Saturday, December 23, 2006

ബെത്‌ലേഹമിലെ പുല്‍കൂട്

പിന്നേയും ഒരു ക്രിസ്തുമസ്സ് കാലം കൂടി. ഇത്തവണത്തെ ക്രിസ്തുമസ്സിനു പ്രത്യേകതയുണ്ട്. ഉണ്ണീശോ ജനിച്ചു വളര്‍ന്ന സ്ഥലത്താണ് ഈവര്‍ഷത്തെ ക്രിസ്തുമസ്സ് കാലം. പതിവുപോലെ അമ്മയുടെ കത്ത് വന്നു. നാട്ടിലെ ക്രിസ്തുമസ്സ് വിശേഷങ്ങള്‍, പള്ളിയിലെ ക്രിസ്തുമസ്സ് വിശേഷങ്ങല്‍, വീട്ടിലെ ക്രിസ്തുമസ്സ് വിശേഷങ്ങള്‍, അവസാനം ഉണ്ണീശോടെ സ്വന്തം സ്ഥലത്ത് എന്തൊക്കെ ക്രിസ്തുമസ്സ് വിശേഷങ്ങള്‍ എന്നറിയണം!

ഒന്നാം പര്‍വ്വം: നൊസ്റ്റാള്‍‍ജിയ

അമ്മയുടെ കത്തും പിടിച്ച് ഇരുന്ന എന്റെ മനസ്സ് ടൈം മെഷീനില്‍ കയറി പുറകോട്ട് പോയത് ഞാന്‍ പോലും അറിയാതെയായിരുന്നു.ഓരോ തവണയും ക്രിസ്തുമസ്സ് പുതിയ അനുഭവങ്ങള്‍ തരും. എന്നാലും ചിലതെല്ലാം മാറാതെ ഓരോ തവണയും ക്രിസ്തുമസ്സിനു കൂട്ടു വന്നിരുന്നു. വൃശ്ചികം ബാക്കി വച്ച് ധനു കൈമാറിയ ക്രിസ്തുമസ്സ് കാറ്റ്, ധനുമാസ കുളിര്, നക്ഷത്രം തൂക്കിയ വീടുകള്‍ നിറഞ്ഞ തെരുവ്, നക്ഷത്ര കൂട്ടങ്ങള്‍ ഒന്നിച്ച് പ്രകാശിക്കുന്ന വിപണി, ക്രിസ്തുമസ്സ് കാര്‍ഡുകള്‍, ക്രിസ്തുമസ്സ് ട്രീ, ഒരു മാസത്തെ പ്രയത്നമായി ഉയരുന്ന പുല്‍കൂടുകള്‍, പിന്നീട് സാധാരണക്കാരന്‍ അവഗണിക്കാന്‍ വയ്യാതായ റിഡക്ഷന്‍ സെയിലുകള്‍ അങ്ങനെയങ്ങനെ. ഇത്തവണ ഈശോയുടെ സ്വന്തം നാട്ടില്‍ കൂട്ടിനൊന്നുമില്ല.ഒരു കുഞ്ഞു ഗ്ലോറീയ പാടാന്‍ മണ്ണില്‍ ഇറങ്ങി വന്ന ഒരു കുഞ്ഞു നക്ഷത്രം പോലും ഇല്ല . ഹേയ് സങ്കടമൊന്നുമില്ല, ചുമ്മാ, എന്നു പറഞ്ഞ് ആകാശകുഞ്ഞിതാരകളെ നോക്കി ഞാന്‍ വെറുതെ കണ്ണുറുക്കി കാണിച്ചു, അവ തിരിച്ചും.പെട്ടെന്ന് ഒരുപാട് ഓര്‍മ്മകള്‍ ഒന്നിച്ച് കുതിച്ച് ചാടി, മനസ്സിന്റെ കാണാകയങ്ങളില്‍ നിന്നും പുറത്ത് വന്നു. അവയൊക്കെ തന്നെയായിരുന്നു എനിക്കെന്നും പ്രിയപ്പെട്ട ക്രിസ്തുമസ്സ് ഓര്‍മ്മകള്‍.

