Monday, May 02, 2016

ഇടത്തോട്ടൊഴുകുന്ന ബ്യാഹ്‌ലേ*കള്‍കമ്പോളമല്ല, ഗവണ്‍മെന്റാണു രാജ്യം ഭരിക്കേണ്ടതെന്നു പ്രഖ്യാപിക്കാന്‍ വോട്ട് ഉപയോഗിക്കുക. 2009 പാര്‍ലിമെന്റ് ഇലക്ഷനില്‍ ഇടത് പക്ഷം ഉയര്‍ത്തുന്ന സുപ്രധാന വിഷയങ്ങളില്‍ ഒന്നാമത്തേതാണിത് "Say No to Corporate Raj"

കോപ്പറേറ്റുകളെ ഓര്‍ക്കുമ്പോള്‍ എല്ലായ്പ്പോഴും ആദ്യം ഓര്‍മ്മവരുന്നത് ആപ്പിളുകള്‍ക്കും മുന്തിരിക്കുലകള്‍ക്കുമിടയില്‍ തൂങ്ങി കിടക്കുന്ന കുപ്പിവെള്ളങ്ങളാണ്. ജീവിതത്തില്‍ ചെയ്ത തീര്‍ത്ത ഒട്ടനവധി യാത്രകള്‍ക്കും ഇത്രനാളത്തെ ഇന്ത്യയ്ക്ക് വെളിയിലെ ജീവിതത്തിനു ശേഷവും ഒരോ കുപ്പി വെള്ളം വാങ്ങുമ്പോഴും മനസ്സിനൊരു കനമാണ്. പലപ്പോഴും കുപ്പി വെള്ളം വാങ്ങാനുള്ള മനസ്സിലായ്മ മൂലം വെള്ളം കുടിയുടെ കുറവ് കൊണ്ട് നിസ്സാരമല്ലാത്ത അസുഖങ്ങള്‍ പോലും വന്നു. എന്നീട്ടും ..
കുപ്പിവെള്ളത്തിനു കനം വര്‍ദ്ധിപ്പിച്ചെതെന്തെന്നു തിരിഞ്ഞു നോക്കിയപ്പോഴാണു മനസ്സിലായത് അത് ജീവിതവുമായി വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു.

നഗരപ്രാന്തത്തിലാണ് ജനിച്ചതും ബാല്യം കഴിച്ചു കൂട്ടിയതും. കാലുകള്‍ നഗരത്തിലേക്ക് നീട്ടി വച്ച് തലത്തിരിച്ച് കൈകള്‍ പരമാവധി തന്റെ പഴയ ഇടത്തിലേക്ക് തന്നെ തൊട്ടുകൊണ്ടുള്ള വല്ലത്തൊരു ജീവിതമാണ് ഏത് നഗരപ്രാന്തത്തിലും. അന്ന് കാലത്ത് അവിടെ വെള്ളമില്ലായിരുന്നു. മഴ പെയ്യുമ്പോള്‍ മാത്രം വെള്ളം നിറയുന്ന കിണറുകള്‍. വര്‍ഷം മുഴുവന്‍ വെള്ളമുള്ള കിണറുകള്‍ ഉള്ളത് മഠത്തിലും മത്തായി ചേട്ടന്റെ വീട്ടിലും. എട്ടും -ഒന്‍പതും മാസം ഗര്‍ഭത്തിലും മഠത്തിന്റെ വേലി കുനിഞ്ഞ് കടന്ന് വെള്ളം കൊണ്ടുവന്നുവെന്ന് എല്ലാ വേനല്‍ക്കാലങ്ങളിലും അമ്മ സ്വയം ഓര്‍ത്തു കൊണ്ടിരുന്നു. പിന്നീട് മഠത്തില്‍ നിന്നും വെള്ളം കൊടുക്കാതെയായി.പൊതുക്കിണറില്‍ നിന്നും വെള്ളം കോരുന്ന മത്സരത്തില്‍ അമ്മ എന്നും തോറ്റു പോയി. മത്തായി ചേട്ടന്റെ വീട്ടില്‍ നിന്നും പത്ത് പതിനഞ്ചു വീട്ടുക്കാര്‍ ഊഴം വച്ച് വെള്ളം കൊരികൊണ്ടിരുന്നു. രണ്ട് നട (ഒരുനട = 2 കുടം) വെള്ളം കോരുമ്പോഴേ വെള്ളം കലങ്ങും. വെള്ളം കലങ്ങിയാല്‍ മത്തായി ചേട്ടന്റെ ഭാര്യ തുടങ്ങും ചീത്ത. എന്നും അമ്മയ്ക്ക് കരച്ചിലാണു. ഞങ്ങള്‍ കുട്ടികള്‍ നടന്ന് തുടങ്ങിയപ്പോഴെ വെള്ളം കൊണ്ടുവരുന്ന കുഞ്ഞു ബക്കറ്റുകള്‍ അമ്മ വാങ്ങി തന്നു. മത്തായി ചേട്ടന്‍ വീടു വിറ്റ് ത്രേസ്യാമ്മേടത്തി വീട് വാങ്ങിയപ്പോള്‍ ചീത്തയുടെ കനം കൂടി, അമ്മയുടെ കണ്ണുനീരിന്റേയും.

