Thursday, May 08, 2008
ഫ്രം ബെയ്‌റൂട്ട് റ്റു ജറുസലം
അങ്ങനെ ഒരു ദിവസം നോക്കുമ്പോള്‍ ചിരിച്ചു കൊണ്ടതാ കിടക്കുന്നു ‘ഫ്രം ബെയ്‌റൂട്ട് റ്റു ജെറുസലം‘! ഹേയ് ഇതു നമ്മുടെ ‘അനോണി ആങ് സ്വീ ചായ്‘ പറയുന്ന പുസ്ത്കമല്ലേ! ‘ഹൌ! ഈ ഇസ്രായേല്‍ക്കാരുടെ ഒരു ജനാതിപത്യ ബോധം, നമിക്കണം. സ്വന്തം ക്രൂരതകള്‍ വിവരിക്കുന്ന പുസ്തകം ആയിരുന്നിട്ടു് കൂടി അനുവദിക്കുന്നതു് കണ്ടില്ലെ! ഇന്ത്യയിലായിരുന്നെങ്കില്‍ ഇപ്പോള്‍ ‘നിരോധിച്ചേനെ‘ എന്നൊക്കെ ആലോചിച്ചു് പുറം ചട്ട നോക്കി, “if you are only going to read one book on the middle east, this is it“ എന്നൊക്കെ എഴുതി വച്ചിരിക്കുന്നു. ഇതു് തന്നെ വായിക്കേണ്ട പുസ്തകം. പിന്നെ നോക്കുമ്പോള്‍ ഷിമോണ്‍ പെരസിന്റെ ഒരു പുസ്തകം ‘ദ് ന്യൂ മിഡില്‍ ഈസ്റ്റ്‘. വായിക്കുമ്പോള്‍ രണ്ടുഭാഗവും വായിക്കണമല്ലോ. അതിനേയും കൂട്ടാം. ‘റ്റു ജെറുസലം ആന്‍ഡ് ബാക്ക്‘ എന്നൊരു പുസ്തകവും കൂടെ എടുത്തു് അന്നു് ചന്തയില്‍ നിന്നും ഇറങ്ങി.
രണ്ടു് ദിവസം ആ പുസ്തകങ്ങള്‍ തൊട്ടില്ല. മൂന്നാം ദിവസം ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ വായിക്കാനെടുത്തു. ആദ്യത്തെ പേജില്‍ ‘ഫ്രം ബെയ്‌റൂറ്റ് റ്റു ജെറുസലം‘ തോമസ് ഫ്രൈഡ്മാന്‍. ഹെയ് ഇതാരു്! അനോണി പറയുന്ന പുസ്തകം ഡോക്റ്റര്‍ ആങ് സ്വീ ചായ് എഴുതിയതാണല്ലോ. എല്ലാത്തിനും ഉത്തരം പറയുന്ന ആള്‍ ഗൂഗിള്‍. തപ്പി. ഉത്തരം കിട്ടി. രണ്ടു് പുസ്തകങ്ങള്‍ ഉണ്ടു് ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ എന്ന പേരില്‍. ഡോക്ടര്‍ ആങ് സ്വീ ചായ് എഴുതിയതും തോമസ് ഫ്രൈഡ്മാന്‍ എഴുതിയതും. രണ്ടും പ്രസിദ്ധീകരിച്ച വര്‍ഷം 1989. എന്നെ പോലെ തന്നെ പലര്‍ക്കും പുസ്തകം മാറി പോയിരിക്കുന്നു. ഓഹോ കൊള്ളാമല്ലോ!
വീണ്ടും തിരഞ്ഞു. തോമസ് ഫ്രൈഡ്മാന്‍ ആളത്ര നിഷ്പക്ഷന്‍ അല്ല. ഇസ്രായേല്‍ പാലസ്തീന്‍ അനുരഞ്ജനത്തിന്റെ പിന്തുണക്കാരന്‍ ആണെങ്കിലും ഇസ്രായേല്‍ പക്ഷപാതി ആണെന്നു് പല സൈറ്റുകളും പറയുന്നു. വിക്കിയിലാണെങ്കില്‍ അയാളെക്കുറിച്ചുള്ള വിവാദങ്ങളുമുണ്ടു്. എങ്കില്‍ പിന്നെ ഏതു് പുസ്തകമാണാദ്യമിറങ്ങിയതെന്നു് നോക്കാം. പുസ്തകത്തില്‍ ഫ്രൈഡ്മാന്‍ ഒപ്പു് വച്ചിരിക്കുന്നതു് മാര്‍ച്ച് 1989 നു്. പുസ്തകം ഇറങ്ങിയതു് ജൂലായിലോ സെപ്റ്റംബറിലോ ആണു്. ഡോക്ടര്‍ ആങ് സ്വീ ചായുടേതാവട്ടെ 1989 ഫെബ്രുവരിയിലെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടു്. 1989 ലെ നാഷണല്‍ ബുക്ക് അവാര്‍ഡ് ഫ്രൈഡ്മാന്റെ പുസ്തകത്തിനു് കിട്ടിയിരിക്കുന്നു. 1983-ല്‍ ലെബനോനില്‍(ബെയ്‌റൂട്ടില്‍, പ്രത്യേകിച്ചും സാബ്ര-ഷാറ്റില കൂട്ടകൊല റിപ്പോര്‍ട്ടിംഗിനു്)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും 1988-ല്‍ ഇസ്രായേലില്‍(ജെറുസലം)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും പുലിസ്റ്റര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടു് ഫ്രൈഡ്മാനു്. (സാബ്രാ-ഷാറ്റില കൂട്ടക്കൊലയ്ക്കു് ശേഷം ആദ്യം ക്യാമ്പിനകത്തു് കടന്ന ആളുകളുടെ പേരിലൊന്നും ഫ്രൈഡ്മാന്റെ പേരു് കണ്ടില്ല)
പുസ്തകത്തെക്കുറിച്ചൊരു റിവ്യൂ വായിച്ചു. ആദ്യഭാഗത്തു് കടിച്ച് പിടിച്ചു് ലെബനോനിനെ കുറിച്ചും ഇസ്രായേലിനെ കുറിച്ചും അശുഭ ചിന്തായാണുള്ളതെന്നു് പറയാന്‍ ശ്രമിച്ചെങ്കിലും രണ്ടാം ഭാഗത്ത് ഇസ്രായേലിനോടുള്ള മാനസിക അടുപ്പം തെളിഞ്ഞു് കാണാം. പുസ്തകം വെറുതെ മറിച്ചു് നോക്കി. സാബ്ര ഷാറ്റില കൂട്ടകൊലയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു എന്നു് പുസ്തകത്തില്‍. നോക്കിയ മിക്ക സൈറ്റുകള്‍ക്കും മൂവായിരത്തിനു് മുകളിലുള്ള കണക്കാണ്. വിക്കി പറയുന്ന കണക്ക് 700-3500. എന്തോ കുറേ അക്ഷരത്തെറ്റില്ലേ? പുസ്ത്കം അടച്ചു. ഇനി ഡോക്ടര്‍ ആങ് സ്വീ ചായുടെ പുസ്തകം കിട്ടിയിട്ടു് ഇതു് വായിക്കാം. വിദേശത്തു് നിന്നും പുസ്ത്കം വാങ്ങുന്നവര്‍ പുസ്തക കര്‍ത്താവിന്റെ പേരു് നോക്കി വാങ്ങുക. കേരളത്തില്‍ ഡി.സി യുടെ സൈറ്റിലൊക്കെ ആങ് സ്വീ ചായുടെ പുസ്തകം മാത്രമേ കണ്ടുള്ളൂ.
എന്തായാലും ഒരു വഴിക്കിറങ്ങിയതല്ലേ. മറന്നു് പോകാതിരിക്കാനായി കുറച്ച് കാര്യങ്ങള്‍ കൂടി എഴുതിയിട്ടേക്കാം.
ഡോക്ടര്‍ ആങ് സ്വീ ചായ്
മലേഷ്യയില്‍ ജനിച്ചു് സിങ്കപൂരില്‍ വളര്‍ന്ന ഡോ: ആങ്ങ് സ്വീ ചായ് ബിരുദത്തിനു ശേഷം ഇംഗ്ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്നു് ലണ്ടനിലെ സെന്റ് ബെര്‍ത്തലോമിയ ആശുപത്രിയില്‍ ആദ്യ വനിത ഓര്‍ത്തോപീഡിയാക് സര്‍ജനായി ജോലി നോക്കുകയും ചെയ്തു. ഇസ്രായേലിനെ പിന്തുണച്ചു് കൊണ്ടു് വളര്‍ന്നു് വന്ന അവര്‍ 1982-ഇല്‍ ഇസ്രായേലിന്റെ ബെയ്‌റൂട്ട് ബോംബിംഗ് ടെലിവിഷനില്‍ കണ്ടതിനു ശേഷമാണു് തന്റെ ഇസ്രായേല്‍-അറബ് വീക്ഷണങ്ങളില്‍ മാറ്റം വരുത്തിയതു്. പിന്നീടു് ബെയ്‌റൂട്ടില്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കാന്‍ ഒരു എല്ലുശസ്ത്രക്രിയാ ഡോക്ടറെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ലണ്ടനിലെ ജോലിയുപേക്ഷിച്ചു് ബെയ്‌റൂട്ടിലെ ആഭ്യന്തരയുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ യാത്രയായി. അവിടെ അവര്‍ സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്ക് ദൃക്‌സാക്ഷിയായി. അവര്‍ ജോലി ചെയ്തിരുന്ന ബെയ്‌റൂട്ടിലെ ഗാസ ആശുപത്രി സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പിനകത്തായിരുന്നു. സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്കു ശേഷം മെഡിക്കല്‍ എയ്ഡ് ഫോര്‍ പാലസ്തീനിയന്‍സ് (MAP) എന്ന ബ്രിട്ടീഷ് ചാരിറ്റി സംഘടനയ്ക്കു് രൂപം കൊടുത്തു. സാബ്ര-ഷാറ്റില കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഏരിയല്‍ ഷാരോണ്‍ ഇസ്രായേലില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു.നാലു് ലക്ഷം ഇസ്രായേലികള്‍ പങ്കെടുത്ത പ്രകടനത്തിനോടുവില്‍ കാഹാന്‍ അന്വേഷണ കമ്മീഷന്റെ മുന്നില്‍ സാക്ഷിപറായാന്‍ ഡോക്ടര്‍ ആങ് സ്വീ ചായ് ജറുസലേമിലേയ്ക്കു് പോയി. ആ യാത്രയെ പിന്‍പറ്റിയാണു് സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ചെഴുതിയ പുസ്തകത്തിനു് ‘ഫ്രം ബെയ്‌റൂട്ട് റ്റു ജെറുസലം‘ എന്ന പേരു് വന്നതു്.
ഡോക്ടര്‍ ആങ് സ്വീ ചായ്‌യുമായുള്ള അഭിമുഖം ഇവിടെ വായിക്കാം.
സാബ്ര ഷാറ്റില കൂട്ടകൊല
സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പുകളിലെ നിരായുധരായ പാലസ്തീനികളെ 1982 സെപ്റ്റമ്പര്‍ 16നു് ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തു. കൂട്ടക്കൊലചെയ്യപ്പെട്ടവരുടെ എണ്ണം കൃത്യമായി അറിയാന്‍ ഇതേവരെ സാധിച്ചീട്ടില്ല. ആധികാര രേഖകളില്‍ മൂവായിരത്തിനും മുകളില്‍ വരും കൊലചെയ്യപ്പെട്ടവരുടെ എണ്ണം എന്നു് കണക്കാക്കുന്നു.
പടിഞ്ഞാറെ ബെയ്‌റൂട്ടില്‍ ഷാറ്റില UNRWA പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന്റെ അടുത്തു് കിടക്കുന്ന ഒരു നിര്‍ധന ഗ്രാമമാണു് സാബ്ര. രണ്ടു് ഭാഗത്തേയും ജനങ്ങളുടെ നിരന്തര സമ്പര്‍ക്കം മൂലം രണ്ടു് ഭാഗങ്ങളും ഒരുമിച്ചു് സാബ്ര-ഷാറ്റില എന്നറിയപ്പെട്ടു. ഈ ക്യാമ്പില്‍ പാലസ്തീന്‍ അഭയാര്‍ത്ഥികളും തെക്കന്‍ ലബനോനില്‍ നിന്നും വന്ന ഷിയകളും തിങ്ങി നിറഞ്ഞിരുന്നു.
1975 മുതല്‍ 1990 വരെ നടന്ന ലബനോന്‍ ആഭ്യന്തരയുദ്ധത്തില്‍, ആദ്യം സിറിയയുമായും പിന്നീട് ഇസ്രായേലുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സായുധ പാര്‍ട്ടിയാണു് ഫാലഗനിസ്റ്റ് പാര്‍ട്ടി. അവരുടെ നിയന്ത്രണത്തിലായിരുന്ന ലബനീസ് മരോനൈറ്റ് ക്രിസ്ത്യനികളും സിറിയ, ഇറാന്‍ എന്നിവരുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളും മറ്റ് പി.എല്‍.ഓ യും തമ്മില്‍ പരസ്പരമുള്ള യുദ്ധങ്ങളും കൂട്ടക്കൊലകളും പതിവായിരുന്നു. ഈ ആഭ്യന്തര യുദ്ധത്തില്‍ ഒരുലക്ഷം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇക്കാലങ്ങളില്‍ ഇസ്രായേലിനെതിരെയുള്ള പി.എല്‍.ഓ യുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് ദക്ഷിണ ലബനോനിലാണു്. ജൂണ്‍ 4, 1982-ല്‍ ഇസ്രായേലി അംബാസിഡര്‍ ഷ്ലോമോ ആര്‍ഗോവിനെ ലണ്ടനില്‍ വച്ചു് ഫത്താ സ്ഥാപകന്‍ അബു നിദാലിന്റെ സംഘടന വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 1982 ജൂണ്‍ 6 നു് അറുപതിനായിരം പട്ടാളക്കരുമായി ഇസ്രായേല്‍ സൈന്യം ലബനൊനിലേക്ക് അതിക്രമിച്ചു് കയറി. രണ്ടു് മാസത്തെ അതിക്രമത്തിനു് ശേഷം യു.എന്‍ പ്രായോജക വെടിനിര്‍ത്തല്‍ കരാറില്‍ പി.എല്‍.ഓ ലബനോനില്‍ നിന്നു് ഒഴിഞ്ഞു പോകാമെന്നും ഇസ്രായേല്‍ സേന ഇനി ബെയ്‌റൂട്ടിലേക്ക് മുന്നേറില്ല എന്നും തീരുമാനമായി.
സെപ്റ്റമ്പര്‍ 1 നു് ബെയ്‌റൂട്ടില്‍ നിന്നുള്ള പി.എല്‍.ഓ ആണ്‍ പോരാളികളുടെ പുറത്താക്കല്‍ പൂര്‍ത്തിയായി. സ്ത്രീകളും കുട്ടികളും വൃദ്ധരും ക്യാമ്പുകളില്‍ അവശേഷിച്ചു. രണ്ടു് ദിവസത്തിനു് ശേഷം ഇസ്രായേല്‍സേനയെ ക്യാമ്പിനു് ചുറ്റും വ്യനിസിച്ചു. ആ സമയത്തു് ലബനോന്‍ പ്രധാനമന്ത്രിയും മാരിനേറ്റുകളിടെ ഇടയില്‍ സമ്മതനുമായ ബാച്ചിര്‍ ജെമായേലിനെ, ബാക്കിയുള്ള പാലസ്തീനിന്‍ പോരാളികളെ വേരടക്കം പിഴുതുകളഞ്ഞ് ലബനോനില്‍ സമാധാനം സ്ഥാപിക്കാനും, ഇസ്രായേലുമായി ഒരു സമാധാന കരാറില്‍ ഒപ്പിടാനും, ഇസ്രായേല്‍ നിര്‍ബന്ധിച്ചു. പക്ഷേ ജെമായേല്‍ വഴങ്ങിയില്ല.സെപ്റ്റംബര്‍ 14 നു് ജെമായേല്‍ കൊലചയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം അന്നു് ഇസ്രായേല്‍ പ്രതിരോധമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണും പ്രധാനമന്ത്രിയായിരുന്ന മാനഹേം ബിഗിനും ഇസ്രായേല്‍ മന്ത്രിസഭയോട് കൂടിയാലോചിക്കാതെ പടിഞ്ഞറെ ബെയ്‌റൂട്ട് കൈവശപ്പെടുത്താന്‍ തീരുമാനിച്ചു. പടിഞ്ഞാറെ ബെയ്‌റൂട്ട് ആക്രമിക്കില്ല എന്ന് യു.എനുമായി ഉണ്ടാക്കിയ കരാറും, മുസ്ലീമുകളെ സംരക്ഷിച്ചുകൊള്ളാമെന്ന് യു.എസ് എഴുതി കൊടുത്ത സമ്മതപത്രവും, മുസ്ലീം സേനകളുമായി ഉണ്ടാക്കിയ സമാധാന കരാറും കാറ്റില്‍ പറത്തിയാണു് ഈ കയ്യേറല്‍ നടന്നതു്.