പണ്ട്, പണ്ട് എണ്‍പതുകളിലെ ഒരു ക്രിസ്തുമസ്സ് കാലം. ഞാന്‍ പഠിച്ചിരുന്നത് നാടന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന, ഇടവക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഒരു എയ്ഡഡ് എല്‍.പി സ്കൂളില്‍. നാടന്‍ കന്യാസ്തീകള്‍ എന്നു പറഞ്ഞാല്‍ നാട്ടിന്‍ പുറത്തെ കന്യസ്ത്രീ മഠത്തിലെ വലിയ ആഷ് പുഷ് സംസ്കാരം അറിയാത്ത കന്യാസ്ത്രീകള്‍. സ്കൂളിന്റെ ചുറ്റുവട്ടത്തു നിന്നും വരുന്ന അദ്ധ്യാപികമാര്‍. അദ്ധ്യാപകന്മാര്‍ ആരും തന്നെയില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി പത്ത് നാനൂറ് കുട്ടികള്‍.
എല്ലാ വര്‍ഷവും നവമ്പര്‍ 30 തിയതി അസംമ്പ്ലിയ്ക്കു സി. മര്‍ത്തീന പറയും, "കുഞ്ഞുങ്ങളെ നാളെ മുതല്‍ ക്രിസ്തുമസ്സിനു ഒരുക്കമായ മംഗലവാര്‍ത്ത കാലം ആരംഭിക്കുകയാണ്‌. ഉണ്ണീശോയുടെ പിറവിക്കായി നമ്മളെല്ലാം ഒരുങ്ങേണ്ട കാലമാണിത്‌. പണ്ട്‌ ഒരു പുല്‍‌ക്കൂട്ടില്‍ പിറന്ന ഉണ്ണീശോ ഇന്നു പിറക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടേയും ഹൃദയങ്ങളിലാണ്‌. ഉണ്ണീശോ പിറക്കുമ്പോള്‍ സമ്മാനങ്ങള്‍ കരുതി വയ്ക്കേണ്ടത്‌ നമ്മളാണ്‌.ആ സമ്മനങ്ങള്‍ ഉണ്ടാക്കേണ്ടത്‌ കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്തും ഒഴിവുനേരങ്ങളില്‍ സുകൃത ജപം ചൊല്ലിയുമാണ്‌. നാളെ മുതല്‍ ഓരോ ക്ലാസ്സുകള്‍ ഉണ്ണീശോയുടെ രൂപം അലങ്കരിക്കണം, ചുറ്റും വൃത്തിയാക്കാണം. ആ ക്ലാസ്സുക്കാര്‍ തന്നെ അന്നേ ദിവസത്തെയ്ക്കുള്ള സുകൃത ജപം കണ്ടെത്തുകയും വേണം.“

പിന്നെ ഒരുക്കങ്ങളാണ്‌. മെഴുകുതിരി ഞാന്‍ കൊണ്ടു വരാം, ഉമ്മുകുത്സു രണ്ട്‌ ബലൂണ്‍ കൊണ്ടു വരും, മിനി ഒരു ചന്ദന തിരി, മുരളി തുടയ്ക്കാനുള്ള തുണി, പ്രാഞ്ചീസ്‌ മെഴുകുതിരി, ഇങ്ങനെ പോകും കണക്കെടുപ്പ്‌. സുകൃത ജപം കുട്ടികള്‍ ക്ലാസ്സ്‌ റ്റീച്ചറുടെ സഹായത്തോടെ കണ്ടെത്തും.പിറ്റേന്ന്‌ നേരത്തെ വരുന്ന കുട്ടികള്‍ ഉണ്ണീശൊയെ അലങ്കരിക്കും. ചുറ്റും അടിച്ചു വാരി, ബലൂണുകളും, ചന്ദന തിരികളും കത്തിച്ച്‌ വയ്ക്കും. ബലൂണുകളും തോരണങ്ങളും ചാര്‍ത്തി മോടി പിടിപ്പിയ്ക്കും. അസംമ്പ്ലിയ്ക്ക്‌ ക്ലാസ്സ്‌ ലീഡര്‍ എല്ലാ കുട്ടികള്‍ക്കുമായി സുകൃത ജപം ചൊല്ലി കൊടുക്കും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ഇത്‌ 100 പ്രാവശ്യം ചൊല്ലി ഇന്ന് ഉണ്ണീശോയ്ക്കു ഒരു വള നമുക്കു സമ്മാനിക്കാം".