അക്കാലങ്ങളില്‍ തങ്ങളുടെ ഭൂമിയില്‍ കിണറിലാതിരുന്നവര്‍ പുതിയ കിണറുകള്‍ കുത്താന്‍ തുടങ്ങി. വെട്ടി തീരുന്ന കിണറുകളിലെല്ലാം വിരിച്ച പാറ. അപൂര്‍വ്വം ചിലയിടങ്ങളില്‍ ഉറവകണ്ടാല്‍ ശര്‍ക്കരവെള്ളവും നാളികേരപ്പൂളുമായി ആഘോഷം. എങ്കിലും ഉറവകള്‍ ഒന്നും തന്നെ വേനല്‍ക്കാലങ്ങളെ അതിജീവിച്ചില്ല. അവയെല്ലാം ശക്തി കുറഞ്ഞ ഉറവകളായിരുന്നു. മത്തായി ചേട്ടന്‍ വേനലില്‍ കിണറു ചേറെടുത്ത് കഴിഞ്ഞാല്‍ പിന്നെ മറ്റിടങ്ങളിലെ ഉറവുകള്‍ നിലക്കും. വെള്ളമില്ലാത്ത പൊട്ടക്കിണറുകള്‍ ഒന്നായി മൂടാന്‍ തുടങ്ങി. ഞങ്ങളുടെ കിണറു മൂടാന്‍ അമ്മ സമ്മതിച്ചില്ല. മഴക്കാലത്തെങ്കിലും മറ്റുള്ളവരുടെ ചീത്ത കേള്‍ക്കണ്ടല്ലോ. വെള്ളം വണ്ടികള്‍ എത്തിക്കാനുള്ള ശ്രമം ചിലപ്പോഴൊക്കെ വിജയിച്ചു. തള്ളില്‍ നിന്നും വെള്ളം പിടിക്കുന്നതില്‍ അമ്മ എന്നുമൊരു പരാജയമായിരുന്നു. പൊതുടാപ്പുകള്‍ക്കായി ചിലര്‍ ശ്രമം തുടങ്ങി. ഞങ്ങളുടെ വഴിയില്‍ ഒരു പൈപ്പിനായി അപ്പന്‍ ശ്രമിച്ചെങ്കിലും ആ വഴിയില്‍ കൂടി വെള്ളകുഴല്‍ പോയീട്ടേ ഇല്ലായെന്നതിനാല്‍ കുറേ ദൂരെ മത്തായി ചേട്ടന്റെ കിണറിനും അപ്പുറമാണൊരു ടാപ്പ് വന്നത്. ത്രേസ്യാമ്മേടത്തിയുടെ കനം കൂടിയ വാക്കുകള്‍ എല്ലാ വേനല്‍ക്കാലങ്ങളിലും അമ്മയുടെ കണ്ണില്‍ കനം കൂടിയ തുള്ളികളുണ്ടാക്കി. ഞങ്ങള്‍ പ്രൈമറി കഴിഞ്ഞപ്പോള്‍ അമ്മ പ്രഖ്യാപിച്ചു ഇത്രനാളും ഞാന്‍ വെള്ളം ചുമന്നു. ഇനി എനിക്കു വയ്യ. നിങ്ങള്‍ വലുതായില്ലേ ഇനി നിങ്ങള്‍ വെള്ളം കൊണ്ടുവാ. അഭിമാനികളായിരുന്നു ഞങ്ങള്‍. രണ്ടാഴ്ച്ചയോ മറ്റോ ഞങ്ങള്‍ കനം കൂടിയ വാക്കുകള്‍ കേട്ട് വെള്ളം കോരിയിട്ടുണ്ടാകും. പിന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചു ഇനി മുതല്‍ പൊതു ടാപ്പില്‍ നിന്നും മതി വെള്ളം. ടാപ്പില്‍ നിന്നും പകുതി ദൂരം അനിയന്‍ ചുമക്കം അവിടെ നിന്നും വീടു വരെ ഞാനും. സ്കൂളില്‍ പോകുന്നതിനു മുന്‍പ് വീട്ടിലെ പാത്രങ്ങളിലെല്ലാം വെള്ളം നിറയ്ക്കുക എന്നതായിരുന്നു അന്ന് ഹോംവര്‍ക്കിനേക്കാള്‍ പ്രധാനപ്പെട്ട പണി. ടാപ്പ് വെള്ളത്തിനു ക്ലോറിന്‍ ചുവ ആര്‍ക്കും സഹിക്കാന്‍ കഴിയുമായിരുന്നില്ല. ത്രേസ്യാമ്മേടത്തിയുടെ കിണറില്‍ നിന്നും കുടിക്കാനായി മാത്രം ഒരു നട വെള്ളം അമ്മ എടുത്തു പോന്നു; ഞങ്ങള്‍ സ്ഥിരം എതിര്‍ത്തിരുന്നുവെങ്കിലും.

പുതിയ വീട് വാങ്ങാന്‍ അപ്പന്‍ പദ്ധതിയിട്ടപ്പോള്‍ അമ്മയ്ക്കൊരേയൊരു നിര്‍ദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. വറ്റാത്ത കിണറുണ്ടാവണം. ഒത്തുവന്ന വീടിന്റെ കിണര്‍ അതിര്‍ത്തി കിണറയായതുകൊണ്ട് വളരെയധികം ബാധ്യത വരുമായിരുന്നീട്ടും അപ്പന്‍ രണ്ടു പറമ്പും കൂടെ ഒന്നിച്ചു വാങ്ങി; ഇനിയൊരിക്കലും വെള്ളത്തിനു വേണ്ടി കരയരുത്. അല്‍പ്പകാലത്തിനു ശേഷം വീടിന്റെ മുറ്റത്ത് തന്നെ പൊതുടാപ്പ് വന്നു. ഞങ്ങള്‍ തിളപ്പിക്കാത്ത കിണറുവെള്ളം തന്നെ കുടിച്ചു. ക്ലോറിന്‍ ചേര്‍ന്ന പൈപ്പുവെള്ളം കുടിച്ചില്ല. ഒരോ സ്ഥലത്തും ചെന്ന് വെള്ളം കുടിച്ച് അമ്മ പറയും ഞങ്ങളുടെ വെള്ളത്തിനാണു രുചി. കട്ടിയില്ലാത്ത നല്ല തെളിഞ്ഞ വെള്ളമാണ്. എല്ലായാത്രകളിലും ഞങ്ങള്‍ക്ക് ഒരു കുപ്പി വെള്ളം തന്നു വിടാന്‍ അമ്മ ഒരിക്കലും മറന്നില്ല. എപ്പോഴെങ്കിലും ഒരു കുപ്പി വെള്ളം വാങ്ങേണ്ടി വരുമ്പോള്‍ വെള്ളത്തിനെല്ലാം ത്രേസ്യാമ്മേടത്തിയുടെ വാക്കുകളുടെ കനമാണ്.

നഗരപ്രാന്തത്തിലെല്ലായിടത്തും, എല്ലാ വീട്ടിലും പൊതുവെള്ളം എത്തി. എല്ലാവര്‍ക്കും അവസാനം ഞങ്ങളും മുനിസിപ്പാലിറ്റി വെള്ളം വീട്ടിലേക്കെടുത്തു.പൊതുവെള്ളം വന്നതനുസരിച്ച് പലരും സ്വന്തം കിണറുകള്‍ മൂടി അതിനു മുകളില്‍ വലിയ വലിയ വീടുകള്‍ പണിതു.പക്ഷേ എന്നീട്ടും അക്കാലങ്ങളിലൊക്കെ അടുത്ത ഗ്രാമങ്ങില്‍ കടുത്ത വെള്ളക്ഷാമം ഉണ്ടായിരുന്നു. ഇപ്പോഴും കുടിവെള്ളമെത്താത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. 44 പുഴകള്‍ ഉണ്ടായിട്ടും കേരളത്തില്‍ ഇത്രമാത്രം വെള്ളക്ഷാമമെന്തെന്ന് ചിന്തിക്കാന്‍ തക്കവിധം മുതിര്‍ന്നിരുന്നു ഞങ്ങള്‍. അപ്പോഴേക്കും കുപ്പി വെള്ളങ്ങളുടെ കാലമായി. കുടിവെള്ളമെത്താത്ത ധാരളം ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നീട്ടും അവിടങ്ങളിലെ പെട്ടിക്കടകളില്‍ പോലും അക്വാഫിനയുടേയും ബിസ്‌ലേരിയുടേയും കുപ്പികള്‍ മുന്തിരിക്കുലകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു! പത്ത് രൂപയ്ക്ക് ഒരു കുപ്പി വെള്ളം! കുടിവെള്ളത്തിനു വേണ്ടി സമരം ചെയ്യുന്ന മയിലമ്മ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു. ഇടയ്ക്കെപ്പോഴോ പുതിയ കിണറുകള്‍ കുഴിക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും കേട്ടു.

