മഹാത്മാവ് എന്ന പോസ്റ്റില്‍ മാരിചന്റെ കമന്റിനുള്ള മറുപടി വലുതായി പോയത് കൊണ്ട് ഒരു പോസ്റ്റാക്കുന്നു.
ഒരു കരണത്തടിക്കുന്നവനു പിന്നേയും പിന്നേയും കരണം കാട്ടി കൊടുക്കുന്ന ഒരു നയമല്ല അത് പറഞ്ഞ വിപ്ലവകാരിയും അതു അനുവര്‍ത്തിച്ച വിപ്ലവകാരിയും ഉദ്ദേശിച്ചത് എന്ന് പറയുകയായിരുന്നു ആ പോസ്റ്റില്‍ എന്റെ ലക്ഷ്യം. എല്ലായ്പ്പോഴും, ക്ഷമ സഹനം എന്ന് പഠിപ്പിക്കുന്ന പല കത്തനാരന്മാരും ഇതൊന്നും സമ്മതിച്ചു തരില്ല. അപ്പോള്‍ അവരോട് ചോദിക്കുന്ന (ക്ലാസ്സിക്കല്‍) വാചകമുണ്ട്, ഏഴിനു എഴുപത് പ്രാവശ്യം ക്ഷമിക്കാന്‍ പറഞ്ഞവന് ഒരു കരണത്തടിച്ചട്ട് മറ്റേ കരണം കാണിച്ച് കൊടുക്കുമ്പോള്‍ ആ കരണത്തും കിട്ടിയാല്‍ എന്തു ചെയ്യണം എന്ന് എന്തുകൊണ്ട് പറഞ്ഞില്ല എന്ന്. എന്നു വച്ചാല്‍ ഈ കമന്റില്‍ മാരിചന് പറഞ്ഞത് പോലെ ലോകാവസാനം വരെ നിങ്ങള്‍ നിശ്ബ്ദരായി സഹിക്കൂ എന്നൊന്നുമല്ല ആ വാചകങ്ങളുടെ അര്‍ത്ഥം. ഞാനും ഒരു മനുഷ്യനാണ് എന്ന് കാണിച്ച് കൊടുക്കൂ എന്നാണ്. അത് മനസ്സിലായില്ലെങ്കില്‍ ആ പോസ്റ്റ് ഒന്നൂടെ വായിച്ചോളൂ.
ഒരു മൈല്‍ ദൂരം നടക്കാന്‍ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ട് മൈല്‍ നടക്കുക എന്ന് പറഞ്ഞവന്റെ കാലത്ത് അവന്റെ നാട് റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റോമന്‍ പട്ടാളക്കാര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ ഒരുമൈല്‍ ചുമക്കാന്‍ നാട്ടുക്കാരെ(അടിമകളെ) നിര്‍ബന്ധിക്കാന്‍ നിയമം അനുവദിച്ചിരുന്നു. എന്നാല്‍ ഒരു മൈല്‍ കൂടുതല്‍ ദൂരം ചുമപ്പിക്കുന്നത് നിയമവിരുദ്ധവും ആയിരുന്നു. അതുകൊണ്ട് ഒരു മൈല്‍ പട്ടാളക്കാരന്റെ സാധനങ്ങളും ചുമന്ന അവന്റെ കൂടെ നടക്കുന്നവന് താന്‍ ഒരു മൈല്‍ കൂടെ നടക്കാം എന്ന് നിര്‍ബന്ധിച്ചാല്‍ പട്ടാളക്കാരനു വേണ്ട ഇനി എന്റെ കൂടെ നടക്കണ്ടാ എന്ന് പറയുകയേ തരമുള്ളൂ. എങ്ങനെയെങ്കിലും അയാള്‍ ചുമക്കുന്ന ഭാരം താഴെ വയ്പ്പിക്കാനാണ് പട്ടാളക്കാരന് ശ്രമിക്കുക. അല്ലാതെ ജീവിതപാത തീരും വരെ നടക്കാനല്ല ആ വാക്കുകളുടെ അര്‍ത്ഥം. വിശുദ്ധ ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ അടിച്ചോടിച്ച ഒരാള്‍ എല്ലാകാലത്തും നിങ്ങള്‍ ക്ഷമിക്കൂ, സഹിക്കൂ എന്നൊരു സന്ദേശമാണ് തരുന്നത് എന്ന് ചുരുങ്ങിയ പക്ഷം ഞാനെങ്കിലും വിശ്വസിക്കുന്നില്ല.
