കമ്പോളമല്ല, ഗവണ്‍മെന്റാണു രാജ്യം ഭരിക്കേണ്ടതെന്നു പ്രഖ്യാപിക്കാന്‍ വോട്ട് ഉപയോഗിക്കുക. 2009 പാര്‍ലിമെന്റ് ഇലക്ഷനില്‍ ഇടത് പക്ഷം ഉയര്‍ത്തുന്ന സുപ്രധാന വിഷയങ്ങളില്‍ ഒന്നാമത്തേതാണിത് "Say No to Corporate Raj"
കോപ്പറേറ്റുകളെ ഓര്‍ക്കുമ്പോള്‍ എല്ലായ്പ്പോഴും ആദ്യം ഓര്‍മ്മവരുന്നത് ആപ്പിളുകള്‍ക്കും മുന്തിരിക്കുലകള്‍ക്കുമിടയില്‍ തൂങ്ങി കിടക്കുന്ന കുപ്പിവെള്ളങ്ങളാണ്. ജീവിതത്തില്‍ ചെയ്ത തീര്‍ത്ത ഒട്ടനവധി യാത്രകള്‍ക്കും ഇത്രനാളത്തെ ഇന്ത്യയ്ക്ക് വെളിയിലെ ജീവിതത്തിനു ശേഷവും ഒരോ കുപ്പി വെള്ളം വാങ്ങുമ്പോഴും മനസ്സിനൊരു കനമാണ്. പലപ്പോഴും കുപ്പി വെള്ളം വാങ്ങാനുള്ള മനസ്സിലായ്മ മൂലം വെള്ളം കുടിയുടെ കുറവ് കൊണ്ട് നിസ്സാരമല്ലാത്ത അസുഖങ്ങള്‍ പോലും വന്നു. എന്നീട്ടും ..
കുപ്പിവെള്ളത്തിനു കനം വര്‍ദ്ധിപ്പിച്ചെതെന്തെന്നു തിരിഞ്ഞു നോക്കിയപ്പോഴാണു മനസ്സിലായത് അത് ജീവിതവുമായി വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു.
നഗരപ്രാന്തത്തിലാണ് ജനിച്ചതും ബാല്യം കഴിച്ചു കൂട്ടിയതും. കാലുകള്‍ നഗരത്തിലേക്ക് നീട്ടി വച്ച് തലത്തിരിച്ച് കൈകള്‍ പരമാവധി തന്റെ പഴയ ഇടത്തിലേക്ക് തന്നെ തൊട്ടുകൊണ്ടുള്ള വല്ലത്തൊരു ജീവിതമാണ് ഏത് നഗരപ്രാന്തത്തിലും. അന്ന് കാലത്ത് അവിടെ വെള്ളമില്ലായിരുന്നു. മഴ പെയ്യുമ്പോള്‍ മാത്രം വെള്ളം നിറയുന്ന കിണറുകള്‍. വര്‍ഷം മുഴുവന്‍ വെള്ളമുള്ള കിണറുകള്‍ ഉള്ളത് മഠത്തിലും മത്തായി ചേട്ടന്റെ വീട്ടിലും. എട്ടും -ഒന്‍പതും മാസം ഗര്‍ഭത്തിലും മഠത്തിന്റെ വേലി കുനിഞ്ഞ് കടന്ന് വെള്ളം കൊണ്ടുവന്നുവെന്ന് എല്ലാ വേനല്‍ക്കാലങ്ങളിലും അമ്മ സ്വയം ഓര്‍ത്തു കൊണ്ടിരുന്നു. പിന്നീട് മഠത്തില്‍ നിന്നും വെള്ളം കൊടുക്കാതെയായി.പൊതുക്കിണറില്‍ നിന്നും വെള്ളം കോരുന്ന മത്സരത്തില്‍ അമ്മ എന്നും തോറ്റു പോയി. മത്തായി ചേട്ടന്റെ വീട്ടില്‍ നിന്നും പത്ത് പതിനഞ്ചു വീട്ടുക്കാര്‍ ഊഴം വച്ച് വെള്ളം കൊരികൊണ്ടിരുന്നു. രണ്ട് നട (ഒരുനട = 2 കുടം) വെള്ളം കോരുമ്പോഴേ വെള്ളം കലങ്ങും. വെള്ളം കലങ്ങിയാല്‍ മത്തായി ചേട്ടന്റെ ഭാര്യ തുടങ്ങും ചീത്ത. എന്നും അമ്മയ്ക്ക് കരച്ചിലാണു. ഞങ്ങള്‍ കുട്ടികള്‍ നടന്ന് തുടങ്ങിയപ്പോഴെ വെള്ളം കൊണ്ടുവരുന്ന കുഞ്ഞു ബക്കറ്റുകള്‍ അമ്മ വാങ്ങി തന്നു. മത്തായി ചേട്ടന്‍ വീടു വിറ്റ് ത്രേസ്യാമ്മേടത്തി വീട് വാങ്ങിയപ്പോള്‍ ചീത്തയുടെ കനം കൂടി, അമ്മയുടെ കണ്ണുനീരിന്റേയും.
