Saturday, December 23, 2006
ബെത്‌ലേഹമിലെ പുല്‍കൂട്
ഒന്നാം പര്‍വ്വം: നൊസ്റ്റാള്‍ജിയ
അമ്മയുടെ കത്തും പിടിച്ച് ഇരുന്ന എന്റെ മനസ്സ് ടൈം മെഷീനില്‍ കയറി പുറകോട്ട് പോയത് ഞാന്‍ പോലും അറിയാതെയായിരുന്നു.ഓരോ തവണയും ക്രിസ്തുമസ്സ് പുതിയ അനുഭവങ്ങള്‍ തരും. എന്നാലും ചിലതെല്ലാം മാറാതെ ഓരോ തവണയും ക്രിസ്തുമസ്സിനു കൂട്ടു വന്നിരുന്നു. വൃശ്ചികം ബാക്കി വച്ച് ധനു കൈമാറിയ ക്രിസ്തുമസ്സ് കാറ്റ്, ധനുമാസ കുളിര്, നക്ഷത്രം തൂക്കിയ വീടുകള്‍ നിറഞ്ഞ തെരുവ്, നക്ഷത്ര കൂട്ടങ്ങള്‍ ഒന്നിച്ച് പ്രകാശിക്കുന്ന വിപണി, ക്രിസ്തുമസ്സ് കാര്‍ഡുകള്‍, ക്രിസ്തുമസ്സ് ട്രീ, ഒരു മാസത്തെ പ്രയത്നമായി ഉയരുന്ന പുല്‍കൂടുകള്‍, പിന്നീട് സാധാരണക്കാരന്‍ അവഗണിക്കാന്‍ വയ്യാതായ റിഡക്ഷന്‍ സെയിലുകള്‍ അങ്ങനെയങ്ങനെ. ഇത്തവണ ഈശോയുടെ സ്വന്തം നാട്ടില്‍ കൂട്ടിനൊന്നുമില്ല.ഒരു കുഞ്ഞു ഗ്ലോറീയ പാടാന്‍ മണ്ണില്‍ ഇറങ്ങി വന്ന ഒരു കുഞ്ഞു നക്ഷത്രം പോലും ഇല്ല . ഹേയ് സങ്കടമൊന്നുമില്ല, ചുമ്മാ, എന്നു പറഞ്ഞ് ആകാശകുഞ്ഞിതാരകളെ നോക്കി ഞാന്‍ വെറുതെ കണ്ണുറുക്കി കാണിച്ചു, അവ തിരിച്ചും.പെട്ടെന്ന് ഒരുപാട് ഓര്‍മ്മകള്‍ ഒന്നിച്ച് കുതിച്ച് ചാടി, മനസ്സിന്റെ കാണാകയങ്ങളില്‍ നിന്നും പുറത്ത് വന്നു. അവയൊക്കെ തന്നെയായിരുന്നു എനിക്കെന്നും പ്രിയപ്പെട്ട ക്രിസ്തുമസ്സ് ഓര്‍മ്മകള്‍.
പണ്ട്, പണ്ട് എണ്‍പതുകളിലെ ഒരു ക്രിസ്തുമസ്സ് കാലം. ഞാന്‍ പഠിച്ചിരുന്നത് നാടന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന, ഇടവക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഒരു എയ്ഡഡ് എല്‍.പി സ്കൂളില്‍. നാടന്‍ കന്യാസ്തീകള്‍ എന്നു പറഞ്ഞാല്‍ നാട്ടിന്‍ പുറത്തെ കന്യസ്ത്രീ മഠത്തിലെ വലിയ ആഷ് പുഷ് സംസ്കാരം അറിയാത്ത കന്യാസ്ത്രീകള്‍. സ്കൂളിന്റെ ചുറ്റുവട്ടത്തു നിന്നും വരുന്ന അദ്ധ്യാപികമാര്‍. അദ്ധ്യാപകന്മാര്‍ ആരും തന്നെയില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി പത്ത് നാനൂറ് കുട്ടികള്‍.
എല്ലാ വര്‍ഷവും നവമ്പര്‍ 30 തിയതി അസംമ്പ്ലിയ്ക്കു സി. മര്‍ത്തീന പറയും, "കുഞ്ഞുങ്ങളെ നാളെ മുതല്‍ ക്രിസ്തുമസ്സിനു ഒരുക്കമായ മംഗലവാര്‍ത്ത കാലം ആരംഭിക്കുകയാണ്. ഉണ്ണീശോയുടെ പിറവിക്കായി നമ്മളെല്ലാം ഒരുങ്ങേണ്ട കാലമാണിത്. പണ്ട് ഒരു പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണീശോ ഇന്നു പിറക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഹൃദയങ്ങളിലാണ്. ഉണ്ണീശോ പിറക്കുമ്പോള്‍ സമ്മാനങ്ങള്‍ കരുതി വയ്ക്കേണ്ടത് നമ്മളാണ്.ആ സമ്മനങ്ങള്‍ ഉണ്ടാക്കേണ്ടത് കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്തും ഒഴിവുനേരങ്ങളില്‍ സുകൃത ജപം ചൊല്ലിയുമാണ്. നാളെ മുതല്‍ ഓരോ ക്ലാസ്സുകള്‍ ഉണ്ണീശോയുടെ രൂപം അലങ്കരിക്കണം, ചുറ്റും വൃത്തിയാക്കാണം. ആ ക്ലാസ്സുക്കാര്‍ തന്നെ അന്നേ ദിവസത്തെയ്ക്കുള്ള സുകൃത ജപം കണ്ടെത്തുകയും വേണം.“
പിന്നെ ഒരുക്കങ്ങളാണ്. മെഴുകുതിരി ഞാന്‍ കൊണ്ടു വരാം, ഉമ്മുകുത്സു രണ്ട് ബലൂണ്‍ കൊണ്ടു വരും, മിനി ഒരു ചന്ദന തിരി, മുരളി തുടയ്ക്കാനുള്ള തുണി, പ്രാഞ്ചീസ് മെഴുകുതിരി, ഇങ്ങനെ പോകും കണക്കെടുപ്പ്. സുകൃത ജപം കുട്ടികള്‍ ക്ലാസ്സ് റ്റീച്ചറുടെ സഹായത്തോടെ കണ്ടെത്തും.പിറ്റേന്ന് നേരത്തെ വരുന്ന കുട്ടികള്‍ ഉണ്ണീശൊയെ അലങ്കരിക്കും. ചുറ്റും അടിച്ചു വാരി, ബലൂണുകളും, ചന്ദന തിരികളും കത്തിച്ച് വയ്ക്കും. ബലൂണുകളും തോരണങ്ങളും ചാര്‍ത്തി മോടി പിടിപ്പിയ്ക്കും. അസംമ്പ്ലിയ്ക്ക് ക്ലാസ്സ് ലീഡര്‍ എല്ലാ കുട്ടികള്‍ക്കുമായി സുകൃത ജപം ചൊല്ലി കൊടുക്കും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ഇത് 100 പ്രാവശ്യം ചൊല്ലി ഇന്ന് ഉണ്ണീശോയ്ക്കു ഒരു വള നമുക്കു സമ്മാനിക്കാം".
ഞാനെന്നും വൈകുന്നേരം അമ്മയെ നോക്കിയിരിക്കുമ്പോഴാണു സുകൃത ജപം ചൊല്ലുക. അമ്മാമ്മേടെ പഞ്ഞി കവിളു നുള്ളി “അമ്മിച്ചി എന്തേ ഇത്ര നേരായിട്ടും വരാത്തെ“ എന്ന പതിവു ചോദ്യം ഒരു 10 പ്രാവശ്യം ചോദിച്ചു കഴിയുമ്പോള്‍ അമ്മാമ്മയ്ക്കു ദേഷ്യം വരും. "ക്ടാവ്വേ നിനക്കറിയണതന്യാ എനിക്കറിയളോ. നീ മിണ്ടാണ്ടിരുന്ന് കൊന്തെത്തിയ്ക്ക്. നിന്റെ അമ്മ അപ്പഴ്ക്കും വരും" അപ്പോള്‍ വേറോന്നും ചെയ്യാനില്ലാത്തതിനാല്‍ ആകാശത്തേയ്ക്ക് നോക്കി ഞാന്‍ ചൊല്ലും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു".എണ്ണമൊക്കെ എപ്പോഴും തെറ്റും എന്നാല്‍ കുറേ പ്രാവശ്യം ചൊല്ലി കഴിയുമ്പോള്‍ ഒരു കുഞ്ഞുനക്ഷത്രം തിരിച്ചും പറയുന്നതായി എനിക്കു തോന്നും "കുഞ്ഞു മോളേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു" അതാണ് ഉണ്ണീശോ എന്നു ഞാന്‍ വിശ്വസിച്ചു. പിന്നെ നേരം പോകുന്നതറിയില്ല. അമ്മ വരുന്നതുവരെ ആ കുഞ്ഞു നക്ഷത്രത്തിനോടു വര്‍ത്തമാനം പറഞ്ഞിരിക്കും.
എല്‍.പി സ്കൂളില്‍ നിന്നു പട്ടണത്തിലെ ഹൈസ്കൂളിലെത്തി, പിന്നേയും പല പല വിദ്യാലയങ്ങള്‍, കലാശാലകള്‍, “കൊച്ചുണ്ണിശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു“ എന്നത് മാത്രം ക്ഷണിക്കാതെ എല്ലാ ക്രിസ്തുമസ്സ് കാലത്തും കൂട്ടുവന്നു.
രണ്ടാം പര്‍വ്വം: ഞാന്‍ കണ്ട ബെത്‌ലേഹമും പുല്‍കൂടും
ഒരു ക്രിസ്ത്യാനി ഒരിക്കലും വന്നു കൂടാത്ത സ്ഥലമാണ് ഇസ്രായേല്‍ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ക്രിസ്ത്യാനിറ്റിയും, മറ്റു പല,പല കണ്‍സെപ്റ്റുകളും മാറി മറയുന്ന ഒരു കലിഡൊസ്കോപ്പായാണ് എനിക്കീ രാജ്യത്തെ കാണാനാവുക. ചിത്രങ്ങള്‍ മാറി മാറി ഇപ്പോള്‍ യേശു എന്ന രണ്ടക്ഷരം പോലും സംശയത്തോടെയല്ലാതെ ഉച്ചരിക്കാനാവില്ല എന്ന അവസ്ഥയയിരിക്കുന്നു(യേശു എന്ന് പറയുന്നതേ തെറ്റാണെന്നാണ് ഇവിടുത്തെ അറബ് ക്രിസ്ത്യാനികള്‍ പറയുന്നത്). ഇങ്ങനെ സംശയ വാസു ആയി മാറിയ എനിക്ക് ഒരിക്കല്‍ ബെത്‌ലേഹമില്‍ പോകാനും അവസരം ഉണ്ടായി, ലബനോന്‍-ഇസ്രായേല്‍ യുദ്ധകാലത്ത്, യുദ്ധത്തിനിടയില്‍ പലായനം ചെയ്ത ഇന്ത്യന്‍ സംഘത്തിന് ഒരു ആശ്വാസ യാത്ര എന്ന നിലയ്ക്ക്. അങ്ങനെ ഒരു പുല്‍കൂടിന്റെ ഓര്‍മ്മയിലും കലിഡോസ്കോപ്പ് ചിത്രങ്ങളായി.
ജറുസലേമില്‍ നിന്ന് എതാണ്ട് 30 മിനുട്ട് എടുത്തു എന്നാണ് എന്റെ ഓര്‍മ്മ. ജറുസലെമില്‍ നിന്ന് 8 കിലോമീറ്ററേ ഉള്ളൂ എന്ന് വെബ്‌സൈറ്റില്‍ കാണുന്നു. ജറുസലേമില്‍ നിന്ന് ഇസ്രായേല്‍ ഗവണ്മെന്റ് ടാക്സിയില്‍ ആണ് പോയത്. ഗവണ്‍മെന്റ് ടാക്സിയായത് കൊണ്ടാവും ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചെക്കിംഗ് ഇല്ലായിരുന്നു. പലസ്തീന്‍ തിര്‍ത്തിയില്‍ ഒരു പട്ടാള ക്യാമ്പ് മാത്രം കണ്ടു. അതിര്‍ത്തിയില്‍ ഇറങ്ങിയപ്പോള്‍ അവിടെ പാലസ്തീന്‍ ഗവണ്മെന്റ് ഗൈഡ് ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ബത്‌ലേഹമിലേയ്ക്ക്.
2002 ലെ പ്രശ്നങ്ങള്‍ക്ക് ശേഷം അധികം സംഘര്‍ഷങ്ങള്‍ അവിടെ ഉണ്ടായിട്ടിലെങ്കിലും ഇസ്രായേല്‍ പട്ടാളക്കാര്‍ മുഴുവന്‍ വിട്ടു പോയിട്ടില്ല എന്നാണറിഞ്ഞത്. (അല്ലെങ്കിലും പലസ്തിന്റെ എല്ലാ ഗ്രാമത്തിലും ഇസ്രായേല്‍ പട്ടാളം ഉണ്ട് എന്നാണെന്റെ അറിവ്) ഞങ്ങള്‍ പോയ സമയം അവിടെ നല്ല ശാന്തതയുള്ള സമയമായിരുന്നു. ഇസ്രായേല്‍ പട്ടാളക്കാരെ ഒന്നും അവിടെ കണ്ടില്ല. (അവരു ലബനോനിലേയ്ക്ക് പോയി കാണും). ഞാന്‍ കണ്ട ഒരു പാലസ്തിന്‍ തെരുവാണ് ചുവടെ.
അതിര്‍ത്തിയില്‍ നിന്നും 15 മിനിട്ടിനുള്ളില്‍ ഉണ്ണീശോ ജനിച്ചു എന്ന് പറയപ്പെടുന്ന സ്ഥലത്തെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ എത്തി.