ഞങ്ങള്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു, കനമുള്ള വാക്കുകള്‍ക്കൊപ്പം വെള്ളം തരുന്നതിനു പകരം നിറഞ്ഞ ചിരിയും ഒരു കുടത്തിനു ഒരു രൂപയുമായി മത്തായി ചേട്ടന്‍ വെള്ളം വിറ്റിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് എന്തു സംഭവിക്കുമായിരുന്നു!

കുപ്പിവെള്ളം രാജ്യങ്ങളിലെല്ലാമുണ്ട്. പിന്നെന്തുകൊണ്ട് കുപ്പിവെള്ളം ഇന്ത്യയില്‍ എതിര്‍ക്കപ്പെടണം?

കുപ്പി വെള്ളമല്ല എതിര്‍ക്കപ്പെടുന്നത്. കുപ്പിവെള്ള കോര്‍പ്പറേറ്റുകളാണു. ചെറിയ തോതിലുള്ള കുപ്പിവെള്ള നിര്‍മ്മാണങ്ങളല്ല എതിര്‍ക്കപ്പെടുന്നത്. വന്‍‌തോതില്‍ ജലമൂറ്റുന്ന കോര്‍പ്പറേറ്റുകളാണ് നിയന്ത്രിക്കപ്പെടെണ്ടത്. കാശുള്ളവനു മൂല്യവര്‍ദ്ധിത കുപ്പിവെള്ളം കുടിക്കാന്‍ അവകാശമുണ്ട് എന്നതിനേക്കാള്‍ കാശില്ലാത്തവനു അവന്റെ പ്രാഥമികവകാശം കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ ബാധ്യസ്ഥമാണു്. കുപ്പി വെള്ളം വില്‍ക്കുന്ന വികസിത രാജ്യങ്ങളില്‍ വെള്ളത്തിന്റെ പൊതുവിതരണം കാര്യക്ഷമാണ്. ഓരോ പൌരനും വെള്ളം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിഞ്ഞീട്ടുണ്ട്. ലവണസാന്ദ്രത കൂടിയ വെള്ളമാണെങ്കില്‍ അത് കുടിക്കാതെ കുപ്പി വെള്ളമോ ഫില്‍റ്റര്‍ ചെയ്ത വെള്ളമോ കുടിക്കാന്‍ 90% ത്തിനു മുകളിലുള്ള ജനത്തിനും സാധിക്കും. ഭക്ഷണ ശാലയില്‍ കുടിക്കാനുള്ള വെള്ളവും കാശുകൊടുത്ത് വാങ്ങുന്ന രാജ്യക്കാര്‍! ഇന്ത്യയില്‍ വളരെ കുറഞ്ഞ ഒരു ശതമാനം ജനത്തിനു മാത്രം വാങ്ങാന്‍ സാധിക്കുന്ന കുപ്പി വെള്ളം കുപ്പിയിലാക്കുന്ന കോര്‍പ്പറേറ്റുകള്‍ ഊറ്റിയെടുക്കുന്നത് കുപ്പിവെള്ളം വാങ്ങാനാവത്തവന്റെ പ്രാഥമികാവകാശത്തെയാണ്. ഇന്ത്യന്‍ കോഫീ ഹൌസില്‍ ചെന്ന് ഒരു പ്ലേറ്റ് വടയും ഒരു കുപ്പി അക്വാഫിനയും എന്ന് പറയാന്‍ നാവു പൊങ്ങുന്നതെത്ര പേര്‍ക്കാണു! വെള്ള കോര്‍പ്പറേറ്റുകള്‍ മാത്രമല്ല, സാധാരണക്കാരന്റെ പ്രാഥമികാവകാശങ്ങളെ ഊറ്റിയെടുക്കുന്ന എല്ലാ കോര്‍പ്പറേറ്റുകളും വളരെയധികം നിയന്ത്രിക്കപ്പെടേണ്ടതാണ്.

എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാനും, സാധാരണക്കാരന്റെ പ്രഥമികാവകാശങ്ങള്‍ ഊറ്റിയെടുക്കപ്പെടില്ല എന്ന് ഉറപ്പാക്കാനും (വെള്ള)കോര്‍പ്പറേറ്റുകളെ നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ അത്യന്താപേക്ഷിതാ‍മാണ്. (വെള്ള)കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ, കോര്‍പ്പറേറ്റ് രാജുകള്‍ക്കെതിരെ നോ എന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുക.

* ബ്യാഹ്‌ലേ

പോസ്റ്റര്‍ പരാജിതന്‍

കുറിപ്പ്: ആദ്യമായി ഈ ബ്ലോഗില്‍ വന്ന പോസ്റ്റ് (കുപ്പി) വെള്ളത്തെ കുറിച്ചായത് മറ്റൊന്നും കൊണ്ടല്ല

23 comments:

Ramachandran said...

ഹൃദയത്തിൽ തട്ടും വിധം വെള്ളത്തിന്റെ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. തെരെഞ്ഞെടുപ്പിന്റേയും.അഭിവാദ്യങ്ങൾ

Inji Pennu said...

ഡാലി, ഇടതുപക്ഷത്തിനു വോട്ട് ചെയ്യുന്നതുകൊണ്ട് എന്തു മുന്നണിയാണ് ഡാലി ഉദ്ദേശിക്കുന്നത്? ഇതില്‍ എന്തു സത്യസന്ധത ഉണ്ട്? കാരണം കോര്‍പറേറ്റ് വീരനായ ചന്ദ്രബാബു നായിഡു മുതല്‍ അഴിമതിയുടെ ആള്രൂപമാ‍യ ജയലളിതയില്‍ എന്തു കോമണ്‍ പോളിസീസിലാണ് ഇടതുപക്ഷം ഒരുമിക്കുക? ഇടതുപക്ഷം ഒരു മുന്നണിയും ഉണ്ടാക്കില്ല, ഒറ്റയ്ക്ക് തന്നയേ നില്‍ക്കുള്ളൂ എന്ന് പറയാനുള്ള ചങ്കുറപ്പെങ്കിലും കാണിച്ചിരുന്നുവെങ്കില്‍ പിന്നേയും ഈ പറയുനതിനു ഒരു വ്യവസ്ഥ എങ്കിലും ഉണ്ടായിരുന്നു. വെറും അധികാരക്കൊതിയില്‍ നില്‍ക്കുന്നവരെ അവര്‍ക്ക് ചൂട്ട് പിടിക്കുന്നവരെ ഇടതുപക്ഷമെന്ന് പോലും വിളിക്കാന്‍ സാധിക്കുന്നതില്‍ അത്ഭുതം തോന്നുന്നു. കോര്‍പ്പറേറ്റ് രാജുകള്‍ക്കെതിരെ പടപൊരുതേണ്ടത് അത്യാവശ്യമാണ്, പക്ഷെ അത് ഇടതുപക്ഷം അങ്ങിനെ എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു ഉറപ്പുമില്ല.
ലാവ്ലിന്‍ പോലെയുള്ള വമ്പന്‍ അഴിമതിയില്‍ എന്ത് കോര്‍പ്പറേറ്റ് രാജുകളാണ് ഇല്ലാതിരുന്നത്? ഭരണം വരുമ്പോള്‍ എല്ലാവരും നയങ്ങള്‍ വികസനത്തിന്റെ പേരില്‍ മാറ്റി വെക്കുകയാണ്, അതുകൊണ്ട് അതിനു വേണ്ടി എല്‍.ഡി.എഫ് നു വേണ്ടി വോട്ട് ചെയ്യണമെന്ന് പറയുന്നത് ശുദ്ധ പൊള്ളത്തരമാണ്.

