Monday, April 16, 2007

സംഭവ്യതയുടെ അസംഭവ്യത

അമ്മ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഇന്ത്യാ-ചൈന യുദ്ധം. സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മയോട് പറയുമായിരുന്നത്രേ എന്തെങ്കിലും വിമാനം കണ്ടാല്‍ ഏതെങ്കിലും ചാലിലോ, പാലത്തിനടിയിലോ പതുങ്ങിയിരിക്കണം. വിമാനങ്ങളില്‍ നിന്നും വീഴുന്ന ബോംബിനു പ്രതിവിധി ആയിരുന്നു ഈ ഒളിച്ചിരിക്കല്‍. അമ്മയിപ്പോഴും വിമാനങ്ങളുടെ ഇരമ്പല്‍ കേട്ടാല്‍ ഇതാണ് ഓര്‍ക്കുക. അമ്മ ഇത് പറയുമ്പോഴൊക്കെ ഞാന്‍ കളിയാക്കുമായിരുന്നു. അമ്മയെ പറ്റിയ്ക്കാന്‍ ആരെങ്കിലും പറഞ്ഞതായിരിക്കും എന്നതായിരുന്നു എന്റെ അഭിപ്രായം. പക്ഷേ ജീവിതത്തില്‍ ഒരു യുദ്ധം നേരിടേണ്ടി വന്നപ്പോള്‍ അഭയം തന്നത് ഒരു ചാല് തന്നെ! അന്ന് അമ്മ പറഞ്ഞതൊന്നും ഓര്‍ത്തില്ല. ഒളിസ്ഥലത്തിന് തൊട്ടപ്പുറത്ത് മിസൈല്‍ വീഴാനുള്ള സംഭവ്യതയുടെ അസംഭവ്യത കണക്കുകൂട്ടുകയായിരുന്നു!

ഇന്ന് ഇതോര്‍ക്കാന്‍ കാരണമുണ്ട്. പതിവുപോലെ 10 മണിയ്ക്ക് ഓഫീസിലേയ്ക്ക് വരുകയായിരുന്നു. പെട്ടെന്നൊരു സൈറണ്‍. ഞെട്ടി പോയി. പരന്നു കിടക്കുന്ന റോഡ്. ആദ്യം നോക്കിയത് അടുത്ത് ചാലുണ്ടോ എന്നാണ്! ഇല്ല. ഒരു കെട്ടിടത്തിന്റെ തണല്‍ പോലും ഇല്ല. അടുത്തുള്ള മരത്തിനോട് ചേര്‍ന്ന് നിന്നു. അതിനു ശേഷമാണ് ചുറ്റും നോക്കിയത്. പതുക്കെ ശ്വാസം എടുക്കാമെന്നായി. എല്ലാവരും കാറ് നിര്‍ത്തി പുറത്തിറങ്ങി നില്‍ക്കുന്നു. ഹൊ, സമാധാനം, പട്ടാളക്കാര്‍ക്ക് വേണ്ടിയുള്ള ദിവസമായിരിക്കും. കഴിഞ്ഞ കൊല്ലത്തെ 2 മിനിട്ട് സൈറണ്‍ ഓര്‍മ്മ വന്നു. 2 മിനിട്ട് നീണ്ട സൈറന്റെ ഇടയ്ക്ക് ഫോണ്‍ ശബ്ദിച്ചു, നല്ല പാതി.
“എന്താ സൈറണ്‍?“
“പട്ടാളക്കാരുടെ ദിവസമാണെന്ന് തോന്നുന്നു“
“ഹോ പേടിച്ച് പോയി. ഓടി കുളിമുറിയില്‍ കയറി“
“ഹ ഹ ഹ എന്നാല്‍ ഒ.കെ“

ഓഫീസില്‍ വന്ന് പത്രം നോക്കിയപ്പോഴാണ് കണ്ടത് ഇന്ന് ഹോളോകോസ്റ്റ് ഓര്‍മ്മ ദിനം ആണ്. അതില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കാണ് ഈ രണ്ട് മിനിട്ട് സൈറണ്‍. വാര്‍ത്തഇവിടെ. ആ സൈറ്റില്‍ നിന്നും എടുത്ത പടം താഴെ.


