്‍ പെട്ടെന്നൊരു വിളി,

“ഹായ് ഹോദൂസ്“

വാക്കുകളുടെ ഉറവിടം കുറച്ച് പുസ്തകങ്ങളുമായി നില്‍ക്കുന്ന ഒരു ഇസ്രായേലി ആയതു കൊണ്ട് വലിയ കൌതുകമൊന്നും തോന്നിയില്ല. ഹോദു എന്നാല്‍ ഹീബ്രുവില്‍ ഇന്‍ഡ്യ അല്ലെങ്കില്‍ ഇന്‍ഡ്യാക്കാരന്‍. ആര്‍ക്കു കണ്ടാലും ഞാന്‍ ഇന്ത്യാക്കാരിയാണെന്ന് ഒറ്റനോട്ടത്തിലറിയാം. ‘എന്തിനാ വെറുതെ ഹീബ്രു അറിയാത്ത എന്റെ അടുത്ത് ഹീബ്രു പുസ്തകങ്ങളൊക്കെയായി ‘ എന്ന ഒരു ധ്വനി കലര്‍ത്തി പറഞ്ഞു.

“ഐ ഡോനോ ഹീബ്രു“. അപ്പോള്‍ ഇസ്രായേലി പ്രസംഗം തുടങ്ങി.

“നിങ്ങള്‍ ഇന്ത്യാക്കാരിയല്ലേ?“ “അതേ“

“ഹിന്ദൂവാണോ?“ “അല്ല“

“നിങ്ങള്‍ക്ക് ഹിന്ദുവിസത്തെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടൊ? ഞാന്‍ ഇവിടെ ഒരു വേദാന്ത സംഘടനയിലെ അംഗമാണ്.“

“ഹേ, ഹെന്ത്? വേദാന്തം?”

ഞാന്‍ വെറുതെ വെറുതെ ഞെട്ടി. പാശ്ചാത്യ ലോകത്ത് കബാല പോലെയൊ അതിലേറെയുമൊ ഹിന്ദുയിസം ഫാഷന്‍ ആണെന്ന് കേട്ടിരുന്നെങ്കിലും ഈ ഇട്ടാവട്ട ഇസ്രായേലില്‍ ഇങ്ങനെ ഒരുത്തനെ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.പിന്നെ അയാള്‍ കുറേ ഹിന്ദുയിസം, വേദാന്തം ഒക്കെ പ്രസംഗിച്ചു.

അയാള്‍ ഹിന്ദുവാണത്രേ. പേരു ഉദാര ദാസ്. അതിന്റെ അര്‍ത്ഥം അയാള്‍ കഷ്ടപ്പെട്ട് വിവരിച്ച് തന്നു. ജനിച്ചതും വളര്‍ന്നതും ഇസ്രായേലില്‍. മാതാപിതാക്കള്‍ എവിടുത്തുക്കാരാണെന്ന് പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല. മാതാപിതക്കളുടെ മതവും അയാളുടെ ഹിന്ദുയിസവുമായി ബന്ധമില്ല എന്ന്. 5 ജന്മം മുന്‍പ് അയാള്‍ ഇന്ത്യയില്‍ ജനിച്ചിരുന്നു പോലും. ( ഞാന്‍ ആദ്യം മനസ്സില്ലാക്കിയത് 5 തലമുറ മുന്‍പ് ഇന്ത്യയില്‍ ആയിരുന്നു എന്നാ‍ണ്. കൂടുതല്‍ ചോദിച്ചപ്പോഴാണ് 5 തലമുറയല്ല, 5 ജന്മം മുന്നേ എന്നു മനസ്സിലായത്). ഇവിടുത്തെ യുദ്ധത്തിനെതിരെ സമാധാനം കൊണ്ട് വരാന്‍ വേദാന്തത്തിലൂടെ ശ്രമിക്കുന്ന സംഘനയിലെ അംഗമാണ് ഉദാര ദാസ്. ഈ സംഘടന ഇസ്രായേലിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥിരം ക്ലാസ്സുകള്‍ നടത്തുന്നു. ഇസ്രായേലില്‍ ഇവരുടെ പ്രധാന ലക്ഷ്യം വേദാന്തത്തിലൂടെ സമാധാനം എന്നതാണ്. സസ്യാഹാരത്തെ മാത്രമെ ആ സംഘടന പ്രോത്സാഹിപ്പിക്കൂ. ആത്മാവിനേയും, പുനര്‍ജ്ജന്മങ്ങളേയും, ഗീതോപദേശത്തെയും, കൃഷ്ണലീലയേയും കുറിച്ച് അയാള്‍ വാചാലനായപ്പോള്‍ സത്യമായും എനിക്ക് ദേഷ്യത്തിന്റേയും, ബോറടിയുടേയും ഇടയ്ക്കുള്ള ഒരു വികാരമായിരുന്നു.