സെപ്റ്റംബര്‍ 15 ഉച്ചയോടെ ഇസ്രായേല്‍ സേന ക്യാമ്പ് വളഞ്ഞു. ക്യാമ്പിന്റെ എല്ലാ കവാടങ്ങളിലും ചെക്പോയന്റുകള്‍ സ്ഥാപിച്ചു. കുവൈറ്റ് എമ്പസി കെട്ടിടം ഉള്‍പ്പെടെ ഉയരമുള്ള കെട്ടിടങ്ങളിലെല്ലാം ഇസ്രായേല്‍ സേന നിലയുറപ്പിച്ചു. ഏരിയല്‍ ഷാരോണ്‍ ഫാലഗനിസ്റ്റ് സായുധസംഘത്തെ സാബ്ര-ഷാറ്റില ക്യാമ്പിനകത്തേയ്ക്കു ക്ഷണിച്ചു. ഇസ്രായേലി സേനയാല്‍ വളയപ്പെട്ട ക്യാമ്പില്‍ നടന്ന കൂട്ടക്കൊലയ്ക്കും കൂട്ടബലാത്സംഗത്തിനും ഇസ്രായേല്‍ സേന തന്നെ ഫാലഗനിസ്റ്റ് ഗ്രൂപ്പിനു് കമാന്റ്സ് കൊടുത്തു. എല്ലാം നല്ല വെളിച്ചത്തില്‍ ചെയ്യാന്‍ ഫ്ലഡ് ലൈറ്റും ഇട്ടുകൊടുത്തു!! സെപ്റ്റംബര്‍ 18 നു് കാലത്തു് ഫാലഗനിസ്റ്റ് സായുധ സംഘം സ്ഥലം കാലിയാക്കിയതിനു് ശേഷം പത്രപ്രവര്‍ത്തകരെത്തി പുറം ലോകം ഈ വാര്‍ത്ത അറിയുമ്പോഴേയ്ക്കും, ഇസ്രായേല്‍ സേന 700മുതല്‍ 800 വരെയെന്നും പാലസ്തീനികള്‍ മൂവായിരം മുതല്‍ മൂവായിരത്തഞ്ഞൂറു് വരെയെന്നും പറയുന്നത്ര ആളുകള്‍ കൊലചെയ്യപ്പെട്ടിരുന്നു.
പിന്നീടു് ഏരിയല്‍ ഷാരോണിനെ യുദ്ധകുറ്റവാളിയാക്കണം എന്നവശ്യപ്പെട്ടു് നടന്ന പ്രകടനത്തിനൊടുവില്‍ ഉണ്ടായ കാഹന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചും ബെല്‍ജിയന്‍ കോടതില്‍ നടന്ന കേസിനെ കുറിച്ചും വായിക്കുക.
സാബ്ര-ഷാറ്റിലയില്‍ മാത്രമൊന്നുമല്ല ആകാലഘട്ടത്തില്‍ കൂട്ടക്കൊലകള്‍ നടന്നതു്. പക്ഷേ സാബ്ര-ഷാറ്റില അതിന്റെ പ്ലാനിങിംന്റെ കുബുദ്ധി കൊണ്ടും പുരുഷന്മാരെ നിര്‍ബന്ധിച്ചു പുറത്താക്കയതിനു് ശേഷം നിരായുധരായ സ്ത്രീകളേയും കുട്ടികളേയും, വൃദ്ധന്മാരേയും എല്ലാ കരാറുകളും സമ്മതപത്രങ്ങളും കാറ്റില്‍ പറത്തി നടത്തിയതു് കൊണ്ടും ലോകം മുഴുവന്‍ അപലപിച്ചു,പ്രതിക്ഷേധിച്ചു. യു.എന്‍ അത് വംശീയകുരുതിയായി പ്രഖ്യാപിച്ചു.
സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ച് ഡോക്ടര്‍ ആങ് സ്വീ ചായ് എഴുതിയ പുസ്തകത്തിനെ അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റ്
ക്വാനകൂട്ടക്കൊല
മുകളില്‍ എഴുതിയതു് വായിച്ചും പറഞ്ഞും കേട്ടവയാണു്. ഇസ്രായേലില്‍ വന്നതിനു ശേഷം ഒരു ഇസ്രായേല്‍ ലബനോന്‍ യുദ്ധം നേരില്‍ കാണാന്‍ ‘ഭാഗ്യ‘മുണ്ടായി. രണ്ട് രാജ്യങ്ങളുടെ ഗവണ്മെന്റ് തമ്മിലുള്ള യുദ്ധമായിരുന്നില്ല അതെന്നതിനാല്‍ ഇസ്രായേല്‍-ലബനോന്‍ സംഘര്‍ഷം എന്നാണു് ശരിയായ രാഷ്ട്രീയ പ്രയോഗം. ലബനോനിലെ ഹിസ്ബുള്ള എന്ന സായുധ സംഘവും ഇസ്രായേല്‍ പ്രതിരോധ സേനയും തമ്മിലായിരുന്നു യുദ്ധം. ആയിരത്തിനടുത്തു് ഹിസ്ബുള്ള പോരാളികളും, ആയിരത്തിലധികം ലബനോന്‍ ജനങ്ങളും നൂറിലധികം ഇസ്രായേല്‍ പട്ടാളക്കാരും അമ്പതില്‍ താഴെ ഇസ്രായേല്‍ ജനങ്ങളും കൊലപ്പെട്ട യുദ്ധം 2006 ജൂലായ് 12 നു് തുടങ്ങി, 2006 ആഗസ്റ്റ് 14 നു് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഈ മുപ്പത്തി മൂന്നു ദിവസങ്ങളുടെ ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ഹൈഫയില്‍ ഇരുന്നു് ‘കത്യൂഷയും‘, ‘ഫൈറ്റര്‍ പ്ലൈനുകളും‘ കണ്ടു് ‘രസി‘ക്കുകയും, ഭൂഗര്‍ഭ ഷെല്‍ട്ടറിലേക്കോടുന്നതു്, ഫൈറ്റര്‍ പ്ലൈനുകള്‍ എണ്ണി ബോറടിക്കുമ്പോള്‍ ഒരു നേരമ്പോക്കിനും അതിലുപരി വ്യായമത്തിനും നല്ലതാണെന്നു് കണ്ടെത്തുകയും ഉണ്ടായി. ഷെല്‍ട്ടറുകള്‍ക്ക് പുറത്തിറങ്ങി കാറ്റുകൊള്ളുമ്പോള്‍ ദൂരെ ലബനോന്‍ അതിര്‍ത്തിക്കപ്പുറം കേള്‍ക്കുന്ന ബോബിംങിന്റെ ശബ്ദവ്യത്യാസത്തിനനുസരിച്ചു് ബോംബിന്റെ വലിപ്പം എത്രയായിരിക്കുമെന്നും ബോംബുകള്‍ കൃത്യസ്ഥലങ്ങളില്‍ ഇടാന്‍ ലേസര്‍ എത്രമാത്രം സഹായിക്കുമെന്നും കൂലങ്കഷമായി ചര്‍ച്ച ചെയ്തു. കുറച്ച് ദിവസം കൊണ്ട് തന്നെ ഈ വിനോദം മടുത്തതിനെ തുടര്‍ന്നു് രഹോവത്തിലേയ്ക്ക് വിരുന്നു് പോവുകയും അവിടത്തെ അഭയാര്‍ത്ഥി ജീവിതത്തില്‍ മയങ്ങി ജീവിതം തുടരുകയും ചെയ്തു. ഒരു രാത്രിപാര്‍ട്ടിയില്‍ തുറസ്സായ പബിലിരുന്നു ഞങ്ങളും, രഹോവത്തിലെ കൂട്ടുകാരും, ഇസ്രായേലികളും അഭയാര്‍ത്ഥി ജീവിതത്തിന്റെ ‘ത്രിലി‘ന്നെ കുറിച്ചും ഹൈഫ ആക്രമണം മുന്‍കൂട്ടി കാണാത്ത മൊസാദിനെ കുറിച്ചും ലെബനോനിലെ സ്ഥിതിയെ കുറിച്ചും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ രഹോവത്തിലെ എയര്‍ ബേസില്‍ നിന്നും പൊങ്ങി പറന്ന ഫൈറ്റര്‍ പ്ലൈയിനിന്റെ കാതടപ്പിക്കുന്ന ശബ്ദം ജീവിതത്തില്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും ‘ത്രസിപ്പിക്കുന്ന‘ ഒച്ചയായിരുന്നു. മറ്റൊന്നും ചെയ്യാനിലാത്തതിനാല്‍ ഫലാഫലയും തിന്നു് രഹോവത്തിലെ റ്റി.വിയ്ക്ക് മുന്നില്‍ 24 മണിക്കൂറും ഇരിക്കുന്നതിനിടയില്‍ ഒരു ദിവസമാണു് ക്വാന സംഭവം നടക്കുന്നതു്. അഭയാര്‍ത്ഥി ജീവിതത്തിലെ അതി സന്തോഷങ്ങള്‍ മടുത്തതിനെ തുടര്‍ന്നു് ഞങ്ങള്‍ ഹൈഫയിലേയ്ക്ക് തിരിച്ചു് വരികയും യുദ്ധത്തിന്റെ അവസാനക്കാലത്തു് അത്‌ലറ്റിക് പരിശീലനങ്ങള്‍ നടത്തുകയും ചെയ്തു.
ഔദ്യോദിക രേഖകള്‍ അനുസരിച്ച് ജൂലായ് 30, 2006 നു് നടന്ന ക്വാന കൂട്ടകൊലയില്‍ 28 പേര്‍ മരിക്കുകയും 16 പേരെ കാണാതവുകയും ചെയ്തു. അതില്‍ 16 പേര്‍ കുട്ടികളായിരുന്നു. കുട്ടികള്‍ക്കുള്ള ഷെല്‍ട്ടറില്‍ ആയിരുന്നു ബോംബിങ്ങ് നടന്നതു്. യുദ്ധത്തില്‍ ഇസ്രായേല്‍ യു.എസ് നിര്‍മ്മിത ലേസര്‍ ഗൈഡഡ് ബോംബുകളും ഹിസ്ബുള്ള കാറ്റിലാടുന്ന കത്യൂഷകളുമാണു് ഉപയോഗിച്ചിരുന്നതു്. രാത്രി സമയത്തു് കത്യൂഷ ലോഞ്ച് ചെയ്താല്‍ ലോഞ്ചിങ്ങ് സ്ഥലം ഇസ്രായേല്‍ ചാരക്കണ്ണുകള്‍ക്ക് എളുപ്പം കണ്ടു്പിടിക്കാം എന്നതിനാല്‍ രാത്രിസമയത്തു് ഹിസ്ബുള്ള കത്യൂഷകള്‍ ലോഞ്ച് ചെയ്തിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു ലോഞ്ചിങ് സ്ഥലം ബോംബ് ചെയ്യപ്പെട്ട കെട്ടിടത്തിന്റെ അടുത്തു് കണ്ടെത്തിയിരുന്നു എന്നും പറഞ്ഞു് ഇസ്രായേല്‍ ഒരു വീഡിയോ റ്റേപ്പ് ഇറക്കിയിരുന്നു. പക്ഷേ അതിലെ സ്ഥലത്തു് നിന്നും ബോംബിങ്ങ് നടന്ന സ്ഥലത്തേയ്ക്കു് കുറച്ചു് ദൂരമുണ്ടു്. ക്വാനയില്‍ നിന്നും കണ്ടെടുത്ത Mk84 ബോംബ് ലേസര്‍ ഗൈഡഡ് ബോംബിന്റെ വാര്‍ ഹെഡ് ആയി ഉപയോഗിക്കുന്നതാണു്. കൃത്യമായ ലോക്കേഷനില്‍ ബോംബിങ്ങ് നടത്താന്‍ ഉപയോഗിക്കുന്ന ലേസര്‍ ഗൈഡഡ് ബോംബ് ഉപയോഗിച്ചീട്ടും ലക്ഷ്യം തെറ്റി എന്ന വാദത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇസ്രായേലിനായില്ല. ആ കെട്ടിടത്തില്‍ ഹിസ്ബുള്ള പോരാളികള്‍ ഒളിച്ചിരുന്നുവെന്നും അവിടെ ഉള്ളവരെ മനുഷ്യരക്ഷാകവചം ആയി ഉപയോഗിക്കുകയായിരുന്നുവെന്നും അതിനാല്‍ കുട്ടികള്‍ ഉണ്ടെന്നറീഞ്ഞീട്ടും ബോംബ് ചെയ്യുകയായിരുന്നെന്നും ഇസ്രായേല്‍ സമ്മതിച്ചു. മാപ്പും പറഞ്ഞു! പക്ഷേ ക്വാനയില്‍ നിന്നും ഒരൊറ്റ ഹിസ്ബുള്ള പോരാളിയുടെ ജഡം പോലും കിട്ടിയീല്ല. അവിടെയെങ്ങും ഒരു ഹിസ്ബുള്ളക്കാരനെയും കണ്ടില്ല എന്ന് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നു് ഇസ്രായേലിന്റെ അറുപതാം സ്വാതന്ത്ര്യദിനമാണു്. അതുകൊണ്ടു് അവധിയായതിനാല്‍(തുമ്പികൂട്ടങ്ങളെ പോലെ പറക്കുന്ന സൈനീക ഹെലിക്കോപ്ടറുകളും ഹൈഫ കടലിനു മുകളില്‍ ലബനോന്‍ അതിര്‍ത്തിയിലേക്ക് കഴുകനെ പോലെ പറക്കുന്ന ഫൈറ്റര്‍ പ്ലൈനുകളും അസ്വസ്ഥമാക്കിയെങ്കിലും) ഈ പോസ്റ്റ് തീര്‍ക്കാന്‍ പറ്റി.നസ്‌റുള്ള (ഹിസ്ബുള്ള തലവന്‍) അടുത്തൊരു ആക്രമണത്തിനു് കോപ്പു കൂട്ടുന്നു എന്നു് ഇസ്രായേലി ഇന്റലിജെന്റ്സ്.യുദ്ധത്തില്‍ സിവിലിയന്‍സിനു് ഒളിക്കാനും രക്ഷപ്പെടാനും, ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാനുമുള്ള തയ്യറെടുപ്പു് ‘ഡ്രില്ലുകള്‍’ മുറയ്ക്കു് നടന്നു് വരുന്നു. ഒരു യുദ്ധം കൂടി രസിക്കാനുള്ള ഭാഗ്യം കിട്ടരുതെന്നുണ്ട്. എന്തു സംഭവിക്കുമോ ആവോ?
വാല്‍ക്കഷണം: റഹോവത്തിലെ അഭയാര്‍ത്ഥി ജീവിതം ആഘോഷിക്കുന്നതിനിടയില്‍ ബോറടിച്ച ഒരു ദിവസമോ, ഞങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയെണീറ്റ ദിവസമോ ( ദിവസവും ഹൈഫയില്‍ വച്ചു് കേട്ട വേവി സൈറണുകള്‍ കേക്കാതായപ്പോള്‍ കുഞ്ഞുങ്ങള്‍ക്കുറക്കം കിട്ടിക്കാണില്ല) ഞങ്ങള്‍ ജറുസലേമില്‍ പോയിരുന്നു. അവിടെ സ്ഥലങ്ങള്‍ കാണിച്ചു തന്ന അറബി ഗൈഡ് കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലത്തിനു് മുകളില്‍ കൊണ്ടു് പോയി ഒരു ജനലിലൂടെ വെയിലിങ്ങ് വാളിനപ്പുറമുള്ള ജറുസലം ദേവാലയത്തിന്റെ തങ്കതാഴികക്കുടം കാണിച്ചു തന്നു. (അതിനകത്തു് കയറാനുള്ള സമയം കഴിഞ്ഞിരുന്നു). വിവരണങ്ങള്‍ കഴിഞ്ഞു് ഞങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു “നിങ്ങള്‍ക്കറിയോ ഏരിയല്‍ ഷാരോണ്‍ ഇതിനകത്തു് കയറുന്നതു് വരെ ഇവിടെ എന്തു സമാധാനത്തിലാണു് ആളുകള്‍ കഴിഞ്ഞിരുന്നതെന്നു്. അയാള്‍ ചെയ്തതിനു് അയാള്‍ അനുഭവിക്കുന്ന കണ്ടില്ലേ.“ ഏരിയര്‍ ഷാരോണ്‍ ജനുവരി 4, 2006 മുതല്‍ കോമയിലാണു്. സ്ഥിരമായ വെജിറ്റേറ്റീവ് അവസ്ഥ ആണെന്നാണു് ഇപ്പോഴത്തെ സ്ഥിരീകരണം.
സമര്‍പ്പണം: എന്നെ വളരെയധികം സ്വധീനിച്ചൊരു പുസ്തകമാണു് ഫ്രം നോംപെന്‍ റ്റു പാരഡൈസ്. എഴുതിയതു് വാര്‍ ഹോഗ് ആഷ്. വിയറ്റ്നാം യുദ്ധക്കാലത്ത് കംബോടിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിന്റേയും യു.എസ് ആക്രമണത്തിന്റേയും കെടുതികള്‍ അനുഭവിച്ചു് കംബോടിയന്‍ തലസ്ഥാനമായ നോംപെനില്‍ നിന്നും ഓടി രക്ഷപ്പെട്ട ഒരമ്മയുടെ കഥയാണു് പുസ്തകത്തില്‍. എനിക്കതു് വായിക്കാന്‍ കിട്ടുന്നതു് എന്റെ ആത്മസ്നേഹിതയുടെ ചാച്ചന്റെ ശേഖരത്തില്‍ നിന്നാണു്. ഫിക്ഷനില്‍ കുരുങ്ങി കിടന്നിരുന്ന ഞാന്‍ നോണ്‍-ഫിക്ഷന്റെ ആരാധികയായതു് ആ പുസ്തകത്തിലൂടെ. ധാരാളം വായിക്കുകയും ധാരാളം യാത്ര ചെയ്യുകയും ചെയ്തിരുന്ന ചാച്ചന്‍ ബ്ലോഗ് എഴുതിയിരുന്നെങ്കില്‍ എന്നതു്, നടക്കാന്‍ സാധ്യതയില്ല എന്നറിയുമെങ്കിലും വളരെ ആഗ്രഹിക്കുന്നൊരു കാര്യമാണു്. (ബ്ലോഗ് അക്കാദമിയ്ക്ക് അത്തരക്കാരെ കൊണ്ടു് വരാന്‍ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.) ഈ പോസ്റ്റ് ചാച്ചനു് സമര്‍പ്പിക്കുന്നു.