അക്കാലങ്ങളില്‍ തങ്ങളുടെ ഭൂമിയില്‍ കിണറിലാതിരുന്നവര്‍ പുതിയ കിണറുകള്‍ കുത്താന്‍ തുടങ്ങി. വെട്ടി തീരുന്ന കിണറുകളിലെല്ലാം വിരിച്ച പാറ. അപൂര്‍വ്വം ചിലയിടങ്ങളില്‍ ഉറവകണ്ടാല്‍ ശര്‍ക്കരവെള്ളവും നാളികേരപ്പൂളുമായി ആഘോഷം. എങ്കിലും ഉറവകള്‍ ഒന്നും തന്നെ വേനല്‍ക്കാലങ്ങളെ അതിജീവിച്ചില്ല. അവയെല്ലാം ശക്തി കുറഞ്ഞ ഉറവകളായിരുന്നു. മത്തായി ചേട്ടന്‍ വേനലില്‍ കിണറു ചേറെടുത്ത് കഴിഞ്ഞാല്‍ പിന്നെ മറ്റിടങ്ങളിലെ ഉറവുകള്‍ നിലക്കും. വെള്ളമില്ലാത്ത പൊട്ടക്കിണറുകള്‍ ഒന്നായി മൂടാന്‍ തുടങ്ങി. ഞങ്ങളുടെ കിണറു മൂടാന്‍ അമ്മ സമ്മതിച്ചില്ല. മഴക്കാലത്തെങ്കിലും മറ്റുള്ളവരുടെ ചീത്ത കേള്‍ക്കണ്ടല്ലോ. വെള്ളം വണ്ടികള്‍ എത്തിക്കാനുള്ള ശ്രമം ചിലപ്പോഴൊക്കെ വിജയിച്ചു. തള്ളില്‍ നിന്നും വെള്ളം പിടിക്കുന്നതില്‍ അമ്മ എന്നുമൊരു പരാജയമായിരുന്നു. പൊതുടാപ്പുകള്‍ക്കായി ചിലര്‍ ശ്രമം തുടങ്ങി. ഞങ്ങളുടെ വഴിയില്‍ ഒരു പൈപ്പിനായി അപ്പന്‍ ശ്രമിച്ചെങ്കിലും ആ വഴിയില്‍ കൂടി വെള്ളകുഴല്‍ പോയീട്ടേ ഇല്ലായെന്നതിനാല്‍ കുറേ ദൂരെ മത്തായി ചേട്ടന്റെ കിണറിനും അപ്പുറമാണൊരു ടാപ്പ് വന്നത്. ത്രേസ്യാമ്മേടത്തിയുടെ കനം കൂടിയ വാക്കുകള്‍ എല്ലാ വേനല്‍ക്കാലങ്ങളിലും അമ്മയുടെ കണ്ണില്‍ കനം കൂടിയ തുള്ളികളുണ്ടാക്കി. ഞങ്ങള്‍ പ്രൈമറി കഴിഞ്ഞപ്പോള്‍ അമ്മ പ്രഖ്യാപിച്ചു ഇത്രനാളും ഞാന്‍ വെള്ളം ചുമന്നു. ഇനി എനിക്കു വയ്യ. നിങ്ങള്‍ വലുതായില്ലേ ഇനി നിങ്ങള്‍ വെള്ളം കൊണ്ടുവാ. അഭിമാനികളായിരുന്നു ഞങ്ങള്‍. രണ്ടാഴ്ച്ചയോ മറ്റോ ഞങ്ങള്‍ കനം കൂടിയ വാക്കുകള്‍ കേട്ട് വെള്ളം കോരിയിട്ടുണ്ടാകും. പിന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചു ഇനി മുതല്‍ പൊതു ടാപ്പില്‍ നിന്നും മതി വെള്ളം. ടാപ്പില്‍ നിന്നും പകുതി ദൂരം അനിയന്‍ ചുമക്കം അവിടെ നിന്നും വീടു വരെ ഞാനും. സ്കൂളില്‍ പോകുന്നതിനു മുന്‍പ് വീട്ടിലെ പാത്രങ്ങളിലെല്ലാം വെള്ളം നിറയ്ക്കുക എന്നതായിരുന്നു അന്ന് ഹോംവര്‍ക്കിനേക്കാള്‍ പ്രധാനപ്പെട്ട പണി. ടാപ്പ് വെള്ളത്തിനു ക്ലോറിന്‍ ചുവ ആര്‍ക്കും സഹിക്കാന്‍ കഴിയുമായിരുന്നില്ല. ത്രേസ്യാമ്മേടത്തിയുടെ കിണറില്‍ നിന്നും കുടിക്കാനായി മാത്രം ഒരു നട വെള്ളം അമ്മ എടുത്തു പോന്നു; ഞങ്ങള്‍ സ്ഥിരം എതിര്‍ത്തിരുന്നുവെങ്കിലും.