ഉദാര ദാസിന്റെ കൈയിലുള്ള പുസ്തകങ്ങള്‍ വാങ്ങി പകരം അവരുടെ സംഘടനയ്ക്ക് സംഭാവന നല്‍കണം. അതാണ് അയാളുടെ ഇപ്പോഴത്തെ ആവശ്യം. ആ സംഭാവന കൊണ്ടാണ് ഭക്തര്‍ക്ക് പ്രസാദം കൊടുക്കുന്നത്! പുസ്തകത്തില്‍ ഒന്ന് ഇന്‍ഡ്യന്‍ പാചകകുറിപ്പുകള്‍ ആണ്. അതിവിടത്തെ ബെസ്റ്റ് സെല്ലര്‍ ആണെന്നാണ് അയാള്‍ പറഞ്ഞത്.അതെന്തായലും അതില്‍ മലായ് കോഫ്ത ഉണ്ടെന്നറിഞ്ഞ് ഞാനൊന്നു വാങ്ങി. എന്റെ വീട്ടുടമസ്ഥ കുറേക്കാലം കൊണ്ട് മലായ് കോഫ്ത കുറിപ്പ് വേണം എന്ന് പറയുന്നു. പുസ്തകങ്ങളൊക്കെ ഉഗ്രന്‍. കൃഷ്ണന്റെ ഒന്നാന്തരം കളര്‍ പടങ്ങള്‍. പിന്നേയും മൂന്ന് പുസ്തകങ്ങള്‍ കൂടെ ഞാന്‍ വാങ്ങി. ഒന്ന് ഈശൊപനിഷത്ത് ഹീബ്രുവില്‍. (അത് ഇന്ത്യ, കേരളം എന്നൊക്കെ പറഞ്ഞാല്‍ സ്വര്‍ഗ്ഗം എന്ന് പ്രതീതി ധ്വനിപ്പിക്കും വിധം വാചാലനാകുന്ന പ്രൊഫസ്സര്‍ക്ക് കൊടുത്തു. വായിച്ചഭിപ്രായമറിയാന്‍.അഭിപ്രായമറിഞ്ഞീട്ടു വേണം ബാക്കി) മറ്റൊന്ന് ഒന്നു കുട്ടികള്‍ക്കുള്ള കൃഷ്ണ കഥകള്‍ (ഹീബ്രുവില്‍) മൂന്നാമത്തേത് Beyond birth & death എന്ന A. C. Bhaktivedanta Swami Prabhupada എഴുതിയ പുസ്തകം.

