മഹാത്മാവ് എന്ന പോസ്റ്റില്‍ മാരിചന്റെ കമന്റിനുള്ള മറുപടി വലുതായി പോയത് കൊണ്ട് ഒരു പോസ്റ്റാക്കുന്നു.
ഒരു കരണത്തടിക്കുന്നവനു പിന്നേയും പിന്നേയും കരണം കാട്ടി കൊടുക്കുന്ന ഒരു നയമല്ല അത് പറഞ്ഞ വിപ്ലവകാരിയും അതു അനുവര്‍ത്തിച്ച വിപ്ലവകാരിയും ഉദ്ദേശിച്ചത് എന്ന് പറയുകയായിരുന്നു ആ പോസ്റ്റില്‍ എന്റെ ലക്ഷ്യം. എല്ലായ്പ്പോഴും, ക്ഷമ സഹനം എന്ന് പഠിപ്പിക്കുന്ന പല കത്തനാരന്മാരും ഇതൊന്നും സമ്മതിച്ചു തരില്ല. അപ്പോള്‍ അവരോട് ചോദിക്കുന്ന (ക്ലാസ്സിക്കല്‍) വാചകമുണ്ട്, ഏഴിനു എഴുപത് പ്രാവശ്യം ക്ഷമിക്കാന്‍ പറഞ്ഞവന് ഒരു കരണത്തടിച്ചട്ട് മറ്റേ കരണം കാണിച്ച് കൊടുക്കുമ്പോള്‍ ആ കരണത്തും കിട്ടിയാല്‍ എന്തു ചെയ്യണം എന്ന് എന്തുകൊണ്ട് പറഞ്ഞില്ല എന്ന്. എന്നു വച്ചാല്‍ ഈ കമന്റില്‍ മാരിചന് പറഞ്ഞത് പോലെ ലോകാവസാനം വരെ നിങ്ങള്‍ നിശ്ബ്ദരായി സഹിക്കൂ എന്നൊന്നുമല്ല ആ വാചകങ്ങളുടെ അര്‍ത്ഥം. ഞാനും ഒരു മനുഷ്യനാണ് എന്ന് കാണിച്ച് കൊടുക്കൂ എന്നാണ്. അത് മനസ്സിലായില്ലെങ്കില്‍ ആ പോസ്റ്റ് ഒന്നൂടെ വായിച്ചോളൂ.
ഒരു മൈല്‍ ദൂരം നടക്കാന്‍ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ട് മൈല്‍ നടക്കുക എന്ന് പറഞ്ഞവന്റെ കാലത്ത് അവന്റെ നാട് റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റോമന്‍ പട്ടാളക്കാര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ ഒരുമൈല്‍ ചുമക്കാന്‍ നാട്ടുക്കാരെ(അടിമകളെ) നിര്‍ബന്ധിക്കാന്‍ നിയമം അനുവദിച്ചിരുന്നു. എന്നാല്‍ ഒരു മൈല്‍ കൂടുതല്‍ ദൂരം ചുമപ്പിക്കുന്നത് നിയമവിരുദ്ധവും ആയിരുന്നു. അതുകൊണ്ട് ഒരു മൈല്‍ പട്ടാളക്കാരന്റെ സാധനങ്ങളും ചുമന്ന അവന്റെ കൂടെ നടക്കുന്നവന് താന്‍ ഒരു മൈല്‍ കൂടെ നടക്കാം എന്ന് നിര്‍ബന്ധിച്ചാല്‍ പട്ടാളക്കാരനു വേണ്ട ഇനി എന്റെ കൂടെ നടക്കണ്ടാ എന്ന് പറയുകയേ തരമുള്ളൂ. എങ്ങനെയെങ്കിലും അയാള്‍ ചുമക്കുന്ന ഭാരം താഴെ വയ്പ്പിക്കാനാണ് പട്ടാളക്കാരന് ശ്രമിക്കുക. അല്ലാതെ ജീവിതപാത തീരും വരെ നടക്കാനല്ല ആ വാക്കുകളുടെ അര്‍ത്ഥം. വിശുദ്ധ ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ അടിച്ചോടിച്ച ഒരാള്‍ എല്ലാകാലത്തും നിങ്ങള്‍ ക്ഷമിക്കൂ, സഹിക്കൂ എന്നൊരു സന്ദേശമാണ് തരുന്നത് എന്ന് ചുരുങ്ങിയ പക്ഷം ഞാനെങ്കിലും വിശ്വസിക്കുന്നില്ല.
ഒരോ കാലഘട്ടത്തിനും, സാമ്ര്യാജ്യത്തിനും അനുയോജ്യമായ സമരമുറകളാണ് സമരം ജയിക്കാന്‍ ആവശ്യം. ഏറ്റവും അനുയോജ്യമായ സമരമുറ കണ്ടെത്തുന്നവര്‍ വിജയം നേടുമ്പോള്‍ അവര്‍ ആ സമരം നയിച്ച് ജയിച്ചു എന്ന് പറയും. ആ സമരത്തിനെ സഹായിച്ചവര്‍ തമസ്കരിക്കപ്പെടുകയാണെന്ന് അതുകൊണ്ട് അര്‍ത്ഥമാക്കാറൂണ്ടോ? ഗാന്ധിജിയുടെ കാര്യത്തില്‍ മാവേലികേരളവും വക്കാരിയും, നളനും നടത്തിയതില്‍ കൂടതല്‍ ഡാറ്റാമൈനിങ്ങിനെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ മുഴുവന്‍ വര്‍ക്കുകളും നെറ്റില്‍ കിട്ടുമെങ്കില്‍ വായിച്ച് പഠിക്കാം. എന്നാലും അഹിംസയിലൂന്നിയ നിസ്സഹകരണത്തിന്റെ വിജയം മനസ്സിലാക്കാന്‍ അത്രയ്ക്കൊന്നും പാടില്ല എന്ന് തോന്നുന്നു. അതിനെ എന്നാല്‍ അര്‍ദ്ധനഗ്നനായ ഫക്കീര്‍ ഒരുപിടി ഉപ്പു കുറുക്കിയപ്പോള്‍ ബ്രിട്ടീഷുകാരന് സ്വാതന്ത്ര്യം എറിഞ്ഞിട്ടോടിപ്പോയി എന്നൊക്കെ എത്ര വേണമെങ്കിലും ചുരുക്കുകയോ കുറുക്കുയോ ചെയ്യൂ. എങ്കിലും ഇന്നും ഒരു മുദ്രാവാക്യം പോലും വിളിക്കാതെ നിരാഹാരം കിടക്കുന്നവനെ ഒരു ഭരണകൂടം പേടിക്കുന്നെങ്കില്‍ അതിനെന്തിന് എന്നും കൂടി സ്വയം ചോദിച്ച് കൊള്ളൂ. രാജ്യങ്ങള്‍ നടത്തുന്ന ഉപരോധങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ടോ?