ഈ ഒരു രണ്ട് മിനിട്ട് എന്നെ എവിടം വരെ കൊണ്ട് പോയി!

ഇസ്രായേല്‍-ലബനന്‍ യുദ്ധം, 2006 ജുലൈ. ആദ്യത്തെ മിസൈല്‍ വീണപ്പോള്‍ സൈറണ്‍ അടിച്ചില്ല. അതെന്തുകൊണ്ടാണെന്ന അന്വേഷണം ഇനിയും തീര്‍ന്നില്ല എന്നു തോന്നുന്നു.കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഞാന്‍ ജനലിലൂടെ നോക്കിയപ്പോള്‍ ഹൈഫ പോര്‍ട്ടിന്റെ ഭാഗത്ത് ഒരു പുക. നല്ലപാതി പറഞ്ഞു ആരോ പാറ പൊട്ടിക്കുന്നതാ. ആ പാറപൊട്ടിക്കലില്‍ 8 പേര്‍ മരിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വലാത്തൊരു സൈറണ്‍. വാതില്‍ തുറന്ന് പുറത്തിറിങ്ങിയ ഞങ്ങളെ നോക്കി ഇംഗ്ലീഷ് അറിയാത്ത അയല്‍ക്കാരി പറഞ്ഞു “ബംബ് ബംബ്“. പിന്നങ്ങോട്ടുള്ള കുറേ ദിവസങ്ങള്‍ ഈ സൈറണ്‍ ആയിരുന്നു ഹൈഫയുടെ താളം. മിസൈല്‍ വീഴുന്ന ഒച്ച കേള്‍ക്കുന്നതിലും ഹൃദയ ഭേദകമാണ് ഈ വേവി ആയുള്ള സൈറണ്‍. ആദ്യ ദിവസം ഷെല്‍ട്ടറിലേയ്ക്കുള്ള യാത്രയ്ക്കിടെ ആദ്യ സൈറണ്‍ കേട്ടപ്പോള്‍ ഏതാണ്ട് ഇന്നു നിന്ന സ്ഥത്തായിരുന്നു. അതാണ് പെട്ടെന്ന് ഹൃദയ താളം തെറ്റാനുണ്ടായ കാരണം. സൈറണ്‍ കേട്ട് 45 സെക്കന്റിനുള്ളില്‍ ഷെല്‍ട്ടറില്‍ ഒളിച്ചിരിക്കണം. മിസൈലിനു ശേഷം സൈറണ്‍ ഉണ്ടായ അനുഭവവും ഉണ്ട്. എന്നാലും സൈറണ്‍ കേട്ടാലുടന്‍ ജീവനെ എടുത്ത് കൈയില്‍ പിടിച്ച് ഓട്ടമായി.പിന്നീട് കുറേ ദിവസത്തേയ്ക്ക് ഈ വ്യായായം സ്ഥിരമായപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി. ഓഫീസിലാണെങ്കില്‍ റൂമിനടൂത്ത് ഷെല്‍ട്ടര്‍ ഉണ്ട്.അപ്പാര്‍ട്ട്മെന്റിലെ ഷെല്‍ട്ടര്‍ എല്ലവര്‍ക്കും കൂടി ഉള്ളതാണ്. അത് ഏറ്റവും താഴത്തെ നിലയില്‍ നിന്നും 100 മീറ്റര്‍ അകലെ ആയതുകൊണ്ട് ഓടി ചെന്ന് ഒളിക്കാനുള്ള റിസ്ക് ഞങ്ങള്‍ എടുക്കാറില്ല. കുളിമുറിയില്‍ ഉള്ള രണ്ട് ഭിത്തിക്കിടയില്‍ ശ്വാസമടക്കി നില്‍ക്കും. അതാണ് നല്ലപാതി ഇന്നും കുളിമുറിയിലെയ്ക്കോടാന്‍ കാരണം.നേരിട്ട് വീണാലും ഞങ്ങള്‍ നടുവിലെ ഫ്ലോറില്‍ ആയത് കൊണ്ട് മിസൈല്‍ എത്തില്ല. സൈഡ് വഴി വന്നാല്‍ കുളിമുറിയുടെ രണ്ട് ഭിത്തിയും പിന്നെ പുറത്തെ ഭിത്തിയും കഴിഞ്ഞ് വരുന്ന മിസൈല്‍ വലിയ പരുക്ക് ഉണ്ടക്കില്ല. വഴിയിലാണെങ്കില്‍ കെട്ടിടങ്ങളുടെ മറ, താഴന്ന സ്ഥലം, ചാലുകള്‍, ഇതൊന്നുമില്ലെങ്കില്‍ മരത്തിന്റെ ലബനാന്‍ അതിര്‍ത്തിയ്ക്ക് എതിര്‍വശമുള്ള ഭാഗം. താഴ്ന്ന സ്ഥലത്തിരുന്നാല്‍ കുറച്ചകലെ മിസൈല്‍ വീണാല്‍ ഉണ്ടാകുന്ന അപകടം കാര്യമായി ഏല്‍ക്കില്ല. അധികവും സ്ഫോടാനം മൂലമാണ് മരണ സംഖ്യ കൂടാറ്. അതാണ് ചാലിലൊളിക്കാന്‍ കാരണം. ഇത്തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആണ് എല്ലാ ഒളിസങ്കെതങ്ങളും നിര്‍ണയിക്കുന്നത്. നേരിട്ട് വീണാ‍ല്‍ ഇതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. ശരിക്കും സംഭവ്യതയുടെ അസംഭവ്യത അളക്കുകയായിരുന്നു ഓരോ സൈറണിലും.