അയാള്‍ തന്ന ബ്രോഷറുകളൊക്കെ വാങ്ങി ലാബിലെത്തിയിട്ടും എന്റെ മുഖത്തെ ആശ്ചര്യചിഹ്നം മാറിയില്ല. ഇസ്രായേലില്‍ വേദാന്തമൊ? ജൂതന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ നാട്. അവിടെ അവര്‍ മാത്രം മതി എന്ന് പറയുന്നതിനിടയിലാണ് ജൂതന്മാര്‍ പിന്നെ ഹിന്ദുക്കളാകുന്നത്. വിരോധാഭാസം! ജുതായിസം ഒരു മതമല്ല, ഹിന്ദുയിസം പോലെ ഒരു സംസ്കാരം ആണ് എന്നൊക്കെ പല ജൂതന്മരും പറഞ്ഞ് വാചാലരാകറുണ്ട്. പക്ഷെ ഒരു മറുകണ്ടം ചാടല്‍ എന്തു മാത്രം പ്രസക്തമാണ്? വെറുതെ ചിന്തിക്കാന്‍ ചെലവൊന്നുമില്ലല്ലോ. ബ്രോഷ്രറില്‍ പറഞ്ഞിരിക്കുന്ന വെബ്സൈറ്റ് നോക്കി. വെബ്സൈറ്റ് മൊത്തം ഹീബ്രു ആണ്.

Beyond birth & death എന്ന പുസ്തകമെഴുതിയ A. C. Bhaktivedanta Swami Prabhupada എന്നയാളെ ഗൂഗ്ലി നോക്കി. International Society for Krishna Consciousness (ISKCON) എന്ന സംഘനയുടെ സ്ഥാപകനാണ് ഈ ബംഗാള്‍കാരന്‍. ഹരേ കൃഷ്ണ എന്ന പേരില്‍ അറിയപ്പെടുന്ന ആ സംഘടന തന്നെയാണ് ഇവിടെയും ഉള്ളത് എന്ന് ഞാന്‍ വാങ്ങിയ പുസ്തകങ്ങള്‍ കാണുമ്പോള്‍ ഊഹിക്കാം. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഹരേ കൃഷ്ണയ്ക്ക് ശാഖകള്‍ ഉണ്ട്. ഭക്തി വേദാന്ത സ്വാമി പ്രഭുപാദയുടെ ബഹുമാനാര്‍ത്ഥം ഇന്‍ഡ്യാ ഗവണ്മെന്റ് സ്റ്റാമ്പും ഇറക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏതാണ്ടെല്ലാഭാഗത്തുമായി സ്കൂളുകള്‍ മുതല്‍ റസ്റ്റോറണ്ട് വരെ ഉണ്ട് ഹരേ കൃഷ്ണയ്ക്ക്. (സസ്യാഹാരം പ്രോത്സാഹിപ്പിക്കാനാകണം.)

പറഞ്ഞ് വന്നത് ഇതൊന്നുമല്ല. നമ്മള്‍ ടോയലറ്റ് പേപ്പറാക്കാന്‍ പോകുന്ന ഈ വേദാന്തങ്ങളുടെ ആഗോളതല വാണിജ്യവത്കരണം കണ്ട് ഞാന്‍ മൂക്കും കുത്തി വീണതും 75 ഷെക്കല്‍ കളഞ്ഞതും ആണ്! എന്തായാലും 75 ഷെക്കല്‍ പോയി എന്നാല്‍ ഇസ്രയേല്‍ക്കാരുടെ ഇന്ത്യ ബന്ധത്തിനെ കുറിച്ചും (ഞാന്‍ കണ്ടതും) ഒന്ന് എഴുതിയേക്കാം.

