അതുല്യ ചേച്ചിയുടെ ഈശ്വര അല്ലാ തേരേ നാം..സബ് കോ സന്മതി ദേ ഭഗവാന് എന്ന ബ്ലോഗില്‍ ആദിത്യന്റേയും ഇക്കാസിന്റേയും കമന്റുകള്‍ക്ക് എനിക്ക് പറയാനുള്ളത്
ആദി:
മഹാത്മാവിന്റെ പ്രസക്തി തീരുന്നേയില്ല. ഒരു പക്ഷേ ഞാന്‍ ഇസ്രായേലില്‍ വന്നില്ലായിരുനെങ്കില്‍ ഗാന്ധിജി എനിക്കു വെറുമൊരു രാഷ്ട്ര പിതാവ് മാത്രമായേനെ. മഹാത്മാ എന്ന് മനസ്സാലെ വാഴ്ത്തി പറയാന്‍ ഇവിടുത്തെ ഒരു അറബി ക്ര്യിസ്ത്യന്‍(എന്റെ ലാബ് എന്‍ഞ്ചിനിയര്‍) വേണ്ടി വന്നു. എന്റെ പിഴ, എന്റെ എന്റെ, വലിയ പിഴ. നമ്മുടെ പുതിയ(ഇന്ത്യന്‍) തലമുറ മഹാത്മാവിനെ മനസ്സിലാക്കുന്നില്ലെന്ന നഗ്ന സത്യത്തിനു ഉദാഹരണമാവാം ഞാനും ആദിയും.
അറബ് ക്രിസ്ത്യന്‍ ഞാന്‍ ഇന്ത്യനാണെന്നറിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത്.
“ നിങ്ങളുടെ ഗാന്ധിജിയെ പോലെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ പലസ്തീനികള്‍ എന്നെ രക്ഷപ്പെട്ടേനെ. തോക്കിനുപകരം തോക്ക് ഒന്നിനും ഒരു പരിഹാരമല്ല എന്നും പറഞ്ഞ് അഹിംസ മുദ്രാവാക്യമാക്കിയ ഒരു ഗാന്ധിജി തന്നെ വരണം ഇവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍. ക്രിസ്തുവിനെ മനസ്സിലാക്കിയ ഒരേ ഒരാള്‍ ഗാന്ധിജിയാണ്. നിന്റെ വലതു കരണത്തടിക്കുന്നവനു ഇടത് കരണം കൂടി കാണിച്ച് കൊടുക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നറിയൊ നിനക്ക്? എന്റെ കരണത്തടിക്കൂ ഞാന്‍ കാണിച്ചു തരാം.”
എന്റെ അപ്പനേക്കാള്‍ പ്രായമുള്ള അദ്ദേഹത്തിന്റെ കരണത്തടിക്കാന്‍ എനിക്കു സാധ്യമല്ല എന്ന് പറഞ്ഞ എന്നെ അദ്ദേഹം നിബന്ധിച്ച് അദ്ദേഹത്തിന്റെ കരണത്ത് കൈ വയ്പിച്ചു. എന്റെ വലത് കൈ കൊണ്ട് അദ്ദേഹത്തിന്റെ ഇടത് കവിളിലാണ് ഞാന്‍ തൊട്ടത്. അദ്ദേഹം പറഞ്ഞു.
“തെറ്റ്. ഞാന്‍ വലത് കരണത്തടിക്കാനാണ് പറഞ്ഞത്. ഒന്നൂടെ ശ്രമിക്ക്”
ഞാന്‍ ശ്രമിച്ച് നോക്കി. വലത്തെ ഉള്ളം കൈ കൊണ്ട് മറ്റൊരാളുടെ വലത് കരണത്തടിക്കാന്‍ പ്രയാസമാണെനെനിക്ക് മനസ്സിലായി. എളുപ്പം പുറം കൈ കൊണ്ട് അടിക്കുന്നതാണ്. അത് മനസ്സിലാക്കി തന്ന് അദ്ദേഹം തുടര്‍ന്നു.
“ അടിമകള്‍ ധാരാളം ഉള്ള കാലത്താണ് ക്രിസ്തു ജീവിച്ചത്. അടിമകളെ പുറം കൈ കൊണ്ടാണ് അടിച്ചിരുന്നത്. (അല്ലെങ്കില്‍ പുറം കാലു കൊണ്ട്). തുല്യതയുള്ളവര്‍ തമ്മിലെ വഴക്കുകളിലെ ഉള്ളം കൈ പ്രയോഗം ഉള്ളൂ. അപ്പോള്‍ വലതു കരണത്തടിക്കുന്ന യജമാനന് ഇടത് കരണം കാണിച്ച് കൊടുക്കുന്ന അടിമ പറയാതെ പറയുന്നത് നിങ്ങളെന്നെ അടിച്ചു കൊള്ളൂ പക്ഷേ ഒന്നോര്‍ക്കുക ഞാനും നിങ്ങളെ പോലെ മനുഷ്യനാണ്. ക്രിസ്തു പറയുന്നത് സ്വയം ബഹുമാനിക്കാന്‍ (self respect) പഠിക്കാനാണ്. ഇതാണ് നിങ്ങളുടെ ഗാന്ധിജി ചെയ്തത്. സ്വയം ബഹുമാനം എന്തെന്ന് ബ്രിട്ടീഷുകാരോട് വിളിച്ചു പറഞ്ഞു.“
സ്വയം ബഹുമാനത്തിന്റെ വില ആരേക്കാളും അധികം മനസ്സിലാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ക്ക് ഗാന്ധിജിയെ ഒഴിവാക്കാനാവുമായിരുന്നില്ല എന്ന് മനസ്സിലാക്കുക.
അദ്ദേഹം തുടര്‍ന്നു.
“അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ നിങ്ങള്‍ക്ക് കാണിച്ച് തന്നതെന്താണ്?“
ഞാന്‍ വിഡ്ഡി, തലകുനിച്ച് പറഞ്ഞു. “പാവപ്പെട്ട ജനങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നതിനാല്‍ ഗാന്ധിജി വസ്ത്രമുപേക്ഷിച്ചു.“
“തെറ്റ്“ അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
“അവിടേയും ക്രിസ്തുവിന്റെ സ്വയം ബഹുമാനിക്കാനുള്ള ഉപദേശം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. നിന്റെ മേലങ്കി ആവശ്യപ്പെടുന്നവന് കുപ്പായം കൂടെ നല്‍കുക എന്ന ഉപദേശം. പഴയ നിയമമനുസരിച്ച് നഗ്നനായവനെ നോക്കുന്നവനാണ് തെറ്റുകാരന്‍. മേലങ്കി യജമാനന് ആവശ്യപ്പെട്ടാല്‍ കൊടുക്കാതിരിക്കാന്‍ അടിമയ്ക്ക് കഴിയില്ല. മേലങ്കിയില്ലാതെ നില്‍ക്കുന്നവനെ സമൂഹം കളിയാക്കും. അവന് കുപ്പായം കൂടി ഊരി നഗ്നനായാലൊ? അവനെ നോക്കുന്നവനാണ് തെറ്റുകാരന്‍ അഥവാ മോശപ്പെട്ടവന്. അവനെ നോക്കാതിരിക്കാന്‍ സമൂഹത്തിന് തല താഴ്ത്തേണ്ടി വരുന്നു. അവന് തലയുയര്‍ത്തി സ്വയം ബഹുമാനം ആര്‍ജ്ജിക്കുന്നു.പാവപ്പെട്ട ഇന്ത്യാക്കാരെ കൊള്ളയടിക്കുന്ന ബ്രിട്ടിഷുകാരുടെ തല താഴ്ത്തിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗമേത്?”
ഇങ്ങനെ ആര്‍ജ്ജവത്തോടെ ഗാന്ധിജിയെ മനസ്സിലക്കുന്ന വിദേശികള്‍ക്കിടയ്ക്ക് ഗാന്ധിജിയെ മതഭ്രാന്തനെന്ന് വിളിക്കുന്ന നമ്മുടെ സ്ഥാനം എവിടെ എന്നറിയാതെ ഓര്‍ത്തു പോയി.
ആദി, ഗാന്ധിജിയുടെ പിടിവാശികളെ നമുക്ക് മറക്കാം. കസ്തൂര്‍ബയെ ആധുനിക ചികിത്സയ്ക്ക് വിധേയമാക്കാതിരുന്നെങ്കില്‍ അതിന് ഭാരതചരിത്രത്തില്‍ വലിയ സ്ഥാനമൊന്നുമില്ല. അര്‍ദ്ധ നഗ്നനായി ഗാന്ധിജിയെ കൊണ്ട് നടക്കാന്‍ കുറെയേറെ ബുദ്ധിമുട്ടി എന്നു നെഹ്രു പറഞ്ഞു എന്ന് പറയപ്പെടുന്നതും മുഖവിലയ്ക്കെടുക്കേണ്ടതില്ല. അതിനേക്കാള്‍ വലിയ ഒന്ന്, സ്വയം ബഹുമാനം, ഇന്ത്യന്‍ ജനതയെ മനസ്സില്ലാക്കിക്കാനാണ് മഹാത്മാവ് അങ്ങിനെ ചെയ്തത് എന്നതു കൊണ്ട് തന്നെ. മരിച്ചവരുടെ വാക്കുകള്‍ മാത്രമാണ് ഇന്ന് നമ്മോട് കൂടെ. അതാണ് അവരെ അനശ്വരരാക്കുന്നത്. ജീവിച്ചിരുന്ന കാലത്തെ അവരുടെ രാഷ്ടീയം ചികയുന്നത്, കുഴിമാടത്തില്‍ നിന്നെടുക്കുന്ന റോസാപുഷ്പങ്ങള്‍ക്കു സമമാണ്.