ഗാന്ധിജിയെ വിശുദ്ധ പശുവായി കണക്കാക്കേണ്ടതില്ല എന്ന് തന്നെയാണ് എന്റെ നിലപാട്. അദ്ദേഹത്തെകുറിച്ച് പറയുമ്പോള്‍ വൈകാരികതയോടെ പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക്. (വൈകാരിക അടുപ്പമുള്ളവര്‍ അങ്ങനെ പ്രതികരിക്കട്ടെ). പക്ഷേ പാലസ്തീനെ കുറിച്ച് പറയുമ്പോള്‍ മലയാളി എന്തിനാണ് അതിവൈകാരികതയുടെ അതിപ്രസരം പുറത്തെടുക്കുന്നത്? സുരക്ഷിതത്ത്വത്തിന്റെ മാളങ്ങളില്‍ കഴിയുന്നവര്‍ക്ക് ചെലവില്ലാതെ നല്കാവുന്ന ഒന്നാണ് ഉപദേശം. മാരീചന് വൈറ്റ്ഹൌസിന്റെ തട്ടുമ്പുറത്താണോ? (അവിടം പോലും സുരക്ഷിതമല്ല എന്നാണല്ലൊ 9/11 കാണിച്ചു തരുന്നത്) ഞാന്‍ കുറേ കൂടി സുരക്ഷിതമായ സ്ഥലത്താണ്. വൈറ്റ് ഹൌസിനെ നിയന്ത്രിക്കുന്നവരുടെ നാട്ടില്‍. ഒരു കുഴപ്പമേ ഉള്ളൂ തട്ടിന്‍പുറത്തിരിക്കുമ്പോള്‍ ചിലപ്പോള്‍ പാലസ്തീന്റെ ഒലിവ് തോട്ടങ്ങളും ബങ്കറുകളിരിക്കുമ്പോള്‍ ലെബനോന്റെ പൊട്ടി‘ചിരി‘കളും കേള്‍ക്കേണ്ടി വരാറുണ്ടെന്ന് മാത്രം. ഇങ്ങോട്ട് വരാണെങ്കില്‍ ഇവിടെ ഉള്ളോര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍പ്പിച്ച് തരാമായിരുന്നു.ജൂതരു മാത്രല്ല ഇന്നാട്ടില്. കുറച്ച് അറബികളും ഉണ്ട്. ഇസ്രായേല്‍ പൌരന്മാരായി പോയതിനാല്‍ അറബികള്‍ക്കും അറബികളായതിനാല് ജൂതര്‍ക്കും വേണ്ടാത്തവര്‍. മഹാത്മാവ് എന്ന പോസ്റ്റില്‍ ഇവിടുത്തെ അറബ് പറഞ്ഞതാണെന്ന് ഞാന്‍ എഴുതിയിരുന്നതെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഉപദേശത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു കൊടുക്കണം. അങ്ങനെ ഉള്ളവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും. പാലസ്തിനിനെ കുറിച്ചുള്ള എന്റെ രാഷ്ട്രീയ നിലപാട് ഇവിടെ വായിക്കാം. ഇസ്രായേലില്‍ മാറിവരുന്ന ഒരു തലമുറയെ മുന്നില്‍ കാണുമ്പോള്‍ പറയാനുള്ളത് ആത്മവിശ്വാസത്തോടെയുള്ള പോരാട്ടമാണ് യഥാര്‍ത്ഥ പാലസ്തീന് വിമോചനത്തിനു വഴിവയ്ക്കുക എന്നതാണ്. ഫൈറ്റര്‍ വിമാനങ്ങള്‍ക്ക് പകരം കാറ്റിലാടുന്ന കത്യൂഷയ്ക്ക് ഒന്നും ചെയ്യാനാവില്ല. പിന്നെ എല്ലാം അടിയറ വച്ച്, നല്ലതെല്ലാം വിട്ടുകൊടൂത്ത്, നശിപ്പിക്കപ്പെട്ട് ഒരു കാലത്ത് കിട്ടന്ന സ്വതന്ത്ര പാലസ്തീനില്‍ എത്ര സ്വതന്ത്ര മനസ്സുകള്‍ ഉണ്ടാകുമെന്നതും എന്റെ ചിന്താവിഷയമാണ്. ഇന്ന് ഇസ്രായേലിന്റെ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ക്യൂ നില്ക്കുന്ന പാലസ്തീനികളെ പോലെ അന്നും ഉണ്ടാവരുത് എന്നൊരാഗ്രഹം കൂടെയുണ്ട്. കേട്ടറിഞ്ഞ കാര്യങ്ങളേക്കാള്‍ കണ്ടറിഞ്ഞ കാര്യങ്ങള്‍ എഴുതാനാണ് എനിക്കീ ബ്ലോഗ്.
കാശ്മീരിലും ആസാമിലും നാഗാലാന്റിലും പണ്ട് പഞ്ചാബിലും ഇന്ത്യ നടപ്പാക്കി വിജയിച്ചതും അഹിംസയാണല്ലോ
ഇവിടെ ഒക്കെ ഇപ്പോള്‍ ഇന്ത്യ വിജയിച്ചു എന്നാണോ മാരിചന് പറയുന്നത്? കാശ്മീരിനും ആസാമിനും നാഗാലാന്റിനും ഇപ്പോള്‍ ഒന്നും പറയാനില്ലേ?
ഗാന്ധിജിയെ അംഗീകരിക്കുന്നവരെല്ലാം ഗാന്ധിവാലുള്ളവരെ അംഗീകരിക്കുന്നുണ്ടാവണമെന്നില്ല എന്നൊരു തിരിച്ചറിവും നല്ലതാണ്.
18 comments:
മാരീചന്റെ തന്നെ അഭിപ്രായമായിരുന്നു എനിയ്ക്കും പണ്ട്.