ചര്‍ച്ച് ഓഫ് നേറ്റിവിറ്റി
എ.ഡി നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പണികഴിപ്പിച്ചതാണ് ഈ പള്ളി. സമറിയന്‍ വിപ്ലവത്തില്‍ തകര്‍ന്ന ഈ പള്ളി ആറാംനൂറ്റാണ്ടില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി പുതിക്കി പണിതു. ബസലിക്ക പള്ളീ (അവിടെയാണ് യേശു ജനിച്ച ഗുഹയുള്ളത്) ഗ്രീക്ക് കത്തോലിക്കരുടെ അധീനതയിലാണ്. ഇതല്ലാതെ, ലത്തീന്‍ കത്തോലിക്ക പള്ളിയും, അര്‍മേനിയന്‍ പള്ളിയും അടുത്ത് തന്നെയൂണ്ട്. 3 രീതിയിലുള്ള ആരാധനാക്രമങ്ങളിലുള്ള കുര്‍ബ്ബാനയും ബസലിക്ക പള്ളിയില്‍ ഉണ്ടാകാറുണ്ട്. പള്ളിയില്‍ നിന്നുള്ള ഒരു പാലസ്തീന്‍ വ്യു ആണ് താഴെ കാണുന്നത്.
നേറ്റിവിറ്റി പള്ളിയുടെ മുന്നില്‍ ഒരു മുസ്ലീം പള്ളിയാണ്. അത് താഴെ കാണാം.
കയറി ചെല്ലുന്ന കവാടം വളരെ ചെറുതാണ്. ആളുകള്‍ക്ക് കുനിഞ്ഞേ അകത്ത് കയറാന്‍ പറ്റൂ. ഓട്ടോമാന്‍ ഭരണകാലത്ത് കുതിരിയെ ഓടിച്ച് അകത്ത് കയറുന്നത് തടയാനാണ് ഇത് ചെയ്തത്. (അമ്മയുടെ കത്തില്‍ എഴുതിയിരുന്നു, ലത്തിന്‍ പള്ളിയിലെ ക്രിസ്തുമസ്സ് ലേഘനത്തില്‍ ബെത്‌ലേഹത്ത് വന്ന ഒരച്ചന്‍ ഈ വാതിലിനെ കുറിച്ച് എഴുതിയിരുന്നു എന്ന്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ, കുനിഞ്ഞ ശിരസ്സുമായി പള്ളീകകത്ത് പ്രവേശിക്കാനാണ് അത് എന്നതില്‍ എഴുതിരിക്കുന്നു എന്ന്. അതു കണ്ട് അമ്മയെ കളിയാക്കി എഴുതിയതാണ് യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റിനു കാരണമായത്. പിന്നെ ആലോചിച്ചപ്പോള്‍ ആ അച്ചന്‍ അദ്ദേഹത്തിന്റെ വീക്ഷണം മാത്രമാവാം എഴുതിയിട്ടുണ്ടാവുക എന്ന് തോന്നി). ആ വാതിലാണ് താഴെ. പണ്ടുണ്ടായിരുന്ന വലിയ വാതിലിന്റെ അടയാളങ്ങള്‍ ഇപ്പോഴും അവിടെ ഉണ്ട്. (പടത്തില്‍ കാണാത്തത് എന്റെ പടം പിടുത്തത്തിന്റെ ഗുണം കൊണ്ടാ!).
അങ്ങനെ ആ വാതിലു കുനിഞ്ഞ് കടന്ന് പള്ളിക്കകത്തൂടെ ഉണ്ണീശോ ജനിച്ചതെന്ന് പറയുന്ന ഗുഹയില്‍ ( ഗ്രോട്ടോ, ഒരു താഴ്ന്ന പ്രദേശം, അത്രയേ ഉള്ളൂ) പ്രവേശിച്ചു. അവിടെ ഈശൊ ജനിച്ച സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഒരു കുഞ്ഞി കുഴിയായാണ്. അതിനു ചുറ്റും ഒരു വെള്ളി നക്ഷത്രവും ഉണ്ട്. ആ പടം താഴെ.
ആ സ്ഥലത്തിനു ചുറ്റും വെള്ളി വിളക്കുകളാണ്. ഒരു പടം കൂടി.
ഉണ്ണീശോയെ രാജാക്കന്മാര്‍ ആരാധിച്ച സ്ഥലമാണ് ഇനി കാണുന്നത്.
ഇതുകണ്ടിറങ്ങിയപ്പോള്‍, എന്റെ മനസ്സിലുണ്ടായിരുന്ന തൊഴുത്തും, പുല്‍കൂടും, ഗുഹയും, പാടവും, തണുപ്പും, മഞ്ഞും ഒക്കെ ചേര്‍ന്ന കുട്ടികാല ശേഖരത്തിലുണ്ടായിരുന്ന, ഒരു പടം തുണ്ട് തുണ്ടായി കീറി കാറ്റില്‍ പറന്നു പോയി. പിന്നെ ആ തുണ്ടുകള്‍ ഞാനെടുത്തെന്റെ കലിഡോസ്കോപ്പിലിട്ടു. ആല്‍ബത്തിലൊട്ടിക്കാനായി, കഴിഞ്ഞ ആഴ്ച, റഷ്യന്‍ കടയില്‍ നിന്ന് നേറ്റിവിറ്റി ക്രിബ് എന്ന് വിളിക്കപ്പെടുന്ന പുല്‍കൂടിന്റെ ഒരു വികൃത രൂപവും വാങ്ങി.
എല്ലാ ബൂലോകര്‍ക്കും എന്റെ ക്രിസ്തുമസ്സ് സമ്മാനമായി എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്. ഇത് ഞാന്‍ കേട്ടിരിക്കുന്നത് ഞങ്ങളുടെ പള്ളിയില്‍ ജോ പാടിയിട്ടാ. അതോണ്ട് എല്ലവരും ജോയുടെ ബ്ലോഗില്‍ പോയി അത് കേള്‍ക്കുക.എല്ലാ ബൂലോകര്‍ക്കും MERRY XMAS & HAPPY NEW YEAR
Sunday, December 10, 2006
ലഹൊഹ് (Lahoh) അഥവാ പാലപ്പമെന്ന വെള്ളേപ്പം
കുഴിച്ചെടുത്ത ചരിത്രം ഇവിടെ.
ഇതാണ് ലഹൊഹ് എന്ന് ഇവിടെ അറിയപ്പെടുന്ന അപ്പത്തിന്റെ രൂപം. ഇതിന്റെ പിന്നാലെ പോയി കഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. മിക്കവരും ഈ പടം കണ്ടീട്ട് പാന്‍ കേക്ക് എന്ന് പറഞ്ഞ് കളഞ്ഞു. ഒരു അപ്പം ലൈവായി കാണിക്കാം എന്ന് കരുതി എന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറും. ചാത്തന്‍ സേവയുണ്ടെന്ന് തോന്നുന്നു (അപ്പത്തിന്), ഇഞ്ചി ചോദിച്ചതിനു ശേഷം ആ അപ്പം അപ്രത്യക്ഷമായി. ക്യാ കരൂ? അപ്പോള്‍ ദേ അപ്പദൈവത്തിന്റെ രൂപത്തില്‍ ഞങ്ങളുടെ വീട്ടുടമസ്ഥ ആഗതയായി. പലതരത്തില്‍ വിവരിച്ചിട്ടും വരച്ച് കാണിച്ചീട്ടും അവര്‍ക്ക് മനസ്സിലായില്ല. അപ്പോഴാണ് മിസ്സിസ്സ് കെ. എം. മാത്യു എന്ന പാചകറാണീ രക്ഷക്കെത്തിയത്. അവരെഴുതിയ പുസ്തകത്തിന്റെ കവര്‍ നമ്മുടെ സ്വന്തം പാലപ്പമായിരുന്നു. (അതേന്നു, എന്റെ കമ്പ്ലീറ്റ് പാചക ഞാണിന്മേല്‍ കളി ആയമ്മയുടെ രണ്ട് പുസ്തകത്തിനെ പുറത്തായിരുന്നു. ഭര്‍ത്തന്‍ പറയുന്നത് ശരിക്കും അദ്ദേഹം അമ്മായമ്മയായി നമിക്കേണ്ടത് ഈ മാഡത്തിനെയാണെന്നാ. എല്ലാ ഭര്‍ത്തന്മാരും ഒരു വഹയാണെനേ, യേത്?) ഈ പടം കണ്ടതോടെ വീട്ടുടമസ്ഥയ്ക്ക് കുളിര്. “ഇതാണ് ലഹൊഹ്, ഇത് എന്റെ നാട്ടിന്നാ“. അവര്‍ യമന്‍കാരിയാണ്.
ലഹൊഹ് എങ്കില്‍ ലഹൊഹ്, ഇന്ന് വന്ന് ഗൂഗ്ലി. അപ്പോള്‍ കാര്യം സത്യമാണ്. ലഹൊഹ് യമനിഷ് ഡിഷ് ആണ്. എന്നാലും ഇന്‍ജെരയും ഒന്ന് ഗൂഗ്ലി.
എതാണ്ട് ഇങ്ങനെയാണ് കാര്യത്തിന്റെ കിടപ്പ് എന്ന് തോന്നുന്നു. എത്യൊപ്യ, സോമാലിയ, എറിട്രീയ എന്നീ രാജ്യങ്ങളില്‍, ടഫ് എന്ന ധാന്യം കൊണ്ടുണ്ടാക്കുന്ന ഇന്‍ജെര(injera) എന്ന ഒരു തരം അപ്പം ആണ് ഈ ലഹൊഹിന്റെ പൂര്‍വികന്‍. ഇന്‍ജെര ഭക്ഷണം കഴിക്കനുള്ള പാത്രമായും ഉപയോഗിക്കുന്നു. (നമ്മുടെ കോണ്‍ ഐസ്ക്രീം പോലെ. അവസാനം കോണും തിന്നാലോ). എറിട്രീയ, സോമാലിയ എന്നിവിടങ്ങളില്‍ ഇന്‍ജെരയെ ലഹൊഹ് എന്ന് തന്നെ പറയുന്നു. ഇതുണ്ടാക്കുന്നത് ടഫ് ധാന്യം പൊടിച്ച് ഉപ്പും എണ്ണയും ചേര്‍ത്ത് പുളിക്കാന്‍ വച്ചീട്ടാണ്. 3 മുതല്‍ 7 ദിവസം വരെ ഇങ്ങനെ വച്ച് പുളിപ്പിക്കുന്നത് കല്ലില്ലൊ, പാനിലോ ചുട്ടെടുക്കും. ലോകമാപ്പില്‍ നോക്കുമ്പോള്‍ എറിട്രിയയും യമനും തൊട്ടു തൊട്ട് കീടക്കുന്നു. ഒന്നുകില്‍ യമന്‍കാര്‍ എറിട്രിയക്കരില്‍ നിന്നും പഠിച്ച് ഇസ്രായേലിലേയ്ക്ക് വന്നപ്പോള്‍ കൂടെ കൊണ്ട് വന്നതാകാം. അല്ലെങ്കില്‍ ജൂതന്മാരൂടെ ഉത്ഭവസ്ഥാനമായ എത്യൊപ്യയയില്‍ നിന്നും അവരുടെ കൂടെ പോന്നതാവാം. ഇവിടെ ധാരാളം എത്യൊപ്യന്‍ ജൂതന്മാരുണ്ട്. രണ്ടാമത്തത് വഴി ഇത് കേരളത്തില്‍ എത്തിയിരിക്കാനാണ് സാദ്ധ്യത. (കേരളത്തില്‍ എത്യോപ്യന്‍സ്, യമന്‍, എട്രീയക്കാര്‍ ഒന്നും ഇല്ലല്ലൊ അല്ലേ?)
ഇവിടെ ലഹൊഹ് എങ്ങനെ ഉണ്ടാക്കാം എന്നൊരു പാചക കുറിപ്പ് കിടക്കുന്നു. ഹീബ്രു അറിയുന്നവര്‍ അത് വായിക്കുക. അല്ലത്തവര്‍ ഞാന്‍ എഴുതുന്നത് വിശ്വസിക്കുക.
ലഹൊഹ്
വേണ്ട സാധനങ്ങള്‍
1. ഗോതമ്പ് പൊടി -1 കിലോ
2. ഉപ്പ് -ഒരു റ്റീസ്പൂണ്‍
3. പഞ്ചസാര -1/4 റ്റീസ്പൂണ്‍
4. യീസ്റ്റ് - ഒന്നര റ്റീസ്പൂണ്‍
5. റവ - 2 കപ്പ്
6. എണ്ണ - ആവശ്യത്തിന്
7. ചൂടു വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1. യീസ്റ്റ് ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുക (ഇതു നമ്മള്‍ ചെയ്യാറുള്ളതല്ലേ)
2.വലിയൊരു പാത്ത്രത്തില്‍ 5 കപ്പ് ചൂട് വെള്ളം എടുക്കുക. അതിലേയ്ക്ക് പഞ്ചസാര, ഉപ്പ്, യിസ്റ്റ് എന്നിവ യഥാക്രമം ഇടുക.
3.രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് റവ ഇടുക. ഒരു മിനുട്ട് ഇളക്കി കൊണ്ടിരിക്കുക. ഒരു കപ്പ് ചൂട് വെള്ളം കൂടെ ഒഴിക്കുക. അതിശേഷം റവ കുറുക്കിയത് വലിയ പാത്രത്തിലേയ്ക്ക് ഒഴിക്കുക ( ഇതല്ലേ നമ്മുടെ കപ്പ് കാച്ചല്‍?)
4.ഗോതമ്പ് പൊടി സാവധാനം പാത്രത്തിലേയ്ക്ക് ഇട്ടുകൊടുക്കുക. നന്നായി കുഴയ്ക്കുക. ഒരു തുണി കൊണ്ട് മൂടി ചൂടുള്ള സ്ഥലത്ത് പുളിയ്ക്കാനായി 2 മണിക്കൂര്‍ വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി, ആവശ്യമെങ്കില്‍ വെള്ളവുമൊഴിച്ച് കൊടുക്കണം.
5. ചുടുന്ന രീതി: പാനില്‍ എണ്ണ തൂത്ത് മാവ് ഒഴിക്കുക.
6. മാവിന്റെ ഉപരിതലത്തില്‍ ചെറിയ ഓട്ടകള്‍ (ഹോള്‍ ന്റെ മലയാളം എന്താ?) ഉണ്ടാകുന്നത് വരെ വലിയ ചൂടില്‍ വേവിക്കുക. അതിനു ശേഷം പാന്‍ മൂടി വച്ച് ചെറുതീയില്‍ വേവിക്കുക. അടിഭാഗം ചെറിയ ബ്രൌണ്‍ നിറം ആകുമ്പോല്‍ എടുക്കാം.
7. അടുത്ത അപ്പം ചുടുന്നതിനു മുന്‍പ് പാന്‍ സ്വല്പം തണുപ്പിക്കുക.
( ഹോ, അങ്ങനെ ഞാനും ഒരു പാചക കുറിപ്പ് എഴുതി! എന്റമ്മേ.)
