Thursday, October 11, 2007

ഒരു മൈല്‍ ദൂരം നടക്കാന്‍ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ട് മൈല്‍ നടക്കുക

മഹാത്മാവ് എന്ന പോസ്റ്റില്‍ മാരിചന്റെ കമന്റിനുള്ള മറുപടി വലുതായി പോയത് കൊണ്ട് ഒരു പോസ്റ്റാക്കുന്നു.

ഒരു കരണത്തടിക്കുന്നവനു പിന്നേയും പിന്നേയും കരണം കാട്ടി കൊടുക്കുന്ന ഒരു നയമല്ല അത് പറഞ്ഞ വിപ്ലവകാരിയും അതു അനുവര്‍ത്തിച്ച വിപ്ലവകാരിയും ഉദ്ദേശിച്ചത് എന്ന് പറയുകയായിരുന്നു ആ പോസ്റ്റില്‍ എന്റെ ലക്ഷ്യം. എല്ലായ്പ്പോഴും, ക്ഷമ സഹനം എന്ന് പഠിപ്പിക്കുന്ന പല കത്തനാരന്മാരും ഇതൊന്നും സമ്മതിച്ചു തരില്ല. അപ്പോള്‍ അവരോട് ചോദിക്കുന്ന (ക്ലാസ്സിക്കല്‍) വാചകമുണ്ട്, ഏഴിനു എഴുപത് പ്രാവശ്യം ക്ഷമിക്കാന്‍ പറഞ്ഞവന്‍ ഒരു കരണത്തടിച്ചട്ട് മറ്റേ കരണം കാണിച്ച് കൊടുക്കുമ്പോള്‍ ആ കരണത്തും കിട്ടിയാല്‍ എന്തു ചെയ്യണം എന്ന് എന്തുകൊണ്ട് പറഞ്ഞില്ല എന്ന്. എന്നു വച്ചാല്‍ ഈ കമന്റില്‍ മാരിചന്‍ പറഞ്ഞത് പോലെ ലോകാവസാനം വരെ നിങ്ങള്‍ നിശ്ബ്ദരായി സഹിക്കൂ എന്നൊന്നുമല്ല ആ വാചകങ്ങളുടെ അര്‍ത്ഥം. ഞാനും ഒരു മനുഷ്യനാണ് എന്ന് കാണിച്ച് കൊടുക്കൂ എന്നാണ്. അത് മനസ്സിലായില്ലെങ്കില്‍ ആ പോസ്റ്റ് ഒന്നൂടെ വായിച്ചോളൂ.

ഒരു മൈല്‍ ദൂരം നടക്കാന്‍ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ട് മൈല്‍ നടക്കുക എന്ന് പറഞ്ഞവന്റെ കാലത്ത് അവന്റെ നാട് റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റോമന്‍ പട്ടാളക്കാര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ ഒരുമൈല്‍ ചുമക്കാന്‍ നാട്ടുക്കാരെ(അടിമകളെ) നിര്‍ബന്ധിക്കാന്‍ നിയമം അനുവദിച്ചിരുന്നു. എന്നാല്‍ ഒരു മൈല്‍ കൂടുതല്‍ ദൂരം ചുമപ്പിക്കുന്നത് നിയമവിരുദ്ധവും ആയിരുന്നു. അതുകൊണ്ട് ഒരു മൈല്‍ പട്ടാളക്കാ‍രന്റെ സാധനങ്ങളും ചുമന്ന അവന്റെ കൂടെ നടക്കുന്നവന്‍ താന്‍ ഒരു മൈല്‍ കൂടെ നടക്കാം എന്ന് നിര്‍ബന്ധിച്ചാല്‍ പട്ടാളക്കാരനു വേണ്ട ഇനി എന്റെ കൂടെ നടക്കണ്ടാ എന്ന് പറയുകയേ തരമുള്ളൂ. എങ്ങനെയെങ്കിലും അയാള്‍ ചുമക്കുന്ന ഭാരം താഴെ വയ്പ്പിക്കാനാണ് പട്ടാളക്കാരന്‍ ശ്രമിക്കുക. അല്ലാതെ ജീവിതപാത തീരും വരെ നടക്കാനല്ല ആ വാക്കുകളുടെ അര്‍ത്ഥം. വിശുദ്ധ ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ അടിച്ചോടിച്ച ഒരാള്‍ എല്ലാകാല‍ത്തും നിങ്ങള്‍ ക്ഷമിക്കൂ, സഹിക്കൂ എന്നൊരു സന്ദേശമാണ് തരുന്നത് എന്ന് ചുരുങ്ങിയ പക്ഷം ഞാനെങ്കിലും വിശ്വസിക്കുന്നില്ല.

ഒരോ കാലഘട്ടത്തിനും, സാമ്ര്യാജ്യത്തിനും അനുയോജ്യമായ സമരമുറകളാണ് സമരം ജയിക്കാന്‍ ആവശ്യം. ഏറ്റവും അനുയോജ്യമായ സമരമുറ കണ്ടെത്തുന്നവര്‍ വിജയം നേടുമ്പോള്‍ അവര്‍ ആ സമരം നയിച്ച് ജയിച്ചു എന്ന് പറയും. ആ സമരത്തിനെ സഹായിച്ചവര്‍ തമസ്കരിക്കപ്പെടുകയാണെന്ന് അതുകൊണ്ട് അര്‍ത്ഥമാക്കാറൂണ്ടോ? ഗാന്ധിജിയുടെ കാര്യത്തില്‍ മാവേലികേരളവും വക്കാരിയും, നളനും നടത്തിയതില്‍ കൂടതല്‍ ഡാറ്റാമൈനിങ്ങിനെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ മുഴുവന്‍ വര്‍ക്കുകളും നെറ്റില്‍ കിട്ടുമെങ്കില്‍ വായിച്ച് പഠിക്കാം. എന്നാലും അഹിംസയിലൂന്നിയ നിസ്സഹകരണത്തിന്റെ വിജയം മനസ്സിലാക്കാന്‍ അത്രയ്ക്കൊന്നും പാടില്ല എന്ന് തോന്നുന്നു. അതിനെ എന്നാല്‍ അര്‍ദ്ധനഗ്നനായ ഫക്കീര്‍ ഒരുപിടി ഉപ്പു കുറുക്കിയപ്പോള്‍ ബ്രിട്ടീഷുകാരന്‍ സ്വാതന്ത്ര്യം എറിഞ്ഞിട്ടോടിപ്പോയി എന്നൊക്കെ എത്ര വേണമെങ്കിലും ചുരുക്കുകയോ കുറുക്കുയോ ചെയ്യൂ. എങ്കിലും ഇന്നും ഒരു മുദ്രാവാക്യം പോലും വിളിക്കാതെ നിരാഹാരം കിടക്കുന്നവനെ ഒരു ഭരണകൂടം പേടിക്കുന്നെങ്കില്‍ അതിനെന്തിന് എന്നും കൂടി സ്വയം ചോദിച്ച് കൊള്ളൂ. രാജ്യങ്ങള്‍ നടത്തുന്ന ഉപരോധങ്ങള്‍‍ക്ക് എന്തെങ്കിലും വിലയുണ്ടോ?

