Wednesday, June 06, 2007

സ്വീകരണമുറിയിലെ അടുക്കള

ഭാഗം ഒന്ന്: നിര്‍വചനങ്ങള്‍

പല രീതിയില്‍ ഉപയോഗിച്ച് കുറേയേറേ അര്‍ത്ഥവ്യത്യാസങ്ങള്‍ വന്നു പോയ പദങ്ങളാണ് സ്ത്രീത്വം, സ്ത്രൈണത, ഫെമിനിസം (ഇതിന്റെ മലയാളം?), ഫെമിനിസ്റ്റ്, പെണ്ണെഴുത്ത് എന്നിവ. അവ എന്തൊക്കെ ആയിരുന്നു, ഇപ്പോള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കുന്നത് വ്യഥാ വ്യായമമാണ്. അതുകൊണ്ട് ചില പുസ്തകങ്ങളില്‍ അവലംബിക്കുന്ന രീതിയില്‍ അവയുടെ നിര്‍വചനം എന്റെ എഴുത്തില്‍ എങ്ങനെയാണെന്ന് മാത്രം പറയുന്നു.

സ്ത്രീത്വം: സ്ത്രീയുടെ അസ്തിത്വം/വ്യക്തിത്വം. (ഒരു മനുഷ്യന്റെ അസ്തിത്വം എന്താണെന്ന് അറിയുന്ന ആള്‍ക്ക് സ്ത്രീയുടെ അസ്തിത്വം എന്താണെന്ന് മനസ്സിലാവും.)

സ്ത്രൈണത: സ്ത്രി പ്രകൃതിയോട് കൂ‍ടുതല്‍ ഇണങ്ങി നില്‍ക്കുന്നത്.ഒരു ഉദാഹരണം താരാട്ട്. സ്ത്രീയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത് എന്നാല്‍ പുരുഷനും ചെയ്യനാവും, ഉദാഹരണം ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ താരാട്ട് “ഓമനതിങ്കള്‍ കിടാവോ..”

ഫെമിനിസം: സ്ത്രീപക്ഷത്തിന്റെ രാഷ്ട്രീയം (രാഷ്ട്രീയം എന്തെന്ന് ചോദിക്കുന്നവരെ ഈ പോസ്റ്റ് നിങ്ങള്‍ക്കുള്ളതല്ല, സോറി)

ഫെമിനിസ്റ്റ്: സ്ത്രീ പക്ഷത്തിനു വേണ്ടി തന്റെ ശബ്ദം അല്‍പ്പമെങ്കിലും കൂടൂതല്‍ ഉയര്‍ത്തുന്നവള്‍/അവന്‍. (ജീവിതത്തിന്റെ ഏതെങ്കിലും ഒരവസ്ഥയില്‍ ഓരോസ്ത്രീയും ഫെമിനിസ്റ്റ് ആവും/ഫെമിനിസ്റ്റ് ആണ്.)

പെണ്ണെഴുത്ത്: സ്ത്രീയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്നത്.( ഉദാഹരണം സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കള്‍. ആരോ പണ്ട് സാറാ ടീ‍ച്ചറുടെ എഴുത്തിനെ ആ‍ണത്തമുള്ള പെണ്ണെഴുത്തെന്ന് വിളിച്ചിരുന്നു. ആലാ‍ഹയുടെ പെണ്മക്കളെ പെണ്ണത്തമുള്ള പെണ്ണെഴുത്ത് എന്ന് വിളിച്ചോട്ടേ ഞാന്‍. ആനി എന്ന പെണ്‍കുട്ടിയിലൂടെ ആലാഹയുടെ പെണ്മക്കളേ വരച്ചിട്ടത് പുരുഷത്തത്തിന് അത്ര കണ്ട് ചേരും എന്ന് എനിക്ക് തോന്നില്ല.)‍