ഈ പാചക രീതി നമ്മുടേതുമായി സാമ്യമുണ്ടല്ലേ? നമ്മള്‍ അരിയാണ് ഉപായോഗിക്കുന്നത് എന്ന് മാത്രം.
പാത്രം
ഇതുണ്ടാക്കുന്ന പാത്രത്തെ കുറിച്ചും ആ തോമയുടെ മകള്‍ ഇഞ്ചി ചോദിച്ചിരുന്നു.
അങ്ങനെ അന്വേഷണം വ്യാപിപ്പിച്ചു. എന്റെ എറ്റവും വലിയ ആശ്രയമായ ലാബ് എഞ്ചിനീയര്‍ രക്ഷയ്ക്കെത്തി. ആശാന്‍ ഈ പടവും കുറിപ്പും കണ്ടപ്പോള്‍ ഓര്‍മ്മിച്ചെടുത്തു, ഇതിന്റെ അവര്‍ക്കിടയിലെ പേരു ലേഹേം തബൂന്‍ എന്നാണ് എന്ന്. ലേഹേം എന്നാല്‍ ബ്രെഡ്, തബൂന്‍ എന്നാല്‍ കളിമണ്‍ പാത്രം. (ബേത് എന്നാല്‍ വീട് (ഹൌസ്) അപ്പോള്‍ ബെത്‌ലേഹം എന്നാല്‍ ബ്രെഡിന്റെ വീട് (ഹൌസ് ഓഫ് ബ്രെഡ്), ലേഹേം എന്നാല്‍ മാംസം (ഫ്ലെഷ്) എന്നും അര്‍ത്ഥമുണ്ട്). ആ കളിമണ്‍ പാത്രമാണ് ഇവിടെ കാണുന്നത്. ഇത് കാനാന്‍കാരുടെ ആണെന്ന് ഈ സൈറ്റ് പറയുന്നു. ഇതിന്റെ വയറിനകത്ത് തീയിട്ട് മുകളിലെ തട്ടില്‍ അപ്പം ചുടുമത്രേ. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയിലെ ചട്ടികള്‍ക്ക് ഇതുമായി വിദൂര ബന്ധമുണ്ടോ ആവോ?
ഇഞ്ചി ഡിയര്‍ ഇത്രയും എഴുതിയപ്പോഴേയ്ക്കും ‘ബോറടിയുടെ ദൈവം‘ എത്തി. പെസഹായുടെ പുളിപ്പില്ലാത്ത അപ്പവും കൊഷര്‍ എന്ന കുന്ത്രാണ്ടവും പിന്നീടാകാം.
വാണിങ്ങ്: മേലാല്‍ ഇത്തരം ടഫ് ചോദ്യം ചോദിച്ചാല്‍ ഇഞ്ചിയെന്ന കുട്ടിയെ ക്ലാസ്സില്‍ നിന്നും പുറത്തക്കുന്നതയിരിക്കും, ജാഗ്രതൈ.
കടപ്പാട്: എന്റെ വീട്ടുടമസ്ഥ, ലാബ് എഞ്ചിനീയര്‍ , പിന്നെ ഞാന്‍ അറിയണ കുറെയേറെ ജൂത, അറബിക് സുഹൃത്തുക്കള്‍
സമര്‍പ്പണം: ഇഞ്ചിക്ക് തന്നെ (എന്താ സംശയം!)
Tuesday, November 07, 2006
“ഹായ് ഹോദൂസ്”
“ഹായ് ഹോദൂസ്“
വാക്കുകളുടെ ഉറവിടം കുറച്ച് പുസ്തകങ്ങളുമായി നില്‍ക്കുന്ന ഒരു ഇസ്രായേലി ആയതു കൊണ്ട് വലിയ കൌതുകമൊന്നും തോന്നിയില്ല. ഹോദു എന്നാല്‍ ഹീബ്രുവില്‍ ഇന്‍ഡ്യ അല്ലെങ്കില്‍ ഇന്‍ഡ്യാക്കാരന്‍. ആര്‍ക്കു കണ്ടാലും ഞാന്‍ ഇന്ത്യാക്കാരിയാണെന്ന് ഒറ്റനോട്ടത്തിലറിയാം. ‘എന്തിനാ വെറുതെ ഹീബ്രു അറിയാത്ത എന്റെ അടുത്ത് ഹീബ്രു പുസ്തകങ്ങളൊക്കെയായി ‘ എന്ന ഒരു ധ്വനി കലര്‍ത്തി പറഞ്ഞു.
“ഐ ഡോനോ ഹീബ്രു“. അപ്പോള്‍ ഇസ്രായേലി പ്രസംഗം തുടങ്ങി.
“നിങ്ങള്‍ ഇന്ത്യാക്കാരിയല്ലേ?“ “അതേ“
“ഹിന്ദൂവാണോ?“ “അല്ല“
“നിങ്ങള്‍ക്ക് ഹിന്ദുവിസത്തെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടൊ? ഞാന്‍ ഇവിടെ ഒരു വേദാന്ത സംഘടനയിലെ അംഗമാണ്.“
“ഹേ, ഹെന്ത്? വേദാന്തം?”
ഞാന്‍ വെറുതെ വെറുതെ ഞെട്ടി. പാശ്ചാത്യ ലോകത്ത് കബാല പോലെയൊ അതിലേറെയുമൊ ഹിന്ദുയിസം ഫാഷന്‍ ആണെന്ന് കേട്ടിരുന്നെങ്കിലും ഈ ഇട്ടാവട്ട ഇസ്രായേലില്‍ ഇങ്ങനെ ഒരുത്തനെ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.പിന്നെ അയാള്‍ കുറേ ഹിന്ദുയിസം, വേദാന്തം ഒക്കെ പ്രസംഗിച്ചു.
അയാള്‍ ഹിന്ദുവാണത്രേ. പേരു ഉദാര ദാസ്. അതിന്റെ അര്‍ത്ഥം അയാള്‍ കഷ്ടപ്പെട്ട് വിവരിച്ച് തന്നു. ജനിച്ചതും വളര്‍ന്നതും ഇസ്രായേലില്‍. മാതാപിതാക്കള്‍ എവിടുത്തുക്കാരാണെന്ന് പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല. മാതാപിതക്കളുടെ മതവും അയാളുടെ ഹിന്ദുയിസവുമായി ബന്ധമില്ല എന്ന്. 5 ജന്മം മുന്‍പ് അയാള്‍ ഇന്ത്യയില്‍ ജനിച്ചിരുന്നു പോലും. ( ഞാന്‍ ആദ്യം മനസ്സില്ലാക്കിയത് 5 തലമുറ മുന്‍പ് ഇന്ത്യയില്‍ ആയിരുന്നു എന്നാണ്. കൂടുതല്‍ ചോദിച്ചപ്പോഴാണ് 5 തലമുറയല്ല, 5 ജന്മം മുന്നേ എന്നു മനസ്സിലായത്). ഇവിടുത്തെ യുദ്ധത്തിനെതിരെ സമാധാനം കൊണ്ട് വരാന്‍ വേദാന്തത്തിലൂടെ ശ്രമിക്കുന്ന സംഘനയിലെ അംഗമാണ് ഉദാര ദാസ്. ഈ സംഘടന ഇസ്രായേലിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥിരം ക്ലാസ്സുകള്‍ നടത്തുന്നു. ഇസ്രായേലില്‍ ഇവരുടെ പ്രധാന ലക്ഷ്യം വേദാന്തത്തിലൂടെ സമാധാനം എന്നതാണ്. സസ്യാഹാരത്തെ മാത്രമെ ആ സംഘടന പ്രോത്സാഹിപ്പിക്കൂ. ആത്മാവിനേയും, പുനര്‍ജ്ജന്മങ്ങളേയും, ഗീതോപദേശത്തെയും, കൃഷ്ണലീലയേയും കുറിച്ച് അയാള്‍ വാചാലനായപ്പോള്‍ സത്യമായും എനിക്ക് ദേഷ്യത്തിന്റേയും, ബോറടിയുടേയും ഇടയ്ക്കുള്ള ഒരു വികാരമായിരുന്നു.
ഉദാര ദാസിന്റെ കൈയിലുള്ള പുസ്തകങ്ങള്‍ വാങ്ങി പകരം അവരുടെ സംഘടനയ്ക്ക് സംഭാവന നല്‍കണം. അതാണ് അയാളുടെ ഇപ്പോഴത്തെ ആവശ്യം. ആ സംഭാവന കൊണ്ടാണ് ഭക്തര്‍ക്ക് പ്രസാദം കൊടുക്കുന്നത്! പുസ്തകത്തില്‍ ഒന്ന് ഇന്‍ഡ്യന്‍ പാചകകുറിപ്പുകള്‍ ആണ്. അതിവിടത്തെ ബെസ്റ്റ് സെല്ലര്‍ ആണെന്നാണ് അയാള്‍ പറഞ്ഞത്.അതെന്തായലും അതില്‍ മലായ് കോഫ്ത ഉണ്ടെന്നറിഞ്ഞ് ഞാനൊന്നു വാങ്ങി. എന്റെ വീട്ടുടമസ്ഥ കുറേക്കാലം കൊണ്ട് മലായ് കോഫ്ത കുറിപ്പ് വേണം എന്ന് പറയുന്നു. പുസ്തകങ്ങളൊക്കെ ഉഗ്രന്‍. കൃഷ്ണന്റെ ഒന്നാന്തരം കളര്‍ പടങ്ങള്‍. പിന്നേയും മൂന്ന് പുസ്തകങ്ങള്‍ കൂടെ ഞാന്‍ വാങ്ങി. ഒന്ന് ഈശൊപനിഷത്ത് ഹീബ്രുവില്‍. (അത് ഇന്ത്യ, കേരളം എന്നൊക്കെ പറഞ്ഞാല്‍ സ്വര്‍ഗ്ഗം എന്ന് പ്രതീതി ധ്വനിപ്പിക്കും വിധം വാചാലനാകുന്ന പ്രൊഫസ്സര്‍ക്ക് കൊടുത്തു. വായിച്ചഭിപ്രായമറിയാന്‍.അഭിപ്രായമറിഞ്ഞീട്ടു വേണം ബാക്കി) മറ്റൊന്ന് ഒന്നു കുട്ടികള്‍ക്കുള്ള കൃഷ്ണ കഥകള്‍ (ഹീബ്രുവില്‍) മൂന്നാമത്തേത് Beyond birth & death എന്ന A. C. Bhaktivedanta Swami Prabhupada എഴുതിയ പുസ്തകം.
അയാള്‍ തന്ന ബ്രോഷറുകളൊക്കെ വാങ്ങി ലാബിലെത്തിയിട്ടും എന്റെ മുഖത്തെ ആശ്ചര്യചിഹ്നം മാറിയില്ല. ഇസ്രായേലില്‍ വേദാന്തമൊ? ജൂതന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ നാട്. അവിടെ അവര്‍ മാത്രം മതി എന്ന് പറയുന്നതിനിടയിലാണ് ജൂതന്മാര്‍ പിന്നെ ഹിന്ദുക്കളാകുന്നത്. വിരോധാഭാസം! ജുതായിസം ഒരു മതമല്ല, ഹിന്ദുയിസം പോലെ ഒരു സംസ്കാരം ആണ് എന്നൊക്കെ പല ജൂതന്മരും പറഞ്ഞ് വാചാലരാകറുണ്ട്. പക്ഷെ ഒരു മറുകണ്ടം ചാടല്‍ എന്തു മാത്രം പ്രസക്തമാണ്? വെറുതെ ചിന്തിക്കാന്‍ ചെലവൊന്നുമില്ലല്ലോ. ബ്രോഷ്രറില്‍ പറഞ്ഞിരിക്കുന്ന വെബ്സൈറ്റ് നോക്കി. വെബ്സൈറ്റ് മൊത്തം ഹീബ്രു ആണ്.
Beyond birth & death എന്ന പുസ്തകമെഴുതിയ A. C. Bhaktivedanta Swami Prabhupada എന്നയാളെ ഗൂഗ്ലി നോക്കി. International Society for Krishna Consciousness (ISKCON) എന്ന സംഘനയുടെ സ്ഥാപകനാണ് ഈ ബംഗാള്‍കാരന്‍. ഹരേ കൃഷ്ണ എന്ന പേരില്‍ അറിയപ്പെടുന്ന ആ സംഘടന തന്നെയാണ് ഇവിടെയും ഉള്ളത് എന്ന് ഞാന്‍ വാങ്ങിയ പുസ്തകങ്ങള്‍ കാണുമ്പോള്‍ ഊഹിക്കാം. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഹരേ കൃഷ്ണയ്ക്ക് ശാഖകള്‍ ഉണ്ട്. ഭക്തി വേദാന്ത സ്വാമി പ്രഭുപാദയുടെ ബഹുമാനാര്‍ത്ഥം ഇന്‍ഡ്യാ ഗവണ്മെന്റ് സ്റ്റാമ്പും ഇറക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏതാണ്ടെല്ലാഭാഗത്തുമായി സ്കൂളുകള്‍ മുതല്‍ റസ്റ്റോറണ്ട് വരെ ഉണ്ട് ഹരേ കൃഷ്ണയ്ക്ക്. (സസ്യാഹാരം പ്രോത്സാഹിപ്പിക്കാനാകണം.)
പറഞ്ഞ് വന്നത് ഇതൊന്നുമല്ല. നമ്മള്‍ ടോയലറ്റ് പേപ്പറാക്കാന്‍ പോകുന്ന ഈ വേദാന്തങ്ങളുടെ ആഗോളതല വാണിജ്യവത്കരണം കണ്ട് ഞാന്‍ മൂക്കും കുത്തി വീണതും 75 ഷെക്കല്‍ കളഞ്ഞതും ആണ്! എന്തായാലും 75 ഷെക്കല്‍ പോയി എന്നാല്‍ ഇസ്രയേല്‍ക്കാരുടെ ഇന്ത്യ ബന്ധത്തിനെ കുറിച്ചും (ഞാന്‍ കണ്ടതും) ഒന്ന് എഴുതിയേക്കാം.