Wednesday, August 08, 2007
ഡ്രൂസ് -ആമുഖം
************************************************************************************
ഡ്രൂസ്
മദ്ധ്യ പൗരസ്ത്യ ദേശത്തെ പ്രത്യേക മതവിഭാഗത്തിലുള്ള സമൂഹമാണ് ഡ്രൂസ്. ഇസ്ലാമിക ഏകദൈവ വിശ്വാസവും, ഗ്രീക്ക് തത്ത്വചിന്തയും ഹിന്ദുയിസത്തിന്റെ സ്വാധീനവുമാണ് ഡ്രൂസ് മതത്തില്‍ സാമാന്യമായി കാണാനാവുന്നത്. (ഹിന്ദുയിസത്തില്‍ ഉള്ള പുനര്‍ജന്മ വിശ്വാസം ഡ്രൂസിനിടയിലും ഉള്ളതാണ് ഹിന്ദു മത സ്വാധീനമായി ഏറ്റവും കൂടുതല്‍ ആരോപിക്കപ്പെടുന്നത്, ഇതിനെ എതിര്‍ക്കുന്നവരും ഉണ്ട്) ഏകദൈവവിശ്വാസത്തിന്റെ ജനങ്ങള്‍ എന്ന് ഡ്രൂസ് സ്വയം വിശേഷിപ്പിക്കുന്നു.ആദ്യത്തെകാല ഡ്രൂസ് മത പ്രാസംഗീകരില്‍ ഒരാളായ നാഷ്‌താകിന്‍ അദ്- ഡാരാസി (Nashtakin ad-Darazi) യുടെ പേരില്‍ നിന്നുമാണ് ഡ്രൂസ് എന്ന വാക്കിന്റെ ജനനം. സിറിയ, ലെബനോന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍ എന്നീവടങ്ങളിളാണ് പ്രധാനമായും ഡ്രൂസ് സമൂഹം കാണപ്പെടുന്നത്. വടക്കേ അമേരിക്ക, ക്യാനഡ, ലാറ്റിനമേരിക്ക, ആഫ്രിക്ക, ആസ്ത്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചെറിയ ചെറിയ ഡ്രൂസ് സമൂഹങ്ങള്‍ കുടീയേറിപ്പാര്‍ത്തീട്ടുണ്ട്.
ചരിത്രവും വിശ്വാസവും
ഈജിപ്തിലെ ഫാത്തിമിദ് ഖലീഫാസാമ്രാജ്യത്തിലെ ഖലീഫ അല്‍-ഹക്കിമിന്റെ ഭരണകാലത്താണ് (ക്രിസ്തു വര്‍ഷം 985–1021) ഡ്രൂസിന്റെ ആവിര്‍ഭാവം.ഏകദൈവ വിശ്വാസങ്ങളായ ജൂതമത, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയുടെ പുതിയ ആവിഷ്കരണമാണ് ഡ്രൂസ് മതവിശ്വാസത്തില്‍ ഉള്ളത്. ഖലീഫ അല്‍-ഹക്ക് യഥാര്‍ത്ഥമായ ദൈവത്തിന്റെ മനുഷ്യജന്മമാണെന്നിവര്‍ വിശ്വസിക്കുന്നു.ഒരു ദൈവവ വിശ്വാസവും ആദം മുതല്‍ മുഹമദ് വരെ ഏഴ് പ്രവാചകന്മാരുമാണ് ഡ്രൂസ് വിശ്വാസത്തില്‍ ഉണ്ടെന്ന് അറിയപ്പെടുന്നത്. ഇന്നത്തെ ലെബനോണിലും വടക്കന്‍ ഇസ്രായേലിലും ആണ് ആദ്യകാല ഡ്രൂസ് വാസമുറപ്പിച്ചത്. അഞ്ച് നിറങ്ങളുള്ള ഡ്രൂസ് നക്ഷത്രത്തിലെ ഓരോ നിറവും ഓരോ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്നു. പച്ച- സര്‌വ്വവ്യാപിയായ മനസ്സിലേയും, ചുവപ്പ് -സര്‍വ്വവ്യാപിയായ ആത്മാവിനേയും മഞ്ഞ- സത്യത്തേയും നീല- കാരണം അഥവാ മനശക്തിയേയും വെള്ള - നീലയുടെ പ്രഭാവത്തേയും സൂചിപ്പിക്കുന്നു.
സമൂഹവും ആചാരങ്ങളും
തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന ഡ്രൂസ് മതപരിവര്‍ത്തനം അനുവദിക്കുന്നില്ല. മതത്തിനെ തുടക്കകാലത്ത് ഉണ്ടായിരുന്നവരുടെ പുനര്‍ജന്മങ്ങളാണ് പിന്നീടുള്ളവര്‍ എന്ന് വിശ്വസിക്കുന്നതിനാല്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അനുവദനീയമല്ല. ജുഹ്‌ഹാല്‍ (Juhhāl) ഉക്‌കാല്‍ (Uqqāl) എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവര്‍ക്കിടയില്‍ ഉള്ളത്. അശിക്ഷിതര്‍ എന്നര്‍ത്ഥമുള്ള ജുഹ്‌ഹാല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പരിശുദ്ധ മതഗ്രന്ഥമായ ഹിക്‌മാ (hikma) ഉപയോഗിക്കുവാന്‍ അധികാരമില്ല. ഡ്രൂസ് സമൂഹത്തിന്റെ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതലുള്ള ജുഹ്‌ഹാല്‍ വിഭാഗക്കാര്‍ രാഷ്ട്രീയ- സൈനീക പദവികള്‍ കൈകാര്യം ചെയ്യുന്നു. അറിവുള്ളവര്‍ എന്നര്‍ത്ഥം വരുന്ന ഉള്‍വിഭാമായ ഉക്‌കാല്‍ മതവിഭാഗത്തിന്റെ നേതൃത്വസ്ഥാനം വഹിക്കുന്നു. അമ്പത് ഉക്‌കാല്‍ ആളുകളില്‍ ഒരാള്‍ പരിപൂര്‍ണ്ണതയില്‍ എത്തിയ അജാവിദ് (ajawid, ആഢ്യന്‍) എന്നറിയപ്പെടുന്നു. ഡ്രൂസ് വിശ്വാസമനുസരിച്ച് ആത്മീയതയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മുന്‍പില്‍ എന്നതിനാല്‍ ഉക്‌കാല്‍ വിഭാഗത്തില്‍ അധികവും സ്ത്രീകളാണ്.
ഇസ്രായേല്‍ ഡ്രൂസ്
ഇസ്രായേലില്‍ ഗലീലിയിലും ഹൈഫയുടെ സമീപപ്രദേശങ്ങളിളുമാണ് ധാരാളം ഡ്രൂസ് ഗ്രാമങ്ങലുള്ളത്. അറബികള്‍ എന്ന് സ്വയം അടയാളപ്പെടുത്തുന്ന ഇസ്രായേലി ഡ്രൂസ് 1961 മുതല്‍ സ്വന്തം കോടതി അധികാരങ്ങളും മതനേതൃത്വവും ഉള്ള ഒരു പ്രത്യേക വിഭാഗമായി നിലകൊള്ളുന്നു. ഗോലാന്‍ കുന്നുകളില്‍ ഉള്ള ധാരാളംപേര്‍ തങ്ങള്‍ സിറിയക്കാരാണെന്ന് വിശ്വസിക്കുകയും ഇസ്രായേല്‍ പൗരത്വം നിഷേധിക്കുകയും ചെയ്തു. മിക്കവാറും എല്ലാ ഡ്രൂസ് ഗ്രാമങ്ങളിലും തന്നെ ഇസ്രായേല്‍ പൊതുസമൂഹത്തിന്റേ രീതിയിലുള്ള തിരഞ്ഞെടുപ്പ് മാതൃകകളാണുള്ളത്.ഇസ്രായേല്‍ ഗവണ്മെന്റ് വിശ്വസനീയര്‍ എന്ന് കരുതുന്ന ഒരേ ഒരു അറബ് സമൂഹം ഡ്രൂസ് ആണ്. തങ്ങളുടെ ക്രിസ്ത്യന്‍, മുസ്ലിം അറബ് അയല്‍ക്കാരില്‍ നിന്നും തങ്ങള്‍ വളരെ വ്യതസ്തരാണെന്ന് അവരെ വിശ്വസിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അധികം വിജയിച്ചീട്ടില്ല എന്ന് വേണം കരുതാന്‍. 1948 മുതല്‍ സ്വമേധായും 1956 മുതല്‍ നിര്‍ബന്ധിതമായും ഇസ്രായേല്‍ സേനയിലും അതിര്‍ത്തി പോലീസിലും ഡ്രൂസ് സേവനം അനുഷ്ഠിക്കുന്നു.2006 ലെ ലെബനാന്‍ യുദ്ധത്തില്‍ ഡ്രൂസ് ബറ്റാലിയന്‍ തങ്ങളുടെ ഉത്ഭവം ലെബനോനില്‍ ആണെന്ന വസ്തുതയ്ക്കുള്ളില്‍ നിന്നും ഹിസ്‌ബുള്ളയ്ക്കെതിരെ യുദ്ധം ചെയ്തിരുന്നു.ഡേറ്റിംങ്ങ് സബ്രദായം നിലവിലുള്ള യാഥാസ്തിഥികരല്ലാത്ത ജൂതരും ഡ്രൂസും തമ്മിലുള്ള വിവാഹങ്ങള്‍ കണ്ട് വരുന്നു. ഡ്രൂസ് ഗ്രാമങ്ങള്‍ പൊതുവെ പൊതുസമൂഹത്തെ പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ഗ്രാമത്തില്‍ പ്രവേശിക്കാനും തെരുവോര കച്ചവടസാധങ്ങളും ഡ്രൂസ് ഭക്ഷണങ്ങളും വാങ്ങുവാനും സാധിക്കും.
റെഫറന്‍സ്:
ഞാന്‍ അധികവും വായിക്കൂന്നത് Robert Brenton Betts എഴുത്തിയ The Druze എന്ന പുസ്തകവും അതിലെ റെഫറന്‍സുകളുമാണ്.
കുറച്ച് ലിങ്കുകള്‍
1.http://en.wikipedia.org/wiki/Druze
2.http://www.jewishvirtuallibrary.org/jsource/Society_&_Culture/druze.html
3.http://www.ydp.com/article0001.htm
Wednesday, June 06, 2007
സ്വീകരണമുറിയിലെ അടുക്കള
പല രീതിയില്‍ ഉപയോഗിച്ച് കുറേയേറേ അര്‍ത്ഥവ്യത്യാസങ്ങള്‍ വന്നു പോയ പദങ്ങളാണ് സ്ത്രീത്വം, സ്ത്രൈണത, ഫെമിനിസം (ഇതിന്റെ മലയാളം?), ഫെമിനിസ്റ്റ്, പെണ്ണെഴുത്ത് എന്നിവ. അവ എന്തൊക്കെ ആയിരുന്നു, ഇപ്പോള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കുന്നത് വ്യഥാ വ്യായമമാണ്. അതുകൊണ്ട് ചില പുസ്തകങ്ങളില്‍ അവലംബിക്കുന്ന രീതിയില്‍ അവയുടെ നിര്‍വചനം എന്റെ എഴുത്തില്‍ എങ്ങനെയാണെന്ന് മാത്രം പറയുന്നു.
സ്ത്രീത്വം: സ്ത്രീയുടെ അസ്തിത്വം/വ്യക്തിത്വം. (ഒരു മനുഷ്യന്റെ അസ്തിത്വം എന്താണെന്ന് അറിയുന്ന ആള്‍ക്ക് സ്ത്രീയുടെ അസ്തിത്വം എന്താണെന്ന് മനസ്സിലാവും.)
സ്ത്രൈണത: സ്ത്രി പ്രകൃതിയോട് കൂടുതല്‍ ഇണങ്ങി നില്‍ക്കുന്നത്.ഒരു ഉദാഹരണം താരാട്ട്. സ്ത്രീയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത് എന്നാല്‍ പുരുഷനും ചെയ്യനാവും, ഉദാഹരണം ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ താരാട്ട് “ഓമനതിങ്കള്‍ കിടാവോ..”
ഫെമിനിസം: സ്ത്രീപക്ഷത്തിന്റെ രാഷ്ട്രീയം (രാഷ്ട്രീയം എന്തെന്ന് ചോദിക്കുന്നവരെ ഈ പോസ്റ്റ് നിങ്ങള്‍ക്കുള്ളതല്ല, സോറി)
ഫെമിനിസ്റ്റ്: സ്ത്രീ പക്ഷത്തിനു വേണ്ടി തന്റെ ശബ്ദം അല്‍പ്പമെങ്കിലും കൂടൂതല്‍ ഉയര്‍ത്തുന്നവള്‍/അവന്‍. (ജീവിതത്തിന്റെ ഏതെങ്കിലും ഒരവസ്ഥയില്‍ ഓരോസ്ത്രീയും ഫെമിനിസ്റ്റ് ആവും/ഫെമിനിസ്റ്റ് ആണ്.)
പെണ്ണെഴുത്ത്: സ്ത്രീയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്നത്.( ഉദാഹരണം സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കള്‍. ആരോ പണ്ട് സാറാ ടീച്ചറുടെ എഴുത്തിനെ ആണത്തമുള്ള പെണ്ണെഴുത്തെന്ന് വിളിച്ചിരുന്നു. ആലാഹയുടെ പെണ്മക്കളെ പെണ്ണത്തമുള്ള പെണ്ണെഴുത്ത് എന്ന് വിളിച്ചോട്ടേ ഞാന്‍. ആനി എന്ന പെണ്‍കുട്ടിയിലൂടെ ആലാഹയുടെ പെണ്മക്കളേ വരച്ചിട്ടത് പുരുഷത്തത്തിന് അത്ര കണ്ട് ചേരും എന്ന് എനിക്ക് തോന്നില്ല.)
ഭാഗം രണ്ട് സ്വീകരണമ്മുറിയിലെ അടുക്കള

എന്റെ നാട്ടിലെ വീട് കുറേ പഴയതാണ്.കുടുസു മുറികളും മര ഗോവണിയുമുള്ള പഴയമാതൃകയിലെ ഒന്ന്. ആദ്യകാലത്ത് അതിന്റെ അടുക്കള ആയിരുന്നു ആ വീട്ടിലെ ഏറ്റവും വലിയ മുറി. നാല് പുരകള്‍ (മേച്ചില്‍) ചേര്‍ത്ത ആ വീട്ടില്‍ അടുക്കള മാത്രം ഒറ്റയ്ക്കൊരു പുരയായിരുന്നു.ഞങ്ങള്‍ ഒഴിവുദിനങ്ങളും ആഘോഷങ്ങളും അവിടെ തിന്ന്, കുടിച്ച്, ആടി, പാടി തിമര്‍ത്തു. അക്കാലത്ത് ഞങ്ങളുടെ സ്വീകരണമുറി അധിക സമയവും ഒഴിഞ്ഞു കിടന്നു. ഒട്ടും അടുപ്പമില്ലാത്ത അതിഥികള്‍ക്കായി മാത്രം ഞങ്ങള്‍ സ്വീകരണമുറി തുറന്നിട്ടു. പിന്നീടെന്റെ അപ്പന്‍ എവിടെ നിന്നോ കേട്ടു സ്വീകരണമുറിയേക്കാള്‍ വലിയ അടുക്കള ദുര്‍ച്ചെലവുണ്ടാക്കുമെന്ന്. അന്ന് മുതല്‍ അടുക്കള ചെറുതാക്കുകയെന്നതായിരുന്നു അപ്പന്റെ സ്വപ്നം. (അപ്പനൊരു സങ്കുചിതമനസ്കനായിരുന്നുവോ?) ഏറ്റവും ‘വൃത്തിയായി‘ അടുക്കള സൂക്ഷിക്കുക എന്നതല്ലാതെ അടുക്കളയുടെ സ്ഥാനത്തെ കുറിച്ചോ, വലിപ്പത്തെ കുറിച്ചോ അമ്മയ്ക്കൊരു സ്വപ്നമില്ലായിരുന്നു. അവസരം വന്നപ്പോള്‍ അപ്പന്‍ അടുക്കളപ്പുര വെട്ടി മുറിച്ച് നാലിലൊന്നാക്കി മാറ്റി. തണുപ്പ് തരുന്ന ഓടിനു പകരം കോണ്‍ക്രീറ്റ് വാര്‍പ്പിട്ടു. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അടുക്കളയില്‍ ചൂടിനെ കുറിച്ച് മാത്രം അമ്മ പരാതിപ്പെട്ടു.ഒഴിവു ദിനങ്ങളിലും ആഘോഷങ്ങളിലും അടുക്കളയിലെ സ്വന്തം ഇരിപ്പിടങ്ങള്‍ നഷ്ടപ്പെട്ട ഞങ്ങള്‍ പതിയെ സ്വീകരണമുറിയിലെ ടി.വിയുടെ മുന്നിലേയ്ക്ക് ഭക്ഷണ വിഭവങ്ങളുമായി നടന്നു കയറി. അമ്മ മാത്രം അടുക്കളയില്‍ അവശേഷിച്ചു. ഞങ്ങളുടെ ആട്ടത്തിനും പാട്ടിനും പകരം മിനി സ്ക്രീനിലെ താരങ്ങള്‍ ആടി, പാടി. അപ്പോഴും അമ്മ ഏറ്റവും ‘വൃത്തിയുള്ള‘ അടുക്കള സ്വപ്നം കണ്ടു, ഞാനാകട്ടെ ഊണുമുറിയിലേക്കെങ്കിലും അടുക്കളയില്‍ നിന്നൊരു കിളിവാതില്‍ വെട്ടി വെയ്കുന്നതിനെ കുറിച്ചും.