പക്ഷേ പലയിടത്തുനിന്നും വായിച്ചറിഞ്ഞതില്‍ നിന്നും എനിയ്ക്ക് മനസിലായത് ഇത്രയുമാണ്-
ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയില്‍ ആരെയെങ്കിലും ഭയപ്പെട്ടുരുന്നെങ്കില് അത് ഗാന്ധിജിയെ മാത്രമായിരുന്നു
ഒന്നും കൂടി വായിച്ചു ഡാലിയുടെ 'മഹാത്മാവി'നെ. അതുവരെ വെറും രാഷ്ട്രപിതാവ് മാത്രമായിരുന്ന ഗാന്ധിജി വല്യപുളളിയാണെന്ന് മനസിലാക്കിത്തരാന്‍ അറബി ക്രിസ്ത്യനായ ലാബ് എഞ്ചിനീയറുടെ കരണത്തടിക്കല്‍ ടെസ്റ്റ് വേണ്ടി വന്നു,
"കരണത്തടിക്കൂ മകളേ" എന്ന് സ്നേഹത്തോടെ കെഞ്ചിയ വല്യപ്പൂപ്പന്റെ പ്രായമുളളയാളെ അങ്ങനെയങ്ങ് തല്ലാന്‍ കഴിയില്ലെന്നറിഞ്ഞാണ് താങ്കള്‍ക്ക് ബോധോദയം ഉണ്ടായതെന്ന് ആദ്യ ഖണ്ഡികയില്‍ നിന്നും മനസിലാകുന്നു.
വലം ഗൈ - വലം ഗരണം, പിന്നെ വലം ഗൈ - ഇടം ഗരണം എന്നീ ദ്വന്ദ്വങ്ങള്‍ ഗവേഷിച്ച് ഗണ്ടുപിടിച്ച ലാബ് എഞ്ചിനീയര്‍ മഹാത്മന് ഗൂപ്പുഗൈ.
അടിമത്വം നിലനിന്ന കാലത്ത് വേണ്ടുവോളം താഡനങ്ങള്‍ മറ്റുവഴിയില്ലാതെ ഏറ്റുവാങ്ങിയിരുന്ന പാവം അടിമകള്‍, വലം കരണത്ത് അടിയേറ്റാല്‍ അടുത്ത അടിക്ക് ഇടം കരണവും യജമാനന് കാഴ്ചവെച്ചിരുന്നത്രേ പണ്ട്. എന്നിട്ട് കണ്ണീരിറ്റിച്ച് മൂകമായി യജമാനപ്രതിഭയോട് പറഞ്ഞത്രേ,
"നിങ്ങളെന്നെ അടിച്ചു കൊള്ളൂ, പക്ഷേ ഒന്നോര്‍ക്കുക ഞാനും നിങ്ങളെ പോലെ മനുഷ്യനാണ്". കാലാന്തരേ യജമാനന് നാണം വരികയും അടിമ സമ്പ്രദായം അവസാനിക്കുകയും ചെയ്തു. ഹോ! വായിച്ചിട്ട് കുളിരു കോരുന്നു!
പിന്നെയും വായിച്ചു. നാണം കെട്ടാണത്രേ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടോടിയത്. നാണക്കേട് വരാനുളള കാരണമോ? ഗാന്ധിജി അര്‍ദ്ധ നഗ്നവേഷം കെട്ടിയതും! ഗാന്ധിജി അര്‍ദ്ധ നഗ്നത്തില് തലയുയര്‍ത്തി നിന്നപ്പോള്‍ ബ്രിട്ടീഷ് ചേട്ടന്മാര്ക്ക് നാണം വന്നു. ആ നാണവും കൊണ്ടവര്‍ കടല്‍ കടന്നേ പോയി.(ആഗോളീകരണത്തെ ചെറുക്കാനാവുമോ ഈശ്വരാ, സിനിമാസ്ക്രീനിലെ അര്‍ദ്ധനഗ്ന പ്രകടനം)
ക്രിസ്തുവിന്റെ സെല്‍ഫ് റെസ്പെക്ട് തിയറി അരച്ചു കലക്കി കുടിച്ചിരുന്ന ഗാന്ധിജിയ്ക്ക് കസ്തൂര്‍ബായുടെ സെല്‍ഫ് റെസ്പെക്ടോ, സെല്‍ഫ് സര്വൈവലോ, എക്സിസ്റ്റന്സോ പ്രശ്നമായിരുന്നില്ലെന്നതിലെ അശ്ലീലതയും നമുക്ക് മറക്കാം. സ്വന്തം കുടുംബത്തിലെ അധികാരമുപയോഗിച്ച് മറ്റൊരു മനുഷ്യജീവിയെ ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞത് ക്രൂരതയല്ലേ എന്നു ചോദിക്കരുത്. അങ്ങനെയായിരുന്നില്ലെങ്കിലും അവര്‍ മരിക്കുമായിരുന്നല്ലോ, എന്നെങ്കിലും.
കസ്തൂര്‍ബയുടെ രോഗത്തോട് ഗാന്ധിയുടെ പ്രതികരണം ആദി വലിയ കാര്യമാക്കേണ്ടെന്ന ഡാലിയുടെ ഉപദേശം അദ്ദേഹം ശിരസാവഹിച്ചു കാണുമെന്ന് കരുതട്ടെ.
പാലസ്തീനിലെ സ്വാതന്ത്ര്യപ്പോരാളികള്‍ക്ക് ആ ലാബ് എഞ്ചിനീയറുടെ ട്യൂഷന് ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം കിട്ടാത്തത് കഷ്ടമായിപ്പോയി. സ്വയം ബഹുമാനിക്കാനറിയാത്തതാണല്ലോ അവരുടെ ഏറ്റവും വലിയ പ്രശ്നം. കുടുംബാംഗങ്ങളെ, കൂട്ടുകാരെ, നാട്ടുകാരെ, സമൂഹത്തെ ചുട്ടെരിക്കുന്നത് കണ്ടു നില്ക്കുന്നവന് സ്വയം ബഹുമാനം പഠിക്കാന്‍ ട്യൂഷന്‍ക്ലാസില്‍ പോകട്ടെ. അല്ലെങ്കില്‍ ഒരു മഹാത്മാവിന്റെ ജനനത്തിന് വേണ്ടി കാത്തിരിക്കട്ടെ.
പിന്നെ പാലസ്തീനെക്കുറിച്ചു പറയുമ്പോള്‍ മാരീചന് അതിവൈകാരികതയുടെ അതിപ്രസരമൊന്നുമില്ലെന്ന വിവരം വിനയപൂര്‍വം അറിയിക്കട്ടെ. ജനിച്ചു വീണ മണ്ണില്‍ മനസമാധാനത്തോടെ ജീവിക്കാനാവാത്ത സ്ഥിതി വന്നാല്‍ ചിലപ്പോള്‍ അവരൊക്കെ ചെയ്യുന്നതു തന്നെ ചെയ്തു പോകും എന്ന തിരിച്ചറിവുളളതു കൊണ്ട്, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന് കളഞ്ഞ് പൊരുതുന്നവരോട് ഒരൈക്യദാര്‍ഢ്യം. അത്രയേ ഉളളൂ.