ഇന്ത്യ, ഇസ്രായേല്‍ക്കര്‍ക്ക് ഒരു ഫാന്റസി നാടാണ്. ഏത് രാജ്യം സന്ദര്‍ശിക്കാനാണ് കൂടുതല്‍ താല്പര്യം എന്ന് ഒരു 21-25 വയസ്സുള്ള ഒരു ഇസ്രായേലിയോട് ചോദിച്ചാല്‍ പത്തില്‍ അഞ്ച് പേരും (ഒരേകദേശ കണക്കണേ) ഇന്ത്യാ എന്ന ഉത്തരമായിരിക്കും തരുക. 17 വയസ്സു മുതല്‍ മൂന്ന് വര്‍ഷക്കാലത്തെ നിര്‍ബന്ധ പട്ടാളസേവനം കഴിഞ്ഞ് മിക്ക ഇസ്രായേലികളും അഞ്ചോ ആറോ മാസം പലരാജ്യങ്ങളും കറങ്ങി നടക്കും. പട്ടാള ജീവിതത്തിന്റെ കാഠിന്യം മനസ്സീന്ന് പോകാനാണ് ഈ യാത്ര. മിക്കവരുടേയും ആദ്യ തിരഞ്ഞെടുപ്പ് ഇന്ത്യയാണ്. ഇതിന് പലകാരണങ്ങള്‍ ഉണ്ട്. പ്രധാനമായത് സാമ്പത്തീകം തന്നെ. യൂറോപ്പിനേക്കാളും ഇന്ത്യന്‍ യാത്രയ്ക്ക് പോക്കറ്റിനു കനം കുറച്ച് മതി.മാത്രമല്ല യൂറോപ്പിനേക്കാളും വ്യതസ്തത ഏഷ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. പിന്നെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ എന്ന ഒരു വലിയ രാജ്യത്ത് 6 മാസം ചെലവിടാന്‍ ഒരുപാട് സ്ഥലം ഉണ്ടെന്ന തോന്നലാവാം. ഇന്ത്യയില്‍ നിന്നും ഒരുപാട് ക്രിസ്ത്യന്‍ ടൂറിസ്റ്റ്കള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കറുണ്ട്. (യുദ്ധകാലത്ത് പോലും കണ്ടിരുന്നു പലരേയും!) ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സഹകരണമാണ് ബയോടെക്നോളജി, പ്രതിരോധം എന്നീ ഗവേഷണ (ഗവേഷണേതര) രംഗങ്ങളില്‍ നിലനില്‍ക്കുന്നത്. തന്മൂലം ധാരാളം ഇസ്രായേല്‍ ഗവേഷകരും, ഗവേഷക വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ വര്‍ഷങ്ങളോളം താമസിക്കുന്നു, തിരിച്ചും ( ഞാന്‍ ഉദാഹരണം). ഇന്ത്യയില്‍ 6 മാസമോ അതില്‍ കൂടുതലോ ചെലവിടുന്നവര്‍ക്ക് ഹിന്ദുവിസത്തിനോട് അടുപ്പം തോന്നുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ല. പക്ഷേ അവര്‍ ഹിന്ദുക്കളാകുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തന്നെ. ജൂത മതം ഔദ്യോഗിക മതമായ ഇസ്രായേലില്‍, ലോകത്തിന്റെ ഏത് കോണിലുള്ള ജൂതനും സ്വയമേ ഇസ്രായേല്‍ പൌരനാകുന്ന നിയമമുള്ളൊരു നാട്ടില്‍ ഒരു ഹിന്ദുമതപരിവര്‍ത്തനത്തിന്‍ തീരെ സാധ്യത കാണുന്നില്ല.

ഹിന്ദുയിസം ഇത്രയൊക്കെ ഇവിടെ പരക്കുന്നുണ്ടെങ്കില്‍ അതിനു മൂന്ന് കാരണങ്ങളാണ് എനിക്കു പ്രധാനമായും തോന്നുന്നത്.

1. അതിന്റെ മൌലീകവും, ചിന്തോദ്ദീപകങ്ങളുമായ ആശയങ്ങള്‍. പാശ്ചാത്യലോകത്തിന് തികച്ചും നൂതനമായി തോന്നാവുന്ന അനേകായിരം അറിവുകളും ആശയങ്ങളും അടങ്ങിയ ഹിന്ദുയിസത്തെ അടുത്തറിയുമ്പോള്‍, അതും അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്നേ അവ ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍, കൂടുതല്‍ കൂടുതല്‍ അതിനെ കുറിച്ച് അറിയാനുള്ള ത്വര ഉണ്ടാവുക സ്വാഭാവികം.