ഡാലി said...

ഇഞ്ചീസ് -“കോര്‍പ്പറേറ്റ് രാജുകള്‍ക്കെതിരെ പടപൊരുതേണ്ടത് അത്യാവശ്യമാണ്“

വേറെ ഏതു പക്ഷമാണ് കോര്‍പ്പറേറ്റ് രാജുകളെ നിയന്ത്രിക്കും എന്ന് അവരുടെ ഇലക്ഷന്‍ അജണ്ടയില്‍ പറയുന്നത്?

ജനാതിപത്യത്തില്‍ വോട്ടെടുപ്പ് എന്നാല്‍ അധികാരമാണ്. എല്ലാം തികഞ്ഞവര്‍ക്ക് ‘മാത്രം’വോട്ട് ചെയ്യുക എന്നതല്ല തമ്മില്‍ ഭേഭം തൊമ്മനു വോട്ട് ചെയ്യുക എന്നതാണ് ജനാധിപത്യത്തില്‍ കൂടുതല്‍ ശരി.

ചില നേരത്ത്.. said...
This comment has been removed by the author.
Inji Pennu said...

ഡാലി, പ്രകടനപത്രികയില്‍ പറയുന്നതും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരത്തിന്റെ ഒരുദാഹരണമാണ് ലാവ്ലിന്‍. ബംഗാളിലെ കോര്‍പ്പറേറ്റ് രാജുകള്‍ക്ക് വേണ്ടിയാണ് കര്‍ഷകരെ വേട്ടയാടിയത്. അതുകൊണ്ട് പ്രകടനപത്രികയില്‍ കണ്ടതേ വിശ്വസിക്കൂ എന്നുള്ളതൊക്കെ ശുദ്ധമനസ്കതയാണ്. വേദപുസ്തകത്തില്‍ ഉള്ളത് വിശ്വസിക്കുന്ന വിശ്വാസികളുടെ പോലെ.

ഡാലി തന്നെ പറയുന്നു:
“തമ്മില്‍ ഭേഭം തൊമ്മനു വോട്ട് ചെയ്യുക എന്നതാണ് ജനാധിപത്യത്തില്‍ കൂടുതല്‍ ശരി.”

ആ ശരികള്‍ എങ്ങിനെ കോണ്‍‌ഗ്രസ്സിനു മാത്രം അന്യമാവുന്നു എന്നത് വിചിത്രം തന്നെ.

ഇടതിന്റെ പ്രകടന പത്രികയാവുമോ ജയലളിതയുടെ ആവുമോ അല്ലെങ്കില്‍ ചന്ദ്രബാബു നായിഡുവിന്റെ ആവുമോ എന്നും ഉറപ്പിച്ച് പറയുവാന്‍ സാധിക്കുമോ? അതിനു ഡാലിയുടെ ഉത്തരം കണ്ടില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന ഡാലിയുടെ തത്വം ഇവിടെ അപ്പ്ലൈ ചെയ്യുമ്പോള്‍ കൂടുതല്‍ ശരികള്‍ എവിടെയാവും?

ചില നേരത്ത്.. said...

മറ്റൊരു ജീവിതയാഥാര്‍ത്ഥ്യം.
ജില്ല: മലപ്പുറം.
ഡിവിഷന്‍: മംഗലം.
ഡിവിഷന്‍ മെമ്പര്‍: വി. വി ഗോപിനാഥ് (സി പി എം.) & ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ്.
ഗ്രാമപഞ്ചായത്ത് : മംഗലം, വാര്‍ഡ് - 6 , കെ . സൈനുദ്ധീന്‍ (സി പി എം.)& പഞ്ചായത്ത് ഭരണവും സി പി എം.
നിയമസഭ: പി പി അബ്ദുള്ളക്കുട്ടി (സി. പി.എം)
മംഗലം പഞ്ചായത്ത്, തിരൂര്‍ പൊന്നാനിയ്ക്ക് പുഴയ്ക്ക്, അക്കരെ കൂട്ടായിയും ഇക്കരെ മംഗലവും എന്ന രണ്ട് ഗ്രാമങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പഞ്ചായത്താണ്. ഇക്കരെയുള്ള മംഗലം ഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങള്‍ ഉപ്പുവെള്ളം കയറി, ശുദ്ധജലസ്രോതസ്സിനായി നെട്ടോട്ടമോടുന്നതിന് പരിഹാരമായിട്ടാണ് കൂട്ടായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ തീരുമാനമെടുക്കുന്നത്. പക്ഷേ ഇഴഞ്ഞിഴഞ്ഞ് നീങ്ങിയ ബ്രിഡ്ജ് നിര്‍മ്മാണം, അതിനു മുന്നെയുള്ള ഭരണമുന്നണിയെ പ്രതിപക്ഷത്തെത്തിക്കുകയും ചെയ്തു.

ശേഷം അധികാരത്തിലേറിയ ഇടത് മുന്നണി, പ്രസ്തുത പാലം പൂര്‍ത്തികരിക്കുകയും പ്രഥമ ആവശ്യമായി കരുതിയിരുന്ന ഉപ്പുവെള്ളം തടയലിന് ആവശ്യമായ ഷട്ടറുകളും അനുബന്ധസാമഗ്രികളും സ്ഥാപിക്കുന്നതില്‍ പക്ഷേ വീഴ്ച വരുത്തുകയും ചെയ്തു.

ഒരു വേനലറുതിക്ക് ശേഷം ഭൂമിയാകെ ശുദ്ധജലം ജലം കൊണ്ട് നിറയുമായിരുന്നില്ല
വര്‍ഷങ്ങള്‍ തന്നെ കരുതലോടെ ഉപ്പുവെള്ളം കയറുന്നത് തടയണം ഭൂഗര്‍ഭത്തിലടങ്ങിയിരിക്കുന്ന ഉപ്പിന്റെ അംശം ഇല്ലാതാവാന്‍ വേണ്ടി.

പക്ഷേ, ആഗോള കുടിവെള്ള കോര്‍പറേറ്റുകളെ പറ്റി വ്യാകുലപ്പെടുന്ന ഇടത്പക്ഷം, പ്രാദേശികമായി നേരിടുന്ന കുടിവെള്ളം പരിഹരിക്കുന്നതിനായി
ഇന്ന് വരെ ഷട്ടര്‍ ഇടുകയോ, ഉപ്പുവെള്ളം തടയുന്നതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയോ ചെയ്തിട്ടില്ല.

പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നിയമസഭയും ഭരിക്കുന്ന ഇടത് മുന്നണി,
മൈലുകള്‍ താണ്ടിയാണ് കുടിവെള്ളം അവിടെയുള്ളവര്‍ കണ്ടെത്തുന്നത് എന്ന ദുരവസ്ഥയ്ക്ക് മേല്‍ സമര്‍ത്ഥമായി കണ്ണടച്ചിരിക്കുന്നു.

വീണ്ടും ഒരു ഫണ്ട് അനുവദിക്കപ്പെട്ടിരിക്കുന്നു ഈ ഇലക്ഷനോടനുബന്ധിച്ച്, പക്ഷേ അത് ആ റോഡ് ടാര്‍ ചെയ്യാന്‍ വേണ്ടിയാണെന്നതാണ് രസകരമായ കാര്യം.

പ്രാദേശികമായി ഒരു കുടിവെള്ള ക്ഷാമം പരിഹരിക്കാനാവാത്ത ഇടതുമുന്നണി
കോര്‍പ്പറേറ്റ് തലത്തിലെ പോരാട്ടങ്ങളിലേക്ക് കച്ചമുറുക്കാന്‍ വോട്ട് ചോദിച്ച് ഇറങ്ങുന്നത് കാണുമ്പോള്‍ ഉമിനീരിറങ്ങുന്നില്ല.

മൂര്‍ത്തി said...

ഡാലീ നല്ല പോസ്റ്റ്. കുറെക്കാലമായി ഡാലി എഴുതിയിട്ട്...

യു.പി.എക്ക് ഇടതുപക്ഷം പുറത്തു നിന്ന് പിന്തുണ നല്‍കിയപ്പോള്‍ അത് ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു. ആ പരിപാടിയെ മാനിക്കാതിരുന്നത് കോണ്‍ഗ്രസ് എന്നതിനു തെളിവ് ചരിത്രം. ഇന്ത്യയിലെ ഇന്നത്ത രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഒറ്റക്കേ നില്‍ക്കൂ എന്നു പറയാനുള്ള മണ്ടത്തരം ഇടതുപക്ഷം കാണിക്കാനിടയില്ല. കാരണം കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെ ഒരു ബദല്‍ എന്ന ആശയം മുന്നോട്ട് വെക്കുമ്പോള്‍ അതിനൊരു പ്രായോഗിക രൂപം കൂടി കാണിച്ചുകൊടുക്കാന്‍ ഇടതുപക്ഷത്തിനു ബാധ്യത ഉണ്ട്. അത് മൂന്നാം ബദല്‍ എന്നോ മതനിരപേക്ഷ ബദല്‍ എന്നോ വിളിക്കുന്ന ഒന്ന്. അതിനും ഒരു പൊതു മിനിമം പരിപാടിയൊക്കെ വരും. (വരുമായിരിക്കും എന്ന് ഫ്യൂച്ചര്‍ ടെന്‍സ് വേണമെങ്കില്‍ അങ്ങിനെ). അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭരണം. അത് ജയലളിതയുടെയോ, ബാബുനായിഡുമാരുടെയോ ആയിരിക്കുകയില്ല.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍, അതിനെ യു.ഡി.എഫ് ഭരണകാലവുമായി താരതമ്യം ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകള്‍ വന്നിട്ടുണ്ട്. അതിനെതിരെ ആരെങ്കിലും വസ്തുതകള്‍ ഉദ്ധരിച്ച് എതിര്‍ കമന്റുകള്‍ ഇട്ടതായി കണ്ടില്ല. എല്‍.ഡി.എഫ് അല്ല യു.ഡി.എഫ് ആയിരുന്നു മെച്ചം എന്ന് ആര്‍ക്കും തെളിയിക്കാന്‍ ശ്രമിക്കാമല്ലോ...

Ramachandran said...

ഇവിടെ പ്രശ്‌നം വളരെ സിമ്പിളാണ് ചില നേരത്തേ

വെള്ളം, വായു തുടങ്ങിയ അവശ്യവസ്തുക്കൾ , ഈ ലോകത്തിലെ എല്ലാ മനുഷ്യരും സർവ സ്വാതന്ത്ര്യത്തോടെ ഉപഭോഗം ചെയ്യേണ്ട വസ്തുക്കൾ, കോർപ്പറേറ്റ് വൽക്കരിക്കപ്പെടണമോ?
അതാണ് തീരുമാനിക്കപ്പെടേണ്ടത്. അല്ലാതെ കോത്താഴം രാജ്യത്തെ കുട്ടപ്പൻ സഗാവ് പൈപ്പിടാൻ വന്ന പ്പോൾ ഉടക്ക് വച്ചോ ഇല്ലയോ എന്ന “കഥ ” വിളമ്പലല്ല..

ഇതിപ്പോൾ ആദ്യമായല്ലല്ലോ കോൺഗ്രസ്സും ബി ജെപ്പിയും ഇല്ലാതെ മറ്റു മതേതര ജനാധിപ്ത്യ പാർട്ടികൾ ഇന്ത്യ ഭരിച്ചത്. ആ രണ്ടു പ്രാവശ്യവും അത്തരം ഗവണ്മെന്റുകളെ ശിഥിലീകരിച്ചത് കോൺഗ്രസ്സായിരുന്നല്ലോ. അതിലൊരു പ്രാവശ്യം ഏതോ രണ്ടു പോലീസുകാർ ഒളിഞ്ഞു നോക്കിയെന്നും പിന്നൊരിക്കൽ ഡി എം കെ തമിഴ്പുലികളെ പിന്തുണച്ചു എന്നും പറഞ്ഞായിരുന്നില്ലേ കോൺഗ്രസ് പിന്തുണ പിൻ‌വലിച്ചത്? അതേ ഡീ എം കെ യുടെ കൂടെയല്ലേ കഴിഞ്ഞ 5 കൊല്ലമായി കോൺഗ്രസ്സിന്റെ സംബന്ധം? എ ഐ ഡി എം കെ യ്ക്കില്ലാത്ത എന്തു ചാരിത്ര്യമാണ് ഡി എം കെ യ്ക്ക്.

അപ്പോൾ അതല്ല പ്രശ്നം..ജനോപകാരപ്രദമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുവാനും
മതനിരപേക്ഷത സംരക്ഷിക്കുവാനും
സ്വതന്ത്ര വിദേശനയം തുടരുവാനും .
ഫെഡറലിസം ശക്തമാക്കുവാനും കേന്ദ്ര-സംസ്ഥാന ബന്ധം പുതുക്കി എഴുതുവാനും മറ്റും ഒരു പരിപാടിയുടെ അടിസ്ഥാനത്തിൽ യോജിക്കാൻ കഴിയുന്ന ഒരു മുന്നണിയ്ക്ക് ജനങ്ങളോട് കൂടുതൽ പ്രതിബദ്ധത ഉണ്ടാവും- ഏക കക്ഷി ഭരണം നടത്തുന്ന പാർട്ടിയേക്കാളും.