ഫലസ്തീന് പോരാട്ടത്തെക്കുറിച്ച് ഡാലിയുടെ ഇന്‍ഫോമേഴ്സ് തരുന്നുവെന്ന് അവകാശപ്പെടുന്ന വിവരങ്ങള്‍ വിശ്വസിക്കാന്‍ തല്ക്കാലം സാധിക്കില്ല. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ ഇവിടെയും ഉണ്ടായിരുന്നു, സമരമൊന്നും ചെയ്യാതെ കിട്ടുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി കാത്തിരുന്നവര്‍. സമരത്തിനറങ്ങിയവരെയും അതിനെ പിന്തുണച്ചവരെയും അപേക്ഷിച്ച് എത്രയോ ഇരട്ടിയായിരുന്നു ആ ജനതയുടെ വലിപ്പം(മനോരമ വരെ ഗാന്ധിജിയെ മിസ്റ്റര്‍ ഗാന്ധിയെന്നാണല്ലോ അക്കാലത്ത് വിളിച്ചിരുന്നത്). അത്തരക്കാര്‍ ലോകത്തെവിടെയും കാണും. അല്‍ഭുതമൊന്നുമില്ല.
"പിന്നെ എല്ലാം അടിയറ വച്ച്, നല്ലതെല്ലാം വിട്ടുകൊടുത്ത്, നശിപ്പിക്കപ്പെട്ട് ഒരു കാലത്ത് കിട്ടന്ന സ്വതന്ത്ര പാലസ്തീനില്‍ എത്ര സ്വതന്ത്ര മനസ്സുകള്‍ ഉണ്ടാകുമെന്നതും എന്റെ ചിന്താവിഷയമാണ് "എന്ന് ഡാലി പറയുന്നു. അതിലൊന്നും എതിര്പ്പൊട്ടുമില്ല. താങ്കളുടെ ഈ വിഷയം (അതോ വിഷമോ) തന്നെ ഫലസ്തീന് പോരാളികളും അവരെ പിന്തുണയ്ക്കുന്നവരും ചിന്തിച്ചിരിക്കണമെന്ന് ശഠിക്കുന്നതിലേയുളളൂ അഭിപ്രായവ്യത്യാസം.
കേട്ടറിഞ്ഞ കാര്യങ്ങളെക്കാള്‍ കണ്ടറിഞ്ഞ കാര്യങ്ങളെക്കുറിച്ചെഴുതുന്ന താങ്കളുടെ ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു. ഈ ബ്ലോഗ് വായിച്ച് ഫലസ്തീനികള്‍ മാനസാന്തരപ്പെടുന്ന ഒരു കാലത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
(ഒരു തിരുത്ത്. കാശ്മീരിലും ആസാമിലും നാഗാലാന്റിലും പണ്ട് പഞ്ചാബിലും ഇന്ത്യ നടപ്പാക്കി വിജയിച്ചതും അഹിംസയാണല്ലോ ഇങ്ങനെയൊരു വാചകം കഴിഞ്ഞ മറുപടിയില്‍ എഴുതിയിരുന്നു. അതിലെ "വിജയിച്ചതും" ഇങ്ങനെ തിരുത്തി വായിക്കാന്‍ അപേക്ഷ. രണ്ടു കോമ പോയപ്പോള്‍ അര്‍ത്ഥം പോയ പോക്കേ!)
ഗാന്ധിജിയുടെ അഹിംസയും അര്‍ദ്ധനഗ്നതയും കണ്ട് നാണം കെട്ടാണ് ബ്രിട്ടീഷുകാരന് ഇന്ത്യ വിട്ടുപോയത് എന്ന് വിശ്വസിക്കാനുളള താങ്കളുടെ അവകാശത്തെ മാരീചന് മാനിക്കുന്നു. ഏതു സമരമുഖത്തും പയറ്റി വിജയിക്കാനുളള ആയോധനമുറ അതാണെന്ന് പ്രചരിപ്പിക്കാനുളള അവകാശത്തോടും എതിര്‍പ്പില്ല. അങ്ങനെയല്ലെന്ന് മാരീചനും വിശ്വസിക്കുന്നു. നന്ദി.
ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാള് അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു
മത്തായിയുടെ സുവിശേഷം 10:34
ഇത്രയും കൂടി. ഗാന്ധിജിയുടെ പാത പിന്തുടരാനുളള നിയോഗം ഫലസ്തീനികള്‍ക്ക് മാത്രം ഏല്പ്പിച്ചിതിലെ സാംഗിത്യവും മനസിലായില്ല. ഇസ്രായേലുകാര്ക്കെന്താ ഗാന്ധിജിയെ പിന്തുടര്ന്നാല് കയ്ക്കുമോ? ജോര്‍ജ് ബുഷിനും.
ഉപദേശം വല്ലപ്പോഴും ആ വഴിയും ആകുന്നത് നല്ലതാണ്. ഒരു ബാലന്സിനു വേണ്ടി.
മാരീചാ,
രണ്ടാമത്തെ കമന്റിനു ആദ്യം മറുപടി പറയട്ടെ. തിരക്കിനിടയില്‍ ഈ പോസ്റ്റിലെ ലിങ്ക്കള് ഒന്നും വായിക്കാന്‍ പറ്റിട്ടുണ്ടാവില്ലല്ലേ? പക്ഷേ “ഗാന്ധിജിയുടെ പാത പിന്തുടരാനുളള നിയോഗം ഫലസ്തീനികള്‍ക്ക് മാത്രം ഏല്പ്പിച്ചിതിലെ സാംഗിത്യവും മനസിലായില്ല. ഇസ്രായേലുകാര്ക്കെന്താ ഗാന്ധിജിയെ പിന്തുടര്ന്നാല് കയ്ക്കുമോ? ജോര്‍ജ് ബുഷിനും.“ ഈ ആരോപാണം ഉന്നയിക്കും മുമ്പ് ഈ പോസ്റ്റ് വായിച്ചിരിക്കണ്ടതാ.ജൂതരും കൃസ്ത്യാനികളും പാലസ്തീനിക്കു വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തയ്യാറാവും എന്നൊരു സ്വപ്നം കണ്ടീട്ടുണ്ട് അവീടെ. ലോകത്തിനു മുഴുവനും വേണ്ടി സ്വപ്നം കാണാനുള്ള ത്രാണിയായില്ല എന്നൊന്നും പറഞ്ഞു കളയരുത് പ്ലീസ്.
മാരീചാ ഒന്നാമത്തെ കമന്റില്‍ വൈകാരികതയിടെ അതിപ്രസരം ഒന്നുമില്ല എന്ന് എഴുതുന്നുണ്ടെങ്കിലും വാക്കുകളില്‍ ഒക്കെ വികാരം ഒഴുകാണല്ലോ.