ഇന്ത്യ, ഇസ്രായേല്‍ക്കര്‍ക്ക് ഒരു ഫാന്റസി നാടാണ്. ഏത് രാജ്യം സന്ദര്‍ശിക്കാനാണ് കൂടുതല്‍ താല്പര്യം എന്ന് ഒരു 21-25 വയസ്സുള്ള ഒരു ഇസ്രായേലിയോട് ചോദിച്ചാല്‍ പത്തില്‍ അഞ്ച് പേരും (ഒരേകദേശ കണക്കണേ) ഇന്ത്യാ എന്ന ഉത്തരമായിരിക്കും തരുക. 17 വയസ്സു മുതല്‍ മൂന്ന് വര്‍ഷക്കാലത്തെ നിര്‍ബന്ധ പട്ടാളസേവനം കഴിഞ്ഞ് മിക്ക ഇസ്രായേലികളും അഞ്ചോ ആറോ മാസം പലരാജ്യങ്ങളും കറങ്ങി നടക്കും. പട്ടാള ജീവിതത്തിന്റെ കാഠിന്യം മനസ്സീന്ന് പോകാനാണ് ഈ യാത്ര. മിക്കവരുടേയും ആദ്യ തിരഞ്ഞെടുപ്പ് ഇന്ത്യയാണ്. ഇതിന് പലകാരണങ്ങള്‍ ഉണ്ട്. പ്രധാനമായത് സാമ്പത്തീകം തന്നെ. യൂറോപ്പിനേക്കാളും ഇന്ത്യന്‍ യാത്രയ്ക്ക് പോക്കറ്റിനു കനം കുറച്ച് മതി.മാത്രമല്ല യൂറോപ്പിനേക്കാളും വ്യതസ്തത ഏഷ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. പിന്നെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ എന്ന ഒരു വലിയ രാജ്യത്ത് 6 മാസം ചെലവിടാന്‍ ഒരുപാട് സ്ഥലം ഉണ്ടെന്ന തോന്നലാവാം. ഇന്ത്യയില്‍ നിന്നും ഒരുപാട് ക്രിസ്ത്യന്‍ ടൂറിസ്റ്റ്കള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കറുണ്ട്. (യുദ്ധകാലത്ത് പോലും കണ്ടിരുന്നു പലരേയും!) ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സഹകരണമാണ് ബയോടെക്നോളജി, പ്രതിരോധം എന്നീ ഗവേഷണ (ഗവേഷണേതര) രംഗങ്ങളില്‍ നിലനില്‍ക്കുന്നത്. തന്മൂലം ധാരാളം ഇസ്രായേല്‍ ഗവേഷകരും, ഗവേഷക വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ വര്‍ഷങ്ങളോളം താമസിക്കുന്നു, തിരിച്ചും ( ഞാന്‍ ഉദാഹരണം). ഇന്ത്യയില്‍ 6 മാസമോ അതില്‍ കൂടുതലോ ചെലവിടുന്നവര്‍ക്ക് ഹിന്ദുവിസത്തിനോട് അടുപ്പം തോന്നുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ല. പക്ഷേ അവര്‍ ഹിന്ദുക്കളാകുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തന്നെ. ജൂത മതം ഔദ്യോഗിക മതമായ ഇസ്രായേലില്‍, ലോകത്തിന്റെ ഏത് കോണിലുള്ള ജൂതനും സ്വയമേ ഇസ്രായേല്‍ പൌരനാകുന്ന നിയമമുള്ളൊരു നാട്ടില്‍ ഒരു ഹിന്ദുമതപരിവര്‍ത്തനത്തിന്‍ തീരെ സാധ്യത കാണുന്നില്ല.
ഹിന്ദുയിസം ഇത്രയൊക്കെ ഇവിടെ പരക്കുന്നുണ്ടെങ്കില്‍ അതിനു മൂന്ന് കാരണങ്ങളാണ് എനിക്കു പ്രധാനമായും തോന്നുന്നത്.
1. അതിന്റെ മൌലീകവും, ചിന്തോദ്ദീപകങ്ങളുമായ ആശയങ്ങള്‍. പാശ്ചാത്യലോകത്തിന് തികച്ചും നൂതനമായി തോന്നാവുന്ന അനേകായിരം അറിവുകളും ആശയങ്ങളും അടങ്ങിയ ഹിന്ദുയിസത്തെ അടുത്തറിയുമ്പോള്‍, അതും അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്നേ അവ ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍, കൂടുതല്‍ കൂടുതല്‍ അതിനെ കുറിച്ച് അറിയാനുള്ള ത്വര ഉണ്ടാവുക സ്വാഭാവികം.
2. ഒരു ഫാഷന്‍ തരംഗം എന്ന നിലയ്ക്ക്. ബ്രിട്ട്നി പിയേഴ്സ് ഹിന്ദുമതം സ്വീകരിച്ച്, നെറ്റിയില്‍ സിന്ദൂരവും ഇട്ട് നടന്ന് നീങ്ങിയ കാഴ്ച അത്ര വേഗം മറക്കാന്‍ പറ്റില്ലല്ലോ. ഇവിടേയും പൊട്ട് ഒരു ഫാഷനായി വരുന്നു. നെറ്റിക്ക് പകരം കവിളിലൊക്കെയാണ് അധികവും കാണാറ് എന്ന് മാത്രം! ഇന്ത്യയില്‍ നിന്നുള്ള കോട്ടണ്‍, സില്‍ക്ക് ഇതിനൊക്കെയും ആരാധകര്‍ ഏറെയാണ്.
3.സാധനങ്ങളും സേവങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് യൂസര്‍ എന്‍ഡില്‍ എത്തിക്കുന്ന ആഗോള കച്ചവടതന്ത്രം. ഇന്ത്യന്‍ കോട്ടണ്‍ എന്ന് പറഞ്ഞാല്‍ എന്ത് കൂറ തുണിയും ഒരുപാട് കാശു കൊടുത്ത് വാങ്ങുന്ന ഈ രാജ്യത്ത് ചെലവാക്കാന്‍ പറ്റുന്ന ഒന്നാതരം ചരക്കാണ് ഹിന്ദുയിസം കുപ്പിയിലാക്കിത്. ഇളനീരു കുടിക്കാത്ത നമ്മള്‍ കോള കുടിക്കുന്നത് പോലെ. ജൂതമതം നോക്കി നടത്താന്‍ റിലീജിയസ് ജൂതന്മാര്‍ എന്ന ഒരു കൂട്ടരുണ്ട്. അപ്പോള്‍ നോണ്‍ റിലീജിയസ് ജൂതന്മാര്‍ക്കുള്ള കോളയാണ് നമ്മുടെ കുപ്പിയിലാക്കിയ ഹിന്ദുയിസം.
ഈ മൂന്നാമത് പറഞ്ഞ കാര്യത്തെ കുറിച്ച് ചിന്തിച്ചാല്‍ (പിന്നെ അന്തമില്ല). എന്തായാലും വേദങ്ങള്‍ തട്ടില്‍ പുറത്ത് നിന്നും വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക. അതു പെറുക്കുയെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കി കുപ്പിയിലടച്ച് വില്‍ക്കാനിതാ ഒരുകൂട്ടര്‍! ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു ബാര്‍ട്ടര്‍ സബ്രദായം ആണ്. പാശ്ചാത്യലോകം അവരുടെ ഉത്പന്നങ്ങള്‍ (മാത്രം) നമുക്ക് തരുന്നു. നമ്മള്‍ നമ്മുടെ കൈയിലുള്ളത് അവര്‍ക്ക് കൊടുക്കുന്നു.
വാല്‍കഷ്ണം: ഉദാരദാസിന്റെ സംക്രിഷ് (സംസ്കൃതം ഇംഗ്ലീഷില്‍ എഴുതുന്നതിനെ എന്താ പറയാ?) ശ്ലോകങ്ങളും അതിന്റെ വിവരണവും കേട്ട് മുഷിഞ്ഞ എന്നിലെ മലയാളി മൂരാച്ചി: ‘ ഞങ്ങളുടെ തുപ്പല്‍ കോളാമ്പിയില്‍ നിങ്ങളെനിക്ക് അമ്പലപ്പുഴ പാല്‍പായസം വിളമ്പുന്ന കാലം വിദൂരത്തൊന്നുമല്ല സുഹൃത്തേ!‘(തുപ്പല്‍ കോളാമ്പി പ്രയോഗത്തിനു കടപ്പാട് തൃശ്ശൂര്‍ പി.സി തോമസ്)
Wednesday, October 25, 2006
കുട്ടികളുടെ കളിപ്പാട്ടങ്ങള്‍
അവള്‍ പറഞ്ഞതിങ്ങനെ:
“ഞാന്‍ ഒരിക്കലും ബാര്‍ബികളേയൊ, ദേവതകളേയൊ വാങ്ങി കൊടുക്കാറില്ല. സൌന്ദര്യവും, അഴകുമാണ് എല്ലാത്തിന്റേയും അളവു കോലെന്ന് കുട്ടികള്‍ തെറ്റായി ആദ്യം ചിന്തിച്ചു തുടങ്ങുന്നത് ഇത്തരം പാവകളില്‍ കൂടിയാണ്. എന്റെ സുഹൃത്തിന്റെ മകള്‍ക്കിപ്പോള്‍ ഇത്തരം പാവകള്‍ മാത്രം മതി. തന്നെയുമല്ല അവള്‍ എപ്പോഴും സുന്ദരിയായിരിക്കാനും ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ സൌന്ദര്യം മാത്രമല്ലല്ലോ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്റെ മകള്‍ക്ക് സൌന്ദര്യം ഇല്ലാത്തതിന്റെ പേരില്‍ ജീവിതം ഒരു ദുരന്തമായി അവള്‍ കാണുന്നത് എനിക്ക് ഇഷ്ടമല്ല.”
വല്ലാത്തൊരു ഇളിംഭ്യത ആയി പോയി എനിക്ക്. ഇന്നേവരെ ഒരു കുട്ടിയ്ക്കും ബാര്‍ബി പാവ വാങ്ങി കൊടുത്തീട്ടില്ല. കുട്ടികള്‍ക്ക് ചേരുന്നതല്ല അതെന്ന തോന്നലില്‍ ടെഡി ബിയറുകളോ വേരെന്തെങ്കിലും കളിപ്പാട്ടങ്ങളോ ആണ് തിരഞ്ഞെടുക്കാറ്. എന്നാലും ബാര്‍ബിയുടെ ക്രൂരമായ ഈ മുഖം ഞാന്‍ ശ്രദ്ധിച്ചീട്ടേ ഇല്ലായിരുന്നു. യൂറോപ്പില്‍ ജനിച്ചു വളര്‍ന്ന, യൂറോപ്പിനെ അന്ധമായി അനുകരിക്കുന്ന ഈ രാജ്യത്തു ജീവിക്കുന്ന സഹപ്രവര്‍ത്തകയില്‍ നിന്നും ഉണ്ടായ ഈ പ്രതികരണം എന്നെ കുറച്ചേറെ ചിന്തിപ്പിച്ചു.
തോക്കുകളും മറ്റും വാങ്ങി കൊടുക്കില്ല എന്ന് നിര്‍ബന്ധം പിടിക്കുന്ന മാതാപിതാക്കളെ കണ്ടീട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ശരാശരി മലയാളി ഒരുപാടൊന്നും ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു.
ഞാന്‍ ബാക്ഗ്രൌന്‍ണ്ടില്‍ കേള്‍ക്കുന്ന പാട്ട്: “ ഐ ആം ബാര്‍ബി ഗേള്‍……”
ഇല്ല ഇനിയും ഞാന്‍ ഒരു ബാര്‍ബി പാവ വാങ്ങില്ലായിരിക്കാം.
(വനിതാലോകത്തില്‍ ഒരിക്കല്‍ പോസ്റ്റ് ചെയ്തതാണ്)
Tuesday, October 03, 2006
മഹാത്മാവ്
ആദി:
മഹാത്മാവിന്റെ പ്രസക്തി തീരുന്നേയില്ല. ഒരു പക്ഷേ ഞാന്‍ ഇസ്രായേലില്‍ വന്നില്ലായിരുനെങ്കില്‍ ഗാന്ധിജി എനിക്കു വെറുമൊരു രാഷ്ട്ര പിതാവ് മാത്രമായേനെ. മഹാത്മാ എന്ന് മനസ്സാലെ വാഴ്ത്തി പറയാന്‍ ഇവിടുത്തെ ഒരു അറബി ക്ര്യിസ്ത്യന്‍(എന്റെ ലാബ് എന്‍ഞ്ചിനിയര്‍) വേണ്ടി വന്നു. എന്റെ പിഴ, എന്റെ എന്റെ, വലിയ പിഴ. നമ്മുടെ പുതിയ(ഇന്ത്യന്‍) തലമുറ മഹാത്മാവിനെ മനസ്സിലാക്കുന്നില്ലെന്ന നഗ്ന സത്യത്തിനു ഉദാഹരണമാവാം ഞാനും ആദിയും.
അറബ് ക്രിസ്ത്യന്‍ ഞാന്‍ ഇന്ത്യനാണെന്നറിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത്.
“ നിങ്ങളുടെ ഗാന്ധിജിയെ പോലെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ പലസ്തീനികള്‍ എന്നെ രക്ഷപ്പെട്ടേനെ. തോക്കിനുപകരം തോക്ക് ഒന്നിനും ഒരു പരിഹാരമല്ല എന്നും പറഞ്ഞ് അഹിംസ മുദ്രാവാക്യമാക്കിയ ഒരു ഗാന്ധിജി തന്നെ വരണം ഇവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍. ക്രിസ്തുവിനെ മനസ്സിലാക്കിയ ഒരേ ഒരാള്‍ ഗാന്ധിജിയാണ്. നിന്റെ വലതു കരണത്തടിക്കുന്നവനു ഇടത് കരണം കൂടി കാണിച്ച് കൊടുക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നറിയൊ നിനക്ക്? എന്റെ കരണത്തടിക്കൂ ഞാന്‍ കാണിച്ചു തരാം.”
എന്റെ അപ്പനേക്കാള്‍ പ്രായമുള്ള അദ്ദേഹത്തിന്റെ കരണത്തടിക്കാന്‍ എനിക്കു സാധ്യമല്ല എന്ന് പറഞ്ഞ എന്നെ അദ്ദേഹം നിബന്ധിച്ച് അദ്ദേഹത്തിന്റെ കരണത്ത് കൈ വയ്പിച്ചു. എന്റെ വലത് കൈ കൊണ്ട് അദ്ദേഹത്തിന്റെ ഇടത് കവിളിലാണ് ഞാന്‍ തൊട്ടത്. അദ്ദേഹം പറഞ്ഞു.