ഞാനെന്നും വൈകുന്നേരം അമ്മയെ നോക്കിയിരിക്കുമ്പോഴാണു സുകൃത ജപം ചൊല്ലുക. അമ്മാമ്മേടെ പഞ്ഞി കവിളു നുള്ളി “അമ്മിച്ചി എന്തേ ഇത്ര നേരായിട്ടും വരാത്തെ“ എന്ന പതിവു ചോദ്യം ഒരു 10 പ്രാവശ്യം ചോദിച്ചു കഴിയുമ്പോള്‍ അമ്മാമ്മയ്ക്കു ദേഷ്യം വരും. "ക്ടാവ്വേ നിനക്കറിയണതന്യാ എനിക്കറിയളോ. നീ മിണ്ടാണ്ടിരുന്ന്‌ കൊന്തെത്തിയ്ക്ക്‌. നിന്റെ അമ്മ അപ്പഴ്ക്കും വരും" അപ്പോള്‍ വേറോന്നും ചെയ്യാനില്ലാത്തതിനാല്‍ ആകാശത്തേയ്ക്ക്‌ നോക്കി ഞാന്‍ ചൊല്ലും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു".എണ്ണമൊക്കെ എപ്പോഴും തെറ്റും എന്നാല്‍ കുറേ പ്രാവശ്യം ചൊല്ലി കഴിയുമ്പോള്‍ ഒരു കുഞ്ഞുനക്ഷത്രം തിരിച്ചും പറയുന്നതായി എനിക്കു തോന്നും "കുഞ്ഞു മോളേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു" അതാണ് ഉണ്ണീശോ എന്നു ഞാന്‍ വിശ്വസിച്ചു. പിന്നെ നേരം പോകുന്നതറിയില്ല. അമ്മ വരുന്നതുവരെ ആ കുഞ്ഞു നക്ഷത്രത്തിനോടു വര്‍ത്തമാനം പറഞ്ഞിരിക്കും.

എല്‍.പി സ്കൂളില്‍ നിന്നു പട്ടണത്തിലെ ഹൈസ്കൂളിലെത്തി, പിന്നേയും പല പല വിദ്യാലയങ്ങള്‍, കലാശാലകള്‍, “കൊച്ചുണ്ണിശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു“ എന്നത്‌ മാത്രം ക്ഷണിക്കാതെ എല്ലാ ക്രിസ്തുമസ്സ്‌ കാലത്തും കൂട്ടുവന്നു.

രണ്ടാം പര്‍വ്വം: ഞാന്‍ കണ്ട ബെത്‌ലേഹമും പുല്‍കൂടും

ഒരു ക്രിസ്ത്യാനി ഒരിക്കലും വന്നു കൂടാത്ത സ്ഥലമാണ്‌ ഇസ്രായേല്‍ എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. ക്രിസ്ത്യാനിറ്റിയും, മറ്റു പല,പല കണ്‍സെപ്റ്റുകളും മാറി മറയുന്ന ഒരു കലിഡൊസ്കോപ്പായാണ്‌ എനിക്കീ രാജ്യത്തെ കാണാനാവുക. ചിത്രങ്ങള്‍ മാറി മാറി ഇപ്പോള്‍ യേശു എന്ന രണ്ടക്ഷരം പോലും സംശയത്തോടെയല്ലാതെ ഉച്ചരിക്കാനാവില്ല എന്ന അവസ്ഥയയിരിക്കുന്നു(യേശു എന്ന്‌ പറയുന്നതേ തെറ്റാണെന്നാണ്‌ ഇവിടുത്തെ അറബ്‌ ക്രിസ്ത്യാനികള്‍ പറയുന്നത്‌). ഇങ്ങനെ സംശയ വാസു ആയി മാറിയ എനിക്ക്‌ ഒരിക്കല്‍ ബെത്‌ലേഹമില്‍ പോകാനും അവസരം ഉണ്ടായി, ലബനോന്‍-ഇസ്രായേല്‍ യുദ്ധകാലത്ത്‌, യുദ്ധത്തിനിടയില്‍ പലായനം ചെയ്ത ഇന്ത്യന്‍ സംഘത്തിന്‌ ഒരു ആശ്വാസ യാത്ര എന്ന നിലയ്ക്ക്‌. അങ്ങനെ ഒരു പുല്‍കൂടിന്റെ ഓര്‍മ്മയിലും കലിഡോസ്കോപ്പ്‌ ചിത്രങ്ങളായി.