ഗാന്ധിജിയെ വിശുദ്ധ പശുവായി കണക്കാക്കേണ്ടതില്ല എന്ന് തന്നെയാണ് എന്റെ നിലപാട്. അദ്ദേഹത്തെകുറിച്ച് പറയുമ്പോള്‍ വൈകാരികതയോടെ പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക്. (വൈകാരിക അടുപ്പമുള്ളവര്‍ അങ്ങനെ പ്രതികരിക്കട്ടെ). പക്ഷേ പാലസ്തീനെ കുറിച്ച് പറയുമ്പോള്‍ മലയാളി എന്തിനാണ് അതിവൈകാരികതയുടെ അതിപ്രസരം പുറത്തെടുക്കുന്നത്? സുരക്ഷിതത്ത്വത്തിന്റെ മാളങ്ങളില്‍ കഴിയുന്നവര്‍ക്ക് ചെലവില്ലാതെ നല്‍കാവുന്ന ഒന്നാണ് ഉപദേശം. മാരീചന്‍ വൈറ്റ്‌ഹൌസിന്റെ തട്ടുമ്പുറത്താണോ? (അവിടം പോലും സുരക്ഷിതമല്ല എന്നാണല്ലൊ 9/11 കാണിച്ചു തരുന്നത്) ഞാന്‍ കുറേ കൂടി സുരക്ഷിതമായ സ്ഥലത്താണ്. വൈറ്റ് ഹൌസിനെ നിയന്ത്രിക്കുന്നവരുടെ നാട്ടില്‍. ഒരു കുഴപ്പമേ ഉള്ളൂ തട്ടിന്‍പുറത്തിരിക്കുമ്പോള്‍ ചിലപ്പോള്‍ പാലസ്തീന്റെ ഒലിവ് തോട്ടങ്ങളും ബങ്കറുകളിരിക്കുമ്പോള്‍ ലെബനോന്റെ പൊട്ടി‘ചിരി‘കളും കേള്‍ക്കേണ്ടി വരാറുണ്ടെന്ന് മാത്രം. ഇങ്ങോട്ട് വരാണെങ്കില്‍ ഇവിടെ ഉള്ളോര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍പ്പിച്ച് തരാമായിരുന്നു.ജൂതരു മാത്രല്ല ഇന്നാട്ടില്‍. കുറച്ച് അറബികളും ഉണ്ട്. ഇസ്രായേല്‍ പൌരന്മാരായി പോയതിനാല്‍ അറബികള്‍ക്കും അറബികളായതിനാല്‍ ജൂതര്‍ക്കും വേണ്ടാത്തവര്‍. മഹാത്മാവ് എന്ന പോസ്റ്റില്‍ ഇവിടുത്തെ അറബ് പറഞ്ഞതാണെന്ന് ഞാന്‍ എഴുതിയിരുന്നതെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഉപദേശത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു കൊടുക്കണം. അങ്ങനെ ഉള്ളവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും. പാലസ്തിനിനെ കുറിച്ചുള്ള എന്റെ രാഷ്ട്രീയ നിലപാട് ഇവിടെ വായിക്കാം. ഇസ്രായേലില്‍ മാറിവരുന്ന ഒരു തലമുറയെ മുന്നില്‍ കാണുമ്പോള്‍ പറയാനുള്ളത് ആത്മവിശ്വാസത്തോടെയുള്ള പോരാട്ടമാണ് യഥാര്‍ത്ഥ പാലസ്തീന്‍ വിമോചനത്തിനു വഴിവയ്ക്കുക എന്നതാണ്. ഫൈറ്റര്‍ വിമാനങ്ങള്‍ക്ക് പകരം കാറ്റിലാടുന്ന കത്യൂഷയ്ക്ക് ഒന്നും ചെയ്യാനാവില്ല. പിന്നെ എല്ലാം അടിയറ വച്ച്, നല്ലതെല്ലാം വിട്ടുകൊടൂത്ത്, നശിപ്പിക്കപ്പെട്ട് ഒരു കാലത്ത് കിട്ടന്ന സ്വതന്ത്ര പാലസ്തീനില്‍ എത്ര സ്വതന്ത്ര മനസ്സുകള്‍ ഉണ്ടാകുമെന്നതും എന്റെ ചിന്താവിഷയമാണ്. ഇന്ന് ഇസ്രായേലിന്റെ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ക്യൂ നില്‍ക്കുന്ന പാലസ്തീനികളെ പോലെ അന്നും ഉണ്ടാവരുത് എന്നൊരാഗ്രഹം കൂടെയുണ്ട്. കേട്ടറിഞ്ഞ കാര്യങ്ങളേക്കാള്‍ കണ്ടറിഞ്ഞ കാര്യങ്ങള്‍ എഴുതാനാണ് എനിക്കീ ബ്ലോഗ്.

കാശ്മീരിലും ആസാമിലും നാഗാലാന്റിലും പണ്ട് പഞ്ചാബിലും ഇന്ത്യ നടപ്പാക്കി വിജയിച്ചതും അഹിംസയാണല്ലോ
ഇവിടെ ഒക്കെ ഇപ്പോള്‍ ഇന്ത്യ വിജയിച്ചു എന്നാണോ മാരിചന്‍ പറയുന്നത്? കാശ്മീരിനും ആസാമിനും നാഗാലാന്റിനും ഇപ്പോള്‍ ഒന്നും പറയാനില്ലേ?

ഗാന്ധിജിയെ അംഗീകരിക്കുന്നവരെല്ലാം ഗാന്ധിവാലുള്ളവരെ അംഗീകരിക്കുന്നുണ്ടാവണമെന്നില്ല എന്നൊരു തിരിച്ചറിവും നല്ലതാണ്.

Wednesday, August 08, 2007

ഡ്രൂസ് -ആമുഖം

ലോകം വളരെ ശ്രദ്ധയോടെയും ഒട്ടൊരു ഭയത്തോടെയും വീക്ഷിക്കുന്നൊരു രാജ്യമാണ് ഇസ്രായേല്‍. അവിടുത്തെ രാഷ്ട്രീയത്തെ കുറിച്ച് ലോകം മുഴുവന്‍ ധാരാളം ചര്‍ച്ചകളും നടക്കുന്നു. എന്നാല്‍ അവിടത്തെ ജനങ്ങളും അവരുടെ ജീവിതരീതികളും അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ്. പൊതുവെ നോക്കുമ്പോള്‍ ജൂതരാജ്യത്തെ ജൂതര്‍ എന്ന വളരെ വലിയൊരു സാമാന്യവത്കരണമാണ് കാണാന്‍ കഴിയുക.ഇസ്രായേലില്‍ ഭൂരിപക്ഷമായ (80%) ജൂതരുടെ ജീവിതത്തെ കുറേയൊക്കെ എഴുത്തുകള്‍ കാണാമെങ്കിലും ന്യൂനപക്ഷമായ അറബികളുടെ ജീവിതരീതികളെ കുറിച്ച് എഴുത്തുകള്‍ തുലോം കുറവാണ്. ഇവിടുത്തെ ജനങ്ങളെ മനസ്സിലായിടത്തോളം അവരുടെ ഹയരാര്‍ക്കി എഴുതിയാല്‍ അതു എകദേശം ഇങ്ങനെ ഇരിക്കും. 1900 ത്തിനു മുന്‍പേ ഇവിടെ ഉള്ള ജൂതര്‍, ഇസ്രായേല്‍ സ്റ്റേറ്റ് പ്രഖ്യാപിച്ച ശേഷം വന്ന ജൂതര്‍, റഷ്യന്‍ ജൂതര്‍, കറുത്ത ജൂതര്‍, അറബ് ഡ്രൂസ്, അറബ് ക്രിസ്ത്യന്‍സ്, അറബ് മുസ്ലീംസ്. ജൂതരില്‍ തന്നെ യാഥാസ്ഥിതിക ജൂതര്‍ വേറൊരു തട്ടില്‍ നില്‍ക്കുന്നു. ഇസ്രായേല്‍ അറബികളുടെ ജീവിതരീതികളെ കുറിച്ച് എഴുതാനുള്ള ഒരു ശ്രമമാണ് ഇത്. പണ്ടൊരു പോസ്റ്റില്‍ ഷാജ്ജുദ്ദീനും, ഈയടുത്ത് വിമതനും ചോദിച്ച ഡ്രൂസില്‍ നിന്നും തുടങ്ങുന്നു. ഡ്രൂസിനെ കുറിച്ച് ആമുഖമായ ഈ ലേഖനം ഈ പ്രാവശ്യത്തെ തുഷാരത്തില്‍ വന്നത് വളരെ ചെറിയ മാറ്റങ്ങളോടെ പോസ്റ്റ് ചെയ്യുന്നു.
************************************************************************************
ഡ്രൂസ്