“തെറ്റ്. ഞാന്‍ വലത് കരണത്തടിക്കാനാണ് പറഞ്ഞത്. ഒന്നൂടെ ശ്രമിക്ക്”
ഞാന്‍ ശ്രമിച്ച് നോക്കി. വലത്തെ ഉള്ളം കൈ കൊണ്ട് മറ്റൊരാളുടെ വലത് കരണത്തടിക്കാന്‍ പ്രയാസമാണെനെനിക്ക് മനസ്സിലായി. എളുപ്പം പുറം കൈ കൊണ്ട് അടിക്കുന്നതാണ്. അത് മനസ്സിലാക്കി തന്ന് അദ്ദേഹം തുടര്‍ന്നു.
“ അടിമകള്‍ ധാരാളം ഉള്ള കാലത്താണ് ക്രിസ്തു ജീവിച്ചത്. അടിമകളെ പുറം കൈ കൊണ്ടാണ് അടിച്ചിരുന്നത്. (അല്ലെങ്കില്‍ പുറം കാലു കൊണ്ട്). തുല്യതയുള്ളവര്‍ തമ്മിലെ വഴക്കുകളിലെ ഉള്ളം കൈ പ്രയോഗം ഉള്ളൂ. അപ്പോള്‍ വലതു കരണത്തടിക്കുന്ന യജമാനന് ഇടത് കരണം കാണിച്ച് കൊടുക്കുന്ന അടിമ പറയാതെ പറയുന്നത് നിങ്ങളെന്നെ അടിച്ചു കൊള്ളൂ പക്ഷേ ഒന്നോര്‍ക്കുക ഞാനും നിങ്ങളെ പോലെ മനുഷ്യനാണ്. ക്രിസ്തു പറയുന്നത് സ്വയം ബഹുമാനിക്കാന്‍ (self respect) പഠിക്കാനാണ്. ഇതാണ് നിങ്ങളുടെ ഗാന്ധിജി ചെയ്തത്. സ്വയം ബഹുമാനം എന്തെന്ന് ബ്രിട്ടീഷുകാരോട് വിളിച്ചു പറഞ്ഞു.“
സ്വയം ബഹുമാനത്തിന്റെ വില ആരേക്കാളും അധികം മനസ്സിലാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ക്ക് ഗാന്ധിജിയെ ഒഴിവാക്കാനാവുമായിരുന്നില്ല എന്ന് മനസ്സിലാക്കുക.
അദ്ദേഹം തുടര്‍ന്നു.
“അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ നിങ്ങള്‍ക്ക് കാണിച്ച് തന്നതെന്താണ്?“
ഞാന്‍ വിഡ്ഡി, തലകുനിച്ച് പറഞ്ഞു. “പാവപ്പെട്ട ജനങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നതിനാല്‍ ഗാന്ധിജി വസ്ത്രമുപേക്ഷിച്ചു.“
“തെറ്റ്“ അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
“അവിടേയും ക്രിസ്തുവിന്റെ സ്വയം ബഹുമാനിക്കാനുള്ള ഉപദേശം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. നിന്റെ മേലങ്കി ആവശ്യപ്പെടുന്നവന് കുപ്പായം കൂടെ നല്‍കുക എന്ന ഉപദേശം. പഴയ നിയമമനുസരിച്ച് നഗ്നനായവനെ നോക്കുന്നവനാണ് തെറ്റുകാരന്‍. മേലങ്കി യജമാനന്‍ ആവശ്യപ്പെട്ടാല്‍ കൊടുക്കാതിരിക്കാന്‍ അടിമയ്ക്ക് കഴിയില്ല. മേലങ്കിയില്ലാതെ നില്‍ക്കുന്നവനെ സമൂഹം കളിയാക്കും. അവന്‍ കുപ്പായം കൂടി ഊരി നഗ്നനായാലൊ? അവനെ നോക്കുന്നവനാണ് തെറ്റുകാരന്‍ അഥവാ മോശപ്പെട്ടവന്‍. അവനെ നോക്കാതിരിക്കാന്‍ സമൂഹത്തിന് തല താഴ്ത്തേണ്ടി വരുന്നു. അവന്‍ തലയുയര്‍ത്തി സ്വയം ബഹുമാനം ആര്‍ജ്ജിക്കുന്നു.പാവപ്പെട്ട ഇന്ത്യാക്കാരെ കൊള്ളയടിക്കുന്ന ബ്രിട്ടിഷുകാരുടെ തല താഴ്ത്തിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗമേത്?”
ഇങ്ങനെ ആര്‍ജ്ജവത്തോടെ ഗാന്ധിജിയെ മനസ്സിലക്കുന്ന വിദേശികള്‍ക്കിടയ്ക്ക് ഗാന്ധിജിയെ മതഭ്രാന്തനെന്ന് വിളിക്കുന്ന നമ്മുടെ സ്ഥാനം എവിടെ എന്നറിയാതെ ഓര്‍ത്തു പോയി.
ആദി, ഗാന്ധിജിയുടെ പിടിവാശികളെ നമുക്ക് മറക്കാം. കസ്തൂര്‍ബയെ ആധുനിക ചികിത്സയ്ക്ക് വിധേയമാക്കാതിരുന്നെങ്കില്‍ അതിന് ഭാരതചരിത്രത്തില്‍ വലിയ സ്ഥാനമൊന്നുമില്ല. അര്‍ദ്ധ നഗ്നനായി ഗാന്ധിജിയെ കൊണ്ട് നടക്കാന്‍ കുറെയേറെ ബുദ്ധിമുട്ടി എന്നു നെഹ്രു പറഞ്ഞു എന്ന് പറയപ്പെടുന്നതും മുഖവിലയ്ക്കെടുക്കേണ്ടതില്ല. അതിനേക്കാള്‍ വലിയ ഒന്ന്, സ്വയം ബഹുമാനം, ഇന്ത്യന്‍ ജനതയെ മനസ്സില്ലാക്കിക്കാനാണ് മഹാത്മാവ് അങ്ങിനെ ചെയ്തത് എന്നതു കൊണ്ട് തന്നെ. മരിച്ചവരുടെ വാക്കുകള്‍ മാത്രമാണ് ഇന്ന് നമ്മോട് കൂടെ. അതാണ് അവരെ അനശ്വരരാക്കുന്നത്. ജീവിച്ചിരുന്ന കാലത്തെ അവരുടെ രാഷ്ടീയം ചികയുന്നത്, കുഴിമാടത്തില്‍ നിന്നെടുക്കുന്ന റോസാപുഷ്പങ്ങള്‍ക്കു സമമാണ്.
ഇക്കാസ്: പാലസ്തീനിനെ കുറിച്ചുള്ള വേവലാതി നല്ലതു തന്നെ. പാലസ്തീനിനെ കുറിച്ച് ഏറെ വ്യാകുലപ്പെടുന്നു ഇസ്രായേലിലെ അറബ് വംശജര്‍. അവര്‍ പോലും പലസ്തീന്റെ തീവ്രവാദം അംഗീകരിക്കുന്നില്ല. പാലസ്തീനിലെ എല്ലാ തീവ്രവാദികളും ഇക്കാസ് പറഞ്ഞ പോലെ (സ്വന്തം കണ്മുന്നിലിട്ട് മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന ഒരമ്മ അതു ചെയ്ത പട്ടാള വര്‍ഗ്ഗത്തിനെതിരായി ഇളയമകനെ മനുഷ്യബോംബായി അയയ്ക്കുന്നത് അവരുടെ മനസ്സിനുണ്ടായ മുറിവിന്റെ ആഴം മൂലമാണ്)ഉണ്ടായവരാണേന്നണൊ കരുതുന്നത്. പാലസ്തീന്‍ തീവ്രവാദികളെ തീറ്റി പോറ്റുന്നത് ഇസ്രായേല്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്. നേരത്തെ പറഞ്ഞ ആ അറബ് ക്രിസ്ത്യന്‍ പറഞ്ഞതെന്തെന്നോ? “പാലസ്തിനികള്‍ തീവ്രവാദം ഉപേക്ഷിച്ചു സ്വയം ബഹുമാനിക്കാന്‍ പഠിക്കണം. ഒരു ഗാന്ധിജി അവിടെ പിറക്കണം എന്ന്.”
“സ്വന്തം കൃഷിയിടങ്ങളിലെ ഒലിവ് പറിക്കാന്‍ ഇന്ന് അവര്‍ക്ക് ഇസ്രായേല്‍ സന്നദ്ധ സംഘടനകളിലെ ജൂതന്മാര്‍ കൂട്ടു പോണം. ആയുധമേന്തിയവര്‍ക്ക് ഇതിനൊന്നും നേരമില്ല. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനും, ഉപ്പു സത്യഗ്രഹത്തിനും, വിദേശ വസ്ത്ര ബഹിഷ്കരണത്തിനും, ചര്‍ക്കയ്ക്കും ഇന്ന് ഏറ്റവും പ്രസക്തിയുള്ള സ്ഥലമാണ് പാലസ്തീന്‍. എങ്കിലേ അവര്‍ക്കവരുടെ മണ്ണ് തിരിച്ചു കിട്ടൂ“
രണ്ട് പട്ടാളക്കാരെ തട്ടി കൊണ്ട് പോയി ഇസ്രായേലിനോടു വിലപേശാനൊരുങ്ങിയ ഹിസ്ബുള്ള ലബനാനിലായത് കൊണ്ട് ലബനാന് നഷ്ടപ്പെട്ടതെന്തെല്ലാം എന്ന് കൂടെ വേണമെങ്കില്‍ ചിന്തിച്ച് കുറച്ച് സമയം നമുക്ക് കളയാം. അത്ര തന്നെ. പലസ്തീന് അതുകൊണ്ട് മെച്ചമൊന്നുമില്ല. അവരുടെ ഇടയില്‍ നിന്നു തന്നെ എല്ലാം മനസ്സിലാക്കുന്ന ഒരു നേതാവ്. അതിനുവേണ്ടിയാണ് ഇന്നവര്‍ കാത്തിരിക്കുന്നത്.
ഇക്കാസിനോട് ഒരു കാര്യം കൂടി: നെറ്റിന്റെ ഈ വലയത്തില്‍ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. അവര്‍ എന്തു പറയുന്നു എന്നതാണ് കാര്യം. ഇതു കൈപ്പിള്ളി വിളിച്ച് പറയാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ആരു കേള്‍ക്കാന്‍.
കണ്ണിനു പകരം കണ്ണ്, പല്ലിന് പകരം പല്ല്, പഴയനിയമത്തിന്റേതാണെന്നും നിന്റെ വലതു കരണത്തടിക്കുന്നവന് ഇടത് കരണം കാണിച്ചു കൊടുക്കുക, നിന്റെ മേലങ്കില്‍ ആവശ്യപ്പെടുന്നവനു കുപ്പായം കൂടെ നല്‍കുക, ഒരു മൈല്‍ കൂടെ നടക്കാന്‍ നിര്‍ബന്ധിക്കുന്നവനൊപ്പം രണ്ട് മൈല്‍ നടക്കുക എന്നതു പുതിയ നിയമത്തിന്റേതാണെന്നും പറയുമ്പോള്‍ മനസ്സിലാക്കുക പുതിയ നിയമവും ഗാന്ധിജിയും പറയുന്നത് സ്വയം ബഹുമാനമിക്കാനും അതു കാണിക്കാനും പഠിക്കുക എന്നാണ്. അത് ഇന്നും എത്രയും പ്രസക്തമാണ്.
(ഒരു അനോണിയുടെ അടുത്ത് അരവിന്ദ് ബൂലോഗ ക്ലബില്‍ ചോദിച്ചതും ഓര്‍ക്കുന്നു. ഒരു മൂടുപടത്തിനുള്ളില്‍ മറഞ്ഞിരിക്കുമ്പോഴും നിനക്കൊരു മുഖമില്ലേ മനുഷ്യാ. അതിനെ ബഹുമാനിക്കണ്ടെ എന്ന് (കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല))
വാളെടുത്തവന്‍ വാളാലെ!
കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
Sunday, October 01, 2006
യോം കിപുര്‍ (Yom Kippur) -ഇസ്രായേലിന്റെ പ്രായ്ശ്ചിത്ത ദിനം
ഇതിന്റെ ആചാരങ്ങളും പ്രാര്‍ത്ഥനകളും തലേ ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പേ തുടങ്ങും. ജൂത്നമാരുടെ എല്ലാ അവധികളും തലേ ദിവസം സൂര്യന്‍ അസ്തമിക്കുനത് മുതല്‍ പിറ്റേ ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ്. അധികം മതവിശ്വാസികളലാത്ത ജൂതന്മാര്‍ പോലും ഈ ദിവസം സിനഗോഗില്‍ പോയി പ്രാര്‍ത്ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യും.തീ കത്തിക്കാന്‍ പാടില്ലാത്തതിനാല്‍ ഭയങ്കരമായ മതവിശ്വാസം ഉള്ളവര്‍ ലൈറ്റ് ഇടുക പതിവില്ല. എല്ലാ പാനീയങ്ങളും ഭക്ഷണവും നിഷിധമാണ്. ജൂതന്മാര്‍ അല്ലാത്തവര്‍ പുറത്തിരുന്നു ഭക്ഷിക്കുന്നതും ഇന്നേ ദിവസം വിലക്കപ്പെട്ടിരിക്കുന്നു.
ബസ്, തീവണ്ടി ഒന്നും സര്‍വീസ്സ് ഉണ്ടാവില്ല. വിമാനത്താവളം പോലും അടച്ചിടും. സ്വന്തം വാഹനം പോലും(കാര്‍, മോട്ടോര്‍ സൈക്കില്‍ ഇത്യാദി ഒന്നും) ഇന്നേ ദിവസം തെരുവിലിറക്കാന്‍ പാടില്ല. മത വിശ്വാസികള്‍ ഉള്ള സ്ഥലം ആണെങ്കില്‍ കല്ലേറ് ഉറപ്പ്. സൈക്കില്‍ ഉപയോഗിക്കാം എന്നതിനാല്‍ ഇതിന് സൈക്കിളുകളുടെ ഉത്സവം എന്നു ഇരട്ടപേരുണ്ടത്രേ.
വാല്‍കഷ്ണം: ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ വല്ലാത്ത കൌതുകം തോന്നി. ആചാരങ്ങളൊക്കെ എത്ര നന്ന്. പ്രവര്‍ത്തികള്‍ക്കെ ഉള്ളൂ ഒരിത്തിരി പ്രശ്നം. അതീ യോം കിപുറില്‍ പരിഹരിക്കപ്പെടും. പശ്ചാത്താപം കഴിഞ്ഞാല്‍ പിന്നെ ധൈര്യമായി അടുത്ത യുദ്ധങ്ങള്‍ക്ക് പുറപ്പെടാമല്ലോ. അടുത്ത വര്‍ഷവും ഉണ്ട് യോം കിപുര്‍.