ജറുസലേമില്‍ നിന്ന് എതാണ്ട് 30 മിനുട്ട് എടുത്തു എന്നാണ് എന്റെ ഓര്‍മ്മ. ജറുസലെമില്‍ നിന്ന് 8 കിലോമീറ്ററേ ഉള്ളൂ എന്ന് വെബ്‌സൈറ്റില്‍ കാ‍ണുന്നു. ജറുസലേമില്‍ നിന്ന് ഇസ്രായേല്‍ ഗവണ്മെന്റ് ടാക്സിയില്‍ ആണ് പോയത്. ഗവണ്‍മെന്റ് ടാക്സിയായത് കൊണ്ടാവും ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചെക്കിംഗ് ഇല്ലായിരുന്നു. പലസ്തീന്‍ തിര്‍ത്തിയില്‍ ഒരു പട്ടാള ക്യാമ്പ് മാത്രം കണ്ടു. അതിര്‍ത്തിയില്‍ ഇറങ്ങിയപ്പോള്‍ അവിടെ പാലസ്തീന്‍ ഗവണ്മെന്റ് ഗൈഡ് ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ബത്‌ലേഹമിലേയ്ക്ക്.

2002 ലെ പ്രശ്നങ്ങള്‍ക്ക് ശേഷം അധികം സംഘര്‍ഷങ്ങള്‍ അവിടെ ഉണ്ടായിട്ടിലെങ്കിലും ഇസ്രായേല്‍ പട്ടാളക്കാര്‍ മുഴുവന്‍ വിട്ടു പോയിട്ടില്ല എന്നാണറിഞ്ഞത്. (അല്ലെങ്കിലും പലസ്തിന്റെ എല്ലാ ഗ്രാമത്തിലും ഇസ്രായേല്‍ പട്ടാളം ഉണ്ട് എന്നാണെന്റെ അറിവ്) ഞങ്ങള്‍ പോയ സമയം അവിടെ നല്ല ശാന്തതയുള്ള സമയമായിരുന്നു. ഇസ്രായേല്‍ പട്ടാളക്കാരെ ഒന്നും അവിടെ കണ്ടില്ല. (അവരു ലബനോനിലേയ്ക്ക് പോയി കാണും). ഞാന്‍ കണ്ട ഒരു പാലസ്തിന്‍ തെരുവാണ് ചുവടെ.




അതിര്‍ത്തിയില്‍ നിന്നും 15 മിനിട്ടിനുള്ളില്‍ ഉണ്ണീശോ ജനിച്ചു എന്ന് പറയപ്പെടുന്ന സ്ഥലത്തെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ എത്തി.

ചര്‍ച്ച് ഓഫ് നേറ്റിവിറ്റി

എ.ഡി നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പണികഴിപ്പിച്ചതാണ് ഈ പള്ളി. സമറിയന്‍ വിപ്ലവത്തില്‍ തകര്‍ന്ന ഈ പള്ളി ആറാംനൂറ്റാണ്ടില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി പുതിക്കി പണിതു. ബസലിക്ക പള്ളീ (അവിടെയാണ് യേശു ജനിച്ച ഗുഹയുള്ളത്) ഗ്രീക്ക് കത്തോലിക്കരുടെ അധീനതയിലാണ്. ഇതല്ലാതെ, ലത്തീന്‍ കത്തോലിക്ക പള്ളിയും, അര്‍മേനിയന്‍ പള്ളിയും അടുത്ത് തന്നെയൂണ്ട്. 3 രീതിയിലുള്ള ആരാധനാക്രമങ്ങളിലുള്ള കുര്‍ബ്ബാനയും ബസലിക്ക പള്ളിയില്‍ ഉണ്ടാകാറുണ്ട്. പള്ളിയില്‍ നിന്നുള്ള ഒരു പാലസ്തീന്‍ വ്യു ആണ് താഴെ കാണുന്നത്.