ഒന്ന് നിര്‍ത്തി നിര്‍ത്തി വായിക്ക്. ഒരു ബൈബിള്‍ വചനത്തിന്റെ അര്‍ത്ഥം അനന്തമായ സഹനം അല്ല എന്നാണ് പറഞ്ഞത്. അത്കൊണ്ട് അടിമസബ്രദായം തീര്‍ന്നു എന്നൊന്നും പറഞ്ഞില്ല. (ഹല്ല അര്‍ദ്ധനഗ്നായ ഫക്കീര്‍ ഉപ്പു കുറീക്കിയപ്പോള്.. എന്ന തരം കുറുക്കലുകളെവിടെയും ആവാലോ!) പാലസ്തീനിനെ കുറിച്ച് പത്രങ്ങള്‍ നല്കുന്ന വാര്‍ത്ത വിഴുങ്ങാനെ മാരീചനെ പോലുള്ളവര്‍ക്ക് പറ്റൂ. അവരുടെ ഗ്രാമങ്ങളില്‍ ചെന്ന് അറിയുന്ന നിജസ്ഥിതിയൊന്നും ആര്‍ക്കും വേണ്ട. പാലസ്തീന് തീവ്രവാദികള്‍ക്ക് കാശു കൊടുക്കുന്നത്തു അവരെ ഉണ്ടാക്കുന്നതും ഇസ്രായേല്‍ തന്നെയാണെന്നത് പരസ്യമായ രഹസ്യമായാലും ആര്‍ക്കും കേള്‍ക്കണ്ടാ. ഹമാസും ഫത്തയും തമ്മില്‍ അടിപിടി കൂടുന്നു. അതൊക്കെയും സ്വന്തം ഭൂമി വീണ്ടെടുക്കാനുള്ള പോരാട്ടമായിരിക്കും ല്ലെ?
ശരിയാണ്, സ്വാതന്ത്ര്യ സമരമുണ്ടായില്ലായുന്നെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയേനെ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടന് കോളണികള്‍ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത് കൊണ്ടാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന് പറയുന്നവര്‍ പണ്ട് മാത്രമല്ല ഇന്നും ഇന്ത്യയില്‍ ഉണ്ടല്ലോ. പക്ഷേ പാലസ്തീന് പോരാളികളോട് എനിക്ക് ശാഠ്യമൊന്നുമില്ല കേട്ടോ. എനിക്ക് ശരി എന്ന് തോന്നുന്നവ എഴൂതാന്‍ ഈ ബ്ലോഗ് ഉപയോഗിക്കുന്നു. സംഗതി മലയാളത്തിലായത് കൊണ്ട് പാലസ്സ്തിനികള്ക്ക് വായിക്കാനാകുമോ എന്നൊരു ശങ്കയേ ഉള്ളൂ.
തിരുത്ത് ഒന്നും മനസ്സിലായില്ലട്ടോ. ഇനിപ്പോ കാശ്മീരിലും ആസാമിലും നാഗാലാന്റിലും ഒന്നും ഇന്ത്യന്‍ പട്ടാളം വിജയിച്ചില്ല എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ആ വാചകത്തിന്റെ പ്രസക്തിയും മനസ്സിലായീല്ല.
ഒരാളെ അറിയുന്നതിന് ഏറ്റവും എളുപ്പവഴി അയാള്‍ എന്തു പറയുന്നു എന്നതിനു പകരം എന്തു പറയുന്നില്ല എന്ന് ശ്രദ്ധിക്കുകയാണ് എന്ന് ആരാണ് പറഞ്ഞത്? ഓര്‍മ്മ ശരിയാണെങ്കില്‍ ഖലീല്‍ ജിബ്രാനാണ്.
തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും നിര്‍ത്തി നിര്‍ത്തിയുമൊക്കെ കുറെ സമയം ചിലവഴിച്ചു പെങ്ങളേ നിങ്ങളുടെ ബ്ലോഗില്‍. ഫലസ്തീനികള്ക്കെതിരെയുളള ഇസ്രായേല്‍ ക്രൂരതയില്‍ പ്രതിഷേധിച്ച് ഒരു വരി, ഇക്കണ്ട മനുഷ്യാവകാശങ്ങളത്രയും ധ്വംസിച്ചിട്ടും ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കെതിരെ ആത്മരോഷത്തിന്റെ ചുവയുളള ഒരു വരി, കണ്ടില്ലല്ലോ അവിടെയെങ്ങും.
പകരം നിങ്ങളുടെ സ്വസ്തതയ്ക്കു മീതെ ഭീതിയും സ്വൈരക്കേടും വിതയ്ക്കുന്ന ഫലസ്തീന് സ്വാതന്ത്ര്യസമരപ്പോരാളികള്‍ക്ക് അഹിംസോപദേശം നല്‍കുകയാണ് നിങ്ങള്‍. ഞെക്കിക്കൊല്ലാനാവുന്നില്ലെങ്കില് നക്കിക്കൊല്ലാം എന്ന ലൈന്‍. അവര്‍ രഘുപതി പാടി വീട്ടിലിരുന്നാല്‍ നിങ്ങള്‍ക്കും സ്വസ്ഥത കിട്ടുമല്ലോ. സ്വാര്‍ത്ഥത പുറത്തു വരുന്ന ഓരോ വഴികളേ.
പത്രങ്ങളെയും ടിവിയെയും മറ്റുമാധ്യമങ്ങളെയും ഉപേക്ഷിച്ച് വിശ്വാസ്യത മൊത്തമായി ഡാലിയുടെ ബ്ലോഗിന് തരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ആ ബ്ലോഗോ അതെഴുന്നയാളോ അത്രയ്ക്കൊന്നും വളര്‍ന്നിട്ടില്ല. വരട്ടെ. അപ്പോഴാലോചിക്കാം. ഫലസ്തീനെക്കുറിച്ചുളള വിവരങ്ങള്‍ കിട്ടാല്‍ തല്ക്കാലം വേറെ വഴികളുണ്ടെന്നറിയിക്കട്ടെ.
വീണ്ടും വായിക്കാന്‍ പറഞ്ഞ ആ പോസ്റ്റില്‍ വീണ്ടും പോയി. വിലകുറഞ്ഞ സെന്റിമെന്റലിസമല്ലാതെ ഒന്നും കണ്ടില്ലല്ലോ അവിടെയും. വീട്ടുകാരും കൂട്ടുകാരും ചത്തൊടുങ്ങിയ പലസ്തീന് പയ്യന് മുന്തിരി വളളി ഒരെണ്ണം കൂടുതല്‍ കൊടുത്തുളള അനുഭാവപ്രകടനവും കലക്കി.