അടുക്കളയ്ക്കും ഊണുമുറിയ്ക്കും പകരമായി മെസ്സ് കടന്ന് വന്ന ഒരിടക്കാലം. മെസ്സിലെ ചായ സമയത്തും, കഞ്ഞി സമയത്തും കരിപുരണ്ട അടുക്കളയെ കുറിച്ച് ചിലര്‍ പരാതിപ്പെട്ടു.അടുക്കളയേ ഇല്ലാത്ത വീടിനെ കുറിച്ച് ചില തീവ്രവാദികള്‍ ആവേശം പൂണ്ടു. ‘പാര്യമ്പര്യമായി കിട്ടിയവൃത്തി‘ കളഞ്ഞ് കുളിക്കരുത് എന്ന് മാത്രം മിതവാദികള്‍ മെല്ലെ മൊഴിഞ്ഞു.ഇതെല്ലാം നമ്മുടെ വിധി എന്ന് പാരമ്പര്യ വാദികള്‍ ചുണ്ടുകളനക്കി.കരി കണ്ണെഴുതാന്‍ മാത്രാമാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. റെസ്റ്റോറന്റിലെ അജിനോമോട്ടോ എനിക്കെന്നും അജീര്‍ണ്ണമൂണ്ടാക്കിയിരുന്നതിന്നാല്‍ അടുക്കളയില്ലാത്തൊരു വീട് എനിക്ക് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. ബ്രെഡ്ഡും ജാമും, ബ്രെഡ്ഡും ബട്ടറും, ബ്രെഡും അച്ചാറും തിന്ന് മടുക്കുമ്പോള്‍ ഒരു ഓംലെറ്റ് കഴിക്കണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും എന്നതായിരുന്നു എന്റെ ആധി.ടെഫ്ലോണ്‍ പ്രതലമുള്ള തേപ്പ് പെട്ടികള്‍ ഉണ്ടല്ലോ എന്ന് തീവ്രവാദികള്‍ ഒച്ചപ്പെട്ടു. എന്റെ വീട്ടിലെ തേപ്പ് പെട്ടി കൂടുതല്‍ ആധുനികമായ, വെള്ളം ചീറ്റിക്കുന്ന തുളകളോട് കൂടിയതാണെന്ന് ഞാന്‍ അവരോട് പറയാന്‍ പോയില്ല. ‘വൃത്തിയുടെ പാരമ്പര്യത്തെ‘ കുറിച്ച് ഞാന്‍ തികച്ചും ബോധവതി ആയിരുന്നു. വിധി എനിക്ക് ഞാന്‍ തന്നെയായിരുന്നു. വേറൊരു സ്വപ്നം എന്നെ തേടി വരുമെന്ന് ഞാന്‍ സ്വപ്നം കണ്ടു. അഥവാ എന്റെ സ്വപ്ന അടുക്കള ഞാന്‍ എന്റെ മനസ്സില്‍ അമൂര്‍ത്തമായി പണിത് കൊണ്ടിരുന്നു. സ്വപ്നത്തിന്റെ പണി പൂര്‍ത്തിയാവുന്നതിന് മുന്‍പ് മറ്റൊരടുക്കളായിലേയ്ക്ക് ഞാന്‍ എന്നെ തന്നെ പറിച്ച് നട്ടു.
വീടുകള്‍ നോക്കി നടന്ന സമയത്ത് ‘വൃത്തി പാരമ്പര്യ’മായി പകര്‍ന്നു കിട്ടിയതെന്ന ബോധ്യത്തോടെ, ഞാന്‍ വൃത്തിയും അടക്കവും ഉള്ള വീടുകള്‍നോക്കി വന്നു, നല്ല പാതിയാവട്ടെ നല്ല വ്യൂ കിട്ടുന്ന, വെളിച്ചമുള്ള വീടുകളും. ഒന്ന്, ഒരുപാട് മുറികള്‍ ഉള്ളതും ഇരുണ്ടതായത് കൊണ്ടും നല്ലപാതി വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ വേറൊന്നിന്റെ അടുക്കള തീരെ ചെറുതായി പോയത് കൊണ്ടാണ് ഞാന്‍ വേണ്ടാ എന്ന് പറഞ്ഞത്. പിന്നെ കണ്ടത് വളരെ വ്യത്യസ്ഥമായ ഒന്നായിരുന്നു. പുതുതായ് ഫര്‍ണിഷ് ചെയ്ത, സ്വീകരണമുറിയില്‍ അടുക്കളയുള്ള, ഒറ്റകിടപ്പുമുറിയുള്ള, ഒരു സുന്ദരന്‍ കുഞ്ഞു ഫ്ലാറ്റ്. ഒരു തരി മണ്ണില്ല എന്ന സങ്കടം ഉണ്ടെങ്കിലും സ്വീകരണ മുറിയിലെ അടുക്കളയ്ക്ക് വേണ്ടി മണ്ണിനെ തല്‍ക്കാലം ഞാന്‍ മറക്കാന്‍ തയ്യാറായി. അങ്ങനെയാണ് ആ സ്വപ്നത്തെ എനിക്ക് കിട്ടിയത്. സ്വീകരണമുറിയിലെ അടുക്കള. ‘പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വൃത്തി‘ സ്വീകരണമുറിയുടെ അലങ്കാരങ്ങളെ കെടുത്താതെ തന്നെ അതില്‍ ഒരു അടുക്കള കൊണ്ട് നടക്കാന്‍ എന്നെ പ്രാപ്തയാക്കി. പിന്നീട് ഞാന്‍ മൂന്ന് ചട്ടി മണ്ണ് വാങ്ങി. എന്റെ കിടപ്പ് മുറിയുടെ ജനാലയ്ക്കല്‍ വച്ചു. അതില്‍ വയലറ്റ് നിറത്തിലും, മഞ്ഞ നിറത്തിലും ഉള്ള കാട്ട് കൊങ്ങിണി ചെടികളും, റോസ്മാരിയും നട്ട് പിടിപ്പിച്ചു. ഇന്ന് സ്വീകരണമുറിയിലെ അടുക്കളയും ഒരുപിടി മണ്ണുമുണ്ടെനിക്ക്. നാട്ടിലും സ്വീകരണമുറിയിലെ അടുക്കള ഞാന്‍ സ്വപ്നം കാണുന്നു.


കുറിപ്പുകള്‍:
1.വളരെയധികം പടയോട്ടങ്ങള്‍ നടന്ന ഇസ്രായേലില്‍ റോമന്‍, ഗ്രീക്ക്,അറബിക്, ടര്‍ക്കിഷ്,ജര്‍മ്മന്‍, ക്രൂസേഡേഴ്സ് തുടങ്ങി ധാരാളം സംസ്കാരങ്ങളുടെ സ്വാധീനം വാസ്തുശില്പകലയില്‍ കാണാം. എന്നാല്‍ ഇതിലോന്നും സ്വീകരണ മുറിയിലെ അടുക്കള എന്റെ ശ്രദ്ധയില്‍ പെട്ടീട്ടില്ല. പക്ഷേ ഏറ്റവും പുതിയ മോഡല്‍ വീടുകളില്‍ മിക്കാവാറും തന്നെ അടുക്കള സ്വീകരണ മുറിയിലാണ്. എവിടെയൊക്കെ ലോകത്തില്‍ എവിടെയൊക്കെ ഇപ്പോള്‍ ഇങ്ങനെ സ്വീകരണമുറിയിലെ അടുക്കള ഉണ്ടെന്ന് എനിക്കറിയില്ല.
2. പടങ്ങക്ക് കോപ്പിറൈറ്റ് ഈ സൈറ്റിന്. എന്റ്റ്റെ വീടിന്റെ നല്ല രണ്ട് പടം കിട്ടിയാല്‍ ഈ പടങ്ങള്‍ മാറ്റി അതിടും.
3. നിര്‍മ്മല ചേച്ചിയുടെ ഈ പോസ്റ്റാണ് ഇത്തരം ഒന്ന് എഴുതാന്‍ നിമിത്തമായത്.
അടുക്കളയെ കുറിച്ച് നിര്‍മ്മലചേച്ചീ ചോദിക്കുന്നു.
നല്ലൊരു അടുക്കളയുണ്ടായിരുന്നെങ്കില്‍ രാപകല്‍ ചോറും കറിയും വെച്ച് വിളമ്പാമായിരുന്നു എന്ന് എത്ര സ്ത്രീകള്‍ സ്വപ്നം കാണുന്നുണ്ട്?
അടുക്കളയില്ലാത്ത വീടു സ്വപ്നം കാണുന്നു കെ. ആര്‍. മല്ലികയുടെ കഥാപാത്രം.
നമ്മുടെയൊക്കെ അവസ്ഥകള്‍ എന്ന കഥയില്‍ പ്രിയ ഏ. എസ്സി.ന്റെ ഭാനുക്കഥാപാത്രം ചോദിക്കുന്നു.
-ആരാണ് ഈ അടുക്കള കണ്ടുപിടിച്ചത്? ആ ആളെ തൂക്കി കൊല്ലണം.
സാറാജോസഫ് പണിത മേബിളമ്മായിയുടെ വീട്ടിലേയ്ക്ക് ഒളിച്ചോടാന്‍ ഏത് വായനക്കാരിയ്ക്കാണ് കൊതി തോന്നാത്തത്.
നന്തനാര്‍ കഥകളിലെ വെളിച്ചെണ്ണയില്‍ ഉള്ളി ചേര്‍ത്ത് പുരട്ടിപ്പുരട്ടിയെടുക്ക്കുന്ന ഉപ്പേരിയുണ്ടാക്കുന്ന കുഞ്ഞുലക്ഷ്മി ആവാന്‍ എല്ലാ സ്ത്രീകളും കൊതിക്കില്ലെന്നര്‍ത്ഥം.
അതിനു പ്രിയംവദ മറുപടി പറഞ്ഞതിങ്ങനെ
സാവിത്രീ രാജീവന്‍ ..അടുക്കളയില്‍ ഉരഞ്ഞു തീരുന്ന പാത്രങ്ങള്‍ പോലെ ജീവിതം എന്നു ..
കെ.രേഖ വീട്ടിലെത്തിയാല്‍ ആദ്യം ചപ്പാത്തിയായും ചോറായും മാറണമല്ലൊ എന്നു..
അബ്ദുവിന്ന്റെ കമന്റാണ് യഥാര്‍ത്ഥത്തില്‍ എന്റെ സ്വപ്നത്തെ ഓര്‍മ്മിപ്പിച്ചത്: സ്ത്രീയെ എല്ലാ വീട്ടിലേയും അടുക്കളയുടെ സ്ഥാനത്തോട് (എറ്റവും പിന്നില്‍, സ്വീകരണ മുറിയുടെ ഏഴയലത്ത് വരാതെ)ഉപമിച്ച ഒരു തമിഴ് കവിത വായിച്ചിട്ടുണ്ട്,‘വീടിന്റെ മൂലയിലെ ഒരിടം’ എന്ന് പറഞ്ഞിട്ട്. കുട്ടിരേവതിയുടേതാണെന്ന് തോന്നുന്നു, അതോ മീനാക്ഷിയാണൊ എന്നോര്‍മ്മയില്ല.
അത് വായിച്ചതില്‍ പിന്നെ ഏത് വീട്ടില്‍ പോയാലും ഞാനാദ്യം നോക്കാറ് അതിന്റെ അടുക്കളയുടെ സ്ഥാനത്തെയാണ്, അതിലും കൃത്യമായ നിരീക്ഷണം, ഇന്നത്തെ സ്ത്രീയുടെ അവസ്ഥയെ കുറിച്ച്, ഞാന്‍ വായിച്ചിട്ടില്ല.
സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ സ്വപ്നം. ഇവിടെ അതൊരു സ്വപ്നമല്ല യാഥാര്‍ത്ത്ഥ്യമാണ്. കേരളത്തിലെ വീടുകളിലെ സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ യഥാര്‍ത്ഥ സ്വപ്നം!
സമര്‍പ്പണം: സ്വീകരണമുറിയിലെ അടുക്കളയെ കുറിച്ച് എഴുതാന്‍ പറഞ്ഞ നിര്‍മ്മല ചേച്ചിയ്ക്കും, ഇതിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച അബ്ദുവിനും.
Saturday, December 23, 2006
ബെത്‌ലേഹമിലെ പുല്‍കൂട്
ഒന്നാം പര്‍വ്വം: നൊസ്റ്റാള്‍ജിയ
അമ്മയുടെ കത്തും പിടിച്ച് ഇരുന്ന എന്റെ മനസ്സ് ടൈം മെഷീനില്‍ കയറി പുറകോട്ട് പോയത് ഞാന്‍ പോലും അറിയാതെയായിരുന്നു.ഓരോ തവണയും ക്രിസ്തുമസ്സ് പുതിയ അനുഭവങ്ങള്‍ തരും. എന്നാലും ചിലതെല്ലാം മാറാതെ ഓരോ തവണയും ക്രിസ്തുമസ്സിനു കൂട്ടു വന്നിരുന്നു. വൃശ്ചികം ബാക്കി വച്ച് ധനു കൈമാറിയ ക്രിസ്തുമസ്സ് കാറ്റ്, ധനുമാസ കുളിര്, നക്ഷത്രം തൂക്കിയ വീടുകള്‍ നിറഞ്ഞ തെരുവ്, നക്ഷത്ര കൂട്ടങ്ങള്‍ ഒന്നിച്ച് പ്രകാശിക്കുന്ന വിപണി, ക്രിസ്തുമസ്സ് കാര്‍ഡുകള്‍, ക്രിസ്തുമസ്സ് ട്രീ, ഒരു മാസത്തെ പ്രയത്നമായി ഉയരുന്ന പുല്‍കൂടുകള്‍, പിന്നീട് സാധാരണക്കാരന്‍ അവഗണിക്കാന്‍ വയ്യാതായ റിഡക്ഷന്‍ സെയിലുകള്‍ അങ്ങനെയങ്ങനെ. ഇത്തവണ ഈശോയുടെ സ്വന്തം നാട്ടില്‍ കൂട്ടിനൊന്നുമില്ല.ഒരു കുഞ്ഞു ഗ്ലോറീയ പാടാന്‍ മണ്ണില്‍ ഇറങ്ങി വന്ന ഒരു കുഞ്ഞു നക്ഷത്രം പോലും ഇല്ല . ഹേയ് സങ്കടമൊന്നുമില്ല, ചുമ്മാ, എന്നു പറഞ്ഞ് ആകാശകുഞ്ഞിതാരകളെ നോക്കി ഞാന്‍ വെറുതെ കണ്ണുറുക്കി കാണിച്ചു, അവ തിരിച്ചും.പെട്ടെന്ന് ഒരുപാട് ഓര്‍മ്മകള്‍ ഒന്നിച്ച് കുതിച്ച് ചാടി, മനസ്സിന്റെ കാണാകയങ്ങളില്‍ നിന്നും പുറത്ത് വന്നു. അവയൊക്കെ തന്നെയായിരുന്നു എനിക്കെന്നും പ്രിയപ്പെട്ട ക്രിസ്തുമസ്സ് ഓര്‍മ്മകള്‍.
പണ്ട്, പണ്ട് എണ്‍പതുകളിലെ ഒരു ക്രിസ്തുമസ്സ് കാലം. ഞാന്‍ പഠിച്ചിരുന്നത് നാടന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന, ഇടവക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഒരു എയ്ഡഡ് എല്‍.പി സ്കൂളില്‍. നാടന്‍ കന്യാസ്തീകള്‍ എന്നു പറഞ്ഞാല്‍ നാട്ടിന്‍ പുറത്തെ കന്യസ്ത്രീ മഠത്തിലെ വലിയ ആഷ് പുഷ് സംസ്കാരം അറിയാത്ത കന്യാസ്ത്രീകള്‍. സ്കൂളിന്റെ ചുറ്റുവട്ടത്തു നിന്നും വരുന്ന അദ്ധ്യാപികമാര്‍. അദ്ധ്യാപകന്മാര്‍ ആരും തന്നെയില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി പത്ത് നാനൂറ് കുട്ടികള്‍.
എല്ലാ വര്‍ഷവും നവമ്പര്‍ 30 തിയതി അസംമ്പ്ലിയ്ക്കു സി. മര്‍ത്തീന പറയും, "കുഞ്ഞുങ്ങളെ നാളെ മുതല്‍ ക്രിസ്തുമസ്സിനു ഒരുക്കമായ മംഗലവാര്‍ത്ത കാലം ആരംഭിക്കുകയാണ്. ഉണ്ണീശോയുടെ പിറവിക്കായി നമ്മളെല്ലാം ഒരുങ്ങേണ്ട കാലമാണിത്. പണ്ട് ഒരു പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണീശോ ഇന്നു പിറക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഹൃദയങ്ങളിലാണ്. ഉണ്ണീശോ പിറക്കുമ്പോള്‍ സമ്മാനങ്ങള്‍ കരുതി വയ്ക്കേണ്ടത് നമ്മളാണ്.ആ സമ്മനങ്ങള്‍ ഉണ്ടാക്കേണ്ടത് കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്തും ഒഴിവുനേരങ്ങളില്‍ സുകൃത ജപം ചൊല്ലിയുമാണ്. നാളെ മുതല്‍ ഓരോ ക്ലാസ്സുകള്‍ ഉണ്ണീശോയുടെ രൂപം അലങ്കരിക്കണം, ചുറ്റും വൃത്തിയാക്കാണം. ആ ക്ലാസ്സുക്കാര്‍ തന്നെ അന്നേ ദിവസത്തെയ്ക്കുള്ള സുകൃത ജപം കണ്ടെത്തുകയും വേണം.“
പിന്നെ ഒരുക്കങ്ങളാണ്. മെഴുകുതിരി ഞാന്‍ കൊണ്ടു വരാം, ഉമ്മുകുത്സു രണ്ട് ബലൂണ്‍ കൊണ്ടു വരും, മിനി ഒരു ചന്ദന തിരി, മുരളി തുടയ്ക്കാനുള്ള തുണി, പ്രാഞ്ചീസ് മെഴുകുതിരി, ഇങ്ങനെ പോകും കണക്കെടുപ്പ്. സുകൃത ജപം കുട്ടികള്‍ ക്ലാസ്സ് റ്റീച്ചറുടെ സഹായത്തോടെ കണ്ടെത്തും.പിറ്റേന്ന് നേരത്തെ വരുന്ന കുട്ടികള്‍ ഉണ്ണീശൊയെ അലങ്കരിക്കും. ചുറ്റും അടിച്ചു വാരി, ബലൂണുകളും, ചന്ദന തിരികളും കത്തിച്ച് വയ്ക്കും. ബലൂണുകളും തോരണങ്ങളും ചാര്‍ത്തി മോടി പിടിപ്പിയ്ക്കും. അസംമ്പ്ലിയ്ക്ക് ക്ലാസ്സ് ലീഡര്‍ എല്ലാ കുട്ടികള്‍ക്കുമായി സുകൃത ജപം ചൊല്ലി കൊടുക്കും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ഇത് 100 പ്രാവശ്യം ചൊല്ലി ഇന്ന് ഉണ്ണീശോയ്ക്കു ഒരു വള നമുക്കു സമ്മാനിക്കാം".