ഒരോ കാലഘട്ടത്തിനും, സാമ്ര്യാജ്യത്തിനും അനുയോജ്യമായ സമരമുറകളാണ് സമരം ജയിക്കാന്‍ ആവശ്യം. ഏറ്റവും അനുയോജ്യമായ സമരമുറ കണ്ടെത്തുന്നവര്‍ വിജയം നേടുമ്പോള്‍ അവര്‍ ആ സമരം നയിച്ച് ജയിച്ചു എന്ന് പറയും. ആ സമരത്തിനെ സഹായിച്ചവര്‍ തമസ്കരിക്കപ്പെടുകയാണെന്ന് അതുകൊണ്ട് അര്‍ത്ഥമാക്കാറൂണ്ടോ? ഗാന്ധിജിയുടെ കാര്യത്തില്‍ മാവേലികേരളവും വക്കാരിയും, നളനും നടത്തിയതില്‍ കൂടതല്‍ ഡാറ്റാമൈനിങ്ങിനെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ മുഴുവന്‍ വര്‍ക്കുകളും നെറ്റില്‍ കിട്ടുമെങ്കില്‍ വായിച്ച് പഠിക്കാം. എന്നാലും അഹിംസയിലൂന്നിയ നിസ്സഹകരണത്തിന്റെ വിജയം മനസ്സിലാക്കാന്‍ അത്രയ്ക്കൊന്നും പാടില്ല എന്ന് തോന്നുന്നു. അതിനെ എന്നാല്‍ അര്‍ദ്ധനഗ്നനായ ഫക്കീര്‍ ഒരുപിടി ഉപ്പു കുറുക്കിയപ്പോള്‍ ബ്രിട്ടീഷുകാരന് സ്വാതന്ത്ര്യം എറിഞ്ഞിട്ടോടിപ്പോയി എന്നൊക്കെ എത്ര വേണമെങ്കിലും ചുരുക്കുകയോ കുറുക്കുയോ ചെയ്യൂ. എങ്കിലും ഇന്നും ഒരു മുദ്രാവാക്യം പോലും വിളിക്കാതെ നിരാഹാരം കിടക്കുന്നവനെ ഒരു ഭരണകൂടം പേടിക്കുന്നെങ്കില്‍ അതിനെന്തിന് എന്നും കൂടി സ്വയം ചോദിച്ച് കൊള്ളൂ. രാജ്യങ്ങള്‍ നടത്തുന്ന ഉപരോധങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ടോ?
ഗാന്ധിജിയെ വിശുദ്ധ പശുവായി കണക്കാക്കേണ്ടതില്ല എന്ന് തന്നെയാണ് എന്റെ നിലപാട്. അദ്ദേഹത്തെകുറിച്ച് പറയുമ്പോള്‍ വൈകാരികതയോടെ പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക്. (വൈകാരിക അടുപ്പമുള്ളവര്‍ അങ്ങനെ പ്രതികരിക്കട്ടെ). പക്ഷേ പാലസ്തീനെ കുറിച്ച് പറയുമ്പോള്‍ മലയാളി എന്തിനാണ് അതിവൈകാരികതയുടെ അതിപ്രസരം പുറത്തെടുക്കുന്നത്? സുരക്ഷിതത്ത്വത്തിന്റെ മാളങ്ങളില്‍ കഴിയുന്നവര്‍ക്ക് ചെലവില്ലാതെ നല്കാവുന്ന ഒന്നാണ് ഉപദേശം. മാരീചന് വൈറ്റ്ഹൌസിന്റെ തട്ടുമ്പുറത്താണോ? (അവിടം പോലും സുരക്ഷിതമല്ല എന്നാണല്ലൊ 9/11 കാണിച്ചു തരുന്നത്) ഞാന്‍ കുറേ കൂടി സുരക്ഷിതമായ സ്ഥലത്താണ്. വൈറ്റ് ഹൌസിനെ നിയന്ത്രിക്കുന്നവരുടെ നാട്ടില്‍. ഒരു കുഴപ്പമേ ഉള്ളൂ തട്ടിന്‍പുറത്തിരിക്കുമ്പോള്‍ ചിലപ്പോള്‍ പാലസ്തീന്റെ ഒലിവ് തോട്ടങ്ങളും ബങ്കറുകളിരിക്കുമ്പോള്‍ ലെബനോന്റെ പൊട്ടി‘ചിരി‘കളും കേള്‍ക്കേണ്ടി വരാറുണ്ടെന്ന് മാത്രം. ഇങ്ങോട്ട് വരാണെങ്കില്‍ ഇവിടെ ഉള്ളോര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍പ്പിച്ച് തരാമായിരുന്നു.