ഇക്കാസ്: പാലസ്തീനിനെ കുറിച്ചുള്ള വേവലാതി നല്ലതു തന്നെ. പാലസ്തീനിനെ കുറിച്ച് ഏറെ വ്യാകുലപ്പെടുന്നു ഇസ്രായേലിലെ അറബ് വംശജര്‍. അവര്‍ പോലും പലസ്തീന്റെ തീവ്രവാദം അംഗീകരിക്കുന്നില്ല. പാലസ്തീനിലെ എല്ലാ തീവ്രവാദികളും ഇക്കാസ് പറഞ്ഞ പോലെ (സ്വന്തം കണ്മുന്നിലിട്ട് മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന ഒരമ്മ അതു ചെയ്ത പട്ടാള വര്‍ഗ്ഗത്തിനെതിരായി ഇളയമകനെ മനുഷ്യബോംബായി അയയ്ക്കുന്നത് അവരുടെ മനസ്സിനുണ്ടായ മുറിവിന്റെ ആഴം മൂലമാണ്)ഉണ്ടായവരാണേന്നണൊ കരുതുന്നത്. പാലസ്തീന് തീവ്രവാദികളെ തീറ്റി പോറ്റുന്നത് ഇസ്രായേല്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്. നേരത്തെ പറഞ്ഞ ആ അറബ് ക്രിസ്ത്യന്‍ പറഞ്ഞതെന്തെന്നോ? “പാലസ്തിനികള്‍ തീവ്രവാദം ഉപേക്ഷിച്ചു സ്വയം ബഹുമാനിക്കാന്‍ പഠിക്കണം. ഒരു ഗാന്ധിജി അവിടെ പിറക്കണം എന്ന്.”
“സ്വന്തം കൃഷിയിടങ്ങളിലെ ഒലിവ് പറിക്കാന്‍ ഇന്ന് അവര്‍ക്ക് ഇസ്രായേല്‍ സന്നദ്ധ സംഘടനകളിലെ ജൂതന്മാര് കൂട്ടു പോണം. ആയുധമേന്തിയവര്‍ക്ക് ഇതിനൊന്നും നേരമില്ല. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനും, ഉപ്പു സത്യഗ്രഹത്തിനും, വിദേശ വസ്ത്ര ബഹിഷ്കരണത്തിനും, ചര്‍ക്കയ്ക്കും ഇന്ന് ഏറ്റവും പ്രസക്തിയുള്ള സ്ഥലമാണ് പാലസ്തീന്. എങ്കിലേ അവര്‍ക്കവരുടെ മണ്ണ് തിരിച്ചു കിട്ടൂ“
രണ്ട് പട്ടാളക്കാരെ തട്ടി കൊണ്ട് പോയി ഇസ്രായേലിനോടു വിലപേശാനൊരുങ്ങിയ ഹിസ്ബുള്ള ലബനാനിലായത് കൊണ്ട് ലബനാന് നഷ്ടപ്പെട്ടതെന്തെല്ലാം എന്ന് കൂടെ വേണമെങ്കില്‍ ചിന്തിച്ച് കുറച്ച് സമയം നമുക്ക് കളയാം. അത്ര തന്നെ. പലസ്തീന് അതുകൊണ്ട് മെച്ചമൊന്നുമില്ല. അവരുടെ ഇടയില്‍ നിന്നു തന്നെ എല്ലാം മനസ്സിലാക്കുന്ന ഒരു നേതാവ്. അതിനുവേണ്ടിയാണ് ഇന്നവര്‍ കാത്തിരിക്കുന്നത്.
ഇക്കാസിനോട് ഒരു കാര്യം കൂടി: നെറ്റിന്റെ ഈ വലയത്തില്‍ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. അവര്‍ എന്തു പറയുന്നു എന്നതാണ് കാര്യം. ഇതു കൈപ്പിള്ളി വിളിച്ച് പറയാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ആരു കേള്‍ക്കാന്‍.
കണ്ണിനു പകരം കണ്ണ്, പല്ലിന് പകരം പല്ല്, പഴയനിയമത്തിന്റേതാണെന്നും നിന്റെ വലതു കരണത്തടിക്കുന്നവന് ഇടത് കരണം കാണിച്ചു കൊടുക്കുക, നിന്റെ മേലങ്കില്‍ ആവശ്യപ്പെടുന്നവനു കുപ്പായം കൂടെ നല്‍കുക, ഒരു മൈല്‍ കൂടെ നടക്കാന്‍ നിര്‍ബന്ധിക്കുന്നവനൊപ്പം രണ്ട് മൈല്‍ നടക്കുക എന്നതു പുതിയ നിയമത്തിന്റേതാണെന്നും പറയുമ്പോള്‍ മനസ്സിലാക്കുക പുതിയ നിയമവും ഗാന്ധിജിയും പറയുന്നത് സ്വയം ബഹുമാനമിക്കാനും അതു കാണിക്കാനും പഠിക്കുക എന്നാണ്. അത് ഇന്നും എത്രയും പ്രസക്തമാണ്.
(ഒരു അനോണിയുടെ അടുത്ത് അരവിന്ദ് ബൂലോഗ ക്ലബില്‍ ചോദിച്ചതും ഓര്‍ക്കുന്നു. ഒരു മൂടുപടത്തിനുള്ളില്‍ മറഞ്ഞിരിക്കുമ്പോഴും നിനക്കൊരു മുഖമില്ലേ മനുഷ്യാ. അതിനെ ബഹുമാനിക്കണ്ടെ എന്ന് (കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല))
വാളെടുത്തവന്‍ വാളാലെ!
കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
44 comments:
ആത്മാര്‍ഥത തുടിക്കുന്ന വാക്കുകള്‍.
ഡാലിക്കുട്ട്യേ എനിക്ക് ഇഞ്ചിമാങ്ങേ തന്ന ഉമ്മ ദേ ഇവിടെ തിരിച്ചു തരുന്നു....
ഡാലി ചേച്ചീ,
നമിച്ചിരിക്കുന്നു. ആ ബൈബിള്‍ വചനത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ ഇത് വരെ കഴിഞ്ഞിരുന്നില്ല. ഒരു പാട് നന്ദി.
ഇത്രത്തോളം ആഴത്തില്‍ ഇതിനെ പറ്റി ചിന്തിക്കുകയും ആ ചിന്തകളെ സരളമായും സമകാലികമായും അവതരിപ്പിക്കുകയും ചെയ്തത് അഭിനന്ദനം അര്‍ഹിക്കുന്നു.
നന്നായിരിക്കുന്നു ഡാലീ..ഇരുവശത്തു നിന്നും ചിന്തിക്കുന്നു ഞാനിപ്പോള്‍, ഇത് വരെ അറിയാതതെന്തോ അറിഞ്ഞ പോലെ.
നന്ദി..
-പാര്‍വതി.
നന്നായി ഡാലി. സ്വാതന്ത്ര്യത്തിന്റെ സുഖ ലോലുപതയില്‍ സ്വയം പരിഹസിച്ചും ചവിട്ടിമെതിച്ചും ആത്മവഞ്ചന നടത്തി മുന്നോട്ടു പോകുമ്പോള്‍, ആത്മാര്‍ഥവും അര്‍ഥപൂര്‍ണവുമായ ഇത്തരം ചിലത് മുന്നില്‍ വന്നുനില്ക്കുന്നത് ബ്രഹ്മിയുടെ ഗുണം ചെയ്യും.
കണ്ണുനിറഞ്ഞു.
വാക്കുകളുടെ ആത്മാര്ത്ഥതകൊണ്ടാണോ മനസ്സിലെ കുറ്റബോധംകൊണ്ടാണോയെന്നറിയില്ല.
നന്ദി.
ഡാലി, നന്നായി.:) സെല്‍ഫ് റെസ്പെക്ട്. അതാണ്, അതിലാണ് കാര്യം.
ഡാലീ, സുന്ദരമായി എഴുതിയിരിക്കുന്നു. ചിന്തിക്കേണ്ട വസ്തുതകള്‍ തന്നെ.
ഗാന്ധിയെ അനുകരിച്ച് ലക്ഷ്യം കൈവരിച്ച മണ്ടേലയുടെ നാട്ടില്‍ ജീവിക്കുന്ന എനിക്കറിയാം..ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് ഇവിടെയുള്ളവര്‍ നല്കുന്ന വില.
തോക്കും ബോംബുമെടൂത്ത് വിപ്ലവകാരികള്‍ ഇവിടേയുമുണ്ടായിരുന്നു. കുറേ യുവാക്കളെ കുരുതികൊടുത്തു. പിന്നെ അവരുടെ ആയുധങ്ങള്‍ ഇന്ന് കൊള്ളക്കാര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാനും ലഭ്യമായി. അല്ലാതെയൊരു ഗുണവുമില്ല.
ഒരാളെ ചീത്തപറയുന്നവന് മറ്റേ ആളുടെ നിശബ്ദതയാണ് ഏറ്റവും അസഹ്യം. തന്റെ ചെവിയില്‍ വീഴുന്ന അഴുക്കുകള്‍ സ്വന്തം വായില്‍ നിന്നു തന്നെയാണ് എന്നറിഞ്ഞ് ലജ്ജിച്ച് സ്വബോധം ഉടന്‍ ചീത്തപറയുന്നവന് വീണ്ടെടുക്കും.
ഇത് ഏത് അന്താരാഷ്ട്രപ്രശ്നത്തിനും ബാധകമാണ്.അങ്ങോട്ടുമിങ്ങോട്ടും വെട്ടിക്കീറിയാല്‍ ഒരു ഗുണവുമുണ്ടാകില്ല. അഹിംസ ദൌര്‍ബല്യത്തിന്റെ ലക്ഷണവുമല്ല.ഉയര്‍ന്ന സംസ്കാരത്തിന്റെ അടയാളമാണ്.
നല്ല പോസ്റ്റ്. നന്ദി, അഭിനന്ദനങ്ങള്‍.
ഡാലീ ഒത്തിരി നല്ല പോസ്റ്റ്... എനിക്ക് പറയാനുള്ളതെല്ലാം എല്ലാം അതിലടങ്ങിയെന്ന് വിശ്വസിക്കുന്നു
അമ്പത്തെട്ടു വര്‍ഷം കഴിഞ്ഞിട്ടും ആ കാലത്തേക്കു നാം വീണ്ടും വീണ്ടും നോക്കുന്നു എന്നു പറയുമ്പോള്‍ തന്നെ ഗാന്ധിജി നമ്മെ എത്ര മാത്രം കരുതലിലെടുത്തിരുന്നു എന്ന് സ്നേഹത്തോടും ആഹ്ലാദത്തോടും മാത്രമേ ഓര്‍ക്കാനാവൂ. മൂന്നാമിടം എഡിറ്റോറിയലില്‍ നിന്ന്
ഡാലി.. ശരിക്കും മനസ്സില്‍ തട്ടി. ഗന്ധിജിയുടെ ഔന്നിത്യം ഒന്നുകൂടെ വ്യക്തമാക്കാന്‍ രണ്ട് സംഭവങ്ങള്‍ പറയട്ടെ.