ഭാഗം രണ്ട് സ്വീകരണമ്മുറിയിലെ അടുക്കള
എന്റെ നാട്ടിലെ വീട് കുറേ പഴയതാണ്.കുടുസു മുറികളും മര ഗോവണിയുമുള്ള പഴയമാതൃകയിലെ ഒന്ന്. ആദ്യകാലത്ത് അതിന്റെ അടുക്കള ആയിരുന്നു ആ വീട്ടിലെ ഏറ്റവും വലിയ മുറി. നാല് പുരകള്‍ (മേച്ചില്‍) ചേര്‍ത്ത ആ വീട്ടില്‍ അടുക്കള മാത്രം ഒറ്റയ്ക്കൊരു പുരയാ‍യിരുന്നു.ഞങ്ങള്‍ ഒഴിവുദിനങ്ങളും ആഘോഷങ്ങളും അവിടെ തിന്ന്, കുടിച്ച്, ആടി, പാടി തിമര്‍ത്തു. അക്കാലത്ത് ഞങ്ങളുടെ സ്വീകരണമുറി അധിക സമയവും ഒഴിഞ്ഞു കിടന്നു. ഒട്ടും അടുപ്പമില്ലാത്ത അതിഥികള്‍ക്കായി മാത്രം ഞങ്ങള്‍ സ്വീകരണമുറി തുറന്നിട്ടു. പിന്നീടെന്റെ അപ്പന്‍ എവിടെ നിന്നോ കേട്ടു സ്വീകരണമുറിയേക്കാള്‍ വലിയ അടുക്കള ദുര്‍ച്ചെലവുണ്ടാക്കുമെന്ന്. അന്ന് മുതല്‍ അടുക്കള ചെറുതാക്കുകയെന്നതായിരുന്നു അപ്പന്റെ സ്വപ്നം. (അപ്പനൊരു സങ്കുചിതമനസ്കനായിരുന്നുവോ?) ഏറ്റവും ‘വൃത്തിയായി‘ അടുക്കള സൂക്ഷിക്കുക എന്നതല്ലാതെ അടുക്കളയുടെ സ്ഥാനത്തെ കുറിച്ചോ, വലിപ്പത്തെ കുറിച്ചോ അമ്മയ്ക്കൊരു സ്വപ്നമില്ലായിരുന്നു. അവസരം വന്നപ്പോള്‍ അപ്പന്‍ അടുക്കളപ്പുര വെട്ടി മുറിച്ച് നാലിലൊന്നാക്കി മാറ്റി. തണുപ്പ് തരുന്ന ഓടിനു പകരം കോണ്‍ക്രീ‍റ്റ് വാര്‍പ്പിട്ടു. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അടുക്കളയില്‍ ചൂടിനെ കുറിച്ച് മാത്രം അമ്മ പരാതിപ്പെട്ടു.ഒഴിവു ദിനങ്ങളിലും ആഘോഷങ്ങളിലും അടുക്കളയിലെ സ്വന്തം ഇരിപ്പിടങ്ങള്‍ നഷ്ടപ്പെട്ട ഞങ്ങള്‍ പതിയെ സ്വീകരണമുറിയിലെ ടി.വിയുടെ മുന്നിലേയ്ക്ക് ഭക്ഷണ വിഭവങ്ങളുമായി നടന്നു കയറി. അമ്മ മാത്രം അടുക്കളയില്‍ അവശേഷിച്ചു. ഞങ്ങളുടെ ആ‍ട്ടത്തിനും പാട്ടിനും പകരം മിനി സ്ക്രീനിലെ താരങ്ങള്‍ ആടി, പാടി. അപ്പോഴും അമ്മ ഏറ്റവും ‘വൃത്തിയുള്ള‘ അടുക്കള സ്വപ്നം കണ്ടു, ഞാനാകട്ടെ ഊണുമുറിയിലേക്കെങ്കിലും അടുക്കളയില്‍ നിന്നൊരു കിളിവാതില്‍ വെട്ടി വെയ്കുന്നതിനെ കുറിച്ചും.