ജൂതരു മാത്രല്ല ഇന്നാട്ടില്. കുറച്ച് അറബികളും ഉണ്ട്. ഇസ്രായേല്‍ പൌരന്മാരായി പോയതിനാല്‍ അറബികള്‍ക്കും അറബികളായതിനാല് ജൂതര്‍ക്കും വേണ്ടാത്തവര്‍. മഹാത്മാവ് എന്ന പോസ്റ്റില്‍ ഇവിടുത്തെ അറബ് പറഞ്ഞതാണെന്ന് ഞാന്‍ എഴുതിയിരുന്നതെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഉപദേശത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു കൊടുക്കണം. അങ്ങനെ ഉള്ളവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും. പാലസ്തിനിനെ കുറിച്ചുള്ള എന്റെ രാഷ്ട്രീയ നിലപാട് ഇവിടെ വായിക്കാം. ഇസ്രായേലില്‍ മാറിവരുന്ന ഒരു തലമുറയെ മുന്നില്‍ കാണുമ്പോള്‍ പറയാനുള്ളത് ആത്മവിശ്വാസത്തോടെയുള്ള പോരാട്ടമാണ് യഥാര്‍ത്ഥ പാലസ്തീന് വിമോചനത്തിനു വഴിവയ്ക്കുക എന്നതാണ്. ഫൈറ്റര്‍ വിമാനങ്ങള്‍ക്ക് പകരം കാറ്റിലാടുന്ന കത്യൂഷയ്ക്ക് ഒന്നും ചെയ്യാനാവില്ല. പിന്നെ എല്ലാം അടിയറ വച്ച്, നല്ലതെല്ലാം വിട്ടുകൊടൂത്ത്, നശിപ്പിക്കപ്പെട്ട് ഒരു കാലത്ത് കിട്ടന്ന സ്വതന്ത്ര പാലസ്തീനില്‍ എത്ര സ്വതന്ത്ര മനസ്സുകള്‍ ഉണ്ടാകുമെന്നതും എന്റെ ചിന്താവിഷയമാണ്. ഇന്ന് ഇസ്രായേലിന്റെ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ക്യൂ നില്ക്കുന്ന പാലസ്തീനികളെ പോലെ അന്നും ഉണ്ടാവരുത് എന്നൊരാഗ്രഹം കൂടെയുണ്ട്. കേട്ടറിഞ്ഞ കാര്യങ്ങളേക്കാള്‍ കണ്ടറിഞ്ഞ കാര്യങ്ങള്‍ എഴുതാനാണ് എനിക്കീ ബ്ലോഗ്.
കാശ്മീരിലും ആസാമിലും നാഗാലാന്റിലും പണ്ട് പഞ്ചാബിലും ഇന്ത്യ നടപ്പാക്കി വിജയിച്ചതും അഹിംസയാണല്ലോ
ഇവിടെ ഒക്കെ ഇപ്പോള്‍ ഇന്ത്യ വിജയിച്ചു എന്നാണോ മാരിചന് പറയുന്നത്? കാശ്മീരിനും ആസാമിനും നാഗാലാന്റിനും ഇപ്പോള്‍ ഒന്നും പറയാനില്ലേ?
ഗാന്ധിജിയെ അംഗീകരിക്കുന്നവരെല്ലാം ഗാന്ധിവാലുള്ളവരെ അംഗീകരിക്കുന്നുണ്ടാവണമെന്നില്ല എന്നൊരു തിരിച്ചറിവും നല്ലതാണ്.