ലാവ്ലിൻ പോലുള്ള കേസുകളീൽ ആരെങ്കിലും ഉപ്പ് തിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിക്കട്ടെ. പക്ഷെ ഓരോ ഇലൿഷനും വരുമ്പോൾ വിവിധ ഏജൻസികളെ ഉപയോഗിച്ചു കുത്തിപ്പൊക്കി ക്കൊണ്ടു വരുന്നതിലും രാഷ്‌ട്രീയമുണ്ടെന്ന് രാഷ്‌ട്രീയ തിമിരമില്ലാത്ത ഏതു പൊട്ടനും മനസ്സിലാകും. അങ്കിളിന്റെ പോസ്റ്റിൽ 3 പാർട്ടായി 1000 കമന്റ് വീണിട്ട് ഒരു കരക്കുമെത്താത്ത വിഷയത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല

ഇടതിന്റെ പ്രകടന പത്രികയാവുമോ ജയലളിതയുടെ ആവുമോ അല്ലെങ്കില്‍ ചന്ദ്രബാബു നായിഡുവിന്റെ ആവുമോ എന്നും ഉറപ്പിച്ച് പറയുവാന്‍ സാധിക്കുമോ എന്നൊക്കെ ചോദിക്കുന്നല്ലോ? കഴിഞ്ഞ യൂ പി എ സർക്കാർ നടപ്പിലാക്കാൻ സമ്മതിച്ചത് ( കോമൺ മിനിമം പ്രോഗ്രാം) ആരുടെ പ്രകടനപത്രികയായിരുന്നു എന്നൊന്നു പരിശോധിച്ചു നോക്കൂ.. ഗൂഗിൾ ഉപയോഗിക്കേണ്ടത് ഇതു പോലെ സൃഷ്‌ടിപരമായ കാര്യങ്ങൾക്കു കൂടിയാണ്.
:)

ഡാലി said...

ഇഞ്ചീസ്- വെള്ള കോര്‍പ്പറേറ്റുകള്‍ക്കെതിരെ ഇതുവരെ നിന്നീട്ടുള്ളവരുടെ കണക്കെടുക്കുമ്പോഴും തുലാസ് ചരിയുന്നത് ഇടത്തോട്ടാണല്ലോ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനു ചൂണ്ടിക്കാണിക്കാന്‍ എന്താണുള്ളത്? പിന്നെങ്ങനെ കോണ്‍ഗ്രസ്സ് തമ്മില്‍ ഭേദം തൊമ്മനാകും?ഇടതാണ് സര്‍ക്കാരുണ്ടാക്കുന്നതെങ്കില്‍ ഇടത് പ്രകടനപത്രിക തന്നെ ആയിരിക്കും നടപ്പിലാവുക അതിലെന്താണു സംശയം! സി.എം.പി യില്‍ നിന്നും പിന്നോട്ട് പോയ ചരിത്രം കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് പോലും ഇടത് കാണിച്ചില്ലല്ലോ.

ഇബ്രു- ഇബ്രൂന്റെ കമന്റില്‍ തന്നെ ആ പദ്ധതിയ്ക്ക് ആദ്യം തുരങ്കം വച്ചത് അതിനു മുന്നേ ഭരിച്ച ‘ഇടത’തല്ലാത്ത മുന്നണിയായിരുന്നല്ലോ. പിന്നെ ഇടതിന്റെ തലയില്‍ ഈ ഭാരം കെട്ടിവയ്ക്കാന്‍ എങ്ങിനെയാണ് സാധിക്കുക?

കുടിവെള്ളപ്രശ്നങ്ങളെ കുറിച്ച്, കോര്‍പ്പറേറ്റുകളെ കുറിച്ച് ചിന്തിക്കുന്ന മറ്റൊരു മുന്നണിയും ഇല്ല എന്നിടത്തല്ലേ പ്രശ്നം. വികസനത്തിന്റെ മറയില്‍ എല്ലാ കോര്‍പ്പറേറ്റുകളെയും കൈനീട്ടി സ്വീകരിക്കും എന്നത് മാത്രമല്ലേ മറ്റുള്ളവര്‍ പറയുന്നത്.

റോബി said...

ഡാലി,
വ്യക്തമായും ശക്തമായും എഴുതിയിരിക്കുന്നു. സമാനമായ ഓര്‍മ്മകള്‍ എനിക്കുമുണ്ട്. ഞങ്ങളടക്കം 14 വീട്ടുകാരാണ്‌ അടുത്തുള്ള ഒരു പൊതുകിണറില്‍ നിന്നും വെള്ളം എടുത്തിരുന്നത്. ഫെബ്രുവരി അവസാനമാകുമ്പോള്‍ വെള്ളം തീരെയില്ലാതായി തുടങ്ങും. രാത്രി ഒരു മണിയ്ക്കും രണ്ടു മണിയ്ക്കുമൊക്കെ പോയിട്ടുണ്ട്, അല്പം വെള്ളം ഉണ്ടെങ്കില്‍ കോരിയെടുക്കാന്‍. മാര്‍ച്ചോടെ കിണറുണങ്ങും. പിന്നെ ഒന്നര കിലോ മീറ്റര്‍ താഴെ (വീട് കുന്നില്‍മുകളിലായിരുന്നു) പുഴയരികില്‍ കുത്തുന്ന ഓലിയില്‍ നിന്നും വെള്ളം വീട്ടിലേക്കു ചുമക്കണം. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇതായിരുന്നു സ്ഥിതി.

വീട്ടിനടുത്ത പ്രദേശം 90%വും കോണ്ഗ്രസ്സുകാര്‍. എന്നിട്ടും 1998-ല്‍ LDF ഭരണകാലത്താണ്‌ 5-6 കിലോമീറ്റര്‍ അകലെ ഒരു തടയണ കെട്ടി പൈപ്പ് വെള്ളം എത്തിക്കാന്‍ നീക്കമുണ്ടാകുന്നത്. ഡാം കെട്ടി, പൈപ്പ് ഇട്ടു തീരുന്നതിനു മുന്നെ 2001-ല്‍ ഇലക്ഷന്‍ വന്നു.യുഡി്‌എഫ് അധികാരത്തില്‍ വന്നതും എല്ലാ പണികളും നിര്‍ത്തി വെച്ചു.

ഇനി വെള്ളം ചുമക്കുവാന്‍ കഴിയില്ല എന്ന അവസ്ഥ വന്നപ്പോള്‍, പെങ്ങള്‍ക്ക് ഒരു ജോലി കിട്ടിയതു കാരണം, 2002--ല് ഒരു വാടകവീട്ടിലേക്കു ഞങ്ങള്‍ താമസം മാറി. 2006-ല്‍ LDF വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ പണി പുനരാരംഭിച്ച് 2007 മാര്‍ച്ച് മാസത്തോടെ എല്ലാ വീട്ടിലും വെള്ളമെത്തി. കേരളാ കോണ്‍ഗ്രസിന്റെയും കോണ്ഗ്രസിന്റെയും ലോക്കല്‍ നേതാക്കള്‍ മത്സരിച്ച് പാര വെച്ചതുകൊണ്ടായിരുന്നു അത്രയും കാലം വെള്ളം മുടങ്ങിക്കിടന്നത്.