വിഷയം ഫലസ്തീനിലെ ഗാന്ധിയന്‍ സമരമുറയുടെ പ്രസക്തിയാണല്ലോ! നിങ്ങളാണെങ്കില്‍ ഗാന്ധിയന്‍ ചിന്തയുടെ പ്രസക്തി നന്നായി അറിയുന്നയാളും.
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതവും നിങ്ങളുടെ ഇസ്രായേല്‍ ജീവിതവും സാമ്യമുളളതാണ്. കറുത്തവര്ഗക്കാര്ക്കെതിരെയുളള പീഢനങ്ങളില്‍ പ്രതിഷേധിച്ച് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നടത്തിയതു പോലുളള സമരങ്ങള്‍ വല്ലതും താങ്കള്‍ ഇസ്രായേലില്‍ ഫലസ്തീനികള്‍ക്കു വേണ്ടി ചെയ്യുന്നുണ്ടോ എന്നറിയാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. അഹിംസ മാത്രമല്ല, ഡു ഓര് ഡൈ എന്നും പറഞ്ഞല്ലോ മഹാത്മാവ്!
അതോ, ബ്ലോഗിലൂടെയുളള വെര്‍ബല്‍ ഡയേറിയ മാത്രമേയുള്ളോ! അറിയാനുളള കൗതുകമാണേ! മറ്റൊന്നും വിചാരിക്കരുത്, പ്ലീസ്!
മാരീചാ,
ഇങ്ങനെ ദേഷ്യം വരേണ്ട കാര്യം ഒന്നൂല്യാ. ചക്ക എന്ന് എഴുതിയാല്‍ ചുക്കു എന്ന് വായിക്കുകയും കൊക്ക് എന്ന് പറയുകയും ചെയ്യുന്ന എഴുത്തുക്കാര്‍ക്ക് യാതൊരു പഞ്ഞവും ഇല്ല മലയാളത്തില്‍. തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും നിര്‍ത്തി നിര്‍ത്തിയുമൊക്കെ കുറെ സമയം ചിലവഴിച്ചു വായിച്ചീട്ടും ഇസ്രായേല്‍ പ്രതിക്ഷേധത്തിനു പറ്റിയ ഒരു വരി കണ്ടില്ലെങ്കില്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍! വായനാ മാഹാത്മ്യം! ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇസ്രായേല്‍ പട്ടാളം പാലസ്തീനില്‍ നിന്നും ഒഴിഞ്ഞു പോകലാണ് എന്നാണ് എന്റെ അഭിപ്രായം എന്നൊക്കെ എഴുതുന്നതിനു പകരം എന്തു വിലകൊടുത്തും ഇസ്രായേല്‍ പട്ടാളത്തെ പാലസ്ത്തീനില്‍ നിന്നും തുരുത്തിയോടിക്കേണ്ടത് ഒരോ മനുഷ്യന്റേയും കടമയാണ് എന്ന് ഞാന്‍ ശക്തമായി പറയുകയാണ് എന്ന് പറഞ്ഞാല്‍ ഈ പറഞ്ഞ ആത്മരോഷം കാണാന്‍ പറ്റോ മരീചാ? ആത്മരോഷം കൊള്ളാന്‍ നിങ്ങളൊക്കെയുണ്ടല്ലോ മരീചാ. എന്നെപോലെ ചിലരെങ്കിലും ആത്മരോഷമില്ലാതെ, വൈകാരികതയിടെയും, വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റേയും പിന്നിലൊളിക്കാതെ വല്ലതും എഴുതിക്കോട്ടെ. അതിനാണ് ബ്ലോഗ്.
ഹ ഹഹ ഗാന്ധിജിയുടെ ആഫ്രിക്കന്‍ ജീവിതവും എന്റെ ഇസ്രായേല്‍ ജീവിതവും. ബെസ്റ്റ് കോമ്പീനേഷന്‍! എന്തായാലും ഒന്ന് പറയാതെ വയ്യ കുത്തകളേയും അമേരിക്കയേയും നാഴികയ്ക്ക് നാല്പത് വട്ടം തെറിവിളിച്ച് അമേരിക്കയ്ക്ക് വിസയ്ക്ക് ആപ്ലികേഷനു കൊടുത്തിരിക്കുന്നവരേക്കാള് ഭേദമാണ് രണ്ടാളും. പിന്നെ ഞാന്‍ എന്തു പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു എന്ന് നിങ്ങള്‍ക്കറിയാന്‍ കൌതുകം കാണും. പക്ഷേ പറയാന്‍ എനിക്ക് തെല്ലും കൌതുകമില്ല.ലബാനാന് യുദ്ധം ഇസ്രായേലിലെ ഭൂഗര്‍ഭ ഷെല്‍ട്ടറില്‍ ഇരുന്നു അനുഭവിക്കുമ്പോഴും ലബനാനിനെ പിന്തുണയ്ക്കാനുള്ള ഒരു മനസ്സുണ്ടായിരുന്നു എന്നു ഉണര്‍ത്തിക്കാനുള്ള അനുവദം തരണേ.
നിങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ നിങ്ങള്‍ ശരിയെന്ന് വിശ്വസിക്കൂ. ഞാന്‍ കാണുന്നവ ഞാനും.പിന്നെ മാരീചാ, ലോകത്തില്‍ മനുഷ്യരെല്ലാം സ്വാര്‍ത്ഥരാണ് ഞാനും. എനിക്ക് എന്നേക്കാള്‍ മറ്റൊരാളേയും സ്നേഹിക്കാന്‍ പറ്റില്ല എന്നതൊക്കെ തിരിച്ചറിവുകളില്‍ പെടുനതാണാവോ?
വിഷയം ഫലസ്തീനിലെ ഗാന്ധിയന്‍ സമരമുറയുടെ പ്രസക്തിയാണല്ലോ! അതെ അതു തന്നെയാണു. ആ സമരമുറ പിന്തുടര്ന്ന് പാലസ്തീന് ഗ്രാമങ്ങളില്‍ അവര്‍ക്ക് അന്നന്നത്തെ അന്നത്തിനു യു.എനിന്റേയും, അമേരിക്കന്‍ ബിനാമികളുടേയും മുന്നില്‍ കൈനീട്ടാതെ വല്ലതും നയിച്ചുണ്ടാക്കി ഭക്ഷിക്കാന്‍ സഹായിക്കുന്ന സംഘടനകളോടാണ് എന്റെ ചായ്വ്. ഗ്രാമങ്ങളിലെ മണിക്കൂറുകള്‍ ദീര്‍ഘിക്കുന്ന ഇസ്രായേല്‍ ചെക്കിങ്ങില്‍ നിന്ന് അവരെ രക്ഷിക്കുന്നവരോട്. അല്ലാതെ രോഗത്തിലും ദാരിദ്ര്യത്തിലും കിടന്ന് കഷ്ടപ്പെടുന്ന ജനത്തിന്റെ മേല്‍ ഇസ്രായേലിന്റെ പണം പറ്റി, പരസ്പരം വെട്ടിമരിയ്ക്കുന്ന, ഫത്തയിലേയും ഹമാസിലേം സോ കോള്‍ഡ് “പാലസ്തീന് സ്വാതന്ത്ര്യ സമര വിപ്ലവകാരി“കളോടല്ല.