മദ്ധ്യ പൗരസ്ത്യ ദേശത്തെ പ്രത്യേക മതവിഭാഗത്തിലുള്ള സമൂഹമാണ് ഡ്രൂസ്. ഇസ്ലാമിക ഏകദൈവ വിശ്വാസവും, ഗ്രീക്ക് തത്ത്വചിന്തയും ഹിന്ദുയിസത്തിന്റെ സ്വാധീനവുമാണ് ഡ്രൂസ് മതത്തില്‍ സാമാന്യമായി കാണാനാവുന്നത്. (ഹിന്ദുയിസത്തില്‍ ഉള്ള പുനര്‍ജന്മ വിശ്വാസം ഡ്രൂസിനിടയിലും ഉള്ളതാണ് ഹിന്ദു മത സ്വാധീനമായി ഏറ്റവും കൂടുതല്‍ ആരോപിക്കപ്പെടുന്നത്, ഇതിനെ എതിര്‍ക്കുന്നവരും ഉണ്ട്) ഏകദൈവവിശ്വാസത്തിന്റെ ജനങ്ങള്‍ എന്ന് ഡ്രൂസ് സ്വയം വിശേഷിപ്പിക്കുന്നു.ആദ്യത്തെകാല ഡ്രൂസ് മത പ്രാസംഗീകരില്‍ ഒരാളായ നാഷ്‌താകിന്‍ അദ്- ഡാരാസി (Nashtakin ad-Darazi) യുടെ പേരില്‍ നിന്നുമാണ് ഡ്രൂസ് എന്ന വാക്കിന്റെ ജനനം. സിറിയ, ലെബനോന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍ എന്നീവടങ്ങളിളാണ് പ്രധാനമായും ഡ്രൂസ് സമൂഹം കാണപ്പെടുന്നത്. വടക്കേ അമേരിക്ക, ക്യാനഡ, ലാറ്റിനമേരിക്ക, ആഫ്രിക്ക, ആസ്ത്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചെറിയ ചെറിയ ഡ്രൂസ് സമൂഹങ്ങള്‍ കുടീയേറിപ്പാര്‍ത്തീട്ടുണ്ട്.

ചരിത്രവും വിശ്വാസവും
ഈജിപ്തിലെ ഫാത്തിമിദ് ഖലീഫാസാമ്രാജ്യത്തിലെ ഖലീഫ അല്‍-ഹക്കിമിന്റെ ഭരണകാലത്താണ് (ക്രിസ്തു വര്‍ഷം 985–1021) ഡ്രൂസിന്റെ ആവിര്‍ഭാവം.ഏകദൈവ വിശ്വാസങ്ങളായ ജൂതമത, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയുടെ പുതിയ ആവിഷ്കരണമാണ് ഡ്രൂസ് മതവിശ്വാസത്തില്‍ ഉള്ളത്. ഖലീഫ അല്‍-ഹക്ക് യഥാര്‍ത്ഥമായ ദൈവത്തിന്റെ മനുഷ്യജന്മമാണെന്നിവര്‍ വിശ്വസിക്കുന്നു.ഒരു ദൈവവ വിശ്വാസവും ആദം മുതല്‍ മുഹമദ് വരെ ഏഴ് പ്രവാചകന്മാരുമാണ് ഡ്രൂസ് വിശ്വാസത്തില്‍ ഉണ്ടെന്ന് അറിയപ്പെടുന്നത്. ഇന്നത്തെ ലെബനോണിലും വടക്കന്‍ ഇസ്രായേലിലും ആണ് ആദ്യകാല ഡ്രൂസ് വാസമുറപ്പിച്ചത്. അഞ്ച് നിറങ്ങളുള്ള ഡ്രൂസ് നക്ഷത്രത്തിലെ ഓരോ നിറവും ഓരോ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്നു. പച്ച- സര്‌വ്വവ്യാപിയായ മനസ്സിലേയും, ചുവപ്പ് -സര്‍‌വ്വവ്യാപിയായ ആത്മാവിനേയും മഞ്ഞ- സത്യത്തേയും നീല- കാരണം അഥവാ മനശക്തിയേയും വെള്ള - നീലയുടെ പ്രഭാവത്തേയും സൂചിപ്പിക്കുന്നു.

സമൂഹവും ആചാരങ്ങളും
തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന ഡ്രൂസ് മതപരിവര്‍ത്തനം അനുവദിക്കുന്നില്ല. മതത്തിനെ തുടക്കകാലത്ത് ഉണ്ടായിരുന്നവരുടെ പുനര്‍ജന്മങ്ങളാണ് പിന്നീടുള്ളവര്‍ എന്ന് വിശ്വസിക്കുന്നതിനാല്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അനുവദനീയമല്ല. ജുഹ്‌ഹാല്‍ (Juhhāl) ഉക്‌കാല്‍ (Uqqāl) എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവര്‍ക്കിടയില്‍ ഉള്ളത്. അശിക്ഷിതര്‍ എന്നര്‍ത്ഥമുള്ള ജുഹ്‌ഹാല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പരിശുദ്ധ മതഗ്രന്ഥമായ ഹിക്‌മാ (hikma) ഉപയോഗിക്കുവാന്‍ അധികാരമില്ല. ഡ്രൂസ് സമൂഹത്തിന്റെ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതലുള്ള ജുഹ്‌ഹാല്‍ വിഭാഗക്കാര്‍ രാഷ്ട്രീയ- സൈനീക പദവികള്‍ കൈകാര്യം ചെയ്യുന്നു. അറിവുള്ളവര്‍ എന്നര്‍ത്ഥം വരുന്ന ഉള്‍‌വിഭാമായ ഉക്‌കാല്‍ മതവിഭാഗത്തിന്റെ നേതൃത്വസ്ഥാനം വഹിക്കുന്നു. അമ്പത് ഉക്‌കാല്‍ ആളുകളില്‍ ഒരാള്‍ പരിപൂര്‍ണ്ണതയില്‍ എത്തിയ അജാവിദ് (ajawid, ആഢ്യന്‍) എന്നറിയപ്പെടുന്നു. ഡ്രൂസ് വിശ്വാസമനുസരിച്ച് ആത്മീയതയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മുന്‍പില്‍ എന്നതിനാല്‍ ഉക്‌കാല്‍ വിഭാഗത്തില്‍ അധികവും സ്ത്രീകളാണ്.