ഞാനെന്നും വൈകുന്നേരം അമ്മയെ നോക്കിയിരിക്കുമ്പോഴാണു സുകൃത ജപം ചൊല്ലുക. അമ്മാമ്മേടെ പഞ്ഞി കവിളു നുള്ളി “അമ്മിച്ചി എന്തേ ഇത്ര നേരായിട്ടും വരാത്തെ“ എന്ന പതിവു ചോദ്യം ഒരു 10 പ്രാവശ്യം ചോദിച്ചു കഴിയുമ്പോള്‍ അമ്മാമ്മയ്ക്കു ദേഷ്യം വരും. "ക്ടാവ്വേ നിനക്കറിയണതന്യാ എനിക്കറിയളോ. നീ മിണ്ടാണ്ടിരുന്ന് കൊന്തെത്തിയ്ക്ക്. നിന്റെ അമ്മ അപ്പഴ്ക്കും വരും" അപ്പോള്‍ വേറോന്നും ചെയ്യാനില്ലാത്തതിനാല്‍ ആകാശത്തേയ്ക്ക് നോക്കി ഞാന്‍ ചൊല്ലും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു".എണ്ണമൊക്കെ എപ്പോഴും തെറ്റും എന്നാല്‍ കുറേ പ്രാവശ്യം ചൊല്ലി കഴിയുമ്പോള്‍ ഒരു കുഞ്ഞുനക്ഷത്രം തിരിച്ചും പറയുന്നതായി എനിക്കു തോന്നും "കുഞ്ഞു മോളേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു" അതാണ് ഉണ്ണീശോ എന്നു ഞാന്‍ വിശ്വസിച്ചു. പിന്നെ നേരം പോകുന്നതറിയില്ല. അമ്മ വരുന്നതുവരെ ആ കുഞ്ഞു നക്ഷത്രത്തിനോടു വര്‍ത്തമാനം പറഞ്ഞിരിക്കും.
എല്‍.പി സ്കൂളില്‍ നിന്നു പട്ടണത്തിലെ ഹൈസ്കൂളിലെത്തി, പിന്നേയും പല പല വിദ്യാലയങ്ങള്‍, കലാശാലകള്‍, “കൊച്ചുണ്ണിശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു“ എന്നത് മാത്രം ക്ഷണിക്കാതെ എല്ലാ ക്രിസ്തുമസ്സ് കാലത്തും കൂട്ടുവന്നു.
രണ്ടാം പര്‍വ്വം: ഞാന്‍ കണ്ട ബെത്‌ലേഹമും പുല്‍കൂടും
ഒരു ക്രിസ്ത്യാനി ഒരിക്കലും വന്നു കൂടാത്ത സ്ഥലമാണ് ഇസ്രായേല്‍ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ക്രിസ്ത്യാനിറ്റിയും, മറ്റു പല,പല കണ്‍സെപ്റ്റുകളും മാറി മറയുന്ന ഒരു കലിഡൊസ്കോപ്പായാണ് എനിക്കീ രാജ്യത്തെ കാണാനാവുക. ചിത്രങ്ങള്‍ മാറി മാറി ഇപ്പോള്‍ യേശു എന്ന രണ്ടക്ഷരം പോലും സംശയത്തോടെയല്ലാതെ ഉച്ചരിക്കാനാവില്ല എന്ന അവസ്ഥയയിരിക്കുന്നു(യേശു എന്ന് പറയുന്നതേ തെറ്റാണെന്നാണ് ഇവിടുത്തെ അറബ് ക്രിസ്ത്യാനികള്‍ പറയുന്നത്). ഇങ്ങനെ സംശയ വാസു ആയി മാറിയ എനിക്ക് ഒരിക്കല്‍ ബെത്‌ലേഹമില്‍ പോകാനും അവസരം ഉണ്ടായി, ലബനോന്‍-ഇസ്രായേല്‍ യുദ്ധകാലത്ത്, യുദ്ധത്തിനിടയില്‍ പലായനം ചെയ്ത ഇന്ത്യന്‍ സംഘത്തിന് ഒരു ആശ്വാസ യാത്ര എന്ന നിലയ്ക്ക്. അങ്ങനെ ഒരു പുല്‍കൂടിന്റെ ഓര്‍മ്മയിലും കലിഡോസ്കോപ്പ് ചിത്രങ്ങളായി.
ജറുസലേമില്‍ നിന്ന് എതാണ്ട് 30 മിനുട്ട് എടുത്തു എന്നാണ് എന്റെ ഓര്‍മ്മ. ജറുസലെമില്‍ നിന്ന് 8 കിലോമീറ്ററേ ഉള്ളൂ എന്ന് വെബ്‌സൈറ്റില്‍ കാണുന്നു. ജറുസലേമില്‍ നിന്ന് ഇസ്രായേല്‍ ഗവണ്മെന്റ് ടാക്സിയില്‍ ആണ് പോയത്. ഗവണ്‍മെന്റ് ടാക്സിയായത് കൊണ്ടാവും ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചെക്കിംഗ് ഇല്ലായിരുന്നു. പലസ്തീന്‍ തിര്‍ത്തിയില്‍ ഒരു പട്ടാള ക്യാമ്പ് മാത്രം കണ്ടു. അതിര്‍ത്തിയില്‍ ഇറങ്ങിയപ്പോള്‍ അവിടെ പാലസ്തീന്‍ ഗവണ്മെന്റ് ഗൈഡ് ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ബത്‌ലേഹമിലേയ്ക്ക്.
2002 ലെ പ്രശ്നങ്ങള്‍ക്ക് ശേഷം അധികം സംഘര്‍ഷങ്ങള്‍ അവിടെ ഉണ്ടായിട്ടിലെങ്കിലും ഇസ്രായേല്‍ പട്ടാളക്കാര്‍ മുഴുവന്‍ വിട്ടു പോയിട്ടില്ല എന്നാണറിഞ്ഞത്. (അല്ലെങ്കിലും പലസ്തിന്റെ എല്ലാ ഗ്രാമത്തിലും ഇസ്രായേല്‍ പട്ടാളം ഉണ്ട് എന്നാണെന്റെ അറിവ്) ഞങ്ങള്‍ പോയ സമയം അവിടെ നല്ല ശാന്തതയുള്ള സമയമായിരുന്നു. ഇസ്രായേല്‍ പട്ടാളക്കാരെ ഒന്നും അവിടെ കണ്ടില്ല. (അവരു ലബനോനിലേയ്ക്ക് പോയി കാണും). ഞാന്‍ കണ്ട ഒരു പാലസ്തിന്‍ തെരുവാണ് ചുവടെ.

അതിര്‍ത്തിയില്‍ നിന്നും 15 മിനിട്ടിനുള്ളില്‍ ഉണ്ണീശോ ജനിച്ചു എന്ന് പറയപ്പെടുന്ന സ്ഥലത്തെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ എത്തി.
ചര്‍ച്ച് ഓഫ് നേറ്റിവിറ്റി
എ.ഡി നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പണികഴിപ്പിച്ചതാണ് ഈ പള്ളി. സമറിയന്‍ വിപ്ലവത്തില്‍ തകര്‍ന്ന ഈ പള്ളി ആറാംനൂറ്റാണ്ടില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി പുതിക്കി പണിതു. ബസലിക്ക പള്ളീ (അവിടെയാണ് യേശു ജനിച്ച ഗുഹയുള്ളത്) ഗ്രീക്ക് കത്തോലിക്കരുടെ അധീനതയിലാണ്. ഇതല്ലാതെ, ലത്തീന്‍ കത്തോലിക്ക പള്ളിയും, അര്‍മേനിയന്‍ പള്ളിയും അടുത്ത് തന്നെയൂണ്ട്. 3 രീതിയിലുള്ള ആരാധനാക്രമങ്ങളിലുള്ള കുര്‍ബ്ബാനയും ബസലിക്ക പള്ളിയില്‍ ഉണ്ടാകാറുണ്ട്. പള്ളിയില്‍ നിന്നുള്ള ഒരു പാലസ്തീന്‍ വ്യു ആണ് താഴെ കാണുന്നത്.

നേറ്റിവിറ്റി പള്ളിയുടെ മുന്നില്‍ ഒരു മുസ്ലീം പള്ളിയാണ്. അത് താഴെ കാണാം.

കയറി ചെല്ലുന്ന കവാടം വളരെ ചെറുതാണ്. ആളുകള്‍ക്ക് കുനിഞ്ഞേ അകത്ത് കയറാന്‍ പറ്റൂ. ഓട്ടോമാന്‍ ഭരണകാലത്ത് കുതിരിയെ ഓടിച്ച് അകത്ത് കയറുന്നത് തടയാനാണ് ഇത് ചെയ്തത്. (അമ്മയുടെ കത്തില്‍ എഴുതിയിരുന്നു, ലത്തിന്‍ പള്ളിയിലെ ക്രിസ്തുമസ്സ് ലേഘനത്തില്‍ ബെത്‌ലേഹത്ത് വന്ന ഒരച്ചന്‍ ഈ വാതിലിനെ കുറിച്ച് എഴുതിയിരുന്നു എന്ന്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ, കുനിഞ്ഞ ശിരസ്സുമായി പള്ളീകകത്ത് പ്രവേശിക്കാനാണ് അത് എന്നതില്‍ എഴുതിരിക്കുന്നു എന്ന്. അതു കണ്ട് അമ്മയെ കളിയാക്കി എഴുതിയതാണ് യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റിനു കാരണമായത്. പിന്നെ ആലോചിച്ചപ്പോള്‍ ആ അച്ചന്‍ അദ്ദേഹത്തിന്റെ വീക്ഷണം മാത്രമാവാം എഴുതിയിട്ടുണ്ടാവുക എന്ന് തോന്നി). ആ വാതിലാണ് താഴെ. പണ്ടുണ്ടായിരുന്ന വലിയ വാതിലിന്റെ അടയാളങ്ങള്‍ ഇപ്പോഴും അവിടെ ഉണ്ട്. (പടത്തില്‍ കാണാത്തത് എന്റെ പടം പിടുത്തത്തിന്റെ ഗുണം കൊണ്ടാ!).

അങ്ങനെ ആ വാതിലു കുനിഞ്ഞ് കടന്ന് പള്ളിക്കകത്തൂടെ ഉണ്ണീശോ ജനിച്ചതെന്ന് പറയുന്ന ഗുഹയില്‍ ( ഗ്രോട്ടോ, ഒരു താഴ്ന്ന പ്രദേശം, അത്രയേ ഉള്ളൂ) പ്രവേശിച്ചു. അവിടെ ഈശൊ ജനിച്ച സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഒരു കുഞ്ഞി കുഴിയായാണ്. അതിനു ചുറ്റും ഒരു വെള്ളി നക്ഷത്രവും ഉണ്ട്. ആ പടം താഴെ.

ആ സ്ഥലത്തിനു ചുറ്റും വെള്ളി വിളക്കുകളാണ്. ഒരു പടം കൂടി.

ഉണ്ണീശോയെ രാജാക്കന്മാര്‍ ആരാധിച്ച സ്ഥലമാണ് ഇനി കാണുന്നത്.

ഇതുകണ്ടിറങ്ങിയപ്പോള്‍, എന്റെ മനസ്സിലുണ്ടായിരുന്ന തൊഴുത്തും, പുല്‍കൂടും, ഗുഹയും, പാടവും, തണുപ്പും, മഞ്ഞും ഒക്കെ ചേര്‍ന്ന കുട്ടികാല ശേഖരത്തിലുണ്ടായിരുന്ന, ഒരു പടം തുണ്ട് തുണ്ടായി കീറി കാറ്റില്‍ പറന്നു പോയി. പിന്നെ ആ തുണ്ടുകള്‍ ഞാനെടുത്തെന്റെ കലിഡോസ്കോപ്പിലിട്ടു. ആല്‍ബത്തിലൊട്ടിക്കാനായി, കഴിഞ്ഞ ആഴ്ച, റഷ്യന്‍ കടയില്‍ നിന്ന് നേറ്റിവിറ്റി ക്രിബ് എന്ന് വിളിക്കപ്പെടുന്ന പുല്‍കൂടിന്റെ ഒരു വികൃത രൂപവും വാങ്ങി.
എല്ലാ ബൂലോകര്‍ക്കും എന്റെ ക്രിസ്തുമസ്സ് സമ്മാനമായി എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്. ഇത് ഞാന്‍ കേട്ടിരിക്കുന്നത് ഞങ്ങളുടെ പള്ളിയില്‍ ജോ പാടിയിട്ടാ. അതോണ്ട് എല്ലവരും ജോയുടെ ബ്ലോഗില്‍ പോയി അത് കേള്‍ക്കുക.എല്ലാ ബൂലോകര്‍ക്കും MERRY XMAS & HAPPY NEW YEAR
Tuesday, November 07, 2006
“ഹായ് ഹോദൂസ്”
“ഹായ് ഹോദൂസ്“
വാക്കുകളുടെ ഉറവിടം കുറച്ച് പുസ്തകങ്ങളുമായി നില്‍ക്കുന്ന ഒരു ഇസ്രായേലി ആയതു കൊണ്ട് വലിയ കൌതുകമൊന്നും തോന്നിയില്ല. ഹോദു എന്നാല്‍ ഹീബ്രുവില്‍ ഇന്‍ഡ്യ അല്ലെങ്കില്‍ ഇന്‍ഡ്യാക്കാരന്‍. ആര്‍ക്കു കണ്ടാലും ഞാന്‍ ഇന്ത്യാക്കാരിയാണെന്ന് ഒറ്റനോട്ടത്തിലറിയാം. ‘എന്തിനാ വെറുതെ ഹീബ്രു അറിയാത്ത എന്റെ അടുത്ത് ഹീബ്രു പുസ്തകങ്ങളൊക്കെയായി ‘ എന്ന ഒരു ധ്വനി കലര്‍ത്തി പറഞ്ഞു.
“ഐ ഡോനോ ഹീബ്രു“. അപ്പോള്‍ ഇസ്രായേലി പ്രസംഗം തുടങ്ങി.
“നിങ്ങള്‍ ഇന്ത്യാക്കാരിയല്ലേ?“ “അതേ“
“ഹിന്ദൂവാണോ?“ “അല്ല“
“നിങ്ങള്‍ക്ക് ഹിന്ദുവിസത്തെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടൊ? ഞാന്‍ ഇവിടെ ഒരു വേദാന്ത സംഘടനയിലെ അംഗമാണ്.“
“ഹേ, ഹെന്ത്? വേദാന്തം?”
ഞാന്‍ വെറുതെ വെറുതെ ഞെട്ടി. പാശ്ചാത്യ ലോകത്ത് കബാല പോലെയൊ അതിലേറെയുമൊ ഹിന്ദുയിസം ഫാഷന്‍ ആണെന്ന് കേട്ടിരുന്നെങ്കിലും ഈ ഇട്ടാവട്ട ഇസ്രായേലില്‍ ഇങ്ങനെ ഒരുത്തനെ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.പിന്നെ അയാള്‍ കുറേ ഹിന്ദുയിസം, വേദാന്തം ഒക്കെ പ്രസംഗിച്ചു.
അയാള്‍ ഹിന്ദുവാണത്രേ. പേരു ഉദാര ദാസ്. അതിന്റെ അര്‍ത്ഥം അയാള്‍ കഷ്ടപ്പെട്ട് വിവരിച്ച് തന്നു. ജനിച്ചതും വളര്‍ന്നതും ഇസ്രായേലില്‍. മാതാപിതാക്കള്‍ എവിടുത്തുക്കാരാണെന്ന് പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല. മാതാപിതക്കളുടെ മതവും അയാളുടെ ഹിന്ദുയിസവുമായി ബന്ധമില്ല എന്ന്. 5 ജന്മം മുന്‍പ് അയാള്‍ ഇന്ത്യയില്‍ ജനിച്ചിരുന്നു പോലും. ( ഞാന്‍ ആദ്യം മനസ്സില്ലാക്കിയത് 5 തലമുറ മുന്‍പ് ഇന്ത്യയില്‍ ആയിരുന്നു എന്നാണ്. കൂടുതല്‍ ചോദിച്ചപ്പോഴാണ് 5 തലമുറയല്ല, 5 ജന്മം മുന്നേ എന്നു മനസ്സിലായത്). ഇവിടുത്തെ യുദ്ധത്തിനെതിരെ സമാധാനം കൊണ്ട് വരാന്‍ വേദാന്തത്തിലൂടെ ശ്രമിക്കുന്ന സംഘനയിലെ അംഗമാണ് ഉദാര ദാസ്. ഈ സംഘടന ഇസ്രായേലിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥിരം ക്ലാസ്സുകള്‍ നടത്തുന്നു. ഇസ്രായേലില്‍ ഇവരുടെ പ്രധാന ലക്ഷ്യം വേദാന്തത്തിലൂടെ സമാധാനം എന്നതാണ്. സസ്യാഹാരത്തെ മാത്രമെ ആ സംഘടന പ്രോത്സാഹിപ്പിക്കൂ. ആത്മാവിനേയും, പുനര്‍ജ്ജന്മങ്ങളേയും, ഗീതോപദേശത്തെയും, കൃഷ്ണലീലയേയും കുറിച്ച് അയാള്‍ വാചാലനായപ്പോള്‍ സത്യമായും എനിക്ക് ദേഷ്യത്തിന്റേയും, ബോറടിയുടേയും ഇടയ്ക്കുള്ള ഒരു വികാരമായിരുന്നു.
