Monday, February 11, 2008

പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത

കെ.ഇ. എ. ആര്‍ പരിഷ്കരണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നു. ഓടിച്ചു വായിച്ച കൂട്ടത്തില്‍ അദ്ധ്യാപകരുടെ യോഗ്യതകളും കണ്ണില്‍പെട്ടു. സാധാരണ പോലെ തന്നെ ഏറ്റവും ചെറിയ (പ്രൈമറി)ക്ലാസ്സില്‍ പഠിപ്പിക്കുന്നവര്‍ക്ക് ഏറ്റവും കുറവ് വിദ്യാഭ്യാസ യോഗ്യത (ഹയര്‍സെക്കന്ററിയും ടിടിസിയും), അപ്പര്‍ പ്രൈമറിയ്ക്ക് അതില്‍ കൂടുതല്‍ പിന്നെ ഹയര്‍ സെക്കന്ററി. മുന്‍‌കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സെറ്റ് പരീക്ഷ പ്രൈമറി അദ്ധ്യാപകര്‍ക്കും, ഹൈസ്കൂള്‍ അദ്ധ്യപകര്‍ക്കും നടത്തും എന്നതു മാത്രമാണ് എടുത്ത് പറയത്തക്ക വ്യത്യാസം.

ഡി.പി.ഇ.പി ചര്‍ച്ചകളില്‍ കേട്ടിരുന്ന ഒരു വാദമാണ് ഡി.പി.ഇ.പി വിഭാവനം ചെയ്യുന്ന പഠിതാവിനെ കേന്ദ്രീകരിച്ചുള്ള ഒരു പാഠ്യപദ്ധതിയില്‍ പഠിതാവ് മുന്നോട്ട് വയ്ക്കുന്ന ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്തൊരു പഠനം തുടര്‍ന്നു കൊണ്ട് പോകാന്‍ ഇന്നത്തെ അദ്ധ്യാപകര്‍ക്ക് കഴിവില്ല എന്നതും അതിനാലാണ് അദ്ധ്യാപകനെ കേന്ദ്രീകരിച്ചിരുന്ന പഴയ വിദ്യാഭ്യാസ രീതിയെ അദ്ധ്യാപകര്‍ കണ്ണടച്ച് പിന്താങ്ങുന്നതെന്നതും. ഈ വാദത്തില്‍ സത്യമില്ലാതില്ല. ചോദ്യങ്ങള്‍ വിശകലനം ചെയ്ത് അദ്ധ്യാപകരുടെ സഹായത്തോടെ ഉത്തരം കണ്ടുപിടിക്കുന്ന പാഠ്യപദ്ധതിയില്‍ അദ്ധ്യാപകരുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച്, അവരുടെ വിശകലനത്തില്‍ സഹായിക്കാനുള്ള കഴിവിനെ കുറിച്ച് കെ.ഇ.എ.ആ‍ര്‍ കുറേ കൂടി ശ്രദ്ധിക്കണമായിരുന്നു.