അടുക്കളയ്ക്കും ഊണുമുറിയ്ക്കും പകരമായി മെസ്സ് കടന്ന് വന്ന ഒരിടക്കാലം. മെസ്സിലെ ചായ സമയത്തും, കഞ്ഞി സമയത്തും കരിപുരണ്ട അടുക്കളയെ കുറിച്ച് ചിലര്‍ പരാതിപ്പെട്ടു.അടുക്കളയേ ഇല്ലാത്ത വീടിനെ കുറിച്ച് ചില തീവ്രവാദികള്‍ ആവേശം പൂണ്ടു. ‘പാര്യമ്പര്യമായി കിട്ടിയവൃത്തി‘ കളഞ്ഞ് കുളിക്കരുത് എന്ന് മാത്രം മിതവാദികള്‍ ‍മെല്ലെ മൊഴിഞ്ഞു.ഇതെല്ലാം നമ്മുടെ വിധി എന്ന് പാരമ്പര്യ വാദികള്‍ ചുണ്ടുകളനക്കി.കരി കണ്ണെഴുതാന്‍ മാത്രാമാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. റെസ്റ്റോറന്റിലെ അജിനോമോട്ടോ എനിക്കെന്നും അജീര്‍ണ്ണമൂണ്ടാക്കിയിരുന്നതിന്നാല്‍ അടുക്കളയില്ലാത്തൊരു വീട് എനിക്ക് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. ബ്രെഡ്ഡും ജാമും, ബ്രെഡ്ഡും ബട്ടറും, ബ്രെഡും അച്ചാറും തിന്ന് മടുക്കുമ്പോള്‍ ഒരു ഓം‌ലെറ്റ് കഴിക്കണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും എന്നതായിരുന്നു എന്റെ ആധി.ടെഫ്ലോണ്‍ പ്രതലമുള്ള തേപ്പ് പെട്ടികള്‍ ഉണ്ടല്ലോ എന്ന് തീവ്രവാദികള്‍ ഒച്ചപ്പെട്ടു. എന്റെ വീട്ടിലെ തേപ്പ് പെട്ടി കൂ‍ടുതല്‍ ആധുനികമായ, വെള്ളം ചീറ്റിക്കുന്ന തുളകളോട് കൂടിയതാണെന്ന് ഞാന്‍ അവരോട് പറയാന്‍ പോയില്ല. ‘വൃത്തിയുടെ പാരമ്പര്യത്തെ‘ കുറിച്ച് ഞാന്‍ തികച്ചും ബോധവതി ആ‍യിരുന്നു. വിധി എനിക്ക് ഞാന്‍ തന്നെയാ‍യിരുന്നു. വേറൊരു സ്വപ്നം എന്നെ തേടി വരുമെന്ന് ഞാ‍ന്‍ സ്വപ്നം കണ്ടു. അഥവാ എന്റെ സ്വപ്ന അടുക്കള ഞാന്‍ എന്റെ മനസ്സില്‍ അമൂര്‍ത്തമായി പണിത് കൊണ്ടിരുന്നു. സ്വപ്നത്തിന്റെ പണി പൂര്‍ത്തിയാവുന്നതിന് മുന്‍പ് മറ്റൊരടുക്കളായിലേയ്ക്ക് ഞാന്‍ എന്നെ തന്നെ പറിച്ച് നട്ടു.