ചില നേരങ്ങളിലെങ്കിലും ഇതും ജീവിതയാഥാര്‍ഥ്യമായി പരിഗണിക്കുമോ?

ജില്ല : കോഴിക്കോട്
താലൂക്ക്: കൊയിലാണ്ടി
പഞ്ചായത്ത്: ചക്കിട്ടപാറ, വാര്‍ഡ് 3
ആലമ്പാറ

t.k. formerly known as തൊമ്മന്‍ said...

കോര്‍പ്പറേഷനുകളെ പ്രതിരോധിക്കുക എന്നൊക്കെ കസേരയില്‍ ഇരുന്ന് പറയാന്‍ നല്ല രസമുള്ള കാര്യമാണ്. കാമ്പസില്‍ മുദ്രാവാക്യം വിളിക്കാനും നല്ല വിഷയമാണ്. പക്ഷേ, ജോലിതെണ്ടി നടക്കുമ്പോള്‍ അറിയാം അവരെയൊക്കെ നമ്മുടെ പാര്‍ട്ടി നാട്ടില്‍ നിന്ന് ഓടിച്ചുവിട്ടതിന്റെയോ, പേടിപ്പിച്ച് പടിക്കല്‍ നിറുത്തിയതിന്റെയോ പ്രത്യാഘാതങ്ങള്‍. കേരളത്തിനും ബംഗാളിനും പുറത്തേക്ക് ഇടത് വരാത്തത് ബാംഗ്ലൂരിനെയും മുംബൈയെയുമൊക്കെ മലയാളിക്ക് അഭയകേന്ദ്രങ്ങളായി ഇപ്പോഴും നിലനിര്‍ത്തുന്നു.

അയല്‍‌വക്കക്കാരനെ ബൂര്‍ഷ്വയാക്കി വിചാരണ ചെയ്യുന്ന പതിവ് കമ്യൂണിസ്റ്റ് പ്രചരണതന്ത്രത്തിന്റെ സ്വഭാവമാണ് ഈ പോസ്റ്റിനും.

വികസനത്തിനെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന സിപി‌എം മുന്നണി പരാജയപ്പെടണം.

ജനശക്തി said...

1.വികസനത്തിനെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന സിപി‌എം മുന്നണി പരാജയപ്പെടണം.
2. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നു എന്നാണ് മൂലമ്പിള്ളിയിലും മറ്റും സമരം നടത്തുന്നവര്‍ പറയുന്നത്.

ഇത് രണ്ടും ഒരേ പ്രസ്ഥാനത്തിനെതിരെ പറയുന്ന പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍.

രണ്ടും ശരിയല്ല എന്ന് വ്യക്തം.

ഡാലി said...

തൊമ്മാ - അതിനു ഞങ്ങളുടെ അയല്‍ക്കാരൊന്നും ബൂര്‍ഷ്വകള്‍ ആയിരുന്നില്ലല്ലോ? അവരാരും വെള്ളം കെട്ടി പൂട്ടി വയ്ക്കുകയോ അത് വില്‍ക്കുകയോ ചെയ്തില്ല എന്നാണല്ലോ പറഞ്ഞത്.

കോര്‍പ്പറേറ്റുകള്‍ വരണ്ടാ എന്ന് എല്‍.ഡി.എഫ് പ്രകടന പത്രിക പറയുന്നുണ്ടോ? സര്‍ക്കാര്‍ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകള്‍ അല്ലാതെ കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരല്ല.

സിമി said...

ഡാലി, റോബി, ജപ്പാന്‍ കുടിവെള്ള പദ്ധതി ഒപ്പുവെച്ചത് ആന്റണി സര്‍ക്കാര്‍ ആയിരുന്നെന്ന് അറിയാമല്ലോ (2003 ജൂണ്‍ 19-നു, 1787 കോടി രൂപയ്ക്ക്). ആ പദ്ധതിയുടെ എക്സ്റ്റന്‍ഷന്‍, കൂടുതല്‍ തുക (635 കോടി രൂപയുടേത്) അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ അനുവദിച്ചു.

എന്നാലും സ്വന്തം അനുഭവങ്ങളില്‍ നിന്നും - “സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍“ നിങ്ങളുടെ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു വോട്ട് ചെയ്യുന്നത് നല്ലതുതന്നെ (ഞാനും വോട്ട് ചെയ്ത പ്രേമചന്ദ്രനാണ് ഇപ്പോഴത്തെ ജലവിഭവമന്ത്രി :-) )

ദേശീയരാഷ്ട്രീയം അങ്ങനെയാണോ? ഈ രാജ്യത്തെ നയിക്കാനുള്ള vision & maturity ഇടതുപക്ഷത്തിന് ആയിട്ടില്ല.

റോബി said...

സിമീ,
വ്യക്തിപരമായ അനുഭവങ്ങളെ മുൻ‌നിർത്തിയല്ല രാഷ്ട്രീയാഭിപ്രായം രൂപീകരിക്കേണ്ടതെന്ന് ഞാൻ കരുതുന്നു.

പിന്നെ ഇടതു പക്ഷത്തിനു vision & maturity ആയിട്ടില്ല പോലും. ഒന്നു പോ സിമി.
‘ചർമ്മം കണ്ടാൽ പ്രായം തോന്നില്ലല്ലോ’ എന്നു പറയുന്ന രാഹുലോ പ്രിയങ്കയോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാൽ സിമി ഇതു പറയ്യില്ലല്ല്ലോ.

ഡാലി said...

സിമിയേ ആന്റണി ഒപ്പിട്ട കുടിവെള്ള പദ്ധതി എല്‍ഡീഎഫ്‌ന്റെ കാലത്ത് പൂര്‍ണ്ണമായി, യുഡീഫ് അഴിമതി ആരോപിച്ച് നിര്‍ത്തിവച്ച് അതേ പദ്ധതി, അതേ കണ്‍സള്‍റ്റന്‍സിക്ക് കൊടുക്കാന്‍ ആന്റണി കോടതിയില്‍ അഫിഡാവിറ്റ് കൊടുത്ത് തന്റെ നാടിനു കൂടി (ചേര്‍ത്തല) ഉപകാരമാവുന്ന കുടിവെള്ള പദ്ധതിയ്ക്ക് ഒപ്പ് വച്ച കഥയൊക്കെ അറിയാമല്ലോ അല്ലേ. അതിന്റെ എക്സ്റ്റന്‍ഷനാണു ഈ ഗവണ്മെന്റ് കൂടുതല്‍ പണം അനുവദിച്ചത്. പിന്നെ എഡിബി പദ്ധതിയുടെ തമാശകളൊക്കെയും വെള്ളരാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോഴാകാം.