ഇസ്രായേല്‍ ഡ്രൂസ്
ഇസ്രായേലില്‍ ഗലീലിയിലും ഹൈഫയുടെ സമീപപ്രദേശങ്ങളിളുമാണ് ധാരാളം ഡ്രൂസ് ഗ്രാമങ്ങലുള്ളത്. അറബികള്‍ എന്ന് സ്വയം അടയാളപ്പെടുത്തുന്ന ഇസ്രായേലി ഡ്രൂസ് 1961 മുതല്‍ സ്വന്തം കോടതി അധികാരങ്ങളും മതനേതൃത്വവും ഉള്ള ഒരു പ്രത്യേക വിഭാഗമായി നിലകൊള്ളുന്നു. ഗോലാന്‍ കുന്നുകളില്‍ ഉള്ള ധാരാളംപേര്‍ തങ്ങള്‍ സിറിയക്കാരാണെന്ന് വിശ്വസിക്കുകയും ഇസ്രായേല്‍ പൗരത്വം നിഷേധിക്കുകയും ചെയ്തു. മിക്കവാറും എല്ലാ ഡ്രൂസ് ഗ്രാമങ്ങളിലും തന്നെ ഇസ്രായേല്‍ പൊതുസമൂഹത്തിന്റേ രീതിയിലുള്ള തിരഞ്ഞെടുപ്പ് മാതൃകകളാണുള്ളത്.ഇസ്രായേല്‍ ഗവണ്മെന്റ് വിശ്വസനീയര്‍ എന്ന് കരുതുന്ന ഒരേ ഒരു അറബ് സമൂഹം ഡ്രൂസ് ആണ്. തങ്ങളുടെ ക്രിസ്ത്യന്‍, മുസ്ലിം അറബ് അയല്‍‌ക്കാരില്‍ നിന്നും തങ്ങള്‍ വളരെ വ്യതസ്തരാണെന്ന് അവരെ വിശ്വസിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അധികം വിജയിച്ചീട്ടില്ല എന്ന് വേണം കരുതാന്‍. 1948 മുതല്‍ സ്വമേധായും 1956 മുതല്‍ നിര്‍ബന്ധിതമായും ഇസ്രായേല്‍ സേനയിലും അതിര്‍ത്തി പോലീസിലും ഡ്രൂസ് സേവനം അനുഷ്ഠിക്കുന്നു.2006 ലെ ലെബനാന്‍ യുദ്ധത്തില്‍ ഡ്രൂസ് ബറ്റാലിയന്‍ തങ്ങളുടെ ഉത്ഭവം ലെബനോനില്‍ ആണെന്ന വസ്തുതയ്ക്കുള്ളില്‍ നിന്നും ഹിസ്‌ബുള്ളയ്ക്കെതിരെ യുദ്ധം ചെയ്തിരുന്നു.ഡേറ്റിംങ്ങ് സബ്രദായം നിലവിലുള്ള യാഥാസ്തിഥികരല്ലാത്ത ജൂതരും ഡ്രൂസും തമ്മിലുള്ള വിവാഹങ്ങള്‍ കണ്ട് വരുന്നു. ഡ്രൂസ് ഗ്രാമങ്ങള്‍ പൊതുവെ പൊതുസമൂഹത്തെ പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ഗ്രാമത്തില്‍ പ്രവേശിക്കാനും തെരുവോര കച്ചവടസാധങ്ങളും ഡ്രൂസ് ഭക്ഷണങ്ങളും വാങ്ങുവാനും സാധിക്കും.

റെഫറന്‍സ്:
ഞാന്‍ അധികവും വായിക്കൂന്നത് Robert Brenton Betts എഴുത്തിയ The Druze എന്ന പുസ്തകവും അതിലെ റെഫറന്‍സുകളുമാണ്.

കുറച്ച് ലിങ്കുകള്‍
1.http://en.wikipedia.org/wiki/Druze
2.http://www.jewishvirtuallibrary.org/jsource/Society_&_Culture/druze.html
3.http://www.ydp.com/article0001.htm

Wednesday, June 06, 2007

സ്വീകരണമുറിയിലെ അടുക്കള

ഭാഗം ഒന്ന്: നിര്‍വചനങ്ങള്‍

പല രീതിയില്‍ ഉപയോഗിച്ച് കുറേയേറേ അര്‍ത്ഥവ്യത്യാസങ്ങള്‍ വന്നു പോയ പദങ്ങളാണ് സ്ത്രീത്വം, സ്ത്രൈണത, ഫെമിനിസം (ഇതിന്റെ മലയാളം?), ഫെമിനിസ്റ്റ്, പെണ്ണെഴുത്ത് എന്നിവ. അവ എന്തൊക്കെ ആയിരുന്നു, ഇപ്പോള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കുന്നത് വ്യഥാ വ്യായമമാണ്. അതുകൊണ്ട് ചില പുസ്തകങ്ങളില്‍ അവലംബിക്കുന്ന രീതിയില്‍ അവയുടെ നിര്‍വചനം എന്റെ എഴുത്തില്‍ എങ്ങനെയാണെന്ന് മാത്രം പറയുന്നു.

സ്ത്രീത്വം: സ്ത്രീയുടെ അസ്തിത്വം/വ്യക്തിത്വം. (ഒരു മനുഷ്യന്റെ അസ്തിത്വം എന്താണെന്ന് അറിയുന്ന ആള്‍ക്ക് സ്ത്രീയുടെ അസ്തിത്വം എന്താണെന്ന് മനസ്സിലാവും.)

സ്ത്രൈണത: സ്ത്രി പ്രകൃതിയോട് കൂ‍ടുതല്‍ ഇണങ്ങി നില്‍ക്കുന്നത്.ഒരു ഉദാഹരണം താരാട്ട്. സ്ത്രീയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത് എന്നാല്‍ പുരുഷനും ചെയ്യനാവും, ഉദാഹരണം ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ താരാട്ട് “ഓമനതിങ്കള്‍ കിടാവോ..”

ഫെമിനിസം: സ്ത്രീപക്ഷത്തിന്റെ രാഷ്ട്രീയം (രാഷ്ട്രീയം എന്തെന്ന് ചോദിക്കുന്നവരെ ഈ പോസ്റ്റ് നിങ്ങള്‍ക്കുള്ളതല്ല, സോറി)

ഫെമിനിസ്റ്റ്: സ്ത്രീ പക്ഷത്തിനു വേണ്ടി തന്റെ ശബ്ദം അല്‍പ്പമെങ്കിലും കൂടൂതല്‍ ഉയര്‍ത്തുന്നവള്‍/അവന്‍. (ജീവിതത്തിന്റെ ഏതെങ്കിലും ഒരവസ്ഥയില്‍ ഓരോസ്ത്രീയും ഫെമിനിസ്റ്റ് ആവും/ഫെമിനിസ്റ്റ് ആണ്.)

