പാലപ്പം എന്ന് കോട്ടയക്കാരും, വെള്ളേപ്പമെന്ന് തൃശ്ശൂര്‍ക്കാരും പറയുന്ന, നമ്മുടെ കേരളത്തിന്റെ സ്വന്തം അപ്പം ഒരു ജൂതവിഭവമാണെന്ന് മിക്കവാറും എല്ലാവര്ക്കും അറിയാം. ഇടയ്ക്കൊക്കെ ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇത് കാണാറുണ്ട്. വാങ്ങി കഴിക്കും എന്നല്ലാതെ എന്താണ് അതിന്റെ ചരിത്രം എന്നറിയാന്‍ ശ്രമിച്ചില്ല. ഇക്കാര്യം ഇക്കാസിന്റെ കൊച്ചിയുടെ ജൂതപ്പെരുമയില്‍ നിന്ന് എന്ന പോസ്റ്റില്‍ ഒന്ന് പറഞ്ഞതിന് ഇഞ്ചിയുടെ വക പണിഷ്മെന്റ്: അതിന്റെ ചരിത്രം കുഴിച്ചെടുക്കാന്‍. (ഇതു എത്യൊപിയായിലെ ഇന്‍ജെരയില്‍ നിന്നുമാണെന്ന് ഇഞ്ചി കേട്ടീട്ടുണ്ട് എന്നും പറഞ്ഞു.)
കുഴിച്ചെടുത്ത ചരിത്രം ഇവിടെ.
ഇതാണ് ലഹൊഹ് എന്ന് ഇവിടെ അറിയപ്പെടുന്ന അപ്പത്തിന്റെ രൂപം. ഇതിന്റെ പിന്നാലെ പോയി കഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. മിക്കവരും ഈ പടം കണ്ടീട്ട് പാന്‍ കേക്ക് എന്ന് പറഞ്ഞ് കളഞ്ഞു. ഒരു അപ്പം ലൈവായി കാണിക്കാം എന്ന് കരുതി എന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറും. ചാത്തന് സേവയുണ്ടെന്ന് തോന്നുന്നു (അപ്പത്തിന്), ഇഞ്ചി ചോദിച്ചതിനു ശേഷം ആ അപ്പം അപ്രത്യക്ഷമായി. ക്യാ കരൂ? അപ്പോള്‍ ദേ അപ്പദൈവത്തിന്റെ രൂപത്തില്‍ ഞങ്ങളുടെ വീട്ടുടമസ്ഥ ആഗതയായി. പലതരത്തില്‍ വിവരിച്ചിട്ടും വരച്ച് കാണിച്ചീട്ടും അവര്‍ക്ക് മനസ്സിലായില്ല. അപ്പോഴാണ് മിസ്സിസ്സ് കെ. എം. മാത്യു എന്ന പാചകറാണീ രക്ഷക്കെത്തിയത്. അവരെഴുതിയ പുസ്തകത്തിന്റെ കവര്‍ നമ്മുടെ സ്വന്തം പാലപ്പമായിരുന്നു. (അതേന്നു, എന്റെ കമ്പ്ലീറ്റ് പാചക ഞാണിന്മേല് കളി ആയമ്മയുടെ രണ്ട് പുസ്തകത്തിനെ പുറത്തായിരുന്നു. ഭര്ത്തന് പറയുന്നത് ശരിക്കും അദ്ദേഹം അമ്മായമ്മയായി നമിക്കേണ്ടത് ഈ മാഡത്തിനെയാണെന്നാ. എല്ലാ ഭര്‍ത്തന്മാരും ഒരു വഹയാണെനേ, യേത്?) ഈ പടം കണ്ടതോടെ വീട്ടുടമസ്ഥയ്ക്ക് കുളിര്. “ഇതാണ് ലഹൊഹ്, ഇത് എന്റെ നാട്ടിന്നാ“. അവര്‍ യമന്‍കാരിയാണ്.
ലഹൊഹ് എങ്കില്‍ ലഹൊഹ്, ഇന്ന് വന്ന് ഗൂഗ്ലി. അപ്പോള്‍ കാര്യം സത്യമാണ്. ലഹൊഹ് യമനിഷ് ഡിഷ് ആണ്. എന്നാലും ഇന്‍ജെരയും ഒന്ന് ഗൂഗ്ലി.
എതാണ്ട് ഇങ്ങനെയാണ് കാര്യത്തിന്റെ കിടപ്പ് എന്ന് തോന്നുന്നു. എത്യൊപ്യ, സോമാലിയ, എറിട്രീയ എന്നീ രാജ്യങ്ങളില്‍, ടഫ് എന്ന ധാന്യം കൊണ്ടുണ്ടാക്കുന്ന ഇന്‍ജെര(injera) എന്ന ഒരു തരം അപ്പം ആണ് ഈ ലഹൊഹിന്റെ പൂര്വികന്. ഇന്‍ജെര ഭക്ഷണം കഴിക്കനുള്ള പാത്രമായും ഉപയോഗിക്കുന്നു. (നമ്മുടെ കോണ്‍ ഐസ്ക്രീം പോലെ. അവസാനം കോണും തിന്നാലോ). എറിട്രീയ, സോമാലിയ എന്നിവിടങ്ങളില്‍ ഇന്‍ജെരയെ ലഹൊഹ് എന്ന് തന്നെ പറയുന്നു. ഇതുണ്ടാക്കുന്നത് ടഫ് ധാന്യം പൊടിച്ച് ഉപ്പും എണ്ണയും ചേര്‍ത്ത് പുളിക്കാന്‍ വച്ചീട്ടാണ്. 3 മുതല്‍ 7 ദിവസം വരെ ഇങ്ങനെ വച്ച് പുളിപ്പിക്കുന്നത് കല്ലില്ലൊ, പാനിലോ ചുട്ടെടുക്കും. ലോകമാപ്പില്‍ നോക്കുമ്പോള്‍ എറിട്രിയയും യമനും തൊട്ടു തൊട്ട് കീടക്കുന്നു. ഒന്നുകില്‍ യമന്‍കാര്‍ എറിട്രിയക്കരില്‍ നിന്നും പഠിച്ച് ഇസ്രായേലിലേയ്ക്ക് വന്നപ്പോള്‍ കൂടെ കൊണ്ട് വന്നതാകാം. അല്ലെങ്കില്‍ ജൂതന്മാരൂടെ ഉത്ഭവസ്ഥാനമായ എത്യൊപ്യയയില്‍ നിന്നും അവരുടെ കൂടെ പോന്നതാവാം. ഇവിടെ ധാരാളം എത്യൊപ്യന്‍ ജൂതന്മാരുണ്ട്. രണ്ടാമത്തത് വഴി ഇത് കേരളത്തില്‍ എത്തിയിരിക്കാനാണ് സാദ്ധ്യത. (കേരളത്തില്‍ എത്യോപ്യന്‍സ്, യമന്‍, എട്രീയക്കാര്‍ ഒന്നും ഇല്ലല്ലൊ അല്ലേ?)