ഒന്നാമത്തെ സംഭവം
കാലങ്ങള്‍ക്ക് മുന്‍പ്,അമേരിക്കയില്‍ അടിമത്വം നില നിന്നിരുന്ന കാലത്ത്. ഒരു യജമാനന് ഒരു അടിമ ഉണ്ടായിരുന്നു. യജമാനന് ഒരു കാല് ഇല്ലായിരുന്നു. ഇടത് കാല്. യജമാനന് ഷൂസ് വാങ്ങുമ്പോള്‍ ഇടത് കാലിലേക്കുള്ള ഷൂസ് അടിമയുടെ കാലില്‍ ധരിക്കാന്‍ നിര്‍ബന്ധിക്കും. ആദ്യ തവണ അടിമ ഇടതു കാലില്‍ മാത്രം ഷൂസ് ധരിച്ച് നടന്നു. യജമാനന് വീണ്ടും ഷൂസ് വാങ്ങിയപ്പോള്‍ അടിമ വലത് കാലില്‍ യജമാനന് വാങ്ങിയ ഇടത് കാലിലേക്കുള്ള ഷൂസ് ധരിക്കാന്‍ നിര്‍ബന്ധിതനായി അത് ചെയ്യാന്‍ വിസമ്മതിച്ച അടിമയെ യജമാനന് ചാട്ടവാര്‍ കൊണ്ട് അടിച്ചു. ഗദ്യന്തരമില്ലാതെ അടിമ ആ ഷൂസുകള്‍ ധരിക്കാന്‍ തയ്യാറായി. അങ്ങനെ വലത് കാലില്‍ ഇടതു കാലിലേക്കുള്ള ഷൂ ധരിച്ച നടന്ന് നടന്ന് അടിമയുടെ കാല്,സന്ധിയില്‍ നിന്നും തെറ്റി. അയാള്‍ക്ക് ഗുരുതരമായ വേദന സഹിക്കേണ്ടി വന്നു. എന്നിട്ടും യജമാനന് അയാളെ ആ ഷൂസ് ധരിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടേ ഇരുന്നു. അവസാനം ഒരുനാള്‍ അടിമ ഒരു കുഴിയില്‍ വീണ് മരിച്ചു...
രണ്ടാമത്തെ സംഭവം
ഒരു ദിവസം ഗാന്ധിജി തീവണ്ടി സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും തീവണ്ടി നീങ്ങാന്‍ തുടങ്ങിയിരുന്നു. അദ്ദേഹം ബുദ്ധിമുട്ടി തീവണ്ടിയ്ക്കുള്ളില്‍ കയറി. തിരക്കിനിടയില്‍ അദ്ദേഹത്തിന്റെ ഒരു ഷൂ അഴിഞ്ഞ് പ്ലാറ്റ്ഫോമില്‍ വീണു. തീവണ്ടിയുടെ വേഗത കൂടിയിരുന്നു..
ഗന്ധിജി ഉടനെ തന്റെ മറ്റേ ഷൂ അഴിച്ചെടുത്ത് ആദ്യത്തെ ഷൂ വീണ സ്ഥലത്തേക്കെറിഞ്ഞു.
ശിഷ്യന്മാര് ചോദിച്ചു " മഹാത്മാവെ എന്തിനാണ് മറ്റേ ഷൂവും വലിച്ചെറിഞ്ഞത്'?
അദ്ദേഹം പറഞ്ഞു
" എനിക്ക് ഒരു ഷൂ നഷ്ടമായി. ഒരു ഷൂ കൊണ്ട് എനിക്ക് ഒരു ഉപകാരവും ഇല്ല. അത് നഷ്ടപ്പെട്ട ഷൂവിന്റെ അടുത്തേക്കാണ് ഞാന്‍ എറിഞ്ഞത്. രണ്ട് ഷൂവും ഒരുമിച്ച് ആര്‍ക്കെങ്കിലും കിട്ടിയാല്‍ അത് അവര്‍ക്ക് ഉപകാരപ്രദമാകുമല്ലോ?"
പലസ്തീനെക്കുറിച്ചു പറയുമ്പോള്‍, ഇസ്രായേലിനെക്കുറിച്ച് പറയുമ്പോള്‍ സ്ഥിരമായി നമ്മള് ചരിത്രം മറന്നു പോകുന്നതെന്തു കൊണ്ടാണ്! 1948ന് മുമ്പുള്ള ലോകഭൂപടം പരിശോധിച്ചാല്‍ ഇസ്രായേല്‍ എന്ന ഒരു രാഷ്ട്രം നമുക്കവിടെ കാണാന്‍ കഴിയില്ല. ആകെ ഒരു പലസ്തീനേ ഉണ്ടായിരുന്നുള്ളൂ. അവിടെ അറബ് വംശജരായ മുസ്ലിം, ക്രിസ്ത്യന്‍, ജൂത മത വിഭാഗങ്ങള്‍ താമസിച്ചിരുന്നു. തദ്ദേശവാസികളായ ഈ അറബ് വംശജരെ ആട്ടിയോടിച്ചാണ് അധിനിവേശകരായ ഇസ്രയേലികള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അവിടേക്ക് കുടിയേറിപ്പാര്‍ത്തത്. ഇന്നും എത്രയോ പലസ്തീനികളെ അഭയാര്‍ഥികളായി ജോര്‍ദാന്‍, ലെബനോന്, സിറിയ എന്നിവിടങ്ങളിലും ഗള്‍ഫ് നാടുകളിലും ധാരാളമായി കാണാന്‍ കഴിയും. പലസ്തീനികളുയര്ത്തുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയം അടയാളപ്പെടുത്തുന്ന ചോദ്യം തദ്ദേശവാസികളുടെ സ്ഥനത്ത് അധിനിവേശകരെ കുടിയിരുത്തുന്ന ഒരു ഭീകര അവസ്ഥയെ നമുക്കറിഞ്ഞംഗീകരിക്കാന് കഴിയുമോ എന്നതാണ്. ഈ വസ്തുത മറച്ചു വെച്ച് നാം നടത്തുന്ന ഏത് വിശകലനവും ചരിത്രത്തെ കൊഞ്ഞനം കുത്തുന്നതായീരിക്കും എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. സ്വന്തം ഭൂമിയും ആകാശവും കവര്‍ന്നെടുക്കപ്പെട്ട പലസ്തീനികളുടെ മരണവെപ്രാളത്തെ ഭീകര ഇസ്രായീലിനോട് സാമ്യപ്പെടുത്തിക്കൊണ്ടൊ അവരേക്കാള്‍ വലിയ ഭീകരതയായി അവതരിപ്പിച്ചു കൊണ്ടോ ഉള്ള ഏതൊരു വിശകലനത്തേയും ചരിത്രം നിശിതമായി വിചാരണ ചെയ്യുമെന്നുറപ്പാണ്.
ഇസ്രയേലിനേയും ഗാന്ധിയേയും ഒരേ സമയം ഒരാള്ക്കംഗീകരിക്കാന് കഴിയുന്നതെങ്ങനെ എന്ന് എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തുന്നു. സാമ്രാജ്യത്വത്തിന്റെ ജാരസന്തതിയായി ഇസ്രയേല്‍ പിറന്നുവീണ ചരിത്ര സന്ദര്‍ഭത്തില്‍ ആ മഹാത്മാവ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. "ഫ്രാന്‍സ് ഫ്രെഞ്ചുകാരുടേതും ബ്രിട്ടന് ബ്രിട്ടീഷുകാരുടേതുമെന്ന പോലെ പലസ്തീന് പലസ്തീനികളുടേതാണ്". ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിന്റെ പിറവിയെപ്പോലും നിരാകരിച്ച ആ മഹാത്മാവിന്റെ മാര്‍ഗം തന്നെയാണ് ധീര ദേശാഭിമാനികളായ പലസ്തീന് പോരാളികള്‍ ഒരര്‍ഥത്തില്‍ പിന്തുടരുന്നത്
47 നു മുമ്പിലെ ഏഷ്യന്‍ ഭൂപടം നോക്കിയാല്‍ ഇന്ത്യ എന്ന രാജ്യവും കാണില്ല ;) ഖലീഫമാരുടെ ഭരണത്തിന് മുമ്പ് ഒരു ഫലസ്തീനും അവിടെ ഉണ്ടായിരുന്നില്ല. അസഹിഷ്ണുതക്ക് കാലം കൊടുത്ത തിരിച്ചടിയാവും പലസ്തീന് ദുരിതം
അല്ലാ മൌലികവാദീ,
1947നു മുന്‍പുള്ള ഭൂപടം പരിശോധിച്ചാല്‍ പാക്കിസ്ഥാന് എന്നൊരു രാഷ്ട്രത്തിന്റെ പൊടിപോലും കാണുന്നില്ല. താങ്കളുടെ ലോജിക്ക് അപ്ലൈ ചെയ്ത് നമ്മള് പാക്കിസ്ഥാന്റെ അസ്തിത്വത്തെയും ചോദ്യം ചെയ്യണമോ?
താങ്കള്‍ പറയുന്നതുപോലെ ലോകത്തിന്റെ നാനാഭാഗത്തും ഇസ്രയേല്യര്‍ (യഹൂദര്‍) എങ്ങനെ എത്തിപ്പെട്ടുവെന്ന് ചരിത്രപുസ്തകങ്ങളില്‍ പറയുന്നില്ലേ ആവോ? ഉണ്ടെങ്കിലെന്ത് നമ്മളതൊക്കെ വായിച്ച് സമയം കണയണോ അല്ലേ?
ഏതായാലും ഗാന്ധിയുടെ ആശയവും പലസ്തീനികളുടെ പോരാട്ടവും ഒന്നാണെന്നുവാദിക്കുന്ന താങ്കളുടെ ഭാവനയ്ക്ക് മൌലികവാദി എന്നുതന്നെ തൂലികാനാമമിട്ടത് ഉദാത്തമായ ഭാവനയാണെന്നു പറയാതെവയ്യ.