സങ്കലനവും, വ്യവകലനവും, ഗുണനവും പഠിച്ച ശേഷം ഹരണം പഠിക്കാനിടയുള്ള, മൌലീകമായ ചിന്തിക്കുന്ന ഒരു കുട്ടിയ്ക്കുണ്ടായേക്കാവുന്ന സംശയങ്ങള്‍ കല്ലേച്ചി പറയുന്നതു നോക്കൂ. ഹരണം എന്തുകൊണ്ടാണ് ബുദ്ധിമുട്ട് എന്നും വര്‍ഗ്ഗമൂലം അതിലും ബുദ്ധിമുട്ടാവാന്‍ കാരണം എന്തെന്നും ഉമേഷിന്റെ ഉത്തരം ഇവിടെ. ഒരു തന്മാത്രയുടെ നിര്‍വചനത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇവിടെ. ഇതെല്ല്ലാം പഠനത്തിന്റെ ഏതോ കാലത്ത് ഒരോരുത്തരുടേയും മനസ്സില്‍ കയറി കൂടിയതാണ്. കല്ലേച്ചി പറയുന്നത് പോലെ ചോദ്യം ചോദിക്കാനുള്ള മടി കാരണം ചോദ്യങ്ങളായി തന്നെ മനസ്സില്‍ അവശേഷിച്ച ചോദ്യങ്ങള്‍. പക്ഷേ ചോദ്യം ചോദിച്ച് ചോദിച്ച് പഠിക്കുന്ന ഒരു പാഠ്യ പദ്ധതിയില്‍ ഇത്തരം ചോദ്യങ്ങള്‍ ഏതു സമയത്തും വിദ്യാര്‍ത്ഥിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടി വരും. അതിനെല്ലാം ഉത്തരം കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനു പ്രാപ്തരായ അദ്ധ്യാപകരാവണം അവരെ നയിക്കേണ്ടത്. പ്ലസ്‌റ്റൂവും ടിടിസി യും കഴിഞ്ഞ എത്ര അദ്ധ്യാപകര്‍ക്ക് ഇത്തരം ചോദ്യങ്ങളെ സംയമനത്തോടെ സമീപിക്കാനും ഉത്തരത്തിനടുത്തേയ്ക്ക് അവരെ നയിക്കാനും കഴിയും? ഇത്തരമൊരു പാഠ്യപദ്ധതി നടപ്പാക്കുമ്പോള്‍ അദ്ധ്യാപകന്മാരുടെ നിലവാരം ഉയര്‍ത്തുന്നതിനെ കുറിച്ചും കെ.ഇ.എ.ആര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

പലപ്പോഴും ചിന്തീച്ചിട്ടുള്ള മറ്റൊരു കാര്യം ഇതോടൊപ്പം എഴുതട്ടെ. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ പണിതുയര്‍ത്തുന്ന പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കുറവ് വിദ്യാഭ്യാസ യോഗ്യത മതി എന്ന് ലോകരാജ്യങ്ങള്‍ എല്ലാം (?) തന്നെ ചിന്തിക്കാന്‍ കാരണം എന്താണ്? ഏറ്റവും ലോജിക്കലായി ചിന്തിക്കുകയും ഉത്തര സമാനതയ്ക്കു വേണ്ടി അനേകമനേകം ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന കുട്ടികളെ ബോദ്ധ്യപ്പെടുത്താനും പഠിപ്പിക്കാനും ഏറ്റവും നിലവാരം കുറഞ്ഞവര്‍ മതി എന്നതിന്റെ ലോജിക് മനസ്സിലാവുന്നതേയില്ല.വിദ്യാഭ്യാസത്തിന്റെ ഏറ്റവും മുകള്‍ തട്ടിലുള്ള ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ ഒരു പുതിയ വിഷയം പഠിപ്പിക്കാന്‍ അടിസ്ഥാനമായ യാതൊന്നും പറയേണ്ട (അവരത് കണ്ടെത്തിക്കോളും) എന്നാണെങ്കില്‍ ഒരു പ്രൈമറി സ്കൂള്‍ കുട്ടിയെ ഹരണം വ്യക്തമായി പഠിപ്പിക്കാന്‍ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്നിരിക്കെ പ്രൈമറി അദ്ധ്യാപനത്തിനു കുറവ് യോഗ്യതയും കുറഞ്ഞ വേതനവും മതി എന്നതിലെ ലോജിക് എന്തായിരിക്കും?

ഈ കുറിപ്പ് മീനാക്ഷിക്കുട്ടി ടീച്ചര്‍ക്ക് സമര്‍പ്പിക്കുന്നു. സ്വയം പീഡിപ്പിച്ച് മറ്റുള്ളവരെ മാനസീകമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ കഴിയില്ലെങ്കിലും കുട്ടികളുടെ തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന അദ്ധ്യാപകര്‍ വളരെ ആദരവര്‍ഹിക്കുന്നു. കൂടെ ശിക്ഷാമുക്ത ജില്ലയായ ഇടുക്കിക്കൊരു സലാം.