ഷെല്‍ട്ടര്‍ ഉള്ളവര്‍ ഇങ്ങനെ ഒളിക്കുകയെങ്കിലും ചെയ്യും ഷെല്‍ട്ടര്‍ പോയിട്ട് മേല്‍ക്കൂര പോലും ഇല്ലാതെ ബോംബിങ്ങിനെ നേരിടുന്ന ലബനാന്‍കാരോ എന്നൊക്കെ ചിന്തിച്ച് ചിന്തിച്ച്, കുറച്ച് കാലം അഭയാര്‍ഥികളായി, പിന്നെ അഭയാര്‍ഥികള്‍ എന്ന വാക്കു തന്നെ വെറുത്ത് യുദ്ധത്തിന്റെ അവസാന നാളുകളിലും ഹൈഫയില്‍ ഉണ്ടായിരുന്നു.(ചിന്തിക്കാനും എഴുതാനും പറ്റിയ നല്ലൊരു വിഷയമാണ് അഭയാര്‍ഥികള്‍. ഇവിടെയൊക്കെ ഇതിനെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. അഭയാര്‍ഥികളെ സൃഷിക്കാന്‍ മാത്രമുതുകുന്ന യുദ്ധങ്ങള്‍, കലാപങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍. യുദ്ധത്തിനും കലാപത്തിനും മനുഷ്യരെ പഴിചാരാം. പ്രകൃതി ദുരന്തത്തിനോ? പുരോഗതിയുടെ കൊടുമുടിയിലിരിക്കുന്ന അമേരിക്കയില്‍ കൊടുങ്കാറ്റ് വീശിയപ്പോള്‍ ഉണ്ടായ അഭയാര്‍ഥികളെ ഇവിടെ കാണാം. പക്ഷേ ഒരിക്കലെങ്കിലും ഒരു അഭയാര്‍ഥി ആയിട്ടുള്ള ആള്‍ക്ക് ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഒരു തിങ്ങല്‍ ചങ്കോളം തള്ളി വരും. പിന്നെ വാക്കുകള്‍ക്കൊന്നും പ്രസക്തി ഇല്ലാത്ത ഓര്‍മ്മകളാണ്.ലബനാന്‍ യുദ്ധത്തിലുണ്ടായ ലബനാന്‍ അഭയാര്‍ഥികള്‍ക്ക് ഇപ്പോഴും അഭയം കിട്ടിയിരിക്കാന്‍ വഴിയില്ല.)