ഇവിടെ ലഹൊഹ് എങ്ങനെ ഉണ്ടാക്കാം എന്നൊരു പാചക കുറിപ്പ് കിടക്കുന്നു. ഹീബ്രു അറിയുന്നവര്‍ അത് വായിക്കുക. അല്ലത്തവര്‍ ഞാന്‍ എഴുതുന്നത് വിശ്വസിക്കുക.
ലഹൊഹ്
വേണ്ട സാധനങ്ങള്‍
1. ഗോതമ്പ് പൊടി -1 കിലോ
2. ഉപ്പ് -ഒരു റ്റീസ്പൂണ്‍
3. പഞ്ചസാര -1/4 റ്റീസ്പൂണ്‍
4. യീസ്റ്റ് - ഒന്നര റ്റീസ്പൂണ്‍
5. റവ - 2 കപ്പ്
6. എണ്ണ - ആവശ്യത്തിന്
7. ചൂടു വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1. യീസ്റ്റ് ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുക (ഇതു നമ്മള് ചെയ്യാറുള്ളതല്ലേ)
2.വലിയൊരു പാത്ത്രത്തില്‍ 5 കപ്പ് ചൂട് വെള്ളം എടുക്കുക. അതിലേയ്ക്ക് പഞ്ചസാര, ഉപ്പ്, യിസ്റ്റ് എന്നിവ യഥാക്രമം ഇടുക.
3.രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് റവ ഇടുക. ഒരു മിനുട്ട് ഇളക്കി കൊണ്ടിരിക്കുക. ഒരു കപ്പ് ചൂട് വെള്ളം കൂടെ ഒഴിക്കുക. അതിശേഷം റവ കുറുക്കിയത് വലിയ പാത്രത്തിലേയ്ക്ക് ഒഴിക്കുക ( ഇതല്ലേ നമ്മുടെ കപ്പ് കാച്ചല്?)
4.ഗോതമ്പ് പൊടി സാവധാനം പാത്രത്തിലേയ്ക്ക് ഇട്ടുകൊടുക്കുക. നന്നായി കുഴയ്ക്കുക. ഒരു തുണി കൊണ്ട് മൂടി ചൂടുള്ള സ്ഥലത്ത് പുളിയ്ക്കാനായി 2 മണിക്കൂര്‍ വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി, ആവശ്യമെങ്കില്‍ വെള്ളവുമൊഴിച്ച് കൊടുക്കണം.
5. ചുടുന്ന രീതി: പാനില്‍ എണ്ണ തൂത്ത് മാവ് ഒഴിക്കുക.
6. മാവിന്റെ ഉപരിതലത്തില്‍ ചെറിയ ഓട്ടകള്‍ (ഹോള്‍ ന്റെ മലയാളം എന്താ?) ഉണ്ടാകുന്നത് വരെ വലിയ ചൂടില്‍ വേവിക്കുക. അതിനു ശേഷം പാന്‍ മൂടി വച്ച് ചെറുതീയില്‍ വേവിക്കുക. അടിഭാഗം ചെറിയ ബ്രൌണ്‍ നിറം ആകുമ്പോല് എടുക്കാം.
7. അടുത്ത അപ്പം ചുടുന്നതിനു മുന്‍പ് പാന്‍ സ്വല്പം തണുപ്പിക്കുക.
( ഹോ, അങ്ങനെ ഞാനും ഒരു പാചക കുറിപ്പ് എഴുതി! എന്റമ്മേ.)
ഈ പാചക രീതി നമ്മുടേതുമായി സാമ്യമുണ്ടല്ലേ? നമ്മള് അരിയാണ് ഉപായോഗിക്കുന്നത് എന്ന് മാത്രം.
പാത്രം
ഇതുണ്ടാക്കുന്ന പാത്രത്തെ കുറിച്ചും ആ തോമയുടെ മകള്‍ ഇഞ്ചി ചോദിച്ചിരുന്നു.
അങ്ങനെ അന്വേഷണം വ്യാപിപ്പിച്ചു. എന്റെ എറ്റവും വലിയ ആശ്രയമായ ലാബ് എഞ്ചിനീയര്‍ രക്ഷയ്ക്കെത്തി. ആശാന് ഈ പടവും കുറിപ്പും കണ്ടപ്പോള്‍ ഓര്‍മ്മിച്ചെടുത്തു, ഇതിന്റെ അവര്‍ക്കിടയിലെ പേരു ലേഹേം തബൂന് എന്നാണ് എന്ന്. ലേഹേം എന്നാല്‍ ബ്രെഡ്, തബൂന് എന്നാല്‍ കളിമണ്‍ പാത്രം. (ബേത് എന്നാല്‍ വീട് (ഹൌസ്) അപ്പോള്‍ ബെത്ലേഹം എന്നാല്‍ ബ്രെഡിന്റെ വീട് (ഹൌസ് ഓഫ് ബ്രെഡ്), ലേഹേം എന്നാല്‍ മാംസം (ഫ്ലെഷ്) എന്നും അര്‍ത്ഥമുണ്ട്). ആ കളിമണ്‍ പാത്രമാണ് ഇവിടെ കാണുന്നത്. ഇത് കാനാന്‍കാരുടെ ആണെന്ന് ഈ സൈറ്റ് പറയുന്നു. ഇതിന്റെ വയറിനകത്ത് തീയിട്ട് മുകളിലെ തട്ടില്‍ അപ്പം ചുടുമത്രേ. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയിലെ ചട്ടികള്‍ക്ക് ഇതുമായി വിദൂര ബന്ധമുണ്ടോ ആവോ?