നേറ്റിവിറ്റി പള്ളിയുടെ മുന്നില്‍ ഒരു മുസ്ലീം പള്ളിയാണ്. അത് താഴെ കാണാം.



കയറി ചെല്ലുന്ന കവാടം വളരെ ചെറുതാണ്. ആളുകള്‍ക്ക് കുനിഞ്ഞേ അകത്ത് കയറാന്‍ പറ്റൂ. ഓട്ടോമാന്‍ ഭരണകാലത്ത് കുതിരിയെ ഓടിച്ച് അകത്ത് കയറുന്നത് തടയാനാണ് ഇത് ചെയ്തത്. (അമ്മയുടെ കത്തില്‍ എഴുതിയിരുന്നു, ലത്തിന്‍ പള്ളിയിലെ ക്രിസ്തുമസ്സ് ലേഘനത്തില്‍ ബെത്‌ലേഹത്ത് വന്ന ഒരച്ചന്‍ ഈ വാതിലിനെ കുറിച്ച് എഴുതിയിരുന്നു എന്ന്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ, കുനിഞ്ഞ ശിരസ്സുമായി പള്ളീകകത്ത് പ്രവേശിക്കാനാണ് അത് എന്നതില്‍ എഴുതിരിക്കുന്നു എന്ന്. അതു കണ്ട് അമ്മയെ കളിയാക്കി എഴുതിയതാണ് യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റിനു കാരണമായത്. പിന്നെ ആലോചിച്ചപ്പോള്‍ ആ അച്ചന്‍ അദ്ദേഹത്തിന്റെ വീക്ഷണം മാത്രമാവാം എഴുതിയിട്ടുണ്ടാവുക എന്ന് തോന്നി). ആ വാതിലാണ് താഴെ. പണ്ടുണ്ടായിരുന്ന വലിയ വാതിലിന്റെ അടയാളങ്ങള്‍ ഇപ്പോഴും അവിടെ ഉണ്ട്. (പടത്തില്‍ കാണാത്തത് എന്റെ പടം പിടുത്തത്തിന്റെ ഗുണം കൊണ്ടാ!).



അങ്ങനെ ആ വാതിലു കുനിഞ്ഞ് കടന്ന് പള്ളിക്കകത്തൂടെ ഉണ്ണീശോ ജനിച്ചതെന്ന് പറയുന്ന ഗുഹയില്‍ ( ഗ്രോട്ടോ, ഒരു താഴ്ന്ന പ്രദേശം, അത്രയേ ഉള്ളൂ) പ്രവേശിച്ചു. അവിടെ ഈശൊ ജനിച്ച സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഒരു കുഞ്ഞി കുഴിയായാണ്. അതിനു ചുറ്റും ഒരു വെള്ളി നക്ഷത്രവും ഉണ്ട്. ആ പടം താഴെ.




ആ സ്ഥലത്തിനു ചുറ്റും വെള്ളി വിളക്കുകളാണ്. ഒരു പടം കൂടി.



ഉണ്ണീശോയെ രാജാക്കന്മാര്‍ ആരാധിച്ച സ്ഥലമാണ് ഇനി കാണുന്നത്.



ഇതുകണ്ടിറങ്ങിയപ്പോള്‍, എന്റെ മനസ്സിലുണ്ടായിരുന്ന തൊഴുത്തും, പുല്‍കൂടും, ഗുഹയും, പാടവും, തണുപ്പും, മഞ്ഞും ഒക്കെ ചേര്‍ന്ന കുട്ടികാല ശേഖരത്തിലുണ്ടായിരുന്ന, ഒരു പടം തുണ്ട് തുണ്ടായി കീറി കാറ്റില്‍ പറന്നു പോയി. പിന്നെ ആ തുണ്ടുകള്‍ ഞാനെടുത്തെന്റെ കലിഡോസ്കോപ്പിലിട്ടു. ആല്‍ബത്തിലൊട്ടിക്കാനായി, കഴിഞ്ഞ ആഴ്ച, റഷ്യന്‍ കടയില്‍ നിന്ന് നേറ്റിവിറ്റി ക്രിബ് എന്ന് വിളിക്കപ്പെടുന്ന പുല്‍കൂടിന്റെ ഒരു വികൃത രൂപവും വാങ്ങി.