സത്യം പറഞ്ഞാല്‍ ഇടത്പക്ഷത്തോട് ഒരു ലീനിയന്‍സിക്കപ്പുറം ആരാധന തോന്നിയത് കഴിഞ്ഞ തവണ അവര്‍ സി.എം.പി യില്‍ കേന്ദ്ര ഗവണ്മെന്റിനെ പിന്തുണച്ച് പ്രവര്‍ത്തിച്ചപ്പൊഴാണു. വെറും അധികാരത്തിനു മാത്രമായിരുന്നില്ലല്ലോ ആ പിന്തുണ. ഇത്തവണ ഭരണമുന്നണിയില്‍ ഉണ്ടെങ്കില്‍ മന്ത്രിസഭയില്‍ ചേരുമെന്നു പറയുന്ന അവര്‍ക്കൊരു അവസരം കൊടുത്ത് നോക്ക് സിമി. അല്ലാതെ മെച്യൂരിറ്റി ഇല്ലാ എന്നൊക്കെ പറഞ്ഞാല്‍..

ജയരാജന്‍ said...

വായിക്കാൻ വൈകി; എന്നാലും വായിച്ച് കഴിഞ്ഞ് ഒരു കമന്റിടാതെ പോകാൻ തോന്നിയില്ല:
നന്നായി എഴുതിയിരിക്കുന്നു; കുടിവെള്ളത്തിന്റെ രാഷ്ട്രീയം!

Sureshkumar Punjhayil said...

Kudikkanum, Kulikkanum...!

manoharam, Ashamsakal...!!!

ഇട്ടിമാളു said...

ഡാലി.. വോട്ട് എന്തായാലും ഇടതുപക്ഷത്തിനില്ല.. കാരണങ്ങൾ ഒരുപാടുണ്ട്.. പക്ഷെ ഈ പോസ്റ്റിനു ഒരു വോട്ട് തരാം.. സമാനമായ അനുഭവങ്ങൾ..

എന്റെ അയൽ‌വാസികൾ വെള്ളം തരാത്തവർ ആയിരുന്നില്ല.. പക്ഷെ അവരും വെള്ളക്ഷാമത്തിലായതിനാൽ എന്തുചെയ്യും.. റിലെ ആയി വെള്ളം കൊണ്ടുവന്നിരുന്നത് ഒരു രസമായിരുന്നു അന്ന്... പരീക്ഷയുടെ അന്നു പോലും രാവിലെ “വെള്ളംകെട്ടാൻ” പോവും.. അപ്പോഴും അടുക്കളക്കിണറ്റിലെ വെള്ളം കുടിക്കാനും വെക്കാനുമായി കാത്തുവെക്കും.. ഇപ്പൊ വേറെ കിണറായി പൈപ്പായി എല്ലവരും ഓരോയിടത്തായപ്പോൽ ഉള്ള വെള്ളംകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്നായി..

ഒരുപാട് വൈകി മാതൃഭൂമി വഴിയാ ഇവിടെ എത്തിയെ..:)

റ്റോംസ് കോനുമഠം said...

എത്ര സരസമായി പറഞ്ഞിരിക്കുന്നു..
ആശംസകള്‍...!!

Jayan Pulluvazhy said...

ഡാലി ,വായിക്കാൻ വൈകിയെങ്കിലും വോട്ട് ഇടതു പക്ഷത്തിനായിരുന്നു.കുപ്പിവെള്ളത്തിന്റെ രാഷ്ടീയം അഗാധമായി പഠിച്ച് ഇവിടെ വിവരിച്ചിട്ടുണ്ട് .ഭൂമിയിൽ പെട്രോളിയം കഴിഞ്ഞാൽ ഏറ്റവും ലാഭകരമായ വ്യവസായമാണ്‌ ഈ കുപ്പിവെള്ളം .പുഴയുടെ ആയക്കെട്ടിനകത്തു കിണർ കുത്തി വെള്ളമെടുത്തു വില്ക്കുന്ന മൾട്ടി നാഷനലുകൾ ഞങ്ങളുടെ പ്രദേശത്ത് ധാരാളമുണ്ട് .പുഴയുള്ളത്കൊണ്ട് ജലനിരപ്പ്‌ താഴുന്നില്ല അതിനാൽ പൊതുജനങ്ങൾ പരാതിപ്പെടുന്നില്ല .ഊറ്റുന്നത് പുഴവെള്ളം ആണ് എന്നതാണ് സത്യം .ഇതിലെ കൊർപ്പരേറ്റ് താൽപ്പര്യങ്ങൾ തുറന്നു കാട്ടിയതിനു നന്ദി .

Jayan Pulluvazhy said...

ഡാലി ,വായിക്കാൻ വൈകിയെങ്കിലും വോട്ട് ഇടതു പക്ഷത്തിനായിരുന്നു.കുപ്പിവെള്ളത്തിന്റെ രാഷ്ടീയം അഗാധമായി പഠിച്ച് ഇവിടെ വിവരിച്ചിട്ടുണ്ട് .ഭൂമിയിൽ പെട്രോളിയം കഴിഞ്ഞാൽ ഏറ്റവും ലാഭകരമായ വ്യവസായമാണ്‌ ഈ കുപ്പിവെള്ളം .പുഴയുടെ ആയക്കെട്ടിനകത്തു കിണർ കുത്തി വെള്ളമെടുത്തു വില്ക്കുന്ന മൾട്ടി നാഷനലുകൾ ഞങ്ങളുടെ പ്രദേശത്ത് ധാരാളമുണ്ട് .പുഴയുള്ളത്കൊണ്ട് ജലനിരപ്പ്‌ താഴുന്നില്ല അതിനാൽ പൊതുജനങ്ങൾ പരാതിപ്പെടുന്നില്ല .ഊറ്റുന്നത് പുഴവെള്ളം ആണ് എന്നതാണ് സത്യം .ഇതിലെ കൊർപ്പരേറ്റ് താൽപ്പര്യങ്ങൾ തുറന്നു കാട്ടിയതിനു നന്ദി .

Jayan Pulluvazhy said...

ഡാലി ,വായിക്കാൻ വൈകിയെങ്കിലും വോട്ട് ഇടതു പക്ഷത്തിനായിരുന്നു.കുപ്പിവെള്ളത്തിന്റെ രാഷ്ടീയം അഗാധമായി പഠിച്ച് ഇവിടെ വിവരിച്ചിട്ടുണ്ട് .ഭൂമിയിൽ പെട്രോളിയം കഴിഞ്ഞാൽ ഏറ്റവും ലാഭകരമായ വ്യവസായമാണ്‌ ഈ കുപ്പിവെള്ളം .പുഴയുടെ ആയക്കെട്ടിനകത്തു കിണർ കുത്തി വെള്ളമെടുത്തു വില്ക്കുന്ന മൾട്ടി നാഷനലുകൾ ഞങ്ങളുടെ പ്രദേശത്ത് ധാരാളമുണ്ട് .പുഴയുള്ളത്കൊണ്ട് ജലനിരപ്പ്‌ താഴുന്നില്ല അതിനാൽ പൊതുജനങ്ങൾ പരാതിപ്പെടുന്നില്ല .ഊറ്റുന്നത് പുഴവെള്ളം ആണ് എന്നതാണ് സത്യം .ഇതിലെ കൊർപ്പരേറ്റ് താൽപ്പര്യങ്ങൾ തുറന്നു കാട്ടിയതിനു നന്ദി .