മൌലികവാദി, ഞാന്‍ കാണാന്‍ വൈകി.
താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം അനോണികള്‍ പറഞ്ഞിരിക്കുന്നു.
ഒരു വര്‍ഷമായി വായിച്ചീട്ടും പലസ്തീന്-ഇസ്രായേല്‍ പ്രശ്നം എനിക്കിന്നും പൂര്‍ണ്ണമായി ഉള്‍കൊള്ളാനായിട്ടില്ല, രാഷ്ടീയപരമായി.
ഇസ്രായേല്‍ പ്രവര്‍ത്തികളെ ഈ ബ്ലോഗ് ന്യായീകരിച്ചീട്ടില്ല.
അതുകൊണ്ട് തന്നെ താങ്കളുടെ “ഇസ്രയേലിനേയും ഗാന്ധിയേയും ഒരേ സമയം ഒരാള്ക്കംഗീകരിക്കാന് കഴിയുന്നതെങ്ങനെ എന്ന് എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തുന്നു.“ എന്ന കമന്റിന് വിശദീകരണം ആവശ്യമില്ല.
ഗാന്ധിജി എന്ന അഹിംസ പ്രചരിപ്പിച്ച മഹാത്മാവിനെ പലസ്തീനിലെ ആയുധം കൈലെടുക്കുന്നവരുമായി താരതമ്യം ചെയ്തത് വല്ലാത്തൊരു വേദനയായി പോയി.
അസഹിഷ്ണുതയ്ക്ക് കാലം കൊടുത്ത തിരിച്ചടിയാണ് പലസ്തീന് ദുരന്തം എന്നൊക്കെ പറയുമ്പോള്‍ അനോണിയുടെ ഭീകര ഇസ്രയേല്‍ മനസ്സ് എന്തു മാത്രം വികൃതമായാണ് അനുഭവപ്പെടുന്നത്. ആരുടെ അസഹിഷ്ണുതയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്? പലസ്തീനികളുടെയോ, അതൊ മൊത്തം മുസ്ലിംകളുടെയോ. പിന്നെ അധിനിവിഷ്ഠ ഫലസ്തീനില്‍ (ഇസ്രയേലില്‍) എന്നാണ് ഇന്നവിടെ പാര്‍ത്തു കൊണ്ടിരിക്കുന്നവരുടെ പൂര്വ്വികരുണ്ടായിരുന്നത്? 2000 കൊല്ലങ്ങള്‍ക്കു മുമ്പുണ്ടായിരുന്നോ? ജീസസിന്റെ കാലത്ത്... യഹൂദരുടെ ആദിമ ശത്രുക്കളായിരുന്ന കനാന്‍ ദേശക്കാര്‍ എങ്ങിനെയാണ് യഹൂദരുടെ പൂര്വ്വികരാവുന്നത്?
ഇസ്രയേല്‍ എന്ന രാഷ്ട്രം നഗ്നമായ അധിനിവേശത്തിലൂടെയും തദ്ദേശീയരായ അറബികളെ ആട്ടിപ്പുറത്തക്കിയുമാണ് സ്ഥാപിതമായത്. ആ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗം ഭീകര ഇസ്രയേലിനോട് സൗഹാര്‍ദ്ദ സംഭാഷണം നടത്തുന്ന ഒരു നേതാവോ പ്രസ്ഥാനമോ ഉയര്‍ന്നു വരലല്ല. അധിനിവേശം അവസാനിപ്പിച്ച് പലസ്തീന് ദേശീയ വിമോചനത്തിന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ ശക്തികളുടേയും ഐക്യപ്പെടലാണ്, ഇസ്രയേലിനെ നീതിയും ന്യായവും പഠിപ്പിക്കലാണ്. അല്ലാതെ സര്‍വായുധവിഭൂഷിതരായ ഇസ്രയേല്‍ സൈന്യത്തോട് അഹിംസ പ്രസംഗിക്കണമെന്ന് പറയുന്നത് അതീവ കാല്പനികമായ ഒരു കവിതയായി ശേഷിക്കും, പലസ്തീനിലെ മൂര്‍ത്തമായ രാഷ്ട്രീയ അവസ്ഥകളുമായി സര്ഗാല്മകമായി സംവദിക്കാന്‍ ഇമ്മാതിരി പിന്തിരിപ്പന് സിദ്ധാന്തങ്ങള്ക്കാവില്ല.
പാകിസ്ഥാനെക്കുറിച്ച് പറഞ്ഞു.. തമാശയായിട്ട് അവതരിപ്പിച്ചതാണോ അതോ വളരെ ആലോചിച്ച് കണ്ടെത്തിയ ഒരു വിവരം എന്ന നിലക്കോ!?
പാകിസ്താനികള്‍ എന്നു വേണമെങ്കില്‍ വിളിക്കാവുന്ന ഒരു കൂട്ടരുണ്ടായിരുന്നു 47ന് മുമ്പും. പാകിസ്ഥാന് ഇന്ന് നിലനില്‍ക്കുന്ന, ഒരു ഭൂശാസ്ത സ്വത്വവുമുണ്ടായിരുന്നു. വിഭജനത്തിലേക്കും തുടര്‍ന്നു നടന്ന വര്‍ഗീയ കലാപങ്ങളിലേക്കും ഭീകരമായ മനുഷ്യക്കുരുതിയിലേക്കുമെത്തിച്ച ഹിന്ദു-മുസ്ലിം തീവ്ര സാമുദായികതയെ അപലപിക്കാതിരിക്കാനാവില്ല. എന്നാല്‍ ഒരു വിഭജനം പോലെ ഏറെ 'സ്വാഭാവികമായ' ഒന്നല്ല പലസ്തീന്റെ കാര്യത്തിലുണ്ടായത്. കോളനീകരണം പോലുമല്ല. മറിച്ച് സ്വന്തം ജന്മഭൂമിയില് നിന്നും ആട്ടിയോടിക്കപ്പെടുകായിരുന്നു പലസ്തീനികള്‍. അവരുടെ നാടും വീടും അധിനിവേശക്കാര്‍ കയ്യേറുകയും. അപ്പോല്‍ ആയുധം നിഷ്ഠൂരമായി പ്രയോഗിക്കുന്ന അധിനിവേശകരോട് സമാധാനത്തിന്റെ ഭാഷ സംസാരിക്കണമെന്ന് പറഞ്ഞാല്‍.. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതുന്നത് പോലും ഭീകര ഇസ്രയേല്‍ രാഷ്ട്രത്തോട് അഹിംസയിലൂടെ പ്രതികരിക്കണം എന്ന് പറയുന്നതിലേറെ യുക്തി ഭദ്രമാണ്!
ഗാന്ധിജിയുടെ പ്രതിരോധത്തിന്റെ രീതിശാസ്ത്രവും പാലസ്തീനിയന്‍ പ്രതിരോധ പ്രസ്ഥാനങ്ങളുടെ പ്രതിരോധപ്രവര്‍ത്തനങ്ങളും ഒന്നാണെന്നല്ല ഞാന്‍ പറഞ്ഞത്. കൊളോണിയല്‍ വിരുദ്ധ ഗാന്ധിയന്‍ പ്രസ്ഥാനവും പലസ്തീന് ദേശീയ വിമോചനപ്രസ്ഥാനങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ഒന്നാണെന്നാണ്. സാമ്രാജ്യത്വ വിരുദ്ധതയുടേയും ജനാധിപത്യത്തിന്റേയും ചുട്ടുനീറുന്ന സമരരണാങ്കണങ്ങളില് നിന്നാണ് അത് രണ്ടും ഊര്‍ജ്ജം സ്വീകരിക്കുന്നത്
I also didnt know the meaning of those quotes from Bible. Thanks to you and your friend.
ആദിയും അന്തവും എന്തു പറഞ്ഞൂന്നറിയില്ല... പക്ഷേ, ഡാലീ നിന്റെ ചിന്തകളും ആത്മാര്‍ത്ഥത തുടിക്കുന്ന ഹൃദയവും എന്നെ കോരിത്തരിപ്പിക്കുക തന്നെ ചെയ്തു. നന്ദി ഈ പോസ്റ്റിന്.
കീപ്പ് ഇറ്റ് ഉപ്പ് അല്ല അപ്പ് :)
ഡാലീ ഒരുപാട് നന്ദി..ഈ പോസ്റ്റ് വായിക്കാന്‍ തന്നതിന്...ഞാന്‍ പ്രിന്റൌട്ട് എടുത്തിട്ടുണ്ട് ;സൂക്ഷിച്ചു വയ്ക്കാന്‍.
ഘനഗംഭീരന്‍ പോസ്റ്റ് ഡാലീ. ഗാന്ധിജിയുടെ പ്രസക്തി ഓരോ ദിവസം കഴിയുമ്പോഴും ഏറിവരുന്നതേയുള്ളു. ഗാന്ധിയില്‍ നിന്നും അകലുന്തോറും നമ്മളത് മനസ്സിലാക്കിക്കൊണ്ടേയിരിക്കുന്നു.
പോസ്റ്റ് വായിച്ച എല്ലവര്‍ക്കും നന്ദി.
ഈ പോസ്റ്റ് ഇട്ടതിനു ശേഷം ലഗേ രഹോ മുന്നഭായ് എന്ന ഹിന്ദി സിനിമ കണ്ടു. അതിന്റെ റിവ്യു ബൂലോകത്ത് നേരത്തെ കണ്ടിരുന്നു.
ഗാന്ധിയന്‍ ചിന്തകള്‍ പൂര്‍ണ്ണമായും മറന്നു പോകാതിരിക്കാന്‍ ആ സിനിമ ഉപകാരമായെങ്കില്‍, ഒന്നും ഇല്ലാത്തതിനേക്കാള്‍ നല്ലത് എന്തെങ്കിലും ഉള്ളതാണ് (something is better than nothing)എന്ന ആശയത്തില്‍, ആ സിനിമ നല്ലത് തന്നെ.