അവസാന ദിവസം 7 സൈറണ്‍ വഴിയില്‍ വച്ച സ്വീകരിക്കാനുള്ള അവസരം ആണ് ഉണ്ടായത്. അതില്‍ സെക്യൂരിറ്റി പോസ്റ്റിനടുത്ത് വച്ച് സൈറണ്‍ അടിച്ചപ്പോള്‍ ഒളിക്കാന്‍ ചാലു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അമ്മ പറഞ്ഞതിലെ സത്യം അംഗീകരിക്കാന്‍ ഒരു യുദ്ധം കാണേണ്ടി വന്നു!

16 comments:

Pramod.KM said...

രക്ഷപ്പെടാന്‍ ഷെല്‍ട്ടറുള്ളവറ്ക്ക്, സംഭാവ്യതയുടെ അസംഭാവ്യതയും,
കാര്യമറിയാതെ വെടിയേറ്റവറ്ക്ക് അസംഭാവ്യതയുടെ സംഭാവ്യതയും!
യുദ്ധങ്ങള്‍ എല്ലാക്കാലത്തും നിരപരാധികള്‍ക്കു മാത്രമേ നഷ്ടം വരുത്തിയിട്ടുള്ളൂ..
ഡാലിച്ചേച്ചീ..നല്ല കുറിപ്പ്.

Rajeeve Chelanat said...

ഇതൊന്നും നേരിട്ടു അനുഭവിക്കാത്ത ഒരാള്‍, ഞാന്‍ എന്തു പറയാന്‍?
എന്നാലും സങ്കല്‍പ്പിക്കാന്‍ ആവുന്നുണ്ട്‌ ഡാലി. അഭയാര്‍ഥികളെയും, അവരുടെ നിത്യജീവിതത്തെയും. ജീവിതവേരുകള്‍ പിഴുതെറിയപ്പെടുന്നവര്‍..

പോസ്റ്റിനു നന്ദി. മത-വംശ-ദേശ സ്പര്‍ദ്ധകളില്‍ക്കൂടി നിത്യവും മല്‍സരിച്ച്‌ കടന്നുപോവുന്ന, ഞങ്ങള്‍ക്ക്‌, ഇനിയും ഇത്തരം ചാലുകളും, അപായ സൈറണുകളും ആവശ്യം വന്നേക്കും

വേണു venu said...

സങ്കല്പത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഡാലീ നല്ല പോസ്റ്റു്.:)

asdfasdf asfdasdf said...

കുവൈറ്റ് യുദ്ധകാലത്ത് ആദ്യ രണ്ടാഴ്ചക്കാലം ഇടക്കിടെ ഉണ്ടാകുന്ന സൈറണ്‍ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ - ലബനന്‍ - പാലസ്തീന്‍ അച്ചുതണ്ടില്‍ ഇത് ഇടക്കിടെ ഉണ്ട്. ഇറാക്കില്‍ ജോലിചെയ്യുന്ന വിചാരത്തെപ്പോള്ള ബ്ലോഗര്‍മാര്‍ക്കിത് ദിവസത്തില് രണ്ടും മൂന്നും തവണ കേള്‍ക്കേണ്ടിവരുമ്പോഴുള്ള മാനസികാവസ്ഥ എങ്ങനെയായിരിക്കും ?
ഡാലിയുടെ കുറിപ്പ് പല ചിന്തകളിലേക്കും ഓര്‍മ്മയിലേക്കും വഴിമരുന്നിടുന്നു.

അതുല്യ said...

ഡാലി, ഒരു യുദ്ധം വന്നാല്‍, എനിക്കോ, ഡാലിയ്കോ ഒക്കെ തിരിച്ച്‌ പോവാം അല്ലേ? (തരിച്ച്‌ നിന്നിട്ട്‌ ബാക്കിയുണ്ടെങ്കില്‍ പിന്നെ തിരിച്ച്‌ പോവാംന്ന് ) പക്ഷെ ഇവിടെ യുദ്ധം വരുമ്പോ ഞാന്‍ കരുതാറുണ്ട്‌ ഇവിടെയുള്ള പാലസ്തീങ്കാരും മറ്റും എവിടെയ്ക്‌ ആവും ഒാടിപോവാന്‍ ആദ്യം തീരുമാനിയ്കുക എന്ന്? വേരില്ലാത്തവര്‍ എന്ന് പറയുന്നതിലും യോജിപ്പ്‌ വെറും ഉണങ്ങിയ ഇല എന്നാണു എന്ന് തോന്നുന്നു. നല്ല പോസ്റ്റു്.