പിന്‍വിളി: ആര്‍ക്കൊക്കെയൊ കൈസ്തവരുടെ കുമ്പസാരം ഓര്‍മ്മ വരുന്നു.
കൂടുതല്‍ വായനയ്ക്ക്
Monday, August 21, 2006
Friday, August 11, 2006
യുദ്ധം പിന്നെ സമാധാനം
ഒരുപാടുരക്കില്‍ വാക്കുകള്‍ക്കര്‍ത്ഥം
ഉരഞ്ഞു തീരുന്ന പോല്‍
വാക്കുകള്‍ അവ വെറും വാക്കുകള്‍
മഹായുദ്ധങ്ങള്‍, പിന്നെ ശീതയുദ്ധം
ഇന്നായപ്പോള്‍ സമാധാന യുദ്ധം
നാളെയാകുമ്പോള്‍ ശാന്തി യുദ്ധം
എല്ലാം വെറും നിഴല്‍ യുദ്ധം
ടാങ്കിനു മുന്‍പില്‍ ഗറില്ല യുദ്ധം
ബോംബിനു മുന്‍പില്‍ സിവിലിയനും
കുറെ പേര്‍ നേഷ്യന്‍സ്
വേറെ ചിലര്‍ സിറ്റിസണ്‍സ്*
കൊടി വീശാന്‍ ലോക്കല്‍ പോലിസ്
സിഗ്നലിന് ലോക പോലീസ്
നോക്കിയിരിക്കാന്‍ യുണയ്റ്റഡ് നേഷന്‍സ്
വാക്കുകള്‍ അവ വെറും വാക്കുകള്‍
തീരട്ടെ യുദ്ധം ചേരട്ടെ സമാധാനം
എനിക്കും പാടണം കവിയെ** പോല്‍
“യുദ്ധം കഴിഞ്ഞു കബന്ധങ്ങള്‍ ഉന്മാദ
നൃത്തം ചവുട്ടി കുഴച്ചു രണാങ്കണം”
* ലെബനോന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ അറബികളുടെ പ്രതികരണം “ Lebabon is our nation, Israelis are our citizens"
** കവി വയലാര്‍, കവിത രാവണ പുത്രി
Thursday, July 13, 2006
ലബനാന്‍ അതിര്‍ത്തിയില്‍ നിന്ന്
ഇതൊന്നുമറിയാതെ ലബനാന്‍ അതിര്‍ത്തിയിലേക്കു സഞ്ചരിക്കുകയയിരുന്നു ഞങ്ങള്‍ 4 പേര്‍. ഞാനും ഭര്‍ത്തവും. പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളും, വീടിന്റെ ഉടമസ്ഥരുമായ ഒരു ജൂത ദമ്പതികളും. അതിര്‍ത്തിയിലെത്താന്‍ ഒരു കിലൊമീറ്ററോളം കഷ്ടി ബാക്കിയുള്ളപ്പോള്‍ കാതടപ്പിക്കുന്ന ഒരു ശബ്ദം. ഞങ്ങള്‍ കരുതി കാറിന്റെ ടയര്‍ പഞ്ചര്‍ ആയതാണെന്ന്. ഞങ്ങളുടെ സുഹൃത്ത് ഇറങ്ങി നോക്കി കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ഫോണ്‍ വന്നു. ലബനാന്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയെന്നും എത്രയും വേഗം തിരിച്ചു പോരനുമയിരുന്നു നിര്‍ദ്ദേശം. വെരുതെ തലയുയര്‍ത്തിയപ്പോള്‍ കണ്ടത് ഞങ്ങള്‍ വാഹനം നില്‍ക്കുന്ന റോഡിനപ്പുറവും ഇപ്പുറവും ഉള്ള കുന്നുകളില്‍ അതിഭയങ്കര സ്ഫോടങ്ങളും തീയും പുകയുമാണ്. എത്രയും വേഗം അവിടെ നിന്നു രക്ഷപ്പെടണം എന്നേ ഉണ്ടായിരുന്നുള്ളൂ. സാധ്യമായ അകലം അതിര്‍ത്തിയില്‍ നിന്നും പാലിച്ച് സുരക്ഷിതരായി ഞങ്ങള്‍ ഹൈഫയിലെത്തി. എന്തൊരു ആന്തലയിരുന്നു മനസ്സില്‍. അപ്പോല്‍ ഈ യുദ്ധഭൂമിയില്‍ മേല്‍കൂരയില്ലാതെ..
ഞങ്ങള്‍ കാര്‍ തിരിച്ചു ലബനാന്‍ അതിര്‍ത്തിക്കു തൊട്ടടുത്ത ഒരു ഇസ്രായേല്‍ ഹോട്ടലിലെ ആളുകളുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. ചിലര്‍ ഇത്രയും വലിയ സ്ഫോടനങ്ങള്‍ കേട്ടീട്ടും പത്രത്തില്‍ നിന്നും തലപോലും ഉയര്‍ത്താതെ വായിച്ചു കൊണ്ടിരിക്കുന്നു. ചിലര്‍ തൃശ്ശൂര്‍ പൂരം വീടീന്റെ മുറ്റത്തുനിന്നും കാണുന്ന ലാഘവത്തോടെ കാണുന്നു. ഇവരുടെയൊക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ എന്നോര്‍ത്തു പോയി. ചിലര്‍ മാത്രം പട്ടാളത്തിലേക്കു തങ്ങളെ വിളിക്കുമൊ എന്ന് ഉത്കണ്ഠപ്പെട്ടു. പിന്നെ ഇന്നത്തെ മനോരമ വായിച്ചപ്പോള്‍ മുംബൈ ജനതയും ഇതൊക്കെ സാധാരണമായി കാണുന്നു എന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അപ്പോള്‍ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അതിജീവിക്കാന്‍ പഠിച്ചു കഴിഞ്ഞൊ എന്തൊ?
ഇത് മറ്റൊരു 6 ദിവസ യുദ്ധമാകതിരിക്കട്ടെ. എങ്കില്‍ ഇനി ലബനാനിലും കുറെയെറെ അഭയര്‍ത്ഥികള്‍...ഈശ്വരാ..
Tuesday, July 11, 2006
ഇസ്രായേലില്‍ നിന്നും ഒരു എത്തി നോട്ടംപാലസ്തീനിലേയ്ക്ക്
വായിക്കുന്നതിന്നു മുന്‍പ് രണ്ട് കാര്യങ്ങള്‍.
1. ഇസ്രായേല്‍ = അമേരിക്ക എന്ന നിര്‍വചനത്തില്‍ നിന്നു വായികൂ.
2. ഇസ്രായേലിനെയും അമേരിക്കയേയും ന്യായീകരിക്കുകയൊ അവരുടെ തെറ്റുകളെ ലളിതവല്‍കരിക്കുകയൊ അല്ല എന്റെ ലക്ഷ്യം. “ജീവിതം പുറമ്പോക്കില്‍ ഉപേക്കേണ്ടി വന്ന“ പാലസ്തീനികളെ ഏന്തെങ്കിലും തരത്തില്‍ സഹായിക്കനാകുമൊ എന്ന എന്റെ ആകുലതയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. അമേരിക്ക അമേരിക്ക എന്ന് വൃഥാ പറഞ്ഞൊഴിയാതെ എനിക്കെന്തെങ്കിലും ചെയ്യാനാകുമൊ? ഇതി വായിക്കുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമൊ? അതു മാത്രമെ ഞാന്‍ മുന്നില്‍ കാണുന്നുള്ളൂ. ഇതില്‍ തീവ്രമായ വികാരങ്ങള്‍ക്കു യാതൊരു പങ്കുമില്ല. വിവേകത്തൊടെ ചിന്തിച്ച് അവരെ രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കാനയാല്‍........ എന്നു മാത്രമെ ഇതെഴുതുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നുള്ളൂ.
പാലസ്തീനിന്റെ മേല്‍ എത്രയെത്ര ബോംബുകള്‍ വീണാലും അന്താരാഷ്ട്ര സമൂഹത്തിന്റെ ശബ്ദം ഒറ്റകെട്ടായി അതിനെതിരെ ഉയരില്ല.കാരണം പാലസ്തീനികളെ സഹായിക്കാന്‍ ആരുമില്ല എന്നതു തന്നെ...കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല്‍ പാലസ്തീന്‍ എന്താണ് എന്ന് നമ്മള്‍ മറന്നു പോയിരിക്കുന്നു.ഇത്തരം ഗാസ ആക്രമണങ്ങളെയും നിരപരാധികളുടെ മേലുള്ള ഇസ്രായേലിന്റെ ( അപ്പോള്‍ ഇസ്രായേലി നിരപരാധികള്‍ മരിക്കുമ്പോള്‍ അവര്‍ അപരാധികളാണൊ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ) ആക്രമണങ്ങളെ തീവ്രമായ വാക്കുകള്‍ ഉപയോഗിച്ചു റിപ്പോര്‍ട്ടുകള്‍ എഴുതുകയും എന്തിനും ഏതിനും അമേരിക്കയെ കുറ്റം പറയുകയും ചെയുന്നതിനു മുന്‍പ് ചുരിങ്ങിയ പക്ഷം റിപ്പോര്‍ട്ടര്‍മാരെങ്കിലും പാലസ്തീനെ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍...(പാലസ്തീന്‍ എന്നത് ആര്‍ക്കെങ്കിലും ഒക്കെ അമ്മാനമാടാനുള്ള യുദ്ധഭൂമി അല്ലെന്നും ഒരുകൂട്ടം മനുഷ്യരാണവിടെ ജീവിക്കുന്നതെന്നും, ചത്തവരുടെ കണക്കുകളേക്കള്‍ അവര്‍ക്കവശ്യം ഭക്ഷണവും മരുന്നും ആണെന്നും)
മാധ്യമത്തില്‍ വന്ന രണ്ട് വാര്‍ത്ത ഡ്രിസില്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തേത് വായിച്ചീട്ട് ഞാന്‍ പറഞ്ഞിരുന്നു ഇതിനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്, ഒരിക്കല്‍ പറയും എന്ന്. പക്ഷെ ഇത്ര തീവ്രമായ ഒരു വികരമായി മാറിയതുകൊണ്ട് എഴുതാന്‍ ഒരു ചെറിയ പേടി. ഒരു തീവ്രമായ വികാരത്തില്‍ (വീക്ഷണത്തില്‍) ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നം നോക്കികാണാന്‍ എനിക്ക് താല്പര്യമില്ല.കുറച്ചുകൂടെ വിവേകപരമായി ചിന്തിച്ചു കൂടെ നമുക്ക്.
ഡ്രിസില്‍ ചൂണ്ടികാണിച്ച മാധ്യമം വാര്‍ത്തകളെ ഞാന്‍ എന്റെ കണ്ണിലൂടെ ഒന്നു നോക്കുന്നു ഈ പോസ്റ്റിലൂടെ.
ആദ്യത്തേത്: ജൂലായ് ഒന്നിലെ മുഖപ്രസംഗം.
“പ്രതികൂട്ടില്‍ അന്താരാഷ്ട സമൂഹം“ അതാണ് തല വാചകം. ആദ്യവാചകം: “അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഒത്താശയോടെ ഗാസയില്‍, ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന കൈയേറ്റങ്ങള്‍ ഒട്ടും കരുണയില്ലതെ നോക്കി നില്‍ക്കുകയാണ് അന്താരാഷ്ട്ര സമൂഹം.“
ഇവിടെ എനിക്കു ചോദ്യങ്ങള്‍ രണ്ട്. എന്താണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റേയും ഒത്താശ? അവര്‍ ഇസ്രയേലിനെ അംഗീകരിക്കുന്നു എന്നതോ? ഈ ഗാസ ആക്രമണത്തില്‍ അമേരിക്ക ഏന്തെങ്കിലും രീതിയില്‍ നേരിട്ടു പങ്കെടുത്തീട്ടുണ്ടൊ? ഞാന്‍ കേട്ടീട്ടില്ല. അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള സമീപങ്ങള്‍ക്ക് മാറ്റം വന്നത് കൊണ്ട് അമേരിക്കന്‍ ഒത്താശയൊടെ ഇന്ത്യ, പാകിസ്ഥാനില്‍ നിന്നും കാഷ്മീര്‍ തട്ടിയെടുക്കുന്നു എന്നു ഒരു പാകിസ്ഥാനി പറയുന്നത്ര കാര്യമല്ലെ ഈ അപലപിക്കലില്‍ ഉള്ളൂ? ( ഈ ഒരു വാചകത്തിന് എനിക്ക് ഒരുപാട് കമന്റ് കിട്ടി. ഒന്നു പറയട്ടെ ഇസ്രായേല്‍ = അമേരിക്ക എന്ന നിര്‍വചനത്തില്‍ വായിച്ചാലും അമേരിക്ക ഈ യുദ്ധത്തില്‍, ഇറാക്കിലൊ, അഫ്ഗാനിസ്ഥാനിലൊ, ചെയ്ത പോലെ നേരിട്ടിടപെടുന്നില്ല തന്നെ. പിന്നെ പാലസ്തീന്‍ തീവ്രവാദികളെ വളര്‍ത്തുന്നത് ഇസ്രായേല്‍ അഥവാ അമേരിക്കയാണ്. ഇസ്രായേല്‍ നേരിട്ടാണ് പാലസ്തീന്‍ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ കൊടുക്കുന്നത്. അപ്പോള്‍ പലസ്തീന്‍ തീവ്രവാദികള്‍ ചെയ്യുന്നത് ആരുടെ ഒത്താശ കൊണ്ടാണ്? ഇസ്രായേലില്‍ നിന്നു് ഇന്ന് ഇന്ത്യപോലും ആയുധങ്ങള്‍ വാങ്ങുന്നു. ആയുധങ്ങള്‍ വില്‍ക്കലാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ഇസ്രായേല്‍ നയങ്ങള്‍ അമേരിക്ക കണ്ണടച്ച് അംഗീകരിക്കുന്നു അത് സത്യം തന്നെയാണ്. ഈ ഒരു വാചകം ഒഴിവാക്കി ഈ പോസ്റ്റ് വായിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. എനിക്ക് വിനിമയം നടത്തേണ്ടത് പാലസ്തീനികളുടെ ഗതികേടിനെ കുറിച്ചാണ്)
രണ്ട് : ആരാണ് അന്താരാഷ്ട്ര സമൂഹം? അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാത്രമാണോ?അത് അറബി രാജ്യങ്ങല്‍ കൂടി ഉള്‍പെട്ടതല്ലേ? പാലസ്തീനി വിമോചന പോരാളികള്‍ (സാധാരണ പാലസ്തിനി ജനങ്ങള്‍ക്ക് സമാധാനമായി തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമി മതി) ഒരു അറബ് രാജ്യത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍ തോട്ടയല്പക്ക അറബി രാജ്യങ്ങള്‍ “ ആക്രമണ നടപടികളില്‍ നിന്നും ഇസ്രയേല്‍ പിന്മാരണമെന്നു 57 അംഗ (ഇത്രയും പേരുണ്ട് എന്നീട്ടാണ്) ഇസ്ലാമിക രാജ്യങ്ങളുടെ പൊതു വേദിയായ ഒ.ഐ.സി. ആവശ്യപ്പെട്ടതൊഴിച്ചാല്‍ മറ്റ് കനപ്പെട്ട ശബ്ദങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നു വന്നീട്ടില്ല“, മാധ്യമം പറയുന്നു.