ഉദാര ദാസിന്റെ കൈയിലുള്ള പുസ്തകങ്ങള്‍ വാങ്ങി പകരം അവരുടെ സംഘടനയ്ക്ക് സംഭാവന നല്‍കണം. അതാണ് അയാളുടെ ഇപ്പോഴത്തെ ആവശ്യം. ആ സംഭാവന കൊണ്ടാണ് ഭക്തര്‍ക്ക് പ്രസാദം കൊടുക്കുന്നത്! പുസ്തകത്തില്‍ ഒന്ന് ഇന്‍ഡ്യന്‍ പാചകകുറിപ്പുകള്‍ ആണ്. അതിവിടത്തെ ബെസ്റ്റ് സെല്ലര്‍ ആണെന്നാണ് അയാള്‍ പറഞ്ഞത്.അതെന്തായലും അതില്‍ മലായ് കോഫ്ത ഉണ്ടെന്നറിഞ്ഞ് ഞാനൊന്നു വാങ്ങി. എന്റെ വീട്ടുടമസ്ഥ കുറേക്കാലം കൊണ്ട് മലായ് കോഫ്ത കുറിപ്പ് വേണം എന്ന് പറയുന്നു. പുസ്തകങ്ങളൊക്കെ ഉഗ്രന്‍. കൃഷ്ണന്റെ ഒന്നാന്തരം കളര്‍ പടങ്ങള്‍. പിന്നേയും മൂന്ന് പുസ്തകങ്ങള്‍ കൂടെ ഞാന്‍ വാങ്ങി. ഒന്ന് ഈശൊപനിഷത്ത് ഹീബ്രുവില്‍. (അത് ഇന്ത്യ, കേരളം എന്നൊക്കെ പറഞ്ഞാല്‍ സ്വര്‍ഗ്ഗം എന്ന് പ്രതീതി ധ്വനിപ്പിക്കും വിധം വാചാലനാകുന്ന പ്രൊഫസ്സര്‍ക്ക് കൊടുത്തു. വായിച്ചഭിപ്രായമറിയാന്‍.അഭിപ്രായമറിഞ്ഞീട്ടു വേണം ബാക്കി) മറ്റൊന്ന് ഒന്നു കുട്ടികള്‍ക്കുള്ള കൃഷ്ണ കഥകള്‍ (ഹീബ്രുവില്‍) മൂന്നാമത്തേത് Beyond birth & death എന്ന A. C. Bhaktivedanta Swami Prabhupada എഴുതിയ പുസ്തകം.
അയാള്‍ തന്ന ബ്രോഷറുകളൊക്കെ വാങ്ങി ലാബിലെത്തിയിട്ടും എന്റെ മുഖത്തെ ആശ്ചര്യചിഹ്നം മാറിയില്ല. ഇസ്രായേലില്‍ വേദാന്തമൊ? ജൂതന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ നാട്. അവിടെ അവര്‍ മാത്രം മതി എന്ന് പറയുന്നതിനിടയിലാണ് ജൂതന്മാര്‍ പിന്നെ ഹിന്ദുക്കളാകുന്നത്. വിരോധാഭാസം! ജുതായിസം ഒരു മതമല്ല, ഹിന്ദുയിസം പോലെ ഒരു സംസ്കാരം ആണ് എന്നൊക്കെ പല ജൂതന്മരും പറഞ്ഞ് വാചാലരാകറുണ്ട്. പക്ഷെ ഒരു മറുകണ്ടം ചാടല്‍ എന്തു മാത്രം പ്രസക്തമാണ്? വെറുതെ ചിന്തിക്കാന്‍ ചെലവൊന്നുമില്ലല്ലോ. ബ്രോഷ്രറില്‍ പറഞ്ഞിരിക്കുന്ന വെബ്സൈറ്റ് നോക്കി. വെബ്സൈറ്റ് മൊത്തം ഹീബ്രു ആണ്.
Beyond birth & death എന്ന പുസ്തകമെഴുതിയ A. C. Bhaktivedanta Swami Prabhupada എന്നയാളെ ഗൂഗ്ലി നോക്കി. International Society for Krishna Consciousness (ISKCON) എന്ന സംഘനയുടെ സ്ഥാപകനാണ് ഈ ബംഗാള്‍കാരന്‍. ഹരേ കൃഷ്ണ എന്ന പേരില്‍ അറിയപ്പെടുന്ന ആ സംഘടന തന്നെയാണ് ഇവിടെയും ഉള്ളത് എന്ന് ഞാന്‍ വാങ്ങിയ പുസ്തകങ്ങള്‍ കാണുമ്പോള്‍ ഊഹിക്കാം. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഹരേ കൃഷ്ണയ്ക്ക് ശാഖകള്‍ ഉണ്ട്. ഭക്തി വേദാന്ത സ്വാമി പ്രഭുപാദയുടെ ബഹുമാനാര്‍ത്ഥം ഇന്‍ഡ്യാ ഗവണ്മെന്റ് സ്റ്റാമ്പും ഇറക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏതാണ്ടെല്ലാഭാഗത്തുമായി സ്കൂളുകള്‍ മുതല്‍ റസ്റ്റോറണ്ട് വരെ ഉണ്ട് ഹരേ കൃഷ്ണയ്ക്ക്. (സസ്യാഹാരം പ്രോത്സാഹിപ്പിക്കാനാകണം.)
പറഞ്ഞ് വന്നത് ഇതൊന്നുമല്ല. നമ്മള്‍ ടോയലറ്റ് പേപ്പറാക്കാന്‍ പോകുന്ന ഈ വേദാന്തങ്ങളുടെ ആഗോളതല വാണിജ്യവത്കരണം കണ്ട് ഞാന്‍ മൂക്കും കുത്തി വീണതും 75 ഷെക്കല്‍ കളഞ്ഞതും ആണ്! എന്തായാലും 75 ഷെക്കല്‍ പോയി എന്നാല്‍ ഇസ്രയേല്‍ക്കാരുടെ ഇന്ത്യ ബന്ധത്തിനെ കുറിച്ചും (ഞാന്‍ കണ്ടതും) ഒന്ന് എഴുതിയേക്കാം.
ഇന്ത്യ, ഇസ്രായേല്‍ക്കര്‍ക്ക് ഒരു ഫാന്റസി നാടാണ്. ഏത് രാജ്യം സന്ദര്‍ശിക്കാനാണ് കൂടുതല്‍ താല്പര്യം എന്ന് ഒരു 21-25 വയസ്സുള്ള ഒരു ഇസ്രായേലിയോട് ചോദിച്ചാല്‍ പത്തില്‍ അഞ്ച് പേരും (ഒരേകദേശ കണക്കണേ) ഇന്ത്യാ എന്ന ഉത്തരമായിരിക്കും തരുക. 17 വയസ്സു മുതല്‍ മൂന്ന് വര്‍ഷക്കാലത്തെ നിര്‍ബന്ധ പട്ടാളസേവനം കഴിഞ്ഞ് മിക്ക ഇസ്രായേലികളും അഞ്ചോ ആറോ മാസം പലരാജ്യങ്ങളും കറങ്ങി നടക്കും. പട്ടാള ജീവിതത്തിന്റെ കാഠിന്യം മനസ്സീന്ന് പോകാനാണ് ഈ യാത്ര. മിക്കവരുടേയും ആദ്യ തിരഞ്ഞെടുപ്പ് ഇന്ത്യയാണ്. ഇതിന് പലകാരണങ്ങള്‍ ഉണ്ട്. പ്രധാനമായത് സാമ്പത്തീകം തന്നെ. യൂറോപ്പിനേക്കാളും ഇന്ത്യന്‍ യാത്രയ്ക്ക് പോക്കറ്റിനു കനം കുറച്ച് മതി.മാത്രമല്ല യൂറോപ്പിനേക്കാളും വ്യതസ്തത ഏഷ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. പിന്നെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ എന്ന ഒരു വലിയ രാജ്യത്ത് 6 മാസം ചെലവിടാന്‍ ഒരുപാട് സ്ഥലം ഉണ്ടെന്ന തോന്നലാവാം. ഇന്ത്യയില്‍ നിന്നും ഒരുപാട് ക്രിസ്ത്യന്‍ ടൂറിസ്റ്റ്കള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കറുണ്ട്. (യുദ്ധകാലത്ത് പോലും കണ്ടിരുന്നു പലരേയും!) ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സഹകരണമാണ് ബയോടെക്നോളജി, പ്രതിരോധം എന്നീ ഗവേഷണ (ഗവേഷണേതര) രംഗങ്ങളില്‍ നിലനില്‍ക്കുന്നത്. തന്മൂലം ധാരാളം ഇസ്രായേല്‍ ഗവേഷകരും, ഗവേഷക വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ വര്‍ഷങ്ങളോളം താമസിക്കുന്നു, തിരിച്ചും ( ഞാന്‍ ഉദാഹരണം). ഇന്ത്യയില്‍ 6 മാസമോ അതില്‍ കൂടുതലോ ചെലവിടുന്നവര്‍ക്ക് ഹിന്ദുവിസത്തിനോട് അടുപ്പം തോന്നുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ല. പക്ഷേ അവര്‍ ഹിന്ദുക്കളാകുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തന്നെ. ജൂത മതം ഔദ്യോഗിക മതമായ ഇസ്രായേലില്‍, ലോകത്തിന്റെ ഏത് കോണിലുള്ള ജൂതനും സ്വയമേ ഇസ്രായേല്‍ പൌരനാകുന്ന നിയമമുള്ളൊരു നാട്ടില്‍ ഒരു ഹിന്ദുമതപരിവര്‍ത്തനത്തിന്‍ തീരെ സാധ്യത കാണുന്നില്ല.
ഹിന്ദുയിസം ഇത്രയൊക്കെ ഇവിടെ പരക്കുന്നുണ്ടെങ്കില്‍ അതിനു മൂന്ന് കാരണങ്ങളാണ് എനിക്കു പ്രധാനമായും തോന്നുന്നത്.
1. അതിന്റെ മൌലീകവും, ചിന്തോദ്ദീപകങ്ങളുമായ ആശയങ്ങള്‍. പാശ്ചാത്യലോകത്തിന് തികച്ചും നൂതനമായി തോന്നാവുന്ന അനേകായിരം അറിവുകളും ആശയങ്ങളും അടങ്ങിയ ഹിന്ദുയിസത്തെ അടുത്തറിയുമ്പോള്‍, അതും അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്നേ അവ ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍, കൂടുതല്‍ കൂടുതല്‍ അതിനെ കുറിച്ച് അറിയാനുള്ള ത്വര ഉണ്ടാവുക സ്വാഭാവികം.
2. ഒരു ഫാഷന്‍ തരംഗം എന്ന നിലയ്ക്ക്. ബ്രിട്ട്നി പിയേഴ്സ് ഹിന്ദുമതം സ്വീകരിച്ച്, നെറ്റിയില്‍ സിന്ദൂരവും ഇട്ട് നടന്ന് നീങ്ങിയ കാഴ്ച അത്ര വേഗം മറക്കാന്‍ പറ്റില്ലല്ലോ. ഇവിടേയും പൊട്ട് ഒരു ഫാഷനായി വരുന്നു. നെറ്റിക്ക് പകരം കവിളിലൊക്കെയാണ് അധികവും കാണാറ് എന്ന് മാത്രം! ഇന്ത്യയില്‍ നിന്നുള്ള കോട്ടണ്‍, സില്‍ക്ക് ഇതിനൊക്കെയും ആരാധകര്‍ ഏറെയാണ്.
3.സാധനങ്ങളും സേവങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് യൂസര്‍ എന്‍ഡില്‍ എത്തിക്കുന്ന ആഗോള കച്ചവടതന്ത്രം. ഇന്ത്യന്‍ കോട്ടണ്‍ എന്ന് പറഞ്ഞാല്‍ എന്ത് കൂറ തുണിയും ഒരുപാട് കാശു കൊടുത്ത് വാങ്ങുന്ന ഈ രാജ്യത്ത് ചെലവാക്കാന്‍ പറ്റുന്ന ഒന്നാതരം ചരക്കാണ് ഹിന്ദുയിസം കുപ്പിയിലാക്കിത്. ഇളനീരു കുടിക്കാത്ത നമ്മള്‍ കോള കുടിക്കുന്നത് പോലെ. ജൂതമതം നോക്കി നടത്താന്‍ റിലീജിയസ് ജൂതന്മാര്‍ എന്ന ഒരു കൂട്ടരുണ്ട്. അപ്പോള്‍ നോണ്‍ റിലീജിയസ് ജൂതന്മാര്‍ക്കുള്ള കോളയാണ് നമ്മുടെ കുപ്പിയിലാക്കിയ ഹിന്ദുയിസം.
ഈ മൂന്നാമത് പറഞ്ഞ കാര്യത്തെ കുറിച്ച് ചിന്തിച്ചാല്‍ (പിന്നെ അന്തമില്ല). എന്തായാലും വേദങ്ങള്‍ തട്ടില്‍ പുറത്ത് നിന്നും വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക. അതു പെറുക്കുയെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കി കുപ്പിയിലടച്ച് വില്‍ക്കാനിതാ ഒരുകൂട്ടര്‍! ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു ബാര്‍ട്ടര്‍ സബ്രദായം ആണ്. പാശ്ചാത്യലോകം അവരുടെ ഉത്പന്നങ്ങള്‍ (മാത്രം) നമുക്ക് തരുന്നു. നമ്മള്‍ നമ്മുടെ കൈയിലുള്ളത് അവര്‍ക്ക് കൊടുക്കുന്നു.
വാല്‍കഷ്ണം: ഉദാരദാസിന്റെ സംക്രിഷ് (സംസ്കൃതം ഇംഗ്ലീഷില്‍ എഴുതുന്നതിനെ എന്താ പറയാ?) ശ്ലോകങ്ങളും അതിന്റെ വിവരണവും കേട്ട് മുഷിഞ്ഞ എന്നിലെ മലയാളി മൂരാച്ചി: ‘ ഞങ്ങളുടെ തുപ്പല്‍ കോളാമ്പിയില്‍ നിങ്ങളെനിക്ക് അമ്പലപ്പുഴ പാല്‍പായസം വിളമ്പുന്ന കാലം വിദൂരത്തൊന്നുമല്ല സുഹൃത്തേ!‘(തുപ്പല്‍ കോളാമ്പി പ്രയോഗത്തിനു കടപ്പാട് തൃശ്ശൂര്‍ പി.സി തോമസ്)
Sunday, October 01, 2006
യോം കിപുര്‍ (Yom Kippur) -ഇസ്രായേലിന്റെ പ്രായ്ശ്ചിത്ത ദിനം
ഇതിന്റെ ആചാരങ്ങളും പ്രാര്‍ത്ഥനകളും തലേ ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പേ തുടങ്ങും. ജൂത്നമാരുടെ എല്ലാ അവധികളും തലേ ദിവസം സൂര്യന്‍ അസ്തമിക്കുനത് മുതല്‍ പിറ്റേ ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ്. അധികം മതവിശ്വാസികളലാത്ത ജൂതന്മാര്‍ പോലും ഈ ദിവസം സിനഗോഗില്‍ പോയി പ്രാര്‍ത്ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യും.തീ കത്തിക്കാന്‍ പാടില്ലാത്തതിനാല്‍ ഭയങ്കരമായ മതവിശ്വാസം ഉള്ളവര്‍ ലൈറ്റ് ഇടുക പതിവില്ല. എല്ലാ പാനീയങ്ങളും ഭക്ഷണവും നിഷിധമാണ്. ജൂതന്മാര്‍ അല്ലാത്തവര്‍ പുറത്തിരുന്നു ഭക്ഷിക്കുന്നതും ഇന്നേ ദിവസം വിലക്കപ്പെട്ടിരിക്കുന്നു.
ബസ്, തീവണ്ടി ഒന്നും സര്‍വീസ്സ് ഉണ്ടാവില്ല. വിമാനത്താവളം പോലും അടച്ചിടും. സ്വന്തം വാഹനം പോലും(കാര്‍, മോട്ടോര്‍ സൈക്കില്‍ ഇത്യാദി ഒന്നും) ഇന്നേ ദിവസം തെരുവിലിറക്കാന്‍ പാടില്ല. മത വിശ്വാസികള്‍ ഉള്ള സ്ഥലം ആണെങ്കില്‍ കല്ലേറ് ഉറപ്പ്. സൈക്കില്‍ ഉപയോഗിക്കാം എന്നതിനാല്‍ ഇതിന് സൈക്കിളുകളുടെ ഉത്സവം എന്നു ഇരട്ടപേരുണ്ടത്രേ.
വാല്‍കഷ്ണം: ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ വല്ലാത്ത കൌതുകം തോന്നി. ആചാരങ്ങളൊക്കെ എത്ര നന്ന്. പ്രവര്‍ത്തികള്‍ക്കെ ഉള്ളൂ ഒരിത്തിരി പ്രശ്നം. അതീ യോം കിപുറില്‍ പരിഹരിക്കപ്പെടും. പശ്ചാത്താപം കഴിഞ്ഞാല്‍ പിന്നെ ധൈര്യമായി അടുത്ത യുദ്ധങ്ങള്‍ക്ക് പുറപ്പെടാമല്ലോ. അടുത്ത വര്‍ഷവും ഉണ്ട് യോം കിപുര്‍.
പിന്‍വിളി: ആര്‍ക്കൊക്കെയൊ കൈസ്തവരുടെ കുമ്പസാരം ഓര്‍മ്മ വരുന്നു.
കൂടുതല്‍ വായനയ്ക്ക്
Tuesday, July 11, 2006
ഇസ്രായേലില്‍ നിന്നും ഒരു എത്തി നോട്ടംപാലസ്തീനിലേയ്ക്ക്
വായിക്കുന്നതിന്നു മുന്‍പ് രണ്ട് കാര്യങ്ങള്‍.
1. ഇസ്രായേല്‍ = അമേരിക്ക എന്ന നിര്‍വചനത്തില്‍ നിന്നു വായികൂ.