ഡാലീടെ പോസ്റ്റല്ലേ... ഒരു ഓഫാക്കാം ല്ലേ?

അപായ സൈറണൊന്നുമില്ല്യാണ്ടെ തന്നെ മിനിയാന്ന് ഒരു ചെറിയ യുദ്ധം നടന്ന് വിര്‍ജീനിയന്‍ ക്ലാസ്സ്‌ മുറിയിലു. ആ 31 (?)കുട്ടികള്‍ക്കും നമ്മടെ പ്രൊഫസര്‍ ലോകനാഥനും പാവം ഒരു ചാലുകളും ഇല്ല്യായിരുന്ന് കേറി ഒളിയ്കാന്‍. അമേരിയ്കലു ആയതോണ്ട്‌ മരിച്ചവരെ അഭയാര്‍ത്ഥീന്ന് വിളിയ്കാനും പറ്റില്ല്യാലോ അല്ലേ? ഇതിനിടയ്ക്‌ ഒരു അമേരിയ്കന്‍ ചാനല്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ ഒരു വ്യക്തി പറഞ്ഞു, ഇവിടെയ്ക്‌ എത്തുന്ന കുട്ടികള്‍ മിക്കവരും തന്നെ ഹൈലി സ്റ്റ്രെസ്സ്ഡ്‌ ആണു, റീസണ്‍ ആയിട്ട്‌ നിരത്തിയത്‌ ഇതും :-

(1)താങ്ങാനാവുന്നതിലും വലിയ ഫീസ്‌
(2)പഠിയ്കുന്നതിനിടയിലും കുടുംബം നോക്കേണ്ട ഗതികേട്‌
(3)വളരെ നീണ്ട പഠിയ്കാനുള്ള സമയം.
(4)ഫീസിനായി ഇതിനിടയില്‍ തെണ്ടി നടന്ന് ഉണ്ടാക്കേണ്ട ജോലിയും, അവിടെ അനുഭവിയ്കുന്ന യാതനയും.

ഇതൊക്കെ ആണു പോലും കുട്ടികളെ തോക്കെടുപ്പിയ്കുന്നത്‌.

ഏതായാലും ആ തോക്കിനു ഇരയായ എല്ലാര്‍ക്കും വേണ്ടി പ്രാര്‍ഥിയ്കാം നമുക്ക്‌ - അല്ലാതെ എന്ത്‌ ചെയ്യാന്‍. കുഞ്ഞുങ്ങള്‍ ജനിച്ച്‌ വീഴുമ്പോ സ്വന്തം കാലില്‍ നിക്കുമോ അല്ല മറ്റ്‌ വല്ല മണ്ണിലും പോയി അഭയാര്‍ഥിയായി വാഴുമോ അല്ല സഹമുറിയന്റെ തോക്കിനു മരിച്ച്‌ വീഴുമോ എന്നൊക്കെ മുങ്കൂട്ടി തന്നെ അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍,.....

G.MANU said...

നല്ല എഴുത്ത്‌..കാണാന്‍ വൈകിപ്പോയി......

പ്രിയംവദ-priyamvada said...

ഡാലിയെ ...ആ ഞെട്ടല്‍ ..ഒളിക്കാന്‍ ഇടം തേടല്‍..വല്ലാത്ത അവസ്ഥ തന്നെ..ഊഹിക്കാം (അത്രെ ഉള്ളു)
ഇത്തരം 'അവസ്ഥകള്‍' ആവശ്യമില്ലാതെ സൃഷ്ടിക്കപ്പെടുന്നതിനെ പറ്റി ആലോചിച്ചാല്‍ മനുഷ്യരാശിയോടു തന്നെ ദേഷ്യം തോന്നും....