പാശ്ചാത്യ ലോകത്ത്, കബാല പോലെയൊ, ഹിന്ദുയിസം പോലെയോ, ഉള്ള ഒരു ഫാഷന്‍ മാത്രം എന്ന നിലയിലാണെങ്കില്‍ വലിയ മെച്ചമൊന്നും അവകാശപ്പെടാനില്ല. അങ്ങനെയെങ്കില്‍ സിനിമയില്‍ പറയുന്ന പോലെ “നിങ്ങള്‍ എന്റെ ചിത്രങ്ങളും പ്രതിമകളും നശിപ്പിച്ചോള്ളൂ, എന്നാല്‍ എന്നെ നിങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കൂ“ ഇനിയും ഇനിയും ഗാന്ധിജിയ്ക്ക് വിളിച്ച് പറയേണ്ടി വരും.
റെഡിഫ് ന്യൂസ്സില്‍ കണ്ട വാര്‍ത്ത: AIIMS doctors try Gandhigiri on health minister. നല്ലത്, എല്ലാവരുടേയും അസുഖം വേഗം സുഖമാകട്ടെ.
അറേബ്യന്‍ റേഡിയോയില്‍ ഒരു ദിവസം കേട്ട വാര്‍ത്ത. “5 തവണ നോബല്‍ സമ്മാനത്തിന് നൊമിനേറ്റ് ചെയ്യപ്പെട്ടീട്ടും ഗാന്ധിജിയ്ക്ക് നോബല്‍ സമ്മാനം കൊടുക്കാഞ്ഞതില്‍ നോബല്‍ കമ്മിറ്റി പശ്ചാത്തപിക്കുന്നു. അല്ലെങ്കില്‍ നോബല്‍ സമ്മാനത്തിനേക്കാള്‍ വളരെ മുകളില്‍ ആണ് ആ മഹാത്മാവിന്റെ സ്ഥാനം എന്ന് അന്നേ നോബല്‍ കമ്മിറ്റിയ്ക്കറിയാമയിരുന്നതു കൊണ്ട് കൊടുക്കാതിരുന്നതുമാവാം“ എന്ന്.
ആഹാ എത്ര മനോഹരമായ ചിന്തകള്‍.
എന്തായാലും ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തിയേറുന്നു.
collegil poya sugam
iniyum ezhuthanam
മൌലികവാദി!
ഇസ്രയേല്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയാണ്. അവര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശവും അധികാരവുമുണ്ട്. താങ്കള്ക്കതറിയില്ലെ? അവര്‍
പലസ്തീനികളെ കൊല്ലുന്നെങ്കില്‍ താങ്കള്‍ക്കെന്ത് ചേതം. ഗതികെട്ടാണ് അവര്‍ ആയുധമെടുത്തതെന്നത് ഒരു ന്യായീകരണമാണോ? പലസ്തീനികള്‍ അവര്‍ക്കു
നേരെയുള്ള ‘തമാശകള്‍’ അഹിംസ കൊണ്ട് നേരിടണം. എന്നാല്‍ അഹിംസ ഇസ്രയേലിന് ചേരാത്ത ഒരു കാര്യമാണെന്ന് ഈ ബ്ലോഗില്‍ കമന്റിയ
താങ്കളൊഴികെയുള്ള എല്ലാവരും മനസ്സിലാക്കിയിട്ടും നിങ്ങളെന്തിങ്ങനെ...?
ഇതാ ഇവിടെ രണ്ടു ‘തമാശപ്പടങ്ങള്‍’, ഇസ്രയേല്‍ പലസ്തീനികളോട് എത്ര ഔദാര്യ പൂര്‍വ്വമാണ് പെരുമാറുന്നതെന്ന് കണ്ടു പഠി:
http://www.youtube.com/watch?v=tW1-_JmXQt0
http://judicial-inc.biz/Gaza_women_shot.WMV
ഇതില്‍ ആദ്യത്തെ വീഡിയോ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഹൃദയം പറിയുന്നതുപോലെയോ മറ്റോ ഫീലിങ്ങുണ്ടായോ? ഉണ്ടായെങ്കില്‍ ഞാന്‍ സത്യമായിട്ടു
നിങ്ങളോടു പറയുന്നു: “സംശയിക്കേണ്ട, താങ്കളൊരു മൌലികവാദി തന്നെ!“
ഇനി ഒരു പലസ്തീന് ഭീകരവാദി തോക്കു പിടിച്ച് നില്ക്കുന്ന ഒരു ചിത്രം ഇതാ ( ആ “ഭീകരവാദി”യുടെ നെഞ്ചില്‍ പച്ചകുത്തിയിരിക്കുന്ന സ്റ്റാര്‍ ഓഫ്
ഡേവിഡിലേക്ക് നോക്കരുത് ):
http://www.aztlan.net/anthletters.htm
താങ്കള്‍ക്ക് നല്‍കാനുള്ള ഉപദേശം:
അനോണിയില്‍ നിന്നും സഹിഷ്ണുതയുടെ ബാല പാഠങ്ങളെങ്കിലും പഠിച്ചേക്കുക.
ഡാലി! :-) qw_er_ty
മൌലികവാദീ, കാക്കതമ്പുരാട്ടീ,
പാലസ്തീനികളുടെ വിമോചനസമരത്തെ ഞാനംഗീകരിക്കുന്നു. പക്ഷേ, ഒരു സായുധ സമരത്തിലൂടെ അവര്‍ക്കതു നേടിയെടുക്കാന്‍ കഴിയുമെന്നു കരുതുന്നുണ്ടോ..
ഇത്രയധികം വര്‍ഷങ്ങള്‍ യുദ്ധം ചെയ്തിട്ട് അവര്‍ക്ക് നഷ്ടങ്ങളല്ലാതെ എന്താണു കിട്ടിയിട്ടുള്ളത്, കുറെ നിഷ്പക്ഷ രാജ്യങ്ങളുടെ സിമ്പതിയോ..
ഇസ്രായേലിന്റെ ഏറ്റവും വലിയ ശക്തി അമേരിക്കയുടെ നിര്‍ലോഭമായ പിന്തുണയാണ്.
അവിടെ ഗാന്ധിജിയെ പോലൊരു നേതാവിനു പ്രസക്തിയുണ്ട്. അത്തരമൊരു സമരത്തിനു ഫലം ലഭിക്കാന്‍ സമയമെടുത്തേക്കും. പക്ഷേ, സായുധ സമരത്തിലൂടെ അവര്‍ക്ക് നേടാനാകാത്ത പലതും നേടിയെടുക്കാന്‍ പറ്റും.
അതു പോലെ ഇസ്രായേലിനെ പൂര്‍ണമായി അവിടെ നിന്നൊഴിവാക്കുന്നതു പ്രായോഗികമല്ല. ലോകത്തിന്റെ പല ഭാഗത്തായി ചിതറികിടന്നിരുന്ന ഇസ്രായേലികള്‍ക്ക് ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഉടമ്പടികള്‍ പ്രകാരം നല്കിയ വാഗ്ദത്ത ഭൂമിയാണത്. അവിടെ പാലസ്തീനികള്‍ക്ക് അവകാശപ്പെട്ട (അവര്‍ക്ക് ജീവിക്കാനാവശ്യമായ) ഭൂമി നല്‍കുകയാണ് സമാധാനത്തിനുള്ള പോംവഴി.
ഡാലീ; ഞാനിപ്പോഴാണിതു വായിച്ചത്, നല്ല ലേഖനം
ദ്രൌപതി, സിജു, പോസ്റ്റു വായിച്ചതിനു നന്ദി.
വിശ്വേട്ടാ ഈ വഴിയൊക്കെ പോകുന്നുണ്ടല്ലെ ;)
കാക്കത്തമ്പ്രാട്ടി, ഞാന്‍ ഇന്സാന്, പോസ്റ്റില്‍ വന്നതിനു നന്ദി.
ഇസ്രായേല്‍-പലസ്തീന് രാഷ്ര്ടീയത്തെ കുറിച്ച് പിറന്ന് വീഴുന്ന ഒരു കുട്ടിയ്ക്കു മുതല്‍ ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയ്ക്ക് പോലും വ്യക്തമായ, ശക്തമായ അഭിപ്രായം ഉള്ള സ്ഥലമാണ് കേരളം( മലയാളികള്‍ എന്ന് വിവക്ഷ താമസം എതു നാട്ടിലായാലും). ആ അഭിപ്രായങ്ങളെ മാറ്റാനുള്ള അറിവോ, ഇനിപ്പോള്‍ അറിവ് വായിച്ചുണ്ടാക്കിയാലും അത് എഴുതാന്‍ ശക്തമായൊരു തൂലികയൊ എന്റെ കയ്യിലില്ല. അതിനാല്‍ തന്നെ 1 വര്‍ഷമായി വായിച്ചറിഞ്ഞും നേരിട്ട് കണ്ടും അറിയുന്ന ആ രാഷ്ടീയം ഞാന്‍ കാര്യമായൊന്നും എഴുതാറില്ല.
ഈ പോസ്റ്റില്‍ ഞാന്‍ എഴുതിയിരിക്കുന്നത് മഹാത്മാവിനെ കുറിച്ചും ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ഇന്ന് ഇവിടെയുള്ള ( പലസ്തീനിലും ഇസ്രായേലിലും) പ്രസക്തിയെ കുറിച്ചുമാണ്. ഞാനൊരു അഹിംസാവാദിയാണ്. ഇന്ത്യ പോലൊരു ജനാതിപത്യ രാജ്യത്ത് വധശിക്ഷ പോലെ ഒന്നിനെ എതിര്‍ക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ അഫ്സലിന്റെ വധശിക്ഷയും ഞാന്‍ എതിര്‍ക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പാലസ്തിന്- ഇസ്രായേല്‍ ഹിംസയെ ഞാന്‍ എതിര്‍ക്കുന്നു. ഇസ്രായേലിനെ ഞാന്‍ ന്യായീകരിക്കുന്നില്ല എന്നറിയാന്‍ എന്റെ മറ്റ് പോസ്റ്റുകള്‍ വായിച്ചു നോക്കൂ.
പാലസ്തീനിന് ഒരു ശാന്തി കൊടുക്കാന്‍ നിങ്ങളുടെ ഭാഷയില്‍ പറയുന്ന സായുധ സമരത്തിനു ഇന്നു കഴിവില്ല എന്നു തന്നെ ഞാന്‍ മനസ്സിലാക്കുന്നു.