പുതിയ വീട് വാങ്ങാന്‍ അപ്പന്‍ പദ്ധതിയിട്ടപ്പോള്‍ അമ്മയ്ക്കൊരേയൊരു നിര്‍ദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. വറ്റാത്ത കിണറുണ്ടാവണം. ഒത്തുവന്ന വീടിന്റെ കിണര്‍ അതിര്‍ത്തി കിണറയായതുകൊണ്ട് വളരെയധികം ബാധ്യത വരുമായിരുന്നീട്ടും അപ്പന്‍ രണ്ടു പറമ്പും കൂടെ ഒന്നിച്ചു വാങ്ങി; ഇനിയൊരിക്കലും വെള്ളത്തിനു വേണ്ടി കരയരുത്. അല്‍പ്പകാലത്തിനു ശേഷം വീടിന്റെ മുറ്റത്ത് തന്നെ പൊതുടാപ്പ് വന്നു. ഞങ്ങള്‍ തിളപ്പിക്കാത്ത കിണറുവെള്ളം തന്നെ കുടിച്ചു. ക്ലോറിന്‍ ചേര്‍ന്ന പൈപ്പുവെള്ളം കുടിച്ചില്ല. ഒരോ സ്ഥലത്തും ചെന്ന് വെള്ളം കുടിച്ച് അമ്മ പറയും ഞങ്ങളുടെ വെള്ളത്തിനാണു രുചി. കട്ടിയില്ലാത്ത നല്ല തെളിഞ്ഞ വെള്ളമാണ്. എല്ലായാത്രകളിലും ഞങ്ങള്‍ക്ക് ഒരു കുപ്പി വെള്ളം തന്നു വിടാന്‍ അമ്മ ഒരിക്കലും മറന്നില്ല. എപ്പോഴെങ്കിലും ഒരു കുപ്പി വെള്ളം വാങ്ങേണ്ടി വരുമ്പോള്‍ വെള്ളത്തിനെല്ലാം ത്രേസ്യാമ്മേടത്തിയുടെ വാക്കുകളുടെ കനമാണ്.
നഗരപ്രാന്തത്തിലെല്ലായിടത്തും, എല്ലാ വീട്ടിലും പൊതുവെള്ളം എത്തി. എല്ലാവര്‍ക്കും അവസാനം ഞങ്ങളും മുനിസിപ്പാലിറ്റി വെള്ളം വീട്ടിലേക്കെടുത്തു.പൊതുവെള്ളം വന്നതനുസരിച്ച് പലരും സ്വന്തം കിണറുകള്‍ മൂടി അതിനു മുകളില്‍ വലിയ വലിയ വീടുകള്‍ പണിതു.പക്ഷേ എന്നീട്ടും അക്കാലങ്ങളിലൊക്കെ അടുത്ത ഗ്രാമങ്ങില്‍ കടുത്ത വെള്ളക്ഷാമം ഉണ്ടായിരുന്നു. ഇപ്പോഴും കുടിവെള്ളമെത്താത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. 44 പുഴകള്‍ ഉണ്ടായിട്ടും കേരളത്തില്‍ ഇത്രമാത്രം വെള്ളക്ഷാമമെന്തെന്ന് ചിന്തിക്കാന്‍ തക്കവിധം മുതിര്‍ന്നിരുന്നു ഞങ്ങള്‍. അപ്പോഴേക്കും കുപ്പി വെള്ളങ്ങളുടെ കാലമായി. കുടിവെള്ളമെത്താത്ത ധാരളം ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നീട്ടും അവിടങ്ങളിലെ പെട്ടിക്കടകളില്‍ പോലും അക്വാഫിനയുടേയും ബിസ്‌ലേരിയുടേയും കുപ്പികള്‍ മുന്തിരിക്കുലകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു! പത്ത് രൂപയ്ക്ക് ഒരു കുപ്പി വെള്ളം! കുടിവെള്ളത്തിനു വേണ്ടി സമരം ചെയ്യുന്ന മയിലമ്മ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു. ഇടയ്ക്കെപ്പോഴോ പുതിയ കിണറുകള്‍ കുഴിക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും കേട്ടു.