പെണ്ണെഴുത്ത്: സ്ത്രീയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്നത്.( ഉദാഹരണം സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കള്‍. ആരോ പണ്ട് സാറാ ടീ‍ച്ചറുടെ എഴുത്തിനെ ആ‍ണത്തമുള്ള പെണ്ണെഴുത്തെന്ന് വിളിച്ചിരുന്നു. ആലാ‍ഹയുടെ പെണ്മക്കളെ പെണ്ണത്തമുള്ള പെണ്ണെഴുത്ത് എന്ന് വിളിച്ചോട്ടേ ഞാന്‍. ആനി എന്ന പെണ്‍കുട്ടിയിലൂടെ ആലാഹയുടെ പെണ്മക്കളേ വരച്ചിട്ടത് പുരുഷത്തത്തിന് അത്ര കണ്ട് ചേരും എന്ന് എനിക്ക് തോന്നില്ല.)‍

ഭാഗം രണ്ട് സ്വീകരണമ്മുറിയിലെ അടുക്കള




എന്റെ നാട്ടിലെ വീട് കുറേ പഴയതാണ്.കുടുസു മുറികളും മര ഗോവണിയുമുള്ള പഴയമാതൃകയിലെ ഒന്ന്. ആദ്യകാലത്ത് അതിന്റെ അടുക്കള ആയിരുന്നു ആ വീട്ടിലെ ഏറ്റവും വലിയ മുറി. നാല് പുരകള്‍ (മേച്ചില്‍) ചേര്‍ത്ത ആ വീട്ടില്‍ അടുക്കള മാത്രം ഒറ്റയ്ക്കൊരു പുരയാ‍യിരുന്നു.ഞങ്ങള്‍ ഒഴിവുദിനങ്ങളും ആഘോഷങ്ങളും അവിടെ തിന്ന്, കുടിച്ച്, ആടി, പാടി തിമര്‍ത്തു. അക്കാലത്ത് ഞങ്ങളുടെ സ്വീകരണമുറി അധിക സമയവും ഒഴിഞ്ഞു കിടന്നു. ഒട്ടും അടുപ്പമില്ലാത്ത അതിഥികള്‍ക്കായി മാത്രം ഞങ്ങള്‍ സ്വീകരണമുറി തുറന്നിട്ടു. പിന്നീടെന്റെ അപ്പന്‍ എവിടെ നിന്നോ കേട്ടു സ്വീകരണമുറിയേക്കാള്‍ വലിയ അടുക്കള ദുര്‍ച്ചെലവുണ്ടാക്കുമെന്ന്. അന്ന് മുതല്‍ അടുക്കള ചെറുതാക്കുകയെന്നതായിരുന്നു അപ്പന്റെ സ്വപ്നം. (അപ്പനൊരു സങ്കുചിതമനസ്കനായിരുന്നുവോ?) ഏറ്റവും ‘വൃത്തിയായി‘ അടുക്കള സൂക്ഷിക്കുക എന്നതല്ലാതെ അടുക്കളയുടെ സ്ഥാനത്തെ കുറിച്ചോ, വലിപ്പത്തെ കുറിച്ചോ അമ്മയ്ക്കൊരു സ്വപ്നമില്ലായിരുന്നു. അവസരം വന്നപ്പോള്‍ അപ്പന്‍ അടുക്കളപ്പുര വെട്ടി മുറിച്ച് നാലിലൊന്നാക്കി മാറ്റി. തണുപ്പ് തരുന്ന ഓടിനു പകരം കോണ്‍ക്രീ‍റ്റ് വാര്‍പ്പിട്ടു. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അടുക്കളയില്‍ ചൂടിനെ കുറിച്ച് മാത്രം അമ്മ പരാതിപ്പെട്ടു.ഒഴിവു ദിനങ്ങളിലും ആഘോഷങ്ങളിലും അടുക്കളയിലെ സ്വന്തം ഇരിപ്പിടങ്ങള്‍ നഷ്ടപ്പെട്ട ഞങ്ങള്‍ പതിയെ സ്വീകരണമുറിയിലെ ടി.വിയുടെ മുന്നിലേയ്ക്ക് ഭക്ഷണ വിഭവങ്ങളുമായി നടന്നു കയറി. അമ്മ മാത്രം അടുക്കളയില്‍ അവശേഷിച്ചു. ഞങ്ങളുടെ ആ‍ട്ടത്തിനും പാട്ടിനും പകരം മിനി സ്ക്രീനിലെ താരങ്ങള്‍ ആടി, പാടി. അപ്പോഴും അമ്മ ഏറ്റവും ‘വൃത്തിയുള്ള‘ അടുക്കള സ്വപ്നം കണ്ടു, ഞാനാകട്ടെ ഊണുമുറിയിലേക്കെങ്കിലും അടുക്കളയില്‍ നിന്നൊരു കിളിവാതില്‍ വെട്ടി വെയ്കുന്നതിനെ കുറിച്ചും.

അടുക്കളയ്ക്കും ഊണുമുറിയ്ക്കും പകരമായി മെസ്സ് കടന്ന് വന്ന ഒരിടക്കാലം. മെസ്സിലെ ചായ സമയത്തും, കഞ്ഞി സമയത്തും കരിപുരണ്ട അടുക്കളയെ കുറിച്ച് ചിലര്‍ പരാതിപ്പെട്ടു.അടുക്കളയേ ഇല്ലാത്ത വീടിനെ കുറിച്ച് ചില തീവ്രവാദികള്‍ ആവേശം പൂണ്ടു. ‘പാര്യമ്പര്യമായി കിട്ടിയവൃത്തി‘ കളഞ്ഞ് കുളിക്കരുത് എന്ന് മാത്രം മിതവാദികള്‍ ‍മെല്ലെ മൊഴിഞ്ഞു.ഇതെല്ലാം നമ്മുടെ വിധി എന്ന് പാരമ്പര്യ വാദികള്‍ ചുണ്ടുകളനക്കി.കരി കണ്ണെഴുതാന്‍ മാത്രാമാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. റെസ്റ്റോറന്റിലെ അജിനോമോട്ടോ എനിക്കെന്നും അജീര്‍ണ്ണമൂണ്ടാക്കിയിരുന്നതിന്നാല്‍ അടുക്കളയില്ലാത്തൊരു വീട് എനിക്ക് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. ബ്രെഡ്ഡും ജാമും, ബ്രെഡ്ഡും ബട്ടറും, ബ്രെഡും അച്ചാറും തിന്ന് മടുക്കുമ്പോള്‍ ഒരു ഓം‌ലെറ്റ് കഴിക്കണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും എന്നതായിരുന്നു എന്റെ ആധി.ടെഫ്ലോണ്‍ പ്രതലമുള്ള തേപ്പ് പെട്ടികള്‍ ഉണ്ടല്ലോ എന്ന് തീവ്രവാദികള്‍ ഒച്ചപ്പെട്ടു. എന്റെ വീട്ടിലെ തേപ്പ് പെട്ടി കൂ‍ടുതല്‍ ആധുനികമായ, വെള്ളം ചീറ്റിക്കുന്ന തുളകളോട് കൂടിയതാണെന്ന് ഞാന്‍ അവരോട് പറയാന്‍ പോയില്ല. ‘വൃത്തിയുടെ പാരമ്പര്യത്തെ‘ കുറിച്ച് ഞാന്‍ തികച്ചും ബോധവതി ആ‍യിരുന്നു. വിധി എനിക്ക് ഞാന്‍ തന്നെയാ‍യിരുന്നു. വേറൊരു സ്വപ്നം എന്നെ തേടി വരുമെന്ന് ഞാ‍ന്‍ സ്വപ്നം കണ്ടു. അഥവാ എന്റെ സ്വപ്ന അടുക്കള ഞാന്‍ എന്റെ മനസ്സില്‍ അമൂര്‍ത്തമായി പണിത് കൊണ്ടിരുന്നു. സ്വപ്നത്തിന്റെ പണി പൂര്‍ത്തിയാവുന്നതിന് മുന്‍പ് മറ്റൊരടുക്കളായിലേയ്ക്ക് ഞാന്‍ എന്നെ തന്നെ പറിച്ച് നട്ടു.