ഇന്ത്യയെ പോലൊരു മഹാ രാജ്യത്ത് സൂര്യനസ്സ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തീതുപ്പുന്ന വെടിയുണ്ടകള്‍ക്കെതിരെ വാരിക്കുന്തങ്ങളുമായി വന്ന ഒരുപറ്റം പേര് ചത്തുവീണപ്പോള്‍ കടലില്‍ നിന്നും ഒരുപിടി ഉപ്പ് വാരിയ ഒരു അര്‍ദ്ധ നഗ്നനായ ഫക്കീര്‍ ജയിച്ചെങ്കില്‍ അതിനു കാരണം ഒരുപിടി ഉപ്പല്ല എന്ന് നമുക്ക് നന്നായറിയാം. ആ ഉപ്പു വാരാനുള്ള ചങ്കൂറ്റം ആത്മാഭിമാനത്തില്‍ നിന്നുണ്ടായതാണ്. വാരികുന്തങ്ങളുമായി പോയവര്ക്കുമുണ്ടായിരുന്നു ഈ പറഞ്ഞ ചങ്കൂറ്റവും ആത്മാഭിമാനവും എന്നീട്ടും തോറ്റു.( അതിന്റെ കാരണമെന്തേ?)
ഇസ്രായേലിന്റെ വാലാട്ടിയായ അമേരിക്കയുടെ റബ്ബര്‍ പാവ, യു. എന്‍ കൊടുക്കുന്ന 2 നേരഭക്ഷണം കഴിക്കുന്ന പലസ്തീന് ജനതയ്ക്ക് പക്ഷേ വാരികുന്തങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് നിങ്ങള്‍ എന്ന് മനസ്സിലാക്കും!!
ഇന്സാന്; എന്റെ ചോദ്യത്തിനു നിങ്ങള്‍ ഉത്തരം പറഞ്ഞില്ല. ഈ സായുധ സമരത്തില്‍ നിന്നും പാലസ്തീനെന്താണ് നേടിയത്.. നഷ്ടങ്ങളല്ലാതെ.
അതേ സമയം അഹിംസാ മാര്‍ഗ്ഗത്തിലൂടെ സ്വാതന്ത്ര്യം നേടിയതിനു നമുക്കു മുന്നില്‍ രണ്ടു ധീരോദാഹരണങ്ങളുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും.
ഒരു നേതാവുയര്‍ന്നു വന്നതു കൊണ്ട് മാത്രം അമേരിക്ക പിന്തുണ പിന്‍വലിക്കുമെന്നും ഞാന്‍ പറഞ്ഞതിനര്‍ത്ഥമില്ല. പക്ഷേ, പല സംഘങ്ങളായി സമരം ചെയ്യുന്ന പാലസ്തീനകാരെ ഒരുമിച്ചു കൊണ്ടുവരാന്‍ ഒരു നേതാവ് ആവശ്യമാണ്. അരാഫത്തിനു കുറെയൊക്കെ അതിനു കഴിഞ്ഞിരുന്നു. എങ്കില്‍ അദ്ദേഹവും സായുധ മാര്ഗ്ഗത്തീനൊപ്പം തന്നെയായിരുന്നു.
ഇന്നു പാലസ്തീന് പല രാജ്യങ്ങളുടേയും പ്രത്യക്ഷമായ പിന്തുണ കിട്ടാത്തതിന്റെ പ്രധാന കാരണം അമേരിക്കയുടെ മുമ്പില്‍ നട്ടെല്ലിനു വരുന്ന വളവും പാലസ്തീന് നടത്തുന്ന “തീവ്രവാദ” പ്രവര്‍ത്തനങ്ങളുമാണ്.
ഇതിനു മുമ്പത്തെ കമന്റില്‍ തീവ്രവാദം എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചിരുന്നില്ല. തീവ്രവാദി (militant) എന്നത് തെറ്റിദ്ധരിക്കപെട്ട ഒരു വാക്കാണ്. അതിന്റെ അര്‍ത്ഥം ഭീകരവാദി (terrorist) എന്നല്ല. ഭീകര പ്രവര്‍ത്തനം നടത്തുന്ന (എന്തിനായാലും) ആളാണ് ഭീകരവാദി. ഏതെങ്കിലും ഒരു പ്രത്യേക (രാഷ്ട്രീയ്യ) ലക്ഷ്യത്തിനു വേണ്ടി തീവ്രമായി വാദിക്കുന്ന (പ്രവര്‍ത്തിക്കുന്ന) ആളാണ് തീവ്രവാദി. ഏതെങ്കിലും അംഗീക്ര്ത സേനയിലല്ലാതെ പ്രവര്‍ത്തിക്കുന്ന സൈനികരേയും militant എന്നാണ് വിശേഷിപ്പിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പാലസ്തീനില്‍ ഇന്നു നടക്കുന്നതു തീവ്രവാദ പ്രവര്‍ത്തനമാണ്. അതു അവസാനിപ്പിച്ചു അവരെ സമാധാനത്തീന്റെ പാതയിലൂടെയുള്ള ഒരു സമരമാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഒരു നേതാവ് വേണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചതു; എനിക്കു മനസ്സിലായിടത്തോളം ഡാലി പറഞ്ഞതും അതു തന്നെ.
പിന്നെ പാലസ്തീന് വിഭജന കരാര്‍ ഇന്ത്യയും അറബ് രാജ്യങ്ങളും എതിര്‍ത്തിട്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനു പാസ്സായ കരാറാണ്. അതിനു മുമ്പ് ബ്രിട്ടന്റെ കീഴില്‍ അവിടെ പാലസ്തീനികളും ജൂതന്മാരും ഉണ്ടായിരുന്നു. അവര്‍ക്കതു വിഭജിച്ചു നല്‍കാനുണ്ടായ തീരുമാനവും അതിനു ശേഷമുണ്ടായ യുദ്ധങ്ങളും കൊണ്ടാണ് ഇന്നീ സ്ഥിതി വന്നു ചേര്‍ന്നിരിക്കുന്നത്.
പാലസ്തീനികള്‍ക്കും അതു മൊത്തം നല്കിയാല് ഇപ്പോഴവിടെയുള്ള ഇസ്രായേലികളെവിടെ പോകും. അത്തരം ഒരു പ്രതിവിധി പ്രായോഗികമാണോ..
അവിടെ പാലസ്തീനികള്‍ക്ക് അവകാശപ്പെട്ട (അവര്‍ക്ക് ജീവിക്കാനാവശ്യമായ) ഭൂമി നല്‍കുകയാണ് സമാധാനത്തിനുള്ള പോംവഴി എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇസ്രയേലിനോട് അഹിംസ സംസാരിക്കണമെന്നൊക്കെ പറയുന്നത് കവിത രചിക്കാന്‍ കൊള്ളാം, പാലസ്തീനിയന്‍ യാഥാര്‍ഥ്യങ്ങളോട് തരിമ്പും നീതി പുലര്‍ത്താന്‍ ഒരു ഗാന്ധിയന്‍ അഹിംസക്കും കഴിയില്ലെന്നതിന് ഭീകര ഇസ്രയേലിന്റെ ചരിത്രവും വര്‍ത്തമാനവും സാക്ഷിയാണ്.
ഡാലി 'പലസ്തീന് തീവ്രവാദത്തെക്കുറിച്ച്'(!) പറഞ്ഞു കൊണ്ടേയിരിക്കും, ഇസ്രയേല്‍ ഭരണകൂട ഭീകരതയെക്കുറിച്ച് സൂക്ഷിച്ചും ശ്രദ്ധിച്ചും അത്യാവശ്യത്തിനും മാത്രമേ സംസാരിക്കു. അതു കൊണ്ടാണ് താന്‍ ഇസ്രയേലിനെ ന്യായീകരിക്കുന്നില്ലെന്ന് ഇടക്കിടെ ഓര്‍മിപ്പിക്കേണ്ടി വരുന്നത്. ഇസ്രയേല്‍ നയങ്ങളോടുള്ള നേരിട്ടുള്ള പ്രതിഷേധം ഡാലിയുടെ കുറിപ്പുകളില്‍ പ്രകടമായിരുന്നില്ല എന്നത് തന്നെ അവര്‍ പ്രതിനിധീകരിക്കുന്ന വിധേയത്വത്തിന്റെ രാഷ്ട്രീയം വെളിവാക്കിത്തരുന്നുണ്ട്.
നില നില്ക്കുന്ന യഥാര്‍ത്ഥ വൈരുദ്ധ്യം പാലസ്തീന് ജനതയും ഇസ്രയേലും തമ്മിലാണെന്ന് ശരിയായി മനസ്സിലാക്കിയവരാണ് പാലസ്തീന് വിമോചനപ്പോരാളികള്‍. അറാഫത്തിന്റെ സൈന്യം ഹമാസിനെതിരെ ശത്രുതാ പരമായ നിലപാടുകള്‍ സ്വീകരിച്ചു കൊണ്ടിരിക്കെ തന്നെ അവര്‍ മലയോളം ക്ഷമയവലംഭിച്ചിരുന്നത് അതു കൊണ്ടാണ്. യുദ്ധഭൂമിയില്‍ നിന്നു പോലും സംയമനത്തിന്റെ തിളങ്ങുന്ന മാതൃകകള്‍ സൃഷ്ടിച്ചവരോട് ക്ഷമയേയും സഹനത്തേയും കുറിച്ച് ധര്‍മോപദേശം നടത്താന്‍ ഒരു പോരാട്ട അനുഭവവും കയ്യിലില്ലാത്ത നമുക്കെന്തവകാശം എന്നതാണ്...പിന്നെ സ്വന്തം വീട് കയ്യേറി അച്ഛനേയും അമ്മയേയും അടിച്ചു പുറത്താക്കിയവനോട് ഒരു സിജുവും അഹിംസ പ്രയോഗിക്കുമെന്ന് എനിക്കു തോന്നുന്നില്ല!