വീടുകള്‍ നോക്കി നടന്ന സമയത്ത് ‘വൃത്തി പാരമ്പര്യ’മായി പകര്‍ന്നു കിട്ടിയതെന്ന ബോധ്യത്തോടെ, ഞാന്‍ വൃത്തിയും അടക്കവും ഉള്ള വീടുകള്‍നോക്കി വന്നു, നല്ല പാതിയാവട്ടെ നല്ല വ്യൂ കിട്ടുന്ന, വെളിച്ചമുള്ള വീടുകളും. ഒന്ന്, ഒരുപാട് മുറികള്‍ ഉള്ളതും ഇരുണ്ടതായത് കൊണ്ടും നല്ലപാതി വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ വേറൊന്നിന്റെ അടുക്കള തീ‍രെ ചെറുതായി പോയത് കൊണ്ടാണ് ഞാന്‍ വേണ്ടാ എന്ന് പറഞ്ഞത്. പിന്നെ കണ്ടത് വളരെ വ്യത്യസ്ഥമായ ഒന്നായിരുന്നു. പുതുതായ് ഫര്‍ണിഷ് ചെയ്ത, സ്വീകരണമുറിയില്‍ അടുക്കളയുള്ള, ഒറ്റകിടപ്പുമുറിയുള്ള, ഒരു സുന്ദരന്‍ കുഞ്ഞു ഫ്ലാറ്റ്. ഒരു തരി മണ്ണില്ല എന്ന സങ്കടം ഉണ്ടെങ്കിലും സ്വീകരണ മുറിയിലെ അടുക്കളയ്ക്ക് വേണ്ടി മണ്ണിനെ തല്‍ക്കാലം ഞാന്‍ മറക്കാന്‍ തയ്യാറായി. അങ്ങനെയാണ് ആ സ്വപ്നത്തെ എനിക്ക് കിട്ടിയത്. സ്വീകരണമുറിയിലെ അടുക്കള. ‘പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വൃത്തി‘ സ്വീകരണമുറിയുടെ അലങ്കാരങ്ങളെ കെടുത്താതെ തന്നെ അതില്‍ ഒരു അടുക്കള കൊണ്ട് നടക്കാന്‍ എന്നെ പ്രാപ്തയാക്കി. പിന്നീട് ഞാന്‍ മൂന്ന് ചട്ടി മണ്ണ് വാങ്ങി. എന്റെ കിടപ്പ് മുറിയുടെ ജനാലയ്ക്കല്‍ വച്ചു. അതില്‍ വയലറ്റ് നിറത്തിലും, മഞ്ഞ നിറത്തിലും ഉള്ള കാട്ട് കൊങ്ങിണി ചെടികളും, റോസ്മാരിയും നട്ട് പിടിപ്പിച്ചു. ഇന്ന് സ്വീകരണമുറിയിലെ അടുക്കളയും ഒരുപിടി മണ്ണുമുണ്ടെനിക്ക്. നാട്ടിലും സ്വീ‍കരണമുറിയിലെ അടുക്കള ഞാന്‍ സ്വപ്നം കാണുന്നു.

(അടുക്കളവശം)(സ്വീകരണമുറീയുടെ വശം)

കുറിപ്പുകള്‍:
1.വളരെയധികം പടയോട്ടങ്ങള്‍ നടന്ന ഇസ്രായേലില്‍ റോമന്‍, ഗ്രീക്ക്,അറബിക്, ടര്‍ക്കിഷ്,ജര്‍മ്മന്‍, ക്രൂസേഡേഴ്സ് തുടങ്ങി ധാരാളം സംസ്കാരങ്ങളുടെ സ്വാധീനം വാസ്തുശില്പകലയില്‍ കാണാം. എന്നാല്‍ ഇതിലോന്നും സ്വീകരണ മുറിയിലെ അടുക്കള എന്റെ ശ്രദ്ധയില്‍ പെട്ടീട്ടില്ല. പക്ഷേ ഏറ്റവും പുതിയ മോഡല്‍ വീടുകളില്‍ മിക്കാവാറും തന്നെ അടുക്കള സ്വീകരണ മുറിയിലാണ്. എവിടെയൊക്കെ ലോകത്തില്‍ എവിടെയൊക്കെ ഇപ്പോള്‍ ഇങ്ങനെ സ്വീകരണമുറിയിലെ അടുക്കള ഉണ്ടെന്ന് എനിക്കറിയില്ല.

2. പടങ്ങക്ക് കോപ്പിറൈറ്റ് ഈ സൈറ്റിന്. എന്റ്റ്റെ വീടിന്റെ നല്ല രണ്ട് പടം കിട്ടിയാല്‍ ഈ പടങ്ങള്‍ മാറ്റി അതിടും.

3. നിര്‍മ്മല ചേച്ചിയുടെ ഈ പോസ്റ്റാണ് ഇത്തരം ഒന്ന് എഴുതാന്‍ നിമിത്തമായത്.

അടുക്കളയെ കുറിച്ച് നിര്‍മ്മലചേച്ചീ ചോദിക്കുന്നു.

നല്ലൊരു അടുക്കളയുണ്ടായിരുന്നെങ്കില്‍ രാപകല്‍ ചോറും കറിയും വെച്ച് വിളമ്പാ‍മായിരുന്നു എന്ന് എത്ര സ്ത്രീകള്‍ സ്വപ്നം കാണുന്നുണ്ട്?