“അന്താരാഷ്ട്രങ്ങളിലെ ജി-8 ഉച്ചകോടി ഉത്കണ്ഠരേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് “എന്നും മാധ്യമം പറയുന്നു.
(ഒന്നു കനപ്പെട്ടതാകുകയും ഒന്നു ഒരു “മാത്രമ“വുകയും ചെയ്യുന്നതെന്താണവൊ? അത് എന്റെ വിഷയമല്ല ഞാന്‍ വിടുന്നു)
അറബ് ജനതയ്ക്കു വേണ്ടി ഇതില്‍ കൂടുതല്‍ ചെയ്യാന്‍ അറബ് രാജ്യങ്ങള്‍ക്കവാത്തതെന്തേ? ഞാന്‍ ഉദ്ദേശിക്കുന്നത് ആറ് ദിവസത്തെ യുദ്ധം പോലുള്ള സഹായങ്ങള്‍ അല്ല. പാവപ്പെട്ട പാലസ്തീനികള്‍ക്കു വേണ്ട ഭക്ഷണം, മരുന്ന്, വസ്ത്രം ഇവ നല്‍കി സഹായിച്ച് കൂടെ എന്നാണ്. ഇത് ഇപ്പോള്‍ ആ പാവങ്ങള്‍ക്ക് കിട്ടണമെങ്കില്‍ മാധ്യമം പറയുന്ന ഇസ്രയേല്‍ തട്ടിയെടുക്കുന്ന യാചക പണം വേണം, അല്ലെങ്കില്‍ നേരത്തെ നാം തുപ്പിയ ആ ഐക്യരാഷ്ട്ര സംഘന വേണം, അതുമല്ലെങ്കില്‍ നേരത്തെ പറഞ്ഞ ഇസ്രയേല്‍ ഒത്താശക്കരുടെ കാരുണ്യ പണം വേണം. പാലസ്തീനില്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ശബളം കൊടുക്കാന്‍ ഇസ്രായേല്‍ കൊടുക്കുന്ന നികുതി പണം വേണം. വെറുതെ കിടന്നു “ആവശ്യപ്പെടാതെ“, പാലസ്തീനിലെ സ്വകാര്യ ജീവിതം പോലും പണയം വെക്കേണ്ടി വന്ന പട്ടിണിപാവങ്ങള്‍ക്ക് ഭക്ഷണവും വെള്ളവുമെങ്കിലും എത്തിച്ചു കൊടുത്തു കൂടെ ഈ അയല്‍ അറബ് രാജ്യങ്ങള്‍ക്ക്. അവരെ രണ്ട് കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കുറച്ചെങ്കിലും സഹായിച്ചു കൂടെ? എന്നീട്ട് ഒരു അന്തസ്സുള്ള അന്താരാഷ്ട്ര സമൂഹത്തെ ഇസ്രായേലിന്നും, അമേരിയ്ക്കക്കും മറ്റും കണിച്ചു കൊടുത്തു കൂടെ?
പിന്നെ മാധ്യമം പറയുന്നു.“ഇസ്രായേലിന്റെ തടവറയില്‍ കഴിയുന്ന ആയിരങ്ങല്‍ക്കു പുറമെ അറുപതു ലക്ഷത്തിലധികം പാലസ്തീനികള്‍ സിറിയ ജോര്‍ദ്ദാന്‍, ലബനാന്‍ മേഘലകളില്‍ അഭയാര്‍തികളായുമുണ്ട്.”ഇവരുടെ ജീവിതം എങ്ങിനെ എന്നു ആരെങ്കിലും അന്വേഷിച്ചീട്ടുണ്ടൊ ആവൊ? അതിദയനീയമാണ് എന്നാണ് അവരെ അടുത്തറിയുന്ന ഇസ്രായേല്‍ അറബികള്‍ (?) പറഞ്ഞത്. അറബ് രാജ്യത്ത് എത്തിപെട്ട ഈ 60 ലക്ഷം (ഈ കണക്കില്‍ എനിക്കു നല്ല സംശയം ഉണ്ട്) പാലസ്തീനികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെകില്‍/ പ്രവര്‍ത്തിക്കനുള്ള സാഹചര്യം ഒരുക്കിയിരുന്നെങ്കില്‍ അവര്‍ മതിയല്ലോ വെറും 60 ലക്ഷം വരുന്ന ഇസ്രായേലികളെ ജയിക്കാന്‍ (ഇസ്രായേല്‍ ജന സംഖ്യ 6 മില്യണ്‍, 6,352,117 note: includes about 187,000 Israeli settlers in the West Bank, about 20,000 in the Israeli-occupied Golan Heights, and fewer than 177,000 in East Jerusalem (July 2006 est.) അങ്ങിനെയല്ലെ ബ്രിട്ടണ്‍ന്റെ ഒത്താശയൊടെ ഇന്നു നാം കാണുന്ന ഇസ്രായേല്‍ ഉണ്ടായത് തന്നെ?
അടുത്തത്, “കഴിഞ്ഞ ജനുവരിയില്‍ ഹമാസ് അധികാരത്തില്‍വന്നതിനെ തുടര്‍ന്ന് പാലസ്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ അമേരിക്കയും യൂറൊപ്യന്‍ രാജ്യങ്ങളും തടഞ്ഞു വച്ചത് പാലസ്തീനിനെ ഭീകര രജ്യങ്ങലുടെ പട്ടികയിലിട്ടുകൊണ്ടാണ്. “( വീണ്ടും സാമ്പത്തിക സഹായം ചെയ്യുന്നത് അമേരിക്കയും യൂറൊപ്യന്‍ രാജ്യങ്ങളും..അത് അവരുടെ ഔദര്യമാണൊ അതൊ കടമയാണൊ?) ഇതിനിടയിലാണ് പാലസ്തീന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നും ഒരു ഇസ്രയേലി ഭടനെ തട്ടി കൊണ്ട് പോകുന്നത്.” (അല്ല ഇതിനിടയില്‍ അല്ല)ഇവിടെ എനിക്കു ചിലത് പറയാനുണ്ട്.
ഹമാസ് ജനുവരിയില്‍ അധികരത്തില്‍ വന്നു. അത്ര നാളും അതൊരു തീവ്രവാദി സംഘടന തന്നെ ആയിരുന്നു. അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം ഏതു തലത്തിലെത്തും എന്നതിനെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠ ഉണ്ടയിരുന്നു. പക്ഷെ മിക്കവരും പോസറ്റിവ് ആയി തന്നെയാണ് ചിന്തിച്ചത്. ഇത്ര നാളും ഭീകരര്‍ എന്നു വിളിക്കപ്പെട്ടവരായാലും ഭരണകര്‍ത്താക്കളാകുമ്പോള്‍ അവര്‍ക്കു കുറച്ചെങ്കിലും ഭികരത മാറ്റി വച്ച് സാധാരണ ജനത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും. (മാധ്യമം തന്നെ ഇത് പറയുന്നു പാരഗ്രാഫ് 4) അത് സമാധാന ശ്രമങ്ങളെ സഹായിക്കും. അതു തന്നെയണ് സംഭവിച്ചത്. ജനുവരി മുതല്‍ മെയ് വരെ,5 മാസം, നടന്ന ചര്‍ച്ചകളുടെ ഭാഗമായി രണ്ടു കൂട്ടരും എകദ്ദേശം സമ്മതിച്ച രൂപരേഖ ഒപ്പിടുന്നതിന്നു തൊട്ടു മുന്‍പാണ് 3 ഇസ്രായേല്‍ ഭടന്മരെ കൊല്ലുകയും ഒരാളെ തട്ടികൊണ്ട് പോവുകയും ചെയ്തത്. അത് ചെയ്തത് ഹമാസിനെ തീരുമാനങ്ങ ളെ അംഗീകരിക്കാത്ത പോരാളി സംഘടനയായ ( മാധ്യമം നിര്‍വചനം) ഇസ്ലമിക് ജിഹാദ്, അതും വെസ്റ്റ് ബങ്കിനെ രണ്ടായി പകുത്ത വന്മതില്‍ തുരന്നീട്ട്. (ആ മതില്‍ ഇനി എന്നെങ്കിലും പൊളിക്കുമൊ? കൂടുതല്‍ കരുത്തുറ്റതാക്കുകയല്ലെ ഉള്ളൂ) ഒരു ഭടനെ തട്ടി കൊണ്ടു പോയി അയാളെ വച്ച് തീവ്രവാദികള്‍ വിലപേശിയതിനു അനുഭവിക്കേണ്ടി വന്നത് ജീവിക്കാന്‍ തന്നെ മറന്നു പോയികൊണ്ടിരിക്കുന്ന ഗാസയിലെ ജനങ്ങള്‍. പാലസ്തീന്‍ ഗവണ്മെന്റിനെ അംഗീകരിക്കാത്ത ഈ ഭീകര സംഘടന എന്തു നേടീ? ഇത്തരം തീവ്രവാദി സംഘടനകള്‍ കൊണ്ട് സാധാരണ പാലസ്തീനിക്കു ദുരിതം മാത്രം.ഇതൊക്കെ ‘ഏതിനിടയില്‍ ആണ് ‘എന്നാണ് മാധ്യമം പറയുന്നത്.
പിന്നെ മാധ്യമം പറയുന്നു “ സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിക്കുക, അണികളെ നിരായുധികരിക്കുക, ഇസ്രായേലുമായി പാലസ്തീന്‍ അതോറിട്ടി ഉണ്ടാക്കിയ കരാറുകള്‍ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇസ്രായേല്‍ ഹമാസിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ ആവശ്യങ്ങളൊക്കെ അമേരിക്കയുടെതണെന്നു ലോകത്താര്‍ക്കുമറിയാം.” പക്ഷെ എനിക്കറിയില്ല ഇതെങ്ങനെ അമേരിക്കയുടെ ആവശ്യങ്ങളാകുന്നതെന്ന്. പ്രത്യേകിച്ചും“ഇസ്രായേലുമായി പാലസ്തീന്‍ അതോറിട്ടി ഉണ്ടാക്കിയ കരറുകള്‍ ഉറപ്പു വരുത്തുക “ ഇതില്‍ അമേരിക്കയ്ക്ക് എന്ത് റോള്‍ ആണ് . ഇവിടെയൊന്നും എണ്ണയുടെ കണിക പോലുമില്ലാത്ത സ്ഥിതിക്ക്. ഇത് ഇസ്രായേലിന്റെ മാത്രം ആവശ്യങ്ങളാണ്.
ഇനി കുറെ ചോദ്യങ്ങളാണ് മാധ്യമത്തില്‍. “ പിറന്ന മണ്ണിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി, ജീവിതം തന്നെ പുറമ്പോക്കില്‍ ഉപേക്ഷിച്ചു പൊരുതുന്ന ഒരു ജനസമൂഹത്തെ തോല്‍പ്പിക്കാന്‍ കൂട്ടു നില്‍ക്കുക എത്ര വലിയ പാപമല്ല. ഈ പാപത്തിന്റെ കറ കൈയില്‍ പുരളാന്‍ ഒരു അന്താരാഷ്ട്ര സമൂഹം യഥാര്‍ഥത്തില്‍ ആഗ്രഹിക്കുമൊ” പാപമാണ്, തലയില്‍ ഇടിതീ വീഴ്ത്തുന്ന പാപം.കറ കൈയില്‍ പുരളണം എന്നഗ്രഹിക്കുമൊ എന്നെനിക്കറിയില്ല.പക്ഷേ ആ പാപ രക്തം തലയില്‍ വീഴുന്ന അന്താരാഷ്ട്ര സമൂഹം അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാത്രമാണൊ? തൊട്ടത്തു കിടക്കുന്ന സമ്പന്ന അറബ് രാജ്യങ്ങള്‍ക്ക് ശിക്ഷക്കിള്ളവുണ്ടോ (ഇന്ത്യ, മറ്റു വികസിച്ചു കൊണ്ടിരിക്കുന്ന, വികസിച്ച രാജ്യങ്ങള്‍ക്കും ഇതു ബാധകം അല്ലെ? പാവപ്പെട്ട സൊമാലിയ മുതലായവ അവരുടെ തന്നെ പാപം ചുമക്കാനാവാതെ തളരുന്നു.അവരെ നമുക്ക് ഒഴിവാക്കാം)
“പാലസ്തീന്‍ പ്രശ്നപരിഹാരവും പശ്ചിമേഷ്യയിലെ സമാധാനവും കെട്ടുകാണാന്‍ ഇസ്രായേലിനെക്കാള്‍ ആഗ്രഹം അമേരിക്കക്കാണെന്ന തിരിച്ചറിവിന് ഇനിയും നമ്മള്‍ എത്ര കാലം കാത്തിരിക്കേണ്ടി വരും?” ഈ (തിരി) അറിവ് ഈ പ്രശനത്തെ കുറിച്ചറിയുന്ന ഒട്ടുമിക്കപേര്‍ക്കും മാധ്യമങ്ങള്‍ക്കും ഉണ്ട് എന്നാണ് സ്ഥിരം മധ്യമങ്ങളെ ശ്രദ്ധിക്കുന്ന എനിക്ക് മനസ്സിലായിട്ടുള്ളത്. അതുകൊണ്ടാണോ അറബ് രാജ്യങ്ങള്‍ ഈ പാവം ജനതയെ തിരിഞ്ഞു നോക്കാത്തത്? അമേരിക്കയ്ക്ക് ഇപ്പോള്‍ ഇറക്ക് എണ്ണയുണ്ട്. പിന്നെ പശ്ചിമേഷ്യയിലെ സമാധാനങ്ങള്‍ക്കു തുരങ്കം വെക്കാന്‍ അമേരിക്കയ്ക്ക് ഇറാനുണ്ട്, അതുകഴിഞ്ഞു സിറിയയും.