വീടുകള്‍ നോക്കി നടന്ന സമയത്ത് ‘വൃത്തി പാരമ്പര്യ’മായി പകര്‍ന്നു കിട്ടിയതെന്ന ബോധ്യത്തോടെ, ഞാന്‍ വൃത്തിയും അടക്കവും ഉള്ള വീടുകള്‍നോക്കി വന്നു, നല്ല പാതിയാവട്ടെ നല്ല വ്യൂ കിട്ടുന്ന, വെളിച്ചമുള്ള വീടുകളും. ഒന്ന്, ഒരുപാട് മുറികള്‍ ഉള്ളതും ഇരുണ്ടതായത് കൊണ്ടും നല്ലപാതി വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ വേറൊന്നിന്റെ അടുക്കള തീ‍രെ ചെറുതായി പോയത് കൊണ്ടാണ് ഞാന്‍ വേണ്ടാ എന്ന് പറഞ്ഞത്. പിന്നെ കണ്ടത് വളരെ വ്യത്യസ്ഥമായ ഒന്നായിരുന്നു. പുതുതായ് ഫര്‍ണിഷ് ചെയ്ത, സ്വീകരണമുറിയില്‍ അടുക്കളയുള്ള, ഒറ്റകിടപ്പുമുറിയുള്ള, ഒരു സുന്ദരന്‍ കുഞ്ഞു ഫ്ലാറ്റ്. ഒരു തരി മണ്ണില്ല എന്ന സങ്കടം ഉണ്ടെങ്കിലും സ്വീകരണ മുറിയിലെ അടുക്കളയ്ക്ക് വേണ്ടി മണ്ണിനെ തല്‍ക്കാലം ഞാന്‍ മറക്കാന്‍ തയ്യാറായി. അങ്ങനെയാണ് ആ സ്വപ്നത്തെ എനിക്ക് കിട്ടിയത്. സ്വീകരണമുറിയിലെ അടുക്കള. ‘പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വൃത്തി‘ സ്വീകരണമുറിയുടെ അലങ്കാരങ്ങളെ കെടുത്താതെ തന്നെ അതില്‍ ഒരു അടുക്കള കൊണ്ട് നടക്കാന്‍ എന്നെ പ്രാപ്തയാക്കി. പിന്നീട് ഞാന്‍ മൂന്ന് ചട്ടി മണ്ണ് വാങ്ങി. എന്റെ കിടപ്പ് മുറിയുടെ ജനാലയ്ക്കല്‍ വച്ചു. അതില്‍ വയലറ്റ് നിറത്തിലും, മഞ്ഞ നിറത്തിലും ഉള്ള കാട്ട് കൊങ്ങിണി ചെടികളും, റോസ്മാരിയും നട്ട് പിടിപ്പിച്ചു. ഇന്ന് സ്വീകരണമുറിയിലെ അടുക്കളയും ഒരുപിടി മണ്ണുമുണ്ടെനിക്ക്. നാട്ടിലും സ്വീ‍കരണമുറിയിലെ അടുക്കള ഞാന്‍ സ്വപ്നം കാണുന്നു.

(അടുക്കളവശം)



(സ്വീകരണമുറീയുടെ വശം)

കുറിപ്പുകള്‍:
1.വളരെയധികം പടയോട്ടങ്ങള്‍ നടന്ന ഇസ്രായേലില്‍ റോമന്‍, ഗ്രീക്ക്,അറബിക്, ടര്‍ക്കിഷ്,ജര്‍മ്മന്‍, ക്രൂസേഡേഴ്സ് തുടങ്ങി ധാരാളം സംസ്കാരങ്ങളുടെ സ്വാധീനം വാസ്തുശില്പകലയില്‍ കാണാം. എന്നാല്‍ ഇതിലോന്നും സ്വീകരണ മുറിയിലെ അടുക്കള എന്റെ ശ്രദ്ധയില്‍ പെട്ടീട്ടില്ല. പക്ഷേ ഏറ്റവും പുതിയ മോഡല്‍ വീടുകളില്‍ മിക്കാവാറും തന്നെ അടുക്കള സ്വീകരണ മുറിയിലാണ്. എവിടെയൊക്കെ ലോകത്തില്‍ എവിടെയൊക്കെ ഇപ്പോള്‍ ഇങ്ങനെ സ്വീകരണമുറിയിലെ അടുക്കള ഉണ്ടെന്ന് എനിക്കറിയില്ല.

2. പടങ്ങക്ക് കോപ്പിറൈറ്റ് ഈ സൈറ്റിന്. എന്റ്റ്റെ വീടിന്റെ നല്ല രണ്ട് പടം കിട്ടിയാല്‍ ഈ പടങ്ങള്‍ മാറ്റി അതിടും.

3. നിര്‍മ്മല ചേച്ചിയുടെ ഈ പോസ്റ്റാണ് ഇത്തരം ഒന്ന് എഴുതാന്‍ നിമിത്തമായത്.

അടുക്കളയെ കുറിച്ച് നിര്‍മ്മലചേച്ചീ ചോദിക്കുന്നു.

നല്ലൊരു അടുക്കളയുണ്ടായിരുന്നെങ്കില്‍ രാപകല്‍ ചോറും കറിയും വെച്ച് വിളമ്പാ‍മായിരുന്നു എന്ന് എത്ര സ്ത്രീകള്‍ സ്വപ്നം കാണുന്നുണ്ട്?

അടുക്കളയില്ലാത്ത വീടു സ്വപ്നം കാണുന്നു കെ. ആര്‍. മല്ലികയുടെ കഥാപാത്രം.

നമ്മുടെയൊക്കെ അവസ്ഥകള്‍ എന്ന കഥയില്‍ പ്രിയ ഏ. എസ്സി.ന്റെ ഭാനുക്കഥാപാത്രം ചോദിക്കുന്നു.
-ആരാണ്‌ ഈ അടുക്കള കണ്ടുപിടിച്ചത്‌? ആ ആളെ തൂക്കി കൊല്ലണം.

സാറാജോ‍സഫ് പണിത മേബിളമ്മായിയുടെ വീട്ടിലേയ്ക്ക് ഒളിച്ചോടാന്‍ ഏത് വായനക്കാരിയ്ക്കാണ് കൊതി തോന്നാത്തത്.

നന്തനാര്‍ കഥകളിലെ വെളിച്ചെണ്ണയില്‍ ഉള്ളി ചേര്‍ത്ത് പുരട്ടിപ്പുരട്ടിയെടുക്ക്കുന്ന ഉപ്പേരിയുണ്ടാക്കുന്ന കുഞ്ഞുലക്ഷ്മി ആവാന്‍ എല്ലാ സ്ത്രീകളും കൊതിക്കില്ലെന്നര്‍ത്ഥം.


അതിനു പ്രിയംവദ മറുപടി പറഞ്ഞതിങ്ങനെ

സാവിത്രീ രാജീവന്‍ ..അടുക്കളയില്‍ ഉരഞ്ഞു തീരുന്ന പാത്രങ്ങള്‍ പോലെ ജീവിതം എന്നു ..
കെ.രേഖ വീട്ടിലെത്തിയാല്‍ ആദ്യം ചപ്പാത്തിയായും ചോറായും മാറണമല്ലൊ എന്നു..