ഇഞ്ചി ഡിയര്‍ ഇത്രയും എഴുതിയപ്പോഴേയ്ക്കും ‘ബോറടിയുടെ ദൈവം‘ എത്തി. പെസഹായുടെ പുളിപ്പില്ലാത്ത അപ്പവും കൊഷര്‍ എന്ന കുന്ത്രാണ്ടവും പിന്നീടാകാം.
വാണിങ്ങ്: മേലാല്‍ ഇത്തരം ടഫ് ചോദ്യം ചോദിച്ചാല്‍ ഇഞ്ചിയെന്ന കുട്ടിയെ ക്ലാസ്സില്‍ നിന്നും പുറത്തക്കുന്നതയിരിക്കും, ജാഗ്രതൈ.
കടപ്പാട്: എന്റെ വീട്ടുടമസ്ഥ, ലാബ് എഞ്ചിനീയര്‍ , പിന്നെ ഞാന്‍ അറിയണ കുറെയേറെ ജൂത, അറബിക് സുഹൃത്തുക്കള്‍
സമര്‍പ്പണം: ഇഞ്ചിക്ക് തന്നെ (എന്താ സംശയം!)
27 comments:
ഇഞ്ചിക്കായ് ലഹൊഹ് എന്ന ഇസ്രായേല്‍ പാലപ്പം . ഇഞ്ചി ഇനിയെങ്കിലും ശ്വാസമെടുത്ത് ശ്വസിക്കൂ ഡിയര്‍
എനിക്ക് ഡാലിയെ വിശ്വാസമാ. ആന്ന്.:)
ഇത്രയൊക്കെ കഷ്ടപ്പെട്ട്...പാവം..നല്ല കുട്ടി ട്ടൊ. ശ്ശേ പഠിക്കാനുള്ള സമയമല്ലെ കളഞ്ഞത്. നല്ല രസായി എഴുതി.
qw_er_ty
ഡാലി,
കുറെ നാളായി ഈബ്ലോഗില്‍ വരാന്‍ ശ്രമിക്കുന്നു,പറ്റിയിരുന്നില്ല.ആദ്യായിട്ടാണ് ഇങ്ങനെയൊരു പാലപ്പം കാണുന്നത്.പിന്നെ എന്റെ കണ്ണിന്റെ കുഴപ്പാണോന്നറിയില്ല എനിക്ക് കറുത്ത കളറുള്ള ബ്ലോഗുകള്‍ വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്,അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ വളരെ പാടാണ്.ഡാലിയുടെ ബ്ലോഗ് ഞാന്‍ വായിച്ചു തുടങ്ങുന്നതേയുള്ളു...
ഡാലിക്കുട്ട്യേ, കിണര്‍ ഡണ്‍! കിണര്‍ ഡണ്‍!
അപ്പൊ മ്മടെ പാലപ്പത്തിന്റെ പൂര്‍വികരെ രണ്ടാളേയും കണ്ട് കിട്ടി. ഈ ഗോതമ്പ് ഇതില്‍ ചേര്‍ക്കാന്‍ തുടങ്ങിയത് ടെഫ് എന്ന ഗ്രെയിന്‍ കിട്ടാതായത് മുതാലാണെന്ന് തോന്നുന്നു. ആഹ്..അപ്പൊ ആ ഡോം ഷേപ്പ്ഡ് മണ്‍ചട്ടിക്ക് പകരമാവും ഇരുമ്പ് ചട്ടികള്‍ അങ്ങിനത്തെ ഷേപ്പില്‍ വന്നതല്ലേ? ഗുഡ്! ഹാവൂ ഞാന്‍ ശ്വാസം വിട്ടു....ഉമ്മ. നെറ്യേ ഉമ്മ!
ഇനി ചുമ്മാ പാലപ്പം എന്നൊക്കെ പറഞ്ഞോണ്ടിരിക്കാണ്ട് വേഗം റിസേര്‍ച്ച് ചെയ്ത് രണ്ട് നോബല്‍ മേടിക്കാ...;)
(എന്നാലും എന്റെ ഉപദ്രവം ഇച്ചിരെ കൂടിയൊ?)
ശ്ശൊ! എന്നാലും എന്റെ അപ്പാപ്പന്റേയും അപ്പന്റേയും പേരു തോമസ് എന്ന് മാറ്റുന്നതിനോട് ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ഇനി വെള്ളാപ്പ പുരാണം അറിഞ്ഞില്ല്യാന്നു വേണ്ട!
താങ്ക്സ് ഡാലി ചേച്ചി.
മാവേലി നാടു ഭരിക്കും കാലം മാനുഷരെല്ലാരും ഒന്നു പോലെ കഞ്ഞീം കുടിച്ചു ആര്‍ഷഭാരതത്തിന്റെ പതാകയുമുടുത്തു നടപ്പായിരുന്നു.
അപ്പോ ഒരു ചീനക്കാരന്‍ ചിന്നക്കടയില്‍ വന്നു ചായ ഉണ്ടാക്കി. പിന്നൊരറബി കാപ്പിയിട്ടു.