എല്ലാ ബൂലോകര്‍ക്കും എന്റെ ക്രിസ്തുമസ്സ് സമ്മാനമായി എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്. ഇത് ഞാന്‍ കേട്ടിരിക്കുന്നത് ഞങ്ങളുടെ പള്ളിയില്‍ ജോ പാടിയിട്ടാ. അതോണ്ട് എല്ലവരും ജോയുടെ ബ്ലോഗില്‍ പോയി അത് കേള്‍ക്കുക.എല്ലാ ബൂലോകര്‍ക്കും MERRY XMAS & HAPPY NEW YEAR

20 comments:

ഡാലി said...

ക്രിസ്തുമസ്സ് കാലത്തിന്റെ ദീപ്ത സ്മരണകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കയി...

അരവിന്ദ് :: aravind said...

ഡാല്‍‌സ്...
മെറി കൃസ്തുമസ്സ്!!!
എല്ലാവരേയും കര്‍ത്താവ് അനുഗ്രഹിക്കട്ടെ!

:-))

ബിന്ദു said...

ഡാലി, ക്രിസ്തുമസിനിനി മൂന്നാലു ദിവസം കൂടിയുണ്ട്, എന്നാലും മെറി ക്രിസ്തുമസ്!!! എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക.:)
( ആദ്യഭാഗം വായിച്ചപ്പോള്‍ ഒരു കുഞ്ഞുഡാലിക്കുട്ടി ഇരുന്ന് കുഞ്ഞീശോയേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്നു പറയുന്നത് കണ്ടു.:) )

അനംഗാരി said...

ഡാലി ഈ സൃഷ്ടി മനോഹരം...
എന്നെ ഒരു പാട് കാര്യങ്ങള്‍ ഇത് ഓര്‍മ്മിപ്പിച്ചു.
അഭിനന്ദനങ്ങള്‍...

വിഷ്ണു പ്രസാദ് said...

ഡാലീ,സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു.

വിശ്വപ്രഭ viswaprabha said...

ഡാലീ,
നിങ്ങളിരുവര്‍ക്കും സമാധാനം നിറഞ്ഞ ഒരു ക്രിസ്തുമസ്സ് ആശംസിക്കുന്നു ഞങ്ങള്‍!
അഞ്ചാറുമാസം മുന്‍പ് അനിശ്ചിതത്വത്തില്‍ കിടന്നു വെന്തുരുകിയ ആ നാളുകളില്‍ നിന്നും കോരിയെടുത്ത് ഈ വെള്ളിത്തൊട്ടിലിനടുത്തെത്തിച്ചതിന് സ്നേഹത്തിന്റെ രാജകുമാരന് നന്ദി പറയുക.

ഇപ്പോഴിതു കിടക്കട്ടെ. സമയം പോലെ ഒരു നീണ്ട മറുപടിക്കുറിപ്പിടാം പിന്നെ...

Peelikkutty!!!!! said...

ഡാലിചേച്ചി എപ്പോഴും ഒരുപാട് അറിവ് എനിക്കു തരുന്നു.താങ്ക്സ്.

അപ്പൊ,..നല്ല ഒരു ക്രിസ്തുമസ് ആശംസ.

krish | കൃഷ് said...

ഡാലിക്കും മറ്റു ബൂലോകര്‍ക്കും
ക്രിസ്തുമസ്‌ ആശംസകള്‍.

കൃഷ്‌ | krish

Inji Pennu said...

ശരിക്കുമൊരു ക്രിസ്തുമസ്സ് പോസ്റ്റ്..ഡാലിക്കുട്ടി..
അസ്സലായിരിക്കുന്നു!