ചേ.ക്കാ.
(വായന കേമാണ്, മുന്തിരി വള്ളി കൊടുത്തത് പയ്യനല്ല കേട്ടോ, പെണ്‍കുട്ടിയ്ക്കാണ്. ഹല്ല കൂട്ടത്തില്‍ പറഞ്ഞതാണ്.)
വിവരസാങ്കേതികതാ വിസ്ഫോടനത്തിന്റെ കാലത്തായിരുന്നെങ്കില്‍ ഗാന്ധിജിയും സൗത്ത് ആഫ്രിക്കയില്‍ ബ്ലോഗു തുടങ്ങിയേനെ. മഹാന്മാരുടെ ഓരോ ഗതികേടേ.
മാരീചന്റെ ആരാണ്ട് അമേരിക്കയില്‍ പോകാന്‍ കാത്തുനില്ക്കുന്ന മട്ടിലാണല്ലോ ഒരു താരതമ്യം. ആരോ എന്തോ!
ചേ. ക്കീ.... അത്രയും വായിച്ചെടുത്തില്ലേ. ആണായാലെന്ത്, പെണ്ണായാലെന്ത്. മുന്തിരിവളളി കിട്ടിയല്ലോ അതുതന്നെ ഭാഗ്യം!
മാരീചാ
>>സ്വാര്‍ത്ഥത പുറത്തു വരുന്ന ഓരോ വഴികളേ.
ഇത് ബുഷ് പറഞ്ഞതുപോലെയുണ്ടല്ലോ? യൂ ആര് ഐദര്‍ വിത് അസ് ഓര് എഗൈന്‍സ്റ്റ് അസ് എന്ന്?
അങ്ങിനെയാണെങ്കില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ ഭക്തിഗാനം എഴുതിയാല്‍ എന്നെ ഒരു ഭക്ത ആയി മുദ്രകുത്തുമോ ?
സ്വാര്‍ത്ഥത പുറത്ത് വരുന്ന മറ്റു വഴികള്‍ ഏതൊക്കെയാണ് മാരീചാ? കൂടുതല്‍ പേര് മരിച്ചാലും വേണ്ടില്ല, പാലസ്തീനികള്‍ ഒരെണ്ണം മാത്രം അവശേഷിച്ചാലും വേണ്ടില്ല എന്നുള്ള രാഷ്ട്രീയത്തിന്റെ സ്വാര്‍ത്ഥത എന്താണെന്ന് മനസ്സിലാക്കാന്‍ അധികം വിവരം വേണമേന്നു കൂടിയില്ല. ദേ എന്നെപ്പോലെയുള്ളവര്‍ക്ക് പോലും മനസ്സിലാവും!
വിവരസാങ്കേതികതാ വിസ്ഫോടനത്തിന്റെ കാലത്തായിരുന്നെങ്കില്‍ ഗാന്ധിജിയും സൗത്ത് ആഫ്രിക്കയില്‍ ബ്ലോഗു തുടങ്ങിയേനെ.
അതില്‍ ഇത്ര സംശയിക്കാനെന്തിരിക്കുന്നു!
മാരീചന്റെ ആരാണ്ട് അമേരിക്കയില്‍ പോകാന്‍ കാത്തുനില്ക്കുന്ന മട്ടിലാണല്ലോ ഒരു താരതമ്യം. ആരോ എന്തോ!
ഇത്രനേരം പറഞ്ഞതൊന്നും മാരീചന്റെ ആരാണ്ട് ആള്‍ക്കാരെ കുറിച്ചല്ല എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത് :)
അത്രയും വായിച്ചെടുത്തില്ലേ. ആണായാലെന്ത്, പെണ്ണായാലെന്ത്. ...
അവരവര്‍ക്ക് ആവശ്യമുള്ള ‘അത്രയും‘ വായിച്ചെടുക്കുന്നതാണല്ലോ പുതിയ കല. നടക്കട്ടെ..
അഹിംസ എന്ന വജ്രായുധത്തെക്കുറിച്ച് മനസ്സിലായിട്ടില്ല എന്ന് നടിക്കാന്‍ എളുപ്പമാണ്. അഹിംസ ഭീരുത്വമാണെന്നും നടിക്കാന്‍ എളുപ്പമാണ്. ഉയരത്തില്‍ ചിന്തിക്കേണ്ടത് വളരെ അത്യന്ത്യാപേക്ഷിതമാണിവിടെ.
ഗാന്ധിജി ഉപയോഗിച്ച സമരമാര്‍ഗ്ഗം രാഷ്ട്ര നിര്‍മ്മാണത്തിനുള്ളതാണ്. ഒരു രാഷ്ട്രം തുടങ്ങാന്‍ വേണ്ടിയുള്ളതാണ്. ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും ഈ ഗാന്ദിസം ഉള്ളാതുകൊണ്ടാവണം ടെററിസ്റ്റു വാച്ച് ലിസ്റ്റില്‍ ഇന്ത്യക്കാര്‍ ഇപ്പോഴും കാണാനില്ലാത്തത്. അഹിംസ വെച്ച് ഇന്ത്യ ഭരിക്കാനല്ല മറിച്ച് ഇന്ത്യ നേടിത്തരുകയാണ് ആ മഹാത്മാവ് ചെയ്തത്. നമ്മളോരോരുത്തരേയും ബംഗ്ലാദേശിയില്‍ നിന്നും പാകിസ്താനിയില്‍ നിന്നും ശ്രീലങ്കനില് നിന്നും പിരിച്ചു നിര്‍ത്തുന്ന ഘടകം ഈ മഹത്തായ വിപ്ലവമാണ്. ഗാന്ധിജിയെ ആരാധിക്കുന്നത് ഇന്ത്യക്കാരെക്കൂടുതല് മറ്റു ദേശക്കരാണ്. ഇന്ത്യ എന്നൊരു മൂന്നാംകിട രാജ്യം പാശ്ചാത്യ നാടുകളിലെ മാപ്പുകളില്‍ തെളിഞ്ഞതും ഈ വിപ്ലവമാണ്.