ബാര്‍ബര്‍ സോറി ബാബര്‍ എത്തിയപ്പോള്‍ ആകെ ഒരു എണ്ണമണം ഇന്ത്യയില്‍! മൂപ്പരുടെ തോളില്‍ ചാഞ്ചാടും മാറാപ്പില്‍ ബിരിയാണി (കുട്ടിയല്ല) ചപ്പാത്തി, റൊട്ടി (കപ്പടയും മഖാനിയും നമുക്ക് പണ്ടേ ശീലമില്ല) സമോസ, കബാബ്, ഫലൂദ, ഐസ് ക്രീം, ഹായ്!
പോര്‍ച്ചുഗീസുകപ്പലില്‍ കയറി കപ്പല്‍ മുളക്, പറങ്കി മുളക്, കൊല്ലമുളക് ,പറങ്കിയണ്ടി, കപ്പലണ്ടി. പേരക്കാ, സപ്പോട്ട, ഉരുളക്കിഴങ്ങ്.. ഒക്കെ ഇറക്കി കഴിഞ്ഞപ്പോ ദേ ഉരുണ്ടു വരുന്നു ഒരൊന്നൊന്നര കായ. മുക്കണ്ണന് പ്യാരു ത്യേങ്ങ്യാ (ക്രെഡി. കൈപ്പള്ളിക്ക്)
ആപ്പിളു വെള്ളായി കൊണ്ടുവന്നു, വെള്ളേപ്പം ജൂതന്മാരെത്തിച്ചെന്ന് ഇപ്പോ കേട്ടു. പുട്ടു പോര്‍ച്ചുഗീസില്‍ നിന്ന്. ഒക്കെ തിന്നപ്പോഴാണ് ആദ്യമായിട്ട് ഒന്നു വെളിക്കിരിക്കണമെന്ന് തോന്നിയത്, കക്കൂസ് ഡച്ചുകാര്‍ കൊണ്ടുവന്നു.
പ്രാചീനകാലത്ത് നാടു മൊത്തം താടികളും ബുദ്ധഭിക്ഷുക്കളും ജൈന സന്യാസിമാരും 24x7 ധ്യാനത്തിലായിരുന്നെന്ന് ആരെങ്കിലും സഞ്ചാരികള്‍ എഴുതി വച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധരിച്ചതാ. എന്നും കുന്നും പച്ചച്ചോറുണ്ട് വട്ടു പിടിച്ച് തലക്ക് കൈ കൊടുത്തിരിക്കുന്ന നാട്ടുകാരെ
കണ്ട് തെറ്റിദ്ധരിച്ചതാവും.
ബിന്ദൂസേ, പഠിക്കാനുള്ള നേരം എങ്ങനേങ്കിലും ഒക്കെ കളയല്‍ കൊച്ചിലേ ഉള്ളതാ. തിന്നുക എന്നതല്ലാതെ കുഴി എണ്ണുന്ന ശീലം പണ്ടേ ഇല്ല. ഇഞ്ചിക്കാണ് ക്രെഡിറ്റ്. ഇഞ്ചി ചോദിച്ചില്ലയിരുന്നെങ്കില്‍ ഞാന്‍ ഇതൊന്നും അന്വേഷിക്കനേ മിനക്കെടില്ലായിരുന്നു. വായിച്ചതില്‍ ബഹുത്ത് ഖുശി.
സിജിയേ, കറുപ്പ് എന്റെ ഒരു വീക്ക്സ്സ് ആണെന്ന് പറയാം. കറുപ്പും വെളുപ്പും കൊംബിനേഷന്‍സ് എനിക്കെത്രയായലും മടുക്കില്ല.ഇനിപ്പോ ഈ ടെമ്പ്ലീറ്റ് മാറ്റേണ്ടി വരോ? നന്ദീട്ടോ വായിക്കണേന്
ഇഞ്ചിസേ, എന്റെ അപ്പാപ്പന് കുരങ്ങന് എന്നു പറഞ്ഞാലും സംശയ തോമ എന്ന് പറഞ്ഞാലും എനിക്ക് ഫീലിക്കില്ല. ഞാന്‍ പറയും ശരിയാ കുരങ്ങണ്ടെ എതൊക്കെയോ പ്രകൃതിയോടിണങ്ങാനുള്ള നന്മ ഇനിയും എനിക്ക് ബാക്കിയുണ്ട്. സംശയം പൈതൃകമായി കിട്ടിയതൊണ്ടാ ചോദ്യം ചോദിക്കനുള്ള കഴിവുണ്ടായേ എന്നൊക്കെ. ഇഞ്ചിയുടെ എതിര്‍പ്പിനെ മാനിച്ച് ഞാന്‍ തോമാ പ്രയോഗം നിരുപാധികം പിന്‍വലിക്കുന്നു.
ഉപദ്രവം ഉണ്ടായതോണ്ട് ഇതന്വേഷിച്ചറിഞ്ഞു. അല്ലെങ്കില്‍ അപ്പം മാത്രം തിന്നേനെ :). താങ്ക്സ് ഫോര്‍ ഇന്സ്പിരേഷന്. (പ്രേരണാകുറ്റത്തിനാ കേസ്)
റിസേര്‍ച്ചിന് നോബലിനു പകരം നോവല്‍ (വേദന) ഇടയ്ക്കൊക്കെ കിട്ടുന്നുണ്ട് ;)
പിന്നെ ഇഞ്ചി ഇന്‍ജെരയില്‍ യീസ്റ്റൊ മറ്റ് ഫെര്മെന്റേഷന് സാധനങ്ങളൊ ഇല്ല. സ്വയം പുളിക്കല്‍ ആണ്. അതാണ് നമ്മുടെ അപ്പവും ഇന്‍ജെരയും തമ്മിലുള്ള പ്രധാന വ്യതാസം. ഇവിടേയും ചിക്കനില്‍ ധാരാളം സവാള ചേര്‍ത്തുണ്ടാക്കുന്ന ഒരു കറി കൂട്ടിയാണ് ഇവര്‍ ലഹൊഹ് കഴിക്കണേ!