On Topic തലകെട്ടില്‍ അക്ഷരപിശകുണ്ടോ? അതൊ എനിക്കാണോ തെറ്റിയതു?
qw_er_ty

Unknown said...

പ്രമോദ്,യുദ്ധം ഒരിക്കലും സിവിലിയന്റെ ആവശ്യമല്ലല്ലോ. അധികാരം കൈവശമുള്ളവന്റെ കൈയൂക്കിനുമുന്നില്‍ സിവിലിയന്‍ വെറും നോക്കുകുത്തിയാവുന്നു.

രാജീവ്, സത്യം പറഞ്ഞാല്‍ ഈ ഒരു യുദ്ധം കണ്ടതൊടെ എപ്പോള്‍ വേണാമെങ്കിലും ആക്രമിക്കപ്പെട്ടേക്കാവുന്നവരുടേ വികാരം ശരിക്കും മനസ്സിലായി. ഒരു പരിധി കഴിഞ്ഞാല്‍ ആക്രമിക്കപ്പെടാ‍ം എന്നത് വെറും “ഒരു പതിവ്“ എന്ന അവസ്ഥയിലെത്തുനു.

വേണു, നന്ദി.

കുട്ടന്മേനോന്‍, വിചാരം ഇറാക്കില്‍ ആണെന്ന് കേട്ടപ്പോള്‍ എങ്ങനെ അവിടെ ജിവിക്കുന്നു എന്ന് വിചാരിച്ചിരുന്നു. പിന്നെ ഓര്‍ത്തു ഒരു പരിധി കഴിഞ്ഞപ്പോള്‍ ഷെല്‍ട്ടറിലേയ്ക്കോടുന്നത് പോലും ഒരു ഗെറ്റ് റ്റുഗാതെറിനു ചെല്ലുന്ന പോലെ ആയിരുന്നല്ലോ എന്ന്.

അതുല്യേച്ചി, ആദ്യമേ തന്നെ ഓടി പോണം എന്ന ചിന്ത നമ്മുക്ക് വരില്ല. അഭയാര്‍ത്ഥി എന്ന വാക്കിന് അത്ര ശക്തിയാണുള്ളത്. പിന്നെ ഓടി പോകാം എന്നൊരു ഓപ്ഷന്‍ ഉണ്ടെന്ന് മാത്രം.

യുദ്ധങ്ങളും, കലാപങ്ങളും ഏതു നാട്ടിലുണ്ടായലൂം അമേരിക്കയില്‍ ഉണ്ടായാലും ഒരേ അവസ്ഥ ആണെന്ന യാഥാര്‍ഥ്യമാണാലോ ഞാന്‍ ലിങ്ക് ചെയ്ത ഇഞ്ചിടെ പോസ്റ്റില്‍ ഉള്ളത്. അമേരിക്കനായാലും, പാലസ്തീനിയായാലും മനുഷ്യന്‍ വെറും മനുഷ്യന്‍ തന്നെ. ഭരണകൂടങ്ങളെ മാറുന്നുള്ളൂ.

മനു, വന്നു വായിച്ചതിന് നന്ദി.

പ്രിയംവദ ചേച്ചി, ഞെട്ടി ഞെട്ടി ഞെട്ടാന്‍ മറന്നു പോകുന്ന അവസ്ഥ അതാണ് യുദ്ധവൂം കലാപവും.
തലക്കെട്ട് ശരിയാക്കി. കാണിച്ചു തന്നതിന് നന്ദി

Kalesh Kumar said...