Obi T R said...

പോസ്റ്റ് നന്നായിട്ടുണ്ട്.

ഡാലിക്കും കെട്ട്യോനും ക്രിസ്തുമസ് ആശംസകള്‍.
കണവനോട് അന്വേഷണം അറിയിക്കുക.

ഡാലി said...

അരവിന്ദാ, എല്ലാവരേയും അനുഗ്രഹിച്ചാലും സന്മനസ്സുള്ളവര്‍ക്ക് മാത്രമേ സമാധനമുള്ളൂ എന്ന് ബിന്ദു എഴുതിയത് വായിച്ചില്ലേ?

ബിന്ദൂസേ, സത്യയിട്ടും അവിടെ ഒരിക്കല്‍ പോയിട്ടു എനിക്ക് പ്രര്‍ത്ഥിക്കാന്‍ പറ്റിയില്ല. ലോകം മുഴുവന്‍ സമാധാനം നല്‍കാന്‍ വന്ന ഒരാള്‍ ജനിച്ച സ്ഥലത്ത് ഇത്രയധികം അശാന്തി. ഉള്‍ക്കോള്ളാനകുന്നില്ല. ഇത്തവണ നോക്കട്ടെ. എല്ലവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം.

സത്യം പറഞ്ഞ ബിന്ദൂട്ടിയേ എനിക്കിപ്പോ ആകെയുള്ള ക്രിസ്തീയത ഈ എഴുതിയതൊക്കെയാണ്. ഞാറഴ്ച കുര്‍ബ്ബാന പോലും ഗോപി.

അനംഗാരി മാഷേ, ഓര്‍മകളൊക്കെ കുറിച്ചിടണേ. (എവിടെ രേഷ്മ വരച്ച പടം?)

വിഷ്ണുമാഷേ, ആശംസകള്‍ക്ക് നന്ദി. ഇവിടെ കണ്ടതില്‍ ഒരുപാട് സന്തോഷം.

വിശ്വേട്ടാ, ആശംസയ്ക്ക് നന്ദി. അനിശ്ചിതത്വത്തിലെ വെന്തുരുക്കം! അതൊക്കെ എന്താന്നു മനസ്സിലാക്കി തരാനാവും രാജകുമാരന്‍ ഇതൊക്കെ എന്നെ കാണിച്ചത് എന്ന് വിശ്വസിക്കാനാ ഇഷ്ടം എനിക്ക്. ആദ്യത്തെ മിസ്സൈല്‍ വീണപ്പോള്‍ ഉരികിയൊലിച്ചു പോയി. അവസാനത്തെ ദിവസം വീണ 7 മിസൈലും നടുറോഡില്‍ നിന്ന് കണ്ടു. ഓടി, ചാലില്‍ ഒളിച്ചു, കെട്ടിടങ്ങളുടെ മറവു നോക്കി, എന്തിന് ഒരു മരം പോലും രക്ഷിയ്ക്കുമെന്ന് വിശ്വസിച്ച അനിശ്ചിത്തിന്റെ നാളുകള്‍. ഇപ്പോഴും എല്ലാം ഓര്‍ത്തെടുക്കാനുള്ള ചങ്കുറപ്പ് ആയില്ല. അതുകൊണ്ട് അതൊക്കെ അങ്ങ് സൈഡ് ലൈന്‍ ചെയ്ത് എഴുതികളയും. മറുകുറി ഞാന്‍ കാക്കുന്നുണ്ട്.

പീലിസേ, നന്ദി... നന്ദി അപ്പോ ഇതു വെറും അറിവു ബ്ലോഗാന്ന്. ശോ ഞാന്‍ ഉദാത്ത ഓര്‍മ്മകളൊക്കെ എഴുതീട്ട്...;)

ക്രിഷ്, ഇവിടെ വന്നതിനും ആശംസയ്ക്കും നന്ദി.

ഇഞ്ചി ഡിയറേ, മിനോറ, ഹനൂക്ക പോസ്റ്റ് എഴുതി തുടങ്ങിയതാ. പിന്നെ അമ്മയുടെ കത്ത് വ്യതിചലിപ്പിച്ചു. അതോണ്ട് ക്രിസ്തുമസ്സ് പോസ്റ്റ് ആയി. ഇതൊക്കെയാവും നിമിത്തം നിമിത്തം എന്ന്
പറയണത്.