പീലികുട്ടിയേയ്, പുരാണങ്ങള്‍ കേള്‍ക്കാന്‍ എനിക്കും ഇഷ്ടാണ്. തൃശ്ശൂര്ക്കരിയണൊ ഈ കുട്ടി? വെള്ളേപ്പം എന്ന് പറയണു?
ദേവേട്ടാ, ത്യേങ്ങ പോര്‍ച്ചുഗീസുകാരുടെ വകയാ? അതൊരു ഭയങ്കര ഷോക്കയിട്ടാ! ഈ നാളികേരത്തിന്റെ പേരിലാ ഞാന്‍ ഇവിടെ പിടിച്ച് നില്ക്കണത്. അപ്പോ അതും നമ്മടെ അല്ലെ?
റബറാണെങ്കില്‍ ബിലത്തികാര് കൊണ്ട് വന്നു.
ഇതാണ് പറയണത് അധികം കുഴിക്കണ്ടാന്ന്. അവസാനം അവകാശപ്പെടാന്‍ ഒന്നും ഉണ്ടായില്ലെങ്കിലോ?
അവസാന പാര വായിച്ച് അറിഞ്ഞു ചിരിച്ചു തേവരെ. “പച്ചചോറുണ്ട് തലയ്ക്ക് കൈകൊടുത്തിരിക്കുന്ന താടികളും ഭിക്ഷുക്കളും.“ കേമായി. അപ്പോ പച്ചരി പണ്ടേ ഉണ്ടായിരുന്നൂലേ. ഭാഗ്യം. വീണ്ടും പച്ചരി കൃഷിയിലേക്ക് തന്നെ പൂവാം. ഒന്നൂലേലും തമിഴന്റെ ഭള്ള് കേട്ട് കഞ്ഞി കുടിക്കണ്ടല്ലോ.
ഡാലീ, ലഹോഹ് ചരിതം കലക്കി!
തേങ്ങ പോർചൂഗീസുകാരാണോ കൊണ്ടുവന്നത് ദേവേട്ടാ?
ഡാലി ഒരു പാടു കഷ്ടപ്പെട്ടല്ലോ വെള്ളേപ്പത്തിന്റെ ഉത്ഭവം കണ്ടു പിടിക്കാന്‍. :-)വിവരണം നന്നായി.
ദേവേട്ടാ. പോര്‍ച്ചുഗീസുകാര്‍ തേങ്ങാ കൊണ്ടു വന്നെന്നൊ? അത് ഞാന്‍ എങ്ങിനെ വിശ്വസിക്കും? അപ്പൊ അതിനു മുന്നെ പിന്നെ കേരളത്തില്‍ എന്തായിരുന്നു?
ഡാലിയേ, വെറുക്കനെ പറഞ്ഞതില്ല്യോ..
തോമസിന്റെ കൊച്ച് മോള് തന്ന്യാ :)
അപ്പത്തിന്റെ കുഴിയെണ്ണാന്ന് പറഞ്ഞാല്‍ ഇതാണ്.
ഡാലി, മെനക്കെട്ടിരുന്ന് പത്തിരി ഉണ്ടാക്കി നടുവേദന ഉണ്ടാക്കാറുണ്ട് വടക്കത്തികള്‍. മൈലാഞ്ചിയൊക്കെ കരിയിച്ച അപ്പം കാണിച്ച് കഥയെഴുതാന്നല്ലാതെ, പത്തിരിയുടെ മറുപുറം(ചരിത്രം) ചികയിണല്ലോ പടച്ചോനെ (ഇതൊരു വെല്ലുവിളിയായിയെടുത്തോട്ടെ).
ഈ ഗിമണ്ടന് അപ്പം ഉണ്ടാക്കാന്‍ ജന്മത്തിലൊക്കില്ലെങ്കിലും ചരിത്രം പഠിക്കാനായല്ലോ..
ഡാലീ ദോശയും ഒന്നു കുഴിച്ചു നോക്കൂ പ്ലീസ് :)
ഡാലിയേ ഞാന്‍ വായിച്ചു വായിച്ചു ഗൂഗിളിന്റെ അറ്റത്തെത്തി.. വെള്ള ജൂതക്കാര്‍ വരുന്നതിനു മുന്‍പേ കറുത്ത ജൂതക്കാര്‍ (എത്തിയോപ്പ്യന്‍ ) ആളുകള്‍ നമ്മട നാട്ടില്‍ എത്തിയിരുന്നവെന്ന് എനിക്കിപ്പളാണ് മനസ്സിലായെ...അപ്പൊ ഈ കറുത്ത ജൂതക്കാര്‍ വല്ലോം കൊണ്ട് വന്നതാവും. അല്ലെങ്കില്‍ അറബ് രാജ്യങ്ങളുമായി നമുക്ക് പണ്ടേ വ്യവഹാരം (അമ്മെ!) ഒക്കെ ഉണ്ടായിരുന്നില്ലെ..ഹും..ഹും..അപ്പൊ അപ്പൊ അതു തന്നെ..
കലേഷേട്ടാ, ഡാങ്ക്യൂ ഡാങ്ക്യൂ.. ഈ ദേവേട്ടന് എന്താ മിണ്ടാത്തെ? തേങ്ങ കൈവിട്ടു പോയോ ബ്ലൊഗ് കുട്ടിച്ചത്തന്മാരേ
മുസാഫിര്‍, നന്ദീട്ടൊ
ചിലനേരത്ത് ഇബ്രു, ദോശ കഴിച്ചാലും ഇത്തരം ആശയൊന്നും ഉണ്ടാക്കില്ല ;)
ഇഞ്ചി, ഇവിടെ വന്നു കറുത്ത ജൂതന്മാരെ കണ്ടതിനു ശേഷമാണ് എനിക്കവരുടെ ചരിത്രത്തില്‍ താല്പര്യം തോന്നി വായിക്കാന്‍ തുടങ്ങിയത്. ഇവിടെ എത്തണ വരേയ്ക്കും ജൂതന്മാരൊക്കെ എനിക്ക് വെളുത്തോരായിരുന്നു!