ഡാലീ, വല്ലാത്ത വിഷമിപ്പിക്കുന്ന എഴുത്ത്! :(

ഞങ്ങളെയെല്ലാരേം കൂടുതല്‍ ടെന്‍ഷനടിപ്പിക്കാതെ (ഡാലനോടും കൂടാ പറയുന്നത്) വേഗം റിസര്‍ച്ചൊക്കെ തീര്‍ത്ത് രണ്ടു പേരും ഇങ്ങ് വാ...
(അല്ലേല്‍ ഈ കുനഷ്ടുകളൊന്നുമില്ലാത്ത സേഫായ എവിടെയെങ്കിലും പോകൂ)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ഡാലീ,
ഏകദേശം പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ പത്രം വരുത്തല്‍ നിര്‍ത്തിയതാണ്‌ ഇതുപോലെ അസുഖകരങ്ങളായ വാര്‍ത്തകള്‍ വായിച്ചിട്ട്‌ അതിനെതിരെ പ്രതികരിക്കുവാന്‍ ആവില്ലാത്തതൊ/ അഥവാ പ്രതികരിച്ചാല്‍ ഫലമില്ലാത്തതോ ആയ -( ഏറി വന്നാല്‍ ഒരു അനാഥപ്രേതം കൂടി ഉണ്ടാകും അല്ലാതെന്ത്‌) ഒരു നികൃഷ്ടാവസ്ഥയിലാണല്ലൊ ഞാന്‍ എന്നു മനസ്സിലാക്കി. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്ന ചെകുത്താന്മാര്‍ക്ക്‌ ഇതൊന്നും ആലോചിക്കേണ്ടല്ലൊ.

ഇതു വായിച്ചപ്പോള്‍ വീണ്ടും മനസ്സിന്‌ ആ വിങ്ങല്‍

Unknown said...

റോക്കറ്റോ മിസൈലോ ലോഞ്ച് ചെയ്തതായി റഡാറില്‍ സ്പോട്ട് ചെയ്താലല്ലേ സൈറണ്‍ വരുന്നത്. 45 സെക്കന്റ് എന്നത് ഇമ്പാക്റ്റിന്റെ എസ്റ്റ്മേറ്റഡ് സമയമല്ലേ. അതൊക്കെ വ്യത്യാസം വരാം. അത് കൊണ്ട് മിസൈല്‍ വീണതിന് ശേഷം സൈറണ്‍ വന്നതും സൈറണ്‍ വരാതെ പോയതും അല്‍ഭുതപ്പെടുത്തുന്നില്ല. എന്നാലും നല്ല സിസ്റ്റം ആണ് അത്. എനിക്ക് ഇഷ്ടായി.

യുദ്ധം രസമുള്ള ഏര്‍പ്പാടാവുന്നത് അത് കമ്പ്യൂട്ടര്‍ ഗെയിമാവുമ്പോള്‍ മാത്രമാണ്.

ചില നേരത്ത്.. said...

ഈയിടെ നാട്ടില്‍ പോയപ്പോള്‍ ഭീതിദമായ ചില അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്ന നിമിഷങ്ങളെ ഓര്‍മ്മിപ്പിച്ചു. മരണത്തെയല്ല ഭയക്കുന്നതെന്നും അതിന്റെ രാഷ്ട്രീയത്തെയാണെന്നും ഭയത്തെ പറ്റി ചിന്തിച്ചപ്പോഴോര്‍ത്തു. അന്ന്, ഹോളോകോസ്റ്റിന്റെ ഇരകളുടെ ഭീതിയെ പറ്റി ഞാന്‍ കഠിനമായി ഓര്‍ത്തു. ഇരകള്‍, സഹോദരങ്ങളാകുന്നതിന്റെ മാനസികാവസ്ഥ എന്നെ അത്ഭുതപ്പെടുത്തി.പ്രകൃതി ദുരന്തത്തിന്റെ ഇരകളോട് സഹാനുഭൂതി തോന്നുന്നത് അതില്‍ രാഷ്ട്രീയമില്ലാത്തത് കൊണ്ടാകണം. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ആ ദിവസങ്ങളില്‍ ഞാന്‍ വീണ്ടും വായിച്ചു. അതില്‍ പിന്നെ എന്റെ രാഷ്ട്രീയത്തിലെ ഹോളോകാസ്റ്റ് നിഷേധം, നിശ്ശേഷമില്ലെങ്കിലും തോത് ഗണ്യമായി കുറഞ്ഞു. ദുരന്താവസ്ഥകളില്‍ മനുഷ്യന്‍ ചിന്താപരനാകുന്നുവെന്ന് ആരെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ എന്തോ?
ഡാലി, ചിന്തിക്കാന്‍ ഭക്ഷണം കിട്ടുന്ന നല്ലൊരിടമാണിസ്രയേല്‍, ജീവിക്കാന്‍ പക്ഷേ പാട് തന്നെ. അനുഭവകുറിപ്പിന് വളരെ നന്ദി.