രാഷ്ട്രീയ സയണിസത്തിന്റെ ലക്ഷ്യം നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെ വിശാലമായിക്കിടക്കുന്ന ഭൂമിയാണെന്ന് തിരിച്ചറിയാതെയാണ്, മുഴുവന്‍ ഇസ്രയേലികളും അധിനിവേശക്കാരാണെന്നും മുഴുവന്‍ ഇസ്രയേല്‍ ഭൂമിയും അധിനിവിഷട ഭൂമിയാനെന്നും തിരിച്ചറിയാതെയാണ് പലസ്തീനികളുടെ ന്യായമായ -ജീവിക്കാനാവശ്യമായ(!)- ഭൂമിയെക്കുറിച്ച് പലരും വാചാലരാകുന്നത് . അല്ലെങ്കിലും ആരാണ് പലസ്തീനികളുടെ 'ന്യായമായ ഭൂമി' ഏതൊക്കെയെന്ന് നിശ്ചയിക്കുന്നത്? അമേരിക്കയോ, യൂറോപോ അതോ ഇസ്രയേല്‍ തന്നെയോ?. ഇന്ന് ഇസ്രയേല്‍ നില നില്ക്കുന്നിടം മുഴുവന്‍ അധിനിവിഷ്ട പലസ്തീന് ഭൂമിയാണ്. അത് തിരിച്ചു പിടിക്കുന്നത് പലസ്തീനികളുടെ ഏറ്റവും പ്രാഥമികമായ -ന്യായമായ- അവകാശമാണ്. അതിനെ ഭീകരമെന്നോ തീവ്രവാദപരമെന്നോ മുദ്ര കുത്താന്‍ ഇസ്രയേലിലോ കേരളത്തിലോ സുഖജീവിതം നയിക്കുന്നവര്‍ക്ക് ധാര്‍മികമായി ഒരര്‍ഹതയുമില്ല
എന്താണ്,ഈ മൌലീകവാദിയും ഇന്‍സാനും പറയുന്നത്,
ലെവന് മാരു പറയുന്നവര്‍ മുഴുവനും തീവ്രവാദികളാണെന്നേ!
നമ്മുടെ നാട്ടിലെ പുലിയായിരുന്നല്ലോ ഗാന്ധിജി..കഴിഞ്ഞനൂറ്റാണ്ടിലെ തീവ്രവാദിയായിരുന്നു നമ്മടെ ഗാന്ധി..അറിയോ ...നമ്മടെ പോരാളികള്‍ അവരുടെ തീവ്രവാദി...മാറ്ക് സിനെയടക്കം അധിനിവേശത്തിനെതിരെ പോരാടുന്ന ഏത് ലെവനാണിവന് മാര്‍ ക്കു തീവ്രവാദിയാവാതെ ഇരുന്നിട്ടുള്ളത്....പോട്ടെ..ഇപ്പൊല് നമ്മുടെ ഗദ്ധാഫി സമാധാന്ത്തിന്റെ അപ്പോസ്ഥലനല്ലെ..മരിച്ച ഫഹദും ജീവിക്കുന്ന മുഷര്രഫും പോരാളികളാ..!!!!
ചാവേസ് പിശാചാ!!!!
1970 കളിലാണ്, അമേരിക്കയിലെ ഇസ്രയേല്‍ എംബസിക്കു മുന്നില്‍ 2 സ്ത്രീകള്‍ ഓരോ പ്ലക്കാര്‍ഡുമായി നിന്നത്. ഒരാള്‍ എലന്‍ സീഗല്‍, അപര ഡോ:ഗദാ കാര്‍മി. ഗദായുടെ പ്ലക്കാര്‍ഡില്‍ നാം വായിക്കുന്നു: "ഞാന്‍ ഒരു ഫലസ്തീനി അറബി. ജനിച്ചത് ജറൂസലമില്‍. എന്റെ വീട് ജറൂസലമില്‍. പക്ഷേ എനിക്ക് ജറൂസലമിലേക്ക് മടങ്ങാന്‍ അവകാശമില്ല". എലന്റെ പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നു: "ഞാനൊരു അമേരിക്കക്കാരിയും യഹൂദിയും. ജനിച്ചതും ജീവിക്കുന്നതും അമേരിക്കയില്‍. ഇസ്രയേല്‍ എന്റെ വീടല്ല. എന്നാലും എനിക്കവിടേക്ക് ചെല്ലാന്‍ അവകാശമുണ്ട്"!!
(ജറൂസലം: കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം)
ഡാലീ, ഒരു കൊല്ലം മുന്‍പ് വായിച്ചിരുന്നു. ഇപ്പോള്‍ ഒന്നുകൂടി വായിച്ചു. നന്ദി.
വായിച്ചവര്‍ വായിച്ചവര്‍ മാറിനില്‍ക്കൂ..
വക്കാരീ, വായിക്കാത്തവര്‍ക്കു വഴികൊടുക്കൂ..
വായിക്കാന്‍ പോലുമറിയാത്തവര്ക്കു വായ് നിറയേ വായിച്ചുകൊടുക്കൂ...
:-)
:)
എമ്പിടി വെവരങ്ങള് കിട്ടി...
നന്ദി...
ഡാലി കലക്കി. ബൈബിളിലെ കാര്യം പറഞ്ഞു തന്നത് ഉഗ്രനായി. വലതു കൈ കൊണ്ടു വലതു കവിളത്ത് അടിക്കാന്‍ പറ്റൂലല്ലേ.. ഇനി ധൈര്യമായി പറയാല്ലോ തല്ലാന്‍. നല്ല എഴുത്ത് . ഇനീം എഴുതുക.
ഡാലി, ഇതു വായിക്കാന്‍ വൈകി.
വൈകിയെങ്കിലും വായിക്കാന്‍ സാധിച്ചല്ലോയെന്നൊരു ചാരിതാര്‍ഥ്യമുണ്ട്.
നന്ദി :)
സുരക്ഷിതത്ത്വത്തിന്റെ മാളങ്ങളില്‍ കഴിയുന്നവര്‍ക്ക് ചെലവില്ലാതെ നല്കാവുന്ന ഒന്നാണ് ഉപദേശം.
സ്റ്റാലിന്റെ റഷ്യയോടോ ഹിറ്റ്ലറുടെ ജര്‍മ്മനിയോടോ ആയിരുന്നു, ഗാന്ധിജിയുടെ അഹിംസാ വചനങ്ങളെങ്കില്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ എന്നെഴുതിയത് ബര്‍ട്രാന്റ് റസലല്ലേ. കക്ഷിയും മോശക്കാരനായിരുന്നിരിക്കണം. ഗാന്ധിയന്‍ സമരമുറയുടെ സാര്‍വത്രിക അംഗീകാരത്തിനുളള ഏറ്റവും വലിയ ഉദാഹരണം അതു തന്നെ.
ഗാന്ധിജി ഇന്ത്യയുടെ സമ്പത്തും സമാനതകളില്ലാത്ത പ്രതിഭാസവുമാണ്. ആ ജീവിതം പഠിക്കുന്നതും പഠിച്ചത് സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും മനസിലാക്കാവുന്നതുമാണ്. എന്നാല്‍ അര്‍ദ്ധനഗ്നനായ ഫക്കീര്‍ ഒരുപിടി ഉപ്പു കുറുക്കിയപ്പോള്‍ ബ്രിട്ടീഷുകാരന് സ്വാതന്ത്ര്യം എറിഞ്ഞിട്ടോടിപ്പോയി എന്നൊക്കെ എഴുതുന്ന അതിവൈകാരികതയ്ക്ക് മറുപടി പറയാതിരിക്കുന്നതു തന്നെയാണ് ഉചിതം.
ഭഗത് സിംഗും ബാലഗംഗാധര തിലകനും റാണി ലക്ഷ്മീ ഭായിയും തൊട്ട് സ്വാതന്ത്ര്യ സമര ഭൂവില്‍ ജീവനും ജീവിതവുമുപേക്ഷിച്ചവര്ക്കൊന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വിലയുമില്ലെന്ന് വന്നാല്‍. പഴശിരാജയും പാലിയത്തച്ചനും മോശക്കാരോ?
അടച്ചിട്ട മുറിയിലിരുന്ന് രഘുപതി രാഘവ രാജാറാം പാടാന്‍ ഫലസ്തീന് കലാപകാരികളോടുളള ആഹ്വാനവും കലക്കി. ജന്മനാട്ടില് നിന്നും ആട്ടിപ്പായിക്കപ്പെട്ടവന് അവശ്യം ചെയ്യേണ്ടത് അതുതന്നെയാണ്. അടി കിട്ടിയാല്‍ മറുകരണം കാട്ടിക്കൊടുക്കുക. ഒരു കൈവെട്ടിയാല്‍ അടുത്ത കൈയും കാലു വെട്ടിയാല്‍ അടുത്ത കാലും നീട്ടുക. വെട്ടുന്നത് കഴുത്താണെങ്കില്‍? രണ്ടെണ്ണമില്ലല്ലോ അത്? മകന്റെയോ മകളുടെയോ ഭാര്യയുടെയോ കഴുത്ത് ചൂണ്ടിക്കൊടുക്കാം, അറ്റുവീണ കബന്ധത്തില്‍ നിന്ന് പ്രാണന് പോകും മുമ്പ്.
ഏതോ ഒരു കാലത്ത് അവതരിക്കാനിരിക്കുന്ന ഗാന്ധിജന്മത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കട്ടെ ഫലസ്തീനികള്‍. കെഞ്ചിയും കേണും പ്രാര്‍ത്ഥിച്ചും നടുവളച്ച് കൈകള്‍ കോട്ടി കാത്തു നിന്നാല്‍, ഇസ്രായേല്‍ ദയാപൂര്‍വം എറിഞ്ഞു കൊടുക്കും ഷെവര്‍മ പോലെ സ്വാതന്ത്ര്യം. അതുവരെ ക്ഷമിക്കാത്ത ഫലസ്തീനികള്‍ ക്രൂരന്മാരല്ലേ, വിവരദോഷികളും. കംപ്ലീറ്റ് വര്‍ക്ക്സ് ഓഫ് മഹാത്മാഗാന്ധി ഇന്റര്‍നെറ്റില്‍ അവൈലബിളാണെന്ന വിവരം പോലും അവര്‍ക്കില്ല. ഏതുപദേശവും ഫ്രീയായി നല്കാന് ഒരു ഡാലിയുളള കാര്യം അവര്‍ക്കറിയുകയുമില്ല.
