Wednesday, October 25, 2006

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം എത്രമാത്രം ശ്രദ്ധിക്കണം? ഇങ്ങനെയൊരു ചിന്ത വരാന്‍ കാരണം ഈയടുത്ത് സഹപ്രവര്‍ത്തകയുടെ മകള്‍ക്ക് വാങ്ങി കൊടുത്ത ബാര്‍ബി പാവയോടുള്ള സഹപ്രവര്‍ത്തകയുടെ പ്രതികരണമാണ്.

അവള്‍ പറഞ്ഞതിങ്ങനെ:

“ഞാന്‍ ഒരിക്കലും ബാര്‍ബികളേയൊ, ദേവതകളേയൊ വാങ്ങി കൊടുക്കാറില്ല. സൌന്ദര്യവും, അഴകുമാണ് എല്ലാത്തിന്റേയും അളവു കോലെന്ന് കുട്ടികള്‍ തെറ്റായി ആദ്യം ചിന്തിച്ചു തുടങ്ങുന്നത് ഇത്തരം പാവകളില്‍ കൂടിയാണ്. എന്റെ സുഹൃത്തിന്റെ മകള്‍ക്കിപ്പോള്‍ ഇത്തരം പാവകള്‍ മാത്രം മതി. തന്നെയുമല്ല അവള്‍ എപ്പോഴും സുന്ദരിയായിരിക്കാനും ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ സൌന്ദര്യം മാത്രമല്ലല്ലോ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്റെ മകള്‍ക്ക് സൌന്ദര്യം ഇല്ലാത്തതിന്റെ പേരില്‍ ജീവിതം ഒരു ദുരന്തമായി അവള്‍ കാണുന്നത് എനിക്ക് ഇഷ്ടമല്ല.”

വല്ലാത്തൊരു ഇളിംഭ്യത ആയി പോയി എനിക്ക്. ഇന്നേവരെ ഒരു കുട്ടിയ്ക്കും ബാര്‍ബി പാവ വാങ്ങി കൊടുത്തീട്ടില്ല. കുട്ടികള്‍ക്ക് ചേരുന്നതല്ല അതെന്ന തോന്നലില്‍ ടെഡി ബിയറുകളോ വേരെന്തെങ്കിലും കളിപ്പാട്ടങ്ങളോ ആണ് തിരഞ്ഞെടുക്കാറ്. എന്നാലും ബാര്‍ബിയുടെ ക്രൂരമായ ഈ മുഖം ഞാന്‍ ശ്രദ്ധിച്ചീട്ടേ ഇല്ലായിരുന്നു. യൂറോപ്പില്‍ ജനിച്ചു വളര്‍ന്ന, യൂറോപ്പിനെ അന്ധമായി അനുകരിക്കുന്ന ഈ രാജ്യത്തു ജീവിക്കുന്ന സഹപ്രവര്‍ത്തകയില്‍ നിന്നും ഉണ്ടായ ഈ പ്രതികരണം എന്നെ കുറച്ചേറെ ചിന്തിപ്പിച്ചു.

തോക്കുകളും മറ്റും വാങ്ങി കൊടുക്കില്ല എന്ന് നിര്‍‍ബന്ധം പിടിക്കുന്ന മാതാപിതാക്കളെ കണ്ടീട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ശരാശരി മലയാളി ഒരുപാടൊന്നും ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു.

ഞാന്‍ ബാക്ഗ്രൌന്‍ണ്ടില്‍ കേള്‍ക്കുന്ന പാട്ട്: “ ഐ ആം ബാര്‍ബി ഗേള്‍……”

ഇല്ല ഇനിയും ഞാന്‍ ഒരു ബാര്‍ബി പാവ വാങ്ങില്ലായിരിക്കാം.

(വനിതാലോകത്തില്‍ ഒരിക്കല്‍ പോസ്റ്റ് ചെയ്തതാണ്)

2 comments:

ദൈവം said...

ഒന്നിനോടുള്ള മനസ്സാണ് അതിനെ നല്ലതും ചീത്തയുമാക്കുന്നതെന്ന് തോന്നുന്നു.
ഒരു ബാര്‍ബിപാവ പോലും തന്നേക്കാളേറേ മകളെ സ്വാധീനിക്കുമെന്ന് ഒരമ്മ കരുതുന്നുവെങ്കില്‍ അവരെക്കുറിച്ച് സഹതപിക്കാനേ കഴിയൂ.

ഡാലി said...

ദൈവമേ, ഈ മനസ്സ് എന്നു വച്ചാല്‍ എന്താണു്? ജനനത്തിനു മുന്‍പും ജനിച്ചശേഷവും നമ്മുടെ ചുറ്റുപ്പാടുകള്‍ക്കനുസരിച്ചു് നമ്മില്‍ വളര്‍ന്നു വരുന്ന ഒന്നല്ലേ അതു്? ചില ഗോത്രവര്‍ഗങ്ങള്‍ക്ക് നരബലി ഒരു വലിയ പുണ്യപ്രവര്‍ത്തിയാവും മനസ്സില്‍. നമ്മുടെ മനസ്സിലത് ക്രിമനല്‍ കുറ്റമല്ലേ.