അടുക്കളയില്ലാത്ത വീടു സ്വപ്നം കാണുന്നു കെ. ആര്‍. മല്ലികയുടെ കഥാപാത്രം.

നമ്മുടെയൊക്കെ അവസ്ഥകള്‍ എന്ന കഥയില്‍ പ്രിയ ഏ. എസ്സി.ന്റെ ഭാനുക്കഥാപാത്രം ചോദിക്കുന്നു.
-ആരാണ്‌ ഈ അടുക്കള കണ്ടുപിടിച്ചത്‌? ആ ആളെ തൂക്കി കൊല്ലണം.

സാറാജോ‍സഫ് പണിത മേബിളമ്മായിയുടെ വീട്ടിലേയ്ക്ക് ഒളിച്ചോടാന്‍ ഏത് വായനക്കാരിയ്ക്കാണ് കൊതി തോന്നാത്തത്.

നന്തനാര്‍ കഥകളിലെ വെളിച്ചെണ്ണയില്‍ ഉള്ളി ചേര്‍ത്ത് പുരട്ടിപ്പുരട്ടിയെടുക്ക്കുന്ന ഉപ്പേരിയുണ്ടാക്കുന്ന കുഞ്ഞുലക്ഷ്മി ആവാന്‍ എല്ലാ സ്ത്രീകളും കൊതിക്കില്ലെന്നര്‍ത്ഥം.


അതിനു പ്രിയംവദ മറുപടി പറഞ്ഞതിങ്ങനെ

സാവിത്രീ രാജീവന്‍ ..അടുക്കളയില്‍ ഉരഞ്ഞു തീരുന്ന പാത്രങ്ങള്‍ പോലെ ജീവിതം എന്നു ..
കെ.രേഖ വീട്ടിലെത്തിയാല്‍ ആദ്യം ചപ്പാത്തിയായും ചോറായും മാറണമല്ലൊ എന്നു..


അബ്ദുവിന്ന്റെ കമന്റാണ് യഥാര്‍ത്ഥത്തില്‍ എന്റെ സ്വപ്നത്തെ ഓര്‍മ്മിപ്പിച്ചത്: സ്ത്രീയെ എല്ലാ വീട്ടിലേയും അടുക്കളയുടെ സ്ഥാനത്തോട് (എറ്റവും പിന്നില്‍, സ്വീകരണ മുറിയുടെ ഏഴയലത്ത് വരാതെ)ഉപമിച്ച ഒരു തമിഴ് കവിത വായിച്ചിട്ടുണ്ട്,‘വീടിന്റെ മൂലയിലെ ഒരിടം’ എന്ന് പറഞ്ഞിട്ട്. കുട്ടിരേവതിയുടേതാണെന്ന് തോന്നുന്നു, അതോ മീനാക്ഷിയാണൊ എന്നോര്‍‌മ്മയില്ല.

അത് വായിച്ചതില്‍‌ പിന്നെ ഏത് വീട്ടില്‍ പോയാലും ഞാ‍നാദ്യം നോക്കാറ് അതിന്റെ അടുക്കളയുടെ സ്ഥാനത്തെയാണ്, അതിലും കൃത്യമായ നിരീക്ഷണം, ഇന്നത്തെ സ്ത്രീയുടെ അവസ്ഥയെ കുറിച്ച്, ഞാന്‍ വായിച്ചിട്ടില്ല.


സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ സ്വപ്നം. ഇവിടെ അതൊരു സ്വപ്നമല്ല യാഥാര്‍ത്ത്ഥ്യമാണ്. കേരളത്തിലെ വീടുകളിലെ സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ യഥാര്‍ത്ഥ സ്വപ്നം!

സമര്‍പ്പണം: സ്വീകരണമുറിയിലെ അടുക്കളയെ കുറിച്ച് എഴുതാന്‍ പറഞ്ഞ നിര്‍മ്മല ചേച്ചിയ്ക്കും, ഇതിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച അബ്ദുവിനും.