അബ്ദുവിന്ന്റെ കമന്റാണ് യഥാര്‍ത്ഥത്തില്‍ എന്റെ സ്വപ്നത്തെ ഓര്‍മ്മിപ്പിച്ചത്: സ്ത്രീയെ എല്ലാ വീട്ടിലേയും അടുക്കളയുടെ സ്ഥാനത്തോട് (എറ്റവും പിന്നില്‍, സ്വീകരണ മുറിയുടെ ഏഴയലത്ത് വരാതെ)ഉപമിച്ച ഒരു തമിഴ് കവിത വായിച്ചിട്ടുണ്ട്,‘വീടിന്റെ മൂലയിലെ ഒരിടം’ എന്ന് പറഞ്ഞിട്ട്. കുട്ടിരേവതിയുടേതാണെന്ന് തോന്നുന്നു, അതോ മീനാക്ഷിയാണൊ എന്നോര്‍‌മ്മയില്ല.

അത് വായിച്ചതില്‍‌ പിന്നെ ഏത് വീട്ടില്‍ പോയാലും ഞാ‍നാദ്യം നോക്കാറ് അതിന്റെ അടുക്കളയുടെ സ്ഥാനത്തെയാണ്, അതിലും കൃത്യമായ നിരീക്ഷണം, ഇന്നത്തെ സ്ത്രീയുടെ അവസ്ഥയെ കുറിച്ച്, ഞാന്‍ വായിച്ചിട്ടില്ല.


സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ സ്വപ്നം. ഇവിടെ അതൊരു സ്വപ്നമല്ല യാഥാര്‍ത്ത്ഥ്യമാണ്. കേരളത്തിലെ വീടുകളിലെ സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ യഥാര്‍ത്ഥ സ്വപ്നം!

സമര്‍പ്പണം: സ്വീകരണമുറിയിലെ അടുക്കളയെ കുറിച്ച് എഴുതാന്‍ പറഞ്ഞ നിര്‍മ്മല ചേച്ചിയ്ക്കും, ഇതിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച അബ്ദുവിനും.

Monday, April 16, 2007

സംഭവ്യതയുടെ അസംഭവ്യത

അമ്മ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഇന്ത്യാ-ചൈന യുദ്ധം. സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മയോട് പറയുമായിരുന്നത്രേ എന്തെങ്കിലും വിമാനം കണ്ടാല്‍ ഏതെങ്കിലും ചാലിലോ, പാലത്തിനടിയിലോ പതുങ്ങിയിരിക്കണം. വിമാനങ്ങളില്‍ നിന്നും വീഴുന്ന ബോംബിനു പ്രതിവിധി ആയിരുന്നു ഈ ഒളിച്ചിരിക്കല്‍. അമ്മയിപ്പോഴും വിമാനങ്ങളുടെ ഇരമ്പല്‍ കേട്ടാല്‍ ഇതാണ് ഓര്‍ക്കുക. അമ്മ ഇത് പറയുമ്പോഴൊക്കെ ഞാന്‍ കളിയാക്കുമായിരുന്നു. അമ്മയെ പറ്റിയ്ക്കാന്‍ ആരെങ്കിലും പറഞ്ഞതായിരിക്കും എന്നതായിരുന്നു എന്റെ അഭിപ്രായം. പക്ഷേ ജീവിതത്തില്‍ ഒരു യുദ്ധം നേരിടേണ്ടി വന്നപ്പോള്‍ അഭയം തന്നത് ഒരു ചാല് തന്നെ! അന്ന് അമ്മ പറഞ്ഞതൊന്നും ഓര്‍ത്തില്ല. ഒളിസ്ഥലത്തിന് തൊട്ടപ്പുറത്ത് മിസൈല്‍ വീഴാനുള്ള സംഭവ്യതയുടെ അസംഭവ്യത കണക്കുകൂട്ടുകയായിരുന്നു!

ഇന്ന് ഇതോര്‍ക്കാന്‍ കാരണമുണ്ട്. പതിവുപോലെ 10 മണിയ്ക്ക് ഓഫീസിലേയ്ക്ക് വരുകയായിരുന്നു. പെട്ടെന്നൊരു സൈറണ്‍. ഞെട്ടി പോയി. പരന്നു കിടക്കുന്ന റോഡ്. ആദ്യം നോക്കിയത് അടുത്ത് ചാലുണ്ടോ എന്നാണ്! ഇല്ല. ഒരു കെട്ടിടത്തിന്റെ തണല്‍ പോലും ഇല്ല. അടുത്തുള്ള മരത്തിനോട് ചേര്‍ന്ന് നിന്നു. അതിനു ശേഷമാണ് ചുറ്റും നോക്കിയത്. പതുക്കെ ശ്വാസം എടുക്കാമെന്നായി. എല്ലാവരും കാറ് നിര്‍ത്തി പുറത്തിറങ്ങി നില്‍ക്കുന്നു. ഹൊ, സമാധാനം, പട്ടാളക്കാര്‍ക്ക് വേണ്ടിയുള്ള ദിവസമായിരിക്കും. കഴിഞ്ഞ കൊല്ലത്തെ 2 മിനിട്ട് സൈറണ്‍ ഓര്‍മ്മ വന്നു. 2 മിനിട്ട് നീണ്ട സൈറന്റെ ഇടയ്ക്ക് ഫോണ്‍ ശബ്ദിച്ചു, നല്ല പാതി.
“എന്താ സൈറണ്‍?“
“പട്ടാളക്കാരുടെ ദിവസമാണെന്ന് തോന്നുന്നു“
“ഹോ പേടിച്ച് പോയി. ഓടി കുളിമുറിയില്‍ കയറി“
“ഹ ഹ ഹ എന്നാല്‍ ഒ.കെ“

ഓഫീസില്‍ വന്ന് പത്രം നോക്കിയപ്പോഴാണ് കണ്ടത് ഇന്ന് ഹോളോകോസ്റ്റ് ഓര്‍മ്മ ദിനം ആണ്. അതില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കാണ് ഈ രണ്ട് മിനിട്ട് സൈറണ്‍. വാര്‍ത്തഇവിടെ. ആ സൈറ്റില്‍ നിന്നും എടുത്ത പടം താഴെ.


ഈ ഒരു രണ്ട് മിനിട്ട് എന്നെ എവിടം വരെ കൊണ്ട് പോയി!