ക്യൂബയിലെ മന്ത്രിപദമുപേക്ഷിച്ച് ബൊളീവിയന്‍ വനാന്തരത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച ചെ ഗുവേരെയെ ലോകം ഓര്മ്മിച്ചതേയുളളൂ. അഹിംസയുടെ മാനദണ്ഡങ്ങളാല്‍ അളന്നു നോക്കിയാല്‍ എന്തൊരു മണ്ടന്‍ ചെ ഗുവേര. അല്ലേ.
കാശ്മീരിലും ആസാമിലും നാഗാലാന്റിലും പണ്ട് പഞ്ചാബിലും ഇന്ത്യ നടപ്പാക്കി വിജയിച്ചതും അഹിംസയാണല്ലോ. വേറൊരു ഗാന്ധി 1984 ഒക്ടോബര്‍ 31 ന് കൊല്ലപ്പെട്ടപ്പോള്‍ ദില്ലിയില്‍ നടന്ന അഹിംസയില്‍ ചുട്ടെരിക്കപ്പെട്ട മനുഷ്യ ജീവനുകളെത്രയെന്ന് ഇന്നും കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. മൂവായിരമോ അതോ നാലായിരമോ?
വലിയ മരം കടപുഴകുമ്പോള്‍ ചുവട്ടടിയില്‍ നില്‍ക്കുന്നതൊക്കെ ചതഞ്ഞു പോകും എന്ന താത്വികോപദേശം നല്കിയ ആളിന്റെ പേരിലും ഒരു ഗാന്ധിവാലുണ്ടായിരുന്നു.
പിറന്ന നാട്ടില്‍ സ്വന്തം കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയാനുളള അവകാശം നിഷേധിക്കപ്പെട്ടവന്റെ വേദന അത്രയെളുപ്പം മനസിലാകുന്ന ഒന്നല്ല. ഫലസ്തീന് സ്വാതന്ത്ര്യസമരം എങ്ങനെ നയിക്കണമെന്ന് തീരുമാനിക്കാനുളള അവകാശം ദയവായി അവര്‍ക്കു വിട്ടുകൊടുക്കുക.
സ്വന്തം സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ രഘുപതി രാഘവ പാടുക. അടി കിട്ടിയാല്‍ മതി വരുവോളം അടിക്കാന്‍ ആവശ്യപ്പെടുക. മറുകവിളോ മുതുകോ സൗകര്യം പോലെ കാട്ടിക്കൊടുക്കുക.
മേലങ്കി ആവശ്യപ്പെടുന്നവന് ഉടയാട മുഴുവന്‍ മടിക്കാതെ അഴിച്ചു കൊടുക്കുക. ഒരു മൈല്‍ കൂടെ നടക്കാന്‍ പറയുന്നവനോടൊപ്പം ജീവിതപാത തീരുംവരെ നടന്നോളൂ. ആര്‍ക്ക് പരാതി?
ലോകമെമ്പാടുമുളള സ്വാതന്ത്ര്യസമരപ്പോരാളികളെ ആക്ഷേപിക്കാനും അവമതിക്കാനും അവര്‍ക്ക് ഗീതോപദേശം (അതോ ഡാലിയോപദേശമോ) നല്‍കാനുമുളള ത്രാണിയൊന്നുമായിട്ടില്ലെന്ന തിരിച്ചറിവും നല്ലതാണ്. സെല്‍ഫ് റെസ്പെക്ടിന്റെ നിര്‍വചനത്തില്‍ അതും വരും. യേത്....?
മാരീചന്,
മറുപടി ഇവിടെ ഇട്ടീട്ടുണ്ട്.
http://dalydavis.blogspot.com/2007/10/blog-post.html
പോസ്റ്റ് ഞാനെടുത്തു
ഇന്നലെയാണ് വായിക്കുന്നത്. ആത്മാഭിമാനത്തിന്റെ ആ പാഠം ആദ്യമായി പഠിക്കുന്നു. ഈ വ്യാഖ്യാനം മുമ്പ് കേട്ടിരുന്നില്ല. നന്ദി.
പിന്നൊന്ന്, ഗാന്ധി വിവാദം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് (എന്റെ മനസ്സില്‍ തീര്‍പ്പാക്കുന്നതിനെ കുറിച്ചാണേ...) ഇവിടെ വന്നത്. മുമ്പ് ഉറച്ച ഗാന്ധിവിരോധിയായിരുന്ന ഞാന്‍ ഈ പോസ്റ്റടക്കം വായിച്ചുതീര്‍ന്നതോടെ ഗാന്ധി അനുഭാവി ആയി മാറി. ആ മാറ്റത്തിന് ഡാലിയുടെ പോസ്റ്റും കാരണമായെന്ന് പ്രത്യേകം പറയട്ടെ.
പ്രിയ ഡാലി,
പ്രായോഗികമായ ഈ തിരിച്ചറിവിനു മുന്നില്‍
ചിത്രകാരന് നമിക്കുന്നു.
ഡാലീ, സുന്ദരമായി എഴുതിയിരിക്കുന്നു.കണ്ണുനിറഞ്ഞു.
My friends like to play it and buy aoc gold. If you have money to buy conan gold, you will find it is very useful. Earning age of conan gold is not so hard. Try your best and then you can get it. I buy cheap aoc gold, just because I like it. So simple the aoc money is.
നല്ല പോസ്റ്റുകള്‍ കണ്ടു. ആത്മാര്തത എഴുത്തില്‍ വന്നാല്‍ വായിക്കുന്ന ആള്‍ക്കാര്‍ക്ക് ജീവ ജലം പോലെ തോന്നും. എന്റെ മതം (സത്യത്തില്‍ എല്ലാ മതവും അതാതു അഭിപ്രായം എന്നെ അര്‍ത്ഥമുള്ളൂ ) നീ മോശം , നമ്മള് മാത്രം സ്വര്‍ഗത്തില്‍ , ബാക്കി എല്ലാം നരകത്തില്‍ , ഇതെല്ലം ഡിഗ്രി എടുത്തശേഷം ഒന്നാം ക്ലാസ്സില്‍ പോയി ഇരിക്കുന്ന പോലുള്ള പണി ആണ്. ആരെങ്കിലും എന്തങ്കിലും പഠിക്കാന്‍ പോയാല്‍ അത് പൂര്‍ത്തി ആക്കുക .
ചരിത്രം എന്നത് പൊയ്പ്പോയ ഓരോ നിമിഷവും ചരിത്രമാണ്.
ആര്കെങ്കിലും എവിടെയെങ്കിലും ഒരു "രാജ്യം" സ്ഥാപിക്കാന്‍ വിചാരിക്കുന്ണേല്
അത് വെറും സ്വപ്നവും 'അറിവില്ലായ്മ ആകുന്ന ഗ്രഹണ സമയത്തുള്ള
കണ്ണ് പോട്ടന്റെ ഞാഞൂല് പ്രവൃത്തിയും ആകും. "എടൊ മനുഷ്യന്മാരെ നിങ്ങളോ പാഴായി ! മറ്റുള്ള മക്കളയും ആ വഴി നടത്താതെ."
ശ്രി യേശ്ശു ദേവന് പറഞ്ഞപോലെ
" നിന്കളില് ആരെങ്കിലും അപ്പം ചോദിച്ചാല്‍ കല്ലെടുത്ത് മക്കള്‍ക്ക് തിന്നാന്‍ കൊടുക്കുമോ? "
ദിവ്യ പ്രവാചകരായ നബിതിരുമേനിയുടെ സ്വഭാവത്തെ കുറിച്ച് 'ഹദീസ്സില്‍' നിന്നും
വായിച്ചിട്ടുണ്ട്. അവര്‍ ആരയും കൊല്ലാന്‍ പറയില്ല. ഒരു ഉറുംബിനെ പോലും!
ഒരിക്കല്‍ അവര്‍ നടന്നു പോകുമ്പോല്‍ ഉറുമ്പിന് കൂട്ടങ്ങളെ ആരോ തീയിട്ടു ചുട്ടത് കണ്ടു.അവര്‍ അപ്പോള്‍ വലിയ ദുഃഖത്തീല് ആകുകയും ഉച്ചത്തില്‍ " ആരാണ് ഈ ക്രൂരത ചെയ്തത് എന്ന് " ചോദിച്ചതായും ഉണ്ട്. നിസ്സാരമായ ഉറുംബിനെ പോലും സാരമായി അവര്‍ കാണുന്നു! നമ്മള് മാത്രം അത് പഠിക്കുന്നില്ല. ഒന്നേ എനിക്ക് പറവാന്‍ ഉള്ളൂ , " ഇവിടെ മനുഷ്യന് മാര്‍ ദൈവാരാധന നടത്തി തുടങ്ങിയത് ആയിരമോ രണ്ടായിരമോ കൊല്ലമല്ല എണ്ണാന്‍ പറ്റാത്ത കാലങ്ങള്‍ ആയീ ." നിന്റെ ദൈവത്തിന്റെ നാമം എഴുതാന്‍ ഈ സമുദ്രമല്ല ഏഴു സമുദ്രം മഷി ആക്കിയാലും ഏഴ് ഭൂമി ഉണ്ടായാലും തികയില്ല എന്നാണ്! " ഗ്രന്ഥത്തില്‍ ഉള്ളത്.
ഗ്രന്ഥം എന്താണ് എന്ന് അറിയാന്‍ ഗ്രന്ഥി എന്താണെന്നു അറിയണം. ഗ്രന്ഥി ഏതെന്ന് അറിയാന്‍ ശരീരം എന്തെന്ന് അറിയണം. ശരീരം അറിഞ്ഞാല്‍ ദൈവം എന്തെന്ന് അറിയാം എന്നല്ലേ നിങ്ങളുടെ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്. "അരഫ്ഫ " എന്ന വാക്കുതന്നെ "തന്നെ തിരിച്ചറിയുക " ( self realization) എന്നാണ്. അരഫ്ഫ മലയെ പറ്റി താങ്കള്‍ കേട്ടുകാണും എന്ന് അറിയാം. നബി തിരുമേനി തന്നെ തിരിച്ചറിഞ്ഞു. അവര്‍ ദൈവ ആത്മാവ് നേടി .
നമ്മള് ഇപ്പോളും തമ്മില്‍ അടികൂടി പാഴായി മരിക്കുന്നു.
Post a Comment