ഒബി, നന്ദിയേ, കെട്ടിയവന്‍ കണ്ട് പോയിട്ടുണ്ട് ഒബിടെ അന്വേഷണം

myexperimentsandme said...

ഡാലിയേ, ഡാലിക്കുടുംബത്തിന് ക്രിസ്തുമസ്സ്-നവവത്സരാശംസകള്‍.

അടിച്ചുപൊളി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഡാലിക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റേയും ഊഷ്മളമായ കൃസ്തുമസ്സാശംസകള്‍

തറവാടി said...

കൃസ്തുമസ്സാശംസകള്‍

ശാലിനി said...

ഡാലീ,

ഞങ്ങളുടെ സ്ക്കൂ‍ളിലും ഉണ്ടായിരുന്നു ഇത്.
" എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ഇത്‌ 100 പ്രാവശ്യം ചൊല്ലി ഇന്ന് ഉണ്ണീശോയ്ക്കു ഒരു വള നമുക്കു സമ്മാനിക്കാം". അതിന്റെ കൂടെ ആശയടക്കം എന്നൊരെണ്ണം കൂടിയുണ്ട്, അതായത് ചെറിയ ത്യാഗങ്ങള്‍.
അതുകൊണ്ട്, ഇപ്പോഴും മനസില്‍ ഡിസംബര്‍ ഒന്ന് ആകുമ്പോള്‍ അറിയാതെ ഉണ്ണീശോയ്ക്ക് ഉടുപ്പും മറ്റും തുന്നാന്‍ തുടങ്ങും. മഠം വക സ്ക്കൂളില്‍ പഠിച്ചാല്‍ ഇങ്ങനെ കുറെ സിലബസിലില്ലാത്ത കാര്യങ്ങളും പഠിക്കാം.
എന്നെങ്കിലും യെരുശലേം വന്നു കാണണമെന്നുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

മെറി ക്രിസ്തുമസ്സ് !

Physel said...

ശാന്തമായ ഒരു കൃസ്തുമസ് കൂടെ ആശംസിക്കുന്നു

Jo said...

ഡാല്‍സ്‌, സി. മര്‍ത്തീനേനെ പറ്റീം നമ്മടവടത്തെ ആ പഴേ 'ഉസ്കൂളിനെ' പറ്റ്യൊക്കെ വായിച്ചപ്പോ കൊറേ പഴേ ഓര്‍മകളിങ്ങനെ വരണൂ...

എനിക്കോര്‍മ്മേണ്ട്‌, അസമ്പ്ലി കഴിയുമ്പോ അവിടെ ഒരു സ്തൂപത്തിന്റെ മോളിലൊള്ള ഉണ്ണീശോടെ രൂപത്തുമ്മെ വളേം മാലേം ഒക്കെ ഇടീക്കണത്‌ - സുകൃതജപങ്ങളേ കൊണ്ട്‌ ഉണ്ടക്കിയതെന്ന മട്ടില്‍... അതൊരു കാലം...

അപ്പോ കൃസ്തുമസ്‌ അടിപൊള്യായിട്ട്‌ ആഘോഷിക്ക്‌ട്ടാ...

വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

ബെന്യാമിന്‍ said...
This comment has been removed by a blog administrator.
ഗുപ്തന്‍ said...

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് സീസണില്‍ ഞാന്‍ അവിടെ വന്നിരുന്നു... ക്രൂശിതനായ മനുഷ്യന്‍ മാത്രമാണ് ചരിത്രത്തിലെ അവസാന സത്യം എന്ന് തോന്നി ‘പാലും തേനും ഒഴുകുന്ന നാടിന്റെ’ ഇന്നത്തെ അവസ്ഥകണ്ടപ്പോള്‍...

കുറെ നല്ല ഓര്‍മ്മകള്‍ (കുറെയേറെ നോവുകളും) തിരിച്ചു തന്ന കുറിപ്പിന് ഒരുപാട് നന്ദി.