രണ്ടാമത്തെ ലേഘനം:ജൂലായ് 11ന്‍ (ഇന്ന്)
ഇതുപോലെ അടുത്ത ലേഘനവും കീറി മുറിച്ച് പരിശോധിച്ചാല്‍ ഈ പോസ്റ്റ് ഇനിയും ഒരുപാടു നീളും. ആ ലേഘനത്തിലെ ഒരു വാചകം മാത്രമെടുക്കുന്നു. “ഹമാസ് നേതൃത്വത്തിലുള്ള പാലസ്തീന്‍ ഗവണ്മെന്റ് ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപെട്ടതാണെന്നതില്‍ ഇസ്രായേലിന്നു പോലും സംശയമില്ല.”
അറബികളോട് സംസാരിച്ചതില്‍ നിന്നും മനസ്സിലായത് യാസര്‍ അറഫത്തിന്റെ സംഘടന സാധാരണ പാലസ്തീനിക്കു വേണ്ടി, (ബീച്ചിലും, കാറിലും ഒരു കുടുംബത്തെയാകെ നഷ്ടപ്പെടുന്ന, അല്ലെങ്കില്‍ ഏതു സമയത്തും ഇസ്രായേല്‍ സൈന്യം കതകില്‍ മുട്ടി വിളിച്ചു തങ്ങളുടെ സ്വകാര്യ ജീവിതമേ ഇല്ലാതായ, ഇസ്രായേല്‍ സേനയുടെ പോസ്റ്റുകളില്‍ മണികൂറുകള്‍ കാത്തു കിടന്നു യാത്ര ദുരിതം ജീവിത ദുരന്തമാകുന്ന) ഒന്നും ചെയ്തില്ല എന്നതാണ്. അറഫത്തിനെ ചുറ്റിപറ്റിയ ഒരു ചെറിയ ഗ്രൂപ്പ് മാത്രം രക്ഷപ്പെട്ടു. ഇത് വല്ലത്തൊരു വിടവ് ഈ രണ്ട് കൂട്ടരിലും വരുത്തി. അതില്‍ പ്രതിഷേധിക്കാന്‍ സാധാരണ ജനത്തിനുണ്ടായിരുന്ന ഏക പ്രതിവിധി ഹമാസിനു വോട്ടുചെയ്യുകയായിരുന്നു.
കുറച്ചു ചോദ്യങ്ങളേ എനിക്കുള്ളൂ.അല്ലെങ്കില്‍ അവ ചോദ്യങ്ങളല്ല എന്റെ ഉത്തരങ്ങളാണ്.
1. അമേരിക്കയേയും മറ്റും കുറ്റം പറഞ്ഞ് സമയം കളയാതെ, മനുഷ്യരെ പോലെ ജീവിക്കാന്‍ നമുക്കവരെ സഹായിച്ചു കൂടെ?( സമ്പന്ന അറബ് രാജ്യങ്ങളുടെ നല്ല മനസ്സു മാത്രം മതി അതിന്.)
2. പാലസ്തീന്‍ സമാധാനത്തിനു (പശ്ചിമേഷ്യന്‍ സമാധാനത്തിനും) ഇസ്രായേല്‍ അതിര്‍ത്തി നിര്‍ണയിക്കുക തന്നെ വേണം. അതിന് പാലസ്തീന്‍ തീവ്രവാദികള്‍ തടസ്സമാകുന്നെകില്‍ അതിനെ ചെറുക്കുകയും വേണം. അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന ആ നിമിഷമൊ അതിനു മുന്‍പോ ( സാധ്യമായത്ര വേഗത്തില്‍) പാലസ്തീന്‍ മണ്ണില്‍ നിന്നും ഇസ്രയേല്‍ പട്ടാളം ഒഴിഞ്ഞ് പോകേണ്ടത് കര്‍ശനമായി നിഷ്കര്‍ഷിക്കപ്പെടണം. (ഇന്ന് പലസ്തീനികള്‍ കൂടുതല്‍ തീവ്രവാദികളയെങ്കില്‍ അതിനു കാരണം ഈ പട്ടാളമാണ്).
3. ശരിയായ രീതിയില്‍ ജനങ്ങളെ നയിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ പ്രസ്ഥാനം ഇല്ലാത്തതും, ശരാശരി ജീവിത സാഹചര്യങ്ങള്‍ ഇല്ലാത്തതുമല്ലേ ഇത്രയധികം തീവ്രവാദികള്‍ (കുട്ടികള്‍ ഉള്‍പ്പെടെ) ഇവിടെ ഉണ്ടാകാന്‍ ഒരു കാരണം. ( ജീവിത സാഹചര്യങ്ങള്‍ ഉണ്ടാക്കാനെങ്കിലും നമുക്കവരെ സഹായിച്ചു കൂടെ?
4. അമേരിക്കയും യൂറൊപ്യന്‍ യൂണിയനും കൊടുക്കുന്ന കാരുണ്യ പണം കൊണ്ട് ജീവിക്കുന്ന ആ പാവങ്ങള്‍ക്ക് എങ്ങിനെ അമേരിക്കയുടേയും യൂറൊപ്യന്‍ യൂണിയന്റേയും പ്രിയ സ്നേഹിതനായ ഇസ്രായേലിനെ ജയിക്കാന്‍ പറ്റും?
എഴുതാനണെകില്‍ എത്രയൊ ഉണ്ട്. അമേരിക്കയേയോ ഇസ്രായേലിനേയൊ ന്യായീകരിക്കുന്നില്ല ഞാന്‍. അറബ് രാജ്യങ്ങളിലെ പാലസ്തീന്‍ അഭയാര്‍ത്തികളുടെ രോദനം അവരുടെ ഇസ്രായേല്‍ (അറബ്) സ്നേഹിതരില്‍ നിന്നും എന്റെ ചെവിയില്‍ വല്ലാതെ അലയ്ക്കുന്നു. തന്റെ കണ്ണിലെ തടിയെടുക്കതെ അമേരിക്കയുടെ കണ്ണിലെ കരടു (അല്ലെങ്കില്‍ ഏറ്റവും വലിയ തടി തന്നെ) കാണുന്ന അറബ് രാജ്യങ്ങലുടെ പ്രവണത അങ്ങേയറ്റം അപലപനീയമാണ്. അതിനെ കുറിച്ചു ബോധപൂര്‍വമായ മറവികള്‍ ഉണ്ടാക്കി അന്താരഷ്ട്ര സമൂഹം അമേരിക്കയും യൂറൊപ്യന്‍ യൂണിയനും മാത്രമാണെന്ന് ധരിക്കുന്ന ‘മാധ്യമ‘ക്കാരോട് ഞാന്‍ എന്തു പറയാന്‍? എന്നാലും പാവപ്പെട്ട ഇസ്രായേല്‍ അറബ് ജനതക്കു വേണ്ടി ഞാന്‍ ഇതെഴുതുന്നു. അങ്ങനെ ഒരു കൂട്ടര്‍ ഇസ്രായേലില്‍ ഉള്ളത് എല്ലവരും മറന്നൊ എന്തൊ? (ഇതാണൊ പത്ര ധര്‍മ്മം ആവോ? എനിക്കവരെ സഹായിക്കനുള്ള കെല്‍പ്പില്ല. അറിയുന്നത് പറഞ്ഞു. വെറുതെ എന്റെ മനസമാധാനത്തിന്)
Thursday, July 06, 2006
പ്രശസ്ത കവി തിരുനല്ലൂര്‍ കരുണാകന് ആദരാഞ്ജലികള്‍
Friday, June 30, 2006
ബഹായ് മത വിശ്വാസം : Bahai Faith
ബഹായ് വിശ്വാസത്തെ കുറിച്ചു ചിലരെങ്കിലും കേട്ടിരിക്കും. ലോകത്തിലെ ഏറ്റവും പുതിയ മതമെന്ന് വിശേഷിക്കപ്പെടാവുന്ന ബഹായ് മതത്തിന്റെ world centre ഇസ്രയേലിലെ ഹൈഫയില്‍ ആണ്. Bahai temple or Bahai gardens എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.
ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമായ haifa portനു അഭിമുഖമായി നില്‍ക്കുന്ന ഈ അതിമനോഹര പൂങ്കാവന ക്ഷേത്രം 19 തട്ടുകളിലായി (19 terraces) ഒരു കിലോമീറ്ററോളം കാര്‍മല്‍ മലമുകളില്‍ വ്യാപിച്ചു കിടക്കുന്നു. 2001 ജൂണില്‍ ഇതു പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. Bahai gardens ഇല്‍ മാന്യമായ വസ്ത്രധാരണം നിര്‍ബന്ധം. കൂടുതല്‍ photos ഇവിടെ കാണാം. അതിസുന്ദരമായ വേറെ കുറെ photos ഇവിടെ കാണാം. (ഞാനെടുത്തതല്ലേ...) Resolution കൂട്ടിയുള്ളതും കുറച്ചുള്ളതും എല്ലാം.
ബഹായ് മത വിശ്വാസത്തെ കുറിച്ച്: പത്തൊന്‍പതാം നൂറ്റാണ്ടില്‍ (1844) പേര്‍ഷ്യയിലെ (ഇന്നത്തെ ഇറാന്‍) Husayn Ali, Baha u llah സ്ഥാപിച്ചതാണ് ബഹായ് മതവിശ്വാസം. Encyclopedia Britannica യുടെ 1999 ലെ കണക്കു പ്രകാരം കൂടുതല്‍ രാജ്യങ്ങളില്‍ വ്യപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണിത്. 200 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബഹായ് മതം ഇസ്ലാം മതത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു.ഏക ദൈവം, ഏക മതവിശ്വാസം, ഏക മനുഷ്യകുലം എന്ന മൂന്നു ഏക വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ മതവിശ്വാസത്തില്‍ എല്ല തരത്തിലുള്ള മുന്‌വിധികളും ഉപേക്ഷിക്കപ്പെടേണ്ടതാണെന്നു നിര്‍ദ്ദേശിക്കുന്നു. കൃഷ്ണന്‍, ക്രിസ്തു, ബുദ്ധന്‍, നബി എന്നിവരെ പ്രവാചകന്മാരായി കാണുന്ന ഈ വിശ്വാസമനുസരിച്ചു ബഹായ് സ്ഥപകന്‍ Baha u llah ആണ് അവസാനത്തെ പ്രവാചകന്‍. അദ്ദേഹത്തിനു വഴി ഒരുക്കാന്‍ വന്ന പ്രവാചകനായിരുന്നു Siyyad Ali Muhammed - the Bab. അദ്ദേഹത്തിന്റെ ശവകുടീരമാണ് ഹൈഫയില്ലെ world center ഇല്‍ ഉള്ളത്. Baha u llah യുടെ ശവകുടീരം ഹൈഫക്കടുത്തുള്ള akko എന്ന അതിപുരാതന നഗരത്തിലാണ്. ബഹായ് വിശ്വാസത്തെകുറിച്ച് വിക്കി പറയുന്നതിവിടെ.
P.S വിശ്വാസം എന്തും ആവട്ടെ (എല്ല മതത്തിന്റേയും ഒരു കൊളാഷ് എന്നു പറയാം) ആ ആരാമ ക്ഷേത്രം എനിക്കിഷ്ടപ്പെട്ടു. അതിന്റെ രാത്രികാഴ്ച്ച അവര്‍ണനീയം.
Tuesday, June 27, 2006
ഗലീലി കടല്‍
യഥാര്‍ത്ഥത്തില്‍ ഇതൊരു കടല്‍ അല്ല. ശുദ്ധ ജല തടാകമാണ്. ജോര്‍ദ്ദാന്‍ നദി (അതെ.. യേശു മാമ്മോദ്ദീശ സ്വകരിച്ച സ്ഥലം തന്നെ) ഇതിലേക്കു ഒഴുകി വന്ന് ഇതില്‍ നിന്നും പുറത്തെക്കൊഴുകുന്നു.കിന്നരത്തു തടാകമെന്നും റ്റൈബിരിസ് തടാകമെന്നും അറിയപ്പെടുന്നത് ഗലീലി കടല്‍ തന്നെ. യേശു 5 അപ്പം കൊണ്ടു അയ്യായിരം പേരെ ഊട്ടിയതും കടലിനു മുകളില്‍ നടന്നതും ഇവിടെ വച്ചാണെന്നു bible പറയുന്നു.യേശു ശാന്തമാക്കിയ കടലും ഇതു തന്നെ.
ഓടികൊണ്ടിരുന്ന ബസ്സില്‍ നിന്നെടുത്ത ചിത്രമാണ്. ഇങ്ങനെയെ കിട്ടിയുള്ളൂ. ഞങ്ങളുടെ യാത്ര ഗോലാന്‍ കുന്നുകളിലേക്കായിരുന്നു. ഗോലാന്‍ എത്തുന്നതിനു തൊട്ടു മുന്‍പാണ് ഗലീലി. ഗോലാന്റെ താഴ്വര എന്നും പറയാം. മറ്റൊരിക്കല്‍ ഗലീലി കടലിന്റെ തൊട്ടടുത്തു നിന്നുള്ള നേര്‍കാഴ്ച്ച കാണിക്കാന്‍ പറ്റിയേക്കും.കൂടുതല്‍ വിവരങ്ങല്‍ ഇവിടെ കിട്ടും.
P.S ജോര്‍ദ്ദാന്‍ നദി ഒരിക്കലും ജോര്‍ദ്ദാനു മടക്കി കിട്ടുകയില്ല എന്നു മനസ്സിലായില്ലേ? ഇസ്രയേലിന്റെ എറ്റവും വലിയ കുടിവെള്ള സ്രോതസ്സ് ആണ് ഗലീലി കടലും ജോര്‍ദ്ദാന്‍ നദിയും.കാശു കൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളം എടുക്കുന്നതു ദേ ഈ ഗോലാന്‍ നീര്‍ച്ചാലില്‍ നിന്നാണ്.ഗോലാന്‍ സിറിയക്കും മടക്കി കിട്ടാന്‍ പോകുന്നില്ല.