Siji vyloppilly said...

വായിക്കുന്തോറും ഒരു കിടുങ്ങല്‍. യുദ്ധം ഉണ്ടാക്കാന്‍ എളുപ്പമാണ്‌ പക്ഷെ അതിന്റെ മുറിവുകള്‍ മായക്കാന്‍ എത്രകാലം അല്ലേ.

ഡാലി said...

കലേഷേട്ടാ, ഇപ്പോ ഇവിടെ പ്രശ്നം ഒന്നൂല്യാ. എന്നാലും ഈ സ്ഥലം ഞങ്ങള്‍ വിടാന്‍ തന്നെ തീരുമാനിച്ചു.

പണിക്കര്‍ മാഷേ, സുരക്ഷിതമായിരിക്കുന്നു എന്ന് തോന്നുമ്പോള്‍ ചീത്ത വാര്‍ത്തകളെ ഞാനും അകറ്റി നിര്‍ത്തിയിരുന്നു. പിന്നെ ദുരന്തങ്ങള്‍‍ നമുക്ക് മുന്നില്‍ വന്ന് വരുമ്പോള്‍ സ്വീകരിച്ചേ പറ്റൂ എന്ന് ഈ യുദ്ധം മനസ്സിലക്കി തന്നു.

ദില്‍ബു, ഭയങ്കര അഹങ്കാരമായിരുന്നു ഇസ്രായേലികള്‍ക്ക് അവരുടെ റഡാര്‍ സിസ്റ്റത്തെ പറ്റി. ഇന്ത്യന്‍ റഡാര്‍ സിസ്റ്റത്തിന് ഇവരുടെ സാങ്കേതിക വിദ്യ ഉണ്ടെന്ന് പറയപ്പെടുന്നു. ഹൈഫയില്‍ മിസൈല്‍ വീണത് ഇസ്രായേല്‍ പട്ടാളത്തിന്റെ അഹങ്കാരത്തിന് ഒരടിയായിരുന്നു. ഹൈഫ ഒരിക്കലും ആക്രമിക്കപ്പെടില്ല എന്നു തന്നെ അവര്‍ കരുതി.

ചിലനേരത്ത് വരുന്ന ഇബ്രു, ജൂതന്മാര്‍പോലും പുതിയ തലമുറ വളരെയേറെ മാറിയിരിക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇറാന്റെ കളി നടക്കുമ്പോള്‍ ഇറാനു കദിമ (മുന്നോട്ട്) വിളിക്കുന്ന യുവതലമുറയെ നോക്കി വ്യാ‍കുലപ്പെട്ട് ഡയസ്പോറ അയവിറക്കുന്ന പഴയ തലമുറയെ കണ്ട് അത്ദുതപ്പെട്ടു പോയി.

സിജി, മുറിവൊക്കെ പയ്യെ ഉണങ്ങുമ്പോള്‍ “ആ അതൊക്കെ ഒരു കാലം” എന്നു പറയാനും മനുഷ്യനു പറ്റൂന്നു അല്ലേ?

വാണി said...

ഡാലീ..ഈ ബ്ലോഗ് കാണാന്‍ ഒരുപാട് വൈകി ഞാന്‍..

വളരേ നല്ല എഴുത്ത്.....

absolute_void(); said...

പേടിച്ചു പേടിച്ചാണ് വായിച്ചത്. ഇതാ ഇപ്പോഴും ചങ്കിന്റെ പിടപ്പ് തീര്ന്നിട്ടില്ല. ഒളിക്കാന് സ്ഥലമുണ്ടല്ലോ എന്ന ആശ്വാസവും മിസയില് നേരിട്ടു വന്നാല് എവിടെ ഒളിക്കാന എന്ന ഭീതിയും ... ഇത് സൃഷ്ടിക്കുന്ന ആഘാതം എത്ര വലുതാണ്. ബാഗ്ദാദ് ബേണിംഗ് വായിക്കുമ്പോള് തോന്നുന്ന അതേ വികാരം തോന്നി.