ഗാന്ധിജിയെ ദൈവത്തെപ്പോലെ ആരാധിക്കുന്നവരുണ്ടവും. അവര്‍ക്ക് ഗാന്ധിജി ദൈവമായത് മറ്റൊന്നും കൊണ്ടാവില്ല. മാജിക്ക് കാട്ടാതെ ഒരു ജനത്തെ മുഴുവന്‍ തന്റെ അണികളായി ചേര്‍ക്കാന്‍ കഴിയുന്നത് നിസ്സാര കാര്യമല്ല. തലമുറകള്‍ തൊറും അത് തുടരാന്‍ സാധിക്കുന്നതും. അഞ്ചപ്പം അയ്യായിരം പേര്‍ക്ക് വീതിച്ചോ, യുദ്ധങ്ങള്‍ ജയിച്ചോ അല്ലായിരുന്നു. ജീവിച്ചുകൊണ്ടാണ്. ജീവിതം എന്ന മാജിക്ക്. ആര്‍ജ്ജവമായിരുന്നു മാജിക്ക്. എളിമയും സിപ്ലിസിറ്റിയുമായിരുന്നു മാജിക്ക്.
കോട്ടും സൂട്ടും ഇട്ടു വരുന്ന വെള്ളക്കാരന്റെ തോക്കിനു മുന്നില്‍ നെഞ്ചും വിരിച്ച് നില്ക്കാന് കയ്യിലൊരു കത്തി പോലും വേണ്ട ഉറച്ച് മനസ്സും തികഞ്ഞ ദേശഭക്തിയും മതിയെന്ന് കാട്ടിത്തന്നത് ഗാന്ധിജിയാണ്. നേറ്റീവ്സ് എന്ന് പുച്ഛത്തില്‍ വിളിച്ചികൊണ്ടിരുന്ന സിവിലൈസ്ദ് ബ്രിട്ടീഷുകാരനെ അതേ നാണയത്തില്‍ മറുപടി കൊടുത്തത് ആ നേക്ക്ഡ് ഫക്കീറാണ്. സിവിലൈസ്ഡ് ആണേങ്കില്‍ ഞങ്ങളുടെ രാജ്യം ഞങ്ങള്‍ക്ക് വിട്ടു തരൂ എന്ന് പറയാന്‍ ആ മഹാത്മാവിനു രണ്ടാമതൊര്ന്നു ആലോചിക്കേണ്ടി വന്നു കാണില്ല്യ. അതൊരന്നാന്തരം രാഷ്ട്രീയ തന്ത്രമാണ്.
ഗാന്ധിജി കുശാഗ്ര ബുദ്ധിയുള്ള ഒരു നേതാവാണെന്ന് മനസ്സിലാക്കാത്തവര്‍ വിഡ്ഡികളാവും...മുപ്പത്തഞ്ച് വര്‍ഷം ഇതേ സമരമുറ കൊണ്ട് നടക്കാന്‍ സാധിക്കുന്നത് മഹാത്മാക്കള്‍ക്കേ സാധിക്കൂ. കൊന്നും കൊടുത്തും സൂപ്പര്‍പവറുകള്‍ പോലും മടുകുന്ന ഈ കാലഘട്ടത്തില്‍ പോലും ഗാന്ധിജിയുടെ സമരമുറയുടെ ശക്തി മനസ്സിലാക്കേണ്ടിയിരിക്കുന്നു. മനസ്സില്ലാവും, പക്ഷെ നടിക്കരുത്.
ഇന്ത്യക്കാരനെന്നാല്‍ കൊടിപറത്തിയോ, ഇന്ത്യന്‍ ഭാഷ പഠിപ്പിച്ചോ ഇന്ത്യന്‍ പാസ്പ്പോര്‍ട്ട് ഉള്ളതോ മാത്രമല്ല. ഇന്ത്യന്‍ സംസ്കാരത്തിന്റെ അടര്‍ത്തിയെടുക്കാനാവാത്ത ഒരേടാണ് ഗാന്ധിസം എന്ന സംസ്ക്കരം. ഇത് അടുത്ത തലമുറക്ക് കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത് മനസ്സിലാക്കിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍, ഇന്ത്യ എന്നത് മറ്റൊരു രാജ്യം മാത്രമാവും. കൊടിയുള്ളാ ഭാഷയുള്ള പാസ്സ്പോര്‍ട്ട് തരുന്ന ഇരുനൂറ്റിപ്പത്ത് രാജ്യങ്ങളില്‍ ഒരു രാജ്യം മാത്രം. മുറ്റത്തൊരു മാവും, പുറകിലൊരു പുഴയും മനസ്സില്‍ അല്പമെങ്കിലും ഗാന്ധിസവും അറിഞ്ഞാവട്ടെ അടുത്ത തലമുറ വളരേണ്ടത്. എന്തുകൊണ്ട് ഇന്ത്യയില്‍ അഭിമാനിക്കണം എന്ന് കാട്ടിക്കൊടുക്കാന്‍ സാധിക്കട്ടേ മക്കള്‍ക്ക്. നാളെ അവര്‍ ഈ വഴി മറാക്കാതെയിരിക്കുവാന്.
നമ്മള് കരുതുന്നതിലുമപ്പുറം ഗാന്ധിയെ ഉറ്റുനോക്കിയത് മറ്റു രാഷ്ട്രങ്ങളാണ്. ഇനിയൊരു ഗാന്ധി ഇതുവരെ ജനിക്കാത്തതും മറ്റൊരു രാഷ്ട്രത്തിനു ഗാന്ധിയെ പിറവി എടുപ്പിക്കാന്‍ ഇതു വരെ കഴിയാതെ ഇരുന്നതും അതുകൊണ്ടാവണം. ഇരുപതാം നൂറ്റാണ്ടിലെ ശക്തമായ ഒരു രാഷ്ട്രനിര്മ്മാഞ്ജന് ഉണ്ടെങ്കില്‍ അത് ഗാന്ധിയാവും.
(അഹിംസ എന്നത് കള്ളനെ പിടിക്കാനോ കൊലപാതകിയേ പിടിക്കാനോ കൊള്ളുമോ എന്നുള്ള ബാലിശമായ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി നമുക്കിനിയും വാദിക്കാം.)
I came here pretty late. A well written and spot on reply Daly!
ഇതിപ്പോള്‍ പോസ്റ്റ് വായിക്കുമോ അതൊ കമന്റ് വായിക്കുമൊ..?
Post a Comment