2. ഒരു ഫാഷന്‍ തരംഗം എന്ന നിലയ്ക്ക്. ബ്രിട്ട്നി പിയേഴ്സ് ഹിന്ദുമതം സ്വീകരിച്ച്, നെറ്റിയില്‍ സിന്ദൂരവും ഇട്ട് നടന്ന് നീങ്ങിയ കാഴ്ച അത്ര വേഗം മറക്കാന്‍ പറ്റില്ലല്ലോ. ഇവിടേയും പൊട്ട് ഒരു ഫാഷനായി വരുന്നു. നെറ്റിക്ക് പകരം കവിളിലൊക്കെയാണ് അധികവും കാണാറ് എന്ന് മാത്രം! ഇന്ത്യയില്‍ നിന്നുള്ള കോട്ടണ്‍, സില്‍ക്ക് ഇതിനൊക്കെയും ആരാധകര്‍ ഏറെയാണ്.

3.സാധനങ്ങളും സേവങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് യൂസര്‍ എന്‍ഡില്‍ എത്തിക്കുന്ന ആഗോള കച്ചവടതന്ത്രം. ഇന്ത്യന്‍ കോട്ടണ്‍ എന്ന് പറഞ്ഞാല്‍ എന്ത് കൂറ തുണിയും ഒരുപാട് കാശു കൊടുത്ത് വാങ്ങുന്ന ഈ രാജ്യത്ത് ചെലവാക്കാന്‍ പറ്റുന്ന ഒന്നാതരം ചരക്കാണ് ഹിന്ദുയിസം കുപ്പിയിലാക്കിത്. ഇളനീരു കുടിക്കാത്ത നമ്മള്‍ കോള കുടിക്കുന്നത് പോലെ. ജൂതമതം നോക്കി നടത്താന്‍ റിലീജിയസ് ജൂതന്മാര്‍ എന്ന ഒരു കൂട്ടരുണ്ട്. അപ്പോള്‍ നോണ്‍ റിലീജിയസ് ജൂതന്മാര്‍ക്കുള്ള കോളയാണ് നമ്മുടെ കുപ്പിയിലാക്കിയ ഹിന്ദുയിസം.

ഈ മൂന്നാമത് പറഞ്ഞ കാര്യത്തെ കുറിച്ച് ചിന്തിച്ചാല്‍ (പിന്നെ അന്തമില്ല). എന്തായാലും വേദങ്ങള്‍ തട്ടില്‍ പുറത്ത് നിന്നും വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക. അതു പെറുക്കുയെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കി കുപ്പിയിലടച്ച് വില്‍ക്കാനിതാ ഒരുകൂട്ടര്‍! ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു ബാര്‍ട്ടര്‍ സബ്രദായം ആണ്. പാശ്ചാത്യലോകം അവരുടെ ഉത്പന്നങ്ങള്‍ (മാത്രം) നമുക്ക് തരുന്നു. നമ്മള്‍ നമ്മുടെ കൈയിലുള്ളത് അവര്‍ക്ക് കൊടുക്കുന്നു.

വാല്‍കഷ്ണം: ഉദാരദാസിന്റെ സംക്രിഷ് (സംസ്കൃതം ഇംഗ്ലീഷില്‍ എഴുതുന്നതിനെ എന്താ പറയാ?) ശ്ലോകങ്ങളും അതിന്റെ വിവരണവും കേട്ട് മുഷിഞ്ഞ എന്നിലെ മലയാളി മൂരാച്ചി: ‘ ഞങ്ങളുടെ തുപ്പല്‍ കോളാമ്പിയില്‍ നിങ്ങളെനിക്ക് അമ്പലപ്പുഴ പാല്‍പായസം വിളമ്പുന്ന കാലം വിദൂരത്തൊന്നുമല്ല സുഹൃത്തേ!‘(തുപ്പല്‍ കോളാമ്പി പ്രയോഗത്തിനു കടപ്പാട് തൃശ്ശൂര്‍ പി.സി തോമസ്)