ഇസ്രായേല്‍-ലബനന്‍ യുദ്ധം, 2006 ജുലൈ. ആദ്യത്തെ മിസൈല്‍ വീണപ്പോള്‍ സൈറണ്‍ അടിച്ചില്ല. അതെന്തുകൊണ്ടാണെന്ന അന്വേഷണം ഇനിയും തീര്‍ന്നില്ല എന്നു തോന്നുന്നു.കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഞാന്‍ ജനലിലൂടെ നോക്കിയപ്പോള്‍ ഹൈഫ പോര്‍ട്ടിന്റെ ഭാഗത്ത് ഒരു പുക. നല്ലപാതി പറഞ്ഞു ആരോ പാറ പൊട്ടിക്കുന്നതാ. ആ പാറപൊട്ടിക്കലില്‍ 8 പേര്‍ മരിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വലാത്തൊരു സൈറണ്‍. വാതില്‍ തുറന്ന് പുറത്തിറിങ്ങിയ ഞങ്ങളെ നോക്കി ഇംഗ്ലീഷ് അറിയാത്ത അയല്‍ക്കാരി പറഞ്ഞു “ബംബ് ബംബ്“. പിന്നങ്ങോട്ടുള്ള കുറേ ദിവസങ്ങള്‍ ഈ സൈറണ്‍ ആയിരുന്നു ഹൈഫയുടെ താളം. മിസൈല്‍ വീഴുന്ന ഒച്ച കേള്‍ക്കുന്നതിലും ഹൃദയ ഭേദകമാണ് ഈ വേവി ആയുള്ള സൈറണ്‍. ആദ്യ ദിവസം ഷെല്‍ട്ടറിലേയ്ക്കുള്ള യാത്രയ്ക്കിടെ ആദ്യ സൈറണ്‍ കേട്ടപ്പോള്‍ ഏതാണ്ട് ഇന്നു നിന്ന സ്ഥത്തായിരുന്നു. അതാണ് പെട്ടെന്ന് ഹൃദയ താളം തെറ്റാനുണ്ടായ കാരണം. സൈറണ്‍ കേട്ട് 45 സെക്കന്റിനുള്ളില്‍ ഷെല്‍ട്ടറില്‍ ഒളിച്ചിരിക്കണം. മിസൈലിനു ശേഷം സൈറണ്‍ ഉണ്ടായ അനുഭവവും ഉണ്ട്. എന്നാലും സൈറണ്‍ കേട്ടാലുടന്‍ ജീവനെ എടുത്ത് കൈയില്‍ പിടിച്ച് ഓട്ടമായി.പിന്നീട് കുറേ ദിവസത്തേയ്ക്ക് ഈ വ്യായായം സ്ഥിരമായപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി. ഓഫീസിലാണെങ്കില്‍ റൂമിനടൂത്ത് ഷെല്‍ട്ടര്‍ ഉണ്ട്.അപ്പാര്‍ട്ട്മെന്റിലെ ഷെല്‍ട്ടര്‍ എല്ലവര്‍ക്കും കൂടി ഉള്ളതാണ്. അത് ഏറ്റവും താഴത്തെ നിലയില്‍ നിന്നും 100 മീറ്റര്‍ അകലെ ആയതുകൊണ്ട് ഓടി ചെന്ന് ഒളിക്കാനുള്ള റിസ്ക് ഞങ്ങള്‍ എടുക്കാറില്ല. കുളിമുറിയില്‍ ഉള്ള രണ്ട് ഭിത്തിക്കിടയില്‍ ശ്വാസമടക്കി നില്‍ക്കും. അതാണ് നല്ലപാതി ഇന്നും കുളിമുറിയിലെയ്ക്കോടാന്‍ കാരണം.നേരിട്ട് വീണാലും ഞങ്ങള്‍ നടുവിലെ ഫ്ലോറില്‍ ആയത് കൊണ്ട് മിസൈല്‍ എത്തില്ല. സൈഡ് വഴി വന്നാല്‍ കുളിമുറിയുടെ രണ്ട് ഭിത്തിയും പിന്നെ പുറത്തെ ഭിത്തിയും കഴിഞ്ഞ് വരുന്ന മിസൈല്‍ വലിയ പരുക്ക് ഉണ്ടക്കില്ല. വഴിയിലാണെങ്കില്‍ കെട്ടിടങ്ങളുടെ മറ, താഴന്ന സ്ഥലം, ചാലുകള്‍, ഇതൊന്നുമില്ലെങ്കില്‍ മരത്തിന്റെ ലബനാന്‍ അതിര്‍ത്തിയ്ക്ക് എതിര്‍വശമുള്ള ഭാഗം. താഴ്ന്ന സ്ഥലത്തിരുന്നാല്‍ കുറച്ചകലെ മിസൈല്‍ വീണാല്‍ ഉണ്ടാകുന്ന അപകടം കാര്യമായി ഏല്‍ക്കില്ല. അധികവും സ്ഫോടാനം മൂലമാണ് മരണ സംഖ്യ കൂടാറ്. അതാണ് ചാലിലൊളിക്കാന്‍ കാരണം. ഇത്തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആണ് എല്ലാ ഒളിസങ്കെതങ്ങളും നിര്‍ണയിക്കുന്നത്. നേരിട്ട് വീണാ‍ല്‍ ഇതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. ശരിക്കും സംഭവ്യതയുടെ അസംഭവ്യത അളക്കുകയായിരുന്നു ഓരോ സൈറണിലും.

ഷെല്‍ട്ടര്‍ ഉള്ളവര്‍ ഇങ്ങനെ ഒളിക്കുകയെങ്കിലും ചെയ്യും ഷെല്‍ട്ടര്‍ പോയിട്ട് മേല്‍ക്കൂര പോലും ഇല്ലാതെ ബോംബിങ്ങിനെ നേരിടുന്ന ലബനാന്‍കാരോ എന്നൊക്കെ ചിന്തിച്ച് ചിന്തിച്ച്, കുറച്ച് കാലം അഭയാര്‍ഥികളായി, പിന്നെ അഭയാര്‍ഥികള്‍ എന്ന വാക്കു തന്നെ വെറുത്ത് യുദ്ധത്തിന്റെ അവസാന നാളുകളിലും ഹൈഫയില്‍ ഉണ്ടായിരുന്നു.(ചിന്തിക്കാനും എഴുതാനും പറ്റിയ നല്ലൊരു വിഷയമാണ് അഭയാര്‍ഥികള്‍. ഇവിടെയൊക്കെ ഇതിനെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. അഭയാര്‍ഥികളെ സൃഷിക്കാന്‍ മാത്രമുതുകുന്ന യുദ്ധങ്ങള്‍, കലാപങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍. യുദ്ധത്തിനും കലാപത്തിനും മനുഷ്യരെ പഴിചാരാം. പ്രകൃതി ദുരന്തത്തിനോ? പുരോഗതിയുടെ കൊടുമുടിയിലിരിക്കുന്ന അമേരിക്കയില്‍ കൊടുങ്കാറ്റ് വീശിയപ്പോള്‍ ഉണ്ടായ അഭയാര്‍ഥികളെ ഇവിടെ കാണാം. പക്ഷേ ഒരിക്കലെങ്കിലും ഒരു അഭയാര്‍ഥി ആയിട്ടുള്ള ആള്‍ക്ക് ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഒരു തിങ്ങല്‍ ചങ്കോളം തള്ളി വരും. പിന്നെ വാക്കുകള്‍ക്കൊന്നും പ്രസക്തി ഇല്ലാത്ത ഓര്‍മ്മകളാണ്.ലബനാന്‍ യുദ്ധത്തിലുണ്ടായ ലബനാന്‍ അഭയാര്‍ഥികള്‍ക്ക് ഇപ്പോഴും അഭയം കിട്ടിയിരിക്കാന്‍ വഴിയില്ല.)

അവസാന ദിവസം 7 സൈറണ്‍ വഴിയില്‍ വച്ച സ്വീകരിക്കാനുള്ള അവസരം ആണ് ഉണ്ടായത്. അതില്‍ സെക്യൂരിറ്റി പോസ്റ്റിനടുത്ത് വച്ച് സൈറണ്‍ അടിച്ചപ്പോള്‍ ഒളിക്കാന്‍ ചാലു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അമ്മ പറഞ്ഞതിലെ സത്യം അംഗീകരിക്കാന്‍ ഒരു യുദ്ധം കാണേണ്ടി വന്നു!