2. ഇസ്രായേലിനെയും അമേരിക്കയേയും ന്യായീകരിക്കുകയൊ അവരുടെ തെറ്റുകളെ ലളിതവല്‍കരിക്കുകയൊ അല്ല എന്റെ ലക്ഷ്യം. “ജീവിതം പുറമ്പോക്കില്‍ ഉപേക്കേണ്ടി വന്ന“ പാലസ്തീനികളെ ഏന്തെങ്കിലും തരത്തില്‍ സഹായിക്കനാകുമൊ എന്ന എന്റെ ആകുലതയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. അമേരിക്ക അമേരിക്ക എന്ന് വൃഥാ പറഞ്ഞൊഴിയാതെ എനിക്കെന്തെങ്കിലും ചെയ്യാനാകുമൊ? ഇതി വായിക്കുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമൊ? അതു മാത്രമെ ഞാന്‍ മുന്നില്‍ കാണുന്നുള്ളൂ. ഇതില്‍ തീവ്രമായ വികാരങ്ങള്‍ക്കു യാതൊരു പങ്കുമില്ല. വിവേകത്തൊടെ ചിന്തിച്ച് അവരെ രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കാനയാല്‍........ എന്നു മാത്രമെ ഇതെഴുതുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നുള്ളൂ.
പാലസ്തീനിന്റെ മേല്‍ എത്രയെത്ര ബോംബുകള്‍ വീണാലും അന്താരാഷ്ട്ര സമൂഹത്തിന്റെ ശബ്ദം ഒറ്റകെട്ടായി അതിനെതിരെ ഉയരില്ല.കാരണം പാലസ്തീനികളെ സഹായിക്കാന്‍ ആരുമില്ല എന്നതു തന്നെ...കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല്‍ പാലസ്തീന്‍ എന്താണ് എന്ന് നമ്മള്‍ മറന്നു പോയിരിക്കുന്നു.ഇത്തരം ഗാസ ആക്രമണങ്ങളെയും നിരപരാധികളുടെ മേലുള്ള ഇസ്രായേലിന്റെ ( അപ്പോള്‍ ഇസ്രായേലി നിരപരാധികള്‍ മരിക്കുമ്പോള്‍ അവര്‍ അപരാധികളാണൊ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ) ആക്രമണങ്ങളെ തീവ്രമായ വാക്കുകള്‍ ഉപയോഗിച്ചു റിപ്പോര്‍ട്ടുകള്‍ എഴുതുകയും എന്തിനും ഏതിനും അമേരിക്കയെ കുറ്റം പറയുകയും ചെയുന്നതിനു മുന്‍പ് ചുരിങ്ങിയ പക്ഷം റിപ്പോര്‍ട്ടര്‍മാരെങ്കിലും പാലസ്തീനെ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍...(പാലസ്തീന്‍ എന്നത് ആര്‍ക്കെങ്കിലും ഒക്കെ അമ്മാനമാടാനുള്ള യുദ്ധഭൂമി അല്ലെന്നും ഒരുകൂട്ടം മനുഷ്യരാണവിടെ ജീവിക്കുന്നതെന്നും, ചത്തവരുടെ കണക്കുകളേക്കള്‍ അവര്‍ക്കവശ്യം ഭക്ഷണവും മരുന്നും ആണെന്നും)
മാധ്യമത്തില്‍ വന്ന രണ്ട് വാര്‍ത്ത ഡ്രിസില്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തേത് വായിച്ചീട്ട് ഞാന്‍ പറഞ്ഞിരുന്നു ഇതിനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്, ഒരിക്കല്‍ പറയും എന്ന്. പക്ഷെ ഇത്ര തീവ്രമായ ഒരു വികരമായി മാറിയതുകൊണ്ട് എഴുതാന്‍ ഒരു ചെറിയ പേടി. ഒരു തീവ്രമായ വികാരത്തില്‍ (വീക്ഷണത്തില്‍) ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നം നോക്കികാണാന്‍ എനിക്ക് താല്പര്യമില്ല.കുറച്ചുകൂടെ വിവേകപരമായി ചിന്തിച്ചു കൂടെ നമുക്ക്.
ഡ്രിസില്‍ ചൂണ്ടികാണിച്ച മാധ്യമം വാര്‍ത്തകളെ ഞാന്‍ എന്റെ കണ്ണിലൂടെ ഒന്നു നോക്കുന്നു ഈ പോസ്റ്റിലൂടെ.
ആദ്യത്തേത്: ജൂലായ് ഒന്നിലെ മുഖപ്രസംഗം.
“പ്രതികൂട്ടില്‍ അന്താരാഷ്ട സമൂഹം“ അതാണ് തല വാചകം. ആദ്യവാചകം: “അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഒത്താശയോടെ ഗാസയില്‍, ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന കൈയേറ്റങ്ങള്‍ ഒട്ടും കരുണയില്ലതെ നോക്കി നില്‍ക്കുകയാണ് അന്താരാഷ്ട്ര സമൂഹം.“
ഇവിടെ എനിക്കു ചോദ്യങ്ങള്‍ രണ്ട്. എന്താണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റേയും ഒത്താശ? അവര്‍ ഇസ്രയേലിനെ അംഗീകരിക്കുന്നു എന്നതോ? ഈ ഗാസ ആക്രമണത്തില്‍ അമേരിക്ക ഏന്തെങ്കിലും രീതിയില്‍ നേരിട്ടു പങ്കെടുത്തീട്ടുണ്ടൊ? ഞാന്‍ കേട്ടീട്ടില്ല. അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള സമീപങ്ങള്‍ക്ക് മാറ്റം വന്നത് കൊണ്ട് അമേരിക്കന്‍ ഒത്താശയൊടെ ഇന്ത്യ, പാകിസ്ഥാനില്‍ നിന്നും കാഷ്മീര്‍ തട്ടിയെടുക്കുന്നു എന്നു ഒരു പാകിസ്ഥാനി പറയുന്നത്ര കാര്യമല്ലെ ഈ അപലപിക്കലില്‍ ഉള്ളൂ? ( ഈ ഒരു വാചകത്തിന് എനിക്ക് ഒരുപാട് കമന്റ് കിട്ടി. ഒന്നു പറയട്ടെ ഇസ്രായേല്‍ = അമേരിക്ക എന്ന നിര്‍വചനത്തില്‍ വായിച്ചാലും അമേരിക്ക ഈ യുദ്ധത്തില്‍, ഇറാക്കിലൊ, അഫ്ഗാനിസ്ഥാനിലൊ, ചെയ്ത പോലെ നേരിട്ടിടപെടുന്നില്ല തന്നെ. പിന്നെ പാലസ്തീന്‍ തീവ്രവാദികളെ വളര്‍ത്തുന്നത് ഇസ്രായേല്‍ അഥവാ അമേരിക്കയാണ്. ഇസ്രായേല്‍ നേരിട്ടാണ് പാലസ്തീന്‍ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ കൊടുക്കുന്നത്. അപ്പോള്‍ പലസ്തീന്‍ തീവ്രവാദികള്‍ ചെയ്യുന്നത് ആരുടെ ഒത്താശ കൊണ്ടാണ്? ഇസ്രായേലില്‍ നിന്നു് ഇന്ന് ഇന്ത്യപോലും ആയുധങ്ങള്‍ വാങ്ങുന്നു. ആയുധങ്ങള്‍ വില്‍ക്കലാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ഇസ്രായേല്‍ നയങ്ങള്‍ അമേരിക്ക കണ്ണടച്ച് അംഗീകരിക്കുന്നു അത് സത്യം തന്നെയാണ്. ഈ ഒരു വാചകം ഒഴിവാക്കി ഈ പോസ്റ്റ് വായിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. എനിക്ക് വിനിമയം നടത്തേണ്ടത് പാലസ്തീനികളുടെ ഗതികേടിനെ കുറിച്ചാണ്)
രണ്ട് : ആരാണ് അന്താരാഷ്ട്ര സമൂഹം? അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാത്രമാണോ?അത് അറബി രാജ്യങ്ങല്‍ കൂടി ഉള്‍പെട്ടതല്ലേ? പാലസ്തീനി വിമോചന പോരാളികള്‍ (സാധാരണ പാലസ്തിനി ജനങ്ങള്‍ക്ക് സമാധാനമായി തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമി മതി) ഒരു അറബ് രാജ്യത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍ തോട്ടയല്പക്ക അറബി രാജ്യങ്ങള്‍ “ ആക്രമണ നടപടികളില്‍ നിന്നും ഇസ്രയേല്‍ പിന്മാരണമെന്നു 57 അംഗ (ഇത്രയും പേരുണ്ട് എന്നീട്ടാണ്) ഇസ്ലാമിക രാജ്യങ്ങളുടെ പൊതു വേദിയായ ഒ.ഐ.സി. ആവശ്യപ്പെട്ടതൊഴിച്ചാല്‍ മറ്റ് കനപ്പെട്ട ശബ്ദങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നു വന്നീട്ടില്ല“, മാധ്യമം പറയുന്നു.
“അന്താരാഷ്ട്രങ്ങളിലെ ജി-8 ഉച്ചകോടി ഉത്കണ്ഠരേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് “എന്നും മാധ്യമം പറയുന്നു.
(ഒന്നു കനപ്പെട്ടതാകുകയും ഒന്നു ഒരു “മാത്രമ“വുകയും ചെയ്യുന്നതെന്താണവൊ? അത് എന്റെ വിഷയമല്ല ഞാന്‍ വിടുന്നു)
അറബ് ജനതയ്ക്കു വേണ്ടി ഇതില്‍ കൂടുതല്‍ ചെയ്യാന്‍ അറബ് രാജ്യങ്ങള്‍ക്കവാത്തതെന്തേ? ഞാന്‍ ഉദ്ദേശിക്കുന്നത് ആറ് ദിവസത്തെ യുദ്ധം പോലുള്ള സഹായങ്ങള്‍ അല്ല. പാവപ്പെട്ട പാലസ്തീനികള്‍ക്കു വേണ്ട ഭക്ഷണം, മരുന്ന്, വസ്ത്രം ഇവ നല്‍കി സഹായിച്ച് കൂടെ എന്നാണ്. ഇത് ഇപ്പോള്‍ ആ പാവങ്ങള്‍ക്ക് കിട്ടണമെങ്കില്‍ മാധ്യമം പറയുന്ന ഇസ്രയേല്‍ തട്ടിയെടുക്കുന്ന യാചക പണം വേണം, അല്ലെങ്കില്‍ നേരത്തെ നാം തുപ്പിയ ആ ഐക്യരാഷ്ട്ര സംഘന വേണം, അതുമല്ലെങ്കില്‍ നേരത്തെ പറഞ്ഞ ഇസ്രയേല്‍ ഒത്താശക്കരുടെ കാരുണ്യ പണം വേണം. പാലസ്തീനില്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ശബളം കൊടുക്കാന്‍ ഇസ്രായേല്‍ കൊടുക്കുന്ന നികുതി പണം വേണം. വെറുതെ കിടന്നു “ആവശ്യപ്പെടാതെ“, പാലസ്തീനിലെ സ്വകാര്യ ജീവിതം പോലും പണയം വെക്കേണ്ടി വന്ന പട്ടിണിപാവങ്ങള്‍ക്ക് ഭക്ഷണവും വെള്ളവുമെങ്കിലും എത്തിച്ചു കൊടുത്തു കൂടെ ഈ അയല്‍ അറബ് രാജ്യങ്ങള്‍ക്ക്. അവരെ രണ്ട് കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കുറച്ചെങ്കിലും സഹായിച്ചു കൂടെ? എന്നീട്ട് ഒരു അന്തസ്സുള്ള അന്താരാഷ്ട്ര സമൂഹത്തെ ഇസ്രായേലിന്നും, അമേരിയ്ക്കക്കും മറ്റും കണിച്ചു കൊടുത്തു കൂടെ?
പിന്നെ മാധ്യമം പറയുന്നു.“ഇസ്രായേലിന്റെ തടവറയില്‍ കഴിയുന്ന ആയിരങ്ങല്‍ക്കു പുറമെ അറുപതു ലക്ഷത്തിലധികം പാലസ്തീനികള്‍ സിറിയ ജോര്‍ദ്ദാന്‍, ലബനാന്‍ മേഘലകളില്‍ അഭയാര്‍തികളായുമുണ്ട്.”ഇവരുടെ ജീവിതം എങ്ങിനെ എന്നു ആരെങ്കിലും അന്വേഷിച്ചീട്ടുണ്ടൊ ആവൊ? അതിദയനീയമാണ് എന്നാണ് അവരെ അടുത്തറിയുന്ന ഇസ്രായേല്‍ അറബികള്‍ (?) പറഞ്ഞത്. അറബ് രാജ്യത്ത് എത്തിപെട്ട ഈ 60 ലക്ഷം (ഈ കണക്കില്‍ എനിക്കു നല്ല സംശയം ഉണ്ട്) പാലസ്തീനികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെകില്‍/ പ്രവര്‍ത്തിക്കനുള്ള സാഹചര്യം ഒരുക്കിയിരുന്നെങ്കില്‍ അവര്‍ മതിയല്ലോ വെറും 60 ലക്ഷം വരുന്ന ഇസ്രായേലികളെ ജയിക്കാന്‍ (ഇസ്രായേല്‍ ജന സംഖ്യ 6 മില്യണ്‍, 6,352,117 note: includes about 187,000 Israeli settlers in the West Bank, about 20,000 in the Israeli-occupied Golan Heights, and fewer than 177,000 in East Jerusalem (July 2006 est.) അങ്ങിനെയല്ലെ ബ്രിട്ടണ്‍ന്റെ ഒത്താശയൊടെ ഇന്നു നാം കാണുന്ന ഇസ്രായേല്‍ ഉണ്ടായത് തന്നെ?
അടുത്തത്, “കഴിഞ്ഞ ജനുവരിയില്‍ ഹമാസ് അധികാരത്തില്‍വന്നതിനെ തുടര്‍ന്ന് പാലസ്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ അമേരിക്കയും യൂറൊപ്യന്‍ രാജ്യങ്ങളും തടഞ്ഞു വച്ചത് പാലസ്തീനിനെ ഭീകര രജ്യങ്ങലുടെ പട്ടികയിലിട്ടുകൊണ്ടാണ്. “( വീണ്ടും സാമ്പത്തിക സഹായം ചെയ്യുന്നത് അമേരിക്കയും യൂറൊപ്യന്‍ രാജ്യങ്ങളും..അത് അവരുടെ ഔദര്യമാണൊ അതൊ കടമയാണൊ?) ഇതിനിടയിലാണ് പാലസ്തീന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നും ഒരു ഇസ്രയേലി ഭടനെ തട്ടി കൊണ്ട് പോകുന്നത്.” (അല്ല ഇതിനിടയില്‍ അല്ല)ഇവിടെ എനിക്കു ചിലത് പറയാനുണ്ട്.
ഹമാസ് ജനുവരിയില്‍ അധികരത്തില്‍ വന്നു. അത്ര നാളും അതൊരു തീവ്രവാദി സംഘടന തന്നെ ആയിരുന്നു. അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം ഏതു തലത്തിലെത്തും എന്നതിനെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠ ഉണ്ടയിരുന്നു. പക്ഷെ മിക്കവരും പോസറ്റിവ് ആയി തന്നെയാണ് ചിന്തിച്ചത്. ഇത്ര നാളും ഭീകരര്‍ എന്നു വിളിക്കപ്പെട്ടവരായാലും ഭരണകര്‍ത്താക്കളാകുമ്പോള്‍ അവര്‍ക്കു കുറച്ചെങ്കിലും ഭികരത മാറ്റി വച്ച് സാധാരണ ജനത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും. (മാധ്യമം തന്നെ ഇത് പറയുന്നു പാരഗ്രാഫ് 4) അത് സമാധാന ശ്രമങ്ങളെ സഹായിക്കും. അതു തന്നെയണ് സംഭവിച്ചത്. ജനുവരി മുതല്‍ മെയ് വരെ,5 മാസം, നടന്ന ചര്‍ച്ചകളുടെ ഭാഗമായി രണ്ടു കൂട്ടരും എകദ്ദേശം സമ്മതിച്ച രൂപരേഖ ഒപ്പിടുന്നതിന്നു തൊട്ടു മുന്‍പാണ് 3 ഇസ്രായേല്‍ ഭടന്മരെ കൊല്ലുകയും ഒരാളെ തട്ടികൊണ്ട് പോവുകയും ചെയ്തത്. അത് ചെയ്തത് ഹമാസിനെ തീരുമാനങ്ങ ളെ അംഗീകരിക്കാത്ത പോരാളി സംഘടനയായ ( മാധ്യമം നിര്‍വചനം) ഇസ്ലമിക് ജിഹാദ്, അതും വെസ്റ്റ് ബങ്കിനെ രണ്ടായി പകുത്ത വന്മതില്‍ തുരന്നീട്ട്. (ആ മതില്‍ ഇനി എന്നെങ്കിലും പൊളിക്കുമൊ? കൂടുതല്‍ കരുത്തുറ്റതാക്കുകയല്ലെ ഉള്ളൂ) ഒരു ഭടനെ തട്ടി കൊണ്ടു പോയി അയാളെ വച്ച് തീവ്രവാദികള്‍ വിലപേശിയതിനു അനുഭവിക്കേണ്ടി വന്നത് ജീവിക്കാന്‍ തന്നെ മറന്നു പോയികൊണ്ടിരിക്കുന്ന ഗാസയിലെ ജനങ്ങള്‍. പാലസ്തീന്‍ ഗവണ്മെന്റിനെ അംഗീകരിക്കാത്ത ഈ ഭീകര സംഘടന എന്തു നേടീ? ഇത്തരം തീവ്രവാദി സംഘടനകള്‍ കൊണ്ട് സാധാരണ പാലസ്തീനിക്കു ദുരിതം മാത്രം.ഇതൊക്കെ ‘ഏതിനിടയില്‍ ആണ് ‘എന്നാണ് മാധ്യമം പറയുന്നത്.