പിന്നെ ഇബ്രുവും മറ്റുപലരും പറയുന്നുണ്ട് യമനില്‍ നിന്നും ധാരാളം പേരു കേരളത്തില്‍ ഉണ്ടെന്ന്. ആ വഴിയ്ക്കും കേരളത്തില്‍ എത്താന്‍ സാധ്യതയുണ്ട് നമ്മടെ പാലപ്പം.
തേങ്ങ കൊണ്ടുവന്നത് പോര്‍ച്ചുഗീസ് കാര്‍ തന്നെ
1970 കളിലാണ്, അമേരിക്കയിലെ ഇസ്രയേല്‍ എംബസിക്കു മുന്നില്‍ 2 സ്ത്രീകള്‍ ഓരോ പ്ലക്കാര്‍ഡുമായി നിന്നത്. ഒരാള്‍ എലന്‍ സീഗല്‍, അപര ഡോ:ഗദാ കാര്‍മി. ഗദായുടെ പ്ലക്കാര്‍ഡില്‍ നാം വായിക്കുന്നു: "ഞാന്‍ ഒരു ഫലസ്തീനി അറബി. ജനിച്ചത് ജറൂസലമില്‍. എന്റെ വീട് ജറൂസലമില്‍. പക്ഷേ എനിക്ക് ജറൂസലമിലേക്ക് മടങ്ങാന്‍ അവകാശമില്ല". എലന്റെ പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നു: "ഞാനൊരു അമേരിക്കക്കാരിയും യഹൂദിയും. ജനിച്ചതും ജീവിക്കുന്നതും അമേരിക്കയില്‍. ഇസ്രയേല്‍ എന്റെ വീടല്ല. എന്നാലും എനിക്കവിടേക്ക് ചെല്ലാന്‍ അവകാശമുണ്ട്"!!
(ജറൂസലം: കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം
അയ്യോ ഇവിടെ ഇത്രേം ചര്‍ച്ച നടന്നോ? ഞാന്‍ കണ്ടില്ല. തഥാഗതന് ഭായി ഉത്തരവും പറഞ്ഞല്ലോ. ഇനിയിപ്പോ ഞാന്‍ എന്തു തേങ്ങാ എഴുതും?
തേങ്ങ അമേരിക്കക്കാരനാണോ ഫിലിപ്പിനോ ആണോ എന്ന് ഓരോരുത്തരും തേങ്ങാക്കൊല വലിപ്പമുള്ള പ്രബന്ധമെഴുതുന്നുണ്ട്. വടക്കേയിന്ത്യയുടെ രാജസ്ഥാനിലും പാകിസ്ഥാനില്‍ എങ്ങാണ്ടും തെങ്ങ് ഫോസ്സില്‍ രൂപത്തില്‍ കിട്ടിയിട്ടുണ്ട്. കാളിദാസനും എന്തോ തേങ്ങ എഴുതീട്ടുണ്ടെന്ന് കയര്‍ ബോര്‍ഡിന്റെ ബോര്‍ഡിലുണ്ട്. പക്ഷേ "കേരം തിങ്ങും കേരള നാട്ടില്‍" ഇതിന്റെ പൊടി പോലും ഇല്ലായിരുന്നു ഒരഞ്ഞൂറു കൊല്ലം മുന്‍പുവരെ. ലോകത്തെങ്ങും തേങ്ങാ പാകി കിളിര്‍പ്പിച്ചത് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും സ്പെയിങ്കാരും ഒക്കെയാണ്. ഇവരില്‍ പോര്‍ച്ചുഗീസുകാര്‍ തേങ്ങ കേരളത്തില്‍ എത്തിച്ചെന്നാണ് ഗവേഷണങ്ങള്‍ (ആല്‍ബുക്കര്‍ക്കിന്റെ ഡയറിയിലും അങ്ങേരു മലയാളിയെ തേങ്ങാക്കൊല കാണിച്ചെന്നോ മറ്റോ ഉണ്ടത്രേ.)
മുകളില്‍ കമന്റ് എഴുതിയ ആളിനോട് അറിയപെടുന്ന ആളുകളുടെ പേര് ഉപയോഗിച്ച് എഴുതരുതെന്ന് അപേക്ഷ . ആങ്ങ് സൂച്ചീ മലയാളം എഴുതില്ലെന്ന് അറിഞ്ഞുകൂടാഞ്ഞിട്ടൊന്നുമല്ല. ഇന്റര്‍നെറ്റില്‍ അതു പൊതുവേ പ്രോത്സാഹിപ്പിക്കപ്പെടാറില്ല. ഗാന്ധിയെന്നും മണ്ടേലയെന്നും ഒക്കെ പേരില്‍ ആളുകള്‍ ബ്ലോഗ് തുടങ്ങാത്തതിന്റെ കാരണം അതാണ്.
ദേവേട്ടാ,
തേങ്ങയെ കുറിച്ച് വെറുതെ എഴുതി പോകല്ലേ എന്നു പറയാനിരിക്കാര്ന്നു. പിന്നെ എനിക്കു വായിച്ചാലെന്താ എന്നു തോന്നി. അപ്പോ തേങ്ങാകൊല ചരിത്രം വായിക്കാര്‍ന്നു. 500 കൊല്ലം മുന്നേ നമ്മടെ സ്വന്തം തേങ്ങ ഇവിടെ ഇല്ലാര്ന്നുന്ന് കേട്ട് കണ്ണും തള്ളി. നെഞ്ചും പൊള്ളി ഇരിക്യാ.നമ്മക്കെന്താ ഇടാര്ന്നേന്നാണ് ഇനി ഗവേഷിക്കനുള്ളത്.
മുന്നിലെഴുതിയ പോലത്തെ ആളോള് ഈ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരാ തേവരേ. ഇസ്രായേല്‍ എന്ന് കേട്ടാ രണ്ട് പറഞ്ഞില്ലെങ്കി ശ്വാസം കിട്ടില്ല. സാരല്യാ, ഇവിടെ പറഞ്ഞെങ്കിലും ആശ്വസിക്കട്ടെ.
തഥഗതോ: നന്ദീട്ടോ
മനുഷ്യരായ മനുഷ്യരെയൊക്കെയും കൊന്നും വീടുകള്‍ തകര്‍ത്തും മന്ത്രിമാരേയും പാര്‍ലമന്റ് അംഗങ്ങളെപ്പോലും കസ്റ്റഡിയിലെടുത്തുംകൊണ്ടിരിക്കുന്ന ഇസ്രയേല്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും എന്റെ കൈ തരിക്കും ഡാലീ. അത് അവിടെ ഫലസ്തീനില്‍ പിടഞ്ഞു വീഴുന്ന ആയിരങ്ങളോടുള്ള ബഹുമാനം കൊണ്ടാണ്. പുണ്യവാളന് ചമഞ്ഞ് ഇസ്രയേലിന്റെ ഭീകര പോളിസികളെ വെള്ള പൂശാന്‍ നടക്കുന്ന തന്നെപ്പോലെ ഇസ്രയേല്‍ എന്നത് ഒരു പാവം വെള്ളയപ്പം മാത്രമായി ഞാനെന്തായാലും മനസ്സിലാക്കിയിട്ടില്ല മാഡം!
അതിപ്പം പലസ്റ്റീനില്‍ പിടഞ്ഞു വീഴുന്നവരോടുള്ള സഹാനുഭൂതി ഒന്നും അല്ല. ജാതി സ്പിരിറ്റ് ആണ്. കാരണം അവിടെ പിടഞ്ഞു വീഴുന്നത് എന്റെ ജാതിയില്‍ പെട്ടവരാ. അല്ലേ ആംഗേ. അല്ലെങ്കില്‍ ഇവിടെ കാശ്മീരിലും. അഫ്ഗാനിലും, ഇറാഖിലും ഒക്കെ പിടിഞ്ഞു വീഴുന്നവരോട് എന്താ ഈ അനുഭൂതി ഇല്ലാത്തെ. അവിടെ എന്റെ മതത്തില്‍ ഉള്ളവരെ കൊല്ലുന്നത് എന്റെ മതത്തില്‍ പെട്ടവര്‍ തന്നെയാ അതിനു നിങ്ങള്‍ക്ക് എന്താ. അല്ലേ ആംഗേ. ഇതെല്ലേടോ തന്റെ ലൈന്‍ . ആദ്യം കുറച്ച് ഔചിത്യം പാലിക്കാന്‍ പഠിക്ക്. പാലപ്പത്തെ കുറിച്ചുള്ള പോസ്റ്റില്‍ അവന്റെ അമ്മയുടെ പാലസ്റ്റീനും വര്‍ഗ്ഗീയതയും. എന്നാടോ തനിക്കൊക്കെ വിവരം വയ്ക്കുന്നത്. ഡാലീ മാപ്പ്. മറ്റവന്റെ വര്‍ത്തമാനം കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയാതിരിക്കാന്‍ പറ്റിയില്ല. മാപ്പ്. ഇത് വിഷമമായെങ്കില്‍ ഡിലീറ്റ് ചെയ്തോളൂ.
പാലപ്പത്തിനെ കുട്ടിച്ചോറാക്കിയോ?
അപ്പത്തിന്റെ മാവില്‍ വിഷം ചേര്ക്കുന്നവരേ, നിങ്ങളാരും മിസൈലാക്രമണത്തില്‍ പെട്ട യൂണിവേര്സിറ്റി വിട്ടോടി ബങ്കറിലൊളിച്ച ഡാലിയെ അറിയില്ല. അവര്‍ അവിടെയിരുന്ന് എഴുതിയതെന്തെന്നും കണ്ടിട്ടില്ല. അവരുടെ വിവരം കിട്ടാതെ ബൂലോഗത്ത് വിഷമിച്ചു നടന്നവര്‍ ജൂതപക്ഷക്കാരായിരുന്നോ എന്നും അവരിലെത്ര ഇസ്ലാം വിശ്വാസികളുണ്ടായിരുന്നെന്നും അറിയില്ല.
ജൂതനായി ജനിച്ച പേരില്‍ ക്രിസ്തുവിനെ വെറുക്കാനാവുന്നില്ല. ഐന്‍സ്റ്റീനെയും കാള്‍ സെഗനേയും ഹോഫ്മാനെയും വുഡി അലനെയും സ്പീല്ബെര്ഗിനെയും വെറുക്കാനാവുന്നില്ല.
ജോനാസ് സാള്‍ക്ക് എന്ന ശാസ്ത്രജ്ഞനെ എതിര്‍ത്ത് ഞാന്‍ ലേഖനമെഴുതിയത് അയാള്‍ ജൂതനായതുകൊണ്ടല്ല. എഡ്വാര്‍ഡ് ടെല്ലറെ വെറുക്കുന്നതും അയാള്‍ ജൂതനായതുകൊണ്ടല്ല.
ഇസ്ലാമിക മതത്തിനെ അളവറ്റു സ്നേഹിക്കുന്ന ഒരു മനുഷ്യന് സ്ഥാപിച്ച പ്രസ്ഥാനത്തിലിരുന്ന് ഞാന്‍ ഓറക്കിള്‍ ഉപയോഗിച്ച് ഡെല്‍ കംമ്പ്യൂട്ടറിലൂടെ ജോലി ചെയ്യുന്നു. ഈ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ച കമ്പനിയുടെ CEO ഒരു ജൂതനാണ്.
ഒരു പക്ഷവുമില്ലാത്ത, പക്ഷപാതവുമില്ലാത്ത, പക്ഷം പിടിച്ചാല്ക്കൂടി പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയാത്ത ഡാലിയെ കാണുമ്പോള്‍ കൈ തരിക്കുന്നെന്നോ? എന്തിന്റെ പേരില്‍?
[സൂച്ചീ കഴിഞ്ഞപ്പോള്‍ കുഗ് എത്തി. ആള് മാറാട്ടം ദയവായി നിര്‍ത്തുക]
ഓപ്പറേറ്റിംഗ് സിസ്റ്റം ഞാനുപയോഗിക്കുന്നതാണെങ്കില് ചെയര്മാന് & ചീഫ് സോഫ്റ്റ്വെയര് ആര്‍ക്കിടെക്റ്റാണ്.
ചുമ്മാ ഒരു സപ്പോര്‍ട്ട തരാന്‍ വന്നതാ, ജാതി പറയാനല്ല :-)
ഡോ: കൂഗ്.............
അല്ല സാറേ ആരാ ഇവിടെ മതവും ജാതിയും പറഞ്ഞേ? എന്തിന് വേണ്ടിയാണ് സാര്‍ ആവശ്യവില്ലാതെ ഈ മതത്തേയും ജാതിയേയും ഇങ്ങോട്ടെഴുന്നള്ളിക്കുന്നേ? പലസ്തീന് ഒരു രാഷ്ട്രീയ പ്രശ്നമാണ്, രാഷ്ട്രീയമായ ചര്‍ച്ചയും രാഷ്ട്രീയമായ പരിഹാരങ്ങളുമാണ് അതിനാവശ്യം. അതിനു പകരം ഏതെങ്കിലും ഒരു ജാതി- മതവിഭാഗത്തെ ഈ പ്രശ്നം ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ പ്രശ്നത്തെ വര്ഗീയവല്ക്കരിക്കാമെന്നല്ലാതേ വേറെ എന്തുണ്ട് സാര്‍ മെച്ചം? മനുഷ്യനെ മനുഷ്യനായിക്കാണാന്‍ പഠിക്ക് സാര്‍, മതവും ജാതിയും കള, അതൊക്കെ പഴയ അടവുകളല്ലേ!
ഇവിടെ ഇപ്പോള്‍ ആങ്ങും കൂങ്ങും കൂടെയായോ അടി.
പാലപ്പവും പലസ്തിന് പ്രശ്നവും തമ്മിലുള്ള ബന്ധം എനിക്ക് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. അല്ല ബന്ധം ഉണ്ടല്ലോ. രണ്ടിന്റേയും പേര് തുടങ്ങുന്നത് “പ”-യില്‍ ആണ്. രണ്ടാമത്തെ അക്ഷരം “ല” ആണല്ലോ.
ഔചിത്യം എന്ന വാക്കിനു എത്ര പ്രസക്തി ഉണ്ടെന്നു ഇത്തരം കമെന്റ് വായിക്കുമ്പോഴാ മനസ്സിലാകുന്നത്.
ഡാലി, അപ്പകഥയിട്ടാലും രാഷ്ട്രീയ സംഘട്ടനത്തിലേക്ക് കമന്റ്
കാര്യങ്ങള്‍ വലിച്ച് കൊണ്ടു പോകുന്നു. എന്നാലീ കമന്റുകാര്‍ക്ക്
കാണുന്ന ആവേശത്തിന്റെ നാലിലൊന്ന് പോലും പലസ്തീനിലെ രാഷ്ടീയ നേതാക്കന്മാര്‍ക്കില്ല.
ഇപ്പോ ഹമാസും ഫത്തായും ചേര്‍ന്നായി തമ്മില്‍ തല്ല്.
പി എല്‍ ഓ വിന്റെ കരുത്തുറ്റ(ധനികനായ പിച്ചക്കാരന്) നേതാവിന്റെ മയ്യിത്ത് വിട്ട് കിട്ടാന്‍ മില്യണ്‍ കണക്കിന് ഡോളര്‍ പേശി വാങ്ങി പൊണ്ടാട്ടി.
കാര്യങ്ങള്‍ അറിഞ്ഞിട്ടാണോ
അതോ അറിയാഞ്ഞിട്ടാണോന്നറിയില്ല, ഇസ്രായേലെന്ന് കേട്ടാല്‍ പലസ്തീനിന്റെ രാഷ്ട്രീയം ചിലര്‍ക്ക്
കത്തുന്നു. കേരളത്തിലെന്നല്ല, അറബ് രാജ്യങ്ങളില്‍ ആകെ തന്നെ ഈ ആവേശം കത്തിക്കുന്നത് കൊണ്ട് നല്ല ഗുണമുണ്ട്
ഈജിപ്തില്‍ 25 വര്‍ഷമായി 99.99 ശതമാനം ഭൂരിപക്ഷത്തില്‍ ഹുസ്നി മുബാറക്, മറ്റിടങ്ങളില്‍ വാപ്പ പോയപ്പോള്‍ അധികാരത്തില്‍ വരുന്ന മക്കള്‍ അങ്ങിനെയങ്ങിനെ.
ആവേശിക്കൂ ആവേശിക്കൂ , പാലപ്പത്തിനെ വെറുതെ വിടൂ :)
എന്ത്? വെള്ളത്തിലൊഴുകിപ്പരന്ന് അങ്ങുമിങ്ങും വീണു ലോകത്തെമ്പാടും പരന്നതായി നോം ധരിച്ചുവെച്ചിരുന്ന തെങ്ങാമരത്തെ പരത്തിയതു പറങ്കിയെന്നോ? റെഫറന്‍സ് കൊടുക്കുകയോ ഈ-മെയില്‍ ചെയ്യുകയോ ചെയ്യൂ ദേവാ.
ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...
Post a Comment