ഞങ്ങള്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു, കനമുള്ള വാക്കുകള്‍ക്കൊപ്പം വെള്ളം തരുന്നതിനു പകരം നിറഞ്ഞ ചിരിയും ഒരു കുടത്തിനു ഒരു രൂപയുമായി മത്തായി ചേട്ടന്‍ വെള്ളം വിറ്റിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് എന്തു സംഭവിക്കുമായിരുന്നു!
കുപ്പിവെള്ളം രാജ്യങ്ങളിലെല്ലാമുണ്ട്. പിന്നെന്തുകൊണ്ട് കുപ്പിവെള്ളം ഇന്ത്യയില്‍ എതിര്‍ക്കപ്പെടണം?
കുപ്പി വെള്ളമല്ല എതിര്‍ക്കപ്പെടുന്നത്. കുപ്പിവെള്ള കോര്‍പ്പറേറ്റുകളാണു. ചെറിയ തോതിലുള്ള കുപ്പിവെള്ള നിര്‍മ്മാണങ്ങളല്ല എതിര്‍ക്കപ്പെടുന്നത്. വന്‍തോതില്‍ ജലമൂറ്റുന്ന കോര്‍പ്പറേറ്റുകളാണ് നിയന്ത്രിക്കപ്പെടെണ്ടത്. കാശുള്ളവനു മൂല്യവര്‍ദ്ധിത കുപ്പിവെള്ളം കുടിക്കാന്‍ അവകാശമുണ്ട് എന്നതിനേക്കാള്‍ കാശില്ലാത്തവനു അവന്റെ പ്രാഥമികവകാശം കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ ബാധ്യസ്ഥമാണു്. കുപ്പി വെള്ളം വില്‍ക്കുന്ന വികസിത രാജ്യങ്ങളില്‍ വെള്ളത്തിന്റെ പൊതുവിതരണം കാര്യക്ഷമാണ്. ഓരോ പൌരനും വെള്ളം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിഞ്ഞീട്ടുണ്ട്. ലവണസാന്ദ്രത കൂടിയ വെള്ളമാണെങ്കില്‍ അത് കുടിക്കാതെ കുപ്പി വെള്ളമോ ഫില്‍റ്റര്‍ ചെയ്ത വെള്ളമോ കുടിക്കാന്‍ 90% ത്തിനു മുകളിലുള്ള ജനത്തിനും സാധിക്കും. ഭക്ഷണ ശാലയില്‍ കുടിക്കാനുള്ള വെള്ളവും കാശുകൊടുത്ത് വാങ്ങുന്ന രാജ്യക്കാര്‍! ഇന്ത്യയില്‍ വളരെ കുറഞ്ഞ ഒരു ശതമാനം ജനത്തിനു മാത്രം വാങ്ങാന്‍ സാധിക്കുന്ന കുപ്പി വെള്ളം കുപ്പിയിലാക്കുന്ന കോര്‍പ്പറേറ്റുകള്‍ ഊറ്റിയെടുക്കുന്നത് കുപ്പിവെള്ളം വാങ്ങാനാവത്തവന്റെ പ്രാഥമികാവകാശത്തെയാണ്. ഇന്ത്യന്‍ കോഫീ ഹൌസില്‍ ചെന്ന് ഒരു പ്ലേറ്റ് വടയും ഒരു കുപ്പി അക്വാഫിനയും എന്ന് പറയാന്‍ നാവു പൊങ്ങുന്നതെത്ര പേര്‍ക്കാണു! വെള്ള കോര്‍പ്പറേറ്റുകള്‍ മാത്രമല്ല, സാധാരണക്കാരന്റെ പ്രാഥമികാവകാശങ്ങളെ ഊറ്റിയെടുക്കുന്ന എല്ലാ കോര്‍പ്പറേറ്റുകളും വളരെയധികം നിയന്ത്രിക്കപ്പെടേണ്ടതാണ്.
എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാനും, സാധാരണക്കാരന്റെ പ്രഥമികാവകാശങ്ങള്‍ ഊറ്റിയെടുക്കപ്പെടില്ല എന്ന് ഉറപ്പാക്കാനും (വെള്ള)കോര്‍പ്പറേറ്റുകളെ നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ അത്യന്താപേക്ഷിതാമാണ്. (വെള്ള)കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ, കോര്‍പ്പറേറ്റ് രാജുകള്‍ക്കെതിരെ നോ എന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുക.
* ബ്യാഹ്‌ലേ
പോസ്റ്റര്‍ പരാജിതന്‍
കുറിപ്പ്: ആദ്യമായി ഈ ബ്ലോഗില്‍ വന്ന പോസ്റ്റ് (കുപ്പി) വെള്ളത്തെ കുറിച്ചായത് മറ്റൊന്നും കൊണ്ടല്ല