പിന്നെ മാധ്യമം പറയുന്നു “ സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിക്കുക, അണികളെ നിരായുധികരിക്കുക, ഇസ്രായേലുമായി പാലസ്തീന്‍ അതോറിട്ടി ഉണ്ടാക്കിയ കരാറുകള്‍ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇസ്രായേല്‍ ഹമാസിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ ആവശ്യങ്ങളൊക്കെ അമേരിക്കയുടെതണെന്നു ലോകത്താര്‍ക്കുമറിയാം.” പക്ഷെ എനിക്കറിയില്ല ഇതെങ്ങനെ അമേരിക്കയുടെ ആവശ്യങ്ങളാകുന്നതെന്ന്. പ്രത്യേകിച്ചും“ഇസ്രായേലുമായി പാലസ്തീന്‍ അതോറിട്ടി ഉണ്ടാക്കിയ കരറുകള്‍ ഉറപ്പു വരുത്തുക “ ഇതില്‍ അമേരിക്കയ്ക്ക് എന്ത് റോള്‍ ആണ് . ഇവിടെയൊന്നും എണ്ണയുടെ കണിക പോലുമില്ലാത്ത സ്ഥിതിക്ക്. ഇത് ഇസ്രായേലിന്റെ മാത്രം ആവശ്യങ്ങളാണ്.
ഇനി കുറെ ചോദ്യങ്ങളാണ് മാധ്യമത്തില്‍. “ പിറന്ന മണ്ണിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി, ജീവിതം തന്നെ പുറമ്പോക്കില്‍ ഉപേക്ഷിച്ചു പൊരുതുന്ന ഒരു ജനസമൂഹത്തെ തോല്‍പ്പിക്കാന്‍ കൂട്ടു നില്‍ക്കുക എത്ര വലിയ പാപമല്ല. ഈ പാപത്തിന്റെ കറ കൈയില്‍ പുരളാന്‍ ഒരു അന്താരാഷ്ട്ര സമൂഹം യഥാര്‍ഥത്തില്‍ ആഗ്രഹിക്കുമൊ” പാപമാണ്, തലയില്‍ ഇടിതീ വീഴ്ത്തുന്ന പാപം.കറ കൈയില്‍ പുരളണം എന്നഗ്രഹിക്കുമൊ എന്നെനിക്കറിയില്ല.പക്ഷേ ആ പാപ രക്തം തലയില്‍ വീഴുന്ന അന്താരാഷ്ട്ര സമൂഹം അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാത്രമാണൊ? തൊട്ടത്തു കിടക്കുന്ന സമ്പന്ന അറബ് രാജ്യങ്ങള്‍ക്ക് ശിക്ഷക്കിള്ളവുണ്ടോ (ഇന്ത്യ, മറ്റു വികസിച്ചു കൊണ്ടിരിക്കുന്ന, വികസിച്ച രാജ്യങ്ങള്‍ക്കും ഇതു ബാധകം അല്ലെ? പാവപ്പെട്ട സൊമാലിയ മുതലായവ അവരുടെ തന്നെ പാപം ചുമക്കാനാവാതെ തളരുന്നു.അവരെ നമുക്ക് ഒഴിവാക്കാം)
“പാലസ്തീന്‍ പ്രശ്നപരിഹാരവും പശ്ചിമേഷ്യയിലെ സമാധാനവും കെട്ടുകാണാന്‍ ഇസ്രായേലിനെക്കാള്‍ ആഗ്രഹം അമേരിക്കക്കാണെന്ന തിരിച്ചറിവിന് ഇനിയും നമ്മള്‍ എത്ര കാലം കാത്തിരിക്കേണ്ടി വരും?” ഈ (തിരി) അറിവ് ഈ പ്രശനത്തെ കുറിച്ചറിയുന്ന ഒട്ടുമിക്കപേര്‍ക്കും മാധ്യമങ്ങള്‍ക്കും ഉണ്ട് എന്നാണ് സ്ഥിരം മധ്യമങ്ങളെ ശ്രദ്ധിക്കുന്ന എനിക്ക് മനസ്സിലായിട്ടുള്ളത്. അതുകൊണ്ടാണോ അറബ് രാജ്യങ്ങള്‍ ഈ പാവം ജനതയെ തിരിഞ്ഞു നോക്കാത്തത്? അമേരിക്കയ്ക്ക് ഇപ്പോള്‍ ഇറക്ക് എണ്ണയുണ്ട്. പിന്നെ പശ്ചിമേഷ്യയിലെ സമാധാനങ്ങള്‍ക്കു തുരങ്കം വെക്കാന്‍ അമേരിക്കയ്ക്ക് ഇറാനുണ്ട്, അതുകഴിഞ്ഞു സിറിയയും.
രണ്ടാമത്തെ ലേഘനം:ജൂലായ് 11ന്‍ (ഇന്ന്)
ഇതുപോലെ അടുത്ത ലേഘനവും കീറി മുറിച്ച് പരിശോധിച്ചാല്‍ ഈ പോസ്റ്റ് ഇനിയും ഒരുപാടു നീളും. ആ ലേഘനത്തിലെ ഒരു വാചകം മാത്രമെടുക്കുന്നു. “ഹമാസ് നേതൃത്വത്തിലുള്ള പാലസ്തീന്‍ ഗവണ്മെന്റ് ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപെട്ടതാണെന്നതില്‍ ഇസ്രായേലിന്നു പോലും സംശയമില്ല.”
അറബികളോട് സംസാരിച്ചതില്‍ നിന്നും മനസ്സിലായത് യാസര്‍ അറഫത്തിന്റെ സംഘടന സാധാരണ പാലസ്തീനിക്കു വേണ്ടി, (ബീച്ചിലും, കാറിലും ഒരു കുടുംബത്തെയാകെ നഷ്ടപ്പെടുന്ന, അല്ലെങ്കില്‍ ഏതു സമയത്തും ഇസ്രായേല്‍ സൈന്യം കതകില്‍ മുട്ടി വിളിച്ചു തങ്ങളുടെ സ്വകാര്യ ജീവിതമേ ഇല്ലാതായ, ഇസ്രായേല്‍ സേനയുടെ പോസ്റ്റുകളില്‍ മണികൂറുകള്‍ കാത്തു കിടന്നു യാത്ര ദുരിതം ജീവിത ദുരന്തമാകുന്ന) ഒന്നും ചെയ്തില്ല എന്നതാണ്. അറഫത്തിനെ ചുറ്റിപറ്റിയ ഒരു ചെറിയ ഗ്രൂപ്പ് മാത്രം രക്ഷപ്പെട്ടു. ഇത് വല്ലത്തൊരു വിടവ് ഈ രണ്ട് കൂട്ടരിലും വരുത്തി. അതില്‍ പ്രതിഷേധിക്കാന്‍ സാധാരണ ജനത്തിനുണ്ടായിരുന്ന ഏക പ്രതിവിധി ഹമാസിനു വോട്ടുചെയ്യുകയായിരുന്നു.
കുറച്ചു ചോദ്യങ്ങളേ എനിക്കുള്ളൂ.അല്ലെങ്കില്‍ അവ ചോദ്യങ്ങളല്ല എന്റെ ഉത്തരങ്ങളാണ്.
1. അമേരിക്കയേയും മറ്റും കുറ്റം പറഞ്ഞ് സമയം കളയാതെ, മനുഷ്യരെ പോലെ ജീവിക്കാന്‍ നമുക്കവരെ സഹായിച്ചു കൂടെ?( സമ്പന്ന അറബ് രാജ്യങ്ങളുടെ നല്ല മനസ്സു മാത്രം മതി അതിന്.)
2. പാലസ്തീന്‍ സമാധാനത്തിനു (പശ്ചിമേഷ്യന്‍ സമാധാനത്തിനും) ഇസ്രായേല്‍ അതിര്‍ത്തി നിര്‍ണയിക്കുക തന്നെ വേണം. അതിന് പാലസ്തീന്‍ തീവ്രവാദികള്‍ തടസ്സമാകുന്നെകില്‍ അതിനെ ചെറുക്കുകയും വേണം. അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന ആ നിമിഷമൊ അതിനു മുന്‍പോ ( സാധ്യമായത്ര വേഗത്തില്‍) പാലസ്തീന്‍ മണ്ണില്‍ നിന്നും ഇസ്രയേല്‍ പട്ടാളം ഒഴിഞ്ഞ് പോകേണ്ടത് കര്‍ശനമായി നിഷ്കര്‍ഷിക്കപ്പെടണം. (ഇന്ന് പലസ്തീനികള്‍ കൂടുതല്‍ തീവ്രവാദികളയെങ്കില്‍ അതിനു കാരണം ഈ പട്ടാളമാണ്).
3. ശരിയായ രീതിയില്‍ ജനങ്ങളെ നയിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ പ്രസ്ഥാനം ഇല്ലാത്തതും, ശരാശരി ജീവിത സാഹചര്യങ്ങള്‍ ഇല്ലാത്തതുമല്ലേ ഇത്രയധികം തീവ്രവാദികള്‍ (കുട്ടികള്‍ ഉള്‍പ്പെടെ) ഇവിടെ ഉണ്ടാകാന്‍ ഒരു കാരണം. ( ജീവിത സാഹചര്യങ്ങള്‍ ഉണ്ടാക്കാനെങ്കിലും നമുക്കവരെ സഹായിച്ചു കൂടെ?
4. അമേരിക്കയും യൂറൊപ്യന്‍ യൂണിയനും കൊടുക്കുന്ന കാരുണ്യ പണം കൊണ്ട് ജീവിക്കുന്ന ആ പാവങ്ങള്‍ക്ക് എങ്ങിനെ അമേരിക്കയുടേയും യൂറൊപ്യന്‍ യൂണിയന്റേയും പ്രിയ സ്നേഹിതനായ ഇസ്രായേലിനെ ജയിക്കാന്‍ പറ്റും?
എഴുതാനണെകില്‍ എത്രയൊ ഉണ്ട്. അമേരിക്കയേയോ ഇസ്രായേലിനേയൊ ന്യായീകരിക്കുന്നില്ല ഞാന്‍. അറബ് രാജ്യങ്ങളിലെ പാലസ്തീന്‍ അഭയാര്‍ത്തികളുടെ രോദനം അവരുടെ ഇസ്രായേല്‍ (അറബ്) സ്നേഹിതരില്‍ നിന്നും എന്റെ ചെവിയില്‍ വല്ലാതെ അലയ്ക്കുന്നു. തന്റെ കണ്ണിലെ തടിയെടുക്കതെ അമേരിക്കയുടെ കണ്ണിലെ കരടു (അല്ലെങ്കില്‍ ഏറ്റവും വലിയ തടി തന്നെ) കാണുന്ന അറബ് രാജ്യങ്ങലുടെ പ്രവണത അങ്ങേയറ്റം അപലപനീയമാണ്. അതിനെ കുറിച്ചു ബോധപൂര്‍വമായ മറവികള്‍ ഉണ്ടാക്കി അന്താരഷ്ട്ര സമൂഹം അമേരിക്കയും യൂറൊപ്യന്‍ യൂണിയനും മാത്രമാണെന്ന് ധരിക്കുന്ന ‘മാധ്യമ‘ക്കാരോട് ഞാന്‍ എന്തു പറയാന്‍? എന്നാലും പാവപ്പെട്ട ഇസ്രായേല്‍ അറബ് ജനതക്കു വേണ്ടി ഞാന്‍ ഇതെഴുതുന്നു. അങ്ങനെ ഒരു കൂട്ടര്‍ ഇസ്രായേലില്‍ ഉള്ളത് എല്ലവരും മറന്നൊ എന്തൊ? (ഇതാണൊ പത്ര ധര്‍മ്മം ആവോ? എനിക്കവരെ സഹായിക്കനുള്ള കെല്‍പ്പില്ല. അറിയുന്നത് പറഞ്ഞു. വെറുതെ എന്റെ മനസമാധാനത്തിന്)
Friday, June 30, 2006
ബഹായ് മത വിശ്വാസം : Bahai Faith

ബഹായ് വിശ്വാസത്തെ കുറിച്ചു ചിലരെങ്കിലും കേട്ടിരിക്കും. ലോകത്തിലെ ഏറ്റവും പുതിയ മതമെന്ന് വിശേഷിക്കപ്പെടാവുന്ന ബഹായ് മതത്തിന്റെ world centre ഇസ്രയേലിലെ ഹൈഫയില്‍ ആണ്. Bahai temple or Bahai gardens എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.
ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമായ haifa portനു അഭിമുഖമായി നില്‍ക്കുന്ന ഈ അതിമനോഹര പൂങ്കാവന ക്ഷേത്രം 19 തട്ടുകളിലായി (19 terraces) ഒരു കിലോമീറ്ററോളം കാര്‍മല്‍ മലമുകളില്‍ വ്യാപിച്ചു കിടക്കുന്നു. 2001 ജൂണില്‍ ഇതു പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. Bahai gardens ഇല്‍ മാന്യമായ വസ്ത്രധാരണം നിര്‍ബന്ധം. കൂടുതല്‍ photos ഇവിടെ കാണാം. അതിസുന്ദരമായ വേറെ കുറെ photos ഇവിടെ കാണാം. (ഞാനെടുത്തതല്ലേ...) Resolution കൂട്ടിയുള്ളതും കുറച്ചുള്ളതും എല്ലാം.
ബഹായ് മത വിശ്വാസത്തെ കുറിച്ച്: പത്തൊന്‍പതാം നൂറ്റാണ്ടില്‍ (1844) പേര്‍ഷ്യയിലെ (ഇന്നത്തെ ഇറാന്‍) Husayn Ali, Baha u llah സ്ഥാപിച്ചതാണ് ബഹായ് മതവിശ്വാസം. Encyclopedia Britannica യുടെ 1999 ലെ കണക്കു പ്രകാരം കൂടുതല്‍ രാജ്യങ്ങളില്‍ വ്യപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണിത്. 200 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബഹായ് മതം ഇസ്ലാം മതത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു.ഏക ദൈവം, ഏക മതവിശ്വാസം, ഏക മനുഷ്യകുലം എന്ന മൂന്നു ഏക വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ മതവിശ്വാസത്തില്‍ എല്ല തരത്തിലുള്ള മുന്‌വിധികളും ഉപേക്ഷിക്കപ്പെടേണ്ടതാണെന്നു നിര്‍ദ്ദേശിക്കുന്നു. കൃഷ്ണന്‍, ക്രിസ്തു, ബുദ്ധന്‍, നബി എന്നിവരെ പ്രവാചകന്മാരായി കാണുന്ന ഈ വിശ്വാസമനുസരിച്ചു ബഹായ് സ്ഥപകന്‍ Baha u llah ആണ് അവസാനത്തെ പ്രവാചകന്‍. അദ്ദേഹത്തിനു വഴി ഒരുക്കാന്‍ വന്ന പ്രവാചകനായിരുന്നു Siyyad Ali Muhammed - the Bab. അദ്ദേഹത്തിന്റെ ശവകുടീരമാണ് ഹൈഫയില്ലെ world center ഇല്‍ ഉള്ളത്. Baha u llah യുടെ ശവകുടീരം ഹൈഫക്കടുത്തുള്ള akko എന്ന അതിപുരാതന നഗരത്തിലാണ്. ബഹായ് വിശ്വാസത്തെകുറിച്ച് വിക്കി പറയുന്നതിവിടെ.
P.S വിശ്വാസം എന്തും ആവട്ടെ (എല്ല മതത്തിന്റേയും ഒരു കൊളാഷ് എന്നു പറയാം) ആ ആരാമ ക്ഷേത്രം എനിക്കിഷ്ടപ്പെട്ടു. അതിന്റെ രാത്രികാഴ്ച്ച അവര്‍ണനീയം.
Tuesday, June 27, 2006
ഗലീലി കടല്‍

യഥാര്‍ത്ഥത്തില്‍ ഇതൊരു കടല്‍ അല്ല. ശുദ്ധ ജല തടാകമാണ്. ജോര്‍ദ്ദാന്‍ നദി (അതെ.. യേശു മാമ്മോദ്ദീശ സ്വകരിച്ച സ്ഥലം തന്നെ) ഇതിലേക്കു ഒഴുകി വന്ന് ഇതില്‍ നിന്നും പുറത്തെക്കൊഴുകുന്നു.കിന്നരത്തു തടാകമെന്നും റ്റൈബിരിസ് തടാകമെന്നും അറിയപ്പെടുന്നത് ഗലീലി കടല്‍ തന്നെ. യേശു 5 അപ്പം കൊണ്ടു അയ്യായിരം പേരെ ഊട്ടിയതും കടലിനു മുകളില്‍ നടന്നതും ഇവിടെ വച്ചാണെന്നു bible പറയുന്നു.യേശു ശാന്തമാക്കിയ കടലും ഇതു തന്നെ.
ഓടികൊണ്ടിരുന്ന ബസ്സില്‍ നിന്നെടുത്ത ചിത്രമാണ്. ഇങ്ങനെയെ കിട്ടിയുള്ളൂ. ഞങ്ങളുടെ യാത്ര ഗോലാന്‍ കുന്നുകളിലേക്കായിരുന്നു. ഗോലാന്‍ എത്തുന്നതിനു തൊട്ടു മുന്‍പാണ് ഗലീലി. ഗോലാന്റെ താഴ്വര എന്നും പറയാം. മറ്റൊരിക്കല്‍ ഗലീലി കടലിന്റെ തൊട്ടടുത്തു നിന്നുള്ള നേര്‍കാഴ്ച്ച കാണിക്കാന്‍ പറ്റിയേക്കും.കൂടുതല്‍ വിവരങ്ങല്‍ ഇവിടെ കിട്ടും.
P.S ജോര്‍ദ്ദാന്‍ നദി ഒരിക്കലും ജോര്‍ദ്ദാനു മടക്കി കിട്ടുകയില്ല എന്നു മനസ്സിലായില്ലേ? ഇസ്രയേലിന്റെ എറ്റവും വലിയ കുടിവെള്ള സ്രോതസ്സ് ആണ് ഗലീലി കടലും ജോര്‍ദ്ദാന്‍ നദിയും.കാശു കൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളം എടുക്കുന്നതു ദേ ഈ ഗോലാന്‍ നീര്‍ച്ചാലില്‍ നിന്നാണ്.ഗോലാന്‍ സിറിയക്കും മടക്കി കിട്ടാന്